വിശുദ്ധ ഇസ്ലാമിന്റെ പ്രചരണദൗത്യവുമായി കടന്നു വന്നവരാണ് പ്രവാചകന്മാര്. ആദം നബി(അ)യില്‍ ആരംഭിച്ച പ്രവാചക ശൃംഖലക്ക് മുഹമ്മദ് നബി(സ്വ)യിലൂടേയാണ് വിരാമമിടുന്നത്. ഇനിയൊരു പ്രവാചകന്റെ വരവ് ആവശ്യമില്ലാത്ത വിധം സമഗ്ര ജീവിത പദ്ധതി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വവും മുഹമ്മദ് നബിക്കായിരുന്നു. മുഹമ്മദ് നബിയുടെ നാല്പതാം വയസ്സിന്റെ മധ്യത്തിലാണ് പ്രവാചകത്വം ലഭിക്കുന്നത്. തന്റെ യുവത്വ കാലത്തു തന്നെ ഒരു പ്രവാചകന് വേണ്ട മുഴവന്‍ ഗുണങ്ങളും നബിയില്‍ മേളിച്ചിരുന്നു. സമകാലികരുടെ അസാന്മാര്ഗിക പ്രവണതകളോടുമുഴുവന് മുഖം തിരിച്ച പ്രവാചകന് സദ്പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സര്‍വര്‍ക്കും മാതൃകയായി. സത്യസന്ധത, വിശ്വാസദാര്‍ഢ്യം, ഹൃദ്യമായ പെരുമാറ്റം, സദാചാര ബോധം, വിശുദ്ധ വിചാരങ്ങള്‍, ഉന്നത സംസ്കാരം, അഗതികള്‍ക്കും അനാഥര്‍ക്കും കൈത്താങ്ങാകല്‍, കടമ നിര്‍വഹിക്കുന്നതിലുള്ള നിഷ്കര്‍ഷത തുടങ്ങിയ സ്വഭാവ ഗുണങ്ങളാല്‍ ജനങ്ങള്‍ക്കിടയില്‍ അറിയപ്പെട്ടു. പ്രവാചകത്വലബ്ധിയുടെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തന്നെ അതിന്റെ അടയാളങ്ങള്‍ തങ്ങളുടെ ജീവിതത്തില്‍ കണ്ട് തുടങ്ങിയിരുന്നു. വിചിത്രങ്ങളായ സ്വപ്നങ്ങളും അതിന്റെ പുലര്‍ച്ചകളും നബി ജീവിതത്തില്‍ നിത്യ സംഭവങ്ങളായി. വഴിയോരങ്ങളിലെ കല്ലുകളും മരങ്ങളും പ്രവാചകരെ സലാം പറഞ്ഞ് അഭിസംബോദനം ചെയ്തു. തികച്ചും വ്യത്യസ്തമായൊരു ജീവിത ശൈലിയിലേക്ക് പ്രവാചക ജീവിതം മാറിത്തുടങ്ങി.
ഹിറാ ഗുഹയില്‍
തിന്മകള് കുമിഞ്ഞുകൂടിയ ചുറ്റുപാടുകളില്‍ നിന്നും ഏകാന്ത വാസത്തിലേക്ക് നബിയുടെ ചിന്ത മാറി. അതിനാവശ്യമായ ഭക്ഷ്യവസ്തുക്കളും മറ്റും പ്രിയ പത്നി ഖദീജ ബീവിയുടെ സഹായത്താല്‍ തയ്യാറാക്കുകയും ഹിറാ ഗുഹയില്‍ താമസമാരംഭിക്കുകയും ചെയ്തു. ആരാധനകളിലായി ദിനരാത്രങ്ങള്‍ അവിടെ കഴിച്ചു കൂട്ടി. കയ്യില്‍ കരുതിയ സാധനങ്ങള്‍ തീരുമ്പോള്‍ വീണ്ടും വീട്ടിലെത്തുകയും ആവശ്യ വസ്തുക്കള്‍ സംഭരിച്ച് ഹിറയിലേക്ക് തന്നെ മടങ്ങുകയും ചെയ്യും. തികഞ്ഞ ഏകാന്ത വാസത്തിനിടയില്‍ റമളാന്‍ പതിനേഴിന് അല്ലാഹുവിന്റെ പ്രത്യേക സന്ദേശവുമായി ജിബ്രീല്‍(അ) കടന്നു വന്നു. ‘വായിക്കുക’ ജിബ്രീല്‍ നബിയോട് ആവശ്യപ്പെട്ടു. ‘എനിക്ക് വായിക്കാനറിയില്ലല്ലോ’ നബി പ്രതിവചിച്ചു. ജിബ്രീലിന്റെ ആഗമനവും ചോദ്യവും കേട്ട് അമ്പരന്ന പ്രവാചകനെ അദ്ദേഹം മാറേട് ചേര്‍ത്തുപിടിച്ച് ശക്തിയായി അമര്‍ത്തിക്കൊണ്ട് വീണ്ടും ആവശ്യപ്പെട്ടു ‘വായിക്കുക’. നബി ആവര്‍ത്തിച്ചു ‘എനിക്കോതാനറിയില്ലല്ലോ’. വീണ്ടും മാറോട് ചേര്‍ത്ത് പിടിച്ച് ജിബ്രീല്‍(അ) ഓതിക്കൊടുത്ത വചനങ്ങള്‍ നബിതങ്ങള് ഓതാനാരംഭിച്ചു’ സൃഷ്ടാവായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ ഓതുക. മനുഷ്യനെ അവന് ഭ്രൂണത്തില്‍ നിന്ന സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക. പേനകൊണ്ട് എഴുതാന്‍ പഠിപ്പിച്ചവനാകുന്ന നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു’. അവസാനത്തെ വേദ ഗ്രന്ഥത്തിലേക്കായി അവതരിപ്പിക്കപ്പെട്ട ആദ്യവചനവും വഹ്യിന്റെ തുടക്കവും ഇതായിരുന്നു.
ഹിറയിലെ സംഭവത്തില്‍ ഭയവിഹ്വലനായ പ്രവാചകര്‍ തന്റെ പ്രിയ പത്നി ഖദീജ ബീവിയിലേക്ക് മടങ്ങി. പുതപ്പിട്ട് മൂടൂ… എന്നെ പുതപ്പിട്ടു മൂടൂ… നബി തങ്ങള്‍ ആവര്‍ത്തിച്ച് കൊണ്ടേയിരുന്നു. പ്രവാചകന്റെ ഭയം അല്പാല്പമായി മാറിത്തുടങ്ങിയപ്പോള്‍ പ്രവാചകന് കാര്യങ്ങല്‍ വിശദീകരിച്ചു തുടങ്ങി. ‘നിങ്ങള്‍ ഒരിക്കലും ഭയപ്പെടേണ്ടതില്ല. അല്ലാഹു നിങ്ങളെ കൈ വിടുകയില്ല. കാരണം നിങ്ങള്‍ കുടുംബ ബന്ധം ചേര്‍ക്കുന്നവരും സത്യം പറയുന്നവരും ഇല്ലത്തവരെ സഹായിക്കുന്നവരും പ്രയാസങ്ങള്‍ ഏറ്റെടുക്കുന്നവരും നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരുമാണ്’. ഖദീജ ബീവിയുടെ ഈ ആശ്വസ വാക്കുകള്‍ നബിതങ്ങള്‍ക്ക് സമാധാനം പകര്‍ന്നു. ശേഷം നബി തങ്ങളുമായി ഖദീജ ബീവി തന്റെ എളാപ്പയുടെ മകന് വറകത്തു ബ്നു നൗഫലിനെ സമീപിച്ചു. വളരെ പ്രായമായ ജൂത പണ്ഡിതനും അറബിയിലും ഹിബ്രുവിലും ഇന്‍ജീല്‍ എഴുതാന്‍ കഴിവുള്ള വ്യക്തിയുമായിരുന്നു അദ്ദേഹം. അദ്ദേഹം പറഞ്ഞു: അല്ലാഹുവില്‍ നിന്നും മൂസാ നബിയിലേക്കും അയക്കപ്പെട്ട സത്യത്തിന്റെ വാഹകനാണത്. നിങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സത്യത്തെ പ്രചരിപ്പിക്കും. പക്ഷെ അത് നിങ്ങളുടെ സമുദായം വെറുക്കുകയും തന്മൂലമായി നിങ്ങള്‍ സമുദായത്തില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്യും. ആ സമയത്ത് ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ നിങ്ങളെ സഹായിക്കാന്‍ ഞാനുമുണ്ടാകുമായിരുന്നു. ഖദീജ ബീവിയുടെയും വറകതുബ്നു നൗഫലിന്റെയും വാക്കുകള്‍ നബിക്ക് ആശ്വസം പകരുകയും തന്നിലേല്‍പ്പിക്കപ്പെട്ട ദൗത്യത്തെ കുറിച്ച് നബിയെ ബോധവാനക്കുകയും ചെയ്തു.
പ്രബോധന വഴിയില്‍
താന്‍ അല്ലാഹുവിന്റെ പ്രവാചകനാണെന്നും തന്നിലേക്ക് ആഗതമായത് അവന്റെ സന്ദേശ വാഹകനായ ജിബ്രീല്‍(അ) ആണെന്നും വ്യക്തമായതോടെ കര്‍ത്തവ്യ നിര്‍വ്വഹണത്തിനുള്ള തയ്യാറെടുപ്പിലായി. തന്നോട് ഏറ്റവും അടുത്ത കുടുംബങ്ങളെയും സുഹൃത്തുക്കളെയും ആദ്യമായി സത്യത്തിന്റെ പാതയിലേക്ക് ക്ഷണിച്ചു തുടങ്ങി. പുരുഷന്മാരില് നിന്ന് ആത്മ മിത്രം അബൂബക്കര്‍(റ), സ്ത്രീകളില്‍ നിന്ന് പ്രിയ പത്നി ഖദീജബീവി(റ), കുട്ടികളില്‍ നിന്ന് പിതൃവ്യപുത്രന്‍ അലി(റ), അടിമകളിന് നിന്ന് സൈദ് ബ്ന് ഹാരിസ(റ) തുടങ്ങിയവര്‍ ആദ്യമായി ഇസ്ലാമിന്റെ വെളിച്ചത്തിലേക്ക് കടന്നു വന്നു. നബിയുടെ മുഴുവന്‍ രഹസ്യ പരസ്യങ്ങളും അറിയുന്ന ഇവര്‍ക്ക് നബിയുടെ പ്രവാചകത്വത്തെ വിശ്വസിക്കാന്‍ ചിന്തിക്കേണ്ടി പോലും വന്നില്ല. ഇസ്ലാമിന്റെ വ്യാപനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിന്‍ പ്രവാചകരുടെ കൂടെ ഇവരും വ്യാപൃതരായി. തങ്ങള്‍ നിലനിര്‍ത്തിപ്പോന്നിരുന്ന ബഹുദൈവ വിശ്വാസവും ബിംബാരാധനയും ഉപേക്ഷിച്ച് ജനങ്ങള്‍ കൂട്ടമായി ഇസ്ലാമിലേക്ക് ഒഴുകി. മൂന്ന് വര്‍ഷത്തെ പരസ്യ പ്രബോധനത്തിലൂടെ ഇസ്ലാമിക അധ്യാപനങ്ങള്‍ മക്കയുടെ സര്‍വ്വകോണിലും വ്യാപിച്ചു. അതോട് കൂടി ഇസ്ലാം പരസ്യപ്പെടുത്താനുള്ള അല്ലാഹുവിന്റെ നിര്‍ദ്ദേശം എത്തി ‘ നബിയേ നിങ്ങളോട് ഏല്പിക്കപ്പെട്ടകാര്യം നിങ്ങള്‍ നിര്‍വ്വഹിക്കുക, മുശ്രിഖുകളെ നിങ്ങള്‍ മുഖവിലക്കെടുക്കേണ്ടതില്ല. നിങ്ങളുടെ അടുത്ത കുടുംബങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്യുക.’ നബി(സ)തങ്ങള്‍ തന്റെ കുടുംബങ്ങളെ മുഴുവന്‍ ഒരുമിച്ചു കൂട്ടി. അവരോടായി പ്രസംഗിച്ചു ‘തീര്‍ച്ചയായും അല്ലാഹു ഏകനാകുന്നു. ഞാന്‍ അവന്റെ പ്രവാചകനുമാണ്. നമ്മള് ഉറങ്ങുന്നത് പോലെ നമുക്കെല്ലാവര്‍ക്കും മരണമെത്തും. നാം ഉറക്കില്‍ നിന്നുണരുന്നത് പോലെ നമുക്ക് പുനരുദ്ധാരണമുണ്ട്. നമ്മള് ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലമുണ്ട്. നന്മ ചെയ്തവന് നന്മയും തിന്മ ചെയ്തവന് ശിക്ഷയുമുണ്ട്. ശാശ്വതമായ സ്വര്‍ഗവും നരകവുമുണ്ട്. തീര്‍ച്ചയായും ഒരു യുവാവ് അവന്റെ സമൂഹത്തിലേക്ക് കൊണ്ട് വരുന്നതില്‍ വച്ച് ഏറ്റവും ഉത്തമമായൊരു കാര്യവുമായിട്ടാണ് ഞാന്‍ നിങ്ങളിലേക്ക് കടന്നു വന്നിരിക്കുന്നത്. ഞാന്‍ നിങ്ങളിലേക്ക് ഐഹിക ലോകത്തെയും പരലോകത്തെയും കൊണ്ട്വന്നിരിക്കുന്നു’. അബൂലഹബല്ലാത്തവരെല്ലാം നബിയെ സംബന്ധിച്ച് നല്ലത് പറയാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം നബിക്കെതിരെ ആളുകളെ തിരിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. പ്രബോധന വഴിയില്‍ തനിക്കു നേരെ ഉയര്‍ന്നു വന്ന വെല്ലുവിളികളെല്ലാം പ്രവാചകര്‍(സ) ക്ഷമയോട് കൂടെ എതിരേറ്റു. പക്ഷെ ശത്രുക്കള്‍ ശത്രുക്കള്‍ നബിയേയും അനുയായികളേയും ക്രൂരമായി മര്‍ദ്ദിച്ചു കൊണ്ടേയിരുന്നു.
അക്രമങ്ങള്‍ അഴിച്ചുവിടുന്നു
ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു ഇസ്ലാമിന്റെ പ്രബോധന വഴി. സത്യമതത്തിന്റെ വക്താക്കളായ കാരണത്താല്‍ നബിയും അനുയായികളും ഏല്‍ക്കേണ്ടി വന്ന അക്രമങ്ങള്‍ക്ക് കണക്കില്ലായിരുന്നു. നട്ടുച്ച സമയത്ത് മരുഭൂമിയില്‍ കെട്ടിയിട്ടും, ഭക്ഷണം മുടക്കിയും പട്ടിണിക്കിട്ടും, തല്ലിയും തീയിലിട്ടും ശത്രുക്കള്‍ ചെയ്ത് കൂട്ടിയ പീഡനങ്ങളുടെ ചിത്രങ്ങള്‍ ധാരാളമാണ്. ഇസ്ലാമിന്റെ മഹത്വത്തെ പറ്റി അബൂബക്കല്(റ) ആള്കൂട്ടത്തിനിടയില് വാചാലനായപ്പോള് ജനങ്ങള്‍ അദ്ദേഹത്തെ മര്‍ദ്ദിക്കുകയും അതുകാരണമായി അദ്ദേഹം ബോധരഹിതനായി വീഴുകയും ചെയ്തു.ഇസ്ലാമിലെ ആദ്യത്തെ പ്രഭാഷകനാണ് സ്വിദ്ദീഖ്(റ). അമ്മാര്‍(റ)വും അദ്ദേഹത്തിന്റെ പിതാവ് യാസിര്‍(റ)വും ഉമ്മ സുമയ്യ(റ)യും അടങ്ങുന്ന ‘ആലു യാസിര്‍’ ഏല്‍ക്കേണ്ടിവന്ന ക്രൂരതകള്‍ കരളലിയിപ്പിക്കുന്നതായിരുന്നു. തീയില്‍ പഴുപ്പിച്ച കമ്പിപ്പാര ഗുഹ്യഭാഗത്തു കൂടി അടിച്ചു കയറ്റിയായിരുന്നു സുമയ്യാ ബീവിയെ അബൂ ജഹല് വധിച്ച് കളഞ്ഞത്. ഇസ്ലാമിലെ ആദ്യത്തെ രക്തസാക്ഷിയാണ് മഹതി. ശക്തിയായ ചൂടുള്ള സമയത്ത് ഇരുമ്പിന്റെ പടയങ്കി അണിയിച്ച് മരുഭൂമിയില്‍ കെട്ടിയിട്ടതു മൂലം ശരീരം വെന്തായിരുന്നു യാസിര്‍(റ) വഫാത്തായത്. അവരുടെ മകന് അമ്മാര്‍ എന്നവരെ ക്രൂരമായി മര്‍ദ്ദിച്ചു കൊല്ലുകയായിരുന്നു. എന്നാല്‍ സ്വഹാബത്തിന്റെ ദൃഢമായ വിശ്വാസത്തിനു മുന്നില്‍ ശത്രുക്കള്‍ പരാജയപ്പെട്ടു. വിശ്വാസത്തിന്റെ മാധുര്യം കൊണ്ട് ശത്രു പീഡനങ്ങളത്രയും അവര്‍ക്ക് മുന്നില്‍ നിഷ്ഫലമായി.
എറിഞ്ഞാട്ടിയ ത്വാഇഫ്
പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം നബിജീവിതത്തിലെ ദുഃഖ വര്‍ഷമായിരുന്നു. തന്റെ ജീവിത വഴിയില്‍ താങ്ങും തണലുമായിരുന്ന പ്രയ പത്നിയുടെയും ഖദീജ ബീവിയുടെയും പിതൃവ്യന് അബൂ ത്വാലിബിന്റെയും വിയോഗം പ്രവാചകരെ പ്രയാസത്തിലാക്കി. പിതൃവ്യന്റെ മരണത്തോടെ തന്റെ പിതാവിന്റെ കുടുംബവും പ്രവാചകനെ കൈവെടിഞ്ഞ് തുടങ്ങിയതോടെ ഉമ്മയുടെ കുടുംബം താമസിക്കുന്ന ത്വാഇഫിലേക്ക് സഹായാഭ്യാര്‍ത്ഥനയുമായി ചെന്നു. പക്ഷെ അവിടെയും അവസ്ഥ മറ്റൊന്നായിരുന്നില്ല. പ്രവാചകനെ പരിഹസിക്കുകയും അക്രമികളായ ഭ്രാന്തന്മാരെയും കുട്ടികളെയും നബിക്കു നേരെ തിരിച്ചു വിടുകയും ചെയ്തു. തല്ലിയും കല്ലെറിഞ്ഞും മുത്ത് നബിയെ ത്വഇഫുകാര്‍ ആട്ടിയോടിച്ചു. എങ്ങും പീഡനങ്ങള്‍ മാത്രം. നബി തങ്ങള്‍ നിസ്കരിക്കുന്ന സമയത്ത് ചീഞ്ഞളിഞ്ഞ ഒട്ടകക്കുടല്‍മാലകള്‍ ലണിയിച്ചും, നബിയുടെ തോളിലിരുന്ന ഷാള്‍ കഴുത്തില്‍ വരിഞ്ഞ് മുറുക്കിയും ശത്രുക്കള്‍ അരിശം തീര്‍ത്തു. ഈ പീഡനങ്ങളെയെല്ലാം ക്ഷമാ പൂര്‍വ്വം ഏറ്റെടുത്ത പ്രവാചകര്‍ ഇസ്ലാമിന്റെ നല്ല നാളേക്കായി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു.
ഹിജ്റയുടെ വഴിയില്‍
മക്കയില്‍ മസ്ലിംകള്‍ക്ക് നേരെയുള്ള മര്‍ദ്ദനങ്ങള്‍ അതിന്റെ പാരതമ്യതയിലെത്തി. അവിടം ഇനി ഇസ്ലാമിന് സുരക്ഷാ ഗേഹമല്ലെന്ന് ഉറപ്പായി. ഇസ്ലാമിന്റെ പ്രചണത്തിനും വിശ്വാസികളുടെ സുരക്ഷക്കും മറ്റൊരിടം അനിവാര്യമായി. ഒരു ദിവസം നബി(സ) സഹാബികളോട് പറഞ്ഞു. നിങ്ങള്‍ക്ക് ഹിജ്റ പോകാനുള്ള സ്ഥലം എനിക്ക് അറിയിക്കപ്പെട്ടിരിക്കുന്നു(ബുഖാരി). മക്കയിലെ ജീവിതം ദുഷ്കരമായ സ്ഥിതിയിലായി. അഖബാ ഉടമ്പടി പ്രകാരം മുസ്ലിംകള് മക്കയില്‍ നിന്ന് മദീനയിലേക്ക് പാലായനം തുടങ്ങി. ആരുമറിയാതെ ജനിച്ചു വളര്‍ന്ന നാടും ഭവനങ്ങളും പുണ്യമതത്തിന്റെ സംരക്ഷണത്തിനായി ഉപേക്ഷിച്ചു. ജീവിത്തിലെ മുഴുവന്‍ സമ്പാദ്യങ്ങളെയും ബന്ധുമിത്രാതികളേയും അവര്‍ മക്കയില്‍ ഉപേക്ഷിച്ചു. അബൂസലാമത്താണ് ആദ്യമായി മദീനയിലേക്ക് ഹിജ്റ പോയത്. അദ്ദേഹത്തെ തുടര്‍ന്ന് ഒട്ടേറെ പേര് മദീനയിലേക്ക് യാത്രയായി. സത്യവിശ്വാസികളുടെ ഈ പലായനം മക്കക്കാരെ അസ്വസ്ഥരാക്കി. വിശ്വാസികളുടെ എണ്ണം വര്‍ധിച്ച് അവരുമായി സായുധ സംഘട്ടത്തിന് വന്നേക്കുമോയെന്ന് അവര്‍ ഭയപ്പെട്ടു. അങ്ങനെ ദാറുന്നദ്വയില് യോഗം ചേര്‍ന്ന് മുഹമ്മദിനെ വകവരുത്തുകയല്ലാതെ തങ്ങളുടെ ബഹുദൈവാരാധനയെ സംരക്ഷിക്കാന്‍ മറ്റൊരുമാര്ഗവുമില്ലെന്ന തീരുമാനത്തിലെത്തി. ശത്രുക്കളുടെ തീരുമാനം വഹ്യ് മുഖേന നബി തങ്ങള്‍ അറിഞ്ഞു. മദീനയിലേക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ തന്റെ സന്തതസഹചാരി അബൂബക്കര്‍(റ)വിന് നിര്‍ദ്ദേശം നല്കി. ശത്രുക്കള്‍ വീടുവളഞ്ഞ രാത്രി തന്റെ വിരിപ്പില്‍ ധീരനായ അലി(റ)വിനെ കിടത്തി ഇസ്ലാമിന്റെ ചരിത്രഗതി തിരിച്ചു വിട്ട യാത്രയാണ് മുത്ത് നബി പോയത്. അതും തന്റെ വരവും കാത്തിരിക്കുന്നവരുടെ മണ്ണിലേക്ക്.
സാലിം മണ്ണാര്‍ക്കാട്