2015 March - April ഖുര്‍ആന്‍ സാമൂഹികം

ധന സന്പാദനവും ഇസ്ലാമും

പ്രപഞ്ചത്തിലെ മുഴുവന്‍ വിഭവങ്ങളും അല്ലാഹുവിന്‍റെ ഉടമസ്ഥതയിലാണ്. എന്നാല്‍, ആ വിഭവങ്ങളത്രയും അവന്‍ ഒരുക്കിവെച്ചിരിക്കുന്നത് മനുഷ്യന് വേണ്ടിയാണ്. മനുഷ്യനത് തേടിക്കെണ്ടത്തണം. ആഹാരവും മറ്റുവിഭവങ്ങളും തേടി കണ്ടെത്താന്‍ മനുഷ്യന് അനുവദനീയമായ ഏത് രീതിയും സ്വീകരിക്കാം മാന്യമായ തൊഴിലിലൂടെ കുടുംബം പുലര്‍ത്താന്‍ ഓരോ മനുഷ്യനും ശ്രദ്ധിക്കണമെന്നും അനുവദനീയമല്ലാത്ത ഭക്ഷണം കുടുംബത്തെ ഭക്ഷിപ്പിക്കാതിരിക്കാന്‍ കുടുംബ നാഥന്‍ ബദ്ധശ്രദ്ധനായിരിക്കണമെന്നും മതം സഗൗരവം പഠിപ്പിക്കുന്നുണ്ട്.
രാപ്പകലുകളെ ദൃഷ്ടാന്തങ്ങളായി അവതരിപ്പിച്ച അല്ലാഹു ഓരോന്നിനും അതിന്‍റേതായ സവിശേഷതകള്‍ വെച്ചിട്ടുണ്ട്. രാത്രിയെ ഇരുള്‍ മുറ്റിയതാക്കി ശബ്ദകോലാഹലങ്ങളില്‍ നിന്ന് ഒഴിച്ച് നിര്‍ത്തിയത് മനുഷ്യന് വിശ്രമിക്കാന്‍ വേണ്ടിയാണ്. പകലിനെ പ്രകാശമുള്ളതാക്കിയത് പകലില്‍ അല്ലാഹുവിന്‍റെ അനുഗ്രഹം തേടി തൊഴില്‍ അന്വേഷിച്ചിറങ്ങാനാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. “”രാവിനെയും പകലിനെയും നാം രണ്ട് ദൃഷ്ടാന്തമാക്കിയിരിക്കുന്നു. രാവാകുന്ന ദൃഷ്ടാന്തത്തെ നാം മങ്ങിയതാക്കുകയും പകലാകുന്ന ദൃഷ്ടാന്തത്തെ നാം പ്രകാശം നല്‍കുന്നതാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ രക്ഷിതാവില്‍ നിന്നുള്ള അനുഗ്രഹം തേടുന്നതിനു വേണ്ടിയാണിത്” (17/12)
തൊഴിലെടുപ്പിക്കുന്ന കുബേരനായ മുതലാളിയെ മാത്രം വിശുദ്ധ വല്‍ക്കരിക്കുന്ന രീതി ഇസ്്ലാമിലില്ല. പണിയെടുക്കുന്ന തൊഴിലാളിക്കും സമാനമായ പരിഗണന ഇസ്്ലാം വകവെച്ചു നല്‍കുന്നു. പണിയെടുത്തവന് വിയര്‍പ്പുണങ്ങുന്നതിന് മുന്പ് വേതനം നല്‍കണമെന്ന് പഠിപ്പിച്ചതിലൂടെ പ്രവാചകന്‍ നീതിയുടെ പര്യായമായി പരിലസിക്കുകയാണ്. ഒരിക്കല്‍ മദീനാ പള്ളിയില്‍ യാചിച്ച് വന്ന ഒരു മനുഷ്യനു വേണ്ടി സ്വഹാബികളില്‍ നിന്ന് പ്രവാചകര്‍ പിരിവെടുത്തു. പിന്നീട് ആ പണം കൊണ്ട് പണിയായുധങ്ങള്‍ വാങ്ങി നല്‍കുകയും മാന്യമായ തൊഴില്‍ ചെയ്ത് ജീവിതം പുലര്‍ത്താന്‍ കല്‍പ്പിക്കുകയും ചെയ്തു. യാചിച്ചു വരുന്നവരെ വെറും കയ്യോടെ മടക്കി അയക്കരുതെന്ന് പറയുന്നതോടൊപ്പം തന്നെ ആരോഗ്യമുള്ളവര്‍ യാചിക്കരുതെന്നും മെയ്യനങ്ങി പണിയെടുത്ത് കുടുംബം പുലര്‍ത്തണമെന്നുമാണ് പ്രവാചകന്‍റെ മേല്‍നടപടി സൂചിപ്പിക്കുന്നത്.
തൊഴിലെടുത്ത പ്രവാചകര്‍
അല്ലാഹു മതപ്രബോധനത്തിനയച്ച പ്രാവചകന്മാര്‍ മാതൃകാ പുരുഷന്മാരായിരുന്നു അത് കൊണ്ട് തന്നെ മാലാഖമാരെ പോലെ മാനത്ത് ജീവിക്കുകയായിരുന്നില്ല അവര്‍. പകരം മനുഷ്യര്‍ക്കിടയില്‍ ഒരു മനുഷ്യനായി തന്നെ ജീവിച്ചു, ഭക്ഷണം കഴിച്ചു, അങ്ങാടിയിലൂടെ നടന്നു, മാന്യമായ തൊഴിലുകളെടുത്ത് ആഹാരം സന്പാദിച്ചു. വ്യത്യസ്ത തരം തൊഴിലുകളെടുത്ത പ്രവാചകന്മാരെ ഖുര്‍ആനില്‍ നിന്ന് നമുക്ക് വായിക്കാം.
പ്രഥമ മനുഷ്യനും പ്രാവചകനുമായ ആദം നബിക്ക് തന്നെ കൈതൊഴിലുകള്‍ വശമായിരുന്നു. ആദം നബി വസ്ത്രം നിര്‍മ്മിച്ചിരുന്നുവെന്നതിന് ഖുര്‍ആനില്‍ സൂചനയുണ്ട്.(20/121) കഅ്ബ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്ന പിതാവും പുത്രനുമായിരുന്ന ഇബ്രാഹീം (അ), ഇസ്്മായീല്‍ (അ) പ്രവാചകര്‍ക്ക് കെട്ടിട നിര്‍മ്മാണ രംഗത്ത് പരിചയമുണ്ടായിരുന്നു. (21/125) ദാവൂദ് നബി(അ) പടയങ്കി നിര്‍മ്മാണമറിയാമായിരുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നു. “”നിങ്ങള്‍ നേരിടുന്ന യുദ്ധ വിപത്തുകളില്‍ നിന്ന് നിങ്ങള്‍ക്ക് സംരക്ഷണം നല്‍കുവാനായി നിങ്ങള്‍ക്കു വേണ്ടി പടയങ്കിയുടെ നിര്‍മ്മാണവും അദ്ദേഹത്തെ നാം പഠിപ്പിച്ചു” (21/80) ഇരുന്പിനെ ഉരുക്കിയെടുക്കാനും അതുപയോഗിച്ച് ആയുധങ്ങളും മറ്റു ഉപകരണങ്ങളും നിര്‍മ്മിക്കാനും ദാവൂദ് നബിക്ക് പ്രത്യേക കഴിവ് നല്‍കിയെന്ന് ഖുര്‍ആന്‍ ഊന്നിപ്പറയുന്നു. (34/10) സ്വന്തം അണികള്‍ക്ക് യുദ്ധത്തിന് വേണ്ട പടയങ്കിയും, ആയുധങ്ങളും നബി നിര്‍മ്മിച്ചു.
ആശാരിപ്പണി അറിയുന്ന കരകൗശല വിദഗ്ദ്ധനായിരുന്നു നൂഹ് നബി (അ) (11/37) അല്ലാഹു നബിയോട് കപ്പലുണ്ടാക്കാന്‍ കല്‍പ്പിച്ചു. നൂഹ് നബി നാഥന്‍റെ കല്‍പ്പനപ്രകാരം കപ്പലുണ്ടാക്കുകയും ചെയ്തു. (23/27) ആടിനെ മേയ്ക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന മൂസാ നബി(അ) കയ്യിലെന്താണെന്ന ചോദ്യത്തിന് വടിയാണെന്നും എന്‍റെ ആടുകള്‍ക്ക് ഇല അടിച്ചു വീഴ്ത്തികൊടുക്കാന്‍ വേണ്ടിയുള്ളതാണെന്നുമായിരുന്നു മറുപടി. (20/18) തങ്ങളുടെ ആളുകള്‍ക്ക് വേണ്ടി ഈജിപ്തില്‍ വീടുകള്‍ സൗകര്യപ്പെടുത്തി കൊടുക്കാന്‍ മൂസാ, ഹാറൂന്‍(അ) നബിമാരോട് അല്ലാഹു കല്‍പ്പിച്ചു. (10/87) ശുഐബ് നബി(അ) തന്‍റെ മകളെ മൂസാ നബിക്ക് വിവാഹം ചെയ്തു കൊടുത്തത് എട്ടുവര്‍ഷം തന്‍റെ കൂലിക്കാരനായി നില്‍ക്കണമെന്ന നിബന്ധന വെച്ച ശേഷമായിരുന്നു. (28/27) മൂസാ നബി(അ)യും തൊഴിലെടുത്ത് ജീവിച്ചു എന്നാണ് ഇത് സൂചിപ്പിച്ചത്. യൂസുഫ് നബി (അ) പാറാവുകാരനായി ജോലി ചെയ്തിരുന്നുവെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. (12/55) അന്ത്യപ്രവാചകര്‍ (സ്വ) കച്ചവടവും ആടുമേയ്ക്കലും ഈത്തപ്പനത്തോട്ടത്തിലെ പണിയുമെല്ലാം ചെയ്തിരുന്നു. പ്രവാചക നിയോഗത്തിനു മുന്പ് തന്നെ ഖദീജ(റ) കച്ചവട സംഘത്തിന്‍റെ കടിഞ്ഞാണ്‍ പിടിച്ചു കൊണ്ട് പ്രവാചകന്‍ തന്‍റെ വ്യാപാര പാടവം തെളിയിച്ചു. പ്രവാചകരുടെ നേതൃത്വത്തില്‍ യാത്ര പോയകച്ചവട സംഘങ്ങളെല്ലാം വലിയ ലാഭവുമായിട്ടായിരുന്നു തിരിച്ചു വന്നിരുന്നത്.
ഒരിക്കല്‍ തന്‍റെ പേരമക്കളായ ഹസനും, ഹുസൈനും(റ) വിശന്നു കരയുന്നത് കണ്ട് പ്രവാചകര്‍ മദീനയിലെ ഒരു ഗ്രാമീണനായ അറബിയുടെ ഈത്തപ്പനത്തോട്ടത്തില്‍ പണിയന്വേഷിച്ചു പോയി. പന നനച്ചു കൊടുത്ത് പകരം കൂലിയായി ഏതാനും ഈത്തപ്പഴങ്ങള്‍ വാങ്ങിയെന്നും അവസാനം ബക്കറ്റ് പൊട്ടി കിണറ്റില്‍ വീണതിനാല്‍ ബദവി തന്‍റെ പരുത്ത കരം കൊണ്ട് പ്രാവചകന്‍റെ മുഖത്തേക്ക് ആഞ്ഞടിച്ചുവെന്നും ചരിത്രത്തിലുണ്ട് (ഹികാത്തുല്‍ ഖല്‍യൂബി) പക്ഷെ, പ്രവാചകര്‍ തിരിച്ച് പുഞ്ചിരി മാത്രം നല്‍കി ബദവിയെ അത്ഭുതപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *