2019 March-April Hihgligts Shabdam Magazine ലേഖനം

ഹിന്ദ് സഫര്‍ ഇന്ത്യയെ കണ്ടെത്തുന്നു

ഒരു മുന്‍മാതൃകയുമില്ലാതെ ഇത്രയും വലിയൊരു രാജ്യമൊട്ടുക്കും യാത്ര ചെയ്യുക, നേതാക്കള്‍ക്ക് നിര്‍ദ്ദേശം കൊടുക്കുക, പ്രവര്‍ത്തകരെ സജ്ജമാക്കുക, സമയാസമയം പരിപാടി വിജയകരമായി നടക്കുക… ഇതെല്ലാം കൂടി നടക്കുമോ? അതും റോഡ് മാര്‍ഗ്ഗം പോവണം. വിവിധ ഭാഷകള്‍, -10 മുതല്‍ +30 വരെ മാറി വരുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍, വൈവിധ്യമാര്‍ന്ന ജനങ്ങള്‍, കേട്ട് മാത്രം പരിചയമുള്ള റോഡുകള്‍, തിന്ന് അഡ്ജസ്റ്റാവുമോ എന്നറിയാത്ത ഭക്ഷണങ്ങള്‍, കണ്ടാലറക്കുന്ന ഗലികള്‍… ഇങ്ങനെ പോവുന്നു ഹിന്ദ് സഫറില്‍ സഫറിംഗ് ചെയ്യാനുള്ള ലിസ്റ്റ്.
‘സാക്ഷര-സൗഹൃദ ഇന്ത്യ സാധ്യമാക്കാന്‍’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ഡല്‍ഹിയില്‍ നടന്ന എസ്.എസ്.എഫിന്‍റെ ദേശീയ സമ്മേളനത്തിന് രാജ്യമൊട്ടുക്കുമുള്ള പ്രവര്‍ത്തകരെ നേരിട്ട് ചെന്ന് ക്ഷണിച്ചുകളയാം എന്നതായിരുന്നു ഹിന്ദ്സഫറിന് നിദാനം. ശരിയാണ്, കേരളത്തിലെ പോലെ അടിക്കടി വരുന്ന ഗ്രാന്‍റ് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചൊന്നും ഉത്തരേന്ത്യക്കാര്‍ മുസ്ലിം സംഘാടനത്തിന്‍റെ ശക്തി അനുഭവിച്ചിട്ടില്ല. അവര്‍ക്ക് ദേശീയ സമ്മേളനത്തിന്‍റെ ഗൗരവം ബോധ്യപ്പെടുത്തണം, അവരെ ഡല്‍ഹിയിലെത്തിച്ച് അനുഭവിപ്പിക്കണം.
ഒരു അജ്മീര്‍ യാത്രക്ക് വേണ്ടി മാസങ്ങള്‍ മുമ്പേ പ്ലാന്‍ ചെയ്യുന്ന നമ്മള്‍ക്ക് ഊഹിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല, 23 (ഗോവ പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടാണ് 22 മാറി 23 ആയത്) സംസ്ഥാനങ്ങളിലും ഡല്‍ഹിയിലുമായി അര്‍ദ്ധശതകത്തോളം സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി കേരളത്തിലെത്തേണ്ട ഒരു റോഡ് മാര്‍ഗമുള്ള യാത്രയുടെ ഒരുക്കവും ഭാരവും. ഒരു മുന്‍മാതൃകയില്ലാത്തതാണ് എന്നത് സങ്കീര്‍ണ്ണതയും സമ്മര്‍ദ്ദവും കൂട്ടുക സ്വാഭാവികം. യാത്ര പ്ലാന്‍ ചെയ്ത ശേഷം തന്നെ സംസ്ഥാനങ്ങളുടെ ലിസ്റ്റും സ്വീകരണ കേന്ദ്രങ്ങളുടെ എണ്ണത്തില്‍ വന്ന മാറ്റങ്ങളും ഇതിന് തെളിവേറെയാണ്.
പറഞ്ഞുവരുമ്പോള്‍, ഹിന്ദ് സഫര്‍ നേതാക്കള്‍ ഏറ്റവും കൂടുതല്‍ അനുഭവിച്ച സ്ട്രസ്സായിരുന്നു, പല സ്വീകരണ കേന്ദ്രങ്ങളിലും സമയത്തിനോ മണിക്കൂറുകള്‍ക്കുള്ളിലോ ഓടിയെത്താന്‍ കഴിയാതെ പോയതും തല്‍ഫലമായി ചിലതൊക്കെ കാന്‍സല്‍ ചെയ്യേണ്ടി വന്നതും അനന്തരം വെയ്റ്റിംഗ് ലിസ്റ്റിലുള്ള മറ്റു ചില സ്ഥലങ്ങളില്‍ സ്വീകരണ സമ്മേളനങ്ങള്‍ക്ക് അവസരമൊരുങ്ങിവന്നതും വളരെ ഊര്‍ജ്ജസ്വലരായ പ്രവര്‍ത്തകരുള്ള എസ്.എസ്.എഫ് കോട്ടകളില്‍ നിന്നുമുള്ള ‘പ്ലീസ്, ഞങ്ങള്‍ക്കും വേണം ഒരു സ്വീകരണാവസരം, ഡേറ്റ് തരൂ’ എന്ന ഹാഷ്ടാഗുകളോട് ‘കഴിയില്ലല്ലോ’ എന്ന് കമന്‍റടിക്കേണ്ടി വന്നതും. ഇതിലൂടെ ഇന്ത്യയുടെ വൈവിധ്യങ്ങളും വിശാലതയും ഈ 28 ദിവസത്തിനുള്ളിലോ രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ തന്നെയോ ഓടിത്തീര്‍ക്കാവതല്ല എന്ന് ഒന്നുകൂടി ബോധ്യപ്പെടുകയായിരുന്നു. പ്രഖ്യാപിത ലിസ്റ്റനുസരിച്ച് ഒരു ദിവസം പോലും രാത്രി ഓടേണ്ടി വരില്ലെന്ന തീരുമാനം പിന്നീട് പകുതിയിലധികം ദിവസങ്ങളും രാവും പകലുമറിയാതെ ഓട്ടവും പരിപാടികളുമായി രൂപാന്തരപ്പെടേണ്ടി വന്നു. കൃത്യമായി പറഞ്ഞാല്‍ സഫറിന്‍റെ അഞ്ചാം ദിവസം സുല്‍ത്താനുല്‍ ഹിന്ദിനോട് കാവല്‍ തേടി തുടങ്ങിയതാണു രാപ്പകലില്ലാത്ത ഓട്ടം. പൊട്ടിയ ടയറുകളോട് മല്ലിട്ടും നിസ്കരിക്കാന്‍ സൗകര്യം അന്വേഷിച്ചും വൈകി രാത്രി 11 മണിക്ക് എത്തിച്ചേര്‍ന്ന ബാലസോറില്‍ നിന്ന് രാത്രി 1.30 ന് വീണ്ടും കട്ടക്ക് ലക്ഷ്യമാക്കി യാത്ര പറയുമ്പോള്‍ കണ്ടവരുടെ കണ്ഡമിടറിപ്പോയൊരു ചിത്രമുണ്ട് ഈ യാത്രക്ക് പങ്കുവെക്കാന്‍. നാലു മണിക്കൂര്‍ ഓടിയെത്തിയിട്ട് നിസ്കാരവും പ്രാഥമിക കര്‍മ്മങ്ങളും റീഫ്രഷ്മെന്‍റും നാസ്തയും കഴിഞ്ഞിട്ട് വേണം പത്തു മണിക്കുള്ള സ്റ്റേജിലെത്താന്‍. അതും ഹിന്ദ് സഫറിലെ വാഹനങ്ങളുടെയും അംഗങ്ങളുടെയും കൂടുന്ന എണ്ണത്തിനനുസരിച്ച് യാത്രക്കും ഒരുക്കങ്ങള്‍ക്കും സമയവുമെടുക്കും. കാരണം, നെറ്റ്വര്‍ക്കും പരിചയവുമില്ലാത്ത കാനനപാതയിലൂടെയുമായിരുന്നു പലപ്പോഴും പലയിടത്തും യാത്ര.
ഹിമാചല്‍ പ്രദേശും സിക്കിമും ത്രിപുരയും മിസോറാമും അരുണാചല്‍ പ്രദേശും നാഗാലാന്‍റും സംസ്ഥാനങ്ങളുടെ ലിസ്റ്റില്‍ വരാതെ പോയതും റൂര്‍ക്കി, മത്തബംഗ, നിസാമാബാദ്, മലെബന്നൂര്‍, ബെല്ലാരി തുടങ്ങിയ സ്വീകരണ കേന്ദ്രങ്ങള്‍ ലിസ്റ്റിലുണ്ടായിട്ട് വീഡിയോകളില്‍ തെളിയാതെ പോയതും കത്തുവ, കപൂര്‍ത്തല, രാജ്കോട്ട്, രായ്ഗഞ്ച്, ഇസ്ലാംപൂര്‍, അന്ധരിയ്യ, ഗൊഡ്ഡ, ഗോവ തുടങ്ങിയവ ലിസ്റ്റിലേക്ക് കയറി വന്നതും പൂഞ്ച്, ചന്ദിഗഢ്, റൂര്‍ക്കി, ജയ്പൂര്‍, കാണ്‍പൂര്‍, ബഹിറേച്ച്, ബറേലി, പറ്റ്ന, ഘോസി, മത്തബംഗ, ഷില്ലോംഗ്, സാഹിബ് ഗഞ്ച്, കൊല്‍ക്കത്ത, നിസാമാബാദ്, ഗുണ്ടകല്‍, വിജയവാഡ (കര്‍ണാടകയിലേതും തമിഴ്നാട്ടിലേതും കേരളത്തിലേതും മാറ്റിനിര്‍ത്തിയിട്ട്) പോലുള്ള എസ്.എസ്.എഫ് ശക്തികേന്ദ്രങ്ങള്‍ ലിസ്റ്റിലേ ഉള്‍പ്പെടുത്താന്‍ കഴിയാതെ പോയതും ചേര്‍ത്തുവായിക്കുമ്പോള്‍ ഹിന്ദ്സഫറിന്‍റെ സങ്കീര്‍ണ്ണത ആര്‍ക്കും ബോധ്യപ്പെടും.
ഇവയില്‍ കേരളത്തിനോട് ചേര്‍ന്നുള്ള സംസ്ഥാനങ്ങളെ മാറ്റി നിര്‍ത്തിയാല്‍ (ഇവിടങ്ങളിലേത് വിവരിക്കേണ്ട ആവശ്യമില്ല) ഗുജറാത്തിലെ രാജ്കോട്ടും ബംഗാളിലെ രായ്ഗഞ്ചും മണിപ്പൂരിലെ ജിരിബാമും ഗോവയിലെ വാസ്കോയും മഹാരാഷ്ട്രയിലെ രാജാപൂരും ആന്ധ്രാപ്രദേശിലെ അനന്ദപൂരും വൈവിധ്യങ്ങളാലും ജനബാഹുല്യത്താലും അമ്പരപ്പിച്ചു കളഞ്ഞു.
സ്വീകരണ കേന്ദ്രങ്ങളുടെ സെലക്ഷനില്‍ ഭൂരിഭാഗം സംസ്ഥാനങ്ങളിലും എസ്.എസ്.എഫ് തഴച്ചു വളര്‍ന്ന പ്രദേശങ്ങളെ പലപ്പോഴും മാറ്റി നിര്‍ത്തി, മുളച്ചു വരുന്ന പ്രദേശങ്ങള്‍ക്കാണ് മുന്‍ഗണന കൊടുത്തത്. പഞ്ചാബിലെ പാന്‍സ്ടയും ഡല്‍ഹിയിലെ സീലാംപൂരും ഹരിയാനയിലെ നൂഹും വെസ്റ്റ് ബംഗാളിലെ അന്ധാരിയയും ഝാര്‍ഘണ്ഡിലെ ഗൊഡ്ഡയും ഒഡീഷയിലെ ബാലസോറും ഉദാഹരണങ്ങളാണ്.
മര്‍കസ് മേല്‍നോട്ടത്തിലും അല്ലാതെയും ഉത്തരേന്ത്യയില്‍ നടക്കുന്ന കേരളാ ബാക്കപ്പുള്ള സ്ഥാപനങ്ങള്‍ക്കും സമുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സ്വാധീനം അതത് നാടുകളില്‍ നടന്ന സ്വീകരണ പരിപാടികളില്‍ നിന്ന് വായിച്ചെടുക്കാമായിരുന്നു. പഠന-വ്യാപാരാവശ്യങ്ങള്‍ക്ക് കേരളം വിടേണ്ടി വന്ന എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ ഹിന്ദ്സഫറുകാര്‍ക്ക് ഭക്ഷണവും താമസവുമൊരുക്കിയെങ്കിലും ഭാഗഭാക്കാവാന്‍ കഴിഞ്ഞപ്പോഴാണ് നിര്‍വൃതിയടഞ്ഞത്. ഡല്‍ഹിയിലും നാഗ്പൂരിലും മുംബൈയിലും ഹൈദരാബാദിലും പൂനെയിലും മുംബൈയിലുമൊക്കെയാണ് ഇവര്‍ റാലിയില്‍ കയറിക്കൂടിയും കൊടികെട്ടിയും ഫോട്ടോയെടുത്തും ഹിന്ദ്സഫര്‍ തങ്ങളുടെ ‘മെമ്മറീസി’ലേക്കായി പോസ്റ്റ് ചെയ്യാനെത്തിയത്.
ഹിന്ദ് സഫര്‍ ഒരു ആവേശമായിരുന്നു. ഓരോ സംസ്ഥാനങ്ങളും പിന്നിടുമ്പോള്‍ ആവേശം കൂടിക്കൂടി വന്നു. സ്വീകരിക്കുന്ന പ്രവര്‍ത്തകരുടെ ആവേശത്തിനപ്പുറം നേതാക്കള്‍ക്ക് ഓരോ ചാര്‍ജിംഗ് ആയിരുന്നു ഓരോ പരിപാടിയും. കാരണമുണ്ട്, അങ്ങ് കോച്ചിവലിക്കുന്ന തണുപ്പില്‍ നിന്ന് തുടങ്ങിയ കശ്മീരിലെ പ്രോഗ്രാമില്‍ മഞ്ഞുവീഴ്ചക്കിടയിലും ലക്ഷ്യം തേടി കിലോമീറ്ററുകള്‍ താണ്ടിയെത്തിയ (ഹിന്ദ് സഫറിന്‍റെ, ആദ്യമായി നിരീക്ഷകരിലേക്കെത്തിയ) ആ വീഡിയോ തന്നെ മതി ചാര്‍ജ് കൂട്ടാന്‍. മഞ്ഞിലായിരുന്നു ഹിന്ദ് സഫറിന്‍റെ ആദ്യ കാല്‍പാടുകള്‍ വീണതെന്നര്‍ത്ഥം. പിന്നീടങ്ങോട്ട് പ്രതികൂല സാഹചര്യങ്ങള്‍ ചോദ്യങ്ങളുതിര്‍ത്തപ്പോള്‍ തണലായി വന്നത് എ.പി. ഉസ്താദ് നിര്‍ദ്ദേശിച്ചു തന്ന ദിക്റുകളും ഔലിയാക്കളുടെ കാവലും തന്നെയായിരുന്നു. (യാത്രാ നായകന്‍ ശൗകത്ത് ബുഖാരി തന്നെ ഈ അനുഭവം സമാപനസമ്മേളനത്തില്‍ പങ്കുവെച്ചതാണ്). പിന്നീട് ജമ്മുവില്‍ നടന്ന പരിപാടി തൊട്ട് ആകൃഷ്ടരായെത്തുന്ന നവാഗതരുടെ തന്നെ ഒഴുക്കായിരുന്നു.
പിന്നീട് പഞ്ചാബിലെ കപൂര്‍തല ജില്ലയിലെ പാന്‍സ്ട്ടയും സര്‍ഹിന്ദുമായിരുന്നു 13-ാം തിയ്യതിയിലെ ലിസ്റ്റിലുണ്ടായിരുന്നതെങ്കിലും വഴിയിലെ കത്തുവക്കാര്‍ക്ക് (കത്തുവയിലെ കിരാതത്വത്തിന്‍റെ ഇരയുടെ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും) ഈ യാത്രാ നായകനെ മറക്കാന്‍ കഴിയുമായിരുന്നില്ല. അന്നത്തെ ആദ്യ സ്വീകരണവും നാസ്തയും കത്തുവക്കാരുടെ വകയായിരുന്നു.
ഉത്തരേന്ത്യയിലെ ഓരോ സ്വീകരണ കേന്ദ്രങ്ങളും ഒന്നിനൊന്ന് മികച്ചു നിന്നു. ലോഹ്രി ഉത്സവത്തിന്‍റെ തിരക്കിനിടയില്‍ വേദി പങ്കിടാനെത്തിയ പഞ്ചാബീ പകടിയണിഞ്ഞ സര്‍ദാറുമാരായിരുന്നു കപൂര്‍ത്തലയില്‍ സ്വീകരിക്കാനെത്തിയത്. രണ്ടാം സഹസ്രാബ്ദത്തിന്‍റെ മുജദ്ദിദെന്ന് വിളിക്കപ്പെടുന്ന സര്‍ഹിന്ദിയുടെ ചാരത്തെത്തിയപ്പോള്‍ സംസ്ഥാനത്തിന്‍റെ വിവിധ കോണുകളില്‍ നിന്നെത്തിയ സുന്നത്ത് ജമാഅത്തിന്‍റെ കരുത്തുറ്റ നേതാക്കള്‍ തന്നെ അണിനിരന്നു ഹിന്ദ് സഫറിനെ സ്വീകരിക്കാന്‍. ഡല്‍ഹിയിലും ദര്‍ഭംഗയിലുമൊക്കെ സ്ഥലം എം.എല്‍.എമാര്‍ എത്തിയപ്പോള്‍ ലക്നൗവിലും മൈസൂരുമൊക്കെ സ്വീകരിക്കാനെത്തിയത് പ്രശസ്ത സ്വാമിമാരായിരുന്നു. നാഗ്പൂരില്‍ ഹിന്ദ് സഫര്‍ സ്വീകരണത്തില്‍ ദേശീയ നേതൃത്വത്തെ തോല്‍പ്പിച്ചു കളയും എന്ന മട്ടിലായിരുന്നു മുനസ്സമ ഫലാഹിയ്യ ട്രസ്റ്റിന്‍റെയും അസ്റാ ട്രസ്റ്റിന്‍റെയും ഹസ്റത് ബാബാ താജുദ്ദീന്‍ ദര്‍ഗ ട്രസ്റ്റിന്‍റെയും മാല്‍സര്യബുദ്ധി. ഡല്‍ഹിയില്‍ സംഘടനയുടെ പതിവു വേദികളില്‍ നിന്ന് മാറ്റി പതിത മനസ്സുകള്‍ക്ക് പ്രതീക്ഷയേകാനായി പരിപാടി സീലാംപൂരിലേക്ക് മാറ്റിയപ്പോഴോ അല്‍വാറില്‍ ഉച്ചക്ക് നടക്കുമെന്ന് പറഞ്ഞ കോണ്‍ഫറന്‍സ് രാത്രി 9 മണിയോളം വൈകിയപ്പോഴോ യുവ പ്രവര്‍ത്തകരില്‍ ആവേശത്തിനൊരു പഞ്ഞവും കണ്ടില്ല.
നേരത്തേ സ്വരൂപിച്ചു വെച്ച പണം കണ്ടുവെച്ചോ ആഢംബര കാറുകളിലോ ആയിരുന്നില്ല ഈ യാത്ര മുഴുവനും. യാത്ര പകുതിയേറെ പിന്നിട്ടത് ഒരു എക്സിയുവിയും രണ്ട് ചെറു കാറുകളിലും മാത്രമാണ് എന്നതില്‍ നിന്ന് വായിച്ചെടുക്കാം കേരളത്തില്‍ സംഘടിപ്പിച്ചു വരുന്ന വിവിധ സന്ദേശ യാത്രകള്‍ക്കും ഒരു ഇന്ത്യാ യാത്രക്കും കിട്ടാവുന്ന സപ്പോര്‍ട്ടിലെ വ്യത്യാസം. കേരളത്തില്‍ കണ്‍മുമ്പില്‍ താന്‍ മാത്രമോ ഒരു ഡ്രൈവറാലോ ഓടിത്തീര്‍ക്കാവുന്ന ദൂരമല്ല, മറിച്ച് കാണാമറയത്ത് വിവിധ ഡ്രൈവറുകളാല്‍ കാണ്ണെത്താ ദൂരം ഓടിത്തീര്‍ക്കേണ്ടി വരുമെന്നറിയുന്നത് കൊണ്ടാവാം വാഹനങ്ങളുടെ നിര പ്രത്യക്ഷപ്പെടാതിരുന്നത്. (ഇതില്‍ ഹിന്ദ് സഫറില്‍ കൂടെ കൂടാന്‍ സമയമില്ലാതിരുന്നിട്ടും തന്‍റെ വാഹനം ഹിന്ദ്സഫറിന് വേണ്ടി കേരളത്തില്‍ നിന്ന് കശ്മീരിലെത്തിച്ചു തന്ന് തിരിച്ചു പോന്ന മഅ്ദിന്‍ അഡ്മിനിസ്ട്രേറ്റര്‍മാരിലൊരാളായ സിറാജ് സാറെ പ്രത്യേകം അഭിനന്ദിക്കേണ്ടതുണ്ട്. ശൗകത്ത് ബുഖാരിയുടെ വിവിധ ദീര്‍ഘയാത്രകളില്‍ സഹചാരികളായിരുന്നു ഈ കാറും ഇദ്ദേഹവും).
ഇന്ധനച്ചെലവും റോഡ് ടോളും മാത്രമായി ലക്ഷങ്ങള്‍ തന്നെ വരുന്ന ഈ യാത്രയില്‍, ഓരോ ‘നാളെ’യും വരുന്ന വാഹനച്ചെലവിനും ഭക്ഷണത്തിനും താമസത്തിനുമായി ചെലവുകള്‍ തട്ടിക്കൂട്ടുന്ന തിരക്കിലായിരുന്നു നേതാക്കള്‍ പലപ്പോഴും. കടത്തിനു പുറമെ കടം പറഞ്ഞായിരുന്നു ഈ സംഘടിപ്പിക്കല്‍. സഹയാത്രികരുടെ ഡെബിറ്റ് കാര്‍ഡുകള്‍ കൂടിയാണ് ആയുസ്സ് നീട്ടിത്തന്നത്.
ഹിന്ദ് സഫറിലെ ഒരു പ്രധാന ഫ്യുവല്‍ ഫില്ലിംഗായിരുന്നു ജനറല്‍ സെക്രട്ടറിയായിരുന്ന അബൂബക്കര്‍ സിദ്ദീഖ് മുണ്ടുഗോളിയുടെ അണമുറിയാത്ത എഴുത്തുകുത്തുകള്‍ക്കിടയിലെ സൈക്കോളജിക്കല്‍ തമാശകളും (യാത്രകളില്‍ തമാശ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നുമുണ്ട്) ഇടക്കിടക്ക് കൂടെക്കൂടാന്‍ കേരളത്തില്‍ നിന്നെത്തിയ ദേശീയ-സംസ്ഥാന നേതാക്കളും. വാ തോരാത്ത വിപ്ലവ ഗാനങ്ങളും ചര്‍ച്ചകളും തമാശകളും കൊണ്ടായിരുന്നു ഈ നേതാക്കള്‍ ഡ്രൈവര്‍മാരെയും സഹയാത്രികരെയും രാത്രികളില്‍ ഹയാത്താക്കി നിര്‍ത്തിയത്. നേതാക്കളായ ഡോ. മുഹമ്മദ് ഫാറൂഖ് നഈമിയും കലാം മാവൂരും അരിയല്ലൂരും നൂറുദ്ദീന്‍ റാസിയുമൊക്കെയായിരുന്നു ഇതിനായി ദിവസങ്ങള്‍ തന്നെ മാറ്റിവെച്ചത്.
വായിച്ചോ വീഡിയോ കണ്ടോ മനസ്സിലാക്കിയത് മാത്രമല്ല ഇന്ത്യ. അനുഭവിച്ചറിയാനുമുണ്ട്. വൈവിധ്യത്തില്‍ കേട്ടറിഞ്ഞതിലും വിശാലമാണ് ഇന്ത്യ. രാഷ്ട്രീയ നേതൃത്വത്തിന്‍റെ ഇരട്ടത്താപ്പും സമ്പത്തിലെ മൃഗീയ അന്തരവും അവഗണിത സമൂഹങ്ങളുടെ ജീവിതത്തോടുള്ള സമരവും ദാരിദ്ര്യത്തിലുഴലുന്ന കിഴക്കന്‍ സംസ്ഥാനങ്ങളിലെ ദൈന്യതയുമെല്ലാം അനുഭവിച്ചറിയണം. ഞങ്ങള്‍ ജാര്‍ഘണ്ഡിലേയും മണിപ്പൂരിലെയും ബീഹാറിലെയും ഒഡീഷയിലെയും ആസ്സാമിലേയും ദാരിദ്ര്യത്തിന്‍റെ തോത് കുറിച്ചുവെച്ചത് 2ജി നെറ്റ്വര്‍ക്കില്‍ ഹോട്ടല്‍/മസ്ജിദ് തിരച്ചിലില്‍ പോയ സമയം നോക്കിയും പൊട്ടിയതും പഞ്ചറായതുമായ നമ്മുടെ വാഹനവ്യൂഹത്തിലെ ടയറിന്‍റെ എണ്ണമെടുത്തും ഇടുങ്ങിയ റോഡുകളില്‍ നമ്മുടെ വാഹനങ്ങളില്‍ കോറിയ സ്ക്രാച്ചുകളുടെ ആഴമളന്നുമാണ്. ഈ കുറിപ്പുകളൊന്നും ഗൂഗിള്‍ മാപ്പില്‍ തെളിയാത്തതു കൊണ്ടാണ് ജാര്‍ഘണ്ഡിലെ ഗൊഡ്ഡയില്‍ 4 മണിക്ക് തുടങ്ങിയ പരിപാടിയിലേക്ക് നേതാക്കള്‍ രാത്രി 11.30 ക്ക് എത്തിച്ചേര്‍ന്നതും പകല്‍ വെളിച്ചത്തില്‍ നിശ്ചയിക്കപ്പെട്ട പല റാലികളും ഇരുട്ടിലായി നീങ്ങുന്നത് ഹിന്ദ് സഫര്‍ വീഡിയോകളില്‍ തെളിഞ്ഞതും.
പേരെടുത്ത മെട്രോ സിറ്റികളുള്ള സംസ്ഥാനങ്ങളില്‍ ആ സിറ്റികളെ മാറ്റി നിര്‍ത്തി ദാരിദ്ര്യം അളന്നാലും ഇതിലും ഉയരത്തില്‍ രേഖകള്‍ തെളിയും. അത് കാണാന്‍ ജനസാന്ദ്രത കൂടിയ ഗംഗാ-ബ്രഹ്മപുത്രാ തീര തടങ്ങളിലേക്കൊന്നും പോവേണ്ട. ഈ പശ്ചിമഘട്ടത്തിലെ ചുരങ്ങളോരോന്നും (കേരളത്തിനു പുറത്ത്) കയറിച്ചെന്നാല്‍ മതി. എന്നുവെച്ചാല്‍, നമ്മള്‍ വിളിച്ചാല്‍ കേള്‍ക്കുന്ന ദൂരത്തില്‍. മഹാരാഷ്ട്രയിലും തെലങ്കാനയിലും ആന്ദ്രയിലും തമിഴ്നാട്ടിലും കര്‍ണാടകയിലുമൊക്കെ മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് പോലുള്ള സിറ്റികളില്‍ നിന്ന് മാറി യാത്ര ചെയ്തു നോക്കൂ, കരളലിയിപ്പിക്കുന്ന ദാരിദ്രത്തിന്‍റെ രേഖകള്‍ നിങ്ങളുടെ ഉറക്കങ്ങളില്‍ പോലും മുന്നില്‍ തെളിയും, തീര്‍ച്ച. യാത്രയിലെ പതിനഞ്ചു പേര്‍ക്ക് ഒരു നേരം ചോറൂട്ടാന്‍ പോലും വകയില്ലാത്ത സാഹചര്യത്തിലും എസ്. എസ്. എഫിനെയും അതിന്‍റെ നയങ്ങളേയും നെഞ്ചിലേറ്റാന്‍ തയ്യാറായ പ്രവര്‍ത്തകരെയും ഞങ്ങള്‍ കണ്ടു ഈ യാത്രയില്‍; മണിപ്പൂരിലും ആസ്സാമിലും.
സാമ്പത്തികവും സാമൂഹികവുമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തില്‍ ദളിതരും മുസ്ലികളുമാണ് കൂടുതല്‍ കാണപ്പെടുന്നത്. ലക്ഷ്യബോധവും സംഘടനാബോധവുമില്ലാത്ത മുസ്ലിംകള്‍ ഒരു പരിധി വരെ സ്വമേധയാ അതിന് ഇരകളാവുകയായിരുന്നു എന്നും വായിച്ചെടുക്കാം. ഹൈദരാബാദീ ബെല്‍റ്റിലെ ബീജാപൂരും ബെല്ലാരിയും ലക്ഷ്മേശ്വരും മാത്രമല്ല, മഹാരാഷ്ട്രയിലെയും ബംഗാളിലെയും ബീഹാറിലെയും ആസ്സാമിലെയും മണിപ്പൂരിലെയും ചത്തീസ്ഗഢിലേയും ജാര്‍ഖണ്ഡിലേയും ഭൂരിഭാഗം പ്രദേശങ്ങളും ഇത് വിളിച്ചോതുന്നു. വിദ്യാഭ്യാസവും സംഘടനാ ബോധവുമായിരുന്നു കേരളക്കാരെ ഇത്തരം സാഹചര്യത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്.
എസ്.എസ്.എഫ് ഇന്ത്യന്‍ മുസ്ലിംകളുടെ – പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ പുതുതലമുറയുടെ – പ്രതീക്ഷയാണിന്ന്. കേട്ടും വായിച്ചും അറിഞ്ഞും അനുഭവിച്ചും മുദ്രാവാക്യം വിളിച്ചും പോസ്റ്ററൊട്ടിച്ചും ചെറു പരിപാടികള്‍ സംഘടിപ്പിച്ചും ഇവര്‍ എസ്.എസ്.എഫിനെ താലോലിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഹിന്ദ് സഫറിലൂടെയാണ് അവരുടെ സ്വപ്നങ്ങള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കും ഇതിലും വലിയ അര്‍ത്ഥമുണ്ടെന്ന് അവരറിഞ്ഞത്; ഇന്ത്യാ മഹാരാജ്യത്തോളം വരുന്നൊരര്‍ത്ഥം. ഹിന്ദ് സഫറിലൂടെ യാത്രാ നായകന്‍ എല്ലാവരെയും ഓര്‍മ്മപ്പെടുത്തിയൊരു കാര്യമുണ്ട്; ഇന്ന് കേരളത്തിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലും ഞാന്‍ എസ്.എസ്.എഫുകാരനാണന്നും എസ്.എസ്.എഫ് സിന്ദാബാദ് എന്നും അഭിമാനത്തോടെ വിളിച്ചുപറയുന്ന ഉന്നത പണ്ഡിതരും ഉദ്യോഗസ്ഥരും ബിസ്നസുകാരുമുണ്ടെന്ന്. തുടര്‍ന്ന് അവര്‍ ഡല്‍ഹിയില്‍ വന്നപ്പോള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നു വന്ന, സമൂഹത്തിന്‍റെ നാനാ തുറയിലും പ്രവര്‍ത്തിക്കുന്ന ആ പുതുതലമുറ തോളോട് തോളു ചേര്‍ന്ന് എസ്. എസ്. എഫിനും ശൈഖ് അബൂബകറിനും സിന്ദാബാദ് വിളിച്ചപ്പോള്‍ ഈ ഇന്ത്യാ മഹാരാജ്യത്ത് കന്യാകുമാരിയില്‍ ‘എസ്.എസ്.എഫുകാരാ കൂടെ വരൂ, നമുക്ക് പ്രവര്‍ത്തിക്കാനുണ്ട്’ എന്നു പറഞ്ഞാല്‍ ‘ലബ്ബൈക്, ഞങ്ങളുമുണ്ട് കൂടെ’ എന്നു പറയാന്‍ കശ്മീരിലും ഗുജറാത്തിലും മണിപ്പൂരിലുമൊക്കെ പ്രവര്‍ത്തകരുണ്ടെന്ന് തിരിച്ചറിഞ്ഞിരിക്കും. അതെ, ഹിന്ദ് സഫര്‍ കണ്ടവര്‍ കണ്ടവര്‍ കാത്തിരുന്ന പെരുന്നാളായിരുന്നു ഡല്‍ഹിയില്‍.

അസൂയാവഹം ഈ നേതൃത്വം
യാത്രയില്‍ യാത്രാ നായകരുടെ റോളുകളാണ് നിസ്തുലമായത്. ഇത്രയും സങ്കീര്‍ണ്ണമായ ഒരു യാത്ര പ്ലാന്‍ ചെയ്യുകയെന്നത് ശൗകത്ത് ബുഖാരിക്കും സുഹൈറുദ്ദീന്‍ നൂറാനിക്കും ഒരു പുത്തരിയാവാതിരിക്കാന്‍ കാരണവുമുണ്ട്; യെസ് ഇന്ത്യാ ഫൗണ്ടേഷന്‍ നിലവില്‍ നടത്തിവരുന്നതും പുതുതായി കൂട്ടിച്ചേര്‍ക്കപ്പെടാനിരിക്കുന്നതുമായ സ്ഥാപനങ്ങളുടെ മീറ്റിംഗുകളും പരിപാടികളും ക്രമപ്പെടുത്തി ഒരാഴ്ചയില്‍ തന്നെ കാറില്‍ 3000-4000 കിലോമീറ്റര്‍ യാത്ര ചെയ്ത് കാര്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടി വന്നിട്ടുള്ള, പല ഇന്ത്യാ യാത്രകളും പലപ്പോഴായി ഭാഗികമായി നടത്തേണ്ടി വന്ന പരിചയത്തിലാണ് പ്രസിഡണ്ടിന് റോഡ് മാര്‍ഗ്ഗം ഒരു ഹിന്ദ് സഫര്‍ നിസ്സങ്കോചം പ്ലാനിടാന്‍ കഴിഞ്ഞതെങ്കില്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ഛത്തീസ്ഗഢ് മുതല്‍ കിഴക്കോട്ടുള്ള 7 സംസ്ഥാനങ്ങളിലെ മര്‍കസ്-ആര്‍.സി.എഫ്.ഐ. പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടക്കാരനാണെന്നതാണ് (അന്നത്തെ) ട്രഷറര്‍ക്കുണ്ടായിരുന്ന കോണ്‍ഫിഡന്‍സ്. ഈ സംസ്ഥാനങ്ങളില്‍ ഹിന്ദ്സഫര്‍ റൂട്ട് വരച്ചത് സുഹൈറുദ്ദീന്‍ നൂറാനിയായിരുന്നു.
ഇന്ത്യയുടെ തെക്കേയറ്റത്തുള്ള (കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിക്കടുത്തുള്ള) ശൗകത്ത് ബുഖാരിക്ക് തന്‍റെ പ്രധാന പ്രവര്‍ത്തനമണ്ഡലമായ ഇന്ത്യയുടെ വടക്കേയറ്റത്തുള്ള കശ്മീര്‍ താഴ്വരയിലെ ബാരാമുല്ല വരെ വരുന്ന വഴിമധ്യേ മേല്‍നോട്ടമോ പൂര്‍ണ്ണ ഉത്തരവാദിത്തമോ വരുന്ന സ്ഥാപനങ്ങള്‍ ഒരുപാടുണ്ട്. കശ്മീരിനു പുറമെ കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, യു.പി തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ഥാപനങ്ങളും ദേശീയ എസ്. എസ്. എഫിലും ജാമിഅ നഈമിയ്യയിലും മുഈനിയ്യ എജ്യൂ. മിഷനിലുമൊക്കെ കാര്യമായ ഉത്തരവാദിത്വങ്ങളുമുള്ള ഇദ്ദേഹം കേരളത്തില്‍ നിന്ന് കാറില്‍ പുറപ്പെട്ട് ദാവണകരയിലും ബാംഗ്ലൂരിലും അനന്ദപൂരിലും ഗുണ്ടഗലിലും സഞ്ചീറയിലും മുംബൈയിലും ചന്ദ്രപൂരിലും അജ്മീറിലും മുറാദാബാദിലും ബൈറേജിലും ഡല്‍ഹിയിലും റൂര്‍ക്കിയിലുമെല്ലാം തുടര്‍ന്ന് ശ്രീനഗറില്‍ പോലും പലപ്പോഴായി എത്തേണ്ടിവന്നിട്ടുള്ളത് സ്വാഭാവികം (പല ഉദ്ദേശ്യാര്‍ത്ഥം തമിഴ്നാട്, കര്‍ണാടക, ആന്ദ്രപ്രദേശ്, തെലങ്കാന, ഒഡീഷ, ഝാര്‍ഘണ്ഡ്, വെസ്റ്റ് ബംഗാള്‍, ആസ്സാം, മേഘാലയ, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര പുറപ്പെടാനിരിക്കെയാണ് പിന്നീട് വിശാലമായ ഹിന്ദ് സഫറായി രൂപാന്തരപ്പെട്ടതും).
വിശ്രമമില്ലാത്തൊരു സമര്‍പ്പിത ജീവിതമാണ് യാത്രയിലുടനീളം യാത്രനായകനില്‍ കണ്ടത്. എല്ലാവരെയും ഉറങ്ങാനാക്കി അവസാനമായി ഉറങ്ങി, ആദ്യം എഴുന്നേറ്റ് എല്ലാവരെയും വിളിച്ചുണര്‍ത്തി ഫജ്ര്‍ നിസ്കരിപ്പിക്കുന്നതില്‍ തുടങ്ങി (2-3 മണിക്കായിരിക്കും എല്ലാവരും ഉറങ്ങാന്‍ കിടന്നത്), പുറപ്പെടാനുള്ള സമയം നിശ്ചയിച്ച് ഓരോ റൂമുകാരെയും സമയാസമയം നിരീക്ഷിച്ച് തയ്യാറാക്കി പുറത്തിറക്കി; റൂട്ട്, ദൂരം, സമയക്രമം, ഭക്ഷണം, വാഹനത്തിലെ ഇന്ധനം, മസ്ജിദ്, താമസത്തിനുള്ള ഹോട്ടല്‍, ഡ്രൈവര്‍മാര്‍ക്ക് ഇടക്കിടക്കുള്ള ചായാ-ചാര്‍ജിംഗ് വരെ വാട്സപ്പ് ഗ്രൂപ്പില്‍ നിര്‍ദ്ദേശിച്ച ഉടനെ ഫോണില്‍ വ്യൂഹത്തിലുള്ള എല്ലാ കാറുകാരെയും വിളിച്ചറിയിച്ചാലേ യാത്രാനായകന് സമാധാനമായിരുന്നുള്ളൂ. കൂട്ടത്തിലൊരുത്തന്‍റെ മൂത്രാശങ്കക്ക് പരിഹാരം പോലും മറ്റു വാഹനക്കാരും കൂടിയറിയാതെയാവരുതെന്ന് നിര്‍ബന്ധം പിടിക്കാനും കാരണങ്ങളുണ്ട്; ഹിമാലയന്‍ ചെരിവുകളില്‍ വാ പൊളിച്ചിരിക്കുന്ന കൊക്കകള്‍, അപകടം പതിയിരിക്കുന്ന ഇടുങ്ങിയ ചുരങ്ങള്‍, ഷില്ലോംഗിലേതു പോലുള്ള ചെങ്കുത്തായ റോഡുകള്‍, അശാന്തി നിലനില്‍ക്കുന്ന സംസ്ഥാനങ്ങള്‍, പോലീസ് പെട്രോളിംഗ്, സൈനികരുടെ ചെക്കിംഗ്, ശ്രീനഗര്‍ സീരീസ് നമ്പര്‍ പ്ലേറ്റ് കാണുമ്പോഴുള്ള ക്രമപാലകരുടെ ഭാവമാറ്റങ്ങള്‍, മൊബൈല്‍ നെറ്റ്വര്‍ക്കെത്തി നോക്കിയിട്ടില്ലാത്ത മണിക്കൂറുകള്‍, പ്രീപെയ്ഡ് സിം ചലിക്കാത്തിടങ്ങള്‍, കാനനപാതകളിലൂടെയുള്ള രാത്രിയാത്രകള്‍, പുതിയ ടയറുകളെ പോലും തോല്‍പ്പിച്ച ജാര്‍ഘണ്ഡിലെയും അയല്‍പ്പക്കങ്ങളിലേയും ടാറ് പോലും കാണാനില്ലാത്ത റോഡുകള്‍, സ്പീഡില്‍ മതിമറക്കാവുന്ന വിശാലമായ എക്സ്പ്രസ് ഹൈവേകള്‍, നെറ്റ്വര്‍ക്കില്ലാതെ ഗൂഗ്ള്‍ മാപ്പ് ‘സുല്ല്’ പറയുമ്പോഴേക്കും മുമ്പില്‍ വാ പൊളിച്ചിരിക്കുന്ന ജംഗ്ഷനുകള്‍, കള്ളന്മാരാലും കൊള്ളക്കാരാലും പേരെടുത്ത നാടുകള്‍, ഭാഷ വശമില്ലാത്ത സഹയാത്രികര്‍, വിശപ്പിന്‍റെ ‘അസുഖ’മുള്ളവര്‍, ഭക്ഷണത്തിലെ വൈവിധ്യങ്ങളോട് പൊരുത്തപ്പെടാന്‍ കൂട്ടാക്കാത്ത വയറുമായി അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നവര്‍… ഇങ്ങനെ പോവുന്നു കാരണങ്ങളുടെ ലിസ്റ്റ്. യാത്രാ നായകന് രാത്രിയുറക്കമൊഴികെയുള്ള സമയത്തിന്‍റെ പകുതിയിലധികവും തീര്‍ന്നത് ഈ ഫോണ്‍വിളിയിലും നാവിഗേഷന്‍ നോക്കുന്നതിലുമാണ്.
സഹയാത്രികരും തിരക്കിലായിരുന്നു. കൂട്ടത്തിലുള്ള അഞ്ചാറു ഡ്രൈവര്‍മാര്‍ ഡ്രൈവിംഗിലോ ഉറക്കത്തിലോ ആയിരിക്കും. മീഡിയക്കാര്‍ക്ക് അടുത്ത പരിപാടിയിലേക്ക് ഓടിയെത്തുന്നതിനിടയില്‍ കാറിലിരുന്ന് വേണം പടങ്ങളും വീഡിയോകളും നിങ്ങളിലേക്കെത്തിച്ചു തരാന്‍. നേതാക്കള്‍ സംഘാടനത്തിലും ചര്‍ച്ചയിലും. മൊത്തത്തിലൊരു ഫ്രണ്ട്ലി നെറ്റ്വര്‍ക്കായിരുന്നു എന്നതാണ് യാത്രയുടെ വിജയത്തിന്‍റെ മറ്റൊരു പ്രധാന കാരണം.
തന്‍റെ തിരക്കിനിടയിലും വ്യക്തിബന്ധങ്ങള്‍ക്ക് പോലും പോറലേല്‍ക്കരുതെന്ന ഒരു നിര്‍ബന്ധബുദ്ധിയാണ് ഈ നേതാവിനെ വേറിട്ടു നിര്‍ത്തുന്ന മറ്റൊരു ‘വീക്നസ്’. ഞങ്ങള്‍ – യെസ് ഇന്ത്യാ ഫൗണ്ടേഷന്‍ സ്റ്റാഫുകള്‍ – പലപ്പോഴും വിമര്‍ശിച്ചു പോവാറുണ്ട് ഈ വിഷയത്തില്‍; ആ സമയവും കൂടി വലിയ കാര്യങ്ങള്‍ക്ക് ഉപയോഗിച്ചു കൂടേ എന്ന്. ഹിന്ദ് സഫറിനിടയിലും ആ സ്വഭാവത്തില്‍ മാറ്റമൊന്നും കണ്ടില്ല. ഖമറുല്‍ ഉലമയടക്കം നമ്മുടെ നേതാക്കള്‍ കാണിച്ചു തന്ന പാത പിന്തുടര്‍ന്നു വരുന്ന ശൗകത്ത് ബുഖാരിക്ക് തന്‍റെ കീഴിലും പരിധിയിലും അറിവിലുമുള്ള ഒരാള്‍ക്ക് ഒരു വിഷമം നേരിടുന്നത് അസഹ്യമാണെന്നു വേണം പറയാന്‍. (ഖമറുല്‍ ഉലമയുടെ വളര്‍ച്ചക്കുള്ള പ്രധാന വളമായി പടച്ചവന്‍ കണക്കാക്കിയത് ഇതാണെന്നാണ് ഞാനും വിശ്വസിക്കാറുള്ളത്.) അതിന് പലപ്പോഴും മറ്റൊരാളെ ഏല്‍പ്പിക്കുക പോലും ചെയ്യാതെ താന്‍ തന്നെ കൂടെക്കൂടെ ഫോണ്‍ ചെയ്തും നിര്‍ദ്ദേശങ്ങള്‍ നല്‍കിയും കൊണ്ടിരിക്കും. ദേശീയ ജനറല്‍ സെക്രട്ടറിയായ അബൂബക്കര്‍ സ്വിദ്ദീഖ് മുണ്ടുഗോളി കട്ടക്കില്‍ വിമാനമിറങ്ങിയപ്പോള്‍ സ്റ്റേജിലെത്തുന്നതു വരെ ഫോണില്‍ പിന്തുടര്‍ന്നതും അഞ്ചാറു വര്‍ഷം താന്‍ നടത്തുന്ന സ്കൂളില്‍ പഠിച്ചു വളര്‍ന്ന് ദേശീയ കാമ്പസ് സെക്രട്ടറിയായ സാജിദ് ബുഖാരിക്ക് പൂനെയില്‍ താമസമേര്‍പ്പെടുത്താന്‍ വേണ്ടി ചെയ്ത കോണ്ടാക്ടുകളുടെ കണക്കും നോക്കിയാല്‍ വായിച്ചെടുക്കാം ഈ ഗുണങ്ങള്‍.
യാത്രയിലൊരിക്കല്‍ പോലും അണികള്‍ക്ക് വേണ്ടി കൈയുയര്‍ത്തിയൊന്ന് വീശാന്‍ പോലും തയ്യാറാവാതിരുന്ന വിനയാന്വിതനായ ഈ നായകന് പല സ്വീകരണങ്ങളും കഴിഞ്ഞ് കാറില്‍ കയറിയാല്‍ ആദ്യ പണി പരിപാടിയുടെ ന്യൂസ് എഴുതി അയക്കലാണ്. മറ്റൊരാളെ ഏല്‍പ്പിക്കാന്‍ നില്‍ക്കില്ല. പുറമെ, ഹിന്ദ്സഫര്‍/ദേശീയ എസ്.എസ്.എഫുമായി ബന്ധപ്പെട്ട എന്ത് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടാലും ഇദ്ദേഹത്തിന് അതില്‍ ഒരു സെന്‍സറിംഗും ഒരു ഫീഡ്ബാക്കും നടത്താനുണ്ടാവും; അത് കാരണമായി പ്രസ്ഥാനത്തിനോ മുസ്ലിം സമുദായത്തിനോ സ്ഥാപനങ്ങള്‍ക്കോ ഇന്ത്യാ രാജ്യത്തിന്‍റെ അഖണ്ഡതക്കോ ഒരു പോറലും ഏല്‍ക്കാന്‍ പാടില്ലെന്ന നിര്‍ബന്ധബുദ്ധി കാണിക്കും. മറുപക്ഷം എത്ര ശക്തമായാലും ഈ നായകന്‍ പിന്തിരിയുന്ന ശീലമില്ല. പ്രസ്ഥാനത്തെയും മുസ്ലിം സമുദായത്തേയും ഇത്രത്തോളം കെയര്‍ ചെയ്യുന്ന ഒരു യുവ നേതാവിനെ ഞാന്‍ അടുത്തറിഞ്ഞിട്ടില്ല. കാര്യങ്ങള്‍ അക്കമിട്ട് നിരത്തി ലക്ഷ്യത്തിലേക്കെത്തിക്കുന്ന രീതിയിലേക്ക് സദസ്സിനെ കൈയിലെടുക്കാനും ഈ ജനനായകന്‍റെ പ്രഭാഷണകലക്ക് നിമിഷങ്ങള്‍ അനുവദിച്ചു കിട്ടിയാല്‍ മതി. (ഹിന്ദ് സഫറിന്‍റേയും എസ്.എസ്.എഫിന്‍റേയും ലക്ഷ്യങ്ങളുണര്‍ത്തിക്കൊണ്ട് പൂനെയില്‍ ഇദ്ദേഹം നടത്തിയ ജുമുഅ പ്രഭാഷണത്തില്‍ ആകൃഷ്ടരായ ഇമാമും ജനങ്ങളും സ്വമേധയാ ഇരുപത്തയ്യായിരത്തോളം രൂപയാണ് ഈ യാത്രാചെലവിലേക്ക് പിരിച്ചു നല്‍കിയത് എന്നത് ആ വാക്കുകളുടെ സ്വാധീനം വിളിച്ചോതുന്നു.) ഇന്ത്യയുടെ ഗ്രാന്‍റ് മുഫ്തിയായ സുല്‍ത്താനുല്‍ ഉലമക്ക് പുറമെ, ഇനിയങ്ങോട്ട് പ്രശസ്ത പ്രഭാഷകന്‍ കൂടിയായ ഡോ. ഫാറൂഖ് നഈമിയും കൂടെ കൂടുമ്പോള്‍ ഉത്തരേന്ത്യന്‍ മുസ്ലിം നേതൃത്വത്തിന് കേരളാ പണ്ഡിതരോടുള്ള (ഉര്‍ദുവില്‍ ആര്‍ത്തലച്ച് പ്രസംഗിക്കാത്തതു കൊണ്ടുള്ള) പുച്ഛത്തിന് ഇനിയും റേറ്റ് കുറയും, തീര്‍ച്ച.
ഹിന്ദ്സഫറിന്‍റെ ലക്ഷ്യവും യാത്രാനായകരുടെ പ്രഭാഷണങ്ങളും കേട്ടുവരുമ്പോള്‍ ഹിന്ദ് സഫറിലുടനീളം ഉയര്‍ന്നു കേട്ട ഒരപേക്ഷയിതാണ്; “നിങ്ങളുടെ കേരളത്തെപ്പോലെ ഞങ്ങളുടെ നാടിനെയും ആക്കിത്തരൂ; വിദ്യാഭ്യാസത്തിലും സംഘടനാ ബോധത്തിലും. നിങ്ങളൊന്ന് വഴി നടത്തൂ. ഞങ്ങള്‍ കൂടെ നില്‍ക്കാം, ഞങ്ങളും പ്രവര്‍ത്തിക്കാം.” കേരളത്തെ രക്ഷപ്പെടുത്തിയതും അവര്‍ക്ക് നഷ്ടപ്പെട്ടതും ആ സംഘടിത ബോധമാണെന്ന് അവര്‍ മനസ്സിലാക്കിയെന്നര്‍ത്ഥം. കേരളത്തില്‍ നിന്നും ചെന്ന് ശൈഖ് അബൂബക്കര്‍ അഹ്മദിന്‍റെ നിര്‍ദ്ദേശ പ്രകാരം ഉത്തരേന്ത്യയില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ വരുത്തുന്ന മാറ്റങ്ങളാണ് ഇവരെ ഇത് പറയാന്‍ പ്രചോദിപ്പിക്കുന്നതെന്ന് തീര്‍ച്ച. ആ നേതൃത്വത്തില്‍ വിരിഞ്ഞ ഈ പ്രസ്ഥാനം അവരുടെ ആ ആവശ്യം ഏറ്റെടുത്തേ അടങ്ങൂ എന്നതാണ് ന്യൂഡല്‍ഹി സമ്മേളനം വിളിച്ചോതിയത്. കേരളത്തിലെ പല വിഭാഗങ്ങളില്‍ നിന്നും ഒരു കേരളാ മോഡല്‍ സമുദ്ധാരണത്തിനായി ഉത്തരേന്ത്യയിലേക്ക് കുടിയേറിയവര്‍ ഒരുപാടുണ്ട്. അവരുടെ സ്വാധീനത്താല്‍ ഈ സുന്നിസവും ഇസ്ലാമും വിട്ട് പോവും മുമ്പ് ഉത്തരേന്ത്യന്‍ മുസ്ലിംകള്‍ക്ക് പ്രതീക്ഷയും പരിഹാരവുമാവാന്‍ നാം ഉണര്‍ന്നെഴുന്നേല്‍ക്കേണ്ടതുണ്ട്.
ഹിന്ദ്സഫര്‍ വായിച്ചെടുത്തതില്‍ നിന്നും പുതിയ പരിഹാര നിര്‍ദ്ദേശങ്ങളുമായി എസ്.എസ്.എഫ് ദേശീയ നേതൃത്വം ഇനിയും കച്ചകെട്ടിയിറങ്ങാനിരിക്കുകയാണ്. പുതിയ നേതൃത്വവും പുതിയ പ്രമേയങ്ങളുമായി. എസ്.എസ്.എഫ് മുന്നോട്ട് വെക്കുന്ന തരത്തിലുള്ള പ്രമേയങ്ങള്‍ക്ക് മാത്രമേ പുതിയ ഇന്ത്യന്‍ സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കാനും ഇന്ത്യന്‍ ദേശീയതക്കും പ്രത്യേകിച്ച് അസംഘടിത മുസ്ലിംകളുടെ സംഘാടനത്തിനും ഔന്നിത്യത്തിനും വളക്കൂറാവാനും കഴിയുള്ളൂ എന്നതാണ് സത്യം. പുതുപുത്തന്‍ ഇസ്ലാമും കപട തീവ്രദേശീയതയും രാജ്യത്തിന്‍റെ അഖണ്ഡതക്ക് തുരങ്കം വീഴ്ത്തുന്നതിന് മുമ്പായി എസ്.എസ്.എഫ്. ഉണര്‍ന്നു പ്രവര്‍ത്തിച്ച് പന്തലിക്കും. ഇന്‍ശാ അല്ലാഹ്, ഈ ഡല്‍ഹി നാഷനല്‍ കോണ്‍ഫറന്‍സിന്‍റെ സ്റ്റോറേജ് ബാക്കപ്പില്‍.

ഗഫൂര്‍ സീദ്ദീഖി കൊടുവള്ളി

Leave a Reply

Your email address will not be published. Required fields are marked *