2019 Sept-Oct Hihgligts Shabdam Magazine പരിചയം

ക്രസന്‍റ് ഡേ സര്‍ഗാത്മകതയുടെ മൂന്ന് പതിറ്റാണ്ട്

കലയും സാഹിത്യവും ജീവിത ഗന്ധിയായ ആശയങ്ങളാണ്. മനുഷ്യ ജീവിതത്തോട് അത്രമേല്‍ ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍ തന്നെ ചരിത്രത്തിന്‍റെ ഭാഗദേയങ്ങളില്‍ ഇവ മികച്ച സ്വാധീനങ്ങള്‍ സൃഷ്ടിച്ചതായി കാണാന്‍ സാധിക്കും. പാടാനും പറയാനും എഴുതാനും തുടങ്ങി മൂല്യമേറിയ ആവിഷ്കാരങ്ങളെയാണ് കലയും സാഹിത്യവും ഉള്‍ക്കൊള്ളുന്നത്. സര്‍ഗാത്മക തിരുത്തെഴുത്തുകളെയാണ് പുതിയ കാലം ആവശ്യപ്പെടുന്നത്. കഥയും കവിതയും പ്രസംഗങ്ങളുമെല്ലാം മികച്ച പ്രതിരോധങ്ങള്‍ കൂടിയാണിന്ന്. ആവിഷ്കാരങ്ങള്‍ക്ക് വേദിയൊരുക്കുന്നതിനും പ്രാധാന്യമേറെയെന്നത് ചേര്‍ത്തുവായിക്കേണ്ടതുണ്ട്.സര്‍ഗാത്മക ആവിഷ്കാരങ്ങളുടെ മൂന്നു പതിറ്റാണ്ടിന്‍റെ കഥ പറയുന്നുണ്ട് ക്രസന്‍റ് ഡേ. നടപ്പു സാഹിത്യ വേദികളില്‍ ശ്രദ്ധേയമാണ് അരീക്കോട് മജ്മഅ് സിദ്ധീഖിയ്യ ദഅ്വാ കോളേജിലെ വിദ്യാര്‍ത്ഥി സംഘടനായായ മജ്മഅ് സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ക്രസന്‍റ്ഡേ ലിറ്ററി ഫെസ്റ്റുകള്‍.
കേരളത്തിലെ മത ഭൗതിക വിദ്യാര്‍ത്ഥികള്‍ രണ്ട് ധ്രുവങ്ങളിലായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കാലം. ധാര്‍മിക ബോധമുള്ള വിദ്യാര്‍ത്ഥിത്വം രൂപപ്പെടുത്തുക ലക്ഷ്യം വെച്ച് 1986 ല്‍ ടടഎ സംസ്ഥാന ഘടകത്തിനു കീഴില്‍ മജ്മഅ് ദഅ്വത്തില്‍ ഇസ്ലാമിയ്യ രൂപപ്പെട്ടു. ഈയൊരു സംവിധാനത്തിനു കീഴിലാണ് 1989 ല്‍ ക്രസന്‍റ് ആര്‍ട്ട്സ് കോളേജ് പിറവിയെടുക്കുന്നത്. ഭൗതിക വിദ്യാര്‍ത്ഥികളെ മതപരമായി സംസ്കരിക്കുകയെന്ന മഹത്തായ ദൗത്യമായിരുന്നു ഈയൊരു ഉദ്യമത്തിനു പിന്നില്‍. ബോര്‍ഡിംഗ് സംവിധാനം ആരംഭിച്ചതോടെ വിദൂര പ്രദേശങ്ങളില്‍ നിന്നു വരെ ക്രസന്‍റ് ലക്ഷ്യം വെച്ച് വിദ്യാര്‍ത്ഥികളെത്തി. ക്രസന്‍റിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള വേദിയായിട്ടാണ് ക്രസന്‍റ് ഡേ ആരംഭിക്കുന്നത്. പിന്നീട് കേരളത്തിലെ പ്രഥമ ദഅ്വാ കോളേജായി സിദ്ധീഖിയ്യ ദഅ്വ കോളേജ് പിറവിയെടുക്കുന്നതോടെ ക്രസന്‍റ് ഡേകള്‍ കൂടുതല്‍ മികവിലേക്കുയര്‍ന്നു. മാതൃഭാഷക്കു പറമേ ഇംഗ്ലീഷ്, ഉറുദു, അറബി തുടങ്ങിയ ഭാഷകളില്‍ കൂടി മത്സരങ്ങള്‍ രൂപപ്പെട്ടു. ദഅ്വാകോളേജ്, ബോര്‍ഡിംഗ്, ഡേ സ്കോളേര്‍സ് വിദ്യാര്‍ത്ഥികളൊന്നിച്ചുള്ള ക്രസന്‍റ് ഡേകള്‍ മികവുറ്റതും വര്‍ണാഭവുമായിരുന്നു. മത്സരികളുടേയും മത്സരങ്ങളുടേയും ആധിക്യം കാരണം ഒരു ദിവസത്തെ ഫെസ്റ്റ് നാല് ദിവസങ്ങളിലേക്ക് വരെയെത്തി.
പിന്നീട് ദഅ്വ കോളേജ് മാത്രമായി ചുരുങ്ങിയപ്പോഴും ക്രസന്‍റ് ഡേ പ്രതാപം ഒട്ടും കുറയാതെ അതിജയിക്കുകയായിരുന്നു. പ്രബോധന വിദ്യാര്‍ത്ഥികള്‍ക്ക് അനിവാര്യമായ മത്സര ഇനങ്ങളാണ് ക്രസന്‍റ് ഡേയുടെ പ്രധാന ആകര്‍ഷണീയത. കാലത്തിന്‍റെ ചുവരെഴുത്തുകള്‍ വായിച്ച് പുതുമകളെ ആവാഹിക്കാന്‍ എന്നും ക്രസന്‍റ് ഡേ കള്‍ക്കായിട്ടുണ്ട്. ചാനല്‍ ഡിസ്കഷന്‍, പേപ്പര്‍ പ്രസന്‍റേഷന്‍, റിസര്‍ച്ച് സ്റ്റഡി തുടങ്ങി നൂറോളം ഇനങ്ങളിലേക്ക് ക്രസന്‍റ് ഡേ വികസിച്ചുകഴിഞ്ഞു. ഈ വേദിയില്‍ കഴിവു തെളിയിച്ച പ്രതിഭകള്‍ പില്‍കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത് ക്രസന്‍റ് ഡേ യുടെ വിജയമായി ചാരിതാര്‍ത്ഥ്യത്തോടെ സ്മരിക്കുകയാണ്. സ്ഥാപനത്തിലെ ഉസ്താദുമാരുടേയും ജ്യേഷ്ട സുഹൃത്തുക്കളായ സിദ്ദീഖികളുടേയും ഉപദേശ നിര്‍ദേശങ്ങളാണ് ക്രസന്‍റ് ഡേകളെ വിജയകരമാക്കിത്തീര്‍ക്കുന്നത്. എം.എസ്.എ ക്കു കീഴില്‍ തുടര്‍ച്ചയായുള്ള പ്രസംഗ-എഴുത്ത് പരിശീലനങ്ങള്‍ ക്രസന്‍റ് ഡേ ക്ക് മികച്ച നിലവാരം ഉറപ്പു വരുത്തുന്നുണ്ട്.
മികവുറ്റ സംഘാടനമാണ് ക്രസന്‍റ് ഡേകള്‍ മനോഹരമാക്കിത്തീര്‍ക്കുന്നത്. വിദ്യാര്‍ത്ഥികള്‍ തന്നെ പൂര്‍ണമായി സംവിധാനിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. ബാബു ഭരദ്വാജ്,പികെ പാറക്കടവ്, ഫിറോസ് ബാബു, ഫൈസല്‍ എളേറ്റില്‍ തുടങ്ങി കലാ-സാഹിത്യ സംസ്കാരിക മേഖലകളിലെ ശ്രദ്ധേയരായ വ്യക്തിത്വങ്ങള്‍ ഓരോ ക്രസന്‍റ് ഡേയിലും വിദ്യാര്‍ത്ഥികളോട് സംവദിക്കാനെത്തുന്നു. മുപ്പതാമത് എഡിഷന്‍ ക്രസന്‍റ് ഡേ യില്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കെ.പി രാമനുണ്ണി അതിഥിയായെത്തുന്നു. ജ്യേഷ്ട സുഹൃത്തുക്കളുടെ ഗൃഹാതുര ഓര്‍മകള്‍ ഉള്‍വഹിക്കുന്ന ക്രസന്‍റ് ഡേ പേരിലെ തനിമ നില നിര്‍ത്തി മുപ്പതാണ്ട് ആഘോഷിക്കുകയാണ്.
അഷ്ക്കര്‍ പനങ്ങാങ്ങര

Leave a Reply

Your email address will not be published. Required fields are marked *