2016 march april കാലികം വായന സമകാലികം സംസ്കാരം സാമൂഹികം

സൗന്ദര്യലോകത്തെ സ്ത്രീകള്‍

സ്രഷ്ടാവായ അല്ലാഹു സുന്ദരമായ ആകാരത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത്. ഓരോരുത്തര്‍ക്കും അവരുടേതായ ഭംഗി നാഥന്‍ സംവിധാനിച്ചിട്ടുണ്ട്. ഇക്കാര്യം അല്ലാഹു തന്നെ പറയുന്നു: തീര്‍ച്ചയായും മനുഷ്യനെ നാം സുന്ദരമായ ആകാരത്തിലാണ് സൃഷ്ടിച്ചിട്ടുള്ളത്. നാഥന്‍ തന്ന ഭംഗിയ്ക്ക് നന്ദി ചെയ്യേണ്ടവരാണ് നാം. അത് പരിപാവനമായി സൂക്ഷിക്കേണ്ട കടമ നമുക്കുണ്ട്. ഇന്ന് കമ്പോളത്തില്‍ കൂടുതലായി വിറ്റഴിയുന്ന വസ്തുക്കളാണ് സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍. സൗന്ദര്യത്തില്‍ മാത്രം ആര്‍ത്തി പൂണ്ട് നാഥന്‍റെ അനുഗ്രഹങ്ങളെ മറന്ന് തന്‍റെ ആകാരത്തിന് ഭംഗി കൂട്ടുന്നവരുടെ എണ്ണം ക്രമേണ വര്‍ദ്ധിച്ചു വരികയാണ്. ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലെല്ലാം നിറഞ്ഞു നില്‍ക്കുന്നത് ഇത്തരം വസ്തുക്കളുടെ പരസ്യങ്ങളാണ്.
സൗന്ദര്യാസക്തി സ്ത്രീയിലും പുരുഷനിലും എന്തിന് കുട്ടികളില്‍ പോലും വളരെ വ്യാപകമായി വളര്‍ന്നിരിക്കുകയാണിന്ന്. ഈ രംഗത്ത് കൂടുതലായി കാണപ്പെടുന്നത് സ്ത്രീകളാണെന്നത് ഖേദകരം തന്നെ. മുസ്ലിം സ്ത്രീകളാകട്ടെ ഇതില്‍ മുന്‍പന്തിയിലുമാണ്. ഭംഗിയുള്ള യുവതികള്‍ അവരുടെ ഉത്തമമായ സൗന്ദര്യം ബ്യൂട്ടീപാര്‍ലറുകളില്‍ തുല്യക്കുന്ന കാഴ്ചകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ശാസ്ത്രീയമായി ചിന്തിക്കുകയാണെങ്കില്‍ പോലും ഇത് അപകടകരമാണ്. ശരീരത്തിന്‍റെ ചര്‍മ്മങ്ങള്‍ക്ക് കേടുവരുത്തുന്ന ക്രീമുകളും മറ്റുമാണിവര്‍ തേച്ചുപിടിപ്പിക്കുന്നത്. നിയന്ത്രണമില്ലാതെ പലതും വാരിത്തേച്ച് സൗന്ദര്യത്തിനു പകരം ചര്‍മ്മ രോഗങ്ങളും കാന്‍സറുകളും ചോദിച്ചു വാങ്ങുന്ന രീതി ശരിയല്ലെന്ന് വിവേകമുള്ള ഉമ്മ പെങ്ങന്മാര്‍ മനസ്സിലാക്കേണ്ടതുണ്ട്. സ്വന്തം ഭര്‍ത്താവിന്‍റെ മുന്നില്‍ മാത്രം പ്രദര്‍ശിപ്പിക്കണമെന്ന് വിശുദ്ധമതം നിഷ്കര്‍ശിക്കുന്ന ഭാര്യമാര്‍ ഒരിക്കലും അവരുടെ സൗന്ദര്യം ബ്യൂട്ടീ പാര്‍ലറുകളില്‍ പണയം വെയ്ക്കരുത്. ചില ബ്യൂട്ടി പാര്‍ലറുകള്‍ക്കു മറവില്‍ ഞെട്ടിപ്പിക്കുന്ന ലൈംഗിക കച്ചവടങ്ങള്‍ വരെ നടക്കുന്നുണ്ട്. എന്നാല്‍ ചില സ്ത്രീകള്‍ ഇതിനായി അണിഞ്ഞൊരുങ്ങിയിറങ്ങുന്നുവെന്നതും സങ്കടകരമായ കാര്യമാണ്. അല്‍പകാലത്തെ ഈ സൗന്ദര്യാസക്തിയില്‍ നിന്ന് കാലാകാലവും പെണ്ണിന്‍റെ മാനസികവും സാമൂഹികവും കുടുംബപരവുമായ മേഖലകളെല്ലാം നശിച്ചു കൊണ്ടിരിക്കുകയാണെന്നത് ് ചിന്തിക്കാവുന്നതേയുള്ളൂ.
സൗന്ദര്യത്തിന്‍റെ സര്‍വ്വതലങ്ങളും സമ്മിശ്രമായി സമ്മേളിച്ച വ്യക്തിയാണ് മുഹമ്മദ് നബി(സ്വ). നബിയുടെ പ്രിയപത്നിമാര്‍ അഥവാ ഉമ്മഹാത്തുല്‍ മുഅ്മിനീന്‍(വിശ്വാസികളുടെ ഉമ്മമാര്‍) മുഴുവനും സൗന്ദര്യവതികളായ സ്ത്രീകളായിരുന്നു. മുത്ത് നബിയെക്കുറിച്ച് ബറാഅ്(റ) പറയുന്നു: നബി(സ്വ) ഏറ്റവും സുമുഖനായിരുന്നു. നീളക്കൂടുതലോ നീളം കുറവോ അവിടുത്തേയ്ക്കില്ലായിരുന്നു. ഒത്ത ശരീരമായിരുന്നു മുത്ത് നബിയ്ക്ക്. റസൂലിന്‍റെ സൗന്ദര്യം വിവരണാതീതമാണ്. അവിടുത്തെ സൗന്ദര്യത്തെ പുകഴ്ത്തി നിരവധി കവികള്‍ പാടിയിട്ടുണ്ട്. എന്നിട്ടും അവിടുന്നോ ഭാര്യമാരോ സൗന്ദര്യത്തിന്‍റെ പിന്നാലെ ഓടി നടക്കുന്നവരായിരുന്നില്ല. നബി(സ്വ)യെ മാതൃകയാക്കാനും സ്നേഹിക്കാനും നാം ശ്രമിക്കേണ്ടതുണ്ട്. സൗന്ദര്യത്തിലുള്ള ആസക്തി മുഴുവനുമുണ്ടാക്കുന്നത് ഇന്നത്തെ സിനിമാ കായിക താരങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രചോദനമാണെന്നതില്‍ സംശയമില്ല. ഈയൊരു അവസ്ഥക്ക് മാറ്റം വരുത്തി നാം മുത്ത് നബിയെ സ്നേഹിക്കണമെന്ന് സന്ദര്‍ഭോചിതമായി കുറിച്ചിടുന്നു.
സ്ത്രീ സൗന്ദര്യം ഇസ്ലാമില്‍
ഇസ്ലാം സൗന്ദര്യത്തിനും ഭംഗിയില്‍ ജീവിക്കുന്നതിനും നല്ല പ്രാധ്യാന്യം കല്‍പിച്ചിട്ടുണ്ട്. അല്ലാഹു സൗന്ദര്യമുള്ളവനാണ്. സൗന്ദര്യത്തെ അവന്‍ ഇഷ്ടപ്പെടുന്നവനാണ് എന്നാണ് നബിവചനം. സ്ത്രീ അവളുടെ സൗന്ദര്യം എവിടെ, എങ്ങനെ പ്രദര്‍ശിപ്പിക്കണമെന്ന കൃത്യമായ അധ്യാപനം ഇസ്ലാം നടത്തുന്നുണ്ട്. ഇസ്ലാം നിഷ്കര്‍ശിക്കുന്ന സൗന്ദര്യബോധം അനുസരിക്കാത്തതാണ് ഇന്ന് നടക്കുന്ന സ്ത്രീ പീഢനങ്ങളുടെയെല്ലാം കാരണം. സ്ത്രീ അവളുടെ സൗന്ദര്യം മുഴുവാനായും പ്രകടിപ്പിക്കേണ്ടത് തന്‍റെ പ്രിയതമന്‍റെ മുന്നിലാണ്. മറിച്ച് അന്യപുരുഷന്മാരുടെ മുന്നിലല്ല. ഇവിടെയെല്ലാം മുസ്ലിം സ്ത്രീകള്‍ ഇസ്ലാമിനെ പിന്തുടരുകയും മഹത്വുക്കളായ മുസ്ലിം വനിതകളോട് ആഭിമുഖ്യം പുലര്‍ത്തുകയും വേണം. അവരെല്ലാം തങ്ങളുടെ ഭംഗി അന്യരുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ വെറുപ്പ് പ്രകടിപ്പിച്ചവരായിരുന്നു. ഇസ്‌ലാമിന്‍റെ നാലാം ഖലീഫ അലി(റ)യുടെ പ്രിയതമയും മുത്ത് റസൂലിന്‍റെ പൊന്നോമനയുമായ ഫാത്വിമ ബീവി അലി(റ)യെ ചാരെ വിളിച്ച് വസ്വിയ്യത്ത് ചെയ്തു. ജീവിതത്തിലുടനീളം അവരെ അന്യര്‍ കാണാതിരുന്നപോലെ മരണശേഷവും കാണിക്കരുതെന്നായിരുന്നു അതിലൊന്ന്. ഞാന്‍ മരിച്ചാല്‍ എന്‍റെ ശരീരം നിങ്ങളല്ലാതെ മറ്റാരും കാണുന്നത് ഞാനിഷ്ടപ്പെടുന്നില്ല. അതുകൊണ്ട് നിങ്ങള്‍ തന്നെ മയ്യിത്ത് കുളിപ്പിക്കുകയും രാത്രിയില്‍ മറവു ചെയ്യുകയും മയ്യിത്ത് കട്ടില്‍ മൂടിവെയ്ക്കുകയും ചെയ്യണമെന്നായിരുന്നു മഹതിയുടെ വസ്വിയ്യത്ത്. ഈ വസ്വിയ്യത്തില്‍ ആധുനികരായ ഉമ്മപെങ്ങന്മാര്‍ക്ക് കൃത്യമായ മാതൃകയുണ്ട്.
വിശുദ്ധ ഖുര്‍ആനോ ഹദീസോ സ്ത്രീകളുടെ സൗന്ദര്യം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കുന്നില്ല. സൗന്ദര്യപ്രദര്‍ശനത്തിനെതിരെ കര്‍ക്കശമായ നിലപാടാണ് ഖുര്‍ആന്‍ സ്വീകരിച്ചത്.” നിങ്ങള്‍ വീടുകളില്‍ അടങ്ങിയിരിക്കുക. സൗന്ദര്യം വെളിവാക്കി നിങ്ങള്‍ പുറത്തിറങ്ങരുത്(സൂറത്തുല്‍ അഹ്സാബ് 33)”. ഭര്‍ത്താവില്ലാത്ത നേരത്ത് ഒരു പുരുഷനെപ്പോലും വീട്ടില്‍ കയറ്റരുതെന്ന് മതം പഠിപ്പിക്കുന്നു. ആരുമില്ലാത്ത നേരത്ത് അന്യപുരുഷന്മാര്‍ വന്നു വിളിച്ചാല്‍ കൈ കൊണ്ട് വായ പൊത്തി പരുക്കന്‍ ശബ്ദത്തില്‍ മറുപടി കൊടുക്കാന്‍ പോലും ഇസ്ലാം സ്ത്രീകളോട് പഠിപ്പിക്കുന്നു. അവരുടെ കിളിനാദത്തില്‍ ആകൃഷ്ടരാകരുതെന്ന് വിശുദ്ധ മതത്തിന് നിര്‍ബന്ധമുള്ളത് കൊണ്ടാണ് ഇങ്ങനെ കല്‍പിക്കുന്നത്.
പള്ളിയില്‍ വന്ന് നിസ്കരിക്കട്ടെയെന്ന് നബി(സ) യോട് അനുമതി തേടിയ സ്ത്രീകളോട് നിങ്ങളുടെ വീടിന്‍റെ അകത്തളമാണ് ഉത്തമമെന്നായിരുന്നു അവിടുത്തെ പ്രതിവചനം. ഇക്കാലത്തെ സ്ത്രീകള്‍ സ്വന്തം ശരീരങ്ങളെ മോടിപിടിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്. അവള്‍ക്ക് മറ്റെല്ലാത്തിനെക്കാളും സൗന്ദര്യമാണ് വലുതെന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. സ്വന്തം ഭംഗി മറ്റുള്ളവര്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതിന് പകരം ഭര്‍ത്താവിനു മുമ്പില്‍ പ്രദര്‍ശിപ്പിച്ച് അവരെ സംതൃപ്തരാക്കി സ്വര്‍ഗ്ഗം നേടുന്ന വനിതകളില്‍ ഉള്‍പെടാന്‍ ആധുനിക ലോകത്തെ ഉമ്മപെങ്ങന്മാര്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *