2017 September-October Hihgligts ആരോഗ്യം പഠനം വായന വിദ്യഭ്യാസം ശാസ്ത്രം

കുട്ടിക്കളികളിലെ കൊലവിളികള്‍

അമേരിക്കന്‍ ചിന്തകനായ സ്റ്റീവന്‍ ബാര്‍ ‘കമ്പ്യൂട്ടര്‍ ഗെയിമുകള്‍ അപകടത്തിലേക്കോ?’ എന്ന ശീര്‍ഷകത്തിലെഴുതിയ ലേഖനത്തിന്‍റെ ആദ്യ ഭാഗം ഇങ്ങനെ വായിക്കാം…”നിസ്സാഹയതയോടെ നിരായുധനായി നില്‍ക്കുന്ന യുവാവിന്‍റെ ശിരസ്സില്‍ ആ പന്ത്രണ്ടുകാരന്‍ തോക്കു ചേര്‍ത്തു പിടിച്ചു ആക്രോശിച്ചു. ഇനി നിനക്കു രക്ഷയില്ല. നിന്നെ ഞാന്‍ കൊല്ലും. ഉടന്‍ അവന്‍ ബട്ടണില്‍ വിരലമര്‍ത്തി. അയാളുടെ മുഖത്തു തന്നെ വെടിയേറ്റു. വെള്ള കുപ്പായം രക്തത്തില്‍ മുങ്ങിക്കുളിച്ചു. അയാള്‍ കുഴഞ്ഞു വീണു ദീര്‍ഘശ്വാസം വലിച്ചു. പയ്യന്‍ കൈകൊട്ടി ചിരിച്ചു.” സ്റ്റീവന്‍ ബാറിന്‍റെ ഈ ലേഖനത്തിന്‍റെ ആദ്യഭാഗങ്ങള്‍ തന്നെ കമ്പ്യൂട്ടര്‍ ഗെയിമുകളിലെ ഭയാനകമായ ഇത്തരം ദൃശ്യങ്ങള്‍ നമ്മുടെ മനസ്സിനെ വശീകരിക്കുന്നതിനെ ചൊല്ലിയുള്ളതാണ്. ഇങ്ങനെ ഒട്ടനേകം ഭീതി നിറഞ്ഞ കമ്പ്യൂട്ടര്‍ ഗെയിമുകള്‍ ഇന്ന് വിപണിയിലുണ്ട്. അവയില്‍ ഒരു വിഭാഗം വിദ്യാഭ്യാസ മൂല്യമുള്ളവയും ഒപ്പം നിരുപദ്രകരമായ വിനോദം പകരുന്നവയുമാണ്.
അതിര്‍വരമ്പുകളില്ലാത്ത ലോകമാണ് സൈബര്‍ലോകം. ആരുടെയും മാനസിക നില തെറ്റിച്ച് മരണത്തിലേക്ക് വരെ നയിക്കാന്‍ കെല്‍പ്പുള്ള ഗെയിമുകള്‍ സുലഭമാണിന്ന്. ഏതിലാണ് അപകടം പതിയിരിക്കുന്നത് എന്ന് പോലും തിരിച്ചറിയാവാനാവാത്ത വിധം വിശാലമാണീ സൈബര്‍ലോകം. സമൂഹത്തിന്‍റെ സ്പന്ദനങ്ങള്‍ക്കനുസരിച്ച്‌ സക്രിയമായി ഇടപെടേണ്ട പുതുതലമുറെയെയാണ് ഈ ഗെയിമുകള്‍ക്ക് പിന്നിലെ ഗൂഢശക്തികള്‍ ഉപയോഗപ്പെടുത്തി നിഷ്ക്രിയരാക്കിത്തീര്‍ക്കുന്നത്. കുട്ടികളെ മാത്രമല്ല യുവാക്കളെയും വഴിതെറ്റിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. അവ കുട്ടികളെ മടിയന്മാരാക്കുന്നതിനും വായനാശീലവും ഓര്‍മശക്തി നശിക്കാനും പ്രധാന കാരണം ഗെയിമുകളോടുള്ള അതിഭ്രമമാണെന്നാണ് വിലയിരുത്തല്‍.
ബ്ലൂ വെയില്‍ സ്വാധീനം

റഷ്യക്കാരനായ ഫിലിപ് ബൂദേകിന്‍ ആണ് സമകാലിക ലോകത്തെ ചര്‍ച്ചക്ക് വഴിയൊരുക്കിയ ബ്ലൂ വെയില്‍ എന്ന മാരകഗെയിം ലോകത്തിന് സമ്മാനിച്ചത്. അഡ്മിനിന്‍റെ നിര്‍ദ്ദേശാനുസരണം നീങ്ങി, അമ്പത് ടാസ്കുകള്‍ പൂര്‍ത്തീകരിക്കുകയാണ് ഇതിലെ ചലഞ്ച്. വെള്ളക്കടലാസില്‍ നീലത്തിമിംഗലത്തിന്‍റെ ചിത്രം വരച്ചു കൊണ്ടാണ് ആദ്യ ടാസ്ക് തുടങ്ങുന്നത്. സ്വന്തം ശരീരത്തിന് മുറിവേല്‍പ്പിക്കുക, ഭീകരസിനിമകള്‍ കാണാന്‍ പ്രേരിപ്പിക്കുക, സെമിത്തേരിയില്‍ രാത്രി കിടക്കുക തുടങ്ങിയ ഭയപ്പെടുത്തുന്ന ടാസ്ക്കുകള്‍ പൂര്‍ത്തിയാക്കണം. അഡ്മിന്‍ നല്‍കുന്ന നിശ്ചിതസമയം കൊണ്ട് ടാസ്ക് പൂര്‍ത്തീകരിച്ച് അവസാന ടാസ്ക്കാകുമ്പോഴേക്കും മരണത്തിനും തയ്യാറാവാന്‍ പാകപ്പെട്ട മനസ്സുള്ളവനായി ചലഞ്ചര്‍ മാറിയിട്ടുണ്ടാവും.
ഗെയിമിനോടുള്ള അഭിനിവേശം വഴി ബ്ലൂവെയിലിനും ഒരുപാട് യുവാക്കള്‍ ഇരയാവേണ്ടി വന്നിട്ടുണ്ട്.. ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുകയില്ല എന്നത് ഇതിന്‍റെ ഒരു പ്രത്യേകതയാണ്. കൂടാതെ ചലഞ്ചറുടെ മുഴുവന്‍ ഡീറ്റേയ്ല്‍സും ഡാറ്റകളും രഹസ്യമായി അറിയാന്‍ കഴിയുമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്.
ഈയൊരു കൊടും ഭീകര ഗെയിമിന്‍റെ ഇരയാവേണ്ടി വന്നവര്‍ ഒട്ടനേകമാണ്. അമേരിക്ക, ചൈന പോലുള്ള രാജ്യങ്ങളില്‍ നൂറിലേറെ പേരാണ് ചാലഞ്ച് ഏറ്റെടുത്ത് ആത്മഹത്യക്കിരയായത്. സംസ്ഥാനത്ത് രണ്ടായിരത്തിലധികം പേര്‍ ഇതിന്‍റെ ചാലഞ്ചേഴ്സ് ആയിട്ടുണ്ടെന്ന് സൈബര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഡന്‍ഞ്ചിയോണ്‍ ഡ്രാഗന്‍സ്

വര്‍ഷങ്ങള്‍ക്കു മുമ്പ് ടി.എസ്.ആര്‍ എന്ന കമ്പനി ഡഞ്ചിയോന്‍സ്‌ ഡ്രാഗന്‍സ് എന്ന പേരില്‍ കുട്ടികള്‍ക്കായി ഒരു ഗെയിം പുറത്തിറക്കി. ഏറെ നര്‍മ്മം നിറഞ്ഞതാണെന്ന് വിലയിരുത്തപ്പെട്ട ഈ ഗെയിമിന്‍റെ അഡിറ്റായി കുട്ടികള്‍ മാറികഴിഞ്ഞത്രേ. പക്ഷേ, മന്ത്രവാദവും മറ്റ് ആചാരകര്‍മ്മങ്ങളും നിറഞ്ഞു നിന്ന ഈ ഗെയിം കളിച്ച കുട്ടികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ദിവസങ്ങള്‍ക്കുള്ളില്‍ മാറ്റങ്ങള്‍ പ്രകടമാവുകയും തുടര്‍ന്ന് മാനസികാസ്വസ്ഥകള്‍ അനുഭവപ്പെട്ട്‌ അവര്‍ മരണപ്പെടുകയുമുണ്ടായി. എന്നാല്‍ മരണത്തിലേക്കു നയിച്ച ഈ ഗെയിമിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ സജീവമാകാതിരുന്നതിനാല്‍ ഇതിന്‍റെ തുടര്‍ച്ചെയെന്നോണം നിര്‍മാതാക്കള്‍ പുതിയ രൂപത്തില്‍ ‘പോക്കിമാന്‍ ഗോ’ എന്ന മറ്റൊരു നാമത്തില്‍ പുനരാവിഷ്കരിക്കുകയുണ്ടായി. ചരിത്രത്തിലെ രണ്ട് അത്ഭുതപ്രതിഭാസ വിജയമായി മാറിയ ഈ ഗെയിം സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. നിഷ്കളങ്കമായ ഗെയിം എന്ന പേരില്‍ പുറത്തിറങ്ങിയ ‘പോക്കിമാന്‍ ഗോ’ സ്മാര്‍ട്ട് ഫോണ്‍ ക്യാമറകളുപയോഗിച്ച് പോക്കറ്റ് മോണസ്റ്റേഴ്സിലൂടെ പൈശാചിക ശക്തി തേടി കണ്ടുപിടിക്കുകയാണ് ചെയ്യുന്നത് എന്ന യാതാര്‍ത്ഥ്യം പൊതുജനം തിരിച്ചറിയാന്‍ ഏറെ വൈകിയിരുന്നു.

ഗെയിമുകള്‍ നിയന്ത്രിക്കേണ്ട
അനിവാര്യത

കുട്ടികളെ ഗെയിമുകളില്‍ നിന്ന് അകറ്റി നിര്‍ത്താനും അവര്‍ക്ക് ഇത്തരം കളികളോടുള്ള അഭിനിവേശനത്തെ ചെറുക്കാനുമുള്ള മാര്‍ഗങ്ങള്‍ നാം സ്വീകരിക്കേണ്ടതുണ്ട്. എന്നാല്‍ ഗെയിമുകളില്‍ ഏര്‍പ്പെടുന്നത് കൊണ്ട് കുട്ടികള്‍ക്ക് ഭാവിയില്‍ ഡോക്ടര്‍മാരും സയന്‍റിസ്റ്റുകളുമാവാന്‍ സാധിക്കുമെന്ന്‌ പഠനം തെളിയിക്കുന്നുണ്ട്. അവര്‍ക്കിഷ്ടമുള്ള മേഖലയില്‍ അന്വേഷണം നടത്തി മികച്ച തൊഴിലുകള്‍ കണ്ടെത്താന്‍ ഗെയിം കളിക്കുന്നത് ഉപകരിക്കുമെന്നും കാര്യങ്ങള്‍ വളരെ വേഗത്തിലും അതീവ ശ്രദ്ധ ചെലുത്താനും സാധിക്കുമെന്നും പഠനം വ്യക്തമാക്കുന്നുണ്ടെങ്കിലും ഗെയിമുകള്‍ ഭാവിതലമുറകളാകുന്ന കുട്ടികളെ കുരുതിയിലേക്ക് നയിക്കുന്നുവെങ്കില്‍ വിലക്കുകയാണ് നാം ചെയ്യേണ്ടത്.
കുട്ടിയും കോലും കളിച്ചും, മണ്ണപ്പം ചുട്ടും, പട്ടം പറത്തിയും, കറ്റകെട്ടി മീന്‍ പിടിച്ചും ഉല്ലസിച്ച് രസിച്ചിരുന്ന ആ നല്ല നാളുകളില്‍ കളികള്‍ക്ക് ആരും തടസ്സം നിന്നിരുന്നില്ല. കുറ്റിപ്പുര കെട്ടി കുഞ്ഞടുപ്പില്‍ കാച്ചിയ കട്ടന്‍ ചായയുടെയും അരി വറുത്തതിന്‍റെയും രുചി അയല്‍വീട്ടുകാരും വീട്ടിലെ മുതിര്‍ന്നവര്‍ പോലും അനുഭവിച്ചറിഞ്ഞവരാണ്. ഇന്ന് ഗെയിമുകള്‍ പോലും വിലങ്ങിടേണ്ട സ്ഥിതി ആഗതമാവുമ്പോള്‍ നമ്മുടെ ന്യൂജനറേഷന്‍ കുട്ടികള്‍ക്ക് ആ പഴയകാല കളിയിലേക്ക് വീണ്ടും മടങ്ങാനാകുമോ? കാപട്യത്തിന്‍റെ നിറം മാറി ഗെയിമുകള്‍ വില്ലനാവുമ്പോള്‍ ഭാവി തലമുറകളായ കുട്ടികള്‍ക്ക് ആരാണ് തുണയാവുക. കളിയായത് കൊണ്ട് തന്നെ കുട്ടികള്‍ക്കുള്ള അഭിരുചി മനസ്സിലാക്കി അതു മുതലെടുത്ത് വലനെയ്തു കാത്തിരിക്കുകയാണ് ഗെയിം കമ്പനികള്‍.
നാം എത്ര മാത്രം നമ്മുടെ കുട്ടികളെ ശ്രദ്ധിച്ചാലും നമുക്ക് ചെയ്യാന്‍ കഴിയുന്നതിന് പരിമിതികളുണ്ട്. എങ്കിലും ഗെയിമുകള്‍ കുട്ടികള്‍ക്ക് നല്‍കാതിരിക്കാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ ചില വഴികളിലൂടെ നിശ്ചിതസമയം വെച്ച് ഗെയിം കളിക്കാന്‍ അനുവദിക്കാം. ഒരു മണിക്കൂര്‍ ഒരു വിഷയം പഠിച്ചാല്‍, അരമണിക്കൂര്‍ ഗെയിം കളിക്കാന്‍ അനുവദിക്കുക തുടങ്ങി നിത്യജീവിതത്തിലെ ചുമതലകള്‍ക്ക് അനുസൃതമായി ക്രിയാത്മകമായ കാര്യങ്ങള്‍ ചെയ്യാനും അതിനുള്ള പ്രതിഫലമെന്നോണം ഗെയിം കളിക്കാനുള്ള അവസരം രക്ഷിതാകള്‍ക്ക് നല്‍കാവുന്നതാണ്.
മാനസികവും ശാരീരികവുമായ ഊര്‍ജ്ജവും ഉണര്‍വ്വും കുട്ടികള്‍ക്കുണ്ടാവാന്‍ നല്ല ഉറക്കവും പോശകാഹാരവും പോലെ തന്നെ പ്രധാനമാണ് പ്രകൃതിയോടൊത്തുള്ള സഹവാസവും. ത്രീവതയേറിയവയും ദുര്‍ഘട ലക്ഷ്യങ്ങള്‍ മാത്രം നോക്കി അരങ്ങുവാഴുന്ന വീഡിയോ ഗെയിമുകളുടെ നേര്‍ വിപരീതമായിരിക്കും വീടിന്‍റെ പുറത്തെ അന്തരീക്ഷം. കൈകള്‍ കൊണ്ട് നിയന്ത്രിക്കുന്ന ദ്വിമാന ലോകത്തിലേക്ക് ശരീരം മുഴുവനും ഉള്‍പ്പെടാവുന്ന അവസ്ഥയാണ് വീഡിയോ ഗെയിമുകള്‍ സൃഷ്ടിക്കുന്നതെന്ന് രക്ഷിതാക്കള്‍ ആലോചിക്കേണ്ടതുണ്ട്. വലകള്‍ നെയ്ത് ഇരകളെ കാത്തിരിക്കുന്ന വീഡിയോ ഗെയിമുക്കള്‍ക്ക് അതിപ്രസരം സംഭവിച്ച നവകാലത്ത് ഭാവി തലമുറകളായ നമ്മുടെ കുട്ടികളെ നമുക്ക് നഷ്ടപ്പെടാതിരിക്കാന്‍ നാം ജാഗരൂകരാവേണ്ടതുണ്ട്‌.
സ്വലാഹുദ്ദീന്‍ കാവനൂര്‍

Leave a Reply

Your email address will not be published. Required fields are marked *