2019 January-Febrauary Hihgligts Shabdam Magazine ലേഖനം

നാവിന് വിലങ്ങിടുക

അല്ലാഹു മനുഷ്യനെ അത്യുത്തമമായ ഘടനയോടെയാണ് സൃഷ്ടിച്ചിട്ടുള്ളത്. മനുഷ്യ ശരീരത്തിലെ ഓരോ അവയവങ്ങളും അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹങ്ങളെയും അവന്‍റെ അസ്ഥിത്വത്തെയും അറിയിക്കുന്നതാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: څതീര്‍ച്ചയായും നാം മനുഷ്യനെ ഏറ്റവും നല്ല രൂപത്തില്‍ സൃഷ്ടിച്ചു’. അവന് സംസാരിക്കാന്‍ വായയും കാണാന്‍ കണ്ണും കേള്‍ക്കാന്‍ കാതും ശ്വസിക്കാന്‍ ശ്വാസനാളവും ചിന്തിക്കാന്‍ ചിന്താമണ്ഡലങ്ങളുമെല്ലാം നല്‍കി മനുഷ്യനെ നാഥന്‍ ആദരിച്ചു. ഇതര ജീവജാലങ്ങളില്‍ നിന്നും വ്യത്യസ്ഥനാക്കി. സംസാരശേഷി നല്‍കി. എല്ലില്ലാത്ത ഒരു കഷ്ണം മാംസം കൊണ്ട് കോടാനുകോടി ജനങ്ങള്‍ ആയിരക്കണക്കിന് ഭാഷകള്‍ കൈകാര്യം ചെയ്യുന്നു. വിശുദ്ധ ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു: څഅവന്‍ മനുഷ്യനെ സൃഷ്ടിച്ചു. അവനെ സംസാരിക്കാന്‍ പഠിപ്പിക്കുകയും ചെയ്തു'(സൂറത്തു റഹ്മാന്‍ 3,4 ). അവന് നാം രണ്ട് കണ്ണുകള്‍ നല്‍കിയില്ലേ.. ഒരു നാവും രണ്ട് ചുണ്ടുകളും തെളിഞ്ഞു നില്‍ക്കുന്ന സത്യത്തിന്‍റെയും അസത്യത്തിന്‍റെയും രണ്ട് പാതകള്‍ കാണിച്ചു കൊടുക്കുകയും ചെയ്തില്ലേ.. (സൂറത്തുല്‍ ബലദ്:8-10). ഇങ്ങനെ നിരവധി സ്ഥലങ്ങളില്‍ അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെ ഓര്‍മിപ്പിക്കുന്നു. കൂടെ ആ അനുഗ്രഹങ്ങള്‍ക്ക് നന്ദി ചെയ്യാനും ആവശ്യപ്പെടുന്നു. പക്ഷെ, മനുഷ്യന്‍ നാഥന്‍റെ കല്‍പനകള്‍ക്ക് വിലകൊടുക്കാതെ സദാസമയം ഐഹിക ജീവിതത്തിന്‍റെ സുഖാസ്വാദനങ്ങളില്‍ മുഴുകിയിരിക്കുകയാണ്. കള്ളവും പരിഹാസവും പരദൂഷണവുമായി ജീവിതം മുന്നോട്ട് നീക്കുന്നു. സ്വഹാബി പ്രമുഖന്‍ മുആദ്(റ) പറയുന്നു: څഒരിക്കല്‍ മുത്ത്നബി(സ്വ) സ്വര്‍ഗത്തിലേക്ക് പ്രവേശിക്കാനുള്ള നിരവധി കാര്യങ്ങളെ കുറിച്ച് പറഞ്ഞു കൊടുത്തതിനു ശേഷം പറഞ്ഞു: എന്നാല്‍ അവയെയെല്ലാം അധീനപ്പെടുത്തുന്ന ഒരു കാര്യത്തെ കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരട്ടെയോ..? മുആദ്(റ) പറഞ്ഞു: അതെ പ്രവാചകരെ, തിരുനബി(സ്വ) തന്‍റെ നാവ് പിടിച്ചുകൊണ്ട് പറഞ്ഞു: ഇതിനെ നീ നിയന്ത്രിക്കണം. അപ്പോള്‍ മുആദ്(റ) ചോദിച്ചു: ഞങ്ങള്‍ സംസാരിക്കുന്ന കാര്യങ്ങള്‍ക്ക് ഞങ്ങള്‍ ശിക്ഷിക്കപ്പെടുമോ? മുത്ത് നബി(സ്വ) പറഞ്ഞു: ഓ മുആദ്, നിനക്കെന്തുപറ്റി തങ്ങളുടെ നാവ് കൊണ്ട് സംസാരിച്ചതല്ലാതെ മറ്റെന്താണ് ജനങ്ങളെ നരകാഗ്നിയിലേക്ക് മുഖം കുത്തി വീഴ്ത്തുന്നത്. അതെ, നാവ് മനുഷ്യനെ നരകത്തിലേക്ക് അല്ലെങ്കില്‍ സ്വര്‍ഗത്തിലേക്ക് നയിക്കും’.
സത്യം, സദുപദേശം, സ്വലാത്ത്, ദിക്റ്, ഖുര്‍ആന്‍ പാരായണം തുടങ്ങിയവ കൊണ്ട് നാവ് സദാ ജോലിയായാല്‍ അത് മനുഷ്യനെ സ്വര്‍ഗത്തിലേക്ക് നയിക്കും. എന്നാല്‍ അനാവശ്യ സംസാരം കൊണ്ട് മനുഷ്യന്‍ നരകാവകാശിയായി മാറുകയും ചെയ്യും. അതുകൊണ്ടാണ് മുത്ത്നബി(സ്വ) പറഞ്ഞത്, രണ്ട് തുടയെല്ലുകള്‍ക്കിടയിലുള്ളതു കൊണ്ടും താടിയെല്ലുകള്‍ക്കിടയിലുള്ളതു കൊണ്ടും(സൂക്ഷിക്കാമെന്ന്) ആരെനിക്ക് ഉറപ്പ് നല്‍കുന്നുവോ അവന് ഞാന്‍ സ്വര്‍ഗം കൊണ്ട് ജാമ്യം നില്‍ക്കാം(ബുഖാരി). വായില്‍ വരുന്നതൊക്കെ പറഞ്ഞുകൊണ്ടിരിക്കുക എന്നത് ഒരു സത്യവിശ്വാസിയുടെ ലക്ഷണമല്ല. വാക്കുകള്‍ എത്ര ചെറുതാണെങ്കിലും അവ രേഖപ്പെടുത്തപ്പെടുന്നുണ്ടെന്നും അതിന്‍റെ പേരില്‍ താന്‍ സ്രഷ്ടാവിന്‍റെ സന്നിധിയില്‍ വിചാരണ നേരിടേണ്ടി വരുമെന്നും സ്വര്‍ഗ നരകങ്ങള്‍ തീരുമാനിക്കുന്നതില്‍ അവയ്ക്ക് നിര്‍ണായകമായ പങ്കുണ്ടെന്ന തിരിച്ചറിഞ്ഞവരാണ് സത്യവിശ്വാസികള്‍. അക്കാരണത്താല്‍ സൂക്ഷിച്ച് മാത്രമേ അവര്‍ സംസാരിക്കുകയുള്ളൂ. വിശുദ്ധ ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നതിങ്ങനെ: څസത്യവിശ്വാസികളേ.. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, നല്ലവാക്ക് സംസാരിക്കുക. എങ്കില്‍ അവന്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യും.’ മുത്ത്നബി(സ്വ)യുടെ സംസാരത്തെ കുറിച്ച് പത്നി ആഇഷ (റ) വിവരിക്കുന്നു: അല്ലാഹുവിന്‍റെ ദൂതര്‍ നിങ്ങളെ പോലെ തുരുതുരാ സംസാരിക്കുന്ന ആളായിരുന്നില്ല. അവിടുന്ന് പറയുന്ന വാക്കുകള്‍ ഒരാള്‍ക്ക് വേണമെങ്കില്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ സാധിക്കുമായിരുന്നു(ബുഖാരി). ഇമാം നവവി(റ) പറയുന്നു: പ്രായപൂര്‍ത്തിയായ വിവേകമുള്ള ഓരോ വ്യക്തിയും ഉപകാരപ്രദമല്ലാത്ത സകല സംസാരങ്ങളില്‍ നിന്നും നാവിനെ സൂക്ഷിക്കേണ്ടതുണ്ട്. സംസാരിക്കല്‍ ഗുണമില്ലാത്ത വിഷയങ്ങളില്‍ പോലും സംസാരിക്കാതിരിക്കലാണ് തിരുചര്യ(അല്‍ അദ്കാര്‍).
അബൂമൂസല്‍ അശ്അരി(റ) പറയുന്നു: ഒരിക്കല്‍ ഞാന്‍ പ്രവാചകരോട് ചോദിച്ചു. അല്ലയോ പ്രവാചകരെ, ഏറ്റവും ശ്രേഷ്ടരായ മുസ്ലിം ആരാണ്. മുത്ത്നബിയുടെ മറുപടി ഇപ്രകാരമായിരുന്നു: ഏതൊരാളുടെ നാവില്‍ നിന്നും കൈയില്‍ നിന്നും മറ്റ് മുസ്ലിംകള്‍ രക്ഷപ്പെടുന്നുവോ അവരാണ് ശ്രേഷ്ടരായ മുസ്ലിംകള്‍(ബുഖാരി). നാവ് ഇരുതല മൂര്‍ച്ചയുള്ള ആയുധം പോലെയാണ്. അല്ല, അതിലും കടുപ്പമുള്ളതാണ്. നന്മയില്‍ ഉപയോഗിച്ച് വിജയം നേടാനും തിന്മയില്‍ ഉപയോഗിച്ച് പരാജിതനാകാനും നാവു കൊണ്ട് കഴിയും. നാവു കൊണ്ടുള്ള വിപത്തുകള്‍ അനേകായിരമാണ്. വാതോരാതെ അന്യരെ പറ്റി ഏഷണിയും പരദൂഷണവും പറയുന്നവര്‍ വ്യക്തിജീവിതത്തില്‍ ശുദ്ധരല്ലെന്നാണ് മന:ശാസ്ത്രജ്ഞരുടെ നിഗമനം. അന്യരുടെ കുറ്റങ്ങളും കുറവുകളും അവര്‍ക്ക് ഇഷ്ടമില്ലാത്ത രൂപത്തില്‍ പറഞ്ഞ് പ്രചരിപ്പിക്കലാണല്ലോ പരദൂഷണം. ദീനി വിഷയങ്ങളില്‍ അമിത താല്‍പര്യം കാണിക്കുന്ന പലരിലും ഈ മനോഭാവം പ്രകടമായി കാണാം.
വ്യഭിചാരം, മദ്യപാനം, തുടങ്ങിയവ ഗൗരവപൂര്‍ണമായി കാണുന്നവര്‍ പോലും ചിലപ്പോള്‍ പരദൂഷണത്തെ വളരെ ലാഘവത്തോടെയും നിസ്സാരവുമായിട്ടാണ് കാണാറുള്ളത്. അല്ലാഹുവിന്‍റെ പ്രവാചകര്‍(സ്വ) അരുളി: څപരദൂഷണം വ്യഭിചാരത്തേക്കാള്‍ കഠിനമാണ്. സ്വഹാബത്ത് ചോദിച്ചു. അല്ലാഹുവിന്‍റെ പ്രവാചകരെ, പരദൂഷണം എന്തുകൊണ്ടാണ് വ്യഭിചാരത്തേക്കാള്‍ കഠിനമാകുന്നത്. മുത്ത്നബിയുടെ മറുപടി: ഒരു മനുഷ്യന്‍ വ്യഭിചരിച്ചാല്‍ അല്ലാഹു അവന്‍റെ പശ്ചാത്താപം സ്വീകരിക്കും. എന്നാല്‍ പരദൂഷകന് അവന് ആരെക്കുറിച്ചാണോ പറഞ്ഞത് അവന്‍ വിട്ടുകൊടുക്കുന്നത് വരെ അല്ലാഹു പൊറുത്ത് കൊടുക്കുകയില്ല’. നമുക്കിടയില്‍ സ്നേഹവും സാഹോദര്യവും ഐക്യവുമൊക്കെ തകര്‍ക്കുന്ന ഈ ദുസ്സ്വഭാവങ്ങള്‍ അതിവ്യാപകമാണ്. നമുക്കിടയില്‍ പരസ്പരം ശത്രുത വളരാന്‍ ശപിക്കപ്പെട്ട പിശാച് തോന്നിപ്പിക്കുന്നതാണ് ഈ ദുര്‍ഗുണം. വിശുദ്ധ ഖുര്‍ആന്‍ ശക്തമായി വിലക്കിയ പ്രവര്‍ത്തനമാണ് പരദൂഷണം. നിങ്ങളില്‍ ചിലര്‍ ചിലരെ പറ്റി അവരുടെ അഭാവത്തില്‍ ഏഷണി പറയരുത്. തന്‍റെ സഹോദരന്‍ മരിച്ച് കിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുന്നത് പോലെയാണ് ഇസ്ലാം പരദൂഷണത്തെ കണക്കാക്കുന്നത്. ഏഷണിയും പരദൂഷണവുമായി നടക്കുന്നവര്‍ക്ക് പാരത്രിക ലോകത്ത് കഠിനമായ ശിക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അനസ്(റ)വിനെ തൊട്ട് നിവേദനം, മുത്ത്നബി(സ്വ) പറഞ്ഞു: എന്നെ ആകാശാരോഹണം ചെയ്യപ്പെട്ടപ്പോള്‍ ഞാനൊരു ജനതയുടെ അരികിലൂടെ നടന്നു പോയി. അവര്‍ അവരുടെ ചെമ്പിനാലുള്ള നഖങ്ങള്‍ കൊണ്ട് മുഖങ്ങള്‍ മാന്തിപ്പൊളിക്കുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു: അക്കൂട്ടര്‍ ആരാണ് ജിബ്രീല്‍? ജിബ്രീല്‍(അ) മറുപടി നല്‍കി: അവര്‍ ജനങ്ങളുടെ പച്ചമാംസം ഭക്ഷിക്കുന്ന കൂട്ടരാണ്. ഹൃദയം കഴിഞ്ഞാല്‍ ശരീരത്തിലെ ഏറ്റവും പ്രധാന അവയവമാണ് നാവ്.
വിജയപരാജയ നിര്‍ണ്ണയത്തില്‍ ഹൃദയത്തെപ്പോലെ നാവിനും അതിന്‍റേതായ പങ്കുണ്ട്. കെട്ടഴിച്ചു വിട്ടാല്‍ അപകടം വിതക്കുന്ന വിനാശകാരിയായ ഈ അവയവത്തെ നന്മയില്‍ പിടിച്ചു നിര്‍ത്തുക അങ്ങേയറ്റം പ്രയാസകരമാണ്. ചിലപ്പോള്‍ അത് വിഷ തുപ്പുന്ന സര്‍പ്പത്തെപ്പോലെ പത്തി വിടര്‍ത്തി കണ്ണില്‍ കാണുന്നവരയൊക്കെ കൊത്തി പരിക്കേല്‍പ്പിക്കും. മറ്റു അവയവങ്ങളെപ്പോലെയല്ല ഇതിന്‍റെ സൃഷ്ടിപ്പ്. സൂക്ഷിച്ചുപയോഗിച്ചാല്‍ വിപ്ലവം തീര്‍ക്കാം പ്രലോഭനങ്ങളും പ്രകോപനങ്ങളും സൃഷ്ടിക്കാം. ആരെയും വീഴ്ത്താനും വാഴ്ത്താനും നിഷ്പ്രയാസം സാധിക്കുന്ന നാവിന് സ്വര്‍ഗവും നരഗവും ലഭ്യമാക്കാന്‍ ഒരു പോലെ സാധിക്കും. ഇലാഹീ സ്മരണ പുതുക്കുന്ന നാവ് അതിമഹത്തായ അനുഗ്രമാണെന്ന് മുത്ത് നബി പഠിപ്പിച്ചിട്ടുണ്ട്. സംസാരത്തില്‍ മാസമരികതയുണ്ട്. പലരുടെയും വശ്യവും ആകര്‍ഷകവുമായ സംസാരത്തില്‍ പ്രചോദിതരായി സത്യപാത സ്വീകരിച്ചവര്‍ നിരവധിയാണ്. വിശ്വാസിള്‍ക്കെതിരെ വിഷം ചീറ്റുന്ന നാവുകളുടെ ഉടമകള്‍ അന്ത്യനാളില്‍ ശരിക്കും വിയര്‍ക്കേണ്ടി വരും. സ്വര്‍ഗത്തിനരികിലെത്തിയ ഒരു മനുഷ്യന്‍ വിഷം പുരട്ടിയ ഒറ്റ വാക്കു പറഞ്ഞാല്‍ അക്കാരണം കൊണ്ട് സ്വന്‍അ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കാള്‍ വിദൂരമായ ദിക്കിലേക്ക് അകറ്റപ്പെടുമെന്ന് മുത്ത് നബി പഠിപ്പിച്ചു. ഹൃദയത്തില്‍ മുറിവേല്‍പ്പിക്കാനും വന്‍കലാപങ്ങള്‍ സൃഷ്ടിക്കാനും കാരണമാകുന്ന വാക്കുകള്‍ അവസാനിപ്പിക്കണം. സംസാരത്തില്‍ സൂക്ഷ്മത പാലിക്കുക, സത്യസന്ധത പുലര്‍ത്തുക, നല്ലത് മാത്രം സംസാരിക്കുക, അല്ലെങ്കില്‍ മൗനം പാലിക്കുക. ഓരോ വാക്കും റിക്കോര്‍ഡ് ചെയ്യപ്പെടുമെന്ന ബോധ്യത്തോടെയാകുക.
നൗഷാദ് തിരൂരങ്ങാടി

Leave a Reply

Your email address will not be published. Required fields are marked *