ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ വളരെ പ്രാധാന്യമേറിയ കര്‍മ്മമായ വിശുദ്ധ റമളാനിലെ വ്രതം ഹിജ്റയുടെ രണ്ടാം വര്‍ഷമാണ് നിര്‍ബന്ധമാക്കപ്പെട്ടത്. ഇതര മാസങ്ങളില്‍ നിന്ന് വിത്യസ്തമായി, പുണ്യമേറെയുള്ള ഈ മാസത്തില്‍, ശഅ്ബാന്‍ ഇരുപത്തി ഒന്‍പതിന് മാസപ്പിറവി കണ്ടതായി സ്ഥിരപ്പെടുകയോ അല്ലെങ്കില്‍ ശഅ്ബാന്‍ മുപ്പത് പൂര്‍ത്തീകരിക്കുകയോ ചെയ്താല്‍ നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാകും.
നിയ്യത്ത്, നോമ്പിനെ അസാധുവാക്കുന്ന കര്‍മ്മങ്ങളില്‍ വ്യാപൃതനാവാതിരിക്കല്‍ എന്നീ രണ്ടു ഫര്‍ളാണ് നോമ്പിനുള്ളത്. രാത്രി (സൂര്യാസ്തമയത്തിന്‍റെയും ഫജ്റ് ഉദിക്കുന്നതിന്‍റെയും ഇടയില്‍) യിലാണ് ഫര്‍ള് നോമ്പിന്‍റെ നിയ്യത്ത് വേണ്ടത്. സുന്നത്ത് നോമ്പിന് ഉച്ചക്ക് മുമ്പ് (സൂര്യന്‍ വാനമധ്യത്തില്‍ നിന്ന് നീങ്ങുന്നതിന് മുമ്പ്) നിയ്യത്ത് മതിയെങ്കിലും ഫജ്റിന് ശേഷം നോമ്പിനെ അസാധുവാക്കുന്ന കര്‍മ്മങ്ങള്‍ ഉപേക്ഷിക്കല്‍ നിര്‍ബന്ധമാണ്. നിയ്യത്തിനു ശേഷം, ഫജ്റിനു മുമ്പായി നോമ്പ് മുറിയുന്ന കര്‍മ്മങ്ങളില്‍ വ്യാപൃതനാവുന്നത് നിയ്യത്തിനെ ഭംഗം വരുത്തില്ല. സ്ത്രീകള്‍ ആര്‍ത്തവ രക്തം മുറിയുന്നതിന് മുമ്പ് നിയ്യത്ത് ചെയ്താല്‍ ആര്‍ത്തവ രക്തംമുറിയുന്ന പരമാവധി ദിവസം (പതിനഞ്ച് ദിവസം) രാത്രി തന്നെ പൂര്‍ത്തിയാവുകയോ അല്ലെങ്കില്‍ സാധാരണ ആര്‍ത്തവ രക്തം മുറിയുന്ന ദിവസം പൂര്‍ത്തിയാവുകയോ ചെയ്താല്‍ നിയ്യത്ത് സ്വഹീഹാകും. ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഫജ്റ് സ്വാദിഖ് ഉദ്ദിച്ചാല്‍ ഭക്ഷണം കഴിക്കല്‍ നിറുത്തേണ്ടതാണ്. വായയിലുള്ളതു പോലും പിന്നെ ഉള്ളിലേക്കിറക്കരുത്.
ഗീബത്ത് പോലുള്ളവ വ്രതത്തെ അസാധുവാക്കില്ല. എങ്കിലും അനുവദനീയമല്ലാത്ത ഗീബത്ത് നോമ്പിന്‍റെ പ്രതിഫലത്തെ ഇല്ലാതാക്കുമെന്ന് ഇമാമീങ്ങള്‍ വിവരിച്ചിട്ടുണ്ട്. ഗീബത്തിന് തൗബചെയ്ത് ശിക്ഷയില്‍ നിന്ന് മോചിതനാകാമെങ്കിലും അനുഷ്ഠിച്ച നോമ്പിന്‍റെ പ്രതിഫലം ലഭിക്കില്ല.
പിഴയും പ്രായശ്ചിത്തവും
പ്രായപൂര്‍ത്തിയും ബുദ്ധിയും ശുദ്ധിയുമുള്ള എല്ലാ മുസ്ലിമിനും നിര്‍ബന്ധമാണെന്ന് പറഞ്ഞു. എന്നാല്‍ നോമ്പ് നഷ്ടപ്പെടുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യുന്ന സാഹചര്യത്തില്‍ താഴെ പറയുന്ന നാലില്‍ ഒരു കാര്യം നിര്‍ബന്ധമാകും.
1. ഖളാഅ് വീട്ടുക.
2. കഫാറത്ത് (പ്രായശ്ചിത്തം) നല്‍കുക.
3. ഇംസാക്ക് (നോമ്പുകാരനെ
പോലെ നില്‍ക്കുക)
4. ഫിദ്യ
ചില സന്ദര്‍ഭങ്ങളില്‍ ഈ നാല് കാര്യങ്ങളില്‍ നിന്ന് രണ്ട് കാര്യങ്ങള്‍ നിര്‍ബന്ധമായി വരാറുണ്ട്. നിര്‍ബന്ധമായ നോമ്പ് നഷ്ടപ്പെട്ടാല്‍ ഖളാഅ് വീട്ടണം. കാരണം കൂടാതെയാണ് നഷ്ടപ്പെട്ടതെങ്കില്‍ പെട്ടെന്ന് ഖളാഅ് വീട്ടല്‍ നിര്‍ബന്ധമാകും. തക്കതായ കാരണമുണ്ടെങ്കില്‍ നോമ്പ് ഉപേക്ഷിക്കുകയോ ഇടക്ക് വെച്ച് മുറിക്കുകയോ ചെയ്യാവുന്നതാണ്. തയമ്മുമിനെ ഹലാലാക്കും വിധം പ്രയാസമുള്ള രോഗമുണ്ടാകുക, അനുവദനീയവും ദീര്‍ഘിച്ചതുമായ യാത്ര ചെയ്യുക, ശരീരത്തിന്‍റെ മേല്‍ നാശം ഭയപ്പെടുക, അസഹ്യമായ ദാഹവും വിശപ്പും അലട്ടുക, വാര്‍ധക്യം പിടിപ്പെടുക, മാറാവ്യാധി രോഗങ്ങള്‍ എന്നിവ അതില്‍ നിന്നുള്ള ചില ഉദാഹരണങ്ങളാണ്.
വാര്‍ധക്യത്തിലെത്തുകയോ മാറാവ്യാധി രോഗം പിടിപ്പെടുകയോ ചെയ്തത് കൊണ്ട് നോമ്പ് അനുഷ്ടിക്കാന്‍ സാധിക്കാത്തവരുണ്ടെങ്കില്‍ അത്തരക്കാരോട് ഇസ്ലാം ആദ്യമായി പറയുന്നത് തന്നെ ഫിദ്യ കൊടുക്കാനാണ്. തന്മൂലം ഇവര്‍ നോമ്പ് ഖളാഅ് വീട്ടേണ്ടതില്ല. എന്നാല്‍ യാത്രക്കാരനും രാഗിയും യാത്ര അവസാനിക്കുകയോ രോഗം ശിഫയാകുകയോ ചെയ്താല്‍ ഖളാഅ് വീട്ടല്‍ നിര്‍ബന്ധമാണ്. ഹൈളുകാരി, കാരണത്തോട് കൂടിയോ അല്ലാതെയോ നോമ്പ് മുറിച്ചവന്‍, മുര്‍തദ്ദ്, ബോധം നഷ്ടപ്പെട്ടവന്‍ എന്നിവരെല്ലാം ഖളാഅ് വീട്ടല്‍ നിര്‍ബന്ധമാണ്.
അടുത്ത റമളാന്‍ സമാഗതമാവുന്നതിന് മുമ്പ് തന്നെ ഖളാഅ് വീട്ടല്‍ നിര്‍ബന്ധമാണ്. ഉത്തരവാദിത്തം ഒഴിവാകാന്‍ കഴിവതും വേഗമായിരിക്കണം. പ്രത്യേകിച്ച് കാരണം കുടാതെ നഷ്ടപ്പെട്ട നോമ്പ് വേഗം ഖളാഅ് വീട്ടേണ്ടതുണ്ട്.
കാരണം കൂടാതെ അടുത്ത റമളാനെ തൊട്ട് പിന്തിച്ചാല്‍ ഖളാഅ് വീട്ടുകയും അതോടൊപ്പം പിന്തിച്ചതിന്‍റെ പേരില്‍ ഒരു നോമ്പിന് ഒരു മുദ്ദ് (800 മില്ലി ലിറ്റര്‍) എന്ന തോതില്‍ ധാന്യം കൊടുക്കേണ്ടതുണ്ട്. വര്‍ഷം കൂടുംതോറും മുദ്ദുകളുടെ എണ്ണവും വര്‍ധിക്കുന്നതാണ്. ഉദാ: 2014ല്‍ നഷ്ടപ്പെട്ട ഒരു നോമ്പ് മൂന്ന് വര്‍ഷം കഴിഞ്ഞാണ് ഖളാഅ് വീട്ടുന്നതെങ്കില്‍ മൂന്ന് മുദ്ദ് കൊടുക്കണം. കൂടാതെ ഖളാഅ് വീട്ടുകയും വേണം. വര്‍ഷം ആവര്‍ത്തിക്കുന്നതിനനുസരിച്ച് നോമ്പിന്‍റെ എണ്ണം കൂടുന്നതല്ല. നോമ്പ് മുറിക്കാന്‍ കാരണമായ രോഗം, യാത്ര, മുലപ്പാലു കൊടുക്കല്‍, ഗര്‍ഭം തുടങ്ങിയ കാര്യങ്ങള്‍ നിത്യമാകുകയും അടുത്ത വര്‍ഷം വരെ നിലനില്‍ക്കുകയും ചെയ്താല്‍ ഇവിടെ പിന്തിച്ചതിന്‍റെ പേരില്‍ മുദ്ദ് നല്‍കേണ്ടതില്ല. കുറ്റക്കാരനാകുന്നതുമല്ല. എന്നാല്‍ മറ്റൊരാളുടെ കാരണത്താലാണ് നോമ്പ് ഒഴിവാക്കിയതെങ്കില്‍ മുദ്ദ് കൊടുക്കല്‍ നിര്‍ബന്ധമാണ്.
മരണവും ഖളാഅ് വീട്ടലും
നോമ്പ് ഖളാഅ് ഉള്ളവര്‍ മരണപ്പെടാം. ഖളാഅ് വീട്ടാന്‍ സൗകര്യപ്പെടുന്നതിന് മുമ്പാണ് മരണമെങ്കില്‍ ഫിദ്യ കൊണ്ടോ ഖളാഅ് കൊണ്ടോ പരിഹരിക്കപ്പെടേണ്ടതില്ല. എന്നാല്‍ കാരണമില്ലാതെ പിന്തിക്കുകയും, അഥവാ നോമ്പ് ഖളാഅ് വീട്ടാനുള്ള സാഹചര്യം ലഭിച്ചിട്ടും വീട്ടാതെ മരണപ്പെട്ടാല്‍ ഫിദ്യ നല്‍കേണ്ടതുണ്ട്. പിന്തിച്ച കാരണത്താല്‍ കുറ്റക്കാരനാകുന്നതുമാണ്. ഖളാഅ് വീട്ടാന്‍ സൗകര്യപ്പെട്ടതിന് ശേഷം ഖളാഅ് വീട്ടാതെ മരണപ്പെട്ട വ്യക്തിയുടെ പേരില്‍ ഓരോ ദിവസത്തിനും രണ്ട് മുദ്ദ് വീതം നല്‍കേണ്ടതുണ്ട്. ഒന്ന് നഷ്ടപ്പെടുത്തിയതിനും മറ്റൊന്ന് അടുത്ത റംസാന്‍ വരെ പിന്തിച്ചതിനും.
ഇംസാക്ക്
നോമ്പ് മുറിയുന്ന കാര്യങ്ങള്‍ ചെയ്യാതെ നോമ്പ്കാരനെ പോലെ ഉപവാസത്തില്‍ കഴിയുന്നതിനാണ് ഇംസാക്ക് എന്ന് പറയുന്നത്. ഇവര്‍ ശര്‍ഇയ്യായ നോമ്പ്കാരല്ല. അത് കൊണ്ട് തന്നെ ഇംസാക്ക് ചെയ്യുന്ന വ്യക്തി നിഷിദ്ധമായ കാര്യങ്ങള്‍ ചെയ്താല്‍ പ്രായശ്ചിത്തം നല്‍കേണ്ടതില്ല. നോമ്പുകാരന്‍റെ മര്യാദകള്‍ ഇവര്‍ പാലിക്കണം. നോമ്പുകാരന്‍റെ കൂലി ലഭിക്കുകയില്ലെങ്കിലും ഇംസാക്കിന്‍റെ കൂലി ലഭിക്കും. ഇംസാക്ക് റമളാനിലെ നിര്‍ബന്ധിത നോമ്പിന്‍റെ മാത്രം പ്രത്യേകതയാണ്. റമളാനിലെ സമയത്തിന്‍റെ ബഹുമാനം സംരക്ഷിക്കലാണ് ഇതിന്‍റെ ലക്ഷ്യം
അബ്ദുല്‍ ഹമാദ് അന്‍വരി