വിശുദ്ധ റമളാന്‍ വിശ്വാസി ലോകത്തിന് അല്ലാഹു കനിഞ്ഞു നല്കിയ അനുഗ്രഹമാണ്. പതിനൊന്നു മാസത്തെ സുഖ-പാന ഭോജനാസ്വാദനത്തില്‍ പരിലസിച്ച് ശരീരവും മനസ്സും മലീമസമായി നില്ക്കുമ്പോള് പശ്ചാതാപങ്ങളിലൂടെ തെറ്റുകള്‍ കരിച്ചു കളയാനും ആത്മീയോന്നതി കരസ്ഥമാക്കാനുമുള്ള സുവര്‍ണ്ണാവസരമാണ് റമളാനിലൂടെ നമുക്ക് ആഗതമാവുന്നത്. മറ്റു കര്‍മ്മങ്ങളെ അപേക്ഷിച്ച് അല്ലാഹു എന്റേതെന്ന് വിശേഷിപ്പിച്ച കര്‍മ്മമാണ് വ്രതം. നാഥന്റെ പ്രീതി കരസ്ഥമാക്കാന്‍ പകല്‍ സമയം വിശപ്പും ദാഹവും സഹിച്ചു കൊണ്ടും രാത്രിയില്‍ നിന്നു നിസ്കരിച്ചു കൊണ്ടും അല്ലാഹുവിന്റെ വിരുന്നില്‍ പങ്കാളികളാവുകയുമാണ് വിശ്വാസി സമൂഹം.
മുപ്പത് ദിവസത്തെ വിശപ്പിലൂടെയും ഇച്ഛാനിയന്ത്രണത്തിലൂടെയും ശരീരത്തിന് എതിരു ചെയ്യാനുള്ള ഊര്‍ജ്ജവും ആത്മീയാനുഭൂതിയും സാധകരില്‍ വളരുന്നു. പകല്‍ സമയത്തെ പട്ടിണി ദരിദ്രനും ധനികനുമിടയിലെ അനുഭവകൈമാറ്റത്തിന്റെ മാധ്യമമാണ്. പതിനൊന്ന് മാസവും വയറു നിറച്ച് സുഖലോലുപതയില്‍ കഴിഞ്ഞവന് വിശപ്പിന്റെ എരിവും പുളിയും അനുഭവിക്കാനും പാവപ്പെട്ടവനോട് കരുണ കാണിക്കാനും വ്രതം കാരണമായിത്തീര്‍ന്നു. ഭക്ഷണം വികാരോദ്ദീപനത്തിനുള്ള കാരണമാണ്. മനുഷ്യനെ ആത്മീയമായും ശാരീരികമായും നശിപ്പിക്കുന്നത് അവന്റെ ആമാശയ പ്രശ്നങ്ങളാണ്. മനുഷ്യകുലത്തിന്റെ മാതാപിതാക്കളുടെ ചിന്ത പോയത് ഈ തീറ്റക്കാര്യത്തിലേക്കാണ് (ഇഹ്യ, ഇത്ഹാഫ് 7/385). ഭക്ഷണസമൃദ്ധിയും ഭക്ഷണധൂര്‍ത്തും മനുഷ്യന് എന്നും വിനാശമേ വരുത്തിയിട്ടുള്ളൂ. അത്കൊണ്ട് തന്നെയാണ് സാധകര്‍ ദൈവപ്രീതി കരസ്ഥമാക്കാന്‍ പകല്‍ സമയം മുഴുവന്‍ വിശന്നിരിക്കുന്നത്. അപ്പോഴേ റയ്യാനാകുന്ന സ്വര്‍ഗ്ഗീയ കവാടത്തിലൂടെ പ്രവേശനം സാധ്യമാകൂ.
ഭക്ഷണം കഴിക്കുന്നത് സകലതിന്മകളുടെയും ഉറവിടമായിട്ടാണ് ഇമാം ഗസ്സാലി(റ) വിനെ പോലെയുള്ള മഹാന്മാര് വീക്ഷിക്കുന്നത്. നബി(സ്വ) ആഇശാ ബീവി(റ) യോട് പറഞ്ഞു. സ്വര്‍ഗ്ഗത്തിന്റെ വാതിലില്‍ നീ നിരന്തരം മുട്ടുക. ആഇശാ(റ) ചോദിച്ചു. എന്തുകൊണ്ടാണ് സ്വര്‍ഗ്ഗവാതില്‍ മുട്ടേണ്ടത്? നബി(സ്വ) പറഞ്ഞു. വിശപ്പുകൊണ്ട്(ഇഹ്യ, ഇത്ഹാഫ് 7/232). മനുഷ്യകുലത്തില്‍ ഏറ്റവും ഉന്നതര്‍ ആരാണെന്ന ചോദ്യത്തിനു നബി(സ്വ) യുടെ മറുപടി അല്‍പ്പം മാത്രം ഭക്ഷണം കഴിക്കുകയും അല്‍പ്പം മാത്രം ചിരിക്കുകയും ചെയ്യുന്നവരാണ് എന്നായിരുന്നു.
ഉദരത്തിന്റെ നിറവാണ് സര്‍വ്വ തെറ്റുകളുടെയും കാരണം. ലൈംഗികവികാരങ്ങളിലേക്കും അനാവശ്യചിന്തകളിലേക്കും ഇത് മനുഷ്യനെ കൊണ്ടെത്തിക്കുന്നു. നോമ്പ് മനസ്സിന്റെയും ഹൃദയത്തിന്റെയും സംസ്കരണ പ്രകിയയാണ്. വിശപ്പിലൂടെ മാത്രമേ ഈ ഒരു സംസ്കരണം സാധകന് സാധ്യമാകൂ. നോമ്പ് ഒരു പരിചയാണ് എന്ന തിരു വാക്യം പട്ടിണിയിലൂടെ ശരീരത്തിന്റെ വികാരങ്ങള്‍ തടുത്തു നിര്‍ത്തുവാനുള്ള കല്പ്പനയാണ്. നോമ്പുകാരന്റെ പകല്‍ സമയം സമര്‍പ്പണത്തിന്റേതാണ്. വരുന്ന പതിനൊന്നു മാസത്തേക്കുള്ള ആത്മീയ ചൈതന്യം ഈ ഒരൊറ്റ മാസം കൊണ്ട് നേടിയെടുക്കണം. പൈശാചികതയെ പൊരുതി തോല്‍പ്പിക്കാനുള്ള ഉള്‍ക്കരുത്തും വിശപ്പിലൂടെ സാധകന് കരസ്ഥമാകുന്നു. നോമ്പ് വെറുമൊരു ചടങ്ങ് മാത്രമാകരുത്. വിശപ്പ് അവനെ ചിന്തിപ്പിക്കണം. സുലഭമായി ഭക്ഷണപാനീയങ്ങള്‍ തരുന്ന അല്ലാഹുവിനെ കുറിച്ച് അവന്റെ അനന്തമായ അനുഗ്രഹങ്ങളെക്കുറിച്ച് നോമ്പുകാരന് എപ്പോഴും ബോധവാനായിരിക്കണം. നന്ദിയുടെ തിരുവചനങ്ങള്‍ അവന്റെ നാവിലൂടെ നിരന്തരം ഉരുവിടണം.
ഇമാം തിര്‍മുദി ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ കാണാം. സ്വര്‍ഗത്തില്‍ ഒരു കൂട്ടം ആളുകളെ അല്ലാഹു സമ്പന്നവും സമ്പുഷ്ടവുമായ ഭക്ഷണം നല്കി ആദരിക്കും. ആശ്ചര്യപൂര്‍വ്വം അവരെ വീക്ഷിക്കുന്നവരോട് അല്ലാഹു പറയും. എല്ലാവരും വയറുനിറച്ച് ഭക്ഷിച്ചപ്പോള്‍ എനിക്ക് വേണ്ടി ഭക്ഷണപാനീയങ്ങള്‍ നിയന്ത്രിച്ചവരാണവര്. ഐഹിക ലോകത്തെ കേവലം വിശപ്പിന് പാരത്രിക ലോകത്ത് അല്ലാഹു ഒരുക്കി വെച്ചിട്ടുള്ള പ്രതിഫലത്തിന്റെ ആധിക്യം അവര്‍ണ്ണനീയമാണ്. വിശപ്പിലൂടെ ശരീരത്തിലെ മുഴുവന്‍ അവയവങ്ങളെയും പിശാചിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും അകറ്റിനിര്‍ത്താനുള്ള പ്രത്യേകമായ ഊര്‍ജ്ജം നോമ്പുകാരന് സാധ്യമാകുന്നു. പിശാചിന്റെ സമ്മര്‍ദ്ധങ്ങളെ വിശപ്പിലൂടെ നിങ്ങള്‍ പ്രതിരോധിച്ചോളൂ എന്ന തിരുവചനം പിശാചിനെതിരെയുള്ള ഒരായുധമായാണ് നബി(സ്വ) വിശപ്പിനെ വര്‍ണ്ണിച്ചത്.
പിശാച് മനുഷ്യന്റെ എക്കാലത്തെയും ശത്രുവാണ്. എല്ലാ പിശാചുക്കളും മനുഷ്യരെ തെറ്റിലേക്കു പിടിച്ചു വലിക്കുന്നു. ഈ പിടിയില്‍ നിന്ന് കുതറിമാറാനുള്ള ആയുധമായി പ്രവാചകര്‍ പഠിപ്പിക്കുന്നത് വിശപ്പ് സഹിക്കലാണ്.
അമിതമായ തീറ്റയും കുടിയും ആത്മീയശോശണത്തിന് മാത്രമല്ല, നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമായിത്തീരും. പരിധി വിട്ട് ഉറങ്ങുകയും തിന്നുകയും കുടിക്കുകയും ചെയ്യുന്നവരോടായിരിക്കും അന്ത്യനാളില്‍ അല്ലാഹുവിന് ഏറ്റവും ദേഷ്യമുണ്ടാവുക എന്ന ഹദീസ് വയര്‍ നിറക്കുന്നതിനെതിരെയുള്ള ശക്തിയായ താക്കീതാണ്. വിശുദ്ധമാസം തീറ്റയുടെയും ഉറക്കിന്റെയും മാസമായി മാറരുത്. ഓരോ നിമിഷത്തിലും പ്രതിഫലം വാരിക്കൂട്ടാനുള്ള തിരക്കിലായിരിക്കണം നോമ്പുകാരന് ശ്രദ്ധചെലുത്തേണ്ടത്. മറ്റെല്ലാ മാസങ്ങളേക്കാളും വിഭവസമൃദ്ധമായ ഭക്ഷണപാനീയങ്ങളാല്‍ വയറുനിറച്ചിരിക്കാനല്ല ഇസ്ലാമിന്റെ കല്‍പ്പന. മിതാഹാരത്തിലൂടെ ആരാധനയുടെ ആത്മീയാനുഭൂതി കരസ്ഥമാക്കാനാണ് തിരുകല്‍പ്പനകള്‍.
നോമ്പ് ത്യാഗമാണ്. തനിക്കേറ്റവും ഇഷ്ടപ്പെട്ട ഭക്ഷണപാനീയവും ഇണയും അടുത്തുണ്ടായിട്ടും ദൈവത്തിന് വേണ്ടി എല്ലാം വേണ്ടെന്നുവെക്കുന്നതിലൂടെ ദൈവപ്രീതിയും അവനില്‍ നിന്നുള്ള പ്രതിഫലവും നോമ്പുകാരന് കരസ്ഥമാകുന്നു. നാഥന്റെ അനന്തമായ പ്രതിഫലമോര്ത്തു കൊണ്ട് ഭക്ഷണപാനീയങ്ങളെ ഉപേക്ഷിച്ചവന് കണക്കില്ലാത്ത പ്രതിഫലമാണ് അല്ലാഹു വാഗ്ദത്വം ചെയ്യുന്നത്. നോമ്പിന്റെ ആത്മാവ് പിശാചിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പാണ്. അധമ വികാരങ്ങളുടെ അദീശത്വത്തില് നിന്ന് കുതറി മാറി ഇലാഹീ സ്മരണയിലേക്ക് ഹൃദയത്തെയും മനസ്സിനെയും തിരിക്കാനാണ് സാധകന് മുന്നിട്ടു വരേണ്ടത്. തിരുനബി(സ്വ) പറഞ്ഞു.എത്രയെത്ര നോമ്പുകാര്‍! നോമ്പുകാലം അവര്‍ക്ക് വിശപ്പും ദാഹവുമല്ലാതെ ഒന്നുമില്ല(നസാഈ) എന്ന തിരുവചനം നമ്മെ ചിന്തിപ്പിക്കണം. വികാരങ്ങള്‍ക്ക് കടിഞ്ഞാണിടാതെ കേവലം പട്ടിണികൊണ്ട് യാതൊരു ഫലവുമില്ല. പട്ടിണി ആത്മീയൗന്നിത്യത്തിലേക്കുള്ള വളര്‍ച്ചയുടെ പ്രചോദനമായി മാറണം. ഭൗതിക മോഹങ്ങളില്‍ നിന്നും ഐഹിക താല്പര്യങ്ങളില് നിന്നും മനസ്സിനെ മുക്തമാക്കി അല്ലാഹുവിന്റെ തിരുസവിധത്തിലേക്കുള്ള ആത്മീയ മിഅ്റാജിനായി മൃതി ഒരുങ്ങി തയ്യാറാവണം. കേവലം പട്ടിണി മൂലം നോമ്പിന്റെ ആത്മാവിനെ സ്പര്‍ശിക്കാനാവില്ല. വാക്കും നോക്കും പ്രവര്‍ത്തിയും ചിന്ത വരെ വ്രതത്തില്‍ പങ്കാളികളാവേണ്ടതുണ്ട്. അങ്ങനെ സംശുദ്ദമായ ഒരു മനസ്സിനെ വാര്ത്തെടുക്കാനാവണം. നോമ്പുകാരന് മുന്നിട്ടു വരേണ്ടത്.്
സഹ്ലുബ്നു അബ്ദുല്ലാഹി സുസ്തരി(റ) പറഞ്ഞു. ദീനിനും ദുന്‍യാവിനും ഉപകാരപ്പെടുന്ന ഏറ്റവും നല്ല അദ്ധ്യാത്മിക പരിശീലനം വിശപ്പ് സഹിക്കലാണ്. തീറ്റയെക്കാള്‍ പരലോക വിജയത്തെ പ്രതിസന്ധിയിലാക്കുന്ന മറ്റൊരു തടസ്സവുമില്ല. വിജ്ഞാനവും തത്വചിന്തയും വര്‍ധിക്കണമെങ്കില്‍ വിശപ്പ് അനിവാര്യഘടകമാണ്. കാരണം അമിതമായ ഭക്ഷണം അജ്ഞതയിലേക്കും തിന്മയിലേക്കുമുള്ള കവാടമാണ്. തിരുനബി(സ്വ) പറയുന്നു. വിശപ്പു കൊണ്ടും ദാഹം കൊണ്ടും ശരീരവുമായി പോരാടുക. നിശ്ചയം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധര്‍മ്മയുദ്ധം നടത്തുന്നവന് കിട്ടുന്ന അതേ പ്രതിഫലം ഇവനും ലഭിക്കാം. വിശപ്പ്, ദാഹം എന്നിവയേക്കാള്‍ അല്ലാഹുവിന്ന് തൃപ്തിയുള്ള മറ്റൊരു കര്‍മ്മം ഇല്ല. (ഇത്ഹാഫ്7/380)
മുന്കഴിഞ്ഞു പോയ പ്രവാചകന്മാരും മഹത്തുക്കളും അങ്ങേയറ്റം വിശന്നിരിക്കലിനെ ഇഷ്ടപ്പെട്ടവരായിരുന്നു. ധാരാളം സമ്പത്തിനുടമയായ യൂസുഫ് നബി(അ) മിനോട് തന്റെ അനുചരര്‍ ചോദിച്ചു. അങ്ങ് ഉന്നതമായ സമ്പത്തിനുടമയല്ലേ? എന്നിട്ടും എന്തിനിങ്ങനെ വിശന്നിരിക്കുന്നു? യൂസുഫ്(അ) മിന്റെ മറുപടി തീര്‍ച്ചയായും ഞാന്‍ വയര്‍ നിറക്കലിനെയും അതുകാരണമായി വിശപ്പനുഭവപ്പെടുന്നവരെ മറന്നുപോവലിനെയും ഭയപ്പെടുന്നു എന്നായിരുന്നു.
ഉദരത്തിന്റെ മൂന്നിലൊരു ഭാഗം ഭക്ഷണവും മൂന്നില്‍ ഒരു ഭാഗം വെള്ളവും ബാക്കിയുള്ള ഒരു ഭാഗം ശൂന്യമാക്കിയിടണമെന്ന മതത്തിന്റെ കല്‍പ്പന ആധുനിക വൈദ്യശാസ്ത്രത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. തിരു നബി(സ്വ) ഒരിക്കലും വയര്‍ നിറച്ചു ഭക്ഷണം കഴിക്കലിനെ പ്രോത്സാഹിപ്പിച്ചിട്ടില്ല. നബി(സ്വ) യുടെ വിശപ്പു കണ്ട് പലപ്പോഴും ഞാന്‍ കരഞ്ഞു പോയിട്ടുണ്ടെന്നു ആഇശാ ബീവി(റ) ഉദ്ധരിക്കുന്നതായി കാണാം. നബി(സ്വ) പറഞ്ഞു. ഇഹലോകത്ത് വയറ് നിറക്കുന്നവന് പരലോകത്ത് വിശപ്പനുഭവിക്കേണ്ടി വരും വയറു നിറച്ചു ഭക്ഷണം കഴിക്കുന്നവരോടായിരിക്കും അല്ലാഹു ഏറ്റവും കൂടുതല്‍ ദേഷ്യം വെക്കുക. ഭക്ഷണത്തിലേക്ക് ആഗ്രഹമുണ്ടായിരിക്കേ അല്ലാഹുവിന്റെ പ്രതിഫലമോര്‍ത്ത് അതുപേക്ഷിച്ചാല്‍ സ്വര്‍ഗ്ഗീയ ലോകത്ത് അവന്റെ പദവി അല്ലാഹു ഉയര്‍ത്തിക്കൊടുക്കും (അബൂ നുഐം-ഹില്യ). ഇവയില്‍ നിന്നെല്ലാം നമുക്ക് മനസ്സിലാകുന്നത് വിശപ്പു സഹിക്കലാണ് ആത്മീയാനുഭൂതി നുകരാനുള്ള മാര്‍ഗം എന്നാണ്
നിയാസ് മുണ്ടമ്പ്ര