2017 Jan-Feb Hihgligts വായന

വിലാപം

ക്രീ ക്രീ ചീവീടിന്‍റെ ഇരമ്പം വ്യക്തതയോടെ കേള്‍ക്കുന്നു. ഗ്രാമം ഉറങ്ങുകയാണ്. ഇരുട്ടിന്‍റെ കാഠിന്യത്തില്‍ ഒരു വീട് മാത്രം കണ്ണടക്കാതെ നില്‍ക്കുന്നു. വീട്ടുടമസ്ഥന്‍ തിരക്കിട്ട് പെട്ടികള്‍ കെട്ടി ഭദ്രമായി ഒരിടത്ത് മാറ്റി വെക്കുന്നുണ്ട്. അയാളുടെ മുഖത്ത് നിരാശയുടെ കാര്‍മേഘം മൂടിക്കെട്ടിയിരുന്നു. വാച്ചിലേക്കൊന്നു നോക്കി. കൃത്യം മൂന്ന് മണി. നേരം പുലരാന്‍ മണിക്കൂറുകള്‍ ബാക്കിയുണ്ട്. എങ്ങനെയെങ്കിലും നേരം പുലര്‍ന്നിരുന്നെങ്കില്‍ എന്ന ചിന്ത അയാളുടെ മനസ്സ് കൊതിച്ചു. പിന്നെ തലക്ക് കൈ കൊടുത്ത് ബെഡില്‍ കിടന്നു. ഒന്നു തിരിഞ്ഞ് നോക്കി. ഫസ്ലയും മകനും സുഖനിദ്രയിലാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദേശത്തേക്ക് പോയപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ ഓരോന്നായി അയാള്‍ ഓര്‍മ്മകളില്‍ ഇരുട്ടി വന്നു. എയര്‍ പോര്‍ട്ടിലേക്കുള്ള യാത്രയിലാണ് അയാള്‍. ട്രെയിനിലാണ് യാത്ര. ഫസ്റ്റ് കമ്പാര്‍ട്ടുമെന്‍റില്‍ തന്നെ ഇരിപ്പിടമുറപ്പിച്ചു. വഴി മദ്ധ്യേ ‘ജോസ്’ എന്ന് പേരുള്ള ഒരാളെ കൂട്ടിനുകിട്ടി. തന്നെപ്പോലൊരു പ്രവാസി തന്നെ. ചുരുങ്ങിയ ലീവിന് ശേഷം വിദേശത്തേക്കുമടങ്ങുകയായിരുന്നു അവന്‍. മുമ്പൊരിക്കല്‍ അഞ്ച് വര്‍ഷത്തെ പ്രവാസ ജീവിതത്തിനൊടുവില്‍ അവന് ഭാര്യയെ നഷ്ടപ്പെടുകയായിരുന്നു. മറ്റൊരുത്തന്‍റെ കൂടെ ഒളിച്ചോടി. ഇന്ന് ജോസിന് സ്വന്തമെന്നുപറയാന്‍ ഒരു ഏക മകനുണ്ട്. നിരാശയും നിസ്സഹായതയും സമ്മാനിക്കുന്ന ജീവിതത്തിനു മുന്നിലെ കഥാ പാത്രമാണ് ജോസ്. ജോസിന്‍റെ ഓരോ അനുഭവങ്ങളും അയാളുടെ ഹൃദയത്തില്‍ വന്നു തറച്ചു. തനിക്കും ഇതുപോലൊരു ദുര്‍ഗതി വന്നുഭവിക്കുമോ? അയാള്‍ക്ക് സമനില തെറ്റുന്ന പോലെ തോന്നി. പെട്ടെന്ന് ഓര്‍മയുടെ ഓരങ്ങളില്‍ നിന്നയാള്‍ ഓടിയകന്ന് സ്വബോധം തിരിച്ചെടുത്തു. പിന്നെ പ്രഭാതത്തിലെ യാത്രയെക്കുറിച്ചുള്ള ചിന്തകള്‍ക്ക് ഒരുക്കം കൂട്ടി. രാവിലെ ഏഴ് മണിയോടെ പുറപ്പെടണം. ഫസ്ലയേയും മകനേയും അയാള്‍ മാറി മാറി നോക്കി. തന്‍റെ യാത്രയെക്കുറിച്ചറിഞ്ഞിട്ടും ഗാഢ നിദ്രയിലാണ്ടുറങ്ങുന്ന അവളുടെ ഓരോ ശ്വാസവും അയാളുടെ ഹൃദയസ്പന്ദനങ്ങള്‍ക്കാക്കം കൂട്ടി. എന്തെന്നില്ലാതെ ഭയവും ജീവിത വിരക്തിയും അയാളെ മേച്ചു കൊണ്ടിരുന്നു. ജോസിന്‍റെ കെട്ടഴിഞ്ഞ ഓരോ അനുഭവങ്ങളും ഉണങ്ങാത്ത മുറിവുകളായി അയാളുടെ ഹൃദയത്തില്‍ നീറിക്കൊണ്ടിരുന്നു. പലതും ചിന്തിച്ചുകൊണ്ട് അയാള്‍ ഒരു വിധം നേരം വെളുപ്പിച്ചു. പിന്നീട് യാത്രക്കുള്ള ഒരുക്കമായി. ഒരുക്കങ്ങളില്‍ ഫസ്ല സജീവമായിരുന്നു. എങ്കിലും അയാളുടെ സംശയത്തിന്‍റെ കണ്ണുകള്‍ അവളെ പിന്തുടര്‍ന്നു കൊണ്ടിരുന്നു. ‘ഇല്ല, ഒരു കുഴപ്പവുമില്ല, എന്തിന് ഇങ്ങനെയൊക്കെ ചിന്തിച്ച് ഉള്ള മനസ്സമാധാനവും നഷ്ടപ്പെടുത്തണം’. അയാള്‍ തെല്ലൊന്നാശ്വസിച്ചു. വൈകിയില്ല, കൃത്യം ഏഴ് മണിക്ക് തന്നെ അയാള്‍ പടിയിറങ്ങി. ഫസ്ലയുടെ കണ്ണുകള്‍ കലങ്ങിയിരുന്നു. അവളൊന്ന് നെടുവീര്‍പ്പിട്ടു. തന്‍റെ ദൃഷ്ടിയില്‍ നിന്നും മായുന്നത് വരെ അവള്‍ അയാളെ നോക്കിയിരുന്നു. അവിടുന്നങ്ങോട്ട് എല്ലാം മങ്ങിയ ചിത്രങ്ങളായിരുന്നു അയാളുടേത്. പല വര്‍ണങ്ങളില്‍ നൃത്തം ചെയ്യുന്ന ദുബൈയുടെ രാത്രി സൗന്ദര്യം കണ്ടാസ്വദിക്കുന്ന ആളുകളുടെ ബഹളം കേട്ടാണ് അയാളുടെ ഓര്‍മ്മ തെളിഞ്ഞത്. ഉറക്കച്ചടവിന്‍റെ അടയാളങ്ങള്‍ മുഖത്തുനിന്നും തുടച്ചുമാറ്റി. അയാള്‍ താഴോട്ട് നോക്കി. വ്യത്യസ്ത വര്‍ണ്ണങ്ങള്‍ ഉടുത്തണിഞ്ഞ് സുന്ദര കന്യകയെപ്പോലെ നൃത്തം ചവിട്ടുകയാണ് നഗരം. ആ സൗന്ദര്യം ആസ്വദിക്കാന്‍ അയാള്‍ അയാളുടെ കണ്ണുകളെ അതില്‍ കെട്ടിയിടാന്‍ തീരുമാനിച്ചു. പക്ഷേ അപ്പോഴേക്കും ഫ്ളൈറ്റ് താഴ്ന്ന് പറന്ന് തുടങ്ങിയിരുന്നു. സിഗ്നലുകള്‍ തെളിഞ്ഞുവന്നു. ദുബൈയിലെ സിം കാര്‍ഡ് ആക്ടീവായി. പെട്ടെന്നൊരു ശബ്ദം. ബീപ്… ബീപ്… വാട്സ് അപ്പില്‍ മെസ്സേജ് വന്നതാണ്. അധികം താമസിയാതെ അയാള്‍ മെസ്സേജ് വായിച്ചു. ‘ എന്‍റെ ഇക്കാ, ഇനിയെന്നെ പ്രതീക്ഷിക്കണ്ടാ, ഞാന്‍ പോവുകയാണ്’. ഓരോ വരി വായിക്കുമ്പോഴും മുഖത്ത് പടര്‍ന്നിരുന്ന പുഞ്ചിരികള്‍ കര്‍ക്കിടക മാസത്തിലെ കള്ളവെയില്‍ പോലെ ഒളിഞ്ഞും തെളിഞ്ഞും വന്നു. മെസ്സേജില്‍ അയാളുടെ കണ്ണുടഞ്ഞുകൊണ്ടേയിരുന്നു. അക്ഷരങ്ങള്‍ക്ക് ജീവന്‍ നല്‍കി അയാള്‍ വായിച്ചു തുടങ്ങി. ‘ഇക്ക ഭയപ്പെടേണ്ട. നിങ്ങളുടെ മോനെ തൊട്ടടുത്ത വീട്ടില്‍ ഭദ്രമായി ഏല്‍പിച്ചിട്ടുണ്ട്,’ വെറുതെയിരിക്കുമ്പോള്‍ വായിച്ചിരിക്കാന്‍ പഴയ പുസ്തകങ്ങളും വീടിന്‍റെ താക്കോലും കൊടുത്തിട്ടുണ്ട്. അയാളുടെ വിണ്ട് കീറിയ ഹൃദയം പകച്ചുനിന്നുപോയി. മുഖം വിളറി വെളുത്തു. എന്നെ യാത്രയാക്കിയപ്പോള്‍ അവളുടെ കലങ്ങിക്കുതിര്‍ന്ന കണ്ണില്‍ നിന്നും ധാരധാരയായി ഒലിച്ചിറങ്ങിയ മുതലക്കണ്ണീര്‍ ആര്‍ക്കുവേണ്ടിയായിരുന്നു? ഞാനായിരുന്നോ ആ ജോസ്? അയാള്‍ വിലപിച്ചു. അയാള്‍ക്കൊന്ന് ഉറക്കെ കരയണമെന്ന് തോന്നി. പക്ഷേ വിങ്ങിപ്പൊട്ടുന്ന മനസ്സില്‍ നിന്നും ശബ്ദം ഉയര്‍ന്നില്ല. അയാളുടെ നാവിനിപ്പോള്‍ ശേഷിയില്ല. മരണത്തിന്‍റെ മഞ്ഞയിലകള്‍ അയാള്‍ക്ക് ചുറ്റും ആരോ വിതറിയെറിഞ്ഞു. കാലുകള്‍ വിറച്ചു തുടങ്ങി, വിയര്‍ത്തു കുളിച്ചു, സൂര്യന്‍റെ മഞ്ഞ വെളിച്ചം മാത്രം ബാക്കിയായി.
ശുറൈഫ് പാലക്കുളം

Leave a Reply

Your email address will not be published. Required fields are marked *