2020 January-February Hihgligts Shabdam Magazine വീക്ഷണം

തിരിച്ചറിവ്

പൂമുഖത്ത് പത്രം വായിച്ചിരിക്കുകയായിരുന്ന മൊയ്തീന്‍ ഹാജി.
കയ്യിലൊരു ബാഗും തൂക്കി ഒരാള്‍ ഗെയ്റ്റ് കടന്നു വന്നു.
ആരാ…?
ഞാന്‍ തെളിവെടുപ്പിന് വന്നതാ, നിങ്ങള്‍ പൗരത്വത്തിന് അപേക്ഷ കെടുത്തിരുന്നോ?
ആ…ശരി, കേറിയിരിക്കീ, എന്താ പേര്?
ദാമോദരന്‍
ആവട്ടെ, നിങ്ങളെവിടുന്നാ..?
ഞാന്‍ അധികം ദൂരെയെന്നുമല്ല
പടിഞ്ഞാറേക്കരയില്‍
പടിഞ്ഞാറേക്കരയിലെവിടെ?
കടവിനടുത്ത് തന്നെ, നിങ്ങള്‍
അവിടെയൊക്കെയറിയുമോ…?
അറിയാതെ പറ്റുമോ…?
നിങ്ങള്‍ തെക്കേവീട്ടില്‍ മമ്മദാജിയെ അറിയുമോ..?
അയാള്‍ ഇരുന്ന കസേരയില്‍ നിന്ന് അറിയാതെ എണീറ്റുപോയി.
മമ്മദാജി!, എന്‍റെ അച്ഛനെ സ്വന്തം മകനെപ്പോലെ വളര്‍ത്തിയ മമ്മദാജി!
ദാമോദരന്‍ മാഷ് എത്രയോ തവണ കേട്ട കഥകളിലൂടെ ഊളിയിട്ടു. അച്ഛന് രണ്ട് വയസ്സുള്ളപ്പോഴാണ് തോണി മറിഞ്ഞ് അച്ഛന്‍റെ അച്ഛനും അമ്മയും മരണപ്പെട്ടത്. സ്വന്തക്കാരായി ആരുമില്ലായിരുന്ന അച്ഛനെ പിന്നെ മമ്മദാജിയാണ് സ്വന്തം മകനെപ്പോലെ പോറ്റി വളര്‍ത്തിയത്.
മമ്മദാജിയെ നിങ്ങളെങ്ങെനെയാണ് അറിയുക?!
അതൊക്കെ വലിയ ബന്ധമാണ്.
മമ്മദാജിയുടെ മൂത്ത മകനാണ് ഞാന്‍ മൊയ്തീന്‍ ഹാജി..
മമ്മദാജിയുടെ ആദ്യ ഭാര്യയിലുള്ള ഒരേയൊരു കുട്ടി. എനിക്ക് മൂന്നു വയസ്സുള്ളപ്പോള്‍ ഉമ്മ മരിച്ചു. പിന്നെ ഞാനിവിടെ ഉമ്മയുടെ വീട്ടിലാണ് വളര്‍ന്നത്.
ദൈവമേ….ആ മൊയ്തീന്‍ ഹാജിയാണിത്. അച്ഛന്‍ എപ്പോഴും പറയാറുണ്ടായിരുന്ന… മാഷുടെ കയ്യില്‍ നിന്ന് കടലാസു കെട്ടുകള്‍ താഴെ വീണു.
നിങ്ങളെവിടെയാ ജോലി ചെയ്യുന്നത്?
ഞാന്‍ മാഷാണ്. കുന്നുംപുറം എ. എം ഹൈസ്കൂളില്‍.
ഓ അവിടെയാണോ അത് നമ്മുടെ സ്കൂളല്ലേ…
സ്വതന്ത്ര്യസമര സേനാനിയായിരുന്ന എന്‍റെ ഭാര്യപിതാവാണ് ആ സ്കൂളിനായി പത്തേക്കര്‍ സ്ഥലം കൊടുത്തതും സ്കൂളുണ്ടാക്കിയതും…
മാഷ് കസേരയുടെ കയ്യില്‍ മുറുക്കപ്പിടിച്ചു
അല്ല കഥകള്‍ പറഞ്ഞിരുന്നാല്‍ നിങ്ങളുടെ നേരം പോകും, നിങ്ങള്‍ വന്ന കാര്യം…?
അത്…അത്….നിങ്ങളെ തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് ആധാറുണ്ടോ..?
മാഷ് വിറച്ചുകൊണ്ട് ചോദിച്ചു
ഉണ്ട് ആധാററെന്നു പറഞ്ഞപ്പോഴാണ് എനിക്ക് പഴയ ആധാരത്തിന്‍റെ കാര്യം ഓര്‍മ വന്നത്. അന്ന് വാപ്പ നിങ്ങളുടെയച്ഛന് ഒരേക്കര്‍ ഭൂമി എഴുതികൊടുത്തിരുന്നു. അതിന്‍റെ ആധാരം കുറേക്കാലം എന്‍റെ കയ്യിലായിരുന്നു. ബാപ്പ മരിച്ച ശേഷം കുറച്ചുകാലം ഞാനവിടെ താമസിച്ചിരുന്നു.
അന്നൊരിക്കല്‍ നിന്‍റെയമ്മക്ക് കലശലായ രോഗം. നീയൊക്കെ ജനിക്കുന്നതിന് മുമ്പാണ്. അമ്മ രക്ഷപ്പെടണങ്കെില്‍ മദ്രാസില്‍ പോയി വലിയ ഓപ്പറേഷന്‍ വേണമെന്ന് ഡോക്ടര്‍മാര്‍ തീര്‍ത്തുപറഞ്ഞു. വേറെ നിവൃത്തിയൊന്നുമില്ലാതെ അച്ഛനന്ന് കുറച്ചു പണം കടം ചോദിക്കാന്‍ വന്നു. ഒരു ജന്മം കൊണ്ട് അച്ഛന് വീട്ടുവാനാവത്ത ഒരു സംഖ്യയായിരുന്നു അത്. പണം കൊടുത്തപ്പോള്‍ ഈടായി അച്ഛന്‍ ആ ആധാരം അവിടെ വെച്ചിട്ടുപോയി. എന്തായാലും അമ്മ ചികിത്സ കഴിഞ്ഞു സുഖം പ്രാപിച്ചു വന്നു. ഏതാണ്ട് ഒരു കൊല്ലം കഴിഞ്ഞ് ഞാന്‍ അവിടുന്ന് തിരിച്ച് പോരുമ്പോള്‍ ആധാരം അച്ഛനു തന്നെ തിരിച്ചുകൊടുത്തു. ആ പണം തിരിച്ചു തരേണ്ടെന്നും പറഞ്ഞു.
മാഷിന് തല കറങ്ങുന്ന പോലെ തോന്നി. നിങ്ങളുടെ രക്ത ഗ്രൂപ്പ് ഏതാ…?
നല്ല കഥ! രക്തത്തെക്കുറിച്ചൊന്നും പറയണ്ട. അന്ന് അമ്മക്ക് രക്തം വേണമെന്ന് പറഞ്ഞ് മദ്രാസില്‍ നിന്ന് കമ്പി വന്നു. നാട്ടില്‍ അമ്മക്ക് ചേര്‍ന്ന രക്തം എന്‍റെയും വടക്കേതിലെ മത്തായിച്ചന്‍റെതും മാത്രമേയുള്ളൂ.
ഞങ്ങള്‍ രണ്ടാളും രായ്ക്കുരാമാനം മദ്രാസിലേക്ക് വണ്ടി കയറി.
അതിരിക്കട്ടെ മോന് കുടിക്കാന്‍ എന്താ വേണ്ടത്? വിയര്‍ത്തുകുളിച്ച മാഷിനെ നോക്കി ഹാജിയാര്‍ ചോദിച്ചു.
എന്തായാലും മതി…മാഷിന് വാക്കുകള്‍ മുറിഞ്ഞു
ഹാജിയാര്‍ അകത്തുപോയി
വെള്ളവുമായി വന്നു, ആധാറും റേഷന്‍ കാര്‍ഡുമുണ്ട്. പാസ്പോര്‍ട്ടും ജനനസര്‍ട്ടിഫിക്കറ്റുമൊന്നുമില്ല.
ഇപ്പോള്‍ വേണ്ട…ഞാന്‍ പിന്നെ വരാം
മാഷ് മുറ്റത്തേക്കിറങ്ങി
അയാള്‍ക്ക് പ്രപഞ്ചമാകെ കറങ്ങുന്നത് പോലെ തോന്നി
ബാഗും കടലാസുകളുമൊന്നുമെടുക്കാതെ അയാള്‍ നടന്നു നീങ്ങി.
അപ്പോള്‍ എന്‍റെ പൗരത്വം
ഹാജിയാര്‍ വിളിച്ചു ചോദിച്ചു. പക്ഷെ
അയാള്‍ ഒന്നും കേട്ടില്ല
അയാള്‍ക്ക് ചുറ്റും ഇരുട്ട് പകര്‍ന്നു.
തിരിച്ചറിയാനാവാത്ത ഏതോ വികാരങ്ങള്‍ അയാളുടെ പേശികളെ ദുര്‍ബലപ്പെടുത്തി.
ഗെയ്റ്റ് കടന്ന് റോഡിലേക്കിറങ്ങിയതും അയാള്‍ കുഴഞ്ഞ് വീണു.

റഹീം പൊന്നാട്

Leave a Reply

Your email address will not be published. Required fields are marked *