മദീനയില്‍ മുത്തുനബിയും സ്വഹാബത്തും ശാമില്‍ നിന്നു മടങ്ങിയെത്തുന്ന അബൂസുഫ്യാനെയും സംഘത്തെയും കാത്തിരിക്കുകയാണ്. ശാമിലേക്ക് പുറപ്പെട്ടപ്പോള്‍ തടയാന്‍ ശ്രമിച്ചെങ്കിലും പക്ഷേ പിടികൂടാന്‍ സാധിച്ചിരുന്നില്ല. മുസ്ലിങ്ങളുടെ എല്ലാ സ്വത്തുക്കളും കൊള്ളയടിച്ചവരാണവര്‍. കൈവശമുണ്ടായിരുന്ന എല്ലാം അന്യാധീനപ്പെട്ടാണ് സ്വഹാബത്ത് മദീനയിലേക്ക് ജീവന് രക്ഷാ കുടിയേറിയത്. ഖുറൈശികളുടെ അക്രമണങ്ങള്‍ അസഹനിയമാം വിധം തുടര്‍ന്നപ്പോള്‍ പ്രതിരോധിക്കാനുള്ള അനുമതി അല്ലാഹു നല്കി. ഈ പ്രതിരോധത്തിന്റെ ഭാഗമായിരുന്നു അബൂസുഫ്യാനെയും സംഘത്തേയും വഴിയില്‍ തടയുക എന്നത്.
അബൂ സുഫ്യാന്റെ ചലനങ്ങള്‍ അറിയാന്‍ മുത്തുനബി ദൂതരെ പറഞ്ഞയച്ചു. ശാമില്‍ നിന്നും പുറപ്പെട്ട വിവരമറിഞ്ഞപ്പോള്‍ മുത്തുനബി പുറപ്പെടാനൊരുങ്ങി. കേവലം മുന്നൂറ്റിപതിമൂന്ന് പേര് അടങ്ങുന്ന ഈ സംഘത്തിന്റെ ലക്ഷ്യം യാത്രാസംഘത്തെ തടയുക എന്നുമാത്രമായിരുന്നു. യാത്രാ സംഘത്തിന്റെ ഗതി വിവരങ്ങളറിയാന്‍ മുത്തുനബി രണ്ടാളുകളെ മുന്നേ പറഞ്ഞയച്ചു. പക്ഷേ, അബൂ സുഫ്യാന് ബ്നു ഹര്‍ബ്, വളരെ തന്ത്രജ്ഞനും കുശാഗ്ര ബുദ്ധിശാലിയുമായിരുന്നു. മുത്തുനബിയുടെ ചലനങ്ങള്‍ അദ്ദേഹം അറിയുന്നുണ്ടായിരുന്നു. ശാമില്‍ നിന്നുള്ള വഴിമദ്ധ്യേ കണ്ടുമുട്ടുന്ന ഓരോ യാത്ര സംഘത്തോടും അദ്ദേഹം വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടേയിരുന്നു. ളംളമു ബ്നു അംറില്‍ ഗിഫാരിയെ നേരിടുന്ന പ്രതിസന്ധികള്‍ ഖുറൈശി പ്രമുഖരെ അറിയിക്കാന്‍ നിയോഗിച്ചു. ആതിക ബിന്ത് അബ്ദുല്‍ മുത്ത്വലിബ് മുത്ത് നബിയുടെ അമ്മായിയായിരുന്നു. അബൂ സുഫ്യാന്റെ സംഘത്തെ മുഹമ്മദ് തടയുന്നതുമായി ബന്ധപ്പെട്ട് അവര്‍ ഒരു സ്വപ്നം കാണുകയും ഖുറൈശികളെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേവലം വിരലിലെണ്ണാനാവുന്ന മുസ്ലിംകളെങ്ങനെ അബൂസുഫ്യാനെ തടയാനാകുമെന്ന് ചോദിച്ച് ആതികയെ അവര്‍ പരിഹസിച്ച് ചിരിച്ചു. അതിനിടയിലേക്കായിരുന്നു ളംളമിന്റെ വരവ് . അബൂ സുഫ്യാന്റെ സന്ദേശം കേട്ട സ്വപ്നത്തിന്റെ സത്യാവസ്ഥ അവര്‍ തിരിച്ചറിഞ്ഞു. ഉടന്‍ തന്നെ അറബികളിലെ എല്ലാ ഗോത്ര വിഭാഗങ്ങളേയും അബൂജഹ്ല് ഒരുമിച്ചുകൂട്ടുകയും യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്തു. ബനൂ അദിയ്യ് ഗോത്രം മാത്രം വിട്ട് നിന്നു. അന്ന് സംഘത്തിലുണ്ടായിരുന്ന ബനൂഅദിയ്യ് ഗോത്രവുമായി ശത്രുതയിലായത് കൊണ്ട് അവരുടെ കാര്യത്തില്‍ മറ്റുള്ളവര്‍ക്ക് പേടിയായിരുന്നു. പക്ഷേ, സുറാഖതു ബ്നു മാലികിന്റെ രൂപത്തിലെത്തിയ ഇബ്ലീസ് അവര്‍ക്ക് ഊര്‍ജ്ജം നല്കി. നൂറു കുതിരകളും അറുനൂര്‍ പടയങ്കികളുമടക്കം ആയിരത്തിമുന്നൂര് പേരുമായി ആ സൈന്യം മുസ്ലിങ്ങള്‍ക്കെതിരെ യുദ്ധത്തിന് പുറപ്പെട്ടു.
മുത്ത്നബിയും സ്വഹാബത്തും ബദ്റിലാണെന്നറിഞ്ഞ അബൂ സുഫ്യാന് തന്റെ റൂട്ട് മാറ്റിപ്പിടിച്ചു. യാത്രാസംഘം വഴിമാറി സഞ്ചരിച്ചതറിഞ്ഞ് മുത്തുനബി മടങ്ങാനൊരുങ്ങി. പക്ഷേ, അബൂജഹ്ല് യുദ്ധം ചെയ്യാന്‍ തന്നെ തീരുമാനിച്ചു. അഖ്നസുബ്നു ശുറൈഖിന്റെ നേതൃത്വത്തിലുള്ള ബനൂ സഹ്റ് ഗോത്രം യുദ്ധത്തെ എതിര്‍ക്കുകയും യാത്ര തിരിക്കുകയും ചെയ്തു.
എല്ലാ കാര്യങ്ങളും സ്വഹാബത്തുമായി മുത്തുനബി കൂടിയാലോചിച്ചു. മദീനയിലെ അന്‍സ്വാരികള്‍ മുത്തുനബിക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായിരുന്നു. അന്‍സ്വാരികളുടെ നേതാവായ സഅ്ദ് ബ്നു മുആദ്(റ) എണീറ്റ് നിന്ന് ഞങ്ങള്‍ എന്തിനും തയ്യാറാണെന്നറിയിച്ചപ്പോള്‍ മുത്തുനബിയുടെ സന്തോഷത്തിനതിരില്ലായിരുന്നു. ബദ്റില്‍ മുത്തുനബിക്ക് വേണ്ടി പ്രത്യേകം തമ്പ് തയ്യാറാക്കാന്‍ അവര്‍ തീരുമാനിച്ചു. പക്ഷേ, മുത്തുനബിക്ക് സംരക്ഷണം നല്കാന് ധൈര്യമുള്ളയാള്‍ ആരുണ്ട്? അലി(റ) ഉടന്‍ തന്നെ ഉത്തരം നല്കി. ഏറ്റവും ധൈര്യശാലി സ്വിദ്ദീഖ്(റ) ആണ്. മുത്തുനബിയുടെ ടെന്റില്‍ സ്വിദ്ദീഖ്(റ) വും കൂടാരത്തിനു പുറത്ത് സഅദു ബ്നു മുആദ്(റ) വിന്റെ നേതൃത്വത്തിലുള്ള സംഘവും കാവല്‍ നിന്നു. അന്നു രാത്രി ശൈത്വാന്റെ പ്രേരണയാല്‍ സ്വഹബത്തില്‍ ഭൂരിഭാഗം പേര്‍ക്കും സ്ഖലനമുണ്ടായി. എന്നാല്‍ അല്ലാഹു മഴ വര്‍ഷിപ്പിച്ച് എല്ലാവരേയും ശുദ്ധിയാക്കി. ഖുറൈശി പ്രമുഖര്‍ മരിച്ച് വീഴുന്ന സ്ഥലം മുത്തുനബി സ്വഹാബത്തിന് മുന്‍കൂട്ടി കാണിച്ച് കൊടുത്തു. മറുവശത്ത് ഖുറൈശികള്‍ അണിനിരന്നു. മുസ്ലിങ്ങളുടെ സൈന്യത്തിന്റെ വിശേഷണങ്ങളറിയാന് ഉമറു ബ്നു വഹബിനെ നിയോഗിച്ചു. മുന്നൂര് പേര് മാത്രമെങ്കിലും ജീവന് കൊയ്യാന്‍ പര്യാപ്തരാണവര്. അവര്‍ക്ക് വാളുകളാണ് ആയുധം. ധൈര്യശാലികളാണവര്‍ വിവരണങ്ങള്‍ കേട്ട് പലരിലും ഭയാനകത മുളപൊട്ടി. യുദ്ധത്തിന് ആദ്യം തിരികൊളുത്തിയത് അസ്വദ് ബ്നു അബ്ദില്‍ അസദില്‍ മഖ്സൂമി ആയിരുന്നു. മുത്തുനബിയുടെ കിണറില്‍ നിന്നും വെള്ളമെടുക്കാന്‍ തുനിഞ്ഞ അസ്വദിനെ തല്‍ക്ഷണം ഹംസ(റ) അരിഞ്ഞു വീഴ്ത്തി. ഇത് കണ്ട് ഉത്ബതും, ശൈബതും പിന്നെ വലീദും മുന്നോട്ട് വന്നു. നേരിടാനൊരുങ്ങിയ അന്‍സ്വാരികളെ തടഞ്ഞു നിര്‍ത്തി ഉബൈദ്, അലി, ഹംസ(റ) മുന്നോട്ട് വന്നു. മുത്തുനബിയോട് കൂടുതല്‍ അടുപ്പമുള്ളവരായിരുന്നല്ലോ അവര്‍.
തങ്ങളുടെ പക്ഷത്ത് കൊല്ലപ്പെട്ടത് കണ്ട് ദേഷ്യം വന്ന ശത്രു പക്ഷം ഇളകി പുറപ്പെട്ടു. ഈ സമയം മുത്തുനബി ടെന്റില്‍ പ്രാര്‍ത്ഥനാനിരതനായിരുന്നു. വളരെ വിനയാന്വിതനായി അവിടുന്ന് കരഞ്ഞ് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു കൊണ്ടേയിരുന്നു. ചുമരിലെ ഷാള്‍ താഴെ വീണു. അല്ലാഹുവേ, ഈ സംഘം ഇല്ലാതായാല്‍ നിനക്ക് ആരാധിക്കാന്‍ ഇനിയൊരാള്‍ ഉണ്ടാകുകയില്ലെന്ന് പറഞ്ഞു. ഉടന്‍ നബി തങ്ങള്‍ ബോധരഹിതനായി. ഉണര്‍ന്നയുടന്‍ അവിടുന്ന് വിളിച്ചു പറഞ്ഞു. ഓ അബൂബക്കര്‍, സന്തോഷിച്ചോളൂ. ജിബ്രീല്‍ സഹായവുമായി എത്തിയിരിക്കുന്നു. അവിടുത്തെ സന്തോഷത്തിനതിരില്ലായിരുന്നു. ആയിരം മലക്കുകളും നേതാവായി ജിബ്രീലുമാണ് യുദ്ധം ചെയ്യാനെത്തിയിരിക്കുന്നത്. മുത്തുനബി പുറത്തിറങ്ങി. കുറച്ചു മണ്ണുവാരി ശത്രുപക്ഷത്തിനു നേരെയെറിഞ്ഞു. ശത്രുക്കളുടെ കണ്ണിലും വായിലും മൂക്കിലും മണ്ണു ചെന്നത്തി.
സ്വഹാബത്ത് വളരെ ആവേശത്തിലായിരുന്നു. രക്തസാക്ഷിയായാല്‍ സ്വര്‍ഗമാണ് മുത്തുനബി വാഗ്ദാനം ചെയ്തിരിക്കുന്നത്. സ്വര്‍ഗം വാഗ്ദാനം ചെയ്ത് ഒരു കാരക്ക പോലും തിന്ന് സമയം കളയാന്‍ തയ്യാറാകാതിരുന്ന സ്വഹാബിയാണ് ഉമൈറുബ്നുല് ഹമാം. വെട്ടുകൊളളാതിരിക്കാന് പടയങ്കിയണിയുന്നത് ഭീരുത്വമാണെന്ന് തിരിച്ചറിഞ്ഞ ഔഫു ബ്നു ഹാരിസ്(റ) വും രക്തസാക്ഷിയാകും വരെ സധീരം പോരാടിയ സ്വഹാബിയാണ്. ചെറിയ കുഞ്ഞുങ്ങളായ മുആദും മുഅവ്വിദും ഖുറൈശി തലവന്‍ അബൂജഹ്ലിന്റെ തലയരിഞ്ഞതിലപ്പുറം മാനക്കേട് ശത്രുക്കള്‍ക്ക് ഉണ്ടായിട്ടുണ്ടാവില്ല. മുത്തുനബി പറഞ്ഞതെല്ലാം അക്ഷരം പ്രതി സത്യമാകുകയായിരുന്നു അന്നവിടെ. വിശ്വാസ ദാര്‍ഢ്യം ഒന്നുകൊണ്ടുമാത്രം യുദ്ധം ചെയ്ത് ആയിരക്കണക്കിനു വരുന്ന വന്‍ സൈന്യ വ്യൂഹത്തിനെ തോല്‍പ്പിച്ച ആ ദിനം സത്യത്തെയും അസത്യത്തെയും വേര്‍തിരിച്ചു കാണിച്ചു. അതാണ് യൗമുല്‍ ഫുര്‍ഖാന്‍!!
സാലിം നൈന മണ്ണഞ്ചേരി