2016 june- july ആത്മിയം മതം വായന

തൗബ; നാഥനിലേക്കുള്ള മടക്കം

അല്ലാഹുവിന്‍റെ ഏറ്റവും ഉല്‍കൃഷ്ടമായ സൃഷ്ടിയാണ് മനുഷ്യന്‍. വികാരവും വിവേകവുമുള്ള ജീവിയെന്നതാണ് മനുഷ്യനെ ഇതര ജീവികളില്‍ നിന്ന് വ്യതിരിക്തമാക്കുന്നത്. വിവേകം മാത്രമുള്ള മാലാഖമാരെ പോലെയോ വെറും വികാര ജീവികളായ മൃഗങ്ങളെ പോലെയോ അല്ല മനുഷ്യന്‍. സുകൃതങ്ങള്‍ ചെയ്തു ജീവിച്ചാല്‍ മാലാഖമാരെക്കാള്‍ വിശുദ്ധരാവുകയും വികാരത്തിനു അടിമപ്പെട്ടുകഴിഞ്ഞാല്‍ മൃഗങ്ങളെക്കാള്‍ അധഃപതിക്കുകയും ചെയ്യും.
പൊതുവെ മനുഷ്യ പ്രകൃതി തിന്മകളില്‍ അഭിരമിക്കാന്‍ താത്പര്യപ്പെടുന്നതാണ്. വിശുദ്ധ ഖുര്‍ആന്‍ തന്നെ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. അവന്‍റെ സാഹചര്യങ്ങളും കൂട്ടുകാരും മറ്റു ഘടകങ്ങളും അനുകൂലമായി വരുമ്പോള്‍ തിന്മകള്‍ ചെയ്യാനാണ് മനുഷ്യന്‍ ശ്രമിക്കുന്നത്. അടിസ്ഥാനപരമായ ഈ ചോതനയെ എതിര്‍ത്തു തോല്‍പ്പിച്ച് തിന്മകളില്‍ നിന്ന് അകന്നു കഴിയുന്നവനാണ് അന്തിമ വിജയം കൈവരിക്കുക.
ഒരു തിന്മ ചെയ്തു എന്നു കരുതി അവനെ പാടെ ഉപേക്ഷിക്കുകയും നരകാവകാശിയായി മുദ്രകുത്തുകയും ചെയ്യുന്ന രീതി ഇസ്ലാമിലില്ല. ഏറ്റവും വലിയ കാരുണ്യവാനും സൃഷ്ടികളോട് അങ്ങേയറ്റം കൃപയുള്ളവനുമായ അല്ലാഹു എല്ലാ തെറ്റുകളും പൊറുത്തു തരുമെന്ന് നമ്മോട് വാഗ്ദാനം ചെയ്തിട്ടുണ്ട്. നിഷ്കളങ്കമായ പ്രായശ്ചിത്വത്തിനു മുന്നില്‍ ഏതു തെറ്റും പൊറുപ്പിക്കാവുന്നതാണ്. ദോശങ്ങളില്‍ നിന്ന് തൗബ ചെയ്ത് മടങ്ങിയവന്‍ തീരെ തെറ്റുചെയ്യാത്തവനെ പോലെയാണെന്ന് തിരുനബിയുടെ അധ്യാപനമുണ്ട്.
തെറ്റുകളില്‍ നിന്ന് പശ്ചാതപിച്ച് മടങ്ങുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു. ഖുര്‍ആന്‍ പറയുന്നു ‘ തീര്‍ച്ചയായും അല്ലാഹു പശ്ചാതപിക്കുന്നവരെയും ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു’ (2: 222) കഅ്ബ നിര്‍മാണ വേളയില്‍ ഇബ്റാഹീം നബിയും മകന്‍ ഇസ്മഈല്‍ നബിയും അല്ലാഹുവോട് പ്രാര്‍ത്തിച്ച സംഭവം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. നാഥന്‍ അത്യധികം പശ്ചാതാപം സ്വീകരിക്കുന്നവനാണെന്നാണ് ഈ പ്രാര്‍ത്ഥന നമ്മെ പഠിപ്പിക്കുന്നത്. അവര്‍ പ്രാര്‍ത്ഥിച്ചു ‘ ഞങ്ങളുടെ രക്ഷിതാവേ… ഞങ്ങളിരുവരെയും നിനക്ക് വഴിപ്പെടുന്നവരാക്കുകയും ഞങ്ങളുടെ സന്താനപരമ്പരയില്‍ നിന്ന് നിന്നെ അനുസരിക്കുന്ന ഒരു വിഭാഗത്തെ ഉണ്ടാക്കുകയും ഞങ്ങളുടെ ആരാധനാ ക്രമങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചു തരികയും ഞങ്ങളുടെ പശ്ചാതാപം സ്വീകരിക്കുകയും ചെയ്യേണമേ… തീര്‍ച്ചയായും നീ വളരെയധികം പശ്ചാതാപം സ്വീകരിക്കുന്നവനും കാരുണ്യവാനുമാകുന്നു’ (2.128)
പശ്ചാതാപം സ്വീകരിക്കപ്പെടാന്‍ ചില നിബന്ധനകള്‍ പണ്ഡിതന്മാര്‍ നിര്‍ദേശിക്കുന്നുണ്ട്. ചെയ്തു പോയ പാപത്തെ കുറിച്ച് ശക്തമായ ഖേദം ഉണ്ടാവുക എന്നതു തന്നെയാണ് മുഖ്യം. ഖേദത്തില്‍ നിന്നുണ്ടാവുന്ന പശ്ചാതാപങ്ങള്‍ ആത്മാര്‍ത്ഥതയുള്ളതായിരിക്കും. ചെയ്തുകൊണ്ടിരിക്കുന്ന പാപമാണെങ്കില്‍ അത് അവസാനിപ്പിക്കുക എന്നതാണ് രണ്ടാമത്തെ നിബന്ധന. ഇനിയൊരിക്കലും ഈ തെറ്റിലേക്ക് മടങ്ങുകയില്ലെന്ന ദൃഢ പ്രതിജ്ഞയാണ് മറ്റൊരു നിബന്ധന. മനുഷ്യനുമായി ബന്ധപ്പെട്ട തിന്മകളാണെങ്കില്‍ അവരുടെ അവകാശങ്ങള്‍ കൊടുത്തു വീട്ടിയും നേരില്‍ കണ്ട് പൊരുത്തം വാങ്ങിയുമാണ് തൗബക്ക് ഒരുങ്ങേണ്ടത്. ഇങ്ങനെ നിബന്ധനകള്‍ ഒത്ത തൗബ മാത്രമാണ് സ്വീകരിക്കപ്പെടുക. ‘സത്യവിശ്വാസികളേ… നിങ്ങള്‍ അല്ലാഹുവിലേക്ക് നിഷ്കളങ്കമായ പശ്ചാതാപം കൊണ്ട് മടങ്ങുക. നിങ്ങളുടെ നാഥന്‍ പാപങ്ങള്‍ മായ്ചുകളയുകയും അരുവികളൊഴുകുന്ന സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യും’ (66.8). ഇനി മറ്റൊരു പോംവഴി ഇല്ല എന്ന് ബോധ്യപ്പെടുന്ന മരണസമയത്ത് ആരെങ്കിലും തൗബ ചെയ്താല്‍ അത് സ്വീകരിക്കപ്പെടുകയില്ല എന്ന് ഖുര്‍ആനില്‍ കാണാം.
മുന്‍കഴിഞ്ഞ പ്രവാചകന്മാരും മഹത്തുക്കളും ഉള്‍പ്പെടെ പലരും നാഥനിലേക്ക് പശ്ചാതപിച്ചു മടങ്ങിയ സംഭവങ്ങള്‍ ചരിത്രത്തില്‍ കാണാം.

വേശ്യയുടെ മനംമാറ്റം
ഒരു നാട്ടില്‍ ഒരു വേശ്യപ്പെണ്ണുണ്ടായിരുന്നു. സൗന്ദര്യത്തില്‍ അവളെ വെല്ലാന്‍ മറ്റൊരാളുണ്ടായിരുന്നില്ല. നൂറു ദീനാറായിരുന്നു അവളുടെ കൂലി നിശ്ചയിച്ചിരുന്നത്. വാടക എത്ര അധികമാണെങ്കിലും അവളുമായി ശയിക്കാന്‍ ആ നാട്ടിലും പരിസരങ്ങളിലും ആളുകള്‍ കാത്തുകെട്ടിക്കിടക്കുമായിരുന്നു.
ഒരു ദിവസം ഒരു ആബിദായ മനുഷ്യന്‍ അവളെ കാണാനിടയായി. ആ സൗന്ദര്യം അയാളെ അത്ഭുതപ്പെടുത്തി. ദരിദ്രനായിരുന്ന അയാള്‍ പോയി കഠിനാദ്ധ്വനം ചെയ്ത് നൂറു ദീനാര്‍ സംഘടിപ്പിച്ചു. ആ പണവുമായി അവളുടെ അരികത്ത് ചെന്ന് പറഞ്ഞു: “നിന്‍റെ സൗന്ദര്യം എന്നെ വല്ലാതെ ആകര്‍ഷിച്ചു. നിന്നെ ആസ്വദിക്കാന്‍ ഞാന്‍ ജോലി ചെയ്ത് നൂര്‍ ദീനാര്‍ സംഘടിപ്പിച്ചിട്ടുണ്ട്.”
“ശരി, അകത്തേക്ക് കടന്നോളൂ” അവള്‍ വഴികാണിച്ചു.
അയാള്‍ കടന്നു. അവിടെ സ്വര്‍ണ്ണത്തിന്‍റെ ഒരു കട്ടിലുണ്ടായിരുന്നു. അവളതില്‍ ഇരുന്ന് അയാളെ മാടിവിളിച്ചു. അങ്ങനെ അയാള്‍ അവളുടെ ഗുഹ്യസ്ഥാനത്തിന്‍റെ തൊട്ടടുത്ത് വരെ എത്തിയപ്പോള്‍ നാളെ റബ്ബിന്‍റെ മുന്നില്‍ നില്‍ക്കേണ്ട അവസ്ഥ മനസ്സിലേക്ക് ഓടിയെത്തി. അദ്ദേഹം നിന്ന് വിറക്കാന്‍ തുടങ്ങി.
“എന്നെയൊന്നു ഒഴിവാക്കിത്തരണം… ആ നൂറു ദീനാര്‍ നീ തന്നെ എടുത്തോ…”
“നിങ്ങള്‍ക്കെന്തുപറ്റി? നിങ്ങളല്ലേ പറഞ്ഞത് എന്‍റെ സൗന്ദര്യം കണ്ട് വശംവദനായി കഠിനാധ്വാനം ചെയ്ത് പണമുണ്ടാക്കിയാണ് വന്നതെന്ന്, എന്നിട്ട് എല്ലാ വിധത്തിലും ഞാനുമായി ബന്ധപ്പെടാന്‍ സൗകര്യം കിട്ടിയപ്പോള്‍ പിന്മാറുകയാണോ?” അവള്‍ ആശ്ചര്യപ്പെട്ടു.
അയാള്‍ ഭയത്തോടെ വിവരിച്ചു: “അല്ലാഹുവിനെയും അവന്‍റെ വിചാരണയും ഓര്‍ത്തിട്ടാണ്. ഈ സമയം മുതല്‍ ജനങ്ങളില്‍ വെച്ച് എനിക്ക് ഏറ്റവും ദേഷ്യം നിന്നോടാണ്.” ഈ വാചകം ആ വേശ്യയുടെ മനസ്സില്‍ പരിവര്‍ത്തനമുണ്ടാക്കി.
“നിങ്ങള്‍ പറഞ്ഞത് സത്യമാണെങ്കില്‍ നിങ്ങളല്ലാതെ എനിക്ക് വേറെ ഭര്‍ത്താവില്ല. ”
അയാള്‍ക്കതിനു താത്പര്യമില്ലായിരുന്നു. തന്‍റെ ആഗ്രഹം അവള്‍ ശക്തമായി അവതരിപ്പിച്ചു. “പറ്റില്ല നിങ്ങള്‍ എന്നെ വിവാഹം ചെയ്യണം.”
അപ്പോഴും അനുകൂലമായ മറുപടി നല്‍കിയില്ല.
“പിന്നീട് ഒരു നാള്‍ ഞാന്‍ നിങ്ങളെ തേടി വന്നാല്‍ നിങ്ങള്‍ എന്നെ വിവാഹം കഴിക്കുമോ?”
“നോക്കാം…”
ഇതും പറഞ്ഞ് അയാള്‍ തന്‍റെ നാട്ടിലേക്ക് പോയി. അതേ സമയം ഈ വേശ്യ അവളുടെ തെറ്റുകളില്‍ പശ്ചാതപിച്ച് തൗബ ചെയ്തു. അവള്‍ ദീര്‍ഘ യാത്രചെയ്ത് അയാളുടെ നാട്ടിലെത്തി. അയാളുടെ പേരും ഊരും ചോദിച്ചറിഞ്ഞ അവള്‍ ആ മഹാനെ കാണാന്‍ ചെന്നു. സേവകര്‍ അദ്ദേഹത്തെ വിവരം അറിയിച്ചു.
“നിങ്ങളെ കാണാന്‍ ഒരു സ്ത്രീ വന്നിരിക്കുന്നു”.
അവളെ കണ്ടപാടെ അയാള്‍ അട്ടഹസിച്ച് അവളുടെ കയ്യിലേക്ക് കുഴഞ്ഞു വീണു, ഇതിനകം അയാള്‍ മരിച്ചിരുന്നു. അവള്‍ക്ക് നിരാശയായി. “ഞാന്‍ തേടിവന്നയാളെ എനിക്ക് നഷ്ടപ്പെട്ടു. ഇയാള്‍ക്ക് വേറെ കുടുംബങ്ങളുണ്ടോ?”
“സാധുവായ ഒരു സഹോദരനുണ്ട്” അവര്‍ വിവരിച്ചു.
“മരിച്ചുപോയ സഹോദരനോടുള്ള സ്നേഹം കൊണ്ട് അയാളെ ഞാന്‍ വിവാഹം കഴിക്കുകയാണ്.” ആ സ്ത്രീ തീരുമാനമറിയിച്ചു. അങ്ങനെ അവര്‍ വിവാഹിതരാവുകയും അവരില്‍ നിന്ന് ഏഴ് പ്രവാചകന്മാര്‍ ജന്മമെടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *