എല്ലാ രക്ഷിതാക്കളെയും ഒരുപോലെ അലട്ടുന്നതാണ് കുഞ്ഞുങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍. തന്റെ കുഞ്ഞിന്റെ മുഖമൊന്നു വാടിയാല്‍ പോലും അഛനമ്മമാര്‍ക്കുണ്ടാകുന്ന വേവലാതിയും ഉത്കണ്ഠയും ചെറുതൊന്നുമല്ല. കുഞ്ഞുങ്ങള്‍ക്കുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളും അതിനുള്ള പ്രതിരോധമാര്‍ഗങ്ങളും ഏതൊക്കെയെന്ന് നോക്കാം.
പനി
പനിയാണല്ലോ നാം ഏറ്റവും സാധരണയായി കാണപ്പെടുന്ന രോഗം. പനി സത്യത്തില്‍ രോഗമല്ല, രോഗലക്ഷണം മാത്രമാണ്. ജലദോഷം മുതല്‍ വിവിധ രോഗങ്ങളില്‍ പനി ഒരു രോഗക്ഷണമായി കാണാറുണ്ട്. പനി ഒരു രോഗപ്രതിരോധ നടപടിയും, രോഗമുണ്ട് എന്നതിനുള്ള ലക്ഷണവുമാണ്. പനിയുടെ പ്രധാന കാരണം പലതരത്തിലുള്ള രോഗാണുബാധയാണ്. പ്രത്യേകിച്ചും കുട്ടികളില്‍. പല രോഗങ്ങളുടെയും ആദ്യ രോഗലക്ഷണമാകാം പനി. വെറും പനി എന്നു വിവക്ഷിക്കാറുള്ളത്് സാധരണയായ ഒരു വൈറല്‍ പനിയാവാം. ഉദാഹരണം ഫ്ളൂ. ആരോഗ്യമുള്ള ശരീരത്തില്‍ കടന്നുകൂടുന്ന രോഗാണുവിനെ നശിപ്പിക്കാനുള്ള ശക്തി ശരീരത്തിനുണ്ട്. പനിയെന്ന ആദ്യ രോഗലക്ഷണത്തിനപ്പുറം പോകാന്‍ നമ്മുടെ രോഗപ്രതിരോധ സംവിധാനം അനുവദിച്ചെന്നു വരില്ല. അതോടെതന്നെ രോഗം ഭേദപ്പെടുകയും ചെയ്യുന്നു. ഇതാണ് നാം കാണാറുള്ള സാധാരണ പനി.
ചുമ, ആസ്ത്മ
മാതാപിതാക്കളെ വിഷമിപ്പിക്കാറുള്ള മറ്റു ചില പ്രശ്നങ്ങള്‍ കുട്ടികളിലെ ചുമ, ശ്വാസംമുട്ട്, മൂക്കടപ്പ് തുടങ്ങിയ ശ്വസനേന്ദ്രിയ സംബന്ധമായ ബുദ്ധിമുട്ടുകളാണ്. പലപ്പോഴും ഈ രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ ന്യൂ മോണിയയാണോ എന്നാണു പേടി. ഇത് കണ്ടു പിടിക്കാന്‍ നമുക്ക് കുഞ്ഞു ശാന്തനായിരിക്കുമ്പോള്‍ കുഞ്ഞിന്റെ ശ്വസനവേഗത എണ്ണിനോക്കാം. ഒരു മിനിറ്റില്‍ എത്രപ്രാവശ്യം ശ്വസനമെടുക്കുന്നു എന്നു നോക്കണം. രണ്ടുമാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളില്‍ ശ്വസനത്തിന്റെ നിരക്ക് 60ല്‍ താഴെയും, രണ്ടുമാസത്തിനും രണ്ടു വയസ്സിനും ഇടയ്ക്ക് 50ല്‍ താഴെയും, രണ്ടിനും അഞ്ചിനും ഇടയ്ക്ക് 40ല്‍ താഴെയും, അതിനു മുകളിലുള്ള പ്രായത്തില്‍ 30ല്‍ താഴെയുമാണ് വേണ്ടത്.
ശ്വാസതടസ്സം
നവജാത ശിശുക്കളില്‍ ശ്വാസതടസ്സമുണ്ടാകാന്‍ ഏറ്റവും പ്രധാന കാരണമാണ് ‘ respiratory distress sydrome’ മാസം തികയുന്നതിന് മുമ്പുള്ള പ്രസവം, സിസേറിയന് പ്രസവം. അമ്മയുടെ പ്രമേഹരോഗം എന്നീ കാരണങ്ങള്‍ കൊണ്ട് ഇങ്ങനെ ശ്വാസതടസ്സമുണ്ടാകാം. ആണ്‍കുട്ടികളിലാണ് ഈ രീതിയിലുള്ള വിഷമം കൂടുതല്‍ കാണുന്നത്. പ്രസവശേഷം ഒരു മണിക്കൂറിനകം ശ്വാസത്തിന്റെ വേഗത കൂടുകയും നെഞ്ചിന്റെ കീഴ്ഭാഗം ഉള്ളിലേക്ക് വലിയുന്നതും കാണാം. ഗര്‍ഭാശയ ദ്രാവകവും കുഞ്ഞിന്റെ ആദ്യത്തെ മലവും ശ്വാസനാളത്തിലേക്ക് പ്രവേശിക്കല്‍, ഗര്‍ഭാശയത്തില്‍ വെച്ചുണ്ടാകുന്ന ന്യൂമോണിയ, ശ്വാസകോശങ്ങളിലെ കുമിളകള്‍ പൊട്ടല്‍ എന്നീ കാരണങ്ങള്‍ കൊണ്ട് ശ്വാസമുട്ടലുണ്ടാകാം.
വയറിളക്കം
പലപ്പോഴും രണ്ടുവയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കാണ് വയറിളക്കം കൂടുതല്‍ കാണാറുള്ളത്. ആറുമാസം വരെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രമേ നല്‍കാവൂ. അതുകഴിഞ്ഞാല്‍ മുലപ്പാലിനൊപ്പം കട്ടിയാഹാരവും നല്കിത്തുടങ്ങണം. മുലകുടിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മറ്റു പാലുകള്‍ നല്‍കേണ്ട ആവശ്യമില്ല. ഇപ്രകാരമാണ് കുഞ്ഞുങ്ങളുടെ ആഹാരരീതിയെങ്കില് അവര്‍ക്ക് വയറിളക്കം വരാന്‍ സാധ്യത കുറവാണ്. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും വളരെ പ്രധാനമാണ്.
വയറിളക്കം വന്നാലും പേടിക്കേണ്ട കാര്യമില്ല. ശരീരത്തില്‍ നിന്നും നഷ്ടപ്പെടുന്ന ജലവും ലവണങ്ങളും തിരികെ നല്‍കുകയെന്നതാണ് പ്രധാനം. അതിന് ശരീരത്തില്‍ നിന്നും നഷ്ടപ്പെടുന്നതിനനുസരിച്ച് ശുദ്ധമായ വെള്ളമോ പാനീയങ്ങളോ നല്‍കണം.
കുഞ്ഞിന്റെ തൂക്കത്തിനനുസരിച്ച് ഒരു കിലോ തൂക്കത്തിന് 10 മില്ലിലിറ്റര്‍ എന്നകണക്കില്‍ വേണം ഓരോ പ്രവാശ്യവും വയറിളക്കികഴിയുമ്പോള് ദ്രാവകങ്ങള്‍ നല്കാന്. ഉദാഹരണം 10 കിലോ ഭാരമുള്ള കുഞ്ഞിന് 100 മില്ലി ഈ വെള്ളം ഒന്നിച്ച് ഒറ്റയടിക്ക് നല്‍കരുത്. ഒരു സ്പൂണ്‍ ഉപയോഗിച്ച് 5,10 മില്ലി വീതം 20 മിനിറ്റ് ഇടവിട്ട് നല്‍കണം.
വിരശല്യം
പൊതുവായി കുട്ടികളെ ബാധിക്കുന്ന വിരശല്യത്തെ കുറിച്ച് മനസ്സിലാക്കുന്നത് എളുപ്പം ചികിത്സാ കൊടുക്കുന്നതിനും സഹായിക്കും. കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത് പ്രധാനമായും മൂന്ന് തരം വിരകളാണ്. കൃമി(Enterobias Vermicularis),നടവിര(Teania Solium),ഉണ്ടവിര (Ascaris Lumbricoid-e-s)എന്നിവയാണവ.
വിസര്‍ജ്ജ്യം ആഹാരത്തില്‍ കലരാനുള്ള സാഹചര്യം ഒഴിവാക്കുക, വിസര്‍ജ്ജന ശേഷം കുട്ടിയുടെ കൈപ്പത്തികള്‍ വൃത്തിയായി സോപ്പുപയോഗിച്ച് കഴുകാന്‍ ശീലിപ്പിക്കുക.
കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിന് മുമ്പായി കൈകള്‍ വൃത്തിയായി കഴുകുക, ഈച്ചകള്‍ ആഹാരത്തില്‍ വന്നിരിക്കാതെ ശ്രദ്ധിക്കുക, മാംസം പച്ചക്കറികള്‍ മുതലായവ നന്നായി വേവിച്ച് ഉപയോഗിക്കുക എന്നിവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍.
കുഞ്ഞ് ആഹാരത്തോട് വിരക്തി കാണിക്കുക, അസ്വസ്ഥത, ക്ഷീണം, മലത്തില്‍ വിര കാണുക, മലദ്വാരത്തില്‍ ചൊറിച്ചില്‍ ഉണ്ടാക്കുക ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ ഉടന്‍ സമീപിക്കേണ്ടതാണ്.
അഞ്ചാംപനി
(മീസില്‍സ്)
വൈറസ് കൊണ്ടുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് അഞ്ചാംപനി അഥവാ മീസില്‍സ്. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളിലാണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത്. പനി, ജലദോഷം, വരണ്ട ചുമ, കണ്ണുചുവപ്പ് എന്നിവയാണ് പ്രാരംഭലക്ഷണങ്ങള്‍.
വായില്‍ താഴത്തെ പല്ലിനു നേരെ കവിളിനുള്ളില്‍ മണല്‍ത്തരി പോലെ വെള്ളപ്പാടുകള്‍ ചിലപ്പോള്‍ കാണാം. കരച്ചില് കഴിഞ്ഞ മുഖഭാവമാണ് കുട്ടികളില്‍ കാണുക. അഞ്ചാം ദിവസത്തോടെ മുഖത്തു തുടങ്ങി ശരീരമാസകലം ചുവന്ന തരികള്‍ പ്രത്യക്ഷപ്പെടുന്നു.
മീസില്‍സ് വൈറസുകള്‍ വായുവിലൂടെയാണ് പകരുന്നത്. അതുകൊണ്ട് തന്നെ വളരെ വേഗം പകരാന്‍ സാധ്യതയുള്ള രോഗമാണിത്. രോഗം ബാധിച്ചയാളുടെ ചുമ, തുമ്മല്‍ എന്നിവയിലൂടെയാണ് ഇത് പ്രധാനമായും പകരുന്നത്.
വില്ലന്‍ചുമ
ഒരിനം ബാക്ടീരിയ ആണ് ഈ രോഗത്തിനു കാരണം. ജനനാനന്തരം ഏതു വയസ്സിലും കുട്ടികളെ ബാധിക്കുന്ന ഒരു രോഗമാണിത്. പക്ഷെ രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളില്‍ ഈ രോഗം വളരെ അപകടകാരിയാണ്. സാധാരണ ജലദോഷം പോലെ തുടങ്ങുന്ന ഈ രോഗം രണ്ടാഴ്ചക്കകം അസഹ്യമായ ചുമയും ചുമയ്ക്കു ശേഷമുള്ള വലിവും ഛര്‍ദ്ദിയും ഉണ്ടാക്കുന്നു. തുടക്കത്തില്‍ തന്നെ ചികിത്സിച്ചില്ലെങ്കില്‍ ചുമ മൂന്നുമാസം നീണ്ടുനില്‍ക്കും. ചുമയുടെ കാഠിന്യം കൊണ്ടും തുടര്‍ച്ചയായ ഛര്‍ദ്ദി കൊണ്ടുമാണ് കുട്ടി ക്ഷീണിക്കുന്നത്. ഒരു ചുമ നിന്നാലുടന്‍ ദ്രവരൂപത്തിലുള്ള ഭക്ഷണം നല്കിയാല് ശരീരത്തിനനുഭവപ്പെടുന്ന പോഷകമൂല്യങ്ങളുടെ കുറവ് നികത്താനാവും.
ഡോ. നൗഫല്‍ കരുളായി