2014 JUL-AUG പഠനം പൊളിച്ചെഴുത്ത് സമകാലികം

ഒരു തുള്ളി മതി, ആളിക്കത്തുന്ന അഗ്നിയെ അണക്കാന്‍…

ആസ്വാദനത്തിന്‍റെയും വിനോദത്തിന്‍റെയും വിശാലമായ മേച്ചില്‍പുറങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ് പുതിയ തലമുറ. ജീവിതം ആസ്വദിക്കാനുള്ളതാണ് എന്നതാണ് പുതിയ തലമുറ നെഞ്ചിലേറ്റിയ മുദ്രവാക്യം. സന്ധ്യയോടെ സജീവമാകുന്ന പബ്ബുകളും കൂണ്‍കണക്കെ മുളച്ചുപൊന്തുന്ന വിനോദ കേന്ദ്രങ്ങളും ഐസ്ക്രീം പാര്‍ലറുകളും മനുഷ്യന്‍റെ ആസ്വാദനക്ഷമതയുടെയും ചിരിവിനോദങ്ങളുടെയും ഉദാഹരണങ്ങളാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ജീവിതം ചിരിച്ചുതള്ളാനോ ആസ്വദിച്ചുതീര്‍ക്കാനോ ഉള്ളതല്ല. കൃത്യമായ നിയന്ത്രണരേഖകള്‍ നമുക്കുണ്ട്. അതിര്‍ത്തി കടന്നുള്ള ആസ്വാദനശൈലികള്‍ വിശ്വാസിക്ക് യോജിച്ചതല്ല. ആസ്വാദനത്തിന്‍റെയും ആനന്ദത്തിന്‍റെയും ലോകം വിശ്വാസിയെ കാത്തിരിക്കുകയാണ്. ശാശ്വതമായ അനശ്വരലോകത്തേക്കുള്ള കൃഷിയിടമാണിവിടം. ആ ലോകത്തേക്കുളള തയ്യാറെടുപ്പിന് നാം കണ്ണുനീരൊഴുക്കിയേ മതിയാവൂ. അല്ലാഹുവിനെ ഭയന്നു കണ്ണീരൊഴുക്കുന്നവരാണ് യഥാര്‍ത്ഥ വിശ്വാസികള്‍. വിശാലമായ ഈ സൗകര്യങ്ങള്‍ ചെയ്ത് തന്ന നാഥനെയോര്‍ത്തിറ്റു വീഴുന്ന കണ്ണീരിന് ഭാവിയെ വെളുപ്പിക്കാനാവും, സന്തോഷിപ്പിക്കാനുമാവും. നബി(സ) പറയുന്നു. ഖിയാമത്ത് നാളില്‍ എല്ലാ കണ്ണുകളും കരഞ്ഞു കൊണ്ടേയിരിക്കും. അല്ലാഹു നിഷിദ്ധമാക്കിയ കാഴ്ചകളില്‍ നിന്ന് പിന്മാറിയ കണ്ണും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ഉറക്കൊഴിച്ച കണ്ണും, അല്ലാഹുവിനെ ഭയന്ന് കണ്ണീര്‍ വാര്‍ത്ത കണ്ണുമൊഴിച്ച്.
മനുഷ്യ ജീവിതത്തിലെ അത്ഭുത പ്രതിഭാസമാണ് കണ്ണീര്‍. കണ്ണീരിന് മനസുമായി നേരിട്ടുള്ള ബന്ധമാണുള്ളത്. മനസില്‍ പ്രോജ്വലിച്ചുനില്‍ക്കുന്ന സന്തോഷങ്ങളും വ്രണപ്പെടുത്തുന്ന ദുഖങ്ങളും കണ്ണീരിന് കാരണമാകാറുണ്ട്. കണ്ണീരിന് ആരോഗ്യം വര്‍ധിപ്പിക്കാനാവുമെന്നതാണ് ശാസ്ത്രമതം. കണ്ണീരിന്‍റെ രാസസംയോഗത്തിലാണ് ഈ ആരോഗ്യരഹസ്യം നിലകൊള്ളുന്നത്. കണ്ണിനു പുറത്തും കണ്‍പോളകള്‍ക്ക് താഴെയുമായി സ്ഥിതിചെയ്യുന്ന കണ്ണുനീര്‍ ഗ്രന്ഥിയില്‍ നിന്നാണ് കണ്ണുനീര്‍ ഉദ്പാദിപ്പിക്കപ്പെടുന്നത്. കണ്ണീരലടങ്ങിയിട്ടുള്ള പ്രധാനഘടകമായ ഐസോസൈം എന്ന പദാര്‍ത്ഥത്തിന് കണ്ണിലും പരിസരത്തുമുള്ള സൂക്ഷ്മ രോഗാണുക്കളുടെ വളര്‍ച്ച തടയാന്‍ സാധിക്കും. ശാരീരികാരോഗ്യത്തെ മാത്രമല്ല കണ്ണീര്‍ സൃഷ്ടക്കുന്നത്, മാനസികാരോഗ്യം നിലനിര്‍ത്താനും കണ്ണീരിന് സാധിക്കും. കണ്‍കോണുകളില്‍ നിന്ന് ഉറവയെടുക്കുന്ന ഈ ചുടുനീര്‍ കണങ്ങള്‍ക്ക് ഹൃദയത്തെ വിമലീകരിക്കാനുള്ള ശേഷിയുണ്ട്. പാപക്കറ പുരണ്ട ഹൃദയങ്ങള്‍ക്കിത് ആത്മാര്‍ത്ഥതയുടെ വെള്ളിവെളിച്ചം നല്‍കും. ഹൃദയങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കുന്ന മാലിന്യങ്ങളും അഴുക്കുകളും ഈ വിമലീകരണ പ്രക്രിയയില്‍ അറുത്തുമാറ്റപ്പെടും. ലോകത്ത് ആത്മീയതയുടെ ഭൂപടം വരച്ചവരും ഗിരിശൃംഖങ്ങള്‍ കീഴടക്കിയവരുമെല്ലാം അര്‍ധരാത്രിയില്‍ ലോകം പുതച്ചുറങ്ങുന്പോഴും രക്ഷിതാവിനെ ഭയന്ന് കണ്ണീര്‍ പുഴകള്‍ ഒഴുക്കിയവരായിരുന്നു. നയനങ്ങള്‍ ഒലിച്ചിറങ്ങിയവരായിരുന്നു.
വിശ്വാസിയുടെ ജീവിതം ക്രമീകരിക്കേണ്ടത് ഭയത്തിന്‍റെയും പ്രതീക്ഷയുടെയും ഇടയിലാണ്. പ്രതീക്ഷയില്ലാത്ത ഭയവും ഭയത്തിനപ്പുറമുള്ള പ്രതീക്ഷയും മതപരിധിയിലില്ല. ആസ്വദിക്കാനും ചിരിക്കാനും പ്രേരിപ്പിക്കുന്ന ചുറ്റുപാടുകളില്‍ ജീവിക്കുന്പോഴും മനസിന്‍റെ അകത്തളങ്ങളില്‍ കെട്ടുപോകാത്ത തീക്കനല്‍ കണക്കെ രക്ഷിതാവിന്‍റെ ശിക്ഷയെക്കുറിച്ചുള്ള ഭയവും കാത്തുസൂക്ഷിക്കേണ്ടതുണ്ട്.
നബി(സ)യും അനുചരന്‍മാരും ഒരു മരത്തണലില്‍ വിശ്രമിക്കുകയാണ്. മരത്തെപിടിച്ചുകുലുക്കി ഒരു കാറ്റ് ആഞ്ഞുവീശി. മരത്തിലുണ്ടായിരുന്ന ഉണങ്ങിയ ഇലകള്‍ കാറ്റില്‍ കൊഴിഞ്ഞുവീണു. പച്ചിലകള്‍ മാത്രം ബാക്കിയായി. ഇതു കണ്ടുനിന്ന സ്വഹാബത്തിനോട് പ്രവാചകന്‍ ചോദിച്ചു. ഈ മരത്തിന്‍റെ ഉപമയെന്താണ്. സ്വഹാബാക്കള്‍ ഉത്തരമില്ലാതെ കൈമലര്‍ത്തി. പ്രവാചകന്‍ പറഞ്ഞു. വിശ്വാസിയായ മനുഷ്യന്‍ അല്ലാഹുവിനെ ഭയന്ന് വിറച്ചാല്‍ അവന്‍റെ പാപങ്ങള്‍ കൊഴിഞ്ഞുപോവുകയും നന്മകള്‍ മാത്രം ബാക്കിയാവുകയും ചെയ്യും.
തലക്കുമീതെ ഒരുചാണുയരത്തില്‍ സൂര്യന്‍ കത്തിജ്വലിച്ചുനില്‍ക്കുന്ന മഹ്ശറയില്‍ അര്‍ശിന്‍റെ തണല്‍ലഭിക്കുന്ന ഏഴു വിഭാഗത്തില്‍ ഒരാളാണ് അല്ലാഹുവിനെ സ്മരിച്ച് കണ്ണീര് വാര്‍ത്തവന്‍. കഴിഞ്ഞുപോയ പാപത്തില്‍ ദുഖിച്ചു കരയല്‍ പാപപങ്കിലമായ ശരീരത്തെ നന്‍മയിലേക്ക് കൊണ്ടുവരാന്‍ കഴിയും. വിജയത്തെ നിര്‍വചിക്കാന്‍ ആവശ്യപ്പെട്ട ഉഖ്ബതുബ്നു ആമിറി(റ)നോട് പ്രവാചകന്‍ പറഞ്ഞത് എത്രപ്രസക്തമാണ്. നാവിനെ സൂക്ഷിക്കുക, വീട്ടിലിരിക്കുക, ചെയ്തതെറ്റില്‍ ഖേദിച്ചു കണ്ണീരൊഴുക്കുക എന്നതായിരുന്നു ആ വാക്കുകള്‍. എങ്ങനെയാണ് നരകമോചനം സാധ്യമാകുക എന്നതായിരുന്നു തിരുസന്നിധിയിലെത്തിയ സൈദ് ബ്നു അര്‍ഖം(റ)ന്‍റെ ചോദ്യം. കണ്ണീരൊഴുക്കി നരകത്തെ സൂക്ഷിക്കാനാവുമെന്നായിരുന്നു തിരുനബിയുടെ മറുപടി. നബി(സ) നരകത്തിന്‍റെ ഭയാനതകള്‍ അനുചരര്‍ക്ക് വിശദീകരിച്ചുകൊടുക്കുകയാണ്. കല്ലും മനുഷ്യനുമാണതിന്‍റെ ഭക്ഷണം, ആയിരം വര്‍ഷം ഇടതടവില്ലാതെ കത്തിജ്വലിച്ചപ്പോള്‍ തീക്കുണ്ഡാരം ചുവന്നുതുടുത്തു. വീണ്ടും ആയിരം വര്‍ഷം കത്തിജ്വലിച്ചപ്പോള്‍ അത് വെളുത്തു. വീണ്ടും ആയിരം വര്‍ഷം കത്തിയെരിഞ്ഞപ്പോള്‍ നരകം ഇരുണ്ടതീനാളങ്ങായി. ഇതുകേട്ടപ്പോള്‍ സമീപത്തുണ്ടായിരുന്ന കറുത്തതൊലിനിറമുള്ള ഒരാള്‍ ആര്‍ത്തട്ടഹസിച്ച് കരഞ്ഞുബോധരഹിതനായി വീണു. ഉടനെ ജിബ്രീല്‍(അ) ഇറങ്ങിവന്നു നബിയോട് ചോദിച്ചു, ആരാണ് ആ കരഞ്ഞ ആള്‍? നബി അദ്ദേഹത്തെ പരിചയപ്പെടുത്തി. ജിബ്രീല്‍(അ) പറഞ്ഞു: ദുന്‍യാവില്‍ അല്ലാഹുവിനെ ഭയന്നു കരഞ്ഞ ആളുകള്‍ സ്വര്‍ഗത്തില്‍ അധികരിച്ചു ചിരിക്കുമെന്ന് അല്ലാഹു പറയുന്നു.
വിലക്കപ്പെട്ട കനി ഭക്ഷിച്ചതിന്‍റെ പേരില്‍ ആദിമ മനുഷ്യന്‍ ആദം നബി(അ) സ്വര്‍ഗീയ ലോകത്തുനിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് സങ്കടം സഹിക്കാനായില്ല. നാഥന്‍റെ കോടതിയിലെന്ത് മറുപടി പറയുമെന്നോര്‍ത്ത് ധാരധാരയായി കണ്ണീരൊഴുക്കാന്‍ തുടങ്ങി. ദിവസങ്ങളും ആഴ്ചകളുമല്ല, മുന്നൂറ് വര്‍ഷം. മുന്നൂറു വര്‍ഷം തുടര്‍ച്ചയായി കരഞ്ഞപ്പോഴേക്കും ഒരുപാട് കണ്ണീര്‍പുഴകള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു. സറന്‍ദീപ് സൃഷ്ടിക്കപ്പെട്ടതങ്ങനെയാണെന്ന് ഒരു ചരിത്രപരാമര്‍ശം പോലുമുണ്ട്. തന്‍റെ മകന്‍റെ കാര്യത്തില്‍ നൂഹ് നബിയെ അല്ലാഹു ആക്ഷേപിച്ചപ്പോള്‍ മുന്നൂറ് വര്‍ഷം അദ്ദേഹം തുടര്‍ച്ചയായി കരഞ്ഞുവെന്നും കാണാം. കരഞ്ഞുകരഞ്ഞു ദാവൂദ് നബിയുടെ കണ്ണീര്‍തട്ടിയ സ്ഥലങ്ങള്‍ സസ്യലതാദികള്‍ വളര്‍ന്നുവന്നിരുന്നു. പിന്നീട് ദാവൂദ് നബിയുടെ ശബ്ദം തന്നെ നഷ്ടമായി. യഹ്യാ നബിയെ കുറച്ചുദിവസം കാണാതായി. പിതാവ് സകരിയ്യാ നബി ദിവസങ്ങള്‍ ശേഷം യഹ്യാ നബിയെ കണ്ടെത്തിയത് ആളൊഴിഞ്ഞ സ്ഥലത്തെ ഖബറില്‍ കരഞ്ഞുതളര്‍ന്ന നിലയിലായിരുന്നു. “എന്തിനാണീ കരച്ചില്‍” സകരിയ്യാനബി(അ) ചോദിച്ചു. “നരകത്തിന്‍റെ ചൂടകറ്റാന്‍ കണ്ണീരിനു കഴിയുമെന്ന് ജിബ്രീല്‍(അ) നിങ്ങളോട് അറിയിച്ചതായി നിങ്ങള്‍ പറഞ്ഞില്ലേ” എന്ന് യഹ്യാ നബി(അ) പറഞ്ഞപ്പോള്‍ “എന്നാല്‍ കരഞ്ഞോളൂ” എന്നായിരുന്നു സകരിയ്യാനബിയുടെ മറുപടി. അല്ലാഹുവിനെയോര്‍ത്ത് മുത്ത്നബിയുടെ പോലും ഖല്‍ബ് പിടക്കാറുണ്ടായിരുന്നു. ഒന്നാം ഖലീഫ സിദ്ദീഖ്(റ) ധാരാളം കരയുന്ന വ്യക്തിയായിരുന്നു. ഖുര്‍ആന്‍ പാരായണം ചെയ്യുന്പോള്‍ പലപ്പോഴും അദ്ദേഹത്തിന് സ്വയം നിയന്ത്രിക്കാനായിരുന്നില്ല. കരഞ്ഞുകലങ്ങിയ കണ്ണുകളുള്ള ഉമര്‍(റ) ന്‍റെ രണ്ട് കണ്ണുകള്‍ക്ക് താഴെയായി കണ്ണീരൊലിച്ച് കറുത്തപാടുകളുണ്ടായിരുന്നു. ഫുളൈല്‍ ബ്നു ഇയാള്(റ) രാത്രിയുടെ അന്ത്യയാമങ്ങളില്‍ ആര്‍ത്തട്ടഹസിച്ചു കരയാറുണ്ടായിരുന്നു, തന്‍റെ വീട്ടുകാരെല്ലാം ഈ അട്ടഹാസം കേട്ട് ഉണരാറുണ്ടായിരുന്നു. ഇബ്റാഹീമുബ്നു അദ്ഹം(റ), സരിയ്യുസഖ്ത്വി(റ) തുടങ്ങിയവരും രക്ഷിതാവിനെ ഭയന്ന് കണ്ണീരൊഴുക്കിയവരായിരുന്നു. അബൂസുലൈമാന്‍(റ) പറയുന്നു. എല്ലാത്തിനും അടയാളമുണ്ട്. കരയാതിരിക്കല്‍ നിന്ദ്യതയുടെ അടയാളമാണ്. അംറുബ്നു ആസ്വ(റ) പറയുന്നു. ‘ആയിരം ദീനാര്‍ ദാനം നല്‍കുന്നതിനേക്കാള്‍ എനിക്കിഷ്ടം അല്ലാഹുവിനെ ഭയന്ന് ഒരുതുള്ളി കണ്ണീരൊഴുക്കലാണ്.’ കിന്‍ദി(റ) പറയുന്നു. അല്ലാഹുവിനെ ഭയന്നു കരഞ്ഞു നിലത്തുവീണ ഒരുകണ്ണീര്‍തുള്ളിക്ക് സാഗരസമാനമായ നരകത്തെ അണക്കാനുള്ള ശേഷിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *