ഇസ്ലാമിക ചരിത്രത്തില്‍ അതുല്യവും അനിര്‍വചനീയവുമായ സ്ഥാനമാണ് ഹിജ്റ കലണ്ടറിലെ പ്രഥമ മാസമായ മുഹറം മാസത്തിനുള്ളത്. ഒട്ടേറെ മഹത്വങ്ങളും സവിശേഷതകളും നിറഞ്ഞ് നില്ക്കുന്ന മുഹറം ഒരായിരം പ്രതീക്ഷകളുടെ നവ വര്‍ഷപുലരിയാണ് വിശ്വാസികള്‍ക്ക് സമ്മാനിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങള്‍ എങ്ങനെ ചിലവഴിച്ചു എന്നതിനെ കുറിച്ച് വിചിന്തനം നടത്തുകയും പുതുവര്‍ഷം എങ്ങനെ വിനിയോഗിക്കണമെന്നതിന്ന് ഒരു മാര്‍ഗരേഖ ഒരുക്കുകയും ചെയ്യേണ്ട സമയങ്ങളാണ് മുസ്ലിംഗള്‍ക്ക് സമാകതമായിക്കൊണ്ടിരിക്കുന്നത്. നീചമായ ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും വെടിഞ്ഞ് തന്റെ റബ്ബിലേക്ക് മനസ്സ്തിരിച്ച് ജീവിതത്തെ ക്രമീകരിച്ചെടുക്കാനുള്ള ഒരു തുറന്ന അവസരമായി ഈ മാസത്തെ ഏറ്റെടുക്കാനാണ് നാഥന് താല്പര്യപ്പെടുന്നത്.
അല്ലാഹു തന്റെ മാസമെന്ന് പ്രഖ്യാപിച്ച് ആദരിച്ച വിശുദ്ധ മാസങ്ങളിലൊന്നാണ് മുഹറം. ഇസ്ലാമിന്റെ സംസ്ഥാനത്തിനു മുമ്പ് ജാഹിലിയ്യത്തും പ്രത്യേകം ബഹുമതി നല്കിയ മാസം. അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ഉത്തമം അവന് ആദരിച്ചതിനെ ആദരിക്കലാകുന്നു(വി.ഖു. 22/ 30) അത് കൊണ്ട് തന്നെ ആത്മശുദ്ധി കൈവരിച്ചും ആരാധനകള്‍ കൊണ്ട് ഈ മാസത്തെ ധന്യമാക്കിയും ആദരിക്കാനുള്ള മനസ്സ് വിശ്വാസികളില്‍ നിന്നുണ്ടാവേണ്ടതുണ്ട്. ഒരു മുഅ്മിനിന്റെ പുതു വര്‍ഷമായത് കൊണ്ട് തന്നെ തുടക്കം മുതല്‍ ആത്മശുദ്ധി കൈവരിക്കാനുള്ള തിടുക്കമാണ് വേണ്ടത്. ‘തുടക്കം നന്നായാല്‍ ഒടുക്കം നന്നാവും’ എന്ന പഴ മൊഴിയോട് മുഹറം ആഭിമുഖ്യം പുലര്‍ത്തുന്നുണ്ട്. ഏതൊരു മനുഷ്യന്റെയും തുടക്കം നന്നയാല്‍ ജീവിതത്തിന്റെ നിഖില മേഖലകളിലും വഴിതെറ്റാതെ സഞ്ചരിക്കാന്‍ ബുദ്ധിമുട്ടില്ല എന്നതാണ് ഓരോപുതുവര്‍ഷ പുലരിയും വിശ്വാസികളോട് പ്രഖ്യാപിക്കുന്നത്. ‘റമളാന്‍ മാസത്തിലെ നോമ്പ് കഴിഞ്ഞാല്‍ സ്രേഷ്ടമായത് മുഹറമിലെ നോമ്പാണെന്നും ആരെങ്കിലും മുഹറമിലെ ആശൂറാഇന് നോമ്പടുത്താല്‍ പതിനായിരം ഹാജിമാരുടെയും, ഉംറ നിര്വഹിച്ചവരുടേയും, രക്തസാക്ഷികളുടെയും പ്രതിഫലം അവന് നല്‍കപ്പെടുമെന്നുമുള്ള തിരുനബി വചനങ്ങള്‍ മുഹറം മാസത്തിന്റെ സവിശേഷതയായി അടിവരയിടുന്നു.
ഇസ്ലാമിക ചരിത്രത്തിലെ ത്യാഗ പൂര്‍ണ്ണമായ ഒരുപാട് കഥകള്‍ മുഹറം മാസത്തിന് പറയാനുണ്ട്. ധര്‍മ നിഷേധികളില്‍ നിന്ന് നേരിന്റെ വെളിച്ചം വീണ്ടെടുക്കാന്‍ വേണ്ടി നടത്തിയ പോരാട്ടമായി അറിയപ്പെടുന്ന കര്‍ബല യുദ്ധമാണ് മുസ്ലിം ജനതയെ മുഹറവുമായി ബന്ധിപ്പിക്കുന്നതിന്റെ പ്രധാന ഘടകം. ഇസ്ലാമിന്റെ നിലനില്പിന്നും ആദര്‍ശ സംരക്ഷണത്തിനും വേണ്ടി സ്വന്തം വീടും, നാടുമെല്ലാം വിട്ട് മക്കയില്‍ നിന്നും മദീനയിലേക്ക് പാലായനം(ഹിജ്റ) ചെയ്ത തിരുദൂതരുടെയും അനുചരരുടെയും ത്യാഗോജ്ജ്വല സ്മരണകള്‍ ജ്വലിച്ച് നില്ക്കുന്ന മാസമാണ് മുഹറം. അല്ലാഹു ഭൂമിയും ആകാശ ലോകങ്ങളെയും പര്‍വ്വതങ്ങളെയും സമുദ്രങ്ങളെയും ലൗഹ് കലമിനെയുമൊക്കെ സൃഷ്ടിച്ചത് മുഹറം പത്തിലാണെന്നാണ് പണ്ഡിതന്മാര് പറയുന്നത്. ആദിമ പിതാവ് ആദം നബി(അ)യും പത്നി ബീവി ഹവ്വാഅ്(റ) നേയും സൃഷ്ടിച്ചതും സ്വര്‍ഗ നരകങ്ങളെ പടച്ചതും ഈ മാസത്തിന്റെ പവിത്രത വാനോളം ഉയര്‍ത്തുന്നു.
ഫറോവയുടെ ക്രൂരമായ പീഡനത്തിന് വിധേയരായ ഒരു സമൂഹമായിരിന്നു മഹാനായ യഅ്ഖൂബ് നബി(അ) മിന്റെ പിന്മുറക്കാര്. അവരുടെ വിമോചനത്തിനും സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിച്ച മൂസ നബി(അ) മിനേയും സമൂഹത്തെയും കഷ്ടപ്പെടുത്തുകയും അക്രമിക്കുകയും ചെയ്തതിന്റെ ഫലമായി ഫറോവയേയും കിങ്കരന്മാരെയും വെള്ളത്തില്‍ മുക്കിനശിപ്പിച്ച ചരിത്ര പശ്ചാതലത്തെയും ഓര്‍മ്മിപ്പിച്ച് മുഹറം നമ്മെ ഉത്ഭുദ്ധരാക്കുന്നു.എന്നാല്‍ ശിക്ഷയുടെ മാത്രമല്ല രക്ഷയുടെയും സഹനത്തിന്റെയും ചരിത്രസംഭവങ്ങളും മുഹറത്തിന് പറയാനുണ്ട്. അഥവാ, നിരവധി അമ്പിയാക്കള്‍ക്ക് അവരുടെ നീറുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ട മാസം കൂടിയായിരുന്നു മുഹറം. ആദം നബി(അ) മിന്റെ തൗബ സ്വീകരിച്ച, സുലൈമാന്‍ നബി(അ) ലോകാധികാരം തിരിച്ചു നല്കിയ, അയ്യൂബ് നബി(അ) മിന് തന്റെ രോഗങ്ങള്‍ക്ക് ശമനം ലഭിച്ച, ഈസ നബി(അ) മിന്റെ ജനനവും അവരെ അല്ലാഹു തന്റെ സന്നിധിയിലേക്ക് തിരിച്ച് വിളിക്കുകയും ചെയ്തതും തുടങ്ങീ ഇത്തരം ധാരാളം ചരിത്രമുഹൂര്‍ത്തങ്ങളുടെ മഹാസംഗമം മുഹറം മാസത്തിലായിരുന്നത്രെ. അത് കൊണ്ട് തന്നെ സംഭവ ബഹുലമായ ചരിത്ര നിയോഗങ്ങള്‍ക്ക് സാക്ഷിയായ മുഹറം നമ്മിലേക്ക് കടന്ന് വരുമ്പോള്‍ സമകാലിക സാഹചര്യങ്ങള്‍ക്ക് ഈ മാസം നല്കുന്ന തിരിച്ചറിവുകള്‍ എന്തെല്ലാമെന്നത് വിചിന്തനം നടത്തല്‍ അത്യാവിശ്യമായിരിക്കുകയാണ്.
മുഹറം പുതിയ ചിന്തകള്‍
‘ഏതാനും ദിന രാത്രങ്ങളുടെ സഞ്ചയമാണ് മനുഷ്യന്. ഓരോ ദിനം പിന്നിടുമ്പോഴും അവന്റെ ഒരു ഭാഗം ഇല്ലാതാവുന്നത് പോലെയാണ്. ‘ഇമാം ഹസനുല്‍ ബസരി(റ) വിന്റെ വാക്കുകളാണിത്. ചുരുക്കത്തില്‍ ഒരു നിശ്ചിത ദിവസങ്ങള്‍ കഴിഞ്ഞാല്‍ അവന് അവസാനിക്കുമെന്നര്ത്ഥം. അത്തരത്തില്‍ കുറഞ്ഞ കാലം മാത്രം ഭൂമിയില്‍ വിലസുന്ന മനുഷ്യന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ആഘോഷിക്കാനെന്തുണ്ട്? എന്ന ചോദ്യത്തിന് പ്രസക്തിയേറെയാണ്. ഇവിടെയാണ് തന്റെ ജീവിതത്തെ കുറിച്ച് ആലോചിക്കാനും ആസൂത്രണം ചെയ്യാനുമുള്ള ശ്രമങ്ങള്‍ വിശ്വാസിയില്‍ നിന്നുണ്ടാവേണ്ടത്. ഒരു ജീവിതം കൊണ്ട് എന്തെല്ലാം നേടാന്‍ കഴിയുമോ അതെല്ലാം ഈ തുഛമായ ആയുസ് കൊണ്ട് നേടിയെടുത്ത് മുന്നേറുകയാണ് വിശ്വാസി ചയ്യേണ്ടത് സമയമാണ് മനുഷ്യന്റെ മൂലധനം. അതിന്റെ മൂല്യത്തെ കുറിച്ചുള്ള ചിന്തയാണ് മുഹറം നല്കുന്ന പ്രധാന സന്ദേശം. പഠനകാലത്തെയും മാറ്റി നിര്‍ത്തിയാല്‍ കൂടുതല്‍ സമയം ഒരു മനുഷ്യന്റെ ജീവിതത്തിലില്ല. അധ്വാന കാലവും, യുവത്വവും, വാര്‍ധക്യവും, കുടുംബ ജീവിതവുമെല്ലാം കൂടിച്ചേരുമ്പോള്‍ ഏകദേശം ജീവിതമെന്ന മോഹം അവസാനിക്കാറായി. അങ്ങനെയുള്ള ആ വിലയേറിയ ആയുസില്‍ നിന്നാണ് ഒ രു വര്‍ഷം കൊഴിഞ്ഞു പോയിരിക്കുന്നത്. ഇതില്‍ സംഭവിച്ച വീഴ്ചകളെ കുറിച്ച് ചിന്തിച്ച് പുതുവര്‍ഷത്തില്‍ അതിന്റെ പരിഹാര ക്രിയകള്‍ ആസൂത്രണം ചെയ്യേണ്ട സമയത്ത് ആഹ്ലാദ തിമര്പ്പിന് മുതിരുന്നത് എത്ര മാത്രം ഖേദകരമാണ്. അല്ലാഹുവിന് കൂടുതല്‍ ആരാധനകളര്‍പ്പിക്കുന്നതിനും അതിന് സഹായകമായ കാര്യങ്ങള്‍ക്കും വേണ്ടിയാണ് ഒരു മുഅ്മിന് തന്റെ സമയം ക്രമപ്പെടുത്തേണ്ടത്. അതിനെ വെറുതെയിരുന്നും അനാവശ്യ കളി, തമാശകളിലേര്പ്പട്ടും ഉറങ്ങി നശിപ്പിച്ചും കളഞ്ഞു കുളിച്ചാല്‍ തിരിച്ചെടുക്കാനാവാത്ത നഷ്ടമായിരിക്കും ഫലം. ലക്ഷ്യ ബോധത്തോട് കൂടിയുള്ള ജീവിത സമാരംഭത്തിന് ഓരോ പുതുവര്‍ഷവും ഇണങ്ങുന്ന രുപത്തിലായിരിക്കണം അതിനെ വരവേല്‍ക്കേണ്ടത്.
ആധുനിക യുഗത്തില്‍ മനുഷ്യരാശിയുടെ നിലനില്‍പ്പിന് വിഘാതമാകുന്ന ചില പ്രവര്‍ത്തനങ്ങള്‍ ലോകത്ത് നടന്നു കൊണ്ടിരിക്കുമ്പോഴാണ് മുഹറം മാസം കടന്ന് വന്നിരിക്കുന്നത്. ഒരു ഭാഗത്ത് ശത്രുപക്ഷത്തിന്റെ അടിച്ചമര്‍ത്തലുകളില്‍ നിന്ന് രക്ഷ നേടി സ്വതന്ത്ര്യത്തിന് വേണ്ടി മുറ വിളിക്കുന്ന ഫലസ്തീന് ജനതയും മറു ഭാഗത്ത് അക്രമികളില്‍ നിന്നുള്ള മോചനത്തിനും ഭരണകൂട ഭീകരതകളില്‍ നിന്നുള്ള രാഷ്ട്രീയ വീണ്ടെടുപ്പിനും വേണ്ടി കാത്തിരിക്കുന്ന ഇന്ത്യന്‍ മുസ്ലിമീങ്ങള്‍ക്കും ‘ഇസ്ലാമിക് ന്യൂഇയര്‍’ നല്കുന്ന പ്രതീക്ഷകള്‍ ചെറുതല്ല. കാരണം ഏതൊരു രാജവാഴ്ച്ചക്കെതിരെയും നടത്തിയ ജനകീയ പോരാട്ടങ്ങളുടെ വിജയം തുടങ്ങി അവിസ്മരണീയ സംഭവങ്ങള്‍ മുഹറത്തിന് സവിശേഷമായ ചരിത്ര പ്രധാന്യം നല്‍കിയിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളുമെല്ലാം നാടെങ്ങും ഭീതിപ്പെടുത്തുമ്പോള്‍ ആത്മ സംതൃപ്തി കൈവരിച്ച് തന്റെ നാഥനിലേക്ക് മടങ്ങി രക്ഷനേടാനുള്ള വഴികളാണ് ഈ മാസത്തിലൂടെ വിശ്വാസി നേടിയെടുക്കേണ്ടത്.
അതിനാല്‍ ഈ പുതുവര്‍ഷ പുലരിയില്‍ ഇന്നലയെ കുറിച്ചൊരു വിചിന്തനവും നാളെത്തെ കുറിച്ചൊരു ലക്ഷ്യ ബോധവും നമ്മുടെ ഹൃത്തടത്തില്‍ നിന്നുണ്ടാവല്‍ അത്യന്താപേക്ഷികമാണ്.
അഫ്സല് നെല്ലിക്കുത്ത്