പ്രണയ ജീവിതം സാഗര സമാനമാണ്. പ്രണയിനികള്‍ക്കിടയില്‍ അതിര്‍വരമ്പുകള്‍ ഭേതിച്ച് അതൊഴുകിക്കൊണ്ടിരിക്കും. പ്രണയജീവിതങ്ങളുടെ നിത്യസ്മരണകള്‍ ഇന്നും വിള്ളലേല്‍ക്കാതെ നിലനില്‍ക്കുന്നുണ്ട്. ലൈലയെ പ്രണയിച്ച ഖൈസിന്റ പ്രണയ കാവ്യങ്ങളും, മുംതാസിനോടുള്ള അടങ്ങാത്ത പ്രണയത്തില്‍ ഷാജഹാന് തീര്‍ത്ത താജ്മഹലും അതില്‍ ചിലതാണ്. ഇതില്‍ അധികവും നശ്വരമായ പ്രകടനങ്ങളായിരുന്നു. കേവല ശരീര കേന്ദ്രീകൃതമായതും ഇഹലോകത്ത് തന്നെ നേട്ടം അവസാനിക്കുന്നതുമായിരുന്നു. ഇവിടെ ചില പ്രണയങ്ങളുണ്ട്. ഇരു ലോകവിജയത്തിന് നിദാനമായ ദിവ്യ പ്രേമങ്ങള്‍. എന്നാല്‍ തിരു പ്രണയത്തിലൂടെ കാവ്യപ്രപഞ്ചം തീര്‍ത്ത് ഇസ്ലാമിന്റെ വിശുദ്ധവെളിച്ചം പുല്കിയ ഹിന്ദു കവിയുടെ ജീവിതവും മരണവും ശ്രദ്ധേയമായിരുന്നു.
ബ്രട്ടീഷ് ഭരണ കാലത്ത് ഇന്ത്യയില്‍ ജീവിച്ചിരുന്ന ഒരു ഹിന്ദു മഹാ കവിയായിരുന്നു ദില്ലോ റാം. പ്രണയം കൊണ്ട് അദ്ദേഹം ജീവതം തന്നെ മാറ്റി എഴുതി. ലോകത്തിന്റെ മുഴുവന്‍ പ്രണയഭാജനവും പ്രപഞ്ചത്തിന്റെ കൃഷ്ണമണിയുമായ മുത്തുനബിയോടായിരുന്നു കവിയുടെ പ്രേമം. മതങ്ങള്‍ക്കിടയില്‍ മതില് കെട്ടുകള്‍ നിര്‍മിക്കാതെ പരസ്പരം സൗഹാര്‍ദ്ദത്തിലും സാഹോദര്യത്തിലും ജീവിക്കാന്‍ പഠിപ്പിച്ച ലോക ജനതയുടെ നേതാതാവിനെ ഒരു ഹിന്ദു കവി ഇത്രമേല്‍ വര്‍ണ്ണിച്ച് ഇഷ്ടം കാണിച്ചതില്‍ അതിശയപ്പെടാനില്ലെങ്കിലും ആ കാലത്ത് വന്‍ കോളിളക്കങ്ങള്‍ ഉണ്ടാക്കി. അടങ്ങാത്ത പ്രവാചക സ്നേഹം കാവ്യശകലങ്ങളായി ഒഴുകിക്കൊണ്ടിരുന്നു. ഈ വിചിത്രമായ പ്രണയത്തെ തന്റെ സമുദായത്തിലെ ചിലര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. ദിവസങ്ങള്‍ പിന്നിടുന്നതനുസരിച്ച് എതിര്‍പ്പിന്റെ ശക്തി കൂടിക്കൊണ്ടിരുന്നു. ഒരു ദിവസം ദില്ലോറാമിനോട് സുഹൃത്ത് ചോദിച്ചു: “ദില്ലോ റാം താങ്കള്‍ എന്ത് വിഢിത്തമാണീ ചെയ്യുന്നത്. നിങ്ങള്‍ ഒരു ഹിന്ദു ആയിരിക്കെ എന്തിനാണ് മുസ്ലിംകളുടെ പ്രവാകനെ പ്രകീര്‍ത്തിക്കുന്നത്”. അല്പം പോലും വ്യാകുലപ്പെടാതെ അദ്ദേഹം മറുപടി നല്കി. “ക്ഷമിക്കണം എന്നോട് അതുമാത്രം അവസാനിപ്പിക്കാന്‍ പറയരുത്. നബിയുടെ മഹത്വം കവിതകളാക്കാന്‍ ഞാന്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുകയാണ്”. എന്താണ് നിങ്ങളെ അതിന് നിര്‍ബന്ധിക്കുന്നതെന്ന സുഹൃത്തിന്റെ ചോദ്യത്തിന്ന് ദില്ലോ റാം നല്കിയ മറുപടി ശ്രദ്ധേയമായിരുന്നു. “ഞാന്‍ എന്റെ പ്രണയത്താല്‍ സ്വയം നിര്‍ബന്ധിതനായിരിക്കുകയാണ്. ബീവി ഫാത്തിമയുടെ ബാബയുമയുള്ള പ്രണയത്തില്‍ ഞാന്‍ വീണു കഴിഞ്ഞിരിക്കുന്നു”.
പ്രവാചകനോടുള്ള അടങ്ങാത്ത പ്രണയം വിളിച്ചു പറയുന്നതായിരുന്നു അദ്ദേഹത്തിന്റെ കവിതകളത്രയും. മറ്റൊരിക്കല്‍ വിമര്‍ശകരോട് അദ്ദേഹം കവിത കൊണ്ട് സംസാരിച്ചു. നബിയെ പ്രണയിക്കണമെങ്കില്‍ ഒരു മുസ്ലിമാകണമെന്ന ഉപാധിയൊന്നുമില്ല. ഒരാള്‍ തന്റെ മടിയില്‍ സൂര്യനെയും ചന്ദ്രനേയും മറച്ച് പിടിക്കുന്നു. മറ്റൊരാള്‍ തന്റെ കൈകള്‍ കൊണ്ട് നക്ഷത്രങ്ങളെയെല്ലാം ശേഖരിച്ചു വെക്കുന്നു, ലോകത്തുള്ള നിധികളത്രയും ഒരാള്‍ വാരിക്കൂട്ടി അദ്ദേഹത്തിന്റെ കയ്യില്‍ വെക്കുന്നു. എന്നിട്ടെന്നോട് ചോദിക്കുന്നു: നിനക്ക് ചന്ദ്രനെയോ. സൂര്യനേയോ, നക്ഷത്രങ്ങളെയോ, അതോ ഈ ലോകത്തുള്ള മുഴുവന്‍ നിധികളെയോ, എന്താണ് വേണ്ടത്. അപ്പോള്‍ ഞാന്‍ അവരോട് മറുപടി പറയും. ഇവയൊന്നുമല്ല എനിക്ക് വേണ്ടത്? മറിച്ച് മഹമ്മദ് നബി ധരിച്ച ചെരുപ്പ് ഒരു തവണയെങ്കിലും എന്റെ മുഖത്തോട് ചേര്‍ത്ത് വെക്കാന്‍ സാധിക്കുകയാണെനങ്കില് അതാണെനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ സൗഭാഗ്യം”. മറ്റൊരു കവിതയില്‍ അദ്ദേഹം എഴുതുന്നു: “മുഹമ്മദ് നബിയെ പ്രണയിക്കാന്‍ മുസ്ലിമാകണമെന്ന ഉപാധിയൊന്നുമില്ല. ദില്ലോ റാം മുഹമ്മദ് നബിയെ അന്വേഷിക്കുന്ന ഒരു ഹിന്ദുവായ മനുഷ്യനാണ്. ലോകത്തിന്റെ സൃഷ്ടാവയ അള്ളാഹു പോലും മുഹമ്മദിനെ തേടുന്നുണ്ട്. അല്ലാഹുവാണ് സത്യം, മുമ്മദ് നബിയുടെ ബസാര്‍ എത്ര വലിയ ആനന്ദപൂരിതമാണ്”.
കൂടുതല്‍ മനോഹരമായി ദില്ലോറാം നബിയെ വര്ണ്ണിക്കുന്നതിനനുസരിച്ച് സുഹൃത്തുക്കളുടെ വിദ്വേഷവും കൂടിവന്നു. അവര്‍ അദ്ദേഹത്തെ വിട്ടു പോയി. മുഴുവന്‍ എതിര്‍പ്പുകളോടും ദില്ലോറാം മുഖം തിരിഞ്ഞു നിന്നു. പ്രവാചകനോടുള്ള അനിര്‍വചനീയമായ പ്രണയം ദൈനംദിനം വര്‍ദ്ധിച്ച് കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ കവിതകളത്രയും നബിയില്‍ മാത്രം കേന്ദ്രീകരിച്ച് തുടങ്ങി. ഒരിക്കല്‍ അദ്ദേഹം രചിച്ച ഒരു നാലുവരിക്കവിത ഹിന്ദുക്കളും മുസ്ലിംകളുമടങ്ങുന്ന ഇന്ത്യന്‍ ജനതയെ രോഷാകുലരാക്കി. ‘ലോകജനതക്ക് മുഴുവന്‍ കാരുണ്യമാണ് മുഹമ്മദ് നബിയെന്ന് വിചാരണ നാളില്‍ എല്ലാവര്ക്കും ബോധ്യപ്പെടും. അന്ന് എല്ലാവരും പ്രവാചകന്റെ കൂടെയായിരിക്കും. ഹിന്ദുവായ ഈ ദില്ലോറാമിനേയും പ്രവാചകന് കൈപിടിച്ച് സ്വര്‍ഗത്തിലേക്ക് കൊണ്ട് പോകുമ്പോള്‍ ബോധ്യപ്പെടും പ്രവാചകന്റെ കാരുണ്യംچ. ദില്ലോറാമിന്റെ തുടര്‍ച്ചയായ സ്തുതി പാടലുകള്‍ ഹിന്ദുക്കളെ രോഷാകുലരാക്കിയപ്പോള്‍ അന്ത്യനാളിനെ കുറിച്ചും ഒരു ഹിന്ദുവായ അദ്ദേഹത്തെ മുഹമ്മദ് നബി സ്വര്‍ഗത്തിലേക്ക് ആനയിക്കുമെന്നുമുള്ള അവകാശപ്പെടലുകളും മുസ്ലിംകളെ അലോസരപ്പെടുത്തി. അദ്ദേഹം തന്റെ പ്രണയത്തില്‍ സ്വയം മറന്ന് പലതും പ്രവര്‍ത്തിച്ച് തുടങ്ങി. ഒരു ദിവസം അദ്ദേഹം തന്റെ കഴുത്തിലും കാലിലും ചങ്ങലകള്‍ ചുറ്റിക്കെട്ടിക്കൊണ്ട് ഡല്‍ഹി പട്ടണത്തിന്റെ മധ്യത്തില്‍ നിന്ന് വഴിപോക്കന്മാരോടായി വിളിച്ച് പറഞ്ഞു. “ഓ..സഹോദരീ സഹോദരന്മാരെ, ഓ..ജന സമൂഹമേ ഒന്ന് ശ്രദ്ധിക്കൂ…മുഹമ്മദ് നബി അല്ലാഹുവിവിന്റെ പ്രണയ പ്രപഞ്ചമാണ്. അല്ലാഹുവിന്റെ ഏക പ്രേമഭാജനമാണ്. അള്ളാഹു നിങ്ങളെ ആരെയെങ്കിലും സ്നേഹിക്കുന്നുവെങ്കില്‍ അത് അവന്റെ സ്നേഹദൂതന്‍ മുഹമ്മദ് നബി കാരണമായിട്ടാണ്. അല്ലാഹുവിന്റെ സ്നേഹലോകത്തെ സുല്‍ത്താനാണ് മുഹമ്മദ് നബി. അവരാണ് ഉന്നതര്‍ക്കിടയിലെ അത്ത്യുന്നതന്, അവരാണ് രാജാക്കന്മാരുടെ രജാവ്”. ഈ വാക്കുകള്‍ കേട്ട് അരിശം മൂത്ത ചില ആളുകള്‍ അദ്ദേഹത്തെ കല്ലെറിയാന്‍ തുടങ്ങി. ശരീരം മുഴുവനും രക്തത്തില്‍ കുളിച്ചിട്ടും പ്രവാചകനോടുളള അഗാതമായ പ്രണയമൂലം ഒന്നും സംഭവിക്കാത്തവനെ പോലെ സ്വയം മറന്ന് തന്റെ വാക്കുകള്‍ തുടര്‍ന്ന് കൊണ്ടിരുന്നു.
ദില്ലോറാമിന് വാര്‍ധക്യ സഹചമായ രോഗം പിടിപെട്ടു തുടങ്ങി. തന്റെ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത വിധം അവശനായി. രോഗ വിവരം പത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുണഗാംക്ഷികളും കൂട്ടുകാരും വീട്ടുകാരും അദ്ദേഹത്തിന്റെ കവിതകളെ സനേഹിക്കുന്നവരും എഴുത്തുകാരും സന്ദര്‍ശകരായി എത്തിത്തുടങ്ങി. തന്റെ വീടിന്റെ ഉമ്മറപ്പടിയിലേക്ക് തുറിച്ച് നോക്കിക്കൊണ്ടിരിക്കെ പെട്ടെന്ന് അദ്ദേഹത്തിന്റെ മുഖത്ത് സന്തോഷം പ്രകടമായി. തന്റെ കട്ടിലില്‍ നന്നും ചാടി എഴുന്നേറ്റു. കൈകള്‍ രണ്ടും ഉയര്‍ത്തിപ്പിടിച്ച് അട്ടഹസിക്കാന് തുടങ്ങി. താങ്കള്‍ക്കിതെന്തു പറ്റി, ചുറ്റും തടിച്ച് കൂടിയവര്‍ അത്ഭുതത്തോടെ ചോദിച്ചു. അദ്ദേഹം സന്തോഷക്കണ്ണീര് പൊഴിച്ച് കൊണ്ട് ഉറക്കെ വിളിച്ച് പറഞ്ഞു. “ദില്ലോ റാം ഇതു വരെ ആരുടെ സ്തുതിഗീതങ്ങളാണോ രചിച്ചത് ആ വ്യക്തി ഇന്നെന്റെ അടുത്ത് വന്നിരിക്കുന്നു. ഞാന്‍ അദ്ദേഹത്തിന്റെ മതം സ്വീകരിക്കാത്തവനായിട്ട് പോലും, ഫാത്തിമയുടെ പിതാവ് ഇന്നെന്നെക്കാണാന്‍ വന്നിട്ടുണ്ട്!. എത്ര ഔദാര്യവാനാണ് എന്റെ പ്രേമഭാജനം!.” ദില്ലോ റാം പ്രവാചകനുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. അദ്ദേഹം തന്റെ മരണത്തെ മുന്നില്‍ കണ്ടു. തന്റെ പ്രേമഭാജനം ഈ സമയത്ത് പ്രത്യക്ഷപ്പെട്ടതില്‍ അതിയായി സന്തോഷിച്ചു. ദില്ലോറാമിനെ പോലെ തന്റെ സ്തുതിപാടിയവരെ ആരെയും നബി(സ്വ) നരകാഗ്നിയിലേക്ക് വലിച്ചെറിയപ്പെടാന്‍ ഇഷ്ടപ്പെടുന്നില്ല. തിരുനബി തന്റെ കൂടെ ദില്ലോറാമിനെയും സ്വര്‍ഗത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുമെന്ന് അവിടെ കൂടിയവര്‍ക്ക് ബോധ്യപ്പെട്ടു. അദ്ദേഹം പൊട്ടിക്കരഞ്ഞു. ശഹാദത്ത് കലിമ ഉച്ചത്തില്‍ ഉരുവിട്ടു കൊണ്ട് വിശുദ്ധ ഇസ്ലാം സ്വീകരിച്ചു. എന്നിട്ടദ്ദേഹം തന്റെ അവസാനത്തെ ആഗ്രമായി പ്രവാചകനോടാവശ്യപ്പെട്ടു: “നബിയേ…അങ്ങ് പഠിപ്പിച്ചു തന്ന ശഹാദത്ത് ഞാന്‍ ഉരുവിട്ടു. അത്കൊണ്ട് അങ്ങ് തന്നെ എനിക്കൊരു മുസ്ലിം നാമം കൂടി നല്‍കണം”. പ്രവാചകന് അദ്ദേഹത്തിന് കൗസര്‍ അലി കൗസരി എന്ന് നാമകരണം നല്കി. പ്രവാചക പ്രകീര്‍ത്തനം കൊണ്ട് ജീവിതം ദന്യമാക്കിയ ദില്ലോ റാം ഇസ്ലാമിന്റെ വെളിച്ചം പുല്കി അല്ലാഹുവിലേക്ക് മടങ്ങി. പിന്നീട് അദ്ദേഹം ഇന്ത്യയിലെ പരമ്പരാഗത സുന്നീ കുടുംബവും പ്രവാചക പ്രകീര്‍ത്തനം ജീവിത ചര്യയുമാക്കിയ ബറേല്‍വി കുടുംബത്തോടൊപ്പം അറിയപ്പെട്ടു. പില്ക്കാലത്ത് ദില്ലോ റാം കൗസരി എന്ന പേരിലും അദ്ദേഹം പ്രസിദ്ധനായി.
സാലിം മണ്ണാര്‍ക്കാട്