Latest അനുസ്മരണം ചരിത്രം സ്മരണ

ഇമാം നവവി: ഒരു ജീവിതം, അനന്ത സ്വാധീനം

യൂനുസ് മണ്ണാർക്കാട്

 

ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും മഹത്തായ പണ്ഡിതന്‍മാരില്‍ ഒരാളാണ് ഇമാം നവവി (റ). ഹദീസ്, ഫിഖ്ഹ്, അഖീദ, തസവ്വുഫ് എന്നിവയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ അതുല്യമാണ്. ഹിജ്‌റ 631ാം വര്‍ഷം സിറിയയിലെ നവ എന്ന ഗ്രാമത്തിൽ ജനിച്ച അദ്ദേഹത്തിന് നവവി എന്ന പേര് ആ ഗ്രാമത്തോട് ബന്ധപ്പെടുത്തി ലഭിച്ചതാണ്.

ഇമാം നവവി ബാല്യ കാലം മുതല്‍തന്നെ അതിവിഷ്ടനായ വിദ്യാര്‍ത്ഥിയായിരുന്നു. ചെറുപ്പത്തിൽ തന്നെ അദ്ദേഹം പൂര്‍ണ്ണമായും വിജ്ഞാനാന്വേഷണത്തിലേക്ക് തിരിഞ്ഞു. കളിയിലും വിനോദത്തിലും താല്‍പര്യം കാണിക്കാതെ, ഇല്‍മിനും ഇബാദത്തിനും വേണ്ടി സമയം നീക്കി വെച്ചു. പതിനെട്ടാം വയസ്സില്‍ അദ്ദേഹം ദമസ്‌കസിലെ പ്രശസ്തമായ ഇസ്ലാമിക വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പഠനം ആരംഭിച്ചു. അവിടെ ഹദീസ്, ഫിഖ്ഹ്, അറബീ വ്യാകരണം, ഉസൂലുല്‍ ഫിഖ്ഹ് തുടങ്ങിയ വിഷയങ്ങളില്‍ പ്രഗത്ഭരായ ഉലമാക്കളില്‍ നിന്ന് അറിവ് സമ്പാദിച്ചു.

ഇമാം നവവി നിരവധി മഹാന്‍മാരായ പണ്ഡിതന്മാരുടെ ശിഷ്യനായിരുന്നു. തന്റെ അധ്യാപകരോടുള്ള ആദരവും വിനയവും അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന സവിശേഷതകളായിരുന്നു. അതേ സമയം, അസാധാരണമായ ഓര്‍മശക്തിയും സ്ഥിരമായ പരിശ്രമവും അദ്ദേഹത്തെ വളരെ വേഗത്തില്‍ തന്നെ ഒരു വലിയ ആലിമാക്കി മാറ്റി. പഠനത്തോടൊപ്പം അധ്യാപനവും ആരംഭിച്ചു. അതു മുഖേന ധാരാളം ശിഷ്യഗണങ്ങള്‍ അദ്ദേഹത്തില്‍ നിന്നുമുണ്ടായി. ശിഷ്യന്മാരോട് അദ്ദേഹം സ്‌നേഹത്തോടെയും ക്ഷമയോടെയും പെരുമാറി. പഠനം ബുദ്ധിമുട്ടായി തോന്നുന്ന വിദ്യാര്‍ത്ഥികളെ പ്രത്യേകം ശ്രദ്ധിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. അറിവ് മറച്ച് വെക്കുന്നത് വലിയ പാപമാണെന്ന് ലോകത്തോട് അദ്ദേഹം വിളിച്ചോതി.

 

ആത്മീയ ജീവിതം

ഇമാം നവവി (റ) ഒരു പണ്ഡിതനായതോടൊപ്പം ആത്മീയമായി ഉന്നതങ്ങൾ കീഴടക്കിയ  ഒരാളായിരുന്നു. ഇഖ്ലാസ് മുഖമുദ്രയാക്കിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. പഠനവും അദ്ധ്യാപനവും എഴുത്തുമെല്ലാം അള്ളാഹുവിന്റെ തൃപ്തിക്ക് വേണ്ടി മാത്രമായിരുന്നു. രാത്രി സമയങ്ങളില്‍ അധികമായി ഇബാദത്ത് നിര്‍വഹിക്കുന്നത്  അദ്ദേഹത്തിന്റെ പതിവായിരുന്നു. നിസ്‌കാരവും ഖുര്‍ആന്‍ പാരായണവും അദ്ദേഹത്തിന്റെ ദിനചര്യയിലെ പ്രധാന ഭാഗങ്ങളായിരുന്നു.

ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത് പ്രകാരം ,ഇമാം നവവി ദിവസവും പന്ത്രണ്ടിലധികം പാഠങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു. ഇത് അദ്ദേഹത്തിന്റെ അദ്ധ്വാനശീലത്തിന്റെയും സമയ നിയന്ത്രണത്തിന്റെയും ഉത്തമ ഉദാഹരണങ്ങളാണ്.

അവിടുത്തെ ദുനിയാവിനോടുള്ള സമീപനം വളരെ വ്യത്യസ്ഥമായിരുന്നു. ഭൌതിക സുഖങ്ങള്‍ അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നില്ല. നല്ല ഭക്ഷണം, വസ്ത്രം, വീട് തുടങ്ങിയ കാര്യങ്ങളില്‍ അദ്ദേഹം ലാളിത്യം പാലിച്ചു. പലപ്പോഴും ആവശ്യത്തിന് പോലും ഭക്ഷണം കഴിക്കാതെ പഠനത്തില്‍ മുഴുകിയതായി ചരിത്രത്തില്‍ കാണാം . ഭരണാധികാരികളില്‍ നിന്നും ലഭിക്കുന്ന സമ്മാനങ്ങള്‍ പോലും അദ്ദേഹം നിരസിച്ചു. ഈ ധൈര്യവും ആത്മാഭിമാനവുമാണ് അദ്ദേഹത്തെ ഒരു യഥാര്‍ത്ഥ ആലിമാക്കി മാറ്റിയത് . ഇമാം നവവി സത്യത്തിനായി ആരെയും പേടിക്കാതെ സംസാരിച്ചിരുന്നു. അക്കാലത്തെ ഭരണാധികാരിയായ സുല്‍ത്താന്‍ ബൈബര്‍സ്സിന്റെ ചില അനീതിപരമായ തീരുമാനങ്ങള്‍ക്കെതിരെ അദ്ദേഹം തുറന്നടിച്ചു. ഇതിന്റെ ഫലമായി പല ബുദ്ധിമുട്ടുകളും അദ്ദേഹത്തിന് നേരിടേണ്ടിവന്നു. എങ്കിലും സത്യം പറയുന്നതില്‍ നിന്നും ഒരിക്കലും പിന്മാറിയില്ല. ഇത് നമ്മെ പഠിപ്പിക്കുന്നത്, യഥാര്‍ത്ഥ ഉലമാക്കള്‍ സത്യത്തിന്റെ കാവല്‍ക്കാരാണെന്നതാണ്. ഇമാം നവവിയുടെ ജീവിതം യുവാക്കള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ സന്ദേശം സമയത്തിന്റെ മൂല്യമാണ്. വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം ഇല്‍മിന്റെ ഉച്ചിയിലെത്തി. 45 വയസ്സിനുള്ളില്‍ തന്നെ ലോകം ആദരിക്കുന്ന ഗ്രന്ഥങ്ങള്‍ രചിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇന്ന് പല യുവാക്കളും  സമയത്തെയും കാലത്തെയും പഴിക്കുമ്പോഴും, ഇമാം നവവി നമ്മെ ഓര്‍മിപ്പിക്കുന്നത് സമയം ഒരിക്കലും തിരികെ ലഭിക്കാത്ത അമൂല്യ നിധിയാണെന്ന സത്യമാണ്. ഇമാം നവവി വിട്ടുപോയ ശാസ്ത്രീയ പൈതൃകം അത്യന്തം വലുതാണ്.  ഇന്നും മദ്രസകളിലും ഇസ്ലാമിക സര്‍വകലാശാലകളിലും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ പ്രധാന പാഠപുസ്തകങ്ങളായി ഉപയോഗിക്കുന്നു. സാധാരണ മുസ്ലിം കുടുംബങ്ങളിൽ പോലും ‘രിയാളുസ്സ്വലീഹീന്‍’ പോലുള്ള ഗ്രന്ഥങ്ങള്‍ ഒരു ആത്മീയ മാര്‍ഗദര്‍ശമായി നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ ഇസ്ലാം ഒരു കഠിന മതമല്ല, മറിച്ച് ജീവിതത്തിന്റെ എല്ലാ മേഖലകളെയും സുന്ദരമായി നിയന്ത്രിക്കുന്ന ഒരു സമ്പൂര്‍ണ്ണ ജീവിത ക്രമമാണെന്ന് മനസ്സിലാക്കാൻ സാധിക്കും.

 

കൃതികളും സംഭാവനകളും

ഇമാം നവവിയുടെ രചനകള്‍ ലോകമെമ്പാടുമുള്ള വ്യത്യസ്ത ജന വിഭാഗങ്ങൾക്ക് മാര്‍ഗദര്‍ശനങ്ങളാണ്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്ത കൃതികളില്‍ ചിലത് ഇവയാണ്.

1. രിയാളുസ്സ്വാലീഹീന്‍: ഖുര്‍ആന്‍ വചനങ്ങളും നബി (സ) യുടെ ഹദീസുകളും ഉള്‍കൊള്ളുന്ന ഈ ഗ്രന്ഥം ആത്മശുദ്ധിക്കും നൈതിക വളര്‍ച്ചക്കും സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കിതാബാണ്.

2. അല്‍ അര്‍ബഊൻ അന്നവവിയ്യ: (നവവിയുടെ 40 ഹദീസുകള്‍) ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ വിശദീകരിക്കുന്ന ഹദീസുകളുടെ സമാഹാരം.

3. ശര്‍ഹു സ്വഹീഹ് മുസ്‌ലിം: ഹദീസ് ശാസ്ത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യാഖ്യാനങ്ങളിലൊന്നാണ് ഇത്.

4. അല്‍ മജ്മൂഅ്: ശാഫിഈ ഫിഖ്ഹിലെ അതിവിശാലവും ആധികാരികവുമായ ഗ്രന്ഥം.

ഈ കൃതികള്‍ക്ക് പുറമെ അദ്ദേഹത്തിന്റെ അറിവിന്റെ ആഴവും ജ്ഞാനവും വ്യക്തമാക്കുന്ന ഒരുപാട് ഗ്രന്ഥങ്ങൾ വേറെയുമുണ്ട്.

ഇമാം നവവിയുടെ ഗ്രന്ഥങ്ങളുടെ പ്രത്യേകത അവയുടെ ലളിതമായ ശൈലിയാണ്. അത്യന്തം ഗൗരവമുള്ള വിഷയങ്ങള്‍ പോലും സാധാരണ ആളുകള്‍ക്ക് മനസ്സിലാകുന്ന രീതിയിലാണ് അദ്ദേഹം അവതരിപ്പിച്ചത്. അത് കൊണ്ട് തന്നെ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ ജീവനുള്ളതായി  നിലനില്‍ക്കുന്നു. ഹദീസ് വിശദീകരിക്കുമ്പോള്‍ അദ്ദേഹം ഖുര്‍ആന്‍, സുന്നത്ത്, സ്വഹാബാക്കളുടെ അഭിപ്രായങ്ങള്‍, ഉലമാക്കളുടെ വ്യാഖ്യാനങ്ങള്‍ എന്നിവയെ സമന്വയിപ്പിച്ചു. ഇതു വഴി വായനക്കാര്‍ക്ക് വിഷയത്തെ സമഗ്രമായി മനസ്സിലാക്കാന്‍ സാധിക്കും.

”അറിവ് സമ്പാദിക്കുമ്പോള്‍ ഇഖ്‌ലാസ് അനിവാര്യമാണ്. ലളിതമായ ജീവിതം ആത്മാവിനെ ശുദ്ധമാക്കുന്നു . സത്യം പറയാന്‍ ധൈര്യം വേണം. സമയം ശരിയായി വിനിയോഗിക്കണം. അറിവ് മറ്റുള്ളവരിലേക്ക് പകരണം” തുടങ്ങിയ ആശയങ്ങളെല്ലാം ജീവിതത്തില്‍ കര്‍ശനമാക്കിയ ഒരു വ്യക്തിയായിരുന്നു ഇമാം നവവി (റ). ഈ ഗുണങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പകര്‍ത്തിയാല്‍ മാത്രമേ നല്ലൊരു വ്യക്തിയാകാനും നല്ലൊരു മുസ്ലിമാകാനും കഴിയൂ.

ഒരു കാലഘട്ടത്തിലേക്കുള്ള പണ്ഡിതന്‍ മാത്രമല്ല, മറിച്ച് എല്ലാ കാലത്തേക്കുമുള്ള മാര്‍ഗദര്‍ശനമാണ് ഇമാം. അറിവ്, വിനയം, ത്യാഗം, സത്യസന്ധത, ആത്മീയത എന്നിവയെല്ലാം ഒത്തിണങ്ങിയ മഹാ പണ്ഡിതനായിരുന്നു ഇമാം നവവി (റ).

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *