‘മയ്യില്‍’ എന്ന സൈന്‍ബോര്‍ഡ് കണ്ടപ്പോഴാണ് എനിക്ക് പെട്ടെന്ന് ഓര്‍മ്മ മിന്നിയത്, അവള്‍ കുറെ കാലമായല്ലോ പറയാന്‍ തുടങ്ങിയിട്ട് എന്ന്. നാടുകാണിയില്‍ നിന്നു തളിപ്പറമ്പ് ചാലോട് വഴി ഉളിയിലേക്ക് കുടുംബസമേതം സഞ്ചരിച്ചുകൊണ്ടിരിക്കവെയാണ് സംഭവം. ഓരോ സമയത്തും ഓരോരോ തിരക്കുകള്‍ പറഞ്ഞു വെട്ടിച്ച് പോകലാണ് പതിവ്. ഈ സമയം മനസ്സിലെന്തോ ഒരു പതം കാണുന്നു. വൈകുന്നേരമല്ലേ, ഒരു ചായ കിട്ടിയാല്‍ കുടിക്കുകയുമാവാം. ഈ മൂന്നാലഞ്ചാളുകള്‍ക്ക് പുറത്ത് നിന്ന് ചായയും കടിയും വാങ്ങണമെങ്കില്‍ നൂറ്റമ്പത് രൂപക്ക് മുകളില്‍ വരും. മാത്രമല്ല, ഹോട്ടലുകളിലെയും വഴിയോര തട്ടുകടകളിലെയും ആഭ്യന്തരാന്തരീക്ഷം ഒട്ടും ഹൈജീനിക് അല്ലതാനും.
‘അല്ല, നീയല്ലെ നിന്‍റെ ഒരു സ്നേഹിത ഈ ഭാഗത്തെവിടെയോ ഉണ്ട്, കാണാന്‍ പോണം കാണാന്‍ പോണം എന്ന് എപ്പോഴും പറയാറ്, ഇപ്പം പോയാലോ?
അവള്‍ ആവേശിതയായി. ഝടുതിയില്‍ അവള്‍ ഫോണ് വിളികളും വിവരം ചോദിക്കലും വഴിയന്വേഷിക്കലും എല്ലാം കഴിഞ്ഞു. നോക്കുമ്പോള്‍ അഞ്ചാറ് കിലോമീറ്റര്‍ ഉള്ളോട്ട് ഇനിയും നൂളണം പോല്‍. പോവുന്നെങ്കില്‍ വളരെ പെട്ടെന്ന് പോവുകയും വേണം പോല്‍. പൊട്ടിപ്പൊളി റോഡാണത്രെ. വളവു തിരിയുന്നിടത്ത് തിളങ്ങുന്ന ഒരു ബേക്കറി കണ്ടപ്പോള്‍ അവള്‍ പറഞ്ഞു ‘നിര്‍ത്ത്! നിര്‍ത്ത് സയഡാക്ക്’ചായക്ക് നൂറ്റമ്പത് മതി! വേണ്ടിയിരുന്നോ ഈ…
എവിടെയോ യാത്ര പോകാനുള്ള തിരക്കിലാണ് അവരപ്പോള്‍. കുട്ടികളെയെല്ലാം മാറ്റിപ്പിടിച്ച് ഇറയത്തും മുറ്റത്തുമായി നില്‍ക്കുന്നു. സ്നേഹിതയും യാത്രാലോഞ്ചിങ്ങിനുള്ള കൗണ്ട്ഡൗണ്‍ കാത്തിരിക്കുകയാല്‍ സ്റ്റാന്‍ഡ്ബൈ മോഡിലാണ്.
കയറി ചെന്നതും, അവള്‍ കുട്ടികള്‍ക്കെല്ലാം കിന്‍റര്‍ജോയിയും ചോക്ലേറ്റ്ബാറും വിതരണം ചെയ്തു. ഒരു രണ്ട് മൂന്ന് കിലോ വരുന്ന മൈദയുടെ കീസ് സ്നേഹിതയുടെ കൈകളില്‍ വച്ചു കൊടുത്തു. ലഡു, ജിലേബി, കൂന്തി, തൊപ്പിക്കേക്ക്, കറുത്തലുവ, അണ്ടിബിസ്കറ്റ് എന്നീ വേര്‍ഷനുകളിലായുള്ള മൈദാവിഷ്കാരങ്ങളായിരുന്നു അവ. ഞാന്‍ ഒരിടത്തു പോവുമ്പോഴും ഈ മൈദക്കൂട്ടുകള്‍ പ്രിഫര്‍ ചെയ്യാറില്ല. എന്‍റെ വീട്ടില്‍ ആരെങ്കിലും വിരുന്നു വരുമ്പോള്‍ ആരെങ്കിലും ഇവ കൊണ്ടുവരുന്നത് എനിക്ക് ഇഷ്ടവുമല്ല. ബദാം, അണ്ടിപ്പരിപ്പ്, വാല്‍നട്ട്, പിസ്ത തുടങ്ങിയ നട്ടുകളും അത്തിപ്പഴം, ഈത്തപ്പഴം (സ്വഫാവി/മബ്റൂം), ഉണക്കമുന്തിരി, ആപ്രിക്കോട്ട് തുടങ്ങിയ ട്രൈഫ്രൂട്ടുകളും വിരുന്നുകാര്‍ കൊണ്ടുവരണേ എന്നാണ് ഞാനാശിക്കാറ്. വിരുന്നുകാര്‍ വീടുവിട്ട ഉടനെ പാക്കറ്റുകള്‍ പൊട്ടിച്ചു പരിശോധിക്കുന്ന ദുശീലം അങ്ങനെ വന്നതാണ്.
സ്നേഹിതയുടെ കെട്ടിയോന്‍ ഭയങ്കര സ്ട്രോങ്ങാണ് പോലുമെന്ന് അവള്‍ ഇടക്കിടെ പറയാറുണ്ട്. ഉള്ളില്‍ പോയി കുശുകുശ കഴിഞ്ഞ് വന്ന അവളുടെ മുഖത്തു ആവേശം അസ്തമിച്ച മട്ടുണ്ട്. സ്നേഹിതയുടെ മുഖത്തു നിന്ന് മ്ലാനത പകര്‍ത്തിയിട്ടുണ്ട്. അവള്‍ ദേഷ്യത്തിലാണ് പോലും. പോരാത്തതിന് മുടിഞ്ഞ മൂഡ്ഓഫിലും.
വീടിന്‍റെ മുറ്റത്ത് ശകലം മാറി ഒരു ലോറി വന്ന് ചെങ്കല്ലുകളിറക്കി പോകാന്‍ നോക്കുന്നു. അപ്പുറത്ത് ഏതാനും ജോലിക്കാര്‍ മുട്ടുകയും തട്ടുകയും പൊളിക്കുകയും ചെയ്യുന്നു. കടഞ്ഞ് പണിതീര്‍ത്ത കട്ടിളകളും ജനലുകളും മതിലില്‍ ചാരിവെച്ചിരിക്കുന്നു. മണ്ണുപുരണ്ട പണിക്കാരി പെണ്ണുങ്ങള്‍ ചായക്കുള്ള പാത്രവുമായി വന്ന് കാത്തുനില്‍ക്കുന്നു.
‘അല്ല, ഇവര്‍ എവിടെ പോവാനാ ഈ ഒരുങ്ങിത്താങ്ങി നില്‍ക്കുന്നത്’?
അവള്‍ അറിയുകയില്ലെന്ന് ആംഗ്യംകാട്ടി. എന്നുമാത്രമല്ല സ്നേഹിതക്ക് തന്നെ അറിയില്ല പോല്‍!?
‘അതെന്താ അങ്ങനെ?’
അങ്ങനെയാ പോല്‍. ഒന്നും തെളിച്ചു പറയുകയില്ല. ‘ഒരിടത്തു പോകാനുണ്ട്, മക്കളെയെല്ലാം മാറ്റി നിര്‍ത്ത്’ എന്ന് ഫോണില്‍ വിളിച്ചു പറയും. എപ്പോഴാ പുറപ്പെടുകയെന്നോ, എവിടേക്കാ പോവുകയെന്നോ ഒന്നും ഒരു പിടുത്തവും കൊടുക്കൂല. ചിലപ്പോള്‍ മാറ്റിനിന്ന് മണിക്കൂറുകള്‍ കഴിഞ്ഞാലാണത്രേ വരുക. മക്കള്‍ അപ്പോഴേക്കും വീണ് പുരണ്ട് ഉടുപ്പിലൊക്കെ ചെളിയും മണ്ണും ആക്കിക്കാണും. പോകാന്‍ നേരത്ത് പിന്നെയും അഴിച്ചു മാറ്റേണ്ടി വരും. വൈകുന്നേരം വരെ മാറ്റിനിന്നിട്ട് ‘ഇന്ന് പോക്ക് നടക്കൂല’ എന്ന് വിളിച്ചു പറഞ്ഞ സന്ദര്‍ഭവമുണ്ട് പോല്‍. ചിലപ്പോള്‍ ഒന്നും പറയാതെ, ഒന്ന് ഫോണ്‍ വിളിക്കുക പോലും ചെയ്യാതെ അവിചാരിതമായി കയറി വരും. മറ്റു ചിലപ്പോള്‍ കുളിച്ച് മുടിവാരി മുണ്ടും കുപ്പായവും മാറ്റിക്കൊണ്ടിരിക്കുന്ന ആള്‍ക്ക് കുടിക്കാനായി ചെല്ലുമ്പോഴേക്കും ആള്‍ പോയി കഴിഞ്ഞിട്ടുണ്ടാവും, ഒന്നും മിണ്ടാതെ. അവള്‍ക്ക് സഹിച്ചു സഹിച്ചു മടുത്തുവത്രെ. ഒരു കാര്യത്തിലും ഒരു അഭിപ്രായവും ചോദിക്കലും പറയലും ഇല്ലത്രേ! പറഞ്ഞതെന്തോ അത് കേട്ടുകൊള്‍ക. അതിനപ്പുറമില്ല. ഇപ്പുറവുമില്ല. അങ്ങനെ ഇഷ്ടമില്ലാത്തൊരു തടിജീവിതം.
‘അക്കണക്കിന് നിനക്കെല്ലാം എത്ര ഭാഗ്യാണ്’. കിട്ടിയ ചാന്‍സില്‍ ഞാന്‍ ആപ്പിട്ടു. എല്ലാ കാര്യത്തിലും ഞാന്‍ നിന്നോട് അഭിപ്രായങ്ങള്‍ ചോദിക്കാറില്ലേ. നിന്‍റെ കുടുംബത്തിലെ കല്യാണത്തിനും കുടികൂടലിനും എന്ത് കൊടുക്കണമെന്നും, എത്ര കൊടുക്കണമെന്നും, മക്കളുടെ ഉടുപ്പെടുക്കുമ്പോള്‍ ഏത് കളര്‍ വേണമെന്നും, എങ്ങനെത്തെ ഡിസൈന്‍ വേണമെന്നും എന്തിനധികം ഇപ്പോള്‍ ഇങ്ങോട്ട് വരുമ്പോള്‍ വാങ്ങിയ ബേക്കറി സാധാനങ്ങളടക്കം നിന്‍റെ ചോയിസായിരുന്നില്ലേ. ( ഞാനാ വാങ്ങുന്നതെങ്കില്‍ നട്ടും ട്രൈഫ്രൂട്സും വാങ്ങേണ്ടിവരില്ലായിരുന്നോ എന്ന് സിദ്ധം). അതാ പറഞ്ഞത് ഓരോരിടത്തെത്തി ഓരോന്ന് മനസ്സിലാക്കുമ്പോഴാണ് അവരവര്‍ അനുഭവിക്കുന്ന അനുഗ്രഹങ്ങളുടെ മഹിമ തിരിയുക.
‘നീ ഇങ്ങുവാ’
ഞാന്‍ അവളെയും കൂട്ടി പുറത്തിറങ്ങി. ആകെയൊന്ന് വീക്ഷിച്ചു. മുറ്റത്തെ കോണില്‍ ഷട്ടറിട്ട ഒരു റൂമുണ്ട്. കാര്‍പോര്‍ചുണ്ട്. അതിനെയെല്ലാം കൂട്ടിക്കെട്ടി എന്നാല്‍ ഇളക്കിപ്പറിച്ച്, കുറ്റിയടിച്ച് ചൂടിവലിച്ചു കെട്ടിയിട്ടുണ്ട്. എത്ര നോക്കിയിട്ടും എന്ത് രൂപത്തിലാണ് വീടിന്‍റെ പുനര്‍നിര്‍മാണം എന്നെനിക്ക് തിരിയുന്നില്ല. ഇയാള്‍ വല്ല അക്യുപഞ്ചറോ, സൈക്കോമാളിതെറാപ്പിയോ മറ്റോ തുടങ്ങുന്നുണ്ടാവോ. ഇത് സന്ദര്‍ശകര്‍ക്ക് ഇരിക്കാനുള്ള സ്ഥലമായിരിക്കുമോ?.
ആളൊരു കണ്ടന്‍ സൈക്കോളജിസ്റ്റാണ്. കുറച്ച് കാലം ദര്‍സില്‍ പഠിച്ചിട്ടുണ്ട്. കുറേ സൈക്കോളജി ബുക്ക് വാങ്ങിവെച്ചു. സൈക്കോ ചികിത്സയുടെ ചില കറസ്പോണ്ടന്‍സ് കോഴ്സുകള്‍ക്കും ചേര്‍ന്നു. പിന്നെ അഫ്സലുല്‍ ഉലമ പഠിക്കാന്‍ പോയി. അത് പൂര്‍ത്തിയാകും മുന്നേ പെട്ടെന്ന് പൈസക്കാരനാവുന്ന ബജാജിന്‍റെ മള്‍ട്ടി ലെവല്‍ ക്ണാപ്പിലേക്ക് ആളെ പിടിക്കാന്‍ പോയി. കുറച്ച് കാലം ബാംഗ്ലൂരില്‍ മേറ്റ്പീടികയില്‍ നിന്നു. ഇപ്പോള്‍ ഫോറിന്‍ സാധനം വില്‍ക്കുന്ന ഷോപ്പ് നടത്തുന്നു. കൂട്ടത്തില്‍ പഴയ സ്വര്‍ണം വാങ്ങലോ വില്‍ക്കലോ എന്തൊക്കയോ ജഗപൊഗകള്‍ ഉണ്ട്. അല്ലറചില്ലറ കൗണ്‍സിലിങ്ങും സൈക്കോചികിത്സയും.
അല്ലെങ്കിലും കണ്ടന്മാര്‍ പ്രശ്നം തന്നെയാണ്. കണ്ടമ്മാഷുമാരും, കണ്ടമ്പോലീസുമാരും, കണ്ടമ്മൊയ്ല്യാമ്മാരും, കണ്ടണ്ഡോക്ടര്‍മാരും, കണ്ടനെഞ്ചിനിയര്‍മാരും, കണ്ടമ്മന്ത്രിമാരുമൊക്കെ പ്രശ്നം തന്നെയാണ്. വലിയ വിനകളാണ് ഇത്തരക്കാര്‍ സമൂഹത്തില്‍ വിതക്കുക. തങ്ങളുടെ വിവരക്കുറവും സ്വയംമതിപ്പും ഇവരെ ഏതോ തമോലോകത്ത് എത്തിക്കും. താന്‍ ചെയ്യുന്നത് ശരികേടാണെന്നും അതിന് സമൂഹം വലിയ വില കൊടുക്കേണ്ടി വരുമെന്നുമുള്ള തിക്തസത്യം അവരുടെ വെളിവിലേക്ക് വരുകയേയില്ല. ഒന്നും ശരിക്കറിഞ്ഞുകൂടാ എന്നതല്ല പ്രശ്നം; മറിച്ച് അറിഞ്ഞുകൂടാ എന്നത് തീരെ അറിഞ്ഞുകൂടാ. എന്നാലോ എല്ലാം അറിയാം എന്നത് നന്നായി അറിയാംതാനും, ങ്ഹും.
‘ഇതെന്ത്ന്നാ, ഇവിടെ സര്‍ക്കസ് കെട്ടാന്‍ പോവുന്നത്?’ ഞാന്‍ അവളോട് ചോദിച്ചു.
അവള്‍ക്കറിയില്ല, കഴിഞ്ഞ ബുധനാഴ്ച പെട്ടെന്നുണ്ട് പോലും പണിക്കാര്‍ വരുന്നു, സാധനങ്ങളിറക്കുന്നു, തട്ടുന്നു, മുട്ടുന്നു, പൊളിക്കുന്നു.
‘അതിത്ര ഓവര്‍?’ – ഞാന്‍ ശങ്ക പങ്കുവച്ചു.
അല്ല ശരിക്കും ! ഓളോടൊന്നും പറഞ്ഞിട്ടില്ല പോലും
മാഷാഅല്ലാഹ്….! സ്വന്തം വീട്ടില്‍ പുനര്‍നിര്‍മിതി നടത്തുമ്പോള്‍ അതെന്ത്/ എങ്ങനെ/ എപ്പോള്‍ എന്നൊന്നും അവിടെത്തന്നെ ലൈവായി താമസിക്കുന്ന ജീവിതസഖിയോട് പങ്കിടാത്ത ഇവന്‍ എന്ത് എമ്പോക്കിയെടാ…. എനിക്ക് ഈര്‍ഷ്യ ഇരച്ചു. എനിക്കവനെ എങ്ങനെയെങ്കിലും ഒന്നു പരിചയപ്പെടണം; ഞാന്‍ ഉള്ളിലുറപ്പിച്ചു.
ക്രമേണ അതൊക്കെ മറന്നേ പോയിരുന്നു. തീര്‍ത്തും യാദൃശ്ചികം എന്ന് പറയാം, ഒരു മൂന്നു മാസങ്ങള്‍ക്ക് ശേഷം ഞാന്‍ ഉച്ചയൂണ് കഴിഞ്ഞ് വരുംവഴി കരിമ്പം കൃഷിഫാമില്‍ ഒന്നു കയറിയതാണ്. എനിക്ക് പ്രായപൂര്‍ത്തി പ്രാപിക്കാത്ത ഒരു പൂതി; എന്‍റെ വീട്ടുവളപ്പില്‍ ഇടത്തെ മൂലയില്‍ ഇച്ചിരി സ്ഥലമുണ്ട്. അവിടെ റൗണ്ടായി അടുത്തടുത്ത് വലിയ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച് ഒരു ആര്‍ട്ടിഫിഷ്യല്‍ കൊടുങ്കാടുണ്ടാക്കുക. പട്ടാപകലും കൂരിരുട്ട് കുത്തുന്ന അതിന്‍റെ ഉള്‍വശത്ത് പോയിരിക്കുക. അവിടെ പാമ്പും പറവയും തേളും തേനീച്ചയും ഒക്കെ വന്നോട്ടെ. ആയതിലേക്കുള്ള വൃക്ഷത്തൈകള്‍ നോക്കി കണ്ടുപിടിക്കുന്നതിനിടെ, അവനുണ്ട് പലമാതിരി പൂച്ചെടികള്‍ വാങ്ങികൂട്ടുന്നു.
അപ്പോള്‍ ആളിവന്‍ കരുതിയ മാതിരി തനി മൊശടനല്ല. ഉള്ളില്‍ പൂവുണ്ട്, തേനുണ്ട്, ശലഭമുണ്ട്, ഭ്രമരമുണ്ട്. ഇവന്‍ കൊള്ളാമല്ലോ. എന്നിട്ടെന്തേ ഇവന്‍ പുറമേക്ക് പൂക്കാത്തത്. ചിലരുടെ മനസ്സില്‍ മുളയും വള്ളിയും മാത്രമേ വളരൂ. പ്രയോജനവാദികളായ കാര്യപിരാന്തുകാരാണ് അവര്‍. അത്തരക്കാര്‍ക്ക് ദാമ്പത്യജീവിതമെന്നത് വയസ്സാവുമ്പോള്‍ വെള്ളം ചൂടാക്കിത്തരാനും കുഴമ്പിട്ടു തരാനുമുള്ള മക്കളെ ഇപ്പോഴേ ഉണ്ടാക്കിവെക്കാനുള്ള ഒരു സംഗതിയാണ്. അവര്‍ക്ക് ഉള്ളിയും ഉരുളക്കിഴങ്ങും കപ്പയും ചേനത്തണ്ടുമൊക്കെയാണ് പ്രധാനം. മുല്ലയും മല്ലിയും ജമന്തിയും സൂര്യകാന്തിയുമൊക്കെ എന്തൊലക്കക്കാ? കൂട്ടാന്‍ വച്ച് കൂട്ടാന്‍ പറ്റുമോ? ആയത് ടെസ്റ്റ് ചെയ്യാനാണ് ഞാന്‍ പെണ്ണ് കാണാന്‍ ചെന്നപ്പോള്‍ അവസാനമായി തക്കാളിയും പനിനീര്‍പൂവും ചോയ്സായി വന്നാല്‍ ഏതെടുക്കും എന്ന് ചോദിച്ചത്. പനിനീര്‍ പൂ എന്നവള്‍ ഉത്തരം പറഞ്ഞപ്പോഴാണ് ഞാന്‍ പൂത്തത്. പുറത്തിറങ്ങി കുടല് നിറയെ ചായയും കടിയും കുടിച്ചത്. തക്കാളി എന്നാണ് പറഞ്ഞിരുന്നതെങ്കില്‍ നിരത്തിവെച്ച ചായയും മുട്ടമാല, മുട്ടപ്പോള, തരിമണ്ട തുടങ്ങിയ പലഹാരങ്ങളും തിരിഞ്ഞു നോക്കാതെ തിരിഞ്ഞു നടക്കുമായിരുന്നോ ആവോ?
ഞാന്‍ ആ പൂച്ചട്ടിക്കാരനുമായി കൂട്ടുകൂടി. എനിക്കിഷ്ടപെട്ടവരെ ആജീവനാന്ത ഫ്രണ്ടാക്കി വശീകരിക്കാന്‍ പോന്ന ചില സ്വകാര്യ ഡയലോഗുകള്‍ ഉണ്ട് എന്‍റെ പക്കല്‍. ഞാന്‍ അയാളുടെ അസ്ഥിത്വത്തെ എന്‍റെ വാട്സപ്പാകുന്ന മാന്ത്രിക അക്വേറിയത്തില്‍ തള്ളി പുറത്ത് നിന്ന് പൂട്ടി. ഇപ്പോള്‍ എനിക്കയാളെ എപ്പോഴും കാണാം. നീന്തുന്നത്, തുടിക്കുന്നത്, വാലനക്കുന്നത്, ചെകിളയിളക്കുന്നത്. കുപ്പി അകത്തുള്ള വസ്തുവിനെ പോലെ. ക്രിസ്റ്റല്‍ ക്ലിയറായി.
പല ഘട്ടത്തിലുള്ള ചാറ്റുകളിലൂടെ ഞാനയാളുടെ ഹൃദയവനത്തിലേക്ക് നൂണ്ടുകയറി. പതിയെ പതിയെ അവിടെ മുളച്ച മുള്ളുകളും മുളകളും എനിക്ക് വെട്ടിയൊഴിക്കാന്‍ പറ്റി. അപ്പോള്‍ അവിടെ വെളിച്ചം പെയ്തു. കാട്ടുതേനും കാട്ടുപൂക്കളും കാണാനായി.
ഏകപക്ഷീയമായി അടക്കിവാഴലല്ല ആണത്തം/ അതല്ല ജീവിതം നാം കെട്ടിക്കൊണ്ടുവന്നവള്‍ക്കും പ്രത്യേകമായ പേഴ്സനാലിറ്റിയുണ്ട്. നമ്മളത് പരിഗണിക്കണം, നമ്മളവരെ ആദരിക്കണം. അവര്‍ക്കുമുണ്ട് ആഗ്രഹങ്ങള്‍/ അഭിലാഷങ്ങള്‍/ അഭിപ്രായങ്ങള്‍. നമ്മളത് വക വെച്ചുകൊടുത്തില്ലെങ്കില്‍ അവരുടെ മനസ്സ് നിരാശയുടെ അടുപ്പില്‍ കരിയും. കൂടെക്കിടക്കുന്നവളോടുള്ള കടപ്പാട് കടുപ്പപ്പെട്ടതാണ്. അല്ലാഹു നമ്മെ ഏല്‍പിച്ച അമാനത്താണ്. ഏറ്റവും നല്ലോന്‍ ഏറ്റവും അധികം ആണ്‍കോയ്മ കാണിക്കുന്നവന്‍ എന്ന ഒരു ഹദീസ് ഇല്ല, മറിച്ച് ഹദീസില്‍ വന്നത് ; നിങ്ങളില്‍ അത്യുത്തമന്‍ നിങ്ങളുടെ പങ്കാളിയോട് ഏറ്റവും ഉത്തമമായി പെരുമാറുന്നവനാണ്. ആലോചിച്ചു നോക്കിയേ, ആ വചനത്തിന്‍റെ ആഴം. ‘നീ നിന്‍റെ ഭാര്യയുടെ വായില്‍ വെച്ചു കൊടുക്കുന്ന ആഹാരത്തില്‍ പോലുമുണ്ട് പുണ്യം.’ നോക്കിയാട്ടേ, ആ വാക്കുകളുടെ വക്കുകളില്‍ വിരിഞ്ഞ പ്രണയാര്‍ദ്രത.
അതുകൊണ്ട് ചങ്ങാതീ! നീ നിന്‍റെ മുറ്റത്തല്ല മുല്ല നടേണ്ടത്, അവളുടെ ഹൃദയത്തിലാണ്. പൂമുഖവും മുറ്റവും ചുറ്റുമതിലും പുഷ്പിതമാക്കുകയും പ്രണയദമയന്തികള്‍ കൊക്കുരക്കേണ്ട മാനസസരോവരം ശ്മശാനമാവുകയും ചെയ്യുന്നു എന്നതാണല്ലോ നാമിന്നു കാണുന്ന കറുത്ത ഐറണി. ആയതിനാല്‍ അഖിലലോക ആണ്‍കോയ്മാ മീശപ്പോലീസുകളേ! വല്ലപ്പോഴെങ്കിലും നിങ്ങള്‍ വീട്ടിലേക്ക് കയറിച്ചെല്ലുവിന്‍, അവളുടെ ജോലി ഭാരം കൂട്ടുന്ന ഒന്നും കൈയ്യിലില്ലാതെ. പകരം അവളുടെ വായിലേക്ക് പ്രണയപാരവശ്യത്തോടെ ഇറുക്കിവെക്കാവുന്ന ചോക്ലേറ്റ് റോളുമായി. ഒരിക്കലെങ്കിലും, പ്ലീസ് ഒരു മൂന്നുമുഴം മുല്ലമാലയുമായി കയറി ചെല്ലൂ. അവളറിയാതെ. കിടപ്പറയില്‍ അവള്‍ ആ പൂഗന്ധം നുണയട്ടെ. അത് തന്‍റെ തന്നെ മുടിയിഴക്കുള്ളില്‍ നിന്നാണെന്ന് അവള്‍ തിരിച്ചറിയട്ടെ. അവളറിയാതെ നിങ്ങളാണ് അതവിടെ ചൂടിവച്ചതെന്നും അവളറിയട്ടെ. അങ്ങനെ ദാമ്പത്യത്തിന്‍റെ വള്ളിക്കുടിലുകളില്‍ മുല്ലപ്പൂമണമുള്ള രാവുകളുദിക്കട്ടെ!
ഫൈസല്‍ അഹ്സനി ഉളിയില്‍