“ Islam has now as great a claim on the soil of India as Hinduism. If Hinduism has been the religion of the people here for several thousands of years, Islam also has been their religion for a thousands years. Just as a Hindu can say with pride that he is an Indian and follow Hinduism. So also we can say with equal pride that we are Indians and follow Islam. I shall enlarge this orbit still further. The Indian Christian is equally entitled to say with pride that he is an Indian and is following a religion of India namely Christianity”
(ഹിന്ദു മതം പോലെ ഇന്ത്യയുടെ മണ്ണില്‍ ഇസ്ലാമിനും വലിയ അവകാശമുണ്ട്. ഹിന്ദു മതം ആയിരക്കണക്കിന് വര്‍ഷമായി ജനങ്ങളുടെ മതമായിരുന്നെങ്കില്‍ ഇസ്ലാമും ആയിരക്കണക്കിന് വര്‍ഷങ്ങളായി അവരുടെ മതമാണ്. ഒരു ഇന്ത്യക്കാരനാണെന്നും ഹിന്ദു മതത്തെ പിന്തുടരുന്നുവെന്നും ഒരു ഹിന്ദുവിന് അഭിമാനത്തോടെ പറയാന്‍ കഴിയുന്നത് പോലെ, നമ്മള് ഇന്ത്യക്കാരാണെന്നും ഇസ്ലാം മതത്തെ പിന്തുടരുന്നുവെന്നും തുല്യ അഭിമാനത്തോടെ പറയാന്‍ കഴിയും. ഈ ഭ്രമണ പഥത്തെ ഞാന്‍ ഇനിയും വലുതാക്കും. അതു പോലെ ഓരോ ക്രിസ്ത്യനും താന്‍ ഇന്ത്യക്കാരനാണെന്നും ക്രിസ്തു മതം പിന്തുടരുന്നുവെന്നും അഭിമാനത്തോടെ പറയാന്‍ കഴിയേണ്ടതുണ്ട് )
1940 കളില്‍ ദേശീയ സ്വാതന്ത്ര്യസമരം മൂര്ധന്യാവസ്ഥയിലെത്തി നില്ക്കുന്ന സമയം, സ്വാതന്ത്ര്യ പോരാട്ടത്തിന്റെ പാവനമായ ലക്ഷ്യത്തെ അപഹരിച്ച് ദ്വിരാഷ്ട്രവാദം ഉയര്‍ന്ന കാലസന്ധിയില്‍, അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ധിഷണാശാലിയായ മുസ്ലിം അബുല്‍ കലാം ആസാദ് മേല്‍ വാചകങ്ങള്‍ തന്റെ പ്രസംഗങ്ങളിലൂന്നി പറഞ്ഞത് ബോധപൂര്‍വ്വമായിരുന്നു. രാജ്യത്തിന്റെ ബഹുസ്വരതയെ, വൈവിധ്യങ്ങളെ വൈരുദ്ധ്യങ്ങളെന്ന് വിളിച്ച് ഹൃദയം പിളര്‍ത്താന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടി മാത്രമായിരുന്നില്ല അത്. ഇന്ത്യ ആരുടെതാണെന്ന ഉള്ളുലക്കുന്ന ചോദ്യത്തിന് ഇനി മേല്‍ ഉത്തരങ്ങള്‍ തേടേണ്ടതില്ല എന്നുകൂടിയുണ്ടായിരുന്നു ആ വാക്കുകളില്‍. ഇന്ത്യയുടെ ജനാധിപത്യ ചരിത്രഭാഗദേയങ്ങള് അയവിറക്കുന്നത് അതിശയോക്തിയെന്ന് വിലയിരുത്തുന്നതിന് മുമ്പ്, സതാപ്തി ആഘോഷിച്ചു കഴിഞ്ഞ ജനാധിപത്യം ഉള്‍കൊള്ളുന്നത് ആരെയെല്ലാമാണെന്ന ചോദ്യം വീണ്ടും സജീവമാണെന്നത് ഓര്‍മിപ്പിക്കട്ടെ. ഇക്കഴിഞ്ഞ മെയ് 23 ചരിത്രങ്ങളില്‍ രേഖപ്പെടുത്തുക ലോകത്തിന്റെ ഏറ്റവും വലിയ ജനാധിപത്യം അകാല ചരമമടഞ്ഞതിന്റെ പേരിലായിരിക്കുമെന്നത് തീര്‍ച്ചയാണ്. ജനാധിപത്യത്തിന്റെ തിരിച്ചുവരവിനെ കുറിച്ചുള്ള പ്രതീക്ഷകളെ ദിവാസ്വപ്നങ്ങളാക്കി വര്‍ഗ്ഗീയ ശക്തികള്‍ അധികാരം ഭദ്രമാക്കിയപ്പോള്‍ പിഴച്ചത് നമ്മുടെ കണക്കുകൂട്ടലുകള്‍ മാത്രമായിരുന്നില്ല. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം കെട്ടിപ്പടുത്ത മതേതരത്വ ജനാധിപത്യമൂല്യങ്ങള്‍ കൂടിയായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം രാജ്യം മുഴുവന്‍ എതിരായിട്ടും ജനവിധി തങ്ങളുടെതാക്കാന്‍ വര്‍ഗീയ ശക്തികള്‍ക്ക് കഴിഞ്ഞു. അതിനായി അവര്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ ഇഴകീറി പരിശോധിക്കുമ്പോള്‍ ജനാധിപത്യത്തിനേറ്റ മുറിവ് വ്രണമായി ചീഞ്ഞുനാറുന്നത് കാണാനാകും. ഈ കര്‍മ്മ ഫലങ്ങള്‍ അവര്‍ക്ക് വീണ്ടും ആസ്വാദ്യകരമാകുമ്പോള്‍ മൂക്കുപൊത്തി നാം വീണ്ടും ചോദിക്കേണ്ടി വരുന്നത് ഇന്ത്യ ആരുടേതാണെന്ന അറുപഴഞ്ചന്‍ ചോദ്യം തന്നെ. പക്ഷേ നാം വീണ്ടും ചോദിച്ചുകൊണ്ടേയിരിക്കണം. ഈയൊരു ചോദ്യത്തിന് സ്വാതന്ത്ര്യത്തിനിപ്പുറം നാം കണ്ടെത്തുന്ന ഉത്തരങ്ങള്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പ് അബുല്‍ കലാം ആസാദ് നല്കിയ ഉത്തരവുമായി കൂട്ടിക്കിഴിച്ച് നോക്കൂ. കിട്ടുന്ന ശൂന്യതയാണ് നൂറ്റിമുപ്പത് കോടിയുടെ ഉള്ള് പൊള്ളിക്കേണ്ടത്.
സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്കിടയില്‍ ഒറ്റുകാരായി മാറിനിന്ന് പിന്‍വാതിലിലൂടെ കയറാന്‍ ശ്രമിച്ച വര്‍ഗ്ഗീയതയാണ് നെഞ്ച് വിരിച്ച് മുന്‍വാതിലിലൂടെ തന്നെ കയറി വന്നിരിക്കുന്നത്. അന്ന് വി.ടി സവര്‍ക്കറിന്റെയും ഗോള്‍വാര്‍ക്കറിന്റെയും ശ്യാമപ്രസാദ് മുഖര്‍ജിയുടെയുമൊക്കെ ഗീര്‍വാണങ്ങളെ ചെറുത്തുതോല്‍പ്പിച്ച പ്രതിരോധങ്ങള്‍ ഇന്ന് ഇല്ലാതായിപ്പോയത് കാര്യങ്ങളവര്‍ക്ക് എളുപ്പമാക്കിയെന്നത് യാഥാര്‍ത്ഥ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടൈംസ് നൗ വിഭജനങ്ങളുടെ തലവനെന്നാണ് വിശേഷിപ്പിച്ചത്. വര്‍ഗീയ അജണ്ടകള്‍ നടപ്പിലാക്കാന്‍ 130 കോടി ഹൃദയങ്ങളെ പിളര്‍ത്തി അകലങ്ങളിലേക്ക് മാറ്റിനിര്ത്തേണ്ടതുണ്ടായിരുന്നു അവര്‍ക്ക്. ആ മാറ്റിനിര്‍ത്തലുകള്‍ ന്യൂനപക്ഷങ്ങളെ പൂര്‍ണ്ണമായും അപരവല്‍ക്കരിച്ചു കൊണ്ടായിരുന്നു. രാജ്യത്തെ ജനസംഖ്യയുടെ 20% വരുന്ന ന്യൂനപക്ഷം നാള്‍ക്കുനാള്‍ ഇന്ത്യയുടെ ഭാഗമല്ലാതായിക്കൊണ്ടിരിക്കുകയാണ്. വിശേഷിച്ച് ഇതില്‍ 14% വരുന്ന മുസ്ലിംകള് ഇപ്പോഴും വര്‍ഗീയതയുടെ ഭരണ വൃത്തത്തിനു പുറത്താണ്. ലോകസഭയിലെ 303 ബി.ജെ.പി എം.പി മാരില്‍ മഷിയിട്ടുനോക്കിയാല്‍ പോലും പേരിനൊരു മുസ്ലിം നാമധാരിയെ കാണാനൊക്കില്ല. ലോകസഭയില്‍ 4.7% മാത്രമാണ് മതേതര കക്ഷികളില്‍ നിന്ന് വിജയിച്ച് വന്ന മുസ്ലിംകളുടെ പ്രാതിനിധ്യം. സഭകളിലെ എണ്ണങ്ങള്‍ പരിഗണിക്കേണ്ടതില്ലെന്ന് വെച്ചാലും ന്യൂനപക്ഷം നേരിടുന്ന മറ്റു പ്രതിസന്ധികള്‍ എടുത്ത് നോക്കൂ. ഭരണസാരഥ്യമേറ്റ,് ഭരണഘടനയെ വഴങ്ങി, ന്യൂനപക്ഷങ്ങളുടെ ആശങ്കയകറ്റുമെന്നുള്ള പ്രധാനിയുടെ വാക്കുകള്‍ എത്രത്തോളം കാപട്യമാണെന്ന് വഴിയെ നാം കാണേണ്ടിവന്നു. ഝാര്‍ഖണ്ഡില്‍ തബ്രീസ് അന്‍സാരി പശുക്കളെ മോഷ്ടിച്ചുവെന്ന പേരില്‍ ആള്ക്കുട്ടക്കൊലക്കിരയായപ്പോള് څസബ്കാ വിശ്വാസ്چ എന്ന് അലമുറയിട്ട നാവിറങ്ങിപ്പോയത്, മുത്വലാഖ് വിരുദ്ധ ബില്‍, എന്‍.ഐ. എ, യു.എ.പി.എ ഭേദഗതി ബില്‍ തുടങ്ങിയ നടപടികളിലൂടെ ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ ഭീതിയുടെ കരിനിഴല്‍ വീഴ്ത്തിയത്, ഇനിയും സബ്കാ വിശ്വാസില്‍ അന്ധമായി ആശ്വാസം കൊള്ളാന്‍ മാത്രം ന്യൂനപക്ഷങ്ങളോടു പറയരുത്.
1996 ല്‍ രാജസ്ഥാനിലെ സംലേട്ടി സ്ഫോടന കേസുകളുടെ പേരിലും മഹാരാഷ്ട്രയിലെ വിവിധ സ്ഫോടനങ്ങളുടെ പേരിലും രണ്ടര പതിറ്റാണ്ടോളം കാലം വിവിധ ജയിലുകളില്‍ ജീവിതം ഹോമിക്കപ്പെട്ടവര്‍ക്ക് എന്ത് പകരം നല്‍കാനാണ്? നിരപരാധികളെന്ന് കണ്ടെത്തി കുറ്റവിമുക്തരാക്കപ്പെടുമ്പോള്‍ അവരും നാം അഹങ്കരിക്കുന്ന വലിയ ജനാധിപത്യത്തിന്റെ ഭാഗമായിരുന്നില്ലേ എന്ന് ചോദിക്കേണ്ടി വരുകയാണ്. രാജ്യത്തെ വിവിധ സ്ഫോടനങ്ങളില്‍ പ്രത്യക്ഷ തെളിവുണ്ടായിട്ടും സ്വാമി അസീമാനന്ദ, പ്രഗ്യാസിംഗ് ഠാക്കൂര്‍ തുടങ്ങിയ വര്‍ഗ്ഗീയ മുഖങ്ങള്‍ നല്ലനടപ്പുകാരായി ക്ലീന്‍ ചീറ്റ് നേടുന്നതും നാം കാണേണ്ടിവന്നു. പോരാത്തതിന് അവര്‍ക്ക് പാര്‍ലമെന്റിലേക്ക് ചുവന്ന പരവതാനി വിരിക്കാനും ആളുകളുണ്ടായി. അതെ, രാജ്യം ആരുടെതാണെന്ന് ഇപ്പോള്‍ കൃത്യമായി ബോധ്യപ്പെടുന്നുണ്ട്. ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ഹിറ്റ്ലറുടെ ഉന്മൂലന സിദ്ധാന്തമാണ് ഹിന്ദുത്വ ഭീകരത പ്രയോഗവല്‍ക്കരിക്കുന്നത്. അങ്ങനെയാണ് അവര്‍ക്ക് നല്കപ്പെട്ട അടിസ്ഥാന പാഠങ്ങളും. ڇനമ്മള് ഹിന്ദുക്കള്‍ കൂടുതല്‍ ശക്തരാകുകയാണെങ്കില്‍ കാലക്രമേണ മുസ്ലിംകള് ജര്‍മന്‍ ജൂതന്മാരുടെ പങ്ക് വഹിക്കേണ്ടിവരുമെന്നڈ ഗോള്‍വാള്‍ക്കറുടെ ആഹ്വാനങ്ങളാണ് ഇന്ത്യയിലെ 14% വരുന്ന മുസ്ലിംകളെ പൊതുശത്രുവായി പ്രഖ്യാപിച്ചുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍. ഇന്ത്യന്‍ ഫാസിസത്തിന്റെ പ്രഖ്യാപിത നയം മുസ്ലിം-ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ കീഴ്പ്പെടുത്തുകയോ പുറത്താക്കുകയോ ചെയ്യലാണെന്ന, ചിന്തകന്‍ പോള്‍ മാര്‍ഷലിന്റെ നിരീക്ഷണം (ഒശിറൗശാെ മിറ ലേൃൃീൃ) ചേര്‍ത്തു മനസ്സിലാക്കേണ്ടതുണ്ട്. അസമില്‍ പൗരത്വ രജിസ്റ്ററിന്റെ പേരില്‍ ദേശമില്ലാത്തവരായി മാറ്റിനിര്‍ത്തപ്പെട്ടവര്‍ തങ്ങളും കെട്ടിപ്പടുത്ത രാജ്യത്തിന്റെ ഭൂപടത്തില്‍ നിന്നും മായ്ക്കപ്പെടുകയാണ്. കാര്‍ഗില്‍ യുദ്ധത്തിലടക്കം മൂന്ന് പതിറ്റാണ്ടോളം കാലം രാഷ്ട്ര സേവനം നടത്തിയ സനാഉല്ല ഖാനും ഇന്ത്യക്കാരനാണെന്ന് തെളിയിക്കണമത്രേ. ദേശസ്നേഹത്തിന്റെ പേരിലുള്ള പകപോക്കലുകള്‍ വ്യാപകമാണിന്ന്. ഇന്ത്യയില്‍ മതസ്വതന്ത്ര്യം കുറഞ്ഞുവരികയാണെന്നും അസഹിഷ്ണുത വര്‍ധിക്കുന്നുവെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് റിപ്പോര്‍ട്ട് ഈ വസ്തുതകളെയൊക്കെ സാധൂകരിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങളെ തീര്‍ത്തും അപരവല്ക്കരിച്ചപ്പോള് രാജ്യം ചേര്‍ത്തുപിടിച്ച ചിലരെ ഓര്മിക്കാതിരിക്കലെങ്ങനെ… രാജ്യത്ത് ദരിദ്രരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുമ്പോള്‍ സര്‍ക്കാര്‍ തണലില്‍ തഴച്ചുവളരുന്ന മുതലാളിമാരുടേതായി രാജ്യം മാറുകയാണ്. ڇമൂലധനതാത്പര്യങ്ങളെയും ഭരണകൂടത്തെയും ഒന്നാക്കിത്തീര്‍ക്കുന്ന വ്യവസ്ഥയാണ് ഫാസിസമെന്നڈ മുസ്സോളിനിയുടെ വാക്കുകള്‍ എത്രമാത്രം ശരിയാണെന്ന് ബോധ്യപ്പെട്ടു കഴിഞ്ഞു. അംബാനിമാരും അദാനിമാരും, വിശുദ്ധമോഷ്ടാക്കളായി രാജ്യം വിട്ട മെഹുല്‍ ചോക്സിയും നീരവ് മോദിയും വിജയ് മല്യയും ഇന്ത്യയെ അവരുടെതാക്കി മാറ്റി എന്നുപറയുന്നതാവും ശരി. കടക്കെണി മൂലം ആത്മഹത്യയിലഭയം കണ്ടെത്തുന്ന കര്‍ഷകരുടെ വിലാപങ്ങള്‍ ഈ തിളങ്ങുന്ന ഇന്ത്യയില്‍ ആര് കാണാന്‍. കോര്‍പറേറ്റുകളെ പ്രീണിപ്പിക്കുന്ന പുതിയ ബജറ്റിലെ അഞ്ചു ട്രില്യണ്‍ കോടി വളര്‍ച്ച അധരവ്യായാമമാണെന്നുറപ്പിക്കാം. രാജ്യത്തിന്റെ സമ്പത്ത് മുഴുവനും ഏതാനും ചിലരിലേക്ക് ചുരുങ്ങുമ്പോള്‍ 130 കോടി സ്വപ്നങ്ങള്‍ക്ക് നിറമില്ലാതാവുകയാണ്.
ഇന്ത്യയില്‍ ജനാധിപത്യമുണ്ടെന്ന് ആരെങ്കിലും പറയുന്നുവെങ്കില്‍ അവര്‍ അഞ്ചാണ്ടു പിറകിലാണെന്ന് പറയാതെ വയ്യ. സംസ്ഥാന രാഷ്ട്രീയത്തില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ചും പണമെറിഞ്ഞ് പ്രലോഭിച്ച് എം.എല്‍.എ മാരെ മറുകണ്ടം ചാടിച്ചും അതിന് വേദിയൊരുങ്ങാത്തിടങ്ങളില് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയും ജനാധിപത്യത്തെ അറുകൊല ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് രാജ്യസേവകര്‍. ഹിന്ദുത്വത്തെ ആളിക്കത്തിച്ച് പ്രതിപക്ഷമില്ലാത്ത പാര്‍ലമെന്റ് രൂപപ്പെടുത്തിയെങ്കില്‍ പ്ലേറ്റോ പറഞ്ഞ ജനാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്കുള്ള ആ ചെറിയ ദൂരം പിന്നിട്ടുവെന്ന് തന്നെ പറയാനൊക്കും. ഇതിന് കളമൊരുക്കിയ മറ്റു പാര്‍ട്ടികള്‍ക്ക് കൈ കഴുകി രക്ഷപ്പെടാനാകില്ല. ന്യൂനപക്ഷങ്ങളൊപ്പം നിന്നാല്‍ തലതെറിക്കുമെന്ന കോണ്‍ഗ്രസിന്റെ മനോനിലയാണ് അവരെ മൃദുഹിന്ദുത്വത്തിലേക്കെത്തിച്ചത്. അങ്ങനെ അവരും ജനാധിപത്യ കശാപ്പിന് ഒറ്റുകാരായെന്ന് ചുരുക്കം. നിയമങ്ങള്‍ നിര്‍ബാധം ചുട്ടെടുക്കുന്ന തിരക്കിലാണ് ഭരണകൂടം. പ്രതിരോധിക്കാന്‍ പ്രതിപക്ഷം പോലുമില്ലല്ലോ. നാമമാത്ര പ്രതിഷേധങ്ങളും വാക്കൗട്ടും കഴിഞ്ഞാല്‍ സഭ പൂര്‍ണമായും ഏകസ്വരമാകും. ജയ് ശ്രീറാം വിളികള്‍ മുഴങ്ങും. പുതിയ നിയമങ്ങളും ഭേദഗതികളും ന്യൂനപക്ഷ വിരുദ്ധവും വര്‍ഗീയ പ്രീണനവുമാകാന് ഇതില്പരമെന്തു വേണം. പതിനാറാം ലോക്സഭയില്‍ (2014-19) പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റിക്കു വിട്ട ബില്ലുകള്‍ 26% ആണെങ്കില്‍ (പതിനഞ്ചാം ലോക്സഭയില്‍ ഇത് 75% ആയിരുന്നു) ഈ ലോക്സഭയില്‍ അത്തരമൊരു സാധ്യതയേ ഇല്ല. ബില്ലുകളില്‍ ചര്ച്ചകളുയര്ത്തുന്നവര് രാജ്യതാല്പര്യങ്ങള്ക്കെതിരു പ്രവര്‍ത്തിക്കുന്നവരും രാജ്യദ്രോഹികളുമാണെന്ന് മുദ്ര കുത്തപ്പെടുകയും ചെയ്യും. ക്രമേണ അവര്‍ ഭരണഘടനയിലും കൈ വെക്കും. അരുതെന്ന് പറയാന്‍ മറുത്തൊരു നാവ് ഉയരാത്ത വിധത്തില്‍ അപ്പോഴേക്കും അവര്‍ രാജ്യത്തെ അധീനപ്പെടുത്തിക്കഴിഞ്ഞിരിക്കും. ഹിന്ദുത്വ ഭൂരിപക്ഷ ഭരണമെന്നത് ദുരന്തമായിരിക്കുമെന്ന് നേരത്തേയുണര്ത്തിയ ബി.എം അംബേദ്കറെ ഓര്‍മിക്കേണ്ട അവസരമാണിത്. കഴിഞ്ഞ അഞ്ചാണ്ടു കാലം അനുഭവിച്ചതിനേക്കാളും ഭീതിത രൂപത്തിലുള്ള ദൂരവ്യാപക പ്രത്യാഘാതങ്ങളിലേക്കാണ് ന്യൂനപക്ഷം വിശിഷ്യാ മുസ്ലിം സമൂഹം നീങ്ങിക്കൊണ്ടിരിക്കുന്നത്. മുസ്ലിം ചരിത്ര സ്മാരകങ്ങളെ നിഷ്കാസനം ചെയ്യാനും പ്രദേശങ്ങളുടെ മുസ്ലിം നാമങ്ങള്‍ ഭേദഗതി ചെയ്യാനുമുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ ഏറെ മുന്നോക്കം പോയിരിക്കുന്നു. എട്ടു നൂറ്റാണ്ടു കാലം രാജ്യം ഭരിച്ചവരുടെ അനന്തരമെടുക്കേണ്ട ന്യൂനപക്ഷ മുസ്ലിംകള് പൂര്‍ണമായും രാജ്യാതിര്‍ത്തിക്കുള്ളില്‍ നിന്ന് പുറന്തള്ളപ്പെടാനുള്ള സാധ്യതകളെ കേവല അനുമാനങ്ങളായി തള്ളാന്‍ കഴിയുകയില്ല.
മുഴുവന്‍ ജനങ്ങളുടേയും കണ്ണുകളില്‍ നിന്ന് കണ്ണുനീര് തുടക്കലാണ് രാജ്യത്തിന്റെ ധര്‍മമെന്നും അവസാന ഒരാളിലേക്കും ഗുണമെത്തുമ്പോഴാണ് ഈ ധര്‍മ്മം സാക്ഷാത്കൃതമാവുകയെന്നും ഓര്‍മപ്പെടുത്തിയത് മഹാത്മാ ഗാന്ധിയാണ്. ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലായിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭു ഗാന്ധിജിയെ കാണാന്‍ ചെല്ലുന്നൊരു സന്ദര്‍ഭമുണ്ട്. ഗാന്ധിജി ജനങ്ങള്‍ക്കൊപ്പം തന്റെ ആശ്രമത്തിലായിരുന്നു. വൈകിയെത്തിയ ഗാന്ധിജിയോട് കാത്തിരുന്ന് മുഷിഞ്ഞ പ്രഭു താന്‍ ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലാണെന്ന് ഓര്‍മപ്പെടുത്തുന്നു. താങ്കള്‍ ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലായിരിക്കാം..പക്ഷേ രാജ്യം തന്റെ ആശ്രമത്തിലെത്തിയ സാധാരണക്കാരായ ജനങ്ങളുടേതാണെന്നായിരുന്നു ഗാന്ധിജിയുടെ മറുപടി. വീണ്ടുമൊരു സ്വാതന്ത്ര്യമാഘോഷിക്കുന്ന വേളയില്‍ ഗാന്ധിജിയും അബുല്‍ കലാം ആസാദും നമ്മുടെ സ്മൃതി പഥത്തിലേക്കെത്തേണ്ടതുണ്ട്. രാജ്യം ആരുടേതാണെന്ന ചോദ്യത്തിന് അവര്‍ നല്കിയ ഉത്തരങ്ങള്‍ മനപ്പൂര്‍വം വിസ്മൃതിയിലാഴ്ത്തപ്പെടുന്ന കാലത്ത് ചരിത്രങ്ങളോര്മിപ്പിച്ച് ആ ചോദ്യം നാം ഉറക്കെ ചോദിക്കണം, ഇന്ത്യ ആരുടേതാണെന്ന് ? നമ്മെ അടിമകളാക്കി വെക്കുക എന്നത് അവരുടെ താല്പര്യമാവാം..പക്ഷേ, അടിമകളായിരിക്കുക എന്നത് നമ്മുടെ താല്പര്യമാവുന്നതെങ്ങനെയെന്ന അംബേദ്കറുടെ ചോദ്യം രാജ്യത്തെ ന്യൂനപക്ഷങ്ങളോടാണെന്നോര്മിക്കാം…
ഇര്‍ഷാദ് എടവണ്ണപ്പാറ