വീടകങ്ങളിലൊതുങ്ങേണ്ട രഹസ്യങ്ങളും കുടുംബ ജീവിതത്തിലെ ഇണക്കങ്ങളും പിണക്കങ്ങളും ദൃശ്യവല്‍കരിച്ച് സാംസ്കാരിക അധ: പതനങ്ങളിലേക്ക് വേദിയൊരുക്കുകയാണിന്ന് സിനിമാ-സീരിയലുകള്‍. മാതാവും പിതാവും, ഭാര്യയും ഭര്‍ത്താവും, സഹോദരി സഹോദരന്മാരും പരസ്പരം കലഹിക്കുന്ന നിര്‍മിത കഥകളാണ് കുടുംബമൊന്നിച്ചു കാണണമെന്ന മുഖവുരയോടെ സമൂഹ മധ്യത്തിലെത്തുന്നത്. കുടുംബ കണ്ണീരുകള്‍ പരസ്യമാക്കി മാര്‍ക്കറ്റിങ് വര്‍ധിപ്പിക്കുന്ന ചാനലുകളുടെ ആത്യന്തിക ലക്ഷ്യമെന്താണ്? കഥയല്ലിതു ജീവിതമടക്കമുള്ള ചാനല്‍ പ്രോഗ്രാമുകളില്‍ കയറിയിറങ്ങി കഥയില്ലാതാവുന്ന ജീവിതങ്ങള്‍ ബാക്കിവെക്കുന്ന സാംസ്കാരികാവശിഷ്ടങ്ങള്‍ എന്തൊക്കെയാവും? . മൂന്നും അഞ്ചും പ്രായമുള്ള കുരുന്നുകളുടെ നിഷ്കളങ്കതയെ ചൂഷണം ചെയ്ത് കാഴ്ചക്കാരുടെ കയ്യടി വാങ്ങുന്ന പ്രോഗ്രാമുകളില്‍ ധാര്‍മികതയുടെ അംശം വല്ലതുമുണ്ടോ? അശ്ലീല സംസാരങ്ങളും ചര്‍ച്ചകളും ഇടതടവില്ലാതെ വര്‍ത്തിക്കുന്ന ഇത്തരം പ്രോഗ്രാമുകളില്‍ നിന്ന് കുഞ്ഞുഹൃദയങ്ങളില്‍ കുത്തിവെക്കപ്പെടുന്ന അസാംസ്കാരിക വിഷമിറക്കാന്‍ ഏതു വൈദ്യം തേടിയാലാണ് സാധ്യമാവുക? പുതു കാലത്തെ ചാനല്‍ സംസ്കാരം ശേഷിപ്പിക്കുന്ന കാലുഷ്യങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ ചില ചോദ്യങ്ങളാണിവ. അച്ഛനമ്മമാരുടെ പ്രണയവും പ്രണയാനന്തരവും മണിയറ രഹസ്യങ്ങളുമെല്ലാം ഉടുമുണ്ടൂരിയെറിയുന്ന വേദികളിലേക്ക് തങ്ങളുടെ മക്കളെയും കൊണ്ട് ചെല്ലാന്‍ മാത്രം ഉദാരവല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് സംസ്കാരിക രംഗം.
സിനിമ സീരിയലുകള്‍ സാംസ്കാരിക മൂല്യചുതിക്ക് വലിയ തോതില്‍ കാരണമാകുന്നുണ്ട്. ആത്മീയത നിറഞ്ഞ് നിന്നിരുന്ന വീടകങ്ങളിലേക്ക് എപിസോഡുകളായി സീരിയലുകള്‍ കയറി വന്നതു മുതല്‍ സാംസ്കാരികമായി നാം പിന്നോട്ട് നടക്കുകയായിരുന്നു. ആഡംബര-ഉപഭോകാസക്തിയുടെ വളര്‍ച്ചക്കു പിന്നില്‍ പരസ്യങ്ങങ്ങള്‍ക്കെന്ന പോലെ സിനിമക്കും സീരിയലിനുമുളള പങ്ക് നിഷേധിക്കാനാവില്ല. ഒരേ സമയം ആശയങ്ങളും ദൃശ്യവും ശബ്ദവും സംപ്രേഷണം ചെയ്യുന്നതിനാല്‍ ഇത് അനുകരണീയമായി തീരാനുള്ള സാധ്യതകള്‍ വര്‍ധിക്കുന്നു. സാംസ്കാരിക ശോഷണങ്ങള്‍ക്കപ്പുറം മനുഷ്യന്‍റെ മാനസിക-ശാരീരിക അനാരോഗ്യത്തിലേക്കും അനുകരണ പ്രേരണകള്‍ വരുത്തി തീര്‍ക്കുന്ന ക്രിമിനല്‍ വ്യാപനത്തിലേക്കും ഇത് മാര്‍ഗമാകുന്നുണ്ട്. സ്ഥിരമായി സിനിമ സീരിയലുകള്‍ വീക്ഷിക്കുന്നവര്‍ക്ക് സ്ക്രീസോഫീനിയയുടെ തലത്തിലേക്കുയര്‍ന്ന യാഥാര്‍ത്ഥ്യവും ഭാവനയും തിരിച്ചറിയാനാവാത്ത അവസ്ഥയുണ്ടാവുക സ്വാഭാവികമാണെന്ന് മനശാസ്ത്ര പഠനങ്ങള്‍ വ്യക്തമാക്കുന്നു.
പിടിക്കപ്പെടാതെ കുറ്റങ്ങള്‍ ചെയ്യാനുള്ള പരിശീലനങ്ങളായി മാറിയിരിക്കുകയാണ് സിനിമ സീരിയലുകള്‍. വ്യക്തമായ സീരിയല്‍ അനുകരണങ്ങള്‍ തെരുവില്‍ നടമാടിക്കൊണ്ടിരിക്കുന്നു. ഉദയംപേരൂറില്‍ താമസിക്കുന്ന ചേര്‍ത്തല സ്വദേശിനിയായ ഭാര്യയെ കൊലപ്പെടുത്താനും തെളിവ് നശിപ്പിക്കാനും ഭര്‍ത്താവും കാമുകിയും കാണിച്ച തന്ത്രങ്ങള്‍ രണ്ട് സിനിമകളുടെ പശ്ചാതലത്തില്‍ നിന്നായിരുന്നു. കൊലപാതകത്തിന് തയ്യാറെടുക്കാനായി ഒരു സിനിമ 17 തവണ ആവര്‍ത്തിച്ചു കണ്ടെന്നും ഓരോ സമയവും പുതിയ തന്ത്രങ്ങള്‍ മനസ്സിലാക്കാനായെന്നും കൊലപാതകിയുടെ കുറ്റ സമ്മതത്തിലുണ്ട്. കേരളത്തിലെ വ്യത്യസ്ത ക്രിമിനല്‍ കേസുകളില്‍ പ്രേമം, ദൃശ്യം തുടങ്ങിയ സിനിമകള്‍ മാറിമാറിക്കയിറിയത് സമീപ കാലത്താണ്
ഈയടുത്തായി കൂടത്തായിയില്‍ അരങ്ങേറിയ കൊലപാതക പരമ്പരയിലും അക്രമണ വാസന ജനിപ്പിക്കുന്ന ചില സിനിമകളുടെ സ്വാധീനം കണ്ടെത്തിയിരുന്നു. പിണറായി കേസിലെ സൗമ്യക്ക് പ്രചോദനമായതും സീരിയലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ചേലേമ്പ്ര ബാങ്ക് കവര്‍ച്ചയടക്കം പല ഹൈടെക്ക് മോഷണക്കേസുകളിലും മോഷണങ്ങള്‍ ചിത്രീകരിച്ച സിനിമകള്‍ സഹായകമായെന്നതാണ് യാഥാര്‍ത്ഥ്യം. കാല്‍പനിക കഥാപാത്രങ്ങളും സംഘട്ടനങ്ങളും സ്ക്രീനുകള്‍ക്കപ്പുറത്ത് നമ്മുടെ ചുറ്റുപാടുകളിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുകയാണിന്ന.് കഥാപാത്രത്തിന്‍റെ ഭാവിയോര്‍ത്ത് വ്യാകുലപെട്ടിരുന്ന കണ്ണീര്‍ സീരിയലുകള്‍ക്കപ്പുറത്തേക്ക് കഥകളും കഥാപാത്രങ്ങളും മാറിയിരിക്കുകയാണ്. 70% ആളുകളും സീരിയല്‍ പ്രേക്ഷരാണെന്നും നിയമ വാഴ്ചകളോട് വെല്ലുവിളികളുയര്‍ത്താത്ത സീരിയലുകള്‍ കുറവാണെന്നതും ചേര്‍ത്തുവായിക്കേണ്ടിയിരിക്കുന്നു. സാമാന്യ ജനത്തിന്‍റെ യുക്തിയെ പരിഹസിച്ച് അവിശ്വസനീയമായ തലങ്ങളിലേക്ക് ക്രൂരതയെ വലുതാക്കി പ്രേക്ഷകരുടെ കണ്ണീര്‍ വാങ്ങി റേറ്റിങ് കൂട്ടാനാണ് സിനിമ സീരിയല്‍ നിര്‍മാതാക്കള്‍ മത്സരിക്കുന്നത്.
ഇരയുടെ റോളില്‍ കരഞ്ഞിരുന്ന സ്ത്രീ കഥാപാത്രങ്ങള്‍ പ്രതിരോധത്തിന്‍റെ പുതിയ മാര്‍ഗങ്ങള്‍ അവതരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. തിരക്കഥകളിലെ ഈ പരിവര്‍ത്തനം സമൂഹത്തില്‍ സ്ത്രീ ക്രിമിനലുകള്‍ വര്‍ധിക്കുന്നതിന്‍റെ കാരണമായി വിലയിരുത്താനാവും. സ്ത്രീ ക്രിമിനലുകള്‍ പുരുഷന്മാരുടെയത്ര വരില്ലെന്നത് സത്യം തന്നെ. എന്നിരുന്നാലും മുമ്പത്തേതിനെ അപേക്ഷിച്ച് കൂടിവരുന്നുണ്ടന്നും വളര്‍ച്ച ധ്രുതഗതിയിലാണെന്നും വിസ്മരിച്ചു കൂടാ. വര്‍ത്തമാന കേരളം ഇതിനെ ഇതിനെ ശരി വെക്കുന്നുമുണ്ട്. പല സീരിയലുകളിലും സ്ത്രീ ക്രൂര രാജ്ഞിയായി വാഴുന്നു. ഇത്തരം കഥാപാത്രങ്ങള്‍ വ്യാപകമായി അനുകരിക്കപ്പെടുന്നുവെന്നതാണ് പുതിയ കാലത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇത് സ്വാഭാവികമെന്നോണം കുടുംബ വ്യവസ്ഥിതിയെ പോലും സാരമായി ബാധിച്ചിരിക്കുന്നു. ലിബറല്‍ ചിന്താഗതിയിലേക്ക് സമൂഹത്തെ നയിക്കുന്നതില്‍ സിനിമാ സീരിയലുകളുടെ പങ്ക് അനിഷേധ്യമാണ്. അനാശാസ്യ പ്രവൃത്തികളില്‍ പിടിക്കപ്പെട്ട പെണ്‍കുട്ടികളെ കൗണ്‍സിലിംഗിന് വിധേയരാക്കിയപ്പോള്‍ സിനിമാ സീരിയലുമായുള്ള അവരുടെ ബന്ധം വെളിവായിരുന്നു. ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കുന്ന ഭാര്യ, അമ്മായിമ്മയോട് തെറി പറയുന്ന മരുമകള്‍, മരുമകളുടെ കഴുത്തറക്കുന്ന അമ്മയും മകനും തുടങ്ങിയവയൊക്കെയാണ് കുടുംബ ചിത്രങ്ങളെന്ന ട്ടൈറ്റില്‍ നല്‍കി റിലീസ് ചെയ്യപ്പെടുന്നത്. ഇത് കുടുംബ ഭദ്രത ഉറപ്പു വരുത്തുമെന്നും സന്തുഷ്ട ദാമ്പത്യ ജീവിതം പ്രദാനം ചെയ്യുമെന്നും ചിന്തിക്കുന്നത് തന്നെ മൗഢ്യമാണ്
കുട്ടികളെ ലക്ഷ്യം വെച്ചുള്ള സിനിമകളും മറ്റു പ്രോഗ്രാമുകളും വ്യാപകമാണിന്ന്. എന്നാല്‍ അത്തരം പ്രോഗ്രാമുകളുടെ അന്തസത്ത ചര്‍ച്ചയാവാറേയില്ല. കുട്ടികളുടെ സാംസ്കാരിക നിലവാരത്തെ തകര്‍ക്കുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തില്‍ മുമ്പൊരിക്കല്‍ കുട്ടിപ്പട്ടാളം എന്ന പ്രോഗ്രാം നിര്‍ത്തി വെക്കേണ്ടി വന്നു. പ്രോഗ്രാമുകള്‍ പരിശോധിച്ച കോടതി പ്രോഗ്രാം അധികൃതരോട് സംപ്രേഷണം നിര്‍ത്തിവെക്കാനും ഇതുവരെ യൂട്യൂബില്‍ അപലോഡ് ചെയ്യപ്പെട്ട വീഡിയോകള്‍ ഡിലീറ്റ് ചെയ്യാനും ഉത്തരവിടുകയായിരുന്നു. കുട്ടികളില്‍ അനാവശ്യ സമ്മര്‍ദം ചെലുത്താനും അക്രമണ വാസന ജനിപ്പിക്കാനും പല പ്രോഗ്രാമുകളും ഹേതുവായിട്ടുണ്ട്. ഇത് ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കാണ് വഴിയൊരുക്കുക
സിനിമ സീരിയലുകള്‍ ക്രിമിനലുകളെ വാര്‍ക്കുന്നുവെന്നും തെറ്റായ സന്ദേശങ്ങള്‍ പകരുന്ന സംപ്രേഷണങ്ങളെ നിയന്ത്രിക്കണമെന്നും നിയമസഭയില്‍ ചര്‍ച്ചയായിരുന്നു. ആയിഷ പോറ്റിയുടെ നേതൃത്വത്തിലുള്ള സമിതി സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ട് സിനിമാ സംസ്കാരങ്ങളില്‍ കാതലായ മാറ്റങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ശക്തമായ സെന്‍സറിംഗിലൂടെ ചാനല്‍ സംപ്രേഷണങ്ങളുടെ ആശയ സംസ്കാര നിലവാരം പരിശോധിക്കുന്നതിന്‍റെ ആവശ്യകത റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മുസ്ലിം ജീവിത സാഹചര്യങ്ങളെ സംബന്ധിച്ചെടുത്തോളം സിനിമയും സീരിയലും നിഷിദ്ധമാണ്. നമ്മുടെ കുടുംബം ശിഥിലമാക്കുന്ന, സാമൂഹിക, മാനസിക, ശാരീരിക തലങ്ങളെ അധോഗതിയിലാക്കുന്ന ഇവയെ നാം അകറ്റി നിര്‍ത്തിയേ മതിയാകൂ. മൂല്യമേറിയ സമയങ്ങളെ നശിപ്പിക്കുന്നതിനാലും തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നതിലനാലും സിനിമയും സീരിയലും നിഷിദ്ധം തന്നെ. ആയതിനാല്‍ ഇത്തരം കാര്യങ്ങള്‍ക്കുള്ള ഉപകരണ, സജ്ജീകരണങ്ങളൊരുക്കുന്നതും വിലക്കപ്പെടേണ്ടതാണ്. ഇതുവഴി പുതു തലമുറയെ ഇത്തരം മൂല്യ ശോഷണങ്ങളില്‍ നിന്ന് ഒരു പരിധി വരേ അകറ്റി നിര്‍ത്താനാകും
ബാസിത് തോട്ടുപൊയില്‍