2019 May-June Shabdam Magazine

നിഖാബിന്‍റെ വര്‍ത്തമാന പരിസരം

 

സഹപാഠികളും ടീച്ചേഴ്സുമൊത്തരപൂര്‍വ്വ സംഗമം… ഉമ്മച്ചിക്കുട്ടികളുടെ നിഖാബ് എങ്ങനെയോ ചര്‍ച്ചയായി. ചിലരതില്‍ കയറിപ്പിടിച്ചപ്പോള്‍ ഒരു രസത്തിന് ഒപ്പം കൂടിയതാണ്. എന്തിന് പറയുന്നു, അവസാനം ചോദ്യം മുഴുവന്‍ എന്നോടായി. ഞാനൊറ്റക്കും ബാക്കിയെല്ലാവരും മറുഭാഗത്തും… കാലിടറുമോ എന്ന ചെറിയ ഭയമെങ്കിലും ഇല്ലാതിരുന്നില്ല. ആ സമയത്ത് എന്‍റെ മനസ്സിലേക്കോടിയെത്തിയത് ഒരു സ്ത്രീ രത്നത്തിന്‍റെ മുഖമായിരുന്നു. തകര്‍ന്നടിഞ്ഞ ചാരക്കൂമ്പാരത്തില്‍ നിന്നും ഫിനിക്സ് പക്ഷിയായി കിതപ്പില്ലാതെ കുതിച്ചുയരാന്‍ പ്രാപ്തയാക്കിയ എന്‍റെ പൊന്നുമ്മിയുടെ മുഖം. എന്നിലറിയുന്നത് പറയാന്‍ ഞാന്‍ മാക്സിമം ശ്രമിച്ചു. അവര്‍ അറിയാന്‍ ചോദിച്ചതാണെങ്കിലും അവരില്‍ ചിലരുടെ പ്രകടനം കണ്ടാല്‍ തോന്നുക, ബുദ്ധിജീവി ഫസല്‍ ഗഫൂര്‍ എന്‍റെ വല്ല്യുപ്പയാണെന്നാണ്.
ഫസല്‍ ഗഫൂര്‍ എന്തിന് അങ്ങനെ പറഞ്ഞെന്നായി ചിലര്‍..
അത് എന്നോടല്ല, അദ്ദേഹത്തോട് ചോദിക്കേണ്ടിവരും…
എന്നാലും അങ്ങിനെയൊക്കെ പറയാമോ?
അതും അദ്ദേഹത്തോട് തന്നെ ചോദിക്കണം. മുസ്ലിംകളെ മുഴുവനും ഇവിടെ നിന്നൊഴിവാക്കണമെന്ന് പരസ്യമായി പറയപ്പെട്ട നാട്ടില്‍, ഉമ്മച്ചിക്കുട്ടികളുടെ നിഖാബ് ഇട്ടാവട്ടമുള്ള കാമ്പസില്‍ നിന്നൊഴിവാക്കണമെന്ന് പറയുന്നതിലെന്തത്ഭുതമാണുള്ളത്…
ഓകെ.. ഫാത്തിമാ.. ബട്ട്, പറഞ്ഞത് ഫസല്‍ ഗഫൂറാണ്‌..
ഫസല്‍ ഗഫൂറിനെന്താ കൊമ്പുണ്ടോ… മതകാര്യങ്ങളിലിടപെടാന്‍ അദ്ധേഹം ആരാണ്… കുറഞ്ഞപക്ഷം ഒരു മതപണ്ഡിതനെങ്കിലുമാണോ…?
അദ്ധേഹത്തിന്‍റെ കോളേജില്‍ യൂണിഫോം നിശ്ചയിക്കുന്നതിനുള്ള അവകാശം അദ്ദേഹത്തിനുണ്ടെന്ന് മുസ്ലിം മന്ത്രി പോലും പറഞ്ഞല്ലോ…
അത് മന്ത്രിയോട് ചോദിക്കണം…, മാത്രമല്ല, അവകാശമില്ലെന്ന് ഞാന്‍ പറഞ്ഞിട്ടുമില്ല. നിങ്ങള്‍ പറയുന്ന അവകാശത്തിന്‍റെ പേരില്‍ യൂണിഫോം ബിക്കിനിയാക്കിയാല്‍.. അത് അംഗീകരിക്കാന്‍ പ്രയാസമാകില്ലേ… കാരണം എനിക്കും പെണ്‍കുട്ടികളുള്ളതാണ്,അതെന്താണ് സാര്‍, ബിക്കിനി വന്നപ്പോള്‍ അവകാശം പോയോ..? നിഖാബ് വിഷയത്തിലില്ലാത്ത “പെണ്‍കുട്ടികള്‍”, ബിക്കിനി വേഷത്തില്‍ കയറിവന്നത് എങ്ങനെയാണ്…? അഴിക്കാനവകാശമുണ്ടെങ്കില്‍ ഉടുക്കാനുമവകാശമുണ്ടാകില്ലേ സാര്‍…?
അടുത്തത് മിസ്സിന്‍റെ വക..!
എന്തിനാണ് ഫാത്തീ… മുഖം മറയ്ക്കുന്നത്…
മിസ്സ് എന്തിനാണ് കാല്‍മുട്ടു മറയ്ക്കുന്നത്..? ശരീരത്തിന്‍റെ മുഖ്യഭാഗവും മറയ്ക്കുന്നത് വികസിത രാജ്യങ്ങളിലെ മദാമ്മമാര്‍ ഇതൊന്നും മറയ്ക്കാറില്ലല്ലോ…?
അത് നാണം മറയ്ക്കുന്നതല്ലേ…
ആ നാണമെന്തേ മദാമ്മമാര്‍ക്കില്ലേ…?
അത്.. അത് അവരുടെ സംസ്കാരം…
അപ്പോള്‍ അതാണ്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം നാണമാണ്, മറയ്ക്കേണ്ടതാണ് എന്ന് അവള്‍ക്കു തോന്നുന്ന ഭാഗങ്ങള്‍ അവള്‍ മറയ്ക്കുന്നു. ഉമ്മച്ചിക്കുട്ടികള്‍ക്ക് മുഖം തുറന്നിടല്‍ നാണമാണെന്ന് തോന്നുന്നു. അവരത് മറയ്ക്കുന്നു. അത് അവരുടെ സംസ്കാരം…
അതിന് എല്ലാ സ്ത്രീകളും മറയ്ക്കുന്നില്ലല്ലോ…
ഞാന്‍ പറഞ്ഞല്ലോ, എല്ലാ സ്ത്രീകളും മിസ്സ് മറച്ചതുപോലെ മറയ്ക്കുന്നില്ല. നാണം തോന്നുന്ന സ്ത്രീകള്‍ മാത്രം മറയ്ക്കുന്നു. അത് മുഖമായാലും മറ്റേത് ഭാഗമായാലും.
മുഖം മറച്ചാല്‍ ആളെ തിരിയണ്ടേ…
ആര്‍ക്ക്…
തിരിയേണ്ടവര്‍ക്ക്..
അല്ലാതെ റോഡില്‍ കൂടി നടക്കുന്ന സകല വായില്‍ നോക്കികള്‍ക്കുമല്ല…?
അല്ലേ… എന്‍റെ പൊന്നേ…
അതിനാണ് മിസ്സ്, ആ തുണി ഉയര്‍ത്താനുള്ള സംവിധാനമുള്ളത്. മിസ്സിന് ധരിച്ച സാരി ഉയര്‍ത്തണമെങ്കില്‍ വീടിന്‍റെ അകത്തളമെത്തണം. അല്ലാത്തത് മിസ്സിന്‍റെ നാണമനുവദിക്കുന്നില്ല. ബട്ട്, നിഖാബ് ധാരികള്‍ക്കാ പ്രശ്നമില്ല. ഐഡന്‍റിറ്റി കാണിക്കേണ്ടവരെ കാണിക്കാനതില്‍ സംവിധാനമുണ്ട്. വെറുതെ ഒന്നുയര്‍ത്തിയാല്‍ മാത്രം മതി. അല്ലാതെ മണിച്ചിത്രത്താഴിട്ടത് പൂട്ടിയിട്ടില്ല.
ഈ ചൂടുകാലത്തെങ്ങനെയാണിതൊക്കെ ധരിക്കല്‍….
തണുപ്പുകാലത്ത് എങ്ങിനെയാണോ ധരിക്കല്‍, അതുപോലെയാണ് ചൂടുകാലത്തും ധരിക്കല്‍…
കളിയാക്കിയതാണോ..
സോറീ മിസ്സ്… ചില കാര്യങ്ങള്‍ ചില രൂപത്തില്‍ പറയേണ്ടിവരും.. ഒന്നും തോന്നരുത്…അല്ലെങ്കില്‍ ചോദിക്കാതിരിക്കണം.
ന്നാലും ഈ പെരും ചൂടത്ത്…
കഴിഞ്ഞ മാസം നമ്മുടെ കാമ്പസ് സന്ദര്‍ശിച്ച വിദേശ വനിതകളുടെ വസ്ത്രമെങ്ങിനെയായിരുന്നു…?
അത് പിന്നെ…
മിസ്സ് ഇപ്പോള്‍ എന്നോട് ചോദിച്ച ചോദ്യം അവര്‍ മിസ്സിനോട് ചോദിച്ചാല്‍…
അത്… അത് പിന്നേ…
ചൂടുണ്ടാകുക, അസഹ്യമാകുക ഇതൊക്കെ ഓരോരുത്തരുടെയും വ്യത്യസ്ത പ്രകൃതമാണ്. അവ വിഭിന്നങ്ങളുമായിരിക്കും. അസഹ്യതയില്ലാത്തവരാണല്ലോ അത് ധരിക്കുന്നത്. മാത്രമല്ല, ചൂടു കൂടുതലാണെന്ന് കരുതി വിവസ്ത്രയായി നടക്കാന്‍ മിസ്സ് തയ്യാറാകുമോ…?
അയ്യേ… എന്ത് ചോദ്യമാ കുട്ടീ ഇത്…
സോറീ മിസ്സ്… സൂര്യാഘാത സാധ്യതയുള്ളപ്പോള്‍ മനുഷ്യര്‍ ശരീരത്തില്‍ നേരിട്ട് വെയില്‍ അടുപ്പിക്കണോ അതോ വസ്ത്രം മൂടി വെയിലില്‍ നിന്ന് രക്ഷിക്കണോ…
വെയിലേല്‍ക്കുന്ന സ്ഥലത്താണെങ്കില്‍ വെയിലേല്‍ക്കാതെ വസ്ത്രം കൊണ്ട് മൂടണം.
ഏത് ഭാഗം..
മൂടാന്‍ പറ്റുന്ന എല്ലാ ഭാഗവും.
മുഖം മൂടണോ..
വേണം.
അപ്പോള്‍ ചൂട്, അസഹ്യത,..
അത്… അത് പിന്നെ…
അതിന് കറുപ്പെന്തിനാണ്‌….ചൂട് കൂട്ടില്ലേ…
അങ്ങനെ തോന്നുന്നവര്‍ ചൂട് കൂട്ടാത്ത വെള്ളയാക്കിക്കോട്ടെ.. എന്നാലും ധരിക്കുന്നവള്‍ക്കില്ലാത്ത ചൂട്, ഐ മീന്‍….ചെമ്പിനില്ലാത്ത ചൂട് മുടിക്കെന്തിനാണെന്നാണ് മനസ്സിലാകാത്തത്…
മുഖം കണ്ടാലെന്താണ് കുഴപ്പം..
ഓ.. റിപ്പോര്‍ട്ടര്‍ ചാനലില്‍ കത്തിക്കയറിയ അവതാരികയുടെ അതേ ചോദ്യം…,
ആര്‍ക്കുള്ള കുഴപ്പമാണ്… കാണുന്നവര്‍ക്കോ അതോ കാണപ്പെടുന്നവര്‍ക്കോ…?
ധരിക്കുന്നവര്‍ക്ക്…
മിസ്സിന്‍റെ കാല്‍മുട്ട് ഭാഗങ്ങള്‍ കണ്ടാലെന്താണ് കുഴപ്പം…?
അത് പിന്നെ… അത് പോലെയാണോ മുഖം..?
അതേ…, അതുപോലെ സ്ത്രീയുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് മുഖം… ലോകത്ത് ഇത്രയേറെ ഭീകരാക്രമണങ്ങള്‍ നടക്കുമ്പോള്‍ ഈ മുഖം മുടല്‍ നിരോധിക്കേണ്ടതല്ലേ… ആക്രമണ വിഷയം ചിന്തിക്കുകയാണെങ്കില്‍ ആദ്യം മുഖം മൂടലല്ല, ഭീകരര്‍ ആക്രമണങ്ങള്‍ നടത്തുന്നതിനുപയോഗിക്കുന്ന തരത്തിലുള്ള ആയുധങ്ങളല്ലേ നിരോധിക്കേണ്ടത്. അതിനെക്കാളും അത്യാധുനിക ആയുധങ്ങള്‍ രാപ്പകല്‍ ഭേദമന്യേ ഉറക്കമൊഴിവാക്കി ഇമ ചിമ്മാതെ രാജ്യത്തിനു കാവല്‍ നില്‍ക്കുന്ന നമ്മുടെ പട്ടാളക്കാരുടെ കയ്യില്‍ നിരവധിയുണ്ട് താനും.. അത്തരത്തില്‍ ചിന്തിക്കുമ്പോള്‍ ആദ്യം അവ നിരോധിക്കണം. അതിനോടൊപ്പം കത്തി തുടങ്ങി, ജീവനെടുക്കാന്‍ പര്യാപ്തമായ ആയുധങ്ങളും… ഇതില്‍ ചില ആയുധങ്ങളാകട്ടെ ഓപ്പറേഷന്‍ തിയ്യേറ്ററില്‍ ജീവന്‍ രക്ഷിക്കാന്‍ വരെ ഉപയോഗിക്കുന്നു. നിരോധിക്കാന്‍ തയ്യാറുണ്ടോ ഇവയെല്ലാം..
അതു പിന്നെ.. അതെങ്ങനെ…!
നിഖാബ് ആളെ തിരിച്ചറിയാതിരിക്കാനുള്ള ഒരു മറയാണ്. അതുപയോഗിച്ച് വിമാനത്താവളം പോലുള്ള തന്ത്രപരമായ സ്ഥലങ്ങളില്‍ പോലും അറ്റാക്ക് നടത്താനുള്ള സാധ്യത ധാരാളമല്ലേ…?
ആര്‍ക്കൊക്കെയോ ആരോടൊക്കെയോ ഉള്ള എന്തൊക്കെയൊ വിരോധം ഒരു വിധത്തിലും തീര്‍ക്കാന്‍ കഴിയാത്തതിന്‍റെ കലിപ്പ് നിഖാബിനോട് തീര്‍ത്തതിനാലിന്നത് പ്രതിസ്ഥാനത്താണ്. എവിടെയും ശ്രദ്ധിക്കപ്പെടുകയും സംശയിക്കപ്പെടുകയും ചെയ്യുമെന്നതിനാല്‍ അതിനെ മറയാക്കാനുള്ള സാധ്യത പോലും വളരെ കുറവാണ്. അത്രയേറെ പൊട്ടന്‍മാരാണോ തീവ്രവാദികള്‍. മാത്രമല്ല, അവരുപയോഗിക്കുമെന്ന കാരണെ കൊണ്ടാണെങ്കില്‍ രാജീവ് ഗാന്ധിയെ കൊന്നവള്‍ ധരിച്ചത് മിസ്സ് ധരിച്ച സാരിയാണ്… നിരോധിക്കാനാകുമോ…? ശ്രീലങ്കന്‍ തീവ്രവാദി ധരിച്ചത് പാന്‍റാണ്, നിരോധിക്കാനാകുമോ?
അതു പിന്നെ.. അങ്ങനെയൊക്കെ ചോദിച്ചാല്‍ എന്താ പറയുക..!
ഡിയര്‍ മിസ്സ്, കാഴ്ചയല്ല കാഴ്ചപ്പാടുകളാണ് മാറ്റേണ്ടത്…
………ന്‍റുമ്മോ … എഴുതി മടുത്തു… ജീവിതത്തിലെ ഏറ്റവും രസകരമായ ഒരനുഭവമായിരുന്നു അത്… രണ്ട് രണ്ടര മണിക്കൂര്‍ നീണ്ട ഒരു കുഞ്ഞു പ്രോഗ്രാം….

ഫാത്തിമ റഷീദ്

Leave a Reply

Your email address will not be published. Required fields are marked *