2011 July-August Hihgligts ഖുര്‍ആന്‍ മതം

ഖുര്‍ആന്‍; കാലത്തിന്‍റെ അനിവാര്യത

QuranShabdam copy

കാലത്തിനു വെല്ലുവിളിയായി നിലനില്‍ക്കുന്ന, കാലാതീതനായ അല്ലാഹുവിന്‍റെ സൃഷ്ടിയാണ് വിശുദ്ധ ഖുര്‍ആന്‍. ഈ ഗ്രന്ഥം സ്പര്‍ശിക്കാത്ത തലങ്ങളില്ല. സമഗ്രവും സന്പൂര്‍ണ്ണവും കാലികവുമാണെന്ന് വിളിച്ചുപറയുകയാണ് ഖുര്‍ആനിലെ ഓരോ സൂക്തവും. ആറാം നൂറ്റാണ്ടില്‍ ജീവിച്ച, ഖദീജയുടെ ഒട്ടകങ്ങളും കച്ചവട ചരക്കുകളും മണല്‍കാറ്റും ഈന്തപ്പനയും മാത്രം പരിചയമുള്ള, സാന്പ്രദായികമായി അക്ഷരജ്ഞാനം നേടിയിട്ടില്ലാത്ത മുഹമ്മദ് (സ) വിളിച്ചു പറഞ്ഞതാണെന്നതു തന്നെ ഖുര്‍ആനിന്‍റെ അമാനുഷികതക്ക് തെളിവ് നല്‍കുകയാണ്. ഖുര്‍ആനിനു സമാനമായ ഒന്നു കൊണ്ടുവരാന്‍ മനുഷ്യമനുഷ്യേതര സൃഷ്ടികളോട് ഖുര്‍ആന്‍ തന്നെ നടത്തിയ വെല്ലുവിളി(ഇസ്റാഅ് 88) ഇന്നും അന്തരീക്ഷത്തില്‍ മുഴങ്ങി നില്‍ക്കുകയാണ്. വെല്ലുവിളി ഏറ്റെടുക്കാന്‍ ശ്രമിച്ചവര്‍, അവര്‍ തന്നെ പുറത്തിറക്കിയ വൈകൃത രചനകളെ നോക്കി സ്വയം പരിഹാസ്യരാകുകയാണുണ്ടായത്.
വിശുദ്ധ ഗ്രന്ഥത്തിന്‍റെ പേരിന് “വായിക്കപ്പെടുന്നത്’ എന്നാണര്‍ത്ഥം. അതായത് വ്യത്യസ്ത തലങ്ങളില്‍ നിന്നു കൊണ്ട് വായിക്കപ്പെടുന്നത്, വിമര്‍ശനാത്മകമായി, പാരായണത്തിലെ പുണ്യം പ്രതീക്ഷിച്ച്, ചരിത്രം ചികഞ്ഞ്, ശാസ്ത്ര സത്യം തേടി, ഗണിത രഹസ്യങ്ങള്‍ തിരക്കി, ആകാശഭൂമികളെക്കുറിച്ചറിയാന്‍, ദൈവികമായി, പ്രാമാണികമായി… ഇങ്ങനെ നീണ്ടുപോകുന്നു ഖുര്‍ആന്‍ വായനയുടെ സാധ്യതകള്‍.
റമളാനിലെ ഖദ്റിന്‍റെ രാത്രി ലൗഹുല്‍ മഹ്ഫൂളില്‍ നിന്ന് ഒന്നാനാകാശത്തേക്കും പിന്നെ അവിടെ നിന്ന് ഇരുപത്തിമൂന്ന് വര്‍ഷത്തിനിടക്ക് സന്ദര്‍ഭാനുസൃതവുമായിക്കൊണ്ടാണ് ഖുര്‍ആനിന്‍റെ അവതരണം. സൂക്തങ്ങള്‍ക്ക് പ്രത്യേക അവതരണ പശ്ചാത്തലമുണ്ടായിരിക്കും. എന്നാല്‍ ഒരു പശ്ചാത്തലവും ഇല്ലാതെയും അവതരണം നടക്കും.
സാമൂഹികം, മാനുഷികം
സ്രഷ്ടാവിന്‍റെ പ്രതിനിധിയായിട്ടാണ് മനുഷ്യരെ ഭൂമിയിലേക്കയച്ചതെന്ന് ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു. “നിന്നെ സര്‍വ്വ സമയവും ആരാധിക്കാന്‍ മാലാഖമാരായ ഞങ്ങളുണ്ട്, ഭൂമിയില്‍ ആക്രമികളായി വിഹരിക്കാന്‍ മനുഷ്യരെ പടക്കുന്നതെന്തിന്?’ എന്ന മലക്കുകളുടെ ചോദ്യത്തിന് അല്ലാഹു മറുപടി നല്‍കിയത് നിങ്ങള്‍ക്കറിയാത്തത് ഞാനറിയുന്നു എന്നു പറഞ്ഞു കൊണ്ടായിരുന്നു.(2:30)
പ്രഥമ മനുഷ്യനായ ആദ(അ)മില്‍ നിന്നു തന്നെ ഇണയെയും പടച്ചു എന്ന് പറയുന്നതിലൂടെ, അറുത്തുമാറ്റാന്‍ കഴിയാത്ത പാരസ്പര്യത്തിന്‍റെ അനിവാര്യതയിലേക്കാണ് ഖുര്‍ആന്‍ വിരല്‍ ചൂണ്ടുന്നത്. കേവലം മനുഷ്യന്‍ മാത്രമല്ല, ഇതര ജീവജാലങ്ങളുള്‍പ്പെടെ എല്ലാവരും സമൂഹമായി കഴിയണമെന്നാണ് ഖുര്‍ആനിന്‍റെ നിലപാട് (8:38).
സമൂഹ രൂപീകരണത്തിലെ പ്രഥമ യൂണിറ്റായ കുടുംബങ്ങള്‍ ജീവസുറ്റതായി നിലനില്‍ക്കാന്‍ വേണ്ടതെല്ലാം ഖുര്‍ആന്‍ പഠിപ്പിക്കുന്നു. കുടുംബങ്ങള്‍ക്ക് കത്തി വെക്കുന്നവര്‍ക്ക് വിശുദ്ധ ഗ്രന്ഥം കനത്ത താക്കീതു നല്‍കുന്നു. അല്ലാഹു പറയുന്നു “”നാഥനുമായി പ്രതിജ്ഞ ചെയ്ത ശേഷം അതു ലംഘിച്ച,് താന്‍ ഇണക്കിച്ചേര്‍ക്കാന്‍ കല്‍പ്പിച്ച കുടുംബ ബന്ധങ്ങള്‍ മുറിച്ചു കളഞ്ഞു ഭൂമിയില്‍ കുഴപ്പങ്ങളുണ്ടാക്കി വിഹരിക്കുന്നവര്‍, അവര്‍ക്കാണു ശാപം, അവരുടെ സങ്കേതം വളരെ മോശം(13:20). മനുഷ്യനു ആധിപത്യം കിട്ടിയാല്‍ അവന്‍ ഭൂമിയില്‍ നാശമുണ്ടാക്കുകയും കുടുംബ ബന്ധം തകര്‍ക്കുകയും ചെയ്യുമെന്ന് ഖുര്‍ആന്‍. അത്തരക്കാര്‍ അല്ലാഹുവിന്‍റെ ശാപ പാത്രങ്ങളാണ്. അല്ലാഹുവിനെ അവര്‍ ബധിരനാക്കുകയാണോ? അവര്‍ ഖുര്‍ആനെക്കുറിച്ച് ചിന്തിക്കാത്തതെന്തു കൊണ്ടാണ്, അവരുടെ ഹൃദയങ്ങള്‍ക്ക് പൂട്ടുകളുണ്ടോ? എന്ന് ഖുര്‍ആന്‍ ചോദിക്കുന്നു(47:25). പാരസ്പര്യത്തിന്‍റെ ആഴം മനസ്സിലാക്കാത്തവര്‍ സാമൂഹീകരണ പ്രക്രിയയില്‍ വിലങ്ങുതടികളാണ്. ഇവര്‍ക്കെതിരെ കലഹം കൂട്ടുകയാണ് വിശുദ്ധ സൂക്തങ്ങള്‍.
മാനവ എ്യെം ഖുര്‍ആനിന്‍റെ പ്രമേയമാണ്. (2:89) മുന്‍ വേദക്കാരുടെ നിലപാടുകളെ വാസ്തവമാക്കിക്കൊണ്ടാണ്. പ്രവാചകന് അവതരിച്ചതിലും മുന്‍ഗാമികള്‍ക്കവതരിച്ചതിലും വിശ്വസിക്കുന്നവര്‍ സൂക്ഷ്മ ജീവിതം നയിക്കുന്നവരാണെന്ന് ഖുര്‍ആന്‍ പറയുന്നു(2:3). താനിഷ്ടപ്പെടുന്നത് തന്‍റെ സഹോദരന്‍റെ ഇഷ്ടം കൂടിയാകുന്നത് വരെ ഒരാളും സന്പൂര്‍ണ്ണ വിശ്വാസിയാവില്ലെന്ന പ്രവാചകന്‍റെ അധ്യാപനം ഖുര്‍ആനിന്‍റെ വിശദീകരണമാണ്.
സാന്പത്തികം
മനുഷ്യ ജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത സാന്പത്തിക ചര്‍ച്ചകളും ഖുര്‍ആനില്‍ സന്പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടിരിക്കുന്നു. സന്പത്തിന്‍റെ കേന്ദ്രീകരണം ഒഴിവാക്കുക, കന്പോളം ചൂഷണ മുക്തമാക്കുക, പാവങ്ങള്‍ക്ക് ജീവിക്കാനുള്ള വക നല്‍കുക, തുടങ്ങിയ അടിസ്ഥാന ഘടകങ്ങളില്‍ ശ്രദ്ധിച്ചു കൊണ്ടാണ് ഖുര്‍ആന്‍ വിഭാവനം ചെയ്യുന്ന സാന്പത്തിക വ്യവസ്ഥിതി രൂപം കൊള്ളുന്നത്. പലിശ രഹിതമായ സന്പദ് വ്യവസ്ഥിതി പരിചയപ്പെടുത്തിയതിലൂടെ, മാന്ദ്യത്തില്‍ പെട്ടുലയേണ്ടിയിരുന്ന ആഗോള ഇക്കോണമിക് വ്യവസ്ഥിതി രണ്ടാം ജന്മത്തിലൂടെ തിരിച്ചുവരവു നടത്തി. അമേരിക്ക കേന്ദ്രമായി അരങ്ങേറിയ ലോക സാന്പത്തിക മാന്ദ്യം മറികടക്കാന്‍ സാന്പത്തിക വിദഗ്ധര്‍ മുന്നോട്ട് വെച്ചത് ഖുര്‍ആന്‍ വിഭാവനം ചെയ്യുന്ന ഇസ്ലാമിക് ബാങ്കിങ്ങ് സിസ്റ്റം നടപ്പാക്കുക എന്നതായിരുന്നു. തല്‍ഫലമായി കേരളത്തില്‍ പോലും “അല്‍ ബറക’ എന്ന പേരില്‍ ഇസ്ലാമിക് ബാങ്കിന്‍റെ യൂണിറ്റുകള്‍ രൂപീകരിക്കപ്പെടാനിരിക്കുന്നുവെന്നത് അഭിമാനകരമാണ്.
സന്പത്ത് ഒരു ഭാഗത്ത് കുന്നുകൂടാതിരിക്കാന്‍ വിശുദ്ധ ഗ്രന്ഥം നിര്‍ദ്ദേശം നല്‍കുന്നു. “”നിങ്ങള്‍ക്കു തന്നെ ഗുണകരമായ വിധത്തില്‍ ധനം ചിലവഴിക്കുക സ്വന്തം മനസിന്‍റെ ആര്‍ത്തിയില്‍ നിന്നു രക്ഷപ്പെടുന്നവരത്രെ വിജയികള്‍”(64:16) ഖുര്‍ആനിലെ 2/254 ലും 2/267 ലുമെല്ലാം സമാനമായ നിര്‍ദേശം കാണാം.
കൃഷിയും കച്ചവടവുമെല്ലാം വളരെയധികം പ്രോത്സാപ്പിക്കുന്നുണ്ട്.(4/29) വിഭവ ഉടമസ്ഥത ആത്യന്തികമായി അല്ലാഹുവിനാണ് എന്നതാണ് ഖുര്‍ആനിന്‍റെ അധ്യാപനം. അവന്‍ ഓരോരുത്തവര്‍ക്കും വ്യത്യസ്ത അളവില്‍ നല്‍കിയിരിക്കുന്നു എന്ന് മാത്രം. സകാത്ത്, സ്വദഖ, ഫിത്ര്‍ സകാത്ത് തുടങ്ങി പല മാധ്യമങ്ങളിലൂടെ വിഭവ കൈമാറ്റവും അതുവഴി പണക്കാരന്‍ പണക്കാരനായും ദരിദ്രന്‍ കൂടുതല്‍ ദരിദ്രനായും തുടരുന്ന പാശ്ചാത്യന്‍ ഇക്കോണമിയെ തിരുത്തിക്കുകയാണ് ഇസ്ലാം.
ശാസ്ത്രം
ശാസ്ത്രത്തിനു രണ്ട് തലങ്ങളുണ്ട്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുതകളും, ശാസ്ത്ര സിദ്ധാന്തങ്ങളും. ഇതില്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യങ്ങളിലാണ് ഖുര്‍ആനിന്‍റെ പരാമര്‍ശങ്ങള്‍ ദിനേന മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ് ശാസ്ത്രം. പക്ഷേ, ആറാം നൂറ്റാണ്ടില്‍ അവതരണം പൂര്‍ത്തിയായ ഖുര്‍ആന്‍ ഇന്നുവരെ ഒരു അക്ഷരത്തിനു പോലും മാറ്റം വരുത്തിയിട്ടില്ല എന്നതിനാല്‍ ഇനിയും ഒട്ടേറെ ഖുര്‍ആന്‍ പരാമര്‍ശങ്ങള്‍ ശാസ്ത്രത്തിനു അംഗീകരിക്കേണ്ടി വരുമെന്നതില്‍ സംശയമില്ല.
അണ്ഢവും ഭ്രൂണവും തമ്മിലുള്ള കൂടിച്ചേരല്‍ മുതല്‍ കുഞ്ഞു പിറക്കുന്നതു വരെയുള്ള ഘട്ടങ്ങള്‍ അര്‍ധ ശങ്കക്കിടമില്ലാത്ത വിധം ശാസ്ത്രീയമായി ഖുര്‍ആനില്‍ വിവരിക്കപ്പെട്ടിരിക്കുന്നു.(23:11 15 ) സൂര്യന്‍ സ്വയം പ്രകാശിക്കുമെന്നും ചന്ദ്രന്‍ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുക മാത്രമാണു ചെയ്യുന്നതെന്നുമുള്ള ശാസ്ത്ര സത്യം ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്(71/15,16) വിത്യസ്ത ഭ്രമണപഥം,(51/7) നക്ഷത്ര മരണം(56/75) ഏഴാകാശങ്ങള്‍(2:29) കടലിലെ ഇരുട്ട്(24:40) സമയത്തിന്‍റെ ആപേക്ഷികത(22:42)ത ആകാശം, ഭൂമി(35:41) തുടങ്ങി ഖുര്‍ആന്‍ പ്രത്യക്ഷമായോ പരോക്ഷമായോ സൂചിപ്പിച്ച ശാസ്ത്രീയ വസ്തുതകള്‍ നിരവധി എണ്ണിപ്പറയാന്‍ സാധിക്കും.
ആത്മീയം
ഇസ്ലാം ആത്മീയതക്ക് ഊന്നല്‍ നല്‍കുന്ന പ്രത്യയശാസ്ത്രമാണ്. മൂലഗ്രന്ഥമായ ഖുര്‍ആനും ആത്മീയതയെ പ്രകാശിപ്പിക്കുന്നുണ്ട്. ആത്മീയത സമം ചേര്‍ത്ത സിദ്ധാന്തങ്ങളും ആചാരങ്ങളുമാണ് ഖുര്‍ആന്‍. അമാനുഷികമാണെന്ന പ്രഖ്യാപനവുമായി മുഹമ്മദ് നബി(സ) ഖുര്‍ആന്‍ പ്രചരിപ്പിച്ചപ്പോള്‍ മക്കയിലെ ശത്രുക്കള്‍ അതിനെ രൂക്ഷമായി വിമര്‍ശിച്ചു. മാരണം, ഭ്രാന്തുപറച്ചില്‍, മോഷണം, തുടങ്ങി പലതരത്തിലായിരുന്നു ദുര്‍വ്യഖ്യാനം. എന്നാല്‍ ഖുര്‍ആനിന്‍റെ ആത്മീയാകര്‍ഷക ശക്തി ബോധ്യപ്പെട്ട ശത്രുനേതാക്കള്‍ കുഞ്ഞാടുകള്‍ക്ക് നിര്‍ദേശം നല്‍കിയത് ഖുര്‍ആന്‍ കേള്‍ക്കുന്നിടത്തു നിന്ന് ഓടിയൊളിക്കാനായിരുന്നു. അതിനു സാധിക്കാത്തവര്‍ ചെവിയില്‍ തുണി തിരുകി “വിശ്വാസം കാത്തു’, പ്രപ്രിതാക്കളുടെ വിശ്വാസം. ഖുര്‍ആനിന്‍റെ ആത്മീയ ശക്തി ശത്രുക്കള്‍ പോലും ഭയപ്പെട്ടിരുന്നുവെന്നതിന്‍റെ ഉദാഹരണമാണിത്.
പ്രവാചകനെ വധിക്കാന്‍ ഊരിയ വാളുമായി നടന്നു വരുന്ന പോക്കിരിയായിരുന്ന ഉമര്‍ കേള്‍ക്കുന്നത് സഹോദരി ഫാത്വിമ മുസ്ലിമായ വാര്‍ത്തയാണ്. ഉടന്‍ റൂട്ട് മാറ്റി സഹോദരീ ഗൃഹത്തിലേക്ക് വാളുമായി ചെന്ന ഉമര്‍ അകത്തു നിന്ന് കേള്‍ക്കുന്നത് വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളാണ്. “”ത്വാഹാ, നിനക്കു നാം ഖുര്‍ആന്‍ അവതരിപ്പിക്കുന്നത് നിന്നെ കഷ്ടപ്പെടുത്താന്‍ വേണ്ടിയല്ല, ഭക്തന്മാര്‍ക്കുള്ള ഉദ്ബോധനമായാണ്. ആകാശ ഭൂമികളുടെ സ്രഷ്ടാവില്‍ നിന്ന് ഇറങ്ങിയതാണിത്.” ആ പരുക്കന്‍ ഹൃദയത്തെപ്പോലും ഉഴുതു മറിക്കാനുള്ള ശക്തി ഈ വചനങ്ങള്‍ക്കുണ്ടായിരുന്നു. ഉമറിന്‍റെ ഗതിമാറ്റമായിരുന്നു അവിടെ കണ്ടത്, ചരിത്രത്തിന്‍റെയും. പ്രവാചകന്‍റെ ഘാതകനാകേണ്ടിയിരുന്നയാള്‍ പ്രവാചകന്‍റെ രണ്ടാം ഖലീഫയായി മാറിയ കഥ, പ്രവാചകന്‍റെ രക്തം കുടിക്കാന്‍ കണ്ണു ചുവപ്പിച്ചു നടന്നിരുന്നയാള്‍ പ്രവാചകന്‍റെ കേവലം വാക്കുകള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് കണ്ണീരൊഴുക്കിയ കഥ, അതാണ് ഖുര്‍ആന്‍റെ ആത്മീയ തലം.
അറിവ്, ചരിത്രം
വിശുദ്ധ വേദപുസ്തകം പ്രദാനം ചെയ്യുന്ന അറിവിന്‍റെ നിറവ് ബോധ്യപ്പെടണമെങ്കില്‍ ശ്രേഷ്ഠരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ ചാരത്ത് പോയി നിന്ന് ഖുര്‍ആന്‍ വായിക്കണം. അപ്പോള്‍ ഓരോ സൂക്തത്തില്‍ നിന്നും ഉറവപൊട്ടി വരുന്നത് ജ്ഞാന സമുദ്രങ്ങള്‍ തന്നെയാണെന്ന് അനുവാചകന് ബോധ്യപ്പെടും.
ചിന്തിക്കുന്നവര്‍ക്കുള്ള ഉത്തമ ദൃഷ്ടാന്തമാണ് ഖുര്‍ആന്‍ എന്ന ഇടക്കിടെയുള്ള ഓര്‍മപ്പെടുത്തല്‍ തന്നെ അറിവിന്‍റെ ഖുര്‍ആനിക തലം വെളിപ്പെടുത്തുന്നുണ്ട്. അനുവാചകന് അറിവ് ലഭിക്കുന്നത് പ്രത്യക്ഷ വായനയിലൂടെ മാത്രമല്ല, പ്രത്യക്ഷ വായനയിലൂടെ ലഭിക്കുന്നത് അറിവിന്‍റെ വാരിക്കോരി നല്‍കലും വരികള്‍ക്കിടയിലൂടെ പരോക്ഷമായി ലഭിക്കുന്നത് ആഴത്തിലുള്ള ജ്ഞാനവുമാണ്. ജ്ഞാന ലബ്ധി അനുമാനിക്കലിലൂടെയും അവതരണ രീതിയിലൂടെയും സംഭവിക്കുന്നതാണ്. അത്കൊണ്ടു കൂടെയാണ് ഖുര്‍ആന്‍ ജ്ഞാന ലബ്ധിയുടെ സന്പൂര്‍ണ്ണ മാതൃകയാണെന്നു പറയുന്നത്.
ഖുര്‍ആന്‍ ചരിത്ര വിദ്യാര്‍ത്ഥിയുടെ ഉത്തമ റഫറന്‍സ് ഗ്രന്ഥം കുടിയായണ്. പ്രഥമ മനുഷ്യന്‍ ആദംനബി (അ)ന്‍റെ പ്രവാചകത്വത്തോടു കൂടെയുള്ള സൃഷ്ടിപ്പു മുതല്‍ വിവിധ കാലഘട്ടങ്ങളിലെ പ്രവാചകന്മാരെയും അവരുടെ സമൂഹത്തെയും നാഗരികതകളെയും ചരിത്രപരമായ വിശകലനങ്ങളോടു കൂടി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. ചരിത്രം വായിക്കുന്നത് വര്‍ത്തമാനത്തിലെ താളപ്പിഴകള്‍ തിരുത്താന്‍ കൂടിയാണ്. അത് കൊണ്ടാണ് മുന്‍ വേദക്കാര്‍ക്കും സമൂഹങ്ങള്‍ക്കും സംഭവിച്ച ശിക്ഷയുടെ, പ്രകൃതി രൂപംമറിയലിന്‍റെയെല്ലാം ഭീകര ചിത്രം ഖുര്‍ആന്‍ വരച്ചു കാട്ടുന്നത്. സ്വവര്‍ഗ രതിക്കാരായിരുന്ന ലൂഥ് (അ)ന്‍റെ സമൂഹത്തെ കീഴ്മേല്‍ മറിച്ച് നിലംപരിശാക്കിയ ചരിത്രം ഖുര്‍ആനില്‍ വായിക്കുന്ന ആധുനികര്‍ സ്വവര്‍ഗ രതിയെ നിയമപരമായി ന്യായീകരിക്കുന്ന പുതിയ സാഹചര്യങ്ങള്‍ക്കെതിരെ തിരിഞ്ഞുനിന്നു സംസാരിക്കാന്‍ തയ്യാറാവണം. അതാണ് ചരിത്ര വായനയുടെ ഒരു ധര്‍മം. ഖുര്‍ആന്‍ കാലത്തിന്‍റെ അനിവാര്യതയാകുന്നത് ഇതുകൊണ്ടെല്ലാമാണ്

Leave a Reply

Your email address will not be published. Required fields are marked *