കഴിഞ്ഞ അറുപത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സമൂഹത്തില്‍ സ്വന്തമായൊരിടം സൃഷ്ടിച്ചെടുത്ത സമസ്ത കേരള സുന്നീ യുവജന സംഘം അറുപതാം വാര്‍ഷികത്തിന്‍റെ നിറവിലാണ്. സമ്മേളനത്തിന്‍റെ തിരക്കുകള്‍ക്കിടയില്‍ സംസ്ഥാന സെക്രട്ടറിമാരിലൊരാളായ സി പി സൈതലവി മാസ്റ്ററുമായി നടത്തിയ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍
? 1954 ല്‍ താനൂരില്‍ വെച്ച് രൂപീകൃതമായ പ്രസ്ഥാനമാണല്ലോ എസ് വൈ എസ്. രൂപീകരണത്തിന്‍റെ ചരിത്ര പശ്ചാത്തലം എന്തായിരുന്നു?
അക്കാലങ്ങളിലൊക്കെ വാര്‍ഷിക സമ്മേളനങ്ങളോടനുബന്ധിച്ചായിരുന്നു സമസ്ത മുശാവറ നടന്നിരുന്നത്. പല സമ്മേളനങ്ങളും പ്രത്യേകം വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ വേണ്ടിയായിരുന്നു സമ്മേളിച്ചിരുന്നത്. അങ്ങനെയിരിക്കെ 1954ല്‍ താനൂരില്‍ വെച്ച് നടന്ന സമസ്തയുടെ ഇരുപതാം വാര്‍ഷികത്തിലാണ് സുന്നികള്‍ക്കൊരു യുവജന പ്രസ്ഥാനം എന്ന ആശയം ഉയര്‍ന്നു വന്നത്. താനൂര്‍ ഇസ്ലാഹുല്‍ ഉലൂം മദ്റസയുടെ ഇടുങ്ങിയ റൂമില്‍ അതിന്‍റെ പ്രഥമ ചര്‍ച്ച നടക്കുകയും തെന്നിന്ത്യന്‍ മുഫ്തി മര്‍ഹൂം ശൈഖ് ആദം ഹസ്റത്തിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന വാര്‍ഷിക സമ്മേളനത്തിലെ പ്രാസംഗികര്‍ ഈ ആവശ്യം സൂചിപ്പിക്കുകയും ചെയ്തു. മര്‍ഹൂം പറവണ്ണ മുഹ്യിദ്ദീന്‍ കുട്ടി മുസ്ലിയാര്‍, പതി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ എന്നിവരാണ് മുഖ്യമായും ഇതിനായി ശബ്ദിച്ചത്. അടുത്ത ദിവസം കോഴിക്കോട് അന്‍സാറുല്‍ മുസ്ലിമീന്‍ ഓഫീസില്‍ വെച്ച് ചേര്‍ന്ന ലഘു കണ്‍വെന്‍ഷനില്‍ വെച്ച് അതിന് രൂപം നല്‍കുകയും ചെയതു. കാര്യവട്ടം സമ്മേളനത്തില്‍ സമസ്ത പാസാക്കിയ ആമില സംഘം എന്ന ആശയത്തിന്‍റെ പൂര്‍ത്തീകരണമായിരുന്നു എസ് വൈ എസിന്‍റെ രൂപീകരണത്തിലൂടെ സാധ്യമായത്. മര്‍ഹൂം ബി. കുട്ടി ഹസന്‍ ഹാജി പ്രസിഡണ്ടും മാര്‍ത്തോട്ടം കെ എം മുഹമ്മദ് കോയ സെക്രട്ടറിയുമായി സംഘടന രൂപം കൊണ്ടു. ഇത്തരമൊരു ചര്‍ച്ച തുടക്കമിട്ടതില്‍ എം എ ഉസ്താദിന് നിര്‍ണ്ണായകമായ പങ്കുണ്ട്.
? സംഘടനയുടെ പ്രാരംഭ ഘട്ടം എങ്ങിനെയായിരുന്നു?
1959 വരെ സംഘടനയുടെ ബാലദശയായിരുന്നു. 1959ല്‍ പ്രസിദ്ധ വാഗ്മിയും സംഘാടകനുമായ മര്‍ഹൂം പൂന്താവനം അബ്ദുല്ല മുസ്ലിയാര്‍ പ്രസിഡണ്ടായ മുതലാണ് എസ് വൈ എസ് പ്രസിദ്ധിയാര്‍ജിക്കുന്നത്. 1961ല്‍ കക്കാട് വെച്ച് ചേര്‍ന്ന സമസ്തയുടെ വാര്‍ഷികത്തില്‍ സമസ്തയുടെ തീരുമാനങ്ങള്‍ പൊതു ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള മാധ്യമമായി എസ് വൈ എസിന് അംഗീകാരം നല്‍കി.
? ആദ്യ കാലത്ത് എതിര്‍പ്പുകളുണ്ടായിരുന്നോ?
തീര്‍ച്ചയായും രണ്ട് രീതിയിലുള്ള എതിര്‍പ്പുകളുണ്ടായിട്ടുണ്ട്. സ്ഫടിക ഹൃദയരായ സുമനസ്സുകളുടെ ശുദ്ധ മനസ്സുകളില്‍ നിന്നുണ്ടായ ആശങ്കയായിരുന്നു ഒന്ന്. രാഷ്ട്രീയക്കാരും സുന്നീ ഇതരരും പടച്ചുവിട്ട എതിര്‍പ്പുകളായിരുന്നു മറ്റൊന്ന്. സമസ്ത ഒരു ഉലമാ സംഘടനയാണ്. അക്കാലത്തെ യുവത മൊത്തത്തില്‍ സാസ്കാരികമായി ഏറെ പിന്നാക്കം നില്‍ക്കുന്നവരും വേഷത്തിലും സംസ്കാരത്തിലും കര്‍മ്മങ്ങളിലും മതത്തില്‍ നിന്ന് ഏറെ അകന്ന് കഴിയുന്നവരുമായിരുന്നു. അവരെ ഒരുമിച്ചു കൂട്ടി ഒരു സംഘടനയുണ്ടാക്കി സമസ്ത അംഗീകാരം കൊടുത്താല്‍ ശര്‍ഇന് വിരുദ്ധമായ പലതും സമസ്തക്ക് അംഗീകരിക്കേണ്ടി വരും എന്ന ആശങ്കയായിരുന്നു ചില ഉലമാക്കള്‍ക്ക്. കുട്ടി ഹസനാജിയെപ്പോലുള്ളവര്‍ ഈ ആശങ്കക്ക് പരിഹാരം നിര്‍ദേശിക്കുകയും ഇത്തരക്കാരെ മാറ്റിയെടുക്കേണ്ടത് നമ്മുടെ ബാധ്യതയാണല്ലോ, അതിനുള്ള പൊതു വേദിയായി നമുക്ക് എസ് വൈ എസിനെ ഉപയോഗപ്പെടുത്താം എന്ന അഭിപ്രായം ഉന്നയിക്കുകയും ചെയ്തു. ഈ അഭിപ്രായത്തെ എല്ലാവരും അംഗീകരിക്കുകയായിരുന്നു.
സമസ്തക്കൊരു ബഹുജന സംഘടനയുണ്ടായാല്‍ രാഷ്ട്രീയക്കാര്‍ക്ക് തലവേദനയാവും എന്ന ആശങ്കയില്‍ നിന്ന് അതിനെ എതിര്‍ക്കുകയും സംശയത്തോടെ വീക്ഷിക്കുകയും ചെയ്തവരായിരുന്നു മറ്റുചിലര്‍. 1960ല്‍ “സുന്നീ യുവജന സംഘം നില കൊള്ളുന്നതെന്തിന്’ എന്ന ശീര്‍ഷകത്തില്‍ എം എ ഉസ്താദ് എഴുതിയ ലഘുലേഖ എല്ലാ ആശങ്കകള്‍ക്കും മറുപടി നല്‍കുന്നതായിരുന്നു.
? സംഘടന ഇന്ന് അറുപത് പിന്നിട്ടിരിക്കുകയാണല്ലോ. എന്തൊക്കെയാണ് ഇക്കാലത്തിനിടയില്‍ എടുത്തുപറയേണ്ട നാഴികക്കല്ലുകള്‍?
ഇ കെ ഹസന്‍ മുസ്ലിയാര്‍, നൂറുല്‍ ഉലമാ എം എ ഉസ്താദ്, കാന്തപുരം ഉസ്താദ് തുടങ്ങിയവരുടെ ഭാഗത്തു നിന്നുണ്ടായ നേതൃപരമായ ഇടപെടലുകള്‍ സംഘടനയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായിരുന്നു. രൂപീകരണ കാലത്ത് സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത ഒരു വലിയ പ്രസ്ഥാനമായി സംഘടനയെ മാറ്റുന്നതില്‍ ഈ ത്രിമൂര്‍ത്തികള്‍ക്ക് വലിയ പങ്കുണ്ട്.
ഇ കെ ഹസന്‍ മുസ്ലിയാര്‍ സംഘടനയുടെ പ്രസിഡണ്ടും എ പി ഉസ്താദ് സെക്രട്ടറിയുമായ കാലത്താണ് സംഘടന കുതിച്ചു ചാട്ടം നടത്തുന്നത്. ശൈഖുനാ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍ അനുഗ്രഹാശിരസ്സുകളോടെ സംഘടനയുടെ നേതൃത്വം കാന്തപുരത്തിനു കൈമാറുന്പോള്‍ അഞ്ചു രൂപ മാത്രമായിരുന്നു ആസ്ഥി. നൂറില്‍ താഴെ യൂണിറ്റുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്നത് ആറായിരം യൂണിറ്റുകള്‍ കേരളത്തിലും ആയിരത്തി ഇരുന്നൂറില്‍ പരം യൂണിറ്റുകള്‍ വിദേശത്തും എന്ന രീതിയില്‍ പടര്‍ന്നു പന്തലിച്ചു. കൂടാതെ ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും ഇന്ന് സംഘടനക്ക് വേരോട്ടമുണ്ട്. താലൂക്കടിസ്ഥാനത്തിലും യൂണിറ്റടിസ്ഥാനത്തിലും കേരളത്തില്‍ അങ്ങോളമിങ്ങോളമോടി നടന്ന് സംഘടനയുണ്ടാക്കുന്നതില്‍ ഇ കെ ഹസന്‍ മുസ്ലിയാര്‍ കാണിച്ച ആത്മാര്‍ത്ഥത പ്രത്യേകം സ്മരണീയമാണ്. എം എ ഉസ്താദും എപി ഉസ്താദും നേതൃത്വം നല്‍കിയ തൊണ്ണൂറുകളിലും സംഘടന കൂടുതല്‍ കാര്യക്ഷമമായി. വ്യക്തമായ നയ നിലപാടുകളും പദ്ധതികളും അവതരിപ്പിച്ചുകൊണ്ട് സമസ്തയുടെ ഊന്നുവടിയായി നില നില്‍ക്കാന്‍ സംഘടനക്ക് കഴിഞ്ഞു. എം എ ഉസ്താദിന്‍റെ ധിഷണ സംഘടനക്ക് ഉപയോഗപ്പെട്ടത് ഇവിടെ പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്.
? എടുത്തു പറയേണ്ട സമ്മേളനങ്ങള്‍?
മലപ്പുറത്ത് വെച്ച് നടന്ന നാല്‍പതാം വാര്‍ഷിക സമ്മേളനം ശ്രദ്ധേയമായ പരിപാടിയായിരുന്നു. എസ് വൈ എസിന് കൂടുതല്‍ ജനകീയമായ മുഖം ഉണ്ടാവുന്നതില്‍ ഈ സമ്മേളനത്തിന് വലിയ പങ്കുണ്ട്. നാല്‍പത് പെണ്‍കുട്ടികളെ സമ്മേളനത്തിന്‍റെ ഭാഗമായി കല്ല്യാണം ചെയ്തു കൊടുത്തു. എല്ലാ ജില്ലകളിലും ഇത്തരത്തില്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളാരംഭിച്ചു. ഭിന്നിപ്പിനു ശേഷമുള്ള സമ്മേളനമെന്ന നിലയില്‍ വന്‍ ജന ബാഹുല്ല്യമായിരുന്നു അവിടെയെത്തിയത്. മലപ്പുറം ഹാജിയാര്‍ പള്ളി പാടത്തായിരുന്നു വേദി.
ശേഷം നടന്നത് അന്പതാം വാര്‍ഷിക സമ്മേളനമായിരുന്നു. കോഴിക്കോട് കടപ്പുറം ഇളക്കി മറിച്ച ഗോള്‍ഡന്‍ ജൂബിലി നമുക്കാര്‍ക്കും മറക്കാനാവാത്തതാണ്. മസ്ജിദുല്‍ ഹറമിലെ മുദരിസായിരുന്ന സയ്യിദ് മാലികി അവസാനമായി കേരളത്തില്‍ വന്നത് ഈ സമ്മേളനത്തിനായിരുന്നു. കൂടുതല്‍ ശാസ്ത്രീയമായ സംവിധാനങ്ങളോടെയായിരുന്നു സമ്മേളനത്തിന്‍റെ ഘടന.കന്പ്യൂട്ടര്‍ ഇത്രത്തോളം വ്യാപകമാവാത്ത അക്കാലത്തു തന്നെ സമ്മേളന നടപടികളും രേഖകളും സന്പൂര്‍ണമായി കന്പ്യൂട്ടര്‍ വല്‍ക്കരിച്ചിരുന്നു. പതിനായിരം പേര്‍ക്കാണ് സ്ഥിര പ്രതിനിധികളായി അവസരം നല്‍കിയത്. എന്നാല്‍ ജന ബാഹുല്ല്യം കാരണം സമ്മേളനം തുടങ്ങിയപ്പോഴേക്ക് രജിസ്ട്രേഷന്‍ നിര്‍ത്തിവെക്കേണ്ടി വന്നു.
? ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് എസ് വൈ എസ് കൂടുതല്‍ സജീവമാണല്ലോ?
മുന്പു തന്നെ എസ് വൈ എസിന്‍റെ ലക്ഷ്യങ്ങളിലൊന്നാണ് ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍. നാല്‍പതാം വാര്‍ഷികത്തില്‍ നാം കണ്ടത് അതാണ്. എന്നാല്‍ കാലത്തിന്‍റെ പുരോഗതിക്കനുസരിച്ച് ഇന്ന് കൂടുതല്‍ പണം ചെലവാക്കി സേവന രംഗത്ത് നിറഞ്ഞു നില്‍ക്കാന്‍ നമുക്കാവുന്നുണ്ട്. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാനായി സാന്ത്വനം എന്ന പേരില്‍ ഒരു പ്രത്യേക വിഭാഗം തന്നെ നാം രൂപീകരിച്ചു. ആയിരം സാന്ത്വന കേന്ദ്രങ്ങള്‍ തുടങ്ങുകയെന്നായിരുന്നു പ്രാഥമിക ലക്ഷ്യം. എന്നാലിന്നത് രണ്ടായിരത്തോളമായി. ഓരോ കേന്ദ്രങ്ങളിലും ജാതി, മത സംഘടന സങ്കുചിത്വങ്ങളില്ലാതെ രോഗികള്‍ക്ക് വിവിധ സഹായങ്ങള്‍ നല്‍കി വരുന്നു. അറുപതാം വാര്‍ഷിക ഉപഹാരമെന്ന നിലയില്‍ തിരുവനന്തപും റീജിയണല്‍ കാന്‍സര്‍ സെന്‍ററിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുമെത്തുന്ന രോഗികള്‍ക്ക് ഒരഭയ കേന്ദ്രം എന്ന നിലയില്‍ പതിനഞ്ച് കോടി രൂപ ചെലവില്‍ സാന്ത്വന കേന്ദ്രം പണി ആരംഭിച്ചിരിക്കുകയാണ്. ക്യാന്പിന്‍റെ സംസ്ഥാന ഘടകമായിട്ടാണ് ആര്‍ സി സി സാന്ത്വന കേന്ദ്രം പ്രവര്‍ത്തിക്കുക.
സാന്ത്വനത്തിന്‍റെ കീഴില്‍ നടക്കുന്ന ശ്രദ്ധേയമായ പദ്ധതിയാണ് പാവപ്പെട്ട രോഗികള്‍ക്കുള്ള മെഡിക്കല്‍ കാര്‍ഡ് സംവിധാനം. പതിനായിരം, അയ്യായിരം രൂപകളുടെ കാര്‍ഡുകളാണ് വിതരണം ചെയ്യുന്നത്. കാര്‍ഡ് ലഭിക്കാന്‍ രോഗി അപേക്ഷിക്കേണ്ടതില്ല. സംഘടനാ തലത്തില്‍ നിന്ന് ആവശ്യപ്പെടുന്ന അര്‍ഹരായവര്‍ക്ക് കാര്‍ഡ് നല്‍കപ്പെടുന്നു. തൊട്ടടുത്ത മെഡിക്കല്‍ ഷോപ്പില്‍ നിന്ന് സൗജന്യമായി മരുന്ന് വാങ്ങാന്‍ ഇതുവഴി സാധിക്കും. അറുപതാം വാര്‍ഷികത്തിന്‍റെ ഭാഗമായി അറുപത് ദരിദ്രര്‍ക്ക് ഭവനം നിര്‍മിച്ചു കൊടുക്കുന്ന ദാറുല്‍ ഖൈര്‍ പദ്ധതിയും പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രകളില്‍ നിന്നായി അറുപത് വാര്‍ഡുകള്‍ സംഘടന ഏറ്റെടുത്ത് പരിചരിച്ചു വരുന്നു.
? ക്യാന്പ് എന്നതുകൊണ്ടെന്താണുദ്ദേശിക്കുന്നത്?
എസ് വൈ എസ് പുതുതായി ആവിഷ്കരിച്ച ഒരു സന്നദ്ധ സംഘമാണ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് മുസ്ലിം പ്രൊഫഷണല്‍സ്(ക്യാന്പ്) ആദര്‍ശ ബന്ധുക്കളായ ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അഡ്വക്കറ്റ്സ്, ടീച്ചേര്‍സ് തുടങ്ങ വിവിധ പ്രൊഫഷണുകളിലായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് സന്നദ്ധ ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കനാവശ്യമായ ഒരു വേദിയാണിത്. മെന്പര്‍മാരുടെ എണ്ണത്തിനനുസരിച്ച് പ്രാദേശികമായി തിരിച്ചാണ് ഇതിന് യൂണിറ്റുകളുണ്ടാക്കുന്നത്. ജില്ലയിലെ ഒരു കേന്ദ്രത്തില്‍ നിന്ന് ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കപ്പെടുന്നു.
? അറുപതാം വാര്‍ഷിക സമ്മേളനത്തെ കുറിച്ച് എന്തു പറയുന്നു?
എല്ലാ അര്‍ത്ഥത്തിലും സംഘടന ശക്തി സംഭരിച്ചു നില്‍ക്കുന്ന വേളയിലാണ് അറുപതാം വാര്‍ഷികം അരങ്ങേറുന്നത്. മലപ്പുറം കോട്ടക്കലിനടുത്ത് എടരിക്കോട് വിശാലമായ വയലിലാണ് സമ്മേളനം നടക്കുന്നത്. ഇരുപത്തിയയ്യായിരം സ്ഥിരം പ്രതിനിധികള്‍ സമ്മേളനത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. സമാപന സംഗമത്തില്‍ ലക്ഷക്കണക്കിന് യുവ ജനങ്ങള്‍ പങ്കെടുക്കും. ഒരേ സമയം വ്യത്യസ്ഥ വേദികളിലായി തൊഴിലാളി സമ്മേളനം, വിദ്യാര്‍ത്ഥി സമ്മേളനം, പ്രവാസി സമ്മേളനം, മത്സ്യത്തൊഴിലാളി സമ്മേളനം, കര്‍ഷക സമ്മേളനം, വ്യാപാരി സമ്മേളനം, പ്രൊഫഷണല്‍ സമ്മേളനം തുടങ്ങിയ വ്യത്യസ്ഥ സമ്മേളനങ്ങള്‍ നഗരിയില്‍ അരങ്ങേറും.
? സമ്മേളനത്തിന്‍റെ പ്രമേയം എത്രമാത്രം പ്രസക്തമാണ്?
സമര്‍പ്പിത യൗവ്വനം സാര്‍ഥക മുന്നേറ്റം എന്നാണ് പ്രമേയം. വര്‍ത്തമാന കാലത്ത് പ്രധാനമായും ചര്‍ച്ച ചെയ്യേണ്ട വിഷയമാണിതെന്നതില്‍ തര്‍ക്കമില്ല. അത്യാധുനിക സാങ്കേതിക വിദ്യയുടെ അതിപ്രസരവും ന്യൂ ജനറേഷന്‍ സംസ്കാരത്തിന്‍റെ സ്വാധീനവും കാരണം നമ്മുടെ യുവത സാംസ്കാരികവും മതപരവുമായി നശിച്ചു കൊണ്ടിരിക്കുകയാണ്. സ്വാര്‍ത്ഥതയുടെ കെട്ടിപ്പൊക്കിയ മറയില്‍ അഭിരമിച്ച് എല്ലാവരും സ്വന്തത്തിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. അരാഷ്ട്രീയതയും അരാചകത്വവുമാണ് യുവാക്കളില്‍ നിന്ന് ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്നത്. ഈയൊരു സാഹചര്യത്തിലാണ് സംഘടന യുവാക്കള്‍ക്ക് സഹാനുഭൂതിയും സമര്‍പ്പണവും പഠിപ്പിക്കുന്നത്.
? വളര്‍ന്നു വരുന്ന പ്രവര്‍ത്തകരോട് എന്താണ് പറയാനുള്ളത്?
സംഘടനക്ക് വ്യക്തമായ ചാനലുണ്ട്. അത് ലംഘിച്ചു കൊണ്ട് മുന്നോട്ട് പോവുന്നത് ഭൂഷണമല്ല. സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ ഓരോ ഘട്ടത്തിലും അവസരങ്ങളുണ്ട്. പക്ഷെ തീരുമാനം വന്നാല്‍ പിന്നെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക് പ്രസക്തിയില്ല. പൊതുവില്‍ സംഘടനക്കും മതത്തിനും സമൂഹത്തിനും ഉപകാരപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ നാമോരോരുത്തരും ആത്മാര്‍ത്ഥമായി രംഗത്തിറങ്ങേണ്ടിയിരിക്കുന്നു.
Can I simply say what a relief to find someone actually knows is aware of what theyre talking about on the internet. You positively know the right way to how you can make it important.