2019 January-Febrauary Hihgligts Shabdam Magazine ലേഖനം സംസ്കാരം സാമൂഹികം

അധിനിവേശത്തിന്‍റ ഭാഷയും അന്വേഷണങ്ങളും

ഭാഷക്ക് മേലുള്ള അധിനിവേശത്തെ കുറിച്ചുള്ള ചിന്ത ഭാഷ തന്നെ ഒരു അധിനിവേശ ഉപകരണമാണ് എന്ന ചര്‍ച്ചയിലേക്കാണ് ചെന്നെത്തിക്കൂ. ഭാഷ ഒരു സാമൂഹിക ഉത്പന്നവും സാംസ്കാരിക ഉത്പന്നവുമാണെന്നിരിക്കെ ഉച്ചരിക്കപ്പെടുന്ന, എഴുതപ്പെടുന്ന ഒരു വാക്കും സ്വാഭാവികമായും തികച്ചും ജനാധിപത്യപരമായും രൂപപ്പെടുന്നതായിരിക്കില്ല. ഓരോ വാക്കും അത് രൂപപ്പെട്ട കാലത്തെയും ജീവിതക്രമത്തെയും സാമൂഹിക സാഹചര്യത്തെയും അധികാര ശ്രേണിയെയും പേറിയാണ് നില്‍ക്കുന്നത്. ‘ചെറ്റ’ എന്ന പദത്തിന്‍റെ വ്യവഹാര അര്‍ഥം അധമന്‍ എന്നാണല്ലോ. എന്നാലത് ജാതിയില്‍ താഴ്ന്നവരെന്ന് മുദ്രയടിക്കപ്പെട്ട മനുഷ്യര്‍ താമസിച്ച വീടുകളായിരുന്നുവല്ലോ. ചെറ്റത്തരം എന്നൊരു പദമുള്ളപ്പോള്‍ എന്താണ് മാളികത്തരം എന്നൊരു പദമില്ലാതെ പേയത്? ആണും പെണ്ണും കെട്ടവന്‍ എന്ന് ഒരാളെ അധിക്ഷേപിക്കുമ്പോള്‍ നപുംസകത്വം എന്ന മനുഷ്യാവസ്ഥയാണ് ആക്ഷേപിക്കപ്പെടുന്നത്. പെണ്ണൊരുമ്പെട്ടാല്‍… എന്നേ ചൊല്ലുള്ളൂ. ആണൊരുമ്പട്ടാലെന്നില്ല. വേശ്യക്ക് പുല്ലിംഗമില്ല. ഓരോ വേശ്യയും സൃഷ്ടിക്കപ്പെടുന്നതിന് പിന്നിലെ പുരുഷന്‍ എവിടെപ്പോയി? ജാതിയാലുള്ളത് തൂത്താല്‍ പോകില്ല എന്ന ചൊല്ല് ആരെയാണ് മുറിവേല്‍പ്പിക്കുന്നത്? സവര്‍ണര്‍, ഭൂവുടമകള്‍, മൂലധന ഉടമകള്‍, അധികാരികള്‍, പുരുഷര്‍, ശ്രേണിയില്‍ മുന്തിയവര്‍ തുടങ്ങിയവരുടെ വാക്കുകള്‍ക്ക് മാത്രമാണ് സഭയിലേക്ക് പ്രവേശനം ലഭിച്ചത്. അല്ലാത്തെതെല്ലാം അധമ ഭാഷയായിരുന്നു. അത്കൊണ്ട് ഭാഷക്ക് പുറത്ത് നിന്ന് അധിനിവേശം നടക്കുന്നതിനേക്കാള്‍ മാരകം ഭാഷക്ക് അകത്ത് നടക്കുന്ന അട്ടിമറികളാണ്.
ഒരു കാലത്ത് പോസിറ്റീവായ അര്‍ത്ഥമുത്പാദിപ്പിച്ച ഒരു പദം മറ്റൊരു കാലത്ത് നെഗറ്റിവിറ്റിയെ ഉത്പാദിപ്പിക്കുന്നു. തിരിച്ചും. അടിപൊളി എന്ന പുതിയ പദത്തിലെ രണ്ട് പ്രയോഗങ്ങളെടുക്കൂ. ഒന്ന് അടിയാണ്. അത് വേദനയുണ്ടാക്കുന്നതോ നാശകാരിയോ ആണ്. പൊളിയോ? അതും തകര്‍ക്കലാണ്. പുതിയ കാലത്ത് അതുത്പാദിപ്പിക്കുന്ന അര്‍ഥം പക്ഷേ ‘ഗംഭീരം’ എന്നാണ്. ഒരു ദേശത്ത് മാന്യമായ പ്രയോഗം മറുഭാഗത്ത് അമാന്യമാകുന്നു. ഒരാള്‍ക്ക് ഹിതകരമായ പദം മറ്റൊരാള്‍ക്ക് അഹിതകരമാകുന്നു. ഒരു സമുദായത്തിന് പദവീചിഹ്നമായി തോന്നുന്ന പദം മറുസമുദായത്തിന് അധിക്ഷേപകരമാകുന്നു. അങ്ങനെ നോക്കുമ്പോള്‍ പല അര്‍ഥങ്ങളുള്ള പദങ്ങളാണ് നമുക്ക് ചുറ്റും നൃത്തം വെക്കുന്നതെന്ന് മനസ്സിലാക്കാം. അവയെ എടുത്ത് ഉപയോഗിക്കുന്നയാളുടെ, അത് കേള്‍ക്കുന്നയാളുടെ സാംസ്കാരിക ഇടത്തിനനുസരിച്ച് അര്‍ഥഭേദങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നുവെന്നും കാണാനാകും. അതായത് ഭാഷയെക്കുറിച്ചുള്ള എല്ലാ അന്വേഷണവും മനുഷ്യാവസ്ഥയെ കുറിച്ചുള്ള അന്വേഷണമായി പരിണമിക്കും. അതാകട്ടെ നിരങ്ങി നീങ്ങുന്ന, അന്തിമ തീര്‍പ്പ് അസാധ്യമായ ഒരു അന്വേഷണവുമായിരിക്കും. മനുഷ്യന്‍ എന്നത് മനോഹരമായ പദം മാത്രമല്ല, സങ്കീര്‍ണവും ദുരൂഹവുമായ പദം കൂടിയാണല്ലോ.
ചിഹ്നങ്ങളുടെയും ചിത്രങ്ങളുടെയും ഒച്ചകളുടെയും കൂട്ടമാണ് കേവലമായ അര്‍ഥത്തില്‍ ഭാഷയെന്ന് പറയാം. സൂചകങ്ങളാണ് അവ. ആ കോഡുകളെ ഡീകോഡ് ചെയ്യാന്‍ സാധിക്കുമ്പോഴാണ് ഒരു ഭാഷ അറിയാമെന്ന് നമുക്ക് തോന്നുന്നത്. സൂചകങ്ങള്‍ നിങ്ങള്‍ക്ക് പിടിതരാത്തിടത്തോളം കാലം അതാര്യമായ ഇടങ്ങളാണ് നിങ്ങള്‍ക്ക് ആ ഭാഷ സമ്മാനിക്കുന്നത്. ബസില്‍ നിങ്ങള്‍ക്ക് ചുറ്റുമുള്ള ബംഗാളികള്‍ അല്ലെങ്കില്‍ അസാമികള്‍ സംസാരിക്കുമ്പോള്‍ ‘ഒരു പൗഡര്‍ ഡപ്പിയില്‍ ചില്ലറ പൈസയിട്ട് കുലുക്കുന്നതു പോലെയാണ്’ നിങ്ങള്‍ക്ക് അനുഭവപ്പെടുന്നത്. നാം സംസാരിക്കുന്ന മലയാളം അവര്‍ക്കും അങ്ങനെത്തന്നെയാണ് അനുഭവപ്പെടുന്നതെന്ന് പലപ്പോഴും നാം ഓര്‍ക്കാറില്ലെന്ന് മാത്രം.
എന്നാല്‍ മനുഷ്യത്വത്തിന്‍റെ വിശാലമായ ഭാഷക്ക് ഒരു സൂചകത്തിന്‍റെയും ആവശ്യവുമില്ല. സ്പര്‍ശത്തിലൂടെയും ഭാവത്തിലൂടെയും ആംഗ്യത്തിലൂടെയും അവസ്ഥയിലൂടെയും ആശയം വിനിമയം ചെയ്യപ്പെടുകയെന്നത് കേവലമായ ഭാഷാ പ്രയോഗത്തേക്കാള്‍ ഉത്കൃഷ്ടമാണ്. നിയതമായ ഭാഷയില്‍ സംസാരിക്കുകയെന്നത് ഒരല്‍പ്പം സാങ്കേതികമാണെങ്കില്‍ മനുഷ്യാവസ്ഥയുടെ ഭാഷ നിഷ്കളങ്കമാണ്. പ്രവാചക ശ്രേഷഠരും സൂഫി വര്യരും മഹാവിജ്ഞരും ഈ ഭാഷ വശമുള്ളവരായിരുന്നു. അവര്‍ ഒട്ടകത്തിനോടും മരത്തിനോടും ഹൃദയങ്ങളോടും സംസാരിക്കും. അവരുടെ ഒരു നോട്ടം, ഒരു സ്പര്‍ശം പതിനായിരക്കണക്കിന് വാക്കുകള്‍ പ്രസരിപ്പിക്കും.
എന്നാല്‍ കേവല മനുഷ്യന് ഈ സിദ്ധിയൊന്നുമില്ല. അവന്‍ ഭാഷ ആര്‍ജിച്ചേ തീരൂ. ഇല്ലെങ്കില്‍ അവന്‍ അധീരനാകും. ഇരുട്ടില്‍ അകപ്പെട്ടത് പോലെ തോന്നും. മനുഷ്യന്‍റെ ദീര്‍ഘകാല സഞ്ചാരത്തിന്‍റെ ശേഷിപ്പാണ് ഭാഷ. അതവന്‍റെ അഭിമാനവും അഹങ്കാരവുമാണ്. നമ്മുടെ ബോധത്തിന്‍റെ ഉപാധിയാണ് ഭാഷ. ഇതര ഭാഷക്കാരുടെ നടുവില്‍ നിങ്ങള്‍ക്ക് വീര്‍പ്പു മുട്ടും. നിങ്ങള്‍ സദാ ഭീതിയിലായിരിക്കും. അവര്‍ ഉച്ചരിക്കുന്ന എല്ലാ പദങ്ങളും നിങ്ങള്‍ക്കെതിരാണെന്ന് തോന്നും. നിങ്ങളുടെ ഭാഷയുടെ റീച്ച് എത്രമാത്രം വിശാലമാണോ അത്രമാത്രം നിങ്ങള്‍ ആത്മവിശ്വാസമുള്ളവരായിരിക്കും. കൊളോണിയലിസം ഇത്തരമൊരു ആത്മവിശ്വാസമാണ് ഇംഗ്ലീഷുകാര്‍ക്ക് നല്‍കിയത്. പ്രാദേശിക ഭാഷാ രൂപങ്ങളെ അവര്‍ ഭയപ്പെട്ടു. രാഷ്ട്രീയ അധികാരം പിടിച്ച ഇടങ്ങളിലെ ചെറുത്തു നില്‍പ്പും കാലാവസ്ഥയും ഭക്ഷണവും സാംസ്കാരിക വഴക്കങ്ങളും തീര്‍ത്ത വൈഷമ്യങ്ങളേക്കാള്‍ അവരെ കുഴക്കിയത് ഭാഷയായിരുന്നു. അവരുടെ അധികാരം പ്രയോഗിക്കാന്‍ പ്രാദേശിക ഭാഷയെ മുറിച്ചു കടക്കണമായിരുന്നു. അത് അവര്‍ ചെയ്തത് നാടന്‍ സായിപ്പിനെ സൃഷ്ടിച്ചു കൊണ്ടാണ്. ഇംഗ്ലീഷ് ഭാഷ നട്ടുപിടിപ്പിച്ചു കൊണ്ടാണ് അവരത് ഭംഗിയായി നിര്‍വഹിച്ചത്. നട്ടുപിടിപ്പിച്ചതും പടുമുളയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. നട്ടുപിടിപ്പിക്കല്‍ ആസൂത്രിതമാണ്. മറ്റേത് സ്വാഭാവികവും.
അധിനിവിഷ്ട ലോകങ്ങളില്‍ നട്ടുപിടിപ്പിച്ച ഇംഗ്ലീഷടക്കമുള്ള ഭാഷകള്‍ അധിനിവേശക്കാര്‍ക്ക് ആവശ്യമുള്ള അവബോധമാണ് സൃഷ്ടിച്ചത്. അത്കൊണ്ട് അധിനിവേശ ഭാഷ സിദ്ധിച്ച തദ്ദേശീയര്‍ വൈദേശികരേക്കാള്‍ ക്രൂരമായ അധികാര പ്രയോഗങ്ങള്‍ക്ക് നേതൃത്വം നല്‍കി. അവര്‍ അഹങ്കാരികളും സ്വന്തം നിലമറന്നവരുമായി. കൊളോണിയലിസത്തിന്‍റെ കങ്കാണികളായി ഇംഗ്ലീഷ് അറിയുന്നവരില്‍ നല്ലൊരു വിഭാഗം മാറുകയായിരുന്നു. വേലിക്ക് പുറത്തേക്ക് വളരാന്‍ താത്പര്യമില്ലാത്ത അച്ചടക്കമുള്ള വിളകളായിരുന്നു അവര്‍. ഇവരെ ചൂണ്ടിയാണ് പൂര്‍വ പണ്ഡിതര്‍ ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്ന് പറഞ്ഞത്. വൈദേശികാധിപത്യത്തിന് മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കുന്ന മനുഷ്യരെയാണ് ഇംഗ്ലീഷ് ജ്ഞാനം സമ്മാനിക്കുന്നതെങ്കില്‍, അധിനിവേശ സമരം പൊളിക്കാനുള്ള കുഴിബോംബുകളായി ആ മനുഷ്യര്‍ മാറുമെങ്കില്‍ ഇംഗ്ലീഷിനെ നരകഭാഷയായല്ലാതെ എങ്ങനെയാണ് കാണാന്‍ സാധിക്കുക.
അന്നും ഇന്നും സംഭവിക്കുന്ന ഒരു കാര്യം അധികാരത്തിന്‍റെ ഭാഷയായി ഇംഗ്ലീഷ് മാറുന്നുവെന്നതാണ്. ഇംഗ്ലീഷാണ് ഇന്നും ഭരണഭാഷ. ഭരിക്കപ്പെടുന്ന മഹാഭൂരിപക്ഷത്തിന് നിയമങ്ങളും അവയുടെ വ്യാഖ്യാനങ്ങളും അതാര്യമായ നിഗൂഢതയാക്കി മാറ്റാന്‍ ഇംഗ്ലീഷിന്‍റെ സ്വാധീനം കാരണമായി. അധികാരത്തിന്‍റെ ഭാഷയായി അത് മാറിയതോടെ ആ ഭാഷ അറിയാവുന്നവരെല്ലാം അധികാരികളായി. ഗ്രാമത്തില്‍ ആ ഭാഷ അറിയുന്ന ഒരാളുണ്ടെങ്കില്‍ അയാള്‍ക്ക് ചുറ്റും അധികാരത്തിന്‍റെ വലയം അറിയാതെ രൂപപ്പെട്ടുവന്നു. ചൂഷണത്തിന്‍റെ ഉപാധിയായും ആ ഭാഷ മാറി. പ്രാദേശിക ഭാഷക്കിടയില്‍ ചില ഇതര ഭാഷാ പ്രയോഗങ്ങള്‍ നടത്തിയാല്‍ പോലും ഈ അധികാരം സാധ്യമാകുമെന്ന സ്ഥിതി വന്നു.
സമാന്യ ജനത്തെ ഭരിക്കാനുപയോഗിച്ച ഭാഷയെന്ന നിലയില്‍ ഇംഗ്ലീഷിനെ കാണുകയാണെങ്കില്‍ മലയാളമടക്കമുള്ള പ്രാദേശിക ഭാഷകളെ കീഴടക്കി ആംഗലേയം കടന്ന് വരുന്നതിനെ അധിനിവേശമായി വായിക്കാവുന്നതാണ്. നിയമങ്ങളെല്ലാം എഴുതപ്പെടുന്നത് ഇന്നും ഇംഗ്ലീഷിലാണ്. നിയമനിര്‍മാണ സഭകളിലെയും നീതിന്യായ വിഭാഗങ്ങളിലെയും എക്സിക്യൂട്ടിവീന്‍റെയും സാമാന്യഭാഷ ഇംഗ്ലീഷാണ്. കൊളോണിയല്‍ കാലത്തെ അധികാര വിതരണ ഘടനയെ അങ്ങനെ തന്നെ നിലനിര്‍ത്താന്‍ ഇത് കാരണമാകുന്നു. ഗ്രാമീണനായ കര്‍ഷകന് അയാളെ സംബന്ധിക്കുന്ന ഭരണപരമായ തീരുമാനങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ എന്ത് ജനാധിപത്യമാണ് സാധ്യമാകുക? അയാളെ ഭയപ്പെടുത്തുന്ന ഭാഷയായി ഇന്നും ആംഗലേയം നിലനില്‍ക്കുന്നുവെങ്കില്‍ ആ അധിനിവേശത്തെ ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്.
എന്നാല്‍ ഭാഷയിലെ കലര്‍പ്പുകളെ വിശാലമായ അര്‍ഥത്തില്‍ ഭയപ്പെടേണ്ട കാര്യമില്ലെന്ന് തോന്നുന്നു. ഇന്ന് വ്യവഹാരത്തിലിരിക്കുന്ന ഇതര ഭാഷാ പദങ്ങള്‍ക്ക് സമാനമായ മലയാള പദം കൊണ്ടുവരണമെന്ന് ശഠിക്കുന്നത് ചരിത്രവിരുദ്ധമായിരിക്കും. കാരണം മനുഷ്യപ്രവാഹങ്ങളാണ് ഭാഷ കൊണ്ടു വന്നിട്ടുള്ളത്. വംശശുദ്ധിയെന്നത് എത്രമാത്രം അപകടകരമായ ആശയമാണോ അത്രതന്നെ പ്രതിലോമകരമാണ് ഭാഷാ ശുദ്ധിവാദവും. കുടിയേറ്റങ്ങളാണ് എല്ലാ ജനപഥങ്ങളെയും സൃഷ്ടിച്ചിട്ടുള്ളത്. കുടിയേറ്റം സ്വാഭാവികമായ പ്രക്രിയയാകുന്നു. മെച്ചപ്പെട്ട ജീവിതം തേടി മനുഷ്യന്‍ സ്വമേധയാ നടത്തുന്ന പുറപ്പാടുകളാണ് അവ. സാഹചര്യത്തിന്‍റെ സമ്മര്‍ദങ്ങളുണ്ടാകാം. തൊഴില്‍പരമോ സാമ്പത്തികമോ ആയ പ്രതിസന്ധികള്‍ അവന്‍ അനുഭവിക്കുന്നുണ്ടാകാം. പ്രകൃതി ക്ഷോഭങ്ങളും കാരണമാകാം. അത്കൊണ്ട് അനുകൂല സാഹചര്യം തേടി മനുഷ്യന്‍ അലയുന്നു. സ്വയം തിരഞ്ഞെടുത്ത വഴിയാണ് കുടിയേറ്റത്തിന്‍റെത്. ദേശാടന പക്ഷികളെപ്പോലെ. മാനവചരിത്രം തന്നെ കുടിയേറ്റത്തിന്‍റേതാണ്. പ്രവാഹങ്ങള്‍ ജ്ഞാനസമ്പാദനത്തിനും സത്യാന്വേഷണത്തിനും ആദര്‍ശനിഷ്ഠ കാത്തുസൂക്ഷിക്കാനുള്ള പലായനങ്ങളുമാകുമ്പോള്‍ അവയില്‍ ദൈവത്തിന്‍റെ പൊരുത്തം കൂടി പ്രവര്‍ത്തിക്കുന്നു. വ്യാപാരത്തിനും മനുഷ്യര്‍ പുറപ്പെട്ടുപോകുന്നു. അധികാര വ്യാപനത്തിന്‍റെ യാത്രകളും നടക്കുന്നു. അഭയാര്‍ഥികളായും മനുഷ്യര്‍ അലഞ്ഞു കൊണ്ടേയിരിക്കുന്നു. സ്വന്തം മണ്ണില്‍ കാലൂന്നി നില്‍ക്കാനാകാതെ തകര്‍ന്നടിയുന്ന അവസ്ഥയാണ് അഭയാര്‍ഥിത്വം. യുദ്ധം, ആഭ്യന്തര സംഘര്‍ഷം തുടങ്ങിയവ ജീവിതം അസാധ്യമാക്കി തീര്‍ത്ത ഇടങ്ങളില്‍ നിന്നാണ് അവര്‍ വരുന്നത്. വംശം, മതം, സംസ്കാരം തുടങ്ങിയ സ്വത്വബോധങ്ങള്‍ ക്രൂരമായി ആക്രമിക്കപ്പെടുമ്പോഴാണ് അവര്‍ അഭയം തേടിയിറങ്ങുന്നത്. മരിക്കാന്‍ പേടിയുള്ളത് കൊണ്ട് മാത്രമാണ് അവര്‍ നാട് വിടുന്നത്. ഈ മനുഷ്യരെല്ലാം അത്തരമിടങ്ങളില്‍ കലര്‍പ്പുകള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഭാഷയും ഭക്ഷണവും സംസ്കാരവും പെരുമാറ്റവുമെല്ലാം ഇടകലര്‍ന്ന് പുതിയൊരു ലോകം സൃഷ്ടിക്കുന്നു. കുടിയിറക്കം എന്ന കവിതയില്‍ ഈ വസ്തുത ഇടശ്ശേരി ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.
കുടിയിറക്കപ്പെടും കൂട്ടരേ പറയുവിന്‍
പറയുവിന്‍ ഏത് ദേശക്കാര്‍ നിങ്ങള്‍
പ്രസവിച്ചതിന്ത്യയായ്, പ്രസവിച്ചതിംഗ്ലണ്ടായ്
പ്രസവിച്ചതാഫ്രിക്കന്‍ വന്‍കരയായ്
അതിലെന്തുണ്ടാര്‍ക്കാനു, മുടമയില്ലാത്ത
ഭൂപടമേലും പാഴ്വരയ്ക്കര്‍ഥമുണ്ടോ?
എവിടെവിടങ്ങളില്‍ ചട്ടിപുറത്തെടു-
ത്തെറിയപ്പെടുന്നുണ്ടീ പാരിടത്തില്‍
അവിടവിടങ്ങളെച്ചേര്‍ത്ത് വരക്കുയ്ക്കു-
കൊന്നിവരുടെ രാഷ്ട്രത്തിന്നതിര്‍ വരകള്‍!
എന്നാണ് കവിവാക്യം.
കേരളത്തിന്‍റെ കാര്യം പ്രത്യേകമായെടുത്താല്‍ ഇത്രമാത്രം പ്രവാഹങ്ങളുണ്ടായ മറ്റൊരു ജനതയുണ്ടായിട്ടില്ല. പുറപ്പാടിന്‍റെ ദിശയായിരുന്നു ഈ നാട്. ഇപ്പോഴും അത് അങ്ങനെത്തന്നെയാണ്. ഒരു നാട് തന്നെ മെട്രോയായി മാറുന്ന പ്രതിഭാസമാണ് ഈ ഭൂവിഭാഗത്തില്‍ സംഭവിച്ചത്. പുറപ്പെട്ടു പോകുന്നവരുടെ നാടുമായിരുന്നു ഇത്. ചരിത്രം രേഖപ്പെടുത്തുന്നതിനും എത്രയോ മുമ്പ് മലയാളി പുറപ്പെട്ടു പോയിട്ടുണ്ട്. ദിശ മാറുന്നുവെന്നേയുള്ളൂ, പല നിലകളില്‍ അത് സംഭവിച്ചു കൊണ്ടേയിരിക്കുകയാണ്. ബംഗാളിയും അസാംകാരനും ഇന്നും വന്നിറങ്ങുന്നത് ഈ ഭൂമി യാത്രകളുടെ ലക്ഷ്യമായി അവശേഷിക്കുന്നുവെന്നതിന്‍റെ തെളിവാണ്. പോയവരും വന്നവരും പോയി തിരിച്ചു വരുന്നവരും ഇവിടുത്തെ ഭാഷയെ സ്വാധീനിച്ചിട്ടുണ്ട, ഇവിടുത്തെ ജീവിതത്തെ നിര്‍ണ്ണയിച്ചിട്ടുണ്ട്. ഈ ജനതയെ വിശാലതയുള്ള മനുഷ്യരാക്കി മാറ്റിയിട്ടുണ്ട്. അച്ചടിയുടെ അവകാശം സിദ്ധിച്ച മിഷനറിമാര്‍ ആ മൂലധന അധികാരം മലയാളിയുടെ പൊതു ബോധത്തില്‍ അംശം ചാര്‍ത്താന്‍ ഉപയോഗിച്ചുവെങ്കിലും അത് വലിയ വിപ്ലവം തന്നെയായിരുന്നു. (അച്ചടിയുടെയും സംപ്രേഷണത്തിന്‍റെയും മൂലധനം സ്വന്തമാക്കാതെ ഒരു ജനതക്കും പൊതു ബോധത്തിന്‍റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്ന് തിരിച്ചറിയാന്‍ കേരളത്തിലെ മുസ്ലിംകള്‍ വല്ലാതെ വൈകിപ്പോയിരുന്നു) ബെന്യാമിന്‍ എഴുതുന്നു: ഭാഷയുടെ അടിസ്ഥാനത്തില്‍ രൂപീകൃതമായ ഒരു സംസ്ഥാനം എന്ന നിലയില്‍ പരിശോധിക്കുമ്പോള്‍ പഴയ ചെന്തമിഴില്‍ നിന്നും ഇന്നത്തെ മലയാളം രൂപപ്പെട്ടു വരുന്നതില്‍ യൂറോപ്യന്‍ അധിനിവേശം പ്രത്യേകിച്ച് മിഷണറിമാര്‍ വഹിച്ച പങ്ക് നാം തിരിച്ചറിയേണ്ടതുണ്ട്. അച്ചടി മുതല്‍ നിഘണ്ടു വരെ സമ്മാനിച്ചുകൊണ്ട് ഒരു പുതിയ ഭാഷയ്ക്കും അതിലൂടെ പരുവപ്പെടുന്ന സംസ്കാരത്തിനും അവര്‍ അടിത്തറ പാകി. പോര്‍ച്ചുഗീസ്, ഡച്ച്, ഫ്രഞ്ച് ബ്രിട്ടീഷ് അധിനിവേശങ്ങള്‍ സമ്മാനിച്ചതാണ് നമ്മുടെ ഭാഷയിലെ ഒട്ടേറെ വാക്കുകള്‍. അതിനും മുമ്പേയുള്ള ചൈനീസ്, അറബ് ബന്ധവും നമുക്ക് വാക്കുകളും ഭക്ഷണവും പാത്രങ്ങളും വരെ സമ്മാനിച്ചിട്ടുണ്ട്. അതുകൂടാതെ തമിഴ്, സംസ്കൃതം, ഹിന്ദി, തെലുങ്ക്, കന്നഡ. കൊങ്കിണി എന്നീ ഭാരതീയ ഭാഷകളില്‍ നിന്നും പേര്‍ഷ്യന്‍, ഉര്‍ദു, തുര്‍ക്കി, സുറിയാനി, ഹീബ്രു തുടങ്ങിയ വൈദേശിക ഭാഷകളില്‍ നിന്നും നാം ധാരാളം പദങ്ങള്‍ കടം കൊണ്ടിട്ടുണ്ട്. അങ്ങനെയെങ്കില്‍, നമ്മുടെ ദേശത്തിന്‍റെ ചരിത്രം എന്നത് എങ്ങോട്ടൊക്കെയോ കുടിയേറിപ്പോയവരുടെയും എവിടൊന്നൊക്കെയോ കുടിയിറങ്ങി വന്നവരുടേതുമാണെന്ന് നമുക്ക് മനസ്സിലാവുന്നു. അത്കൊണ്ട്, ഭാഷാ ശുദ്ധിയെക്കുറിച്ചുള്ള വേവലാതികളും തീവ്രഭാഷാ വാദവും ചരിത്രവിരുദ്ധമായിരിക്കും. ഭാഷയുടെ ‘ചൊവ്വാ ദോഷം’ തേടിയിറങ്ങിയ ഡിറ്റക്ടീവുകളോട് സഹതപിക്കുകയാണ് വേണ്ടത്. ഒരു ഇതര ഭാഷാ പദം സ്വീകരിക്കുമ്പോള്‍ അത് ഉത്പാദിപ്പിക്കുന്ന സംസ്കാരിക മൂല്യത്തെ കുടഞ്ഞു കളയാന്‍ ശ്രമിക്കുകയെന്നത് മാത്രമാണ് ചെയ്യാന്‍ സാധിക്കുക. ഹായ് എന്ന് നിങ്ങള്‍ക്ക് സംബോധന ചെയ്യാം. അപ്പോള്‍ മനസ്സില്‍ നിങ്ങള്‍ കരുതുന്നത് കുഞ്ഞാപ്വോ, കുഞ്ഞാനേ, ബിച്ചുട്ട്യേ എന്നൊക്കെയായാല്‍ മലയാളം മരിക്കാതെ നില്‍ക്കും.
പ്രാദേശിക ഭാഷാ വഴക്കങ്ങളെ നിരാകരിച്ച് സ്റ്റാന്‍ഡേര്‍ഡ് ലാംഗ്വേജിലേക്ക് എല്ലാവരും അണി ചേരണമെന്ന് പറയുന്നതാണ് യഥാര്‍ഥ അധിനിവേശം. മുസ്ലിംകളെ പരിഷ്കരിക്കാനിറങ്ങിയ വഹാബിസവും മൗദൂദിസവും ഇതാണ് ചെയ്തത് എന്നു കൂടി ഓര്‍ക്കണം. മുസ്ലിംകള്‍ക്ക് പൊതു പൗരന്‍മാരായി മാറാന്‍ സാധിക്കുന്നില്ലെന്ന തീരുമാനത്തിലെത്തിച്ചേരുന്ന പരിഷ്കരണവാദികള്‍ അറബി മലയാളം പോലുള്ള ഭാഷാ രൂപങ്ങളെ തകര്‍ത്തും പ്രാദേശിക ഭാഷാ വഴക്കങ്ങളെ അധമമെന്ന് മുദ്രകുത്തിയും മാനക ഭാഷയിലേക്ക് വഴി നടത്താനാണ് ശ്രമിച്ചത്. പൊതു സമൂഹത്തിന്‍റെ കൈയടി കിട്ടാനുള്ള തട്ടിപ്പായിരുന്നു ഇത്. മുസ്ലിംകള്‍ അക്കാലം വരെ അനുവര്‍ത്തിച്ചു പോന്ന അച്ചടക്കം, ആദരവ്, ആത്മീയ ആശ്രയങ്ങള്‍, നേതൃ- അനുയായി ബന്ധം, പ്രാര്‍ഥനകള്‍, മതസ്ഥാപന ഭരണ സംവിധാനം എല്ലാത്തിനെയും അധമവും അപരിഷ്കൃതവും മതവിരുദ്ധവുമായി താറടിക്കുകയായിരുന്നുവല്ലോ അവര്‍. അതിനായി പരമ്പരാഗത മുസ്ലിംകളുടെ ഭാഷയെയും അവര്‍ പ്രശ്നവത്കരിച്ചു.
ഇന്നിപ്പോള്‍ സാങ്കേതിക വിദ്യ ഭാഷാരൂപങ്ങളെ ഉടച്ച് വാര്‍ത്തു കൊണ്ടിരിക്കുകയാണ്. ഏത് ഭാഷയെന്ന് കള്ളിയില്‍ പെടുത്താനാകാത്ത പദങ്ങള്‍ വരികയാണ്. സാമൂഹിക മാധ്യമങ്ങളില്‍ സംഭവിക്കുന്നത് (എന്തൊക്കെ ദോഷങ്ങളുണ്ടെങ്കിലും) സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. ജനാധിപത്യത്തിന്‍റെ ആഘോഷമാണ് അവിടെ നടക്കുന്നത്. അച്ചടിയുടെയും പ്രസാധനത്തിന്‍റെയും മൂലധന അധികാരത്തെയാണ് അത് ചോദ്യം ചെയ്യുന്നത്. പണ്ട്, പുലയന്‍റെ കുട്ടിയെ സ്കൂളില്‍ പഠിപ്പിക്കാന്‍ സവര്‍ണര്‍ വിസമ്മതിച്ചപ്പോള്‍ കവി എഴുതി: അധികാരം കൊയ്യണമാദ്യം; എന്നിട്ടാകാം പൊന്നാര്യന്‍. പുതിയ യുവാക്കള്‍ അധികാരം കൊയ്യുകയാണ്. ഭാഷയുടെ രാജവീഥികളിലേക്ക് പ്രോട്ടോകോള്‍ തെറ്റിച്ച് അവരുടെ വാക്കുകള്‍ പ്രവേശിക്കുകയാണ്.

മുസ്തഫ പി എറക്കല്‍

Leave a Reply

Your email address will not be published. Required fields are marked *