2018 May-June Hihgligts Shabdam Magazine പഠനം

ഖുര്‍ആന്‍; പാരായണ മര്യാദകള്‍

 

ദൈവീക ബോധനങ്ങളാണ് ഖുര്‍ആന്‍. പവിത്രതകളുടെ പരമോന്നതി കൈവരിച്ച വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യുന്നതില്‍ നാം ബദ്ധശ്രദ്ധരായിരിക്കണം. ഈ വ്രതക്കാലത്ത് പ്രത്യേകിച്ചും. ‘ഖുര്‍ആനിന്‍റെ ഓരോ അക്ഷരവും അതിവിശിഷ്ടമാണ്. അവ മൈതാനങ്ങളും പൂന്തോപ്പുകളും കൊട്ടാരങ്ങളും പട്ടുവസ്ത്രങ്ങളും തോട്ടങ്ങളുമാണ്, അത് പാരായണം ചെയ്യുന്നവര്‍ തോട്ടങ്ങളും മറ്റും ഉപയോഗപ്പെടുത്തിയവരാണ്’ എന്നാണ് ഇമാം ഗസ്സാലി(റ) യുടെ അഭിപ്രായം.
നബി(സ്വ) പറഞ്ഞു: ‘മനുഷ്യ സൃഷ്ടിപ്പിന്‍റെ ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നാഥന്‍ ത്വാഹ, യാസീന്‍ എന്നീ രണ്ട് വചനങ്ങള്‍ അവതരിപ്പിച്ചു’. ഇതുകേട്ട മാലാഖമാര്‍ പറഞ്ഞു: ‘പ്രസ്തുത വചനങ്ങളടങ്ങിയ ഗ്രന്ഥം അവതരിക്കപ്പെടുന്ന ജനതക്കും, അത് ചുമക്കുന്നവര്‍ക്കും ഖുര്‍ആനിക വചനങ്ങള്‍ ഉരുവിടുന്ന നാക്കുകള്‍ക്കും മംഗളം'(ദാരിമി).
സമുറതുബ്നു ജുന്‍ദുബ്(റ) പറഞ്ഞു: ‘എല്ലാ ആതിഥേയരും സല്‍ക്കാരപ്രിയരും അതിഥികളെ ഇഷ്ടപ്പെടുന്നു. അല്ലാഹുവിന്‍റെ വിരുന്ന് ഖുര്‍ആനാണ്. നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്ത് നാഥന്‍റെ ആതിഥേയത്വം സ്വീകരിക്കുക.
നാം പാരായണം ചെയ്യുന്ന ഖുര്‍ആന്‍ അന്ത്യനാളില്‍ നമുക്ക് ശിപാര്‍ശ ചെയ്യും. ഒരു വ്യക്തി ഖുര്‍ആനില്‍ നിന്ന് ഒരക്ഷരം പാരായണം ചെയ്താല്‍ അവന്‍ ഒരു ‘ഹസനത്ത്’ പ്രതിഫലമര്‍ഹിക്കുന്നു. ഒരു ഹസനത്തിന് പത്ത് പ്രതിഫലം അല്ലാഹു നല്‍കും(തുര്‍മുദി).
ഖുര്‍ആന്‍ പാരായണത്തിന്‍റെ മഹത്വം പറയുന്ന എണ്ണമറ്റ ഹദീസുകളുണ്ട്. ‘അന്ത്യദിനത്തില്‍ സുഗന്ധം വീശുന്ന ഒരു കറുത്ത കസ്തൂരിക്കൂനയില്‍ കയറി നില്‍ക്കുന്ന ചില വിഭാഗങ്ങളുണ്ട്. വിചാരണയില്‍ നിന്നവര്‍ നിര്‍ഭയരായിക്കും. അല്ലാഹുവിന് വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്തവരാണവര്‍'(തുര്‍മുദി).
ഇരുമ്പ് പോലെ ഹൃദയം തുരുമ്പിക്കാതിരിക്കാനുള്ള പ്രതിവിധിയായി പ്രവാചകര്‍ നിര്‍ദേശിച്ചത് ഖുര്‍ആന്‍ പാരായണമായിരുന്നു. ‘തജ്വീദി’ ന്‍റെ ചട്ടങ്ങള്‍ക്കനുസരിച്ച് കൃത്യതയോടെയുള്ള ഖുര്‍ആന്‍ പാരായണം മുഖേന നിരവധി പുണ്യങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കും.
ഗുരുസവിതത്തിലിരിക്കും വിധം അച്ചടക്കം പാലിച്ചും അര്‍ത്ഥം ചിന്തിച്ചും ഖുര്‍ആന്‍ പാരായണം ചെയ്യലാണ് ഉത്തമം. മഹാന്‍മാര്‍ പറയുന്നു: ‘ഖുര്‍ആന്‍ പാരായണം തുടങ്ങിയാല്‍ മലക്കുകളുടെ അനുഗ്രഹ തേട്ടവും ശാപപ്രാര്‍ത്ഥനയും ലഭിക്കുന്ന രണ്ട് വിഭാഗമുണ്ട്. ഖുര്‍ആനിന്‍റെ മുന്നിലിരുന്ന് വിനയാന്വിതരായി പാരായണം ചെയ്യുന്നവര്‍ക്ക് മാലാഖമാരുടെ അനുഗ്രഹ തേട്ടവും അല്ലാത്തവര്‍ക്ക് ശാപവാക്കുകളും ലഭിക്കും'(ഇഹ്യ). സ്വശരീരങ്ങളാല്‍ ശപിക്കപ്പെടുന്നവരുമുണ്ട് ഖുര്‍ആന്‍ പാരായണക്കാരില്‍, അവരാകട്ടെ അതറിയുന്നില്ലതാനും!
വാക്കുകളുടെ അര്‍ത്ഥതലങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പാരായണം ചെയ്യുന്നതിനെക്കുറിച്ച് ഇമാം സുയൂത്വി(റ) പറയുന്നു: ‘അര്‍ത്ഥം ചിന്തിക്കുകയെന്നാല്‍ ദൈവിക കല്‍പ്പനകളും വിരോധനകളും ചിന്തിക്കലും അവ ജീവിതത്തില്‍ പുലര്‍ത്താന്‍ കഴിയാതെ വന്നിട്ടുണ്ടെങ്കില്‍ പൊറുക്കലിനെ ചോദിക്കലും കാരുണ്യ വചനങ്ങള്‍ പാരായണം ചെയ്യുമ്പോള്‍ കാരുണ്യം ചോദിക്കലും ശിക്ഷാവചനങ്ങള്‍ കാണുമ്പോള്‍ കാവല്‍ ചോദിക്കലുമാണ്” (ഇത്ഖാന്‍). മഹാന്മാരില്‍ ചിലര്‍ ഖുര്‍ആന്‍ പാരായണം ചെയ്താല്‍ ഹൃദയം പൂര്‍ണ്ണമായും അതിന്‍റെ അര്‍ത്ഥ തലങ്ങളിലെത്തിയില്ലെങ്കില്‍ ഒരേ വചനങ്ങള്‍ തന്നെ ആവര്‍ത്തിച്ച് പാരായണം ചെയ്യാറുണ്ടായിരുന്നു. രാത്രിയില്‍ പാരായണം ചെയ്ത വചനങ്ങള്‍ ചിന്താനിമഗ്നരായി പ്രഭാതം വരെ ഇരിക്കുന്നുവരുണ്ടായിരുന്നുവത്രെ.
ഇക്രിമ(റ) ഖുര്‍ആന്‍ നിവര്‍ത്തിയാല്‍ ഭയചകിതനാകാറുണ്ടായിരുന്നു. ‘ഇത് നാഥന്‍റെ വചനങ്ങളാണെ’ന്ന് അദ്ദേഹം പരിഭ്രമിച്ച് പറയുകയും ചെയ്യും. ഹൃദയവിശുദ്ധി കരസ്ഥമാക്കാനുള്ള ഉത്തമ മാര്‍ഗ്ഗമാണ് കരച്ചില്‍. നബി(സ്വ) പറഞ്ഞു: ‘നിങ്ങള്‍ കരഞ്ഞ് ഖുര്‍ആന്‍ പാരായണം ചെയ്യുക, കരച്ചില്‍ വന്നില്ലെങ്കില്‍ അഭിനയിച്ച് കരയുക'(ബുഖാരി). കണ്ണുകള്‍ കരഞ്ഞില്ലെങ്കില്‍ ഹൃദയങ്ങളെങ്കിലും കരയട്ടെ എന്നാണവിടുത്തെ ഭാഷ്യം.
ഖുര്‍ആനിനെ നോക്കലും അതിലെ വാചകങ്ങള്‍ ദര്‍ശിക്കലും ഹൃദയഭക്തി വര്‍ധിപ്പിക്കാന്‍ കാരണമാകും. തന്നെയുമല്ല, ഖുര്‍ആനിലേക്ക് നോക്കല്‍ ഇബാദത്തായതിനാല്‍ അങ്ങനെ പാരായണം ചെയ്യല്‍ പുണ്യം വര്‍ധിപ്പിക്കാനുള്ള ഹേതുവാണ്. മനഃപാഠമോതുമ്പോള്‍ നോക്കി ഓതലിനെക്കാള്‍ ഭക്തി ലഭിക്കുന്നുവെങ്കില്‍ അത്തരക്കാര്‍ക്ക് അങ്ങനെ ഓതല്‍ തന്നെയാണ് അഭികാമ്യമെന്ന് ഇമാം നവവി(റ) പഠിപ്പിച്ചിട്ടുണ്ട്.
മിസ്റിലെ പണ്ഡിതന്മാര്‍ ഒരു അര്‍ധരാത്രി ശാഫിഈ ഇമാമിന്‍റെ സവിധത്തിലേക്ക് കടന്നുചെന്നു. അവിടുന്ന് ഖുര്‍ആന്‍ നിവര്‍ത്തി ഓതിക്കൊണ്ടിരിക്കുകയായിരുന്നു. ശാഫിഈ ഇമാം അവരോട് പറഞ്ഞു: ‘ഞാന്‍ ഇശാഅ് നിസ്കരിച്ച് ഖുര്‍ആന്‍ കയ്യിലെടുത്താല്‍ സുബ്ഹി വരെ അടച്ച് വെക്കാറില്ല’ (ഇഹ്യ)
ഖുര്‍ആന്‍ സാവകാശം പാരായണം ചെയ്യലാണ് ഉത്തമം. നബി(സ്വ) യുടെ ഖുര്‍ആന്‍ പാരായണം ഓരോ അക്ഷരത്തെയും വിശദീകരിക്കും വിധം സാവകാശത്തിലായിരുന്നു. ഖത്മുകള്‍ ധാരാളം തീര്‍ക്കാന്‍ വേണ്ടി അക്ഷരങ്ങള്‍ അവ്യക്തമാകുന്ന തരത്തില്‍ വേഗതയോടെ ഓതുന്ന ചിലരുണ്ട്. പലരും ശദ്ദും(കനപ്പിക്കല്‍) മദ്ദു(നീട്ടല്‍) മൊന്നും മുഖവിലക്കെടുക്കാറേയില്ല. ഇമാം നവവി(റ) പറയുന്നു: ‘പാരായണത്തില്‍ ധൃതി കാണിക്കലും അതിവേഗത്തിലാക്കലും കറാഹത്താണ്’ (ശറഹുല്‍ മുഹദ്ദബ്).
ശ്രദ്ധിക്കേണ്ട മര്യാദകള്‍
അമാനുഷികമായ വിശുദ്ധ ഗ്രന്ഥം മനുഷ്യന്‍റെ അധരങ്ങള്‍ കൊണ്ട് ഉച്ചരിക്കണമെങ്കില്‍ ചില മര്യാദകള്‍ പാലിക്കല്‍ അനിവാര്യമാണ്. അവ പാലിക്കാതെ ഖുര്‍ആന്‍ പാരായണം ചെയ്താല്‍ തീക്കൊള്ളികൊണ്ട് തലചൊറിയുന്നതിന് തുല്യമാവുമത്. അത്തരക്കാര്‍ ഖുര്‍ആന്‍ പാരായണം ചെയ്യാതിരിക്കലായിരിക്കും അഭികാമ്യം. പാരായണ സമയത്ത് പ്രപഞ്ചനാഥന്‍റെ മേന്മകളെക്കുറിച്ചും താനുച്ചരിക്കുന്ന വചനങ്ങള്‍ ദൈവീകമാണെന്നും ചിന്തിക്കല്‍ അനിവാര്യമാണ്.
നിരവധി ഖുര്‍ആന്‍ പാരായണ മര്യാദകള്‍ പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. ഗ്രന്ഥങ്ങള്‍ രചിക്കാനൊരുക്കിവെച്ച പേജുകളുള്ള മുറിയിലേക്ക് കടക്കാന്‍ പോലും അംഗശുദ്ധി വരുത്തിയ മഹാന്മാരുണ്ട്. തതനുസൃതം മറ്റു ഗ്രന്ഥങ്ങളെക്കാള്‍ ഖുര്‍ആനിനെ ആദരിക്കണമെന്നതില്‍ അഭിപ്രായാന്തരമില്ല. ബിസ്മി ഉല്ലേഖനം ചെയ്യപ്പെട്ട ഒരുതുണ്ട് പേജ് വഴിയരികില്‍ കിടക്കുന്നത് കണ്ടപ്പോള്‍ കയ്യിലെടുത്ത് കഴുകി സുഗന്ധം പുരട്ടി ആദരിച്ച കാരണത്താല്‍ ഔന്നിത്യങ്ങള്‍ കരസ്ഥമാക്കിയ മഹാനായ ബിശ്റുല്‍ ഹാഫി(റ) പോലുള്ള മഹത്തുക്കളാണ് നമുക്ക് മാതൃകയാവേണ്ടത്.
ഇരിക്കുന്ന മുസ്വല്ലയില്‍ നിലത്ത് ഖുര്‍ആന്‍ വെച്ച് സുജൂദ് ചെയ്യുന്ന ചിലയാളുകളുണ്ട്. മര്യാദക്കേടാണത്. ഖുര്‍ആന്‍ എപ്പോഴും ഉയരത്തിലായിരിക്കണം. ഉദ്യോഗസ്ഥര്‍ ഫയലുകള്‍ പിടിക്കും വിധം അരയുടെ താഴെയായി ഖുര്‍ആന്‍ പിടിക്കുന്നതും പാടില്ല. ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ അതിനര്‍ഹിക്കുന്ന പരിഗണന കല്‍പ്പിച്ചിരിക്കണം. ഖുര്‍ആനിന്‍റെ സാന്നിധ്യത്തില്‍ കളിയും തമാശയും ഉല്ലാസങ്ങളിലേക്ക് ശ്രദ്ധ തിരിക്കലും മറ്റു സംസാരങ്ങളിലേര്‍പ്പെടലുമെല്ലാം നിഷിദ്ധമാണെന്നാണ് പണ്ഡിത പക്ഷം. ഇബ്നു ഉമര്‍(റ) ഖുര്‍ആന്‍ പാരായണം ആരംഭിച്ചാല്‍ അതില്‍ നിന്ന് വിരമിക്കും വരെ മറ്റൊരു വാചകവും ഉച്ചരിക്കാറില്ലായിരുന്നു.
വൃത്തിയും ആദരവും പരിഗണിച്ച് പാരായണ പ്രാരംഭത്തില്‍ പല്ലുതേക്കലും പ്രത്യേകം സുന്നത്തുണ്ട്. അലി(റ) പറയുന്നു: ‘നിങ്ങളുടെ വായകള്‍ ഖുര്‍ആനിന്‍റെ വഴികളാണ്. പല്ലുതേച്ച് അതിന്‍റെ വഴികളെ നിങ്ങള്‍ മാലിന്യമുക്തരാക്കുത്’ (ഇത്ഖാന്‍). പാരായണം ഇടക്ക് നിര്‍ത്തി പുനരാരംഭിക്കുമ്പോള്‍ വീണ്ടും പല്ലുതേക്കല്‍ സുന്നത്താണെന്ന് ഇമാം സുയൂത്വി(റ) പറയുന്നുണ്ട്. അപ്രകാരം വിനയാന്വിതമായി, അഹങ്കാരത്തിന്‍റെ ലാഞ്ചനപോലുമില്ലാതെ ഭക്തിയാതരങ്ങള്‍ പ്രകടിപ്പിച്ച് പാരായണം ചെയ്യലും ഖുര്‍ആന്‍ പാരായണം കേട്ടാല്‍ മൗനം ദീക്ഷിക്കലും അനിവാര്യമാണ്. ഖുര്‍ആന്‍ കണ്ടാല്‍ എഴുന്നേറ്റ് നില്‍ക്കല്‍ പുണ്യകരമാണെന്ന് വരെ വിശുദ്ധ മതം പഠിപ്പിച്ചു. ഓരോ അക്ഷരത്തിനും പ്രതിഫലം ലഭിക്കാന്‍ കാരണമായ ഖുര്‍ആനിക വചനങ്ങള്‍ അര്‍ഹിക്കുന്ന പരിഗണനയോടെ ഉരുവിട്ട് ഈ പുണ്യങ്ങളുടെ റമളാന്‍ കാലം നമ്മുടേതാക്കിമാറ്റുക.

ഇസ്സുദ്ദീന്‍ പൂക്കോട്ടുചോല

Leave a Reply

Your email address will not be published. Required fields are marked *