2019 Nov-Dec Hihgligts Shabdam Magazine അനുസ്മരണം ലേഖനം സ്മരണ

ശൈഖ് ജീലാനി (റ) ആത്മ ജ്ഞാനികളുടെ സുല്‍ത്താന്‍

 

ഡമസ്കസ്കാരനും ഹമ്പലി മദ്ഹബ്കാരനുമായ അബുല്‍ ഹസന്‍ ഗുരു മുഹ്യുദ്ദീനുമായി സന്ധിച്ച കഥ രസാവഹമാണ.് അബുല്‍ ഹസന്‍ പറയട്ടെ. ഹിജ്റ 598 ല്‍ ഞാനും ഒരു ഉറ്റ സുഹൃത്തും ഹജ്ജിന് പുറപ്പെട്ടു. തിരിച്ചുള്ള വഴിയില്‍ ബഗ്ദാദിലെത്തി. ബഗ്ദാദില്‍ ഞങ്ങള്‍ക്കൊരു പരിചയക്കാരുമില്ല. ഞങ്ങളുടെ പക്കലുളളത് ആകെ ഒരു കത്തി മാത്രം. വിശന്ന് പൊരിഞ്ഞ ഞങ്ങള്‍ ആ കത്തി വിറ്റു. കിട്ടിയ പണത്തിന് ഭക്ഷണം വാങ്ങി കഴിച്ചു. പക്ഷേ അതൊന്നും ഞങ്ങളുടെ വിശപ്പടക്കിയില്ല. അങ്ങനെ ഞങ്ങള്‍ ശൈഖ് ജീലാനിയുടെ പര്‍ണശാലയിലെത്തി. അവിടെ ജനങ്ങള്‍ തിങ്ങി നിറഞ്ഞിരിക്കുന്നു. ശൈഖ് ആത്മീയ പ്രസംഗത്തിലാണ്. ഞങ്ങള്‍ ഭവ്യതയോടെ സദസ്സില്‍ ചെന്നിരുന്നു. പാവങ്ങളാണവര്‍ ഒരു കത്തി മാത്രമാണ് അവരുടെ പക്കലുണ്ടായിരുന്നത്. അത് അവര്‍ വിറ്റു. കിട്ടിയ പണത്തിന് ഭക്ഷിക്കുകയും ചെയ്തു. പക്ഷെ വയറും മനസ്സും നിറഞ്ഞില്ല. ഗുരു ഇത് പറഞ്ഞപ്പോള്‍ ഞങ്ങള്‍ അമ്പരന്നു. ഞങ്ങളെ മുമ്പ് പരിചയമില്ലാത്ത ശൈഖ് എല്ലാം അറിഞ്ഞിരിക്കുന്നു. അല്‍പം കഴിഞ്ഞു ശൈഖ് ഭക്ഷണം നിരത്തി. സുപ്ര വിരിക്കാന്‍ കല്‍പിച്ചു. ഭക്ഷണം ഒരുക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ കൂട്ടുകാരന്‍റെ ചെവിയില്‍ മന്ത്രിച്ചു. നീ എന്തിനാണ് ഇരിക്കുന്നത്. നല്ല വറുത്ത കോഴി. അവന്‍ പറഞ്ഞു. അത് കേട്ട് ഞാന്‍ മനസ്സില്‍ പറഞ്ഞു. എനിക്ക് തേനിനാണ് പൂതി. ഉടന്‍ ശൈഖ് ഭൃത്യനെ വിളിച്ച് പറഞ്ഞു: വേഗം കോഴിയും തേനും ഹാജറാക്കൂ. എന്നിട്ടവര്‍ക്ക് രണ്ടാള്‍ക്കും നല്‍കൂ. ഭൃത്യന്‍ രണ്ടും കൊണ്ടു വന്നു. കോഴി വറുത്തത് എന്‍റെ മുമ്പിലും തേന്‍ അവന്‍റെ മുമ്പിലുമായി ഭൃത്യന്‍ വിളമ്പി. ഉടനെ ശൈഖ് തിരിച്ചു വിളമ്പാന്‍ പറഞ്ഞു. ഇത് കേട്ടതും എനിക്ക് ക്ഷമിക്കാനായില്ല. ഞാന്‍ ഇരിന്നിടത്ത് നിന്നും ചാടിയെണീറ്റു ഗുരുവിന്‍റെ മുമ്പിലെത്തി. എന്‍റെ വരവ് കണ്ട് ശൈഖ് പറഞ്ഞു:
“ഈജിപ്ഷ്യന്‍ പ്രഭാഷകാ…. മംഗളങ്ങള്‍… മംഗളങ്ങള്‍”
അത് കേട്ട് ഞാന്‍ ചോദിച്ചു. “ഗുരു എന്താണ് പറയുന്നത്. ഒരു ഫാതിഹ തന്നെ ശരിക്കും അറിയാത്ത ഞാനെങ്ങെനെ പ്രസംഗകനാകും”.
“അതൊക്കെ ആകും. ഞാന്‍ പറഞ്ഞാല്‍ പറഞ്ഞതാണെന്ന് കരുതിക്കൊള്ളൂ”. അബൂ ഹസന്‍ പറയുന്നു: ഞാന്‍ ഗുരുവിന്‍റെ കൂടെ ഒരു വര്‍ഷം തങ്ങി. ഒരു കൊല്ലത്തിനിടയില്‍ ഇരുപതു കൊല്ലത്തെ പാഠങ്ങള്‍ ഞാന്‍ പഠിച്ചു. എനിക്ക് പടച്ചവന്‍ വിജ്ഞാനത്തിന്‍റെ വാതില്‍ വല്ലാതെ തുറന്നു തന്നു. ബഗ്ദാദില്‍ ഞാന്‍ പ്രഭാഷണങ്ങള്‍ പലതും നടത്തി. ഒടുവില്‍ മിസ്വ്റിലേക്ക് തന്നെ തിരിച്ചു. പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഗുരുവിനോടനുമതി വാങ്ങി. അവിടുന്ന് പറഞ്ഞു. താങ്കള്‍ ഡമസ്കസില്‍ എത്തുമ്പോള്‍ അവിടെ ഗുസ്സുകള്‍ ഈജിപ്തിനെ ലക്ഷ്യമാക്കി പടയൊരുക്കം നടത്തുന്നത് കാണും. ഇത്തവണ നിങ്ങള്‍ക്ക് ഈജിപ്തില്‍ ആധിപത്യം നേടാനാകാതെ മടങ്ങി പോരേണ്ടി വരുമെന്നും, അടുത്ത തവണ സൈനിക നീക്കം നടത്തിയാല്‍ ലക്ഷ്യം സാധ്യമാണെന്നും അവരോട് പറയണം. ഞാന്‍ ഗുരു അനുമതി തന്നതനുസരിച്ച് യാത്രയാരംഭിച്ചു. ഡമസ്കസിലെത്തിയപ്പോള്‍ ശൈഖ് പറഞ്ഞ പ്രകാരം ഗുസ്സുകള്‍ പടയൊരുക്കത്തിലായിരുന്നു. ഞാന്‍ ഗുരു പറഞ്ഞ കാര്യങ്ങള്‍ അവരോട് ഓര്‍മപ്പെടുത്തിയെങ്കിലും അവര്‍ എന്‍റെ വാക്ക് മുഖവിലക്കെടുത്തില്ല. ഞാന്‍ നേരെ മിസ്വ്റില്‍ ചെന്നു. ഖലീഫയെ മുഖം കാണിച്ചു. ഗുസ്സുകാര്‍ ഇത്തവണ പരാജയപ്പെടുമെന്നുണര്‍ത്തി. ഖലീഫ അവരെ നേരിടാനുള്ള പൂര്‍ണ്ണ ഒരുക്കത്തിലാണ്, പറഞ്ഞ പ്രകാരം ഗുസ്സുകാരെ ഖലീഫ തുരത്തി. അവര്‍ ജാള്യരായി പിന്മാറി. ഇതോടെ ഖലീഫ എന്നെ ഉപദോഷ്ടാവായി നിയമിച്ചു. അടുത്ത വര്‍ഷം വീണ്ടും പോരാട്ടം നടന്നു. ഗുസ്സുകാര്‍ വിജയിച്ചു. എന്‍റെ പ്രവചനം പുലര്‍ന്നതില്‍ അവരെന്നെ ആദരിച്ചു. അങ്ങനെ രണ്ട് ഭരണകൂടത്തില്‍ നിന്നുമായി എനിക്ക് ഒരു ലക്ഷത്തില്‍ പരം സ്വര്‍ണ നാണയങ്ങള്‍ കിട്ടി. യഥാര്‍ത്ഥത്തില്‍ ശൈഖിന്‍റെ പ്രവചനം സത്യമായി പുലര്‍ന്നതിന് ഞാന്‍ നേര്‍സാക്ഷിയാവുകയായിരുന്നു.
***
ഒരു ദിവസം ശൈഖ് ചൂടേറിയ ചര്‍ച്ചയിലാണ്. സദസ്സില്‍ ഒട്ടേറേ പേര്‍ വന്നണഞ്ഞിട്ടുണ്ട്. പണ്ഡിതരും സൂഫികളുടെയും ഒരു നീണ്ട നിര തന്നെ കൂട്ടത്തിലുണ്ട്. ചര്‍ച്ച വിഷയം അല്ലാഹുവിന്‍റെ വിധിനിര്‍ണയമാണ്. അഥവാ ഖദ്ര്‍ ഖളാഅ്. പെട്ടെന്ന് മുകള്‍ തട്ടില്‍ നിന്ന് ഒരു പാമ്പ് ശൈഖിന്‍റെ മടിയിലേക്ക് വീണു. ജനങ്ങള്‍ പരിഭ്രാന്തരായി മുറിയുടെ മൂലകളിലേക്ക് വലിഞ്ഞു. പതുക്കെ പാമ്പ് ഫണം താഴ്ത്തി ശൈഖ് അവറുകളുടെ ഖമീസിനകത്തേക്ക് ഇഴഞ്ഞു കയറി. ശൈഖിന് മുഖത്ത് യാതൊരു ഭാവ വ്യത്യാസങ്ങളും പ്രകടമായില്ല. ശൈഖ് ചര്‍ച്ചയില്‍ മുഴുകി. പാമ്പ് വിടാന്‍ ഭാവമില്ലായിരുന്നു. അത് കഴുത്തില്‍ കയറി തൂങ്ങി കിടന്നു. ശൈഖ് ഇരുത്തത്തില്‍ പോലും മാറ്റം വരുത്തിയില്ല. അവസാനം പാമ്പ് മഹാനവറുകളുടെ കഴുത്തില്‍ ഫണം വിടര്‍ത്തി ആടി. ശൈഖ് പ്രസംഗം തുടര്‍ന്നു. ഒടുവില്‍ പാമ്പ് നിലത്തേക്കിറങ്ങി. ശൈഖിന് മുമ്പില്‍ വാല്‍ കുത്തി നിന്നു. ശൈഖും പാമ്പും പരസ്പരം സംസാരിച്ചു. സദസ്യര്‍ക്ക് യാതൊന്നും തിരിഞ്ഞില്ല. ഒടുവില്‍ പാമ്പ് സ്ഥലം വിട്ടു. ജനങ്ങള്‍ ശൈഖിനരികിലേക്ക് തന്നെ വന്നണഞ്ഞു. ഗുരു.. എന്തായിരുന്നു പാമ്പ് അങ്ങയോട് സംസാരിച്ചത്? ജനങ്ങള്‍ സംശയമുതിര്‍ത്തു. “ഞാന്‍ ഇതിനകം ഒട്ടേറെ ഔലിയാഇനെ പരീക്ഷിച്ചിട്ടുണ്ട്. പക്ഷേ തങ്ങളെപ്പോലെ സുദൃഢചിത്തനായ ഒരാളെ എനിക്ക് ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല”.
അങ്ങെന്താണ് മറുപടി നല്‍കിയത്. ജനങ്ങള്‍ ചോദ്യം തുടര്‍ന്നു. “നീ വീണപ്പോള്‍ ഞാന്‍ ദൈവത്തിന്‍റെ വിധിനിശ്ചയത്തെപ്പറ്റി ചര്‍ച്ചചെയ്യുകയായിരുന്നു. ഞാന്‍ കണക്കാക്കി നീ ഒരു പുഴു. പടച്ചവന്‍റെ തീരുമാനത്തെയും വിധി തീര്‍പ്പിനെയും നിനക്കെന്ത് ചെയ്യാന്‍ പെറ്റും? ഒന്നും ചെയ്യാന്‍ പറ്റില്ല. പിന്നെ ഞാനെന്തിന് ആശ്ചര്യപ്പെടണം” ശൈഖിന്‍റെ മറുപടിയില്‍ ചുറ്റിലുമുള്ളവര്‍ ആശ്ചര്യപ്പെട്ടു.
***

ഒരിക്കല്‍ ശൈഖിനരികിലേക്ക് ഒരു മദ്ധ്യവയസ്കന്‍ കടന്നുവന്നു. കൂടെ ഒരു ചെറുപ്പക്കാരനുമുണ്ട്. “ഗുരോ ഇതെന്‍റെ മകനാണ് ഇവന് വേണ്ടി പ്രാര്‍ത്ഥിക്കണം. അയാള്‍ അപേക്ഷിച്ചു. സത്യത്തില്‍ ചെറുപ്പക്കാരന്‍ അയാളുടെ നേര്‍വഴിയിലുള്ള മകനായിരുന്നില്ല. രഹസ്യ ബന്ധത്തില്‍ പിറന്നതായിരുന്നു. ശൈഖിന് ഇത് കേട്ടതും കോപം കത്തി വന്നു. ‘തന്‍റെ ഇത് വരെയുള്ള കാര്യം നമുക്കറിയാം’ ഇതും പറഞ്ഞ് ശൈഖ് റൂമിനകത്തേക്ക് പോയി. പെട്ടെന്ന് ബഗ്ദാദിന്‍റെ പലഭാഗങ്ങളിലും തീ പടര്‍ന്നു. ജനങ്ങള്‍ അമ്പരന്നു. തീ അണക്കാന്‍ അവര്‍ പാടുപെട്ടു. ഒരു സ്ഥലത്ത് കെടുത്തിയാല്‍ മറ്റൊരിടത്ത് ആളികത്തുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ ബഗ്ദാദ് നഗരം കത്തി ചാമ്പലാകും. ഇത് ശൈഖിന്‍റെ കോപം കാരണമായി ഉണ്ടായതാണ്. ആ മദ്ധ്യവയസ്കനാണ് ശൈഖിനെ ശുണ്ഠി പിടപ്പിച്ചത്. ജനങ്ങള്‍ ശൈഖിന്‍റെ സവിധത്തിലെത്തി. മാപ്പ് കൊടുക്കാന്‍ ആവശ്യപ്പെട്ടു. കോപം തണുത്തു. അതോടെ ബഗ്ദാദിന്‍റെ ഓരങ്ങളില്‍ തീ അണഞ്ഞു. അല്ലാഹുവിന്‍റെ ഇഷ്ട ദാസന്മാര്‍ കോപിക്കുന്നിടത്ത് പടച്ചവന്‍ വെറുതെയിരിക്കില്ലെന്ന് ചരിത്രം സൂചിപ്പിക്കുന്നു.

ഒട്ടേറെ അത്ഭുതങ്ങള്‍ നിറഞ്ഞതാണ് ശൈഖ് ജീലാനി(റ) വിന്‍റെ ജീവിതം.ഇറാനിലെ ജീലാന്‍ പ്രവിശ്യയിലെ നീഫ് എന്ന ഗ്രാമത്തില്‍ ഹിജ്റ 470 ല്‍ (പ്രബലാഭിപ്രായ പ്രകാരം) റമളാന്‍ ഒന്നിനായിരുന്നു അശ്ശൈഖ് മുഹ്യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (റ) വിന്‍റെ ജനനം. ചെറുപ്പത്തിലേ പ്രിയ പിതാവ് വിട പറഞ്ഞു. പിന്നീട് മാതൃ പിതാവായ ശൈഖ് അബ്ദുല്ലാഹി സാമഈ (റ)ന്‍റെ സംരക്ഷണത്തിലാണ് ശൈഖ് ജീലാനി (റ) വളര്‍ന്നത്. സാമഈ എന്നവരില്‍ നിന്നും പ്രിയ മാതാവില്‍ നിന്നും വിശുദ്ധ ഖുര്‍ആനും പ്രാഥമിക ജ്ഞാനങ്ങളും നേടിയ മഹാന്‍ പിന്നീട് അറിവിന്‍റെ ഔന്നത്യങ്ങളിലേക്ക് എത്തിച്ചേര്‍ന്നു. ഭൗതിക വിരക്തിയും ക്ഷമയും സത്യസന്ധതയും കൈമുതലാക്കിയ ശൈഖ് ജീലാനി(റ) ഇലാഹീ സാമീപ്യം കരസ്തമാക്കി അല്ലാഹുവിന്‍റെ ഇഷ്ട ദാസന്മാരുടെ ഉന്നത ശ്രേണിയിലേക്കെത്തുകയായിരുന്നു. ആത്മീയ ലോകത്തെ രാജാവും ഔലിയാക്കളുടെ നേതാവുമായി സുല്‍ത്താനുല്‍ ഔലിയാഅ്,ഖുതുബുല്‍ അഖ്ത്വാബ്,ഗൗസുല്‍ അഅ്ളം തുടങ്ങിയ പദവികളിലെല്ലാം മഹാനവര്‍കള്‍ അറിയപ്പെടുന്നു

ജലീല്‍ താനാളൂര്‍

Leave a Reply

Your email address will not be published. Required fields are marked *