2011 March-April അനുസ്മരണം ആത്മിയം

വടകര മമ്മദ്ഹാജി തങ്ങള്‍

Apple Shabdam vadakara

മനുഷ്യനെ ധര്‍മ്മച്യുതിയിലേക്ക് നയിക്കുന്ന പിശാചിന്‍റെ പ്രേരണയില്‍ നിന്നും മാനവരാശിയെ മോചിതരാക്കി വിജയവീഥിയിലേക്ക് നയിക്കാന്‍ അല്ലാഹു പ്രവാചകരെ നിയോഗിച്ചു. പ്രവാചകപ്രഭു മുഹമ്മദ് മുസ്ഥഫാ (സ്വ)യുടെ നിയോഗത്തോടെ പ്രവാചക ശൃംഖലക്ക് തിരശ്ശീല വീണു. എന്നാല്‍ പ്രവാചക ദൗത്യമായ സന്മാര്‍ഗ്ഗ പ്രബോധനമെന്ന കൃത്യം ഇവിടെ അവസാനിക്കുന്നില്ല. പകരം അന്ത്യനാള്‍ വരെ നിലനല്‍ക്കും. അവ അല്ലാഹുവിന്‍റെ ഇഷ്ട ദാസന്മാരായ ഔലിയാക്കള്‍ മുഖേനെയാണെന്നു മാത്രം. പ്രവാചകന്മാര്‍ക്ക് മുഅ്ജിസത്ത് എന്ന പേരില്‍ പല അമാനുഷിക കഴിവുകളും അല്ലാഹു നല്‍കി. അതു പോലെ ഔലിയാക്കന്മാര്‍ക്കു നല്‍കിയ അസാധാരണ പ്രവര്‍ത്തനങ്ങളെ കറാമത്ത് എന്ന് പറയുന്നു.
കേരളം ഒരുപാട് ഔലിയാക്കന്മാര്‍ക്ക് ജന്മം നല്‍കിയ നാടാണ്. അവരില്‍ പ്രശസ്തനാണ് വലിയുല്ലാഹി വടകര മുഹമ്മദ് ഹാജി തങ്ങള്‍. വടകരക്കടുത്ത് ചെറുവണ്ണൂര്‍ ദേശത്ത് കണ്ടിയില്‍ കുടുംബത്തില്‍ തറുവെ മുസ്ലിയാര്‍, ഫാത്വിമ ദന്പതികളുടെ മകനായി ജനിച്ചു. നാലാം വയസ്സില്‍ തന്നെ മാതാവ് വഫാത്തായി പിതാവിന്‍റെ സംരക്ഷണത്തിലായിരുന്നു ശൈഖുന പിന്നീട് വളര്‍ന്നത്.
പിതാവില്‍ നിന്നു തന്നെ പ്രാഥമിക മതപഠനവും ഖുര്‍ആന്‍ പാരായണവും കരസ്ഥമാക്കിയ ശേഷം വലിയുല്ലാഹി കമ്മുണ്ണി മുസ്ലിയാര്‍ കുറ്റൂര്‍, ഇബ്രാഹിം മുസ്ലിയാര്‍ അയനിക്കാട്, വടകര ബാവ മുസ്ലിയാര്‍ തുടങ്ങിയവരില്‍ നിന്നെല്ലാം അറിവ് കരസ്ഥമാക്കി. ഉപരി പഠനത്തിനായി വെല്ലൂര്‍ ബാഖിയാത്തില്‍ പോയി ശൈഖ് ആദം ഹസ്രത്ത് (റ) വിന്‍റെ ശിഷ്യത്വം സ്വീകരിച്ചു.
ശൈഖുനായുടെ ആദ്യത്തെ ഹജ്ജ് യാത്ര ജീവിതത്തില്‍ പുതിയ അദ്ധ്യായങ്ങള്‍ തീര്‍ക്കുകയായിരുന്നു. 25ാം വയസ്സില്‍ ഹജ്ജിനു പുറപ്പെടുന്പോള്‍ ഉപ്പയുടെ അദ്ധ്വാന ഫലമായി 50 രൂപ മാത്രമായിരുന്നു ശൈഖുനായുടെ കയ്യില്‍. ഹജ്ജ് കര്‍മ്മത്തിനു ശേഷം ഒരു വര്‍ഷം മക്കയിലും മദീനയിലും സിയാറത്തും ഇബാദത്തുമായി കഴിഞ്ഞു. ആ സമയത്തെ അത്യാവശ്യങ്ങള്‍ കൂലി വേല ചെയ്തായിരുന്നു നിറവേറ്റിയിരുന്നത്.
ഹജ്ജിനു ശേഷം തിരിച്ചെത്തിയത് പുറപ്പെടുന്പോള്‍ ഉണ്ടായ അവസ്ഥയിലായിരുന്നില്ല. സംസാരത്തിലും പെരുമാറ്റത്തിലും പുതിയ ഒരു അവസ്ഥയായിരുന്നു. വല്ല മാനസിക തകരാറുമായിരിക്കും എന്നു കരുതി പിതാവ് പല വ്യൈന്മാരെയും കാണിച്ചു. പക്ഷെ വ്യത്യസ്ഥമായ അവസ്ഥക്കു മാറ്റമൊന്നും കണ്ടില്ല. മകന്‍ പരിത്യാഗത്തിന്‍റെ പടവു താണ്ടി സന്മാര്‍ഗ്ഗ പ്രബോധന കൃത്യം നിര്‍വ്വഹിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടതാണെന്ന് തിരിച്ചറിയും മുന്പെ ശൈഖുനായുടെ പിതാവ് ഇഹലോകവാസം വെടിഞ്ഞു. ഹജ്ജ് യാത്രയെ കുറിച്ച് ചോദിക്കുന്പോള്‍ അല്ലാഹുവിന് സ്തുതി എന്ന് പറഞ്ഞ് പുഞ്ചിരിക്കുകയായിരുന്നു പതിവ്. പിതാവിന്‍റെ വിയോഗത്തിനു ശേഷം വീടു വിട്ടിറങ്ങിയ ശൈഖുന വര്‍ഷങ്ങള്‍ക്ക് ശേഷം വടകരയിലാണ് പ്രത്യക്ഷപ്പെട്ടത്.
പൊന്നാനിയിലെ അബ്ദുല്ലയുടെയും ഫാത്വിമയുടെയും മകളായ സൈനബയെയാണ് മഹാനവര്‍കള്‍ ആദ്യം വിവാഹം ചെയ്തത്. പിന്നീട് സൈനബയുടെ വഫാത്തിനു മുന്പ് തന്നെ ശൈഖുനായുടെ എണ്‍പതാം വയസ്സില്‍ വാണിയന്നൂര്‍ സ്വദേശിയായ തിത്താച്ചുമ്മ ഹജ്ജുമ്മയെ വിവാഹം ചെയ്തു. ശൈഖുനാക്ക് സൈനബയില്‍ നാല് പെണ്‍മക്കളും തിത്താച്ചുമ്മയില്‍ നാല് ആണ്‍മക്കളും ജനിച്ചു. ശൈഖുനായുടെ നൂറാം വയസ്സിലാണ് ഇളയ മകന്‍ ഖമര്‍ ജനിക്കുന്നത്. വാര്‍ദ്ധക്യ സമയത്ത് സന്താന ലബ്ധിക്ക് ഭാഗ്യം കിട്ടിയ മഹാനാണ് ശൈഖുന. നിരവധി ത്വരീഖത്തുകളുടെ ശൈഖും ആത്മീയ ചൈതന്യമുണര്‍ത്തുന്ന ശാദുലീ ഹള്റകളുടെ ഒരു പ്രചാരകനും കൂടിയായിരുന്നു. ശൈഖുന നടത്തിവന്നിരുന്ന മിഅ്റാജ് നേര്‍ച്ചകള്‍ പ്രവാചക പ്രേമത്തിന്‍റെ വര്‍ണ്ണപ്പകിട്ടുള്ള വാതായനങ്ങള്‍ സമൂഹത്തിന് തുറന്ന് നല്‍കുന്നതായിരുന്നു.
ശൈഖുനായുടെ ജീവിതം കറാമത്തുകളുടെ കലവറയാണ്. എം.എ ഉസ്താദ് ചെറുവണ്ണൂരിലേക്ക് പോകുംവഴി അടുത്തൊന്നും വര്‍ക്ക്ഷോപ്പില്ലാത്ത കട്ട്റോഡില്‍ വെച്ച് കാറിനു തകരാറു പറ്റി. ഏതാണ്ട് പത്ത് മിനുട്ട് സ്തംഭിച്ചു നിന്ന ശേഷം ശൈഖുന വടകര മുഹമ്മദ് ഹാജി തങ്ങളുടെ സാന്നിധ്യത്തിലേക്കാണ് പോകുന്നതെന്ന് പറഞ്ഞ് ഫാത്തിഹ ഓതി ഡ്രൈവറോട് സ്റ്റാര്‍ട്ട് ചെയ്ത് നോക്കാന്‍ പറഞ്ഞു. യാതൊരു പ്രശ്നവുമില്ലതെ വാഹനം ഓടി. ശേഷം കൊയിലാണ്ടി വര്‍ക്ക് ഷോപ്പിലെത്തിയാണ് റിപ്പയര്‍ ചെയ്തത്.
ശൈഖുന ഒരു മജ്ദൂബിനെപ്പോലെ നടന്നിരുന്ന കാലത്ത് തീവണ്ടിയില്‍ കയറി. വടകര സ്റ്റേഷനില്‍ വെച്ച് ടി.ടി.ആര്‍ വന്ന് പരിശോധിച്ചപ്പോള്‍ എ.ക്ലാസ് ടിക്കറ്റില്ലാതെ സാധാരണ ടിക്കറ്റിലാണ് മഹാന്‍ എ.ക്ലാസില്‍ കയറിയത്. പിഴയായി കൂടുതല്‍ ചാര്‍ജ് ആവശ്യപ്പെട്ടു. കയ്യില്‍ കാശില്ലാത്തതിനാല്‍ മഹാനവര്‍കളെ ഉദ്യോഗസ്ഥര്‍ ഇറക്കിവിട്ടു. പ്രതിഷേധമൊന്നുമില്ലാതെ മഹാന്‍ ധൃതിയില്‍ നടന്ന് പോയി. എന്നാല്‍ വണ്ടി നീങ്ങുന്നില്ല. പല ശ്രമങ്ങളും നടത്തി. അവസാനം ബന്ധപ്പെട്ടവര്‍ക്ക് സംശയമായി. അവര്‍ ശൈഖുനായെ തേടിപ്പിടിച്ച് സങ്കടം ബോധിപ്പിച്ചു. ചെയ്ത അവിവേകത്തിന് മാപ്പിരന്നപ്പോള്‍ വണ്ടി ഓടാന്‍ അനുമതി കൊടുത്തു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് കണ്ണാശുപത്രി സ്പ്യെലിസ്റ്റും കോളേജ് സൂപ്രണ്ടുമായിരുന്ന ഡോ. ശങ്കര്‍ ശൈഖുനായുടെ കണ്ണിന് പ്രഥമ ദൃഷ്ട്യാ തന്നെ തകരാറുണ്ടെന്ന് മനസ്സിലാക്കി ഓപ്പറേഷന്‍ നടത്താന്‍ തീരുമാനിച്ചു. മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന ഓപ്പറേഷന്‍ അവസാനിച്ച ശേഷം ശൈഖുനായെ വാര്‍ഡിലേക്ക് മാറ്റി. ഉടനെ കണ്ണിന്‍റെ കെട്ട് മുഴുവനും അഴിച്ച് മാറ്റി. വിവരമറിഞ്ഞ ഡോക്ടര്‍മാര്‍ അടുത്തെത്തി. ഉടനെ ശൈഖുന തന്‍റെ കൈകൊണ്ട് കെട്ട് പൂര്‍വ്വ സ്ഥിതിയിലാക്കി. സഹപ്രവര്‍ത്തകരോട് ഡോക്ടര്‍ ചോദിച്ചു: ഇദ്ദേഹം സാധാരണ മനുഷ്യനോ? അസാധാരണ മനുഷ്യനോ? ഇതിനിടെ സമയം തിരക്കിയ ശൈഖുന ളുഹ്റിന്‍റെ സമയം കഴിയാറായി എന്ന് പറഞ്ഞ് കെട്ടഴിച്ച് പച്ചവെള്ളം കൊണ്ട് വുളുവെടുത്ത് നിസ്കരിച്ചു. എല്ലാ വഖ്തിലും ഇത് തുടര്‍ന്നു. മുറിവുണങ്ങാനുള്ള ഗുളിക കൊടുക്കുമെങ്കിലും ശ്രദ്ധ തെറ്റിയാല്‍ തുപ്പിക്കളയും. ഈ ദിവസങ്ങളില്‍ ശൈഖുന ഉറങ്ങിയിരുന്നില്ല. രണ്ട് ദിവസം കഴിഞ്ഞ് പൂര്‍ണ്ണ സുഖത്തോടെ ആശുപത്രി വിട്ടു. വടകരയില്‍ കച്ചവടം നടത്തിയിരുന്ന കോയന്പത്തൂര്‍കാരന്‍ സേട്ടുവിന്‍റെ കടയില്‍ കയറി ശൈഖുന പറഞ്ഞു: നിന്‍റെ മകനെ പാന്പ് കടിച്ചിട്ടുണ്ട്. ശേഷം പച്ച നിറത്തിലുള്ള ഒരു തുണിക്കഷ്ണം വാങ്ങി സ്ഥലം വിട്ടു. വാക്കിന്‍റെ പൊരുള്‍ അറിയാതെ പകച്ചു നില്‍ക്കുന്ന സേട്ടുവിന് ഉടനെ ഒരു ഫോണ്‍ സന്ദേശം ലഭിച്ചു. മകനെ പാന്പ് കടിച്ചിരിക്കുന്നു. പല സ്ഥലത്തും കാണിച്ച് ഫലം കാണാതെ എല്ലാവരും കയ്യൊഴിഞ്ഞപ്പോള്‍ മുഷിഞ്ഞ വസ്ത്രങ്ങള്‍ അലസമായി ധരിച്ച ഒരാള്‍ വരികയും തന്‍റെ കയ്യിലുള്ള പച്ചത്തുണിയില്‍ നിന്ന് അല്‍പം ചീന്തി മുറിവില്‍ വെക്കുകയും ചെയ്തു. ഇതോടെ രോഗി സുഖം പ്രാപിച്ചു.
ഒരിക്കല്‍ ശൈഖുനായുടെ വീടിന്‍റെ മുന്നില്‍ കനാലിന്‍റെ പണി നടക്കുകയാണ്. കുഴിക്കുന്ന സ്ഥലം പാറയായതിനാല്‍ പാറ പൊട്ടിച്ചാണ് പണി. ശൈഖുനായുടെ വീടിന്‍റെ മുന്നിലുള്ള പാറ പൊട്ടിക്കാന്‍ വെടി വെച്ചപ്പോള്‍ പൊട്ടുന്നില്ല. പണി നടത്തുന്ന ഇബ്രാഹിം ശൈഖുനായോട് വിവരം പറഞ്ഞു. എന്‍റെ വീടിന്‍റെയും പള്ളിയുടേയും ഓട് പൊട്ടിച്ചില്ലേ? പാറ പൊട്ടിച്ചപ്പോള്‍ ചീള് തെറിച്ച് ശൈഖുനായുടെ വീടിന്‍റെയും പള്ളിയുടെയും ഓട് പൊട്ടിയിരുന്നു. ഇബ്രാഹിം പറഞ്ഞു: ഞങ്ങള്‍ നന്നാക്കിത്തരാം. ശൈഖുന പറഞ്ഞു: എന്നാല്‍ പൊട്ടിക്കോട്ടെ. അതുവരെ പൊട്ടാത്ത പാറ പൊട്ടി. ശൈഖുനാ പാവങ്ങള്‍ക്ക് അത്താണിയും അശരണര്‍ക്ക് അഭയ കേന്ദ്രവുമായിരുന്നു. പ്രവാചക പ്രേമത്തിന്‍റെയും അല്ലാഹുമായുള്ള ഹൃദയ സാന്നിധ്യത്തിന്‍റെയും ഉത്തമ ഉദാഹരണമാണ് ശൈഖുന. പ്രയാസപ്പെടുന്നവരുടെ പ്രയാസങ്ങള്‍ക്കു പരിഹാരമായിരുന്നു ശൈഖുനായുടെ വാക്കുകള്‍. സമസ്തയുടെ പണ്ഡിതന്മാര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ മൂര്‍ചിച്ച കാലത്ത് നേരിന്‍റെ പക്ഷത്ത് പ്രവര്‍ത്തകര്‍ക്ക് തണാലായി ശൈഖുന ഉറച്ച് നിന്നു. 1998ല്‍ തിരൂരങ്ങാടിയില്‍ നടന്ന ധര്‍മ്മപുരി സമ്മേളനത്തില്‍ നിങ്ങള്‍ എസ്.എസ്.എഫുകാര്‍ അര്‍ശിന്‍റെ തണലിലാണ് നിങ്ങള്‍ ഭയപ്പെടേണ്ട എന്ന ശൈഖുനയുടെ വാക്കുകള്‍ കാലം മുഴുവനും പ്രവര്‍ത്തകരുടെ ആവേശമാണ്. ശൈഖുന സംഘടിപ്പിച്ച സദസ്സില്‍ നിന്നും ഉള്ളാള്‍ തങ്ങളോട് പ്രസംഗിക്കാന്‍ പറഞ്ഞു. ശേഷം അദ്ദേഹം പറഞ്ഞു. ഉള്ളാള്‍ തങ്ങള്‍ക്ക് സ്വര്‍ഗ്ഗമുണ്ട്. എന്‍റെ കൂടെയുള്ളവര്‍ക്കു അതു ലഭിക്കണമെന്നു തങ്ങള്‍ പറഞ്ഞപ്പോള്‍ എന്നാല്‍ നിങ്ങളുടെ കൂടെയുള്ളവര്‍ക്കും സ്വര്‍ഗ്ഗമുണ്ട് എന്ന് പറഞ്ഞു. സുന്നത്ത് ജമാഅത്തിനെ ശക്തിപ്പെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ ശൈഖുനയുടെ ജീവിതത്തില്‍ ധാരാളമാണ്.
അനേകം മനുഷ്യ ഹൃദയങ്ങളില്‍ വെളിച്ചമേകിയും പ്രതിസന്ധിയിലെ അഭയ കേന്ദ്രവും ഭൂമിയിലെ സര്‍വ്വതിലും അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ കണ്ടറിഞ്ഞുള്ള ശൈഖുനായുടെ ഇഹലോകവാസം 1998 ജൂലൈ 23(ഹിജ്റ 1419 റ:അവ്വല്‍ 29ാം രാവ്) രാത്രി സമയം 11.25 ഓടെ അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *