സന്താന ഭാഗ്യം അല്ലാഹു നല്കുന്ന അപാരമായ അനുഗ്രഹമാണ്. വര്‍ഷങ്ങളോളം കാത്തിരുന്നിട്ടും ഒരു കുഞ്ഞു കാല് കാണാന്‍ വിധിയില്ലാത്തവര്‍ ഇന്നും സമൂഹത്തില്‍ ധാരാളമുണ്ട്. സന്താന സൗഭാഗ്യത്തിന് വര്‍ഷങ്ങളോളം ക്ഷമയോടെ കരഞ്ഞു പ്രാര്‍ത്ഥിച്ച ഇബ്രാഹീം നബി(അ)യുടെ ചരിത്രം സന്താന സൗഭാഗ്യത്തിന്റെ മഹത്വത്തെ വിളിച്ചോതുന്നു. എന്നാല്‍, നാഥന് കനിഞ്ഞ് നല്കുന്ന സന്താനങ്ങളെ സദ്ഗുണ സമ്പന്നരാക്കി വളര്‍ത്തുന്നതില്‍ രക്ഷിതാക്കള്‍ പലപ്പോഴും പരാജയപെടുകയാണ്. മക്കളുടെ മേല്‍ രക്ഷിതാക്കള്‍ക്കുള്ള ഉത്തരവാദിത്വത്തെ കുറിച്ചുള്ള അജ്ഞതയാണ് ഇതിന്റെ കാരണം. അവരില്‍ നിന്ന് കുട്ടികള്‍ അനുഭവിക്കുന്ന പെരുമാറ്റദൂഷ്യവും ഇതിനെ സാരമായി ബാധിക്കുന്നുണ്ട്. കുട്ടികളുടെ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തി തെറ്റ് കണ്ടാല്‍ സദുപദേശിക്കുന്നതിലുപരി ആക്ഷേപങ്ങളെകൊണ്ട് പിന്തിരിപ്പിക്കാനുള്ള രക്ഷിതാക്കളുടെ ശ്രമം സന്താന പരിപാലനത്തിലെ മാരകമായ വീഴ്ചയാണ്. പിറന്നത് ആണാണെങ്കില്‍ എങ്ങിനെയെങ്കിലും അവനെ പണമുണ്ടാക്കാന്‍ പഠിപ്പിക്കണം. പെണ് കുഞ്ഞാണെങ്കില്‍ പെട്ടെന്ന് ആരെയെങ്കലും കയ്യില്‍ ഏല്പ്പിച്ചയക്കണമെന്നാണ് ഭൂരിപക്ഷം രക്ഷിതാക്കളുടെയും ചിന്ത. ആളിക്കത്തുന്ന നരകാഗ്നിയില്‍ നിന്ന് നിന്റെ സ്വന്തം ശരീരത്തെയും നിന്റെ കുടുംബാംഗങ്ങളേയും രക്ഷിച്ചേ പറ്റൂഎന്ന ഖുര്‍ആനിന്റെ ആജ്ഞ കുടുംബ ജീവിതത്തിന്റെ പ്രാമുഖ്യം വിളിച്ചറിയിക്കുന്നു. നബി(സ) പറഞ്ഞു., എല്ലാ കുട്ടികളും പിറന്നു വീഴുന്നത് സന്മാര്ഗം സ്വീകരിക്കാവുന്ന പക്വതയിലാണ്. തന്റെ മാതാപിതാക്കളാണ് പിന്നീടവനെ ജൂതനോ ക്രിസ്ത്യാനിയോ അഗ്നിയാരാധകനോ ആക്കുന്നത്. കുട്ടികളുടെ വിജയ പരജയ നിര്‍ണയത്തില്‍ രക്ഷിതാക്കളുടെ പൂര്‍ണ സ്വാധീനമുണ്ടെന്നര്ത്ഥം.
നമ്മുടെ സന്തതികള്‍ ഭാവി വാഗ്ദാനങ്ങളെന്ന പോലെ പരലോകത്തേക്കുള്ള സൂക്ഷിപ്പുസ്വത്തുകൂടെയാണ്. ഇളം ബാല്യങ്ങളുടെ സമ്പൂര്‍ണ ചിത്രം നാം മനസ്സില്‍ കുറിച്ചിടണം. ചീത്ത സ്വഭാവങ്ങളുണ്ടെങ്കില്‍ പടിപടിയായി മാറ്റിയെടുക്കണം. ഖുര്‍ആനും നബി(സ)തങ്ങളുടെ പാഠങ്ങളും മഹത്തുക്കളുടെ സൂക്ഷ്മ ജീവിതവും അവന്റെ ജീവിതശൈലിയാക്കിയെടുക്കണം. സ്വന്തം കാല്പാടുകള് അവര്‍ പിന്തുടരുണ്ടെന്ന ഉത്തമ ബോധത്തോടെ സ്വജീവിതം ചിട്ടപ്പെടുത്തണം. മത ഭക്തരും വിദ്യാസമ്പന്നരും സംസ്കാരമുള്ളവരുമായി വളരാനുള്ള മാര്‍ഗങ്ങളും സ്വീകരിക്കണം. ഇല്ലെങ്കില്‍ അറ്റമില്ലാതെ ഖേദിക്കേണ്ടിവരും.
എന്റെ മകന് എന്നെ വല്ലാതെ മര്‍ദിക്കുന്നു.’ എന്ന വൃദ്ധന്റെ പരാതി കേട്ട ഉമര്‍(റ) മകനെ വിളിച്ച് കാര്യമന്വേഷിച്ചു. കുറ്റം സമ്മതിച്ച് അവന് ചോദിച്ചു. മഹാനരേ, പിതാക്കള്‍ക്ക് മക്കളോടുള്ള ബാധ്യതകള്‍ എന്തെല്ലാമാണ്. ഉമര്‍(റ) പ്രതിവചിച്ചു. “സന്താന നന്മക്കായി വിവാഹം കഴിക്കുമ്പോള്‍ സച്ചരിതരെ തെരഞ്ഞെടുക്കണം. തന്റെ മകന് നല്ല പേരിടണം.” ഇതു കേട്ട ചെറുപ്പക്കാരന് പ്രതിവചിച്ചു. എന്റെ പിതാവ് വിവാഹം കഴിച്ചത് സാംസ്്കാരികമായി മോശപ്പെട്ടവളെയാണ്. എനിക്കിട്ട പേര് ജുഉല്(മലത്തിലെ വണ്ട്) എന്നാണ്. ഇതു കാരണം കൂട്ടുകാരെന്റെ പേരു വിളിച്ച് പരിഹസിക്കുകയാണ്. ഇതു കേട്ട് ഖലീഫ പറഞ്ഞു. പിതാവ് ചെയ്തതു തെറ്റു തന്നെ. ഇക്കാരണത്താല്‍ നീ പിതാവിനെ അടിക്കുകയാണോ? വീണ്ടും ചെറുപ്പക്കാരന് ചോദിച്ചു: ഇനി വല്ല ബാധ്യതകളുമുണ്ടോ? അപ്പോള്‍ ഉമര്‍(റ) പറഞ്ഞു: വകതിരിവെത്തിയാല്‍ മകന് നല്ല സംസ്കാരവും വിദ്യാഭ്യാസവും നല്‍കണം. ഉടന്‍ ആ ചെറുപ്പക്കാരന് ഖലീഫയെ നോക്കിപ്പറഞ്ഞു: എന്റെ പിതാവൊരു കര്‍ഷകനാണ്. നിരവധി ആടുമാടുകളുണ്ട് അദ്ദേഹത്തിന് നേരം വെളുത്താല്‍ ഒരു വടിയും കയ്യില്‍ തന്ന് എന്നെ വിടുകയാണ് പതിവ്. ചെറുപ്പം മുതല്‍ എന്റെ ജോലിയതാണ്. എനിക്ക് യാതൊരു വിദ്യാഭ്യാസവും ലഭിച്ചിട്ടില്ല. ഇത് കേട്ട ഉമര്‍(റ) ആ പിതാവിനോട് പറഞ്ഞു: നിന്റെ മകനെ ശൈശവത്തില്‍ മൃഗങ്ങളെ തല്ലാന്‍ മാത്രമാണ് നീ പഠിപ്പിച്ചത്. അവന് നീ സംസ്കാരം പഠിപ്പിച്ചില്ല. അതുകൊണ്ട് മനുഷ്യാ.., നാമും മൃഗവും തമ്മിലുള്ള വ്യത്യാസവും അവനറിയില്ല. എന്നിട്ടിപ്പോള്‍ നീ എന്നോട് പരാതി പറയുകാണോ..? അവന്റെ മേല്‍ യാതൊരപരാധവും ഞാന്‍ കാണുന്നില്ല. അവന് ശിക്ഷക്കര്ഹനുമല്ല. ഇതു പോലെ വഞ്ചനക്കിരയായ പിഞ്ചു പൈതങ്ങള് ഇന്നും സമൂഹത്തില്‍ ധാരാളമുണ്ട്.
അശ്ലീലതകള്‍ക്കും ധൂര്ത്തിനുമിടയില് വളര്‍ന്നു വരുന്ന മക്കള്‍ക്ക് മാതൃ-പിതൃ ബന്ധവും ഗുരു ബഹുമാനവും അന്യമായതാണിതിന് കാരണം. ഒരു കുട്ടിയുടെ പ്രാഥമിക വിദ്യാലയമായ ഗൃഹാന്തരീക്ഷമാണ് അവര്‍ക്ക് ഈ സ്ഥിതി വരുത്തിത്തീര്‍ക്കുന്നത്. വല്ലപ്പോഴും നാട്ടിലെത്തുന്ന പിതാവിനെ തന്റെ കുട്ടിയുടെ പഠനത്തിലും സാംസ്കാരിക മേന്മയിലും വന്ന വളര്‍ച്ചയെക്കുറിച്ച് യാതൊരറിവുമില്ല. അതിരറ്റ ലാളനക്ക് പാത്രമാക്കുകയാണവനെ. കൈ നിറയെ കളിപ്പാട്ടങ്ങളും പുത്തന്‍ പരിഷ്കൃത വസ്ത്രങ്ങളും ഏത് വൃത്തികേടുകളും കാണാനും കേള്‍ക്കാനും സൗകര്യമുള്ള മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകളുമാണ് ചില രക്ഷിതാക്കള്സമ്മാനിക്കുന്നത്. കൂടെ കേബിള്‍-ഇന്റെര്‍നെറ്റ് സൗകര്യവും ചെയ്ത് കൊടുക്കുന്നു. എന്നാല്‍ ഇങ്ങനെ വളര്‍ന്നു വന്ന കുട്ടികള്‍ക്ക് ആധുനിക സാങ്കേതിക വിദ്യയെകുറിച്ച് അജ്ഞരാണ് താനും. ക്രമേണ ഇങ്ങനെ വളരുന്ന കുട്ടികള്‍ സിനിമയോടും, സ്പോട്സിനോടും കൂട്ടുകൂടി സമൂഹത്തിന്റെ ചോദ്യചിഹ്നങ്ങളായി മാറുന്നു. അപകടകരമായ കൂട്ടുകെട്ടിലകപ്പെട്ട് കള്ളുകുടിയിലും പെണ്ണ് പിടിയിലും ചെന്നകപ്പെടുന്നു. ഈ രൂപത്തിലുള്ള വേണ്ടാവേലികള് രക്ഷിതാക്കള്‍ സ്യഷ്ടിച്ച് വെക്കരുത്.
ഒരു നല്ലരക്ഷിതാവിന്റെ ഗുണം ആവശ്യാനുസൃതം ഗുണദോഷിക്കുകയും ആവശ്യമായ പരിഗണനയും സ്വാതന്ത്ര്യവും നല്കി സ്നേഹത്തിലൂടെ കുട്ടികളെ വളര്‍ത്തലാണ് എന്ന ബോധം എല്ലാ രക്ഷിതാക്കള്‍ക്കും ഉണ്ടാകേണ്ടതുണ്ട്.