2016 OCT NOV കാലികം വായന സമകാലികം സംസ്കാരം സാമൂഹികം

സൈബര്‍ അഡിക്ഷന്‍; വഴിതെറ്റുന്ന ജീവിതങ്ങള്‍

ടീച്ചര്‍ക്ക് അവരുമായി ഒരു വാട്ട്സ്അപ്പ് ഗ്രൂപ്പ് ഉണ്ടാക്കിക്കൂടെ. എന്‍റെ ഉമ്മക്കും ഉപ്പക്കും വാട്ട്സ്അപ്പ് ഉണ്ട്.”
സ്കൂളിലെ രക്ഷിതാക്കളുടെ യോഗത്തില്‍ എല്ലാ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കള്‍ നിര്‍ബന്ധമായും പങ്കെടുക്കണം എന്ന് ക്ലാസ്ടീച്ചര്‍ പറഞ്ഞപ്പോള്‍ ഒരു മൂന്നാം ക്ലാസുകാരന്‍ തിരിച്ചു ചോദിച്ചതാണിത്.
എങ്ങനെയാണ് നമ്മുടെ മക്കള്‍ ഇതെല്ലാം പഠിക്കുന്നത്? ആരാണ് ഇതെല്ലാം അവരെ പഠിപ്പിക്കുന്നത്? നാം നമ്മുടെ സ്വന്തത്തോട് തന്നെ ചോദിക്കേണ്ട ചോദ്യങ്ങളാണിത്.
അവര്‍ കുട്ടികളല്ലെ, അവര്‍ക്കൊന്നും മനസ്സിലാവില്ല എന്ന് കരുതി മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല പുതുതലമുറ. ഒരു പതിറ്റാണ്ട് മുമ്പ് പന്ത്രണ്ട് വയസ്സിന് മുകളില്‍ പ്രായമായ കുട്ടികള്‍ക്കുണ്ടായിരുന്ന മാനസിക വളര്‍ച്ച ഇന്ന് ഏഴ് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഉണ്ടെന്നാണ് പുതിയ സര്‍വ്വെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. പണ്ടത്തെപ്പോലെ ഓരോ ദിവസവും പഠിക്കുന്ന കാര്യങ്ങളില്‍ മാത്രം ചിന്ത തളച്ചിടുന്നവരല്ല ഇന്നത്തെ ബാല്യങ്ങള്‍. സമൂഹം അവര്‍ക്കു മുമ്പില്‍ തുറന്ന് വെക്കുന്ന വിശാലമായ അവസരങ്ങള്‍ ചിന്താപരമായി വലിയ മാറ്റങ്ങളാണ് നമ്മുടെ മക്കളിലുണ്ടാക്കിയത്. ചുറ്റുപാടുകളില്‍ നടക്കുന്ന ചലന നിശ്ചലനങ്ങള്‍ എന്തൊക്കെയാണ്? അത് എങ്ങനെ സംഭവിക്കുന്നു? ആരുടെ നിയന്ത്രണമാണവയെ ഭരിക്കുന്നത്? തുടങ്ങിയ കാര്യങ്ങള്‍ വരെ ഇന്ന് കുഞ്ഞു മനസ്സുകള്‍ തേടിപ്പിടിച്ച് മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു.
എല്ലാ അര്‍ത്ഥത്തിലും മോശമായി ചിത്രീകരിക്കേണ്ട ഒന്നല്ല സോഷ്യല്‍ മീഡിയ. ഏതൊരു വസ്തുവിനെയും പോലെ നല്ലതും ചീത്തയുമായ ഗുണ വിശേഷണങ്ങള്‍ അതിനും ഉണ്ട്. അതിന്‍റെ ചീത്ത വശങ്ങളെ മാത്രം സമൂഹം ഉപയോഗപ്പെടുത്തുമ്പോഴാണ് അതൊരു മോശമായി തോന്നുന്നത്.
ഇന്ന് സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇടപെടുന്നതും ചര്‍ച്ച ചെയ്യുന്നതും സോഷ്യല്‍ മീഡിയയിലൂടെയാണ്. ജീവിത സൗകര്യങ്ങള്‍ ധാരാളമുണ്ടായിട്ടും തിരക്കുതീരാത്ത ജീവിതമാണ് നമ്മുടേത്. എന്നിട്ടും അതിനിടയില്‍ നാം സമയം കണ്ടെത്തുന്നത് സോഷ്യല്‍ മീഡിയകളിലൂടെ ചാറ്റ് ചെയ്യാനും ട്വീറ്റ് ചെയ്യാനുമാണ്. ഇതെല്ലാം നമ്മുടെ കുട്ടികളുടെ മുമ്പില്‍ വെച്ചാകുമ്പോഴാണ് കാര്യം വഷളാകുന്നത്.
മനുഷ്യ ബുദ്ധി ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്നത് അഞ്ചു വയസ്സു വരെയുള്ള പ്രായങ്ങളിലാണ്. ആ കാലഘട്ടത്തില്‍ വീടിനും ചുറ്റുപാടിനുമപ്പുറം അവന് ബന്ധം കുറവായതുകൊണ്ട് അവന്‍ പിന്‍തുടരുന്നതും കണ്ടു പഠിക്കുന്നതും വീട്ടിലെ മാതാപിതാക്കളെയും മുതിര്‍ന്നവരെയുമായിരിക്കും. എന്നാല്‍ ഇന്നത്തെ പൊതുവെയുള്ള സ്ഥിതിയനുസരിച്ച് ഒരോ വീട്ടിലും സ്ത്രീകള്‍ വരെ ഇന്‍റര്‍നെറ്റിന്‍റെ ലോകത്താണ് ജീവിക്കുന്നത്. സ്വന്തം മക്കളെ കുളിപ്പിച്ച് നല്ല വസ്ത്രം അണിയിക്കുന്നതും അവരെ ഊട്ടുന്നതും ഉറക്കുന്നതുമെല്ലാം ഒരു പഴഞ്ചന്‍ മോഡലാണെന്ന തെറ്റായ ധാരണയുള്ളവരാണ് ന്യൂജന്‍ കുടുംബിനികള്‍. എന്നാല്‍ ഇങ്ങനെ ലഭിക്കുന്ന തുച്ചമായ സമയങ്ങള്‍ പോലും സോഷ്യല്‍ മീഡിയകളില്‍ സജീവമാകാനാണ് അവര്‍ വിനിയോഗിക്കുന്നത്. അതേസമയം മാതാപിതാക്കളില്‍ നിന്നുള്ള ഒറ്റപ്പെടല്‍ നികത്താന്‍ പൊതുതലമുറ തിരഞ്ഞെടുക്കുന്ന മാര്‍ഗങ്ങളും ഇത്തരത്തിലുള്ള സാമൂഹ്യ മാധ്യമങ്ങളാണ്. കാരണം അവരുടെ വഴികാട്ടികളായ മാതാപിതാക്കളില്‍ നിന്നും അവര്‍ പഠിച്ചതും പരിചയപ്പെട്ടതും അതാണ്.
അഡിക്ഷന്‍ ജീവിതത്തെ സ്വാധീനിക്കുന്ന രൂപം
അടിമയായിപ്പോകുന്ന കാര്യത്തില്‍ മദ്യത്തിന്‍റെ സ്വഭാവമാണ് സോഷ്യല്‍ മീഡിയക്കും. ഒന്നോ രണ്ടോ പ്രാവിശ്യം രുചിച്ചു നോക്കുന്നതിലൂടെ ആരെയും ആകര്‍ഷിക്കാനുള്ള കഴിവ് സോഷ്യല്‍ മീഡിയക്കുണ്ട്. ഒരു കൂട്ടുകാരന്‍ അനുഭവം പങ്കുവെക്കുകയുണ്ടായി. ഏറെ സങ്കടത്തോടെയും കുറ്റബോധത്തോടെയുമാണവന്‍ അതു വിവരിച്ചത്: രണ്ടു വര്‍ഷം മുമ്പാണ് എനിക്കൊരു ആന്‍ഡ്രോയിഡ് ഫോണ്‍ ലഭിക്കുന്നത്. അതുവരെ ഇന്‍റര്‍നെറ്റോ അതുപോലുള്ള ചാറ്റിംഗ് ആപ്ലിക്കേഷനുകളോ ഞാന്‍ പരിചയപ്പെട്ടിരുന്നില്ല. എന്നല്ലാ, അതെല്ലാം ഉപയോഗിക്കുന്നതിനോട് വിയോജിപ്പായിരുന്നു. കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഫേസ്ബുക്കില്‍ ഞാനൊരു അക്കൗണ്ടുണ്ടാക്കുകയും ഒഴിവു സമയങ്ങളില്‍ കൂട്ടുകാരുമായി ചാറ്റുചെയ്തും അവരുടെ പോസ്റ്റുകള്‍ക്കു കമന്‍റടിച്ചും സജീവമായിത്തുടങ്ങി. അപ്പോഴും ഇന്‍റര്‍നെറ്റു വഴിയുള്ള അശ്ലീലതകള്‍ രുചിച്ചുനോക്കില്ലെന്ന് നിശ്ചയ ദാര്‍ഢ്യമുണ്ടായിരുന്നെനിക്ക്. പക്ഷേ, ക്ലാസ് റൂമുകളിലും വിനോദ സഞ്ചാരങ്ങളിലും കൂട്ടുകാര്‍ തമ്മില്‍ ചര്‍ച്ച ചെയ്യുന്ന മോശമായ കാര്യങ്ങള്‍ പതിയെ എന്നെ അതിലേക്കാകര്‍ഷിച്ചു. പിന്നീട് അതൊരു ഹരമായി മാറി. ഇപ്പോള്‍ ഞാനൊരു ഇന്‍റര്‍നെറ്റ് അടിമയാണ്. ഒരുപാടു തവണ അതില്‍ നിന്ന് മോചനം ആഗ്രഹിച്ചെങ്കിലും എനിക്കു കഴിയുന്നില്ല.
ഇത് ഒരാളുടെ അനുഭവം വിവരിച്ചു എന്നുമാത്രം. നമുക്കു ചുറ്റുമുള്ള സോഷ്യല്‍ മീഡിയ ഉപഭോക്താക്കളില്‍ മിക്ക പേരുടെയും അനുഭവം ഇതുപോലെയായിരിക്കും. മദ്യത്തിന്‍റെ ലഹരിയും അനുഭൂതിയുമാണ് അവയെ വീണ്ടും ഉപയോഗിക്കാനുള്ള പ്രേരണയുണ്ടാക്കുന്നതെങ്കില്‍ സോഷ്യല്‍ മീഡിയയും ഇതിനു ഘടക വിരുദ്ധമല്ല.
കുട്ടികളുടെ സ്വഭാവ രൂപീകരണം

വാട്ട്സ്അപ്പ്, ട്വിറ്റര്‍ പോലോത്ത ചാറ്റിംങ് ആപ്ലിക്കേഷനുകളാണ് ഇന്ന് നമ്മുടെ കുട്ടികളുടെ ആത്മ മിത്രങ്ങള്‍. നിരന്തരമായ ഉപയോഗം ഇത്തരം ആപ്ലിക്കേഷനുകളുമായുള്ള കൂട്ടുകെട്ടുകള്‍ അനുസരിച്ച് കുട്ടികളുടെ സ്വഭാവത്തെ മാറ്റിമറിക്കുന്നുണ്ട്. മാതാപിതാക്കളോടും കുടുംബങ്ങളോടും നല്ല രീതിയില്‍ ഇടപെട്ടിരുന്ന പല കുട്ടികളെയും സോഷ്യല്‍ മീഡിയ മാറ്റിമറിച്ച അനുഭവങ്ങള്‍ പല രക്ഷിതാക്കളും പങ്കുവെക്കാറുണ്ട്. മാതാപിതാക്കളോട് പോലും മോശമായ ഭാഷയില്‍ കയര്‍ത്ത് സംസാരിക്കുന്ന കുട്ടികളുടെ സ്വഭാവ ദൂഷ്യത്തിന്‍റെ ഉറവിടം അവരുടെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളാണ്.
പതിനെട്ടും ഇരുപതും വയസ്സ് വരെ മാതാപിതാക്കള്‍ക്ക് വഴിപ്പെട്ട് ജീവിച്ചിരുന്ന പല പെണ്‍കുട്ടികളും ഒരു സുപ്രഭാതത്തില്‍ കാമുകന്‍റെ കൂടെ ഇറങ്ങിപ്പോകുന്നതിന്‍റെ പ്രധാന കാരണം സോഷ്യല്‍ മീഡിയകളുടെ സ്വാധീനമാണെന്ന് പറയാതെ വയ്യ. സോഷ്യല്‍ മീഡിയകളിലുള്ള മോശം സന്ദേശങ്ങളാണ് അവരെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്നത്. വിദേശത്തു ജോലിയുള്ള ഭര്‍ത്താക്കന്മാര്‍ സുഖവിവരങ്ങള്‍ അന്യേഷിച്ചറിയാനായിരിക്കും ഭാര്യമാര്‍ക്ക് നെറ്റ് സൗകര്യമുള്ള മൊബൈല്‍ ഫോണുകള്‍ അയച്ച് കൊടുക്കുന്നത്. പക്ഷെ, അതിനിടയില്‍ വരുന്ന അപരിചിതരുടെ മിസ്ഡ്കോളുകളും, മെസ്സേജുകളുമായിരിക്കും പിന്നീട് പല പ്രേമ കഥകള്‍ക്കും വഴിവെക്കാറുള്ളത്.
പഠനം മറക്കുന്ന പുതുതലമുറ
ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിംഹാസ്(ചമശേീിമഹ കിശെേൗലേേ ീള ങലിമേഹ മിറ ചലൗൃീരശലിരലെ) സോഷ്യല്‍ മീഡിയ അഡിക്ഷനെ കുറിച്ച് നടത്തിയ പഠന റിപ്പോര്‍ട്ടനുസരിച്ച് വിദ്യാര്‍ത്ഥികളിലാണ് സോഷ്യല്‍ മീഡിയ അഡിക്ഷന്‍ വളരെ കൂടുതലായി കാണപ്പെടുന്നത്. സ്മാര്‍ട്ട് ക്ലാസ്റൂമുകളും ടാബ്ലെറ്റ് ടെസ്റ്റ് പുസ്തകങ്ങളും വിദ്യര്‍ത്ഥികളില്‍ ഹൈടെക് സ്വഭാവം വളര്‍ത്തിയപ്പോള്‍ പുസ്തകം റഫര്‍ ചെയ്ത് വിജയം കൈവരിക്കുന്ന ശീലം നമ്മുടെ മക്കള്‍ക്കന്യമായി. മക്കള്‍ എല്ലാ വിജ്ഞാനവും കൈവരിക്കണമെന്നുള്ള ആഗ്രഹ പൂര്‍ത്തീകരണത്തിന് വേണ്ടിയായിരിക്കും രക്ഷിതാക്കള്‍ മക്കള്‍ക്ക് ഇന്‍റര്‍നെറ്റ് സൗകര്യം ഒരുക്കിക്കൊടുക്കാറുള്ളത്. പക്ഷെ ഇത്തരം സൗകര്യങ്ങളുടെ പിന്നാമ്പുറങ്ങള്‍ പലപ്പോഴും മക്കളുടെ പഠനം മുടങ്ങലായിരിക്കും.
വിദ്യാഭ്യാസപരമായി പുതുതലമുറ വളരെയധികം മുന്നേറുന്നുണ്ടെങ്കിലും നല്ലൊരു വിഭാഗം വിദ്യാര്‍ത്ഥികളും ഇന്ന് പഠനത്തില്‍ പിന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. മനശാസ്ത്രപരമായ അന്യേഷണങ്ങള്‍ വ്യക്തമാക്കുന്നത് അവര്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ല എന്നാണ്. എന്നാല്‍ ഇതിനുള്ള കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് സോഷ്യല്‍ മീഡിയകളില്‍ കുട്ടികളുടെ സ്വാധീനമാണ്.
മനുഷ്യജീവിതത്തില്‍ പ്രത്യേകിച്ചും വിദ്യാര്‍ത്ഥികളില്‍ വളരെ വലിയ സ്വാധീനം സോഷ്യല്‍ മീഡിയകള്‍ ചെലുത്തുന്നുണ്ട്. പണ്ട് കാലത്ത് ടൗണുകള്‍ കേന്ദ്രീകരിച്ച് പുസ്തക ലൈബ്രറികള്‍ പ്രവര്‍ത്തിച്ചിരുന്നു. അന്ന് അതെല്ലാം ഉപയോഗപ്പെടുത്തുന്നവരുടെ ആതിക്ക്യവുമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് വിദ്യാര്‍ത്ഥികളുടെ പഠന സഹായികള്‍ ഇന്‍റര്‍നെറ്റും ഷെയറിംങ് സൗകര്യമുള്ള ആപ്ലിക്കേഷനുകളുമാണ്. പൊതുവെ അധ്വാന ശീലമില്ലാത്തവരാണ് ന്യൂജനറേഷന്‍. അവര്‍ക്കിതുപോലെയുള്ള എളുപ്പ വഴികള്‍ തുറന്നുകൊടുക്കുന്നത് അവരെ കൂടുതല്‍ മടിയന്മാരാക്കി മാറ്റും. സെല്‍ഫിയെടുക്കുന്നതും ലൈക്കടിക്കുന്നതും കമന്‍റ് ചെയ്യുന്നതുമെല്ലാം ആധുനികതയുടെ പ്രധാന വിനോദങ്ങളായി മാറിയത് സോഷ്യല്‍ മീഡിയകളുടെ വശീകരണ ശക്തിയെ പ്രകടിപ്പിക്കുന്നു. മദ്യ ലഹരിയോട് ഉപമിക്കാവുന്ന രൂപത്തില്‍ സോഷ്യല്‍ മീഡിയകള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. കൂട്ടുകാരികള്‍ക്കുള്ളതുപോലെയുള്ള ആന്‍ഡ്രോയിഡ് ഫോണുകള്‍ വാങ്ങിക്കൊടുക്കാത്തതിന്‍റെ പേരില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളെ കുറിച്ച് നാം കേട്ടത് ഇന്ത്യയുടെ ഹൃദയ ഭാഗമായ ഡല്‍ഹിയില്‍ നിന്നും ഹൈദരാബാദില്‍ നിന്നുമാണ്.
സംസാര ഭാഷയിലെ സ്വാധീനം
ന്യൂജനറേഷന്‍റെ സംസാര ഭാഷയില്‍ വളരെ വലിയ കടന്നു കയറ്റമാണ് സോഷ്യല്‍ മീഡിയകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.’ ഛസ, ണവമമേെുുല്‍കാണാം’, ‘അതിനൊരു ലൈക്കുണ്ട്’, ‘ട്വീറ്റ് ചെയ്യാന്‍ മറക്കല്ലെ’ തുടങ്ങിയ പദപ്രയോഗങ്ങള്‍ നമ്മുടെ മക്കളുടെ സ്ഥിരം സംസാരങ്ങളാണ്. പാരമ്പര്യ സംസ്കാരങ്ങളെയും ഭാഷാ പ്രയോഗങ്ങളെയും പൂര്‍ണ്ണമായും കാര്‍ന്നു തിന്നുകൊണ്ടിരിക്കുകയാണ് ഇന്ന് സോഷ്യല്‍ മീഡിയകള്‍. വ്യാകരണ നിയമങ്ങളെയും പ്രയോഗങ്ങളെയും മാറ്റിമറിച്ച് പുതിയൊരു സ്മാര്‍ട്ട് ലാംഗേജ് നിര്‍മ്മിച്ചുണ്ടാക്കുകയാണ് സോഷ്യല്‍ മീഡിയകള്‍. ഭാഷാപണ്ഡിതന്മാര്‍ നിര്‍മ്മിച്ചു നല്‍കിയത് പോലെ താഴിട്ടു പൂട്ടി സൂക്ഷിക്കേണ്ടതല്ല ഭാഷ എന്നാണ് സ്മാര്‍ട്ട് ജനറേഷന്‍റെ നിലപാട്.
സോഷ്യല്‍ മീഡിയ അഡിക്ഷന്‍ വഴി ജീവിതത്തിലെ വിലപ്പെട്ടതും തിരിച്ചു കിട്ടാത്തതുമായ നിമിഷങ്ങളാണ് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നത്. ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ വേണ്ടി നെട്ടോട്ടമോടുന്നതിനിടയിലും സോഷ്യല്‍ മീഡിയകളില്‍ തോണ്ടിയും തുഴഞ്ഞും നേരം പോക്കുന്നവരാണ് പുതുയുവത്വം. ധാരാളം കുടുംബ- സാമൂഹിക- വിദ്യാഭ്യാസപരമായ തകര്‍ച്ചക്ക് സോഷ്യല്‍ മീഡിയകള്‍ വഴിവെക്കുന്നു എന്നത് പരമമായ യാഥാര്‍ത്ഥ്യമാണ്.

അഷ്കര്‍ പനങ്ങാങ്ങര

Leave a Reply

Your email address will not be published. Required fields are marked *