ഡിസംബര്‍ 11 ന് വന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബി.ജെ.പിക്കും വിശിഷ്യാ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുമുണ്ടായ തിരിച്ചടി ദേശീയ രാഷ്ട്രീയത്തില്‍ ദിശാമാറ്റം സാധ്യമല്ലാത്ത ഒന്നല്ല എന്നതിന്റെ സുവ്യക്തമായ സൂചനയാണ്. മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ് എന്നീ ഹിന്ദീ, ഹിന്ദുത്വ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഭരണത്തില്‍ നിന്ന് പുറത്തായിരിക്കുന്നു. തെലങ്കാനയിലും മിസോറാമിലും ബി.ജെ.പിയുടെ പ്രകടനം അതിദയനീയവുമായിരിക്കുന്നു. പുതിയ വര്‍ഷത്തില്‍ നടക്കാന്‍ പോകുന്ന ലോക് സഭ തെരഞ്ഞെടുപ്പില്‍ ജയിച്ചു കയറുക എന്നത് ബി.ജെ.പിക്ക് അത്ര എളുപ്പമല്ല എന്നത് ഉറപ്പ് തന്നെ. ഈ തിരിച്ചടിയുടെ കാരണം നിരവധിയാണ്.
കൃഷിയോടുള്ള അവഗണന
രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ഗ്രാമ നഗര ഭേദമന്യേ വോട്ടര്‍മാര്‍ ബി.ജെ.പിയില്‍ നിന്നകന്നു. ഇന്ത്യ സ്പെന്‍ഡ് എന്ന സംഘടനയുടെ കണക്കനുസരിച്ച് മധ്യപ്രദേശില്‍ 2004നും 2016നും ഇടയില്‍ 16,932 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ഛത്തീസ്ഗഢില്‍ 12,979 കര്‍ഷകരും രാജസ്ഥാനില്‍ 5582 കര്‍ഷക ആത്മഹത്യകളുമാണുണ്ടായത്. കര്‍ഷകര്‍ക്കിടയില്‍ കടുത്ത അമര്‍ഷവും നിരാശയുമാണ് ഈ സംസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നത്. ഈ രോഷത്തെ തണുപ്പിക്കാന്‍ നരേന്ദ്ര മോഡിയും വസുന്ധര രാജ സിന്ധ്യയും ശിവരാജ് സിങ് ചൗഹാനും രമണ്‍സിങ്ങും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ താങ്ങുവില ഉയര്‍ത്താമെന്ന പതിവ് പല്ലവി ആവര്‍ത്തിക്കുകയാണുണ്ടായത്. എന്നാല്‍ കര്‍ഷകരെ സംബന്ധിച്ചിടത്തോളം താങ്ങുവില ഒരു പാട് പ്രശ്നങ്ങളില്‍ ഒന്ന് മാത്രമാണ്. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സാധിക്കുന്നില്ല. ഇടത്തട്ടുകാരുടെ ചൂഷണമുണ്ട്. പര്യാപ്തമായ കാര്‍ഷിക വായ്പകളില്ല. ഉല്‍പ്പന്നങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കാന്‍ ശീതികരണ സംവിധാനമുള്ള സംഭരണ കേന്ദ്രങ്ങളില്ല. ബി.ജെ.പി സര്‍ക്കാറുകള്‍ കര്‍ഷകരുടെ ഈ നിലവിളികള്‍ക്ക് തരിമ്പും വില കല്‍പ്പിച്ചില്ല. മന്മോഹന് സിങ്ങിന്റെ കാലത്ത് കാര്ഷികോല്പന്ന കയറ്റുമതി അഞ്ച് മടങ്ങായി വര്‍ധിച്ചിരുന്നു. ഇപ്പോള്‍ അത് 21 ശതമാനം ചുരുങ്ങുകയും ഇറക്കുമതി 60 ശതമാനത്തിലധികം വര്‍ധിക്കുകയും ചെയ്തു
നോട്ട് നിരോധനം
2016ലെ നോട്ട് നിരോധനം ബി.ജെ.പിയുടെ പിന്നോട്ടടിക്ക് കാരണമായി. രാജ്യത്തെ 86% നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിച്ചത് എന്തൊരു ദൂരവ്യാപക ഫലങ്ങളാണുണ്ടാക്കിയത്! മന്മോഹന് സിങ് പറഞ്ഞത് പോലെ ഇതൊരു സംഘടിത കൊള്ളയും നിയമവിധേയ കവര്‍ച്ചയും തന്നെയായിരുന്നു. നൂറിലധികം ആത്മഹത്യകള്‍, 15 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടം, 15 കോടി പേര് നിത്യ വൃത്തിക്ക് വകയില്ലാതായി. കള്ളപ്പണത്തിനെതിരെ വന്‍ മുന്നേറ്റമാണിതെന്ന വീമ്പു പറഞ്ഞ പ്രധാനമന്ത്രി നിഗൂഢതകള്‍ അനേകം ബാക്കി നിര്‍ത്തിയാണ് നോട്ട് നിരോധിച്ചത്.
തൊഴില്‍, എണ്ണ വില, ദാരിദ്ര്യം, നിക്ഷേപം
നാലര വര്‍ഷം മുമ്പ് അധികാരത്തില്‍ വരുമ്പോള്‍ പ്രധാനമന്ത്രിയുടെ വാഗ്ദാനം ഒരു വര്‍ഷം രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു. എന്നാല്‍ നാല് വര്‍ഷം കൊണ്ട് 15നും 24നും ഇടയില്‍ പ്രായമുള്ളവരുടെ 72 ലക്ഷം തൊഴിലവസരങ്ങള്‍ ഇല്ലാതായെന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നു.
ക്രൂഡോയില്‍ വില അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ബാരലിന് 41 ഡോളറിലേക്ക് താഴ്ന്നപ്പോള്‍ വരെ ഇന്ത്യയില്‍ മോഡിക്കാലത്ത് പെട്രോള്‍ വിറ്റത് ലിറ്ററിന് 65 രൂപക്ക്. ബാരലിന് 141 ഡോളറായപ്പോള്‍ 65 രൂപയില്‍ താഴെ പെട്രോള്‍ വിറ്റ മന്മോഹന് സിങ് കാലം കടന്നു പോയ രാജ്യമാണിതെന്നോര്ക്കണം. എണ്ണയുടെ നികുതിയിനത്തില്‍ 15,000 കോടി യു.എസ് ഡോളര്‍ കേന്ദ്ര സര്‍ക്കാര്‍ സമാഹരിച്ചിട്ടുണ്ട്. മറുവശത്ത് കര്‍ഷകര്‍ ഒരു മുഴം കയറില്‍ ജീവനൊടുക്കുകയും ചെയ്യുന്നു.
മന്മോഹന് സിങ്ങിന്റെ ഒരു പതിറ്റാണ്ട് കാല ഭരണത്തില്‍ 14 കോടി ജനങ്ങള്‍ ദാരിദ്ര്യരേഖ മറികടന്നതായി സര്‍ക്കാര്‍ രേഖകള്‍ പറയുന്നു. മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തന്നെയാണിതിന് പ്രധാന കാരണം. എന്നാല്‍ ഇത്തരം ഒരു കണക്ക് പോലും എന്‍.ഡി.എ ഗവണ്മെന്റിന് എടുത്തു കാണിക്കാനില്ല. നിക്ഷേപത്തിന്റെ കാര്യത്തില്‍ 13 വര്‍ഷത്തിനിടയില്‍ ഏറ്റവും താഴ്ന്ന നിരക്കാണിപ്പോള്‍. എന്നാല്‍ വിജയ് മല്യ, നീരവ് മോഡി, ലളിത് മോഡി തുടങ്ങിയ സാമ്പത്തിക കുറ്റവാളികള്‍ക്ക് പറുദീസയുമൊരുക്കുകയാണ് നരേന്ദ്ര മോഡി
കോണ്‍ഗ്രസ് മുക്ത ഭാരതം അത്ര എളുപ്പമല്ല
മോഡി അമിത് ഷാ ദ്വയത്തെ അടിമുടി വിറപ്പിച്ച ഗുജറാത്തിലെ തകര്‍പ്പന്‍ പ്രകടനം, ഭരണത്തിലെത്തിയില്ലെങ്കിലും ഗോവ, മേഘാലയ, മണിപ്പൂര്‍ തെരഞ്ഞെടുപ്പുകളിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി പദവി, പഞ്ചാബിലെ തകര്‍പ്പന്‍ വിജയം, കര്‍ണാടകയിലെ ഭരണം ബി.ജെ.പിക്ക് നല്‍കാതിരുന്ന പ്രകടനം എന്നിവക്ക് പിന്നാലെ ഛത്തീസ്ഗഡും രാജസ്ഥാനും മധ്യപ്രദേശും പിടിച്ചെടുത്ത പോരാട്ട വീര്യം എന്നിവ കോണ്‍ഗ്രസിനെ ഇന്ത്യയില്‍ നിന്ന് മുക്തമാക്കല്‍ അത്ര എളുപ്പം സാധിക്കുന്ന കാര്യമല്ലെന്ന് നരേന്ദ്ര മോഡിയെയും ആര്.എസ്.എസിനെയും കൃത്യമായി ബോധ്യപ്പെടുത്തിയിരിക്കുകയാണ്. അംബാനിമാരും അദാനിയും കോടികളുടെ പുഴ ഒഴുക്കിയിട്ടും വര്‍ഗീയതയുടെ കാളകൂടം ചീറ്റിയിട്ടും കേന്ദ്ര സര്‍ക്കാറിന്റെ സന്നാഹങ്ങള്‍ മുഴുക്കെയുണ്ടായിട്ടും ബി.ജെ.പിക്ക് മുമ്പില്‍ കോണ്‍ഗ്രസ് എണീറ്റ് നിന്നത് ഒരദ്ഭുതം തന്നെയാണ്. ഈ രാജ്യത്തെ മഹാഭൂരിപക്ഷം ഹൈന്ദവരുടെയും മതേതര ബോധത്തെ ഇനിയും ആര്.എസ്.എസിന് വിലക്കെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതിന്റെ ഉത്തമോദാഹരണങ്ങളാണ് ആറ് ശതമാനം മാത്രം മുസ്ലിംകളുള്ള ഛത്തീസ്ഗഢ്, എട്ട് ശതമാനം മുസ്ലിംകളുള്ള മധ്യപ്രദേശ്, രാജസ്ഥാന്, കര്‍ണാടക എന്നിവിടങ്ങളിലെ ഫലങ്ങള്‍. കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് (പഞ്ചാബ്) കമല്‍നാഥ് (മധ്യപ്രദേശ്), അശോക് ഗെഹ്ലോത് (രാജസ്ഥാന്) ഭൂപേഷ് ബാഗല് (ഛത്തീസ്ഗഡ്) എന്നിവരെ മുഖ്യമന്ത്രിമാരാക്കാനും ഡോ. പരമേശ്വര (കര്‍ണാടക)യെ ഉപമുഖ്യമന്ത്രിയാക്കാനും ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സാധിച്ചത് കോണ്‍ഗ്രസിന് എല്ലാ നിലയിലും വലിയ നേട്ടമാണ്. അത് മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രചാരണം നടത്തിയ 60 ശതമാനം ഇടങ്ങളിലും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രചാരണം നടത്തിയ 70 ശതമാനം ഇടങ്ങളിലും ബി.ജെ.പി തോറ്റു എന്നത് അവരെ ഞെട്ടിപ്പിച്ച വിഷയമാണ്.
രാഹുല്‍ ഗാന്ധി പടവുകള്‍ കയറുന്നു
രാഹുല്‍ ഗാന്ധി ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ കുടുംബത്തിലെ രക്തമാണെന്ന തിരിച്ചറിവ് ഇല്ലാതെയാണ് മിക്കവരും അയാളെ ൗിറലൃ ലശൊേമലേ ചെയ്തത് എന്നാണെനിക്ക് തോന്നുന്നത്. തനിക്ക് പറ്റിയ രാഷ്ട്രീയ എതിരാളിയല്ല രാഹുല്‍ എന്ന് മാലോകര്‍ക്ക് മുന്നില്‍ സമര്‍ത്ഥിക്കാന്‍ നരേന്ദ്ര മോഡി കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം അയാളെ പപ്പു എന്നും ഷെഹ്സാദ എന്നും വിളിച്ചും വിളിപ്പിച്ചും കത്തിക്കയറുകയായിരുന്നു. വലിയ അളവില്‍ മോഡിയും കൂട്ടരും അതില്‍ വിജയിച്ചിട്ടുമുണ്ട്. എന്നാല്‍, ഏത് പരിഹാസത്തിനിടയിലും തരംതാഴ്ത്തലിനിടയിലും സുസ്മേരവദനനായി മിതമായ വാക്കുകളില്‍ തന്റെ നിലപാടുകളും രാഷ്ട്രീയവും മാത്രം പറഞ്ഞ രാഹുല്‍ പതുക്കെ പതുക്കെ ബി.ജെ.പിക്ക് മുന്നില്‍ വലിയൊരു പര്വതമായും രാജ്യത്തെ ശുഭകാംക്ഷികള്ക്ക് ഒരു പ്രതീക്ഷയായും വളരുന്ന കാഴ്ചയാണ് 2018ല്‍ ലോകം കണ്ടത്. ബി.ജെ.പിയുടെ തേരോട്ടത്തിന് കടിഞ്ഞാണിടാന്‍ ഇനിയുമൊരു ബാല്യം കൂടി കോണ്‍ഗ്രസിനുണ്ടെന്നും രാഹുല്‍ ഗാന്ധി എഴുതിത്തള്ളേണ്ടവനല്ലെന്നുമുള്ള ബോധ്യം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈവന്നതോടെ ബി.ജെ.പി വിരുദ്ധ കക്ഷികളില്‍ ഊര്‍ജം വന്നിട്ടുണ്ട്. വലിയ കക്ഷിയായിട്ടും ബി.ജെ.പിയെ മാറ്റി നിര്‍ത്താന്‍ ചിരവൈരികളായ ജനതാദള്‍ (എസ്) ന് കര്‍ണാടകത്തില്‍ മുഖ്യമന്ത്രി സ്ഥാനം നല്കിയ കോണ്‍ഗ്രസിന്റെ തീരുമാനവും ഇവര്‍ക്കിടയില്‍ ഏറെ പ്രശംസിക്കപ്പെട്ടിരിക്കുകയാണ്. എന്‍.ഡി.എയില്‍ മന്ത്രിയായ കുശ്വാഹയും പാര്‍ട്ടിയും മോഡിയെ തള്ളി യു.പി.എയില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചു കഴിഞ്ഞു. മോഡി മന്ത്രി സഭയിലെ പ്രധാന നേതാവ് റാംവിലാസ് പാസ്വാനും പാര്‍ട്ടിയും എന്‍.ഡി.എ വിടാനൊരുങ്ങുന്നു. ഡി.എം.കെയുടെ എം.കെ. സ്റ്റാലിന് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവണമെന്ന തന്റെ ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചു കഴിഞ്ഞു. ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു രാഹുല്‍ ഗാന്ധിയെ കണ്ട് ചര്‍ച്ച നടത്തി പ്രതിപക്ഷ കക്ഷികളെ ഏകോപിപ്പിക്കാന്‍ ഓടി നടക്കുന്നു. രാജ്യത്തെ നമ്പര്‍ വണ്‍ പ്രശ്നം അഴിമതിയല്ലെന്നും മതേതരത്വത്തിനും അഖണ്ഡതക്കും ഫെഡറലിസത്തിനുമെതിരെയുള്ള ഭീഷണിയാണെന്നും മനസിലാക്കിയ ആം ആദ്മി പാര്‍ട്ടിയും അരവിന്ദ് കെജ്രിവാളും കോണ്‍ഗ്രസിനോട് കൈകോര്‍ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നു. തേജസ്വി യാദവും രാഷ്ട്രീയ ജനതാദളും ദേവഗൗഡയും ജനതാദള്‍ എസും കോണ്‍ഗ്രസിനൊപ്പം എന്ന് തന്നെ വ്യക്തമാക്കിയിരിക്കുന്നു. മുലായവും മായാവതിയും യു.പി യില്‍ ഒരുമിച്ചത് തന്നെ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. നവീന്‍ പട്നായിക് ഒഡീഷയില്‍ കോണ്‍ഗ്രസിന്റെ കൂടെ നില്ക്കാന് ആഗ്രഹിക്കുന്നു. മമത ബാനര്‍ജിയും ചന്ദ്രശേഖര്‍ റാവുവും പക്ഷേ തങ്ങളിലൊരാള്‍ ഒരു ഐ.കെ. ഗുജറാലോ എച്ച്. ഡി. ദേവഗൗഡയോ ആയേക്കാം എന്ന പ്രതീക്ഷയിലാണ്. തല്ക്കാലം ഇവര്‍ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയം തന്നെയാണുയര്‍ത്തുന്നത്. 2019 ലേക്കുള്ള സെമി ഫൈനലായാണ് ഛത്തീസ്ഗഡ്, രാജസ്ഥാന്, മധ്യപ്രദേശ് തെരഞ്ഞെടുപ്പുകളെ രാഷ്ട്രീയ ലോകം കണ്ടത്. ഇവിടങ്ങളില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റവും മിസോറാമിലും തെലങ്കാനയിലും ബി.ജെ.പി ഇതര കക്ഷികളുടെ മുന്നേറ്റവും ആണ് കണ്ടത്. വലിയ പോരാട്ടം തന്നെയായിരിക്കും 2019 ല്‍ രാജ്യം ദര്‍ശിക്കുക എന്നതിന്റെ സൂചകങ്ങളാണിവയെല്ലാം.
സൈഫുദ്ദീന് കണ്ണനാരി