മനുഷ്യ ജീവിതത്തിലെ ചില നിമിഷങ്ങൾ ഒരിക്കലും മറക്കാൻ കഴിയാത്തതായിരിക്കും. ഒരു വാർത്തയോ അനുഭവമോ തീരുമാനങ്ങളോ തിരിച്ചറിവോ ചിലപ്പോൾ ഒരു നിമിഷം പോലും നമ്മുടെ ജീവിതത്തിന്റെ ദിശ മാറ്റിമറിക്കും. മുഹമ്മദ് നബി ﷺയുടെ ജീവിതത്തിലും അത്തരമൊരു നിമിഷമുണ്ടായി. മക്കയിലെ ഹിറാ ഗുഹയിൽ വെച്ച് ജിബ്രീൽ (അ) ആദ്യമായി വഹ്യുമായി വന്ന രാത്രി മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവുകളിലൊന്നായി മാറി. നബി ﷺക്ക് അന്ന് നാൽപ്പത് വയസ്സായിരുന്നു പ്രായം. മക്കയിലെ സമൂഹത്തിൽ നിലനിന്നിരുന്ന അനീതികളും വിഗ്രഹാരാധനയും തെറ്റായ ആചാരങ്ങളും അവിടുത്തെ മനസ്സിനെ വേദനിപ്പിച്ചിരുന്നു. അതുകൊണ്ട് അവിടുന്ന് ഹിറാ ഗുഹയിൽ പോയി ഏകാന്തമായി അല്ലാഹുവിനെ ആരാധിക്കുകയും ചിന്തിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഈ ഏകാന്തത സമൂഹത്തിൽ നിന്ന് അകന്നുപോകാനുള്ളതായിരുന്നില്ല. മറിച്ച്, സമൂഹത്തിലെ തെറ്റുകളെക്കുറിച്ച് ചിന്തിക്കുകയും സത്യത്തെ അന്വേഷിക്കുകയും ചെയ്യുന്ന ഒരു ആത്മപരിശോധനയായിരുന്നു. അങ്ങനെയിരിക്കെയാണ് ഒരു രാത്രി ജിബ്രീൽ (അ) തിരുനബിയെ സമീപിക്കുന്നത്. ജിബ്രീൽ (അ) പറഞ്ഞു: “ഇഖ്റഅ്” — വായിക്കുക. നബി ﷺ പറഞ്ഞു: “എനിക്ക് വായിക്കാൻ അറിയില്ല.” വീണ്ടും ജിബ്രീൽ (അ) അതേ കൽപ്പന ആവർത്തിച്ചു. പിന്നീട് അല്ലാഹുവിന്റെ ആദ്യ വചനങ്ങൾ അവതരിച്ചു: “വായിക്കുക, സൃഷ്ടിച്ച നിന്റെ രക്ഷിതാവിന്റെ നാമത്തിൽ. അവൻ മനുഷ്യനെ അലഖിൽ നിന്ന് സൃഷ്ടിച്ചു. വായിക്കുക; നിന്റെ രക്ഷിതാവ് ഏറ്റവും മഹാനായ ഉദാരനാണ്.” (ഖുർആൻ 96:1–3) ഈ ആദ്യ വഹ്യിന്റെ തുടക്കം തന്നെ വളരെ ശ്രദ്ധേയമാണ്. ഇസ്ലാമിക സന്ദേശത്തിന്റെ ആദ്യ വാക്ക് “വായിക്കുക” എന്നതായിരുന്നു. അറിവിനും ചിന്തയ്ക്കും പഠനത്തിനും ഇസ്ലാം നൽകുന്ന പ്രാധാന്യത്തിലേക്കുള്ള വലിയ സൂചന കൂടിയാണിത്. എന്നാൽ ഇവിടെ വായനയുടെ കൂടെ മറ്റൊരു കാര്യം കൂടി പറയുന്നുണ്ട് — “നിന്റെ രക്ഷിതാവിന്റെ നാമത്തിൽ.” അറിവ് നേടണം, പക്ഷേ അല്ലാഹുവിനെ മറന്നുകൊണ്ടോ അഹങ്കാരത്തിനുവേണ്ടിയോ അല്ല. അത് മനുഷ്യനെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതായിരിക്കണം.
ഇന്ന് നമ്മുടെ ജീവിതത്തിൽ പല പുതിയ ഉത്തരവാദിത്തങ്ങളും വരാറുണ്ട്. പുതിയ ജോലി, പഠനം, വിവാഹം, കുടുംബത്തിന്റെ ഉത്തരവാദിത്തം ഇവയൊക്കെ ചിലപ്പോൾ നമ്മിൽ ഭയം ഉണ്ടാക്കാം. “എനിക്ക് ഇത് ചെയ്യാൻ കഴിയുമോ?” എന്ന ചോദ്യം മനസ്സിൽ വരാം. അത്തരം സമയത്ത് ഭയം തോന്നുന്നത് പരാജയമല്ല. ഭയം ഉണ്ടാകുമ്പോഴും ശരിയായ വഴി തിരഞ്ഞെടുക്കുകയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുന്നതാണ് ധൈര്യം. നബി ﷺയുടെ ജീവിതത്തിലും നമുക്ക് ഇതുതന്നെയാണ് കാണാൻ കഴിയുന്നത്. ആദ്യ വഹ്യിന് ശേഷം വലിയൊരു ദൗത്യം നബിക്ക് മുന്നിലുണ്ടായിരുന്നു. സ്വന്തം ജീവിതം മാത്രം നോക്കി ജീവിച്ചാൽ മതിയാകുമായിരുന്നില്ല. ലോകത്തിന് അല്ലാഹുവിന്റെ സന്ദേശം എത്തിക്കേണ്ട ഉത്തരവാദിത്തമായിരുന്നു മുന്നിൽ. ആ ദൗത്യം എളുപ്പമായിരുന്നില്ല. പരിഹാസവും എതിർപ്പും പീഡനവുമമുണ്ടായി. എന്നിട്ടും നബി ﷺ പിന്നോട്ട് പോയില്ല. അല്ലാഹു പിന്നീട് അവിടുത്തോട് പറഞ്ഞു: “എഴുന്നേൽക്കുക; മുന്നറിയിപ്പ് നൽകുക.” (ഖുർആൻ 74:2) ഈ വചനത്തോടെ ദൗത്യത്തിന്റെ ഉത്തരവാദിത്തം കൂടുതൽ വ്യക്തമായി. സ്വന്തം ജീവിതം മാത്രം നന്നാക്കുക എന്നതല്ല. കഴിയുന്ന രീതിയിൽ നന്മയിലേക്ക് മറ്റുള്ളവരെയും ക്ഷണിക്കുക എന്നതും വിശ്വാസത്തിന്റെ ഭാഗമാണ്. പക്ഷെ മറ്റുള്ളവരെ തിരുത്തുന്നതിന് മുമ്പ് സ്വന്തം ജീവിതം ശരിയാക്കണം എന്നതാണ് നബി ﷺയുടെ ജീവിതത്തിൽ നിന്ന് നമുക്ക് മനസ്സിലാകുന്നത്.
ദൗത്യം വാക്കുകളിലൂടെ മാത്രം ആയിരുന്നില്ല. പ്രവാചകൻ ﷺയുടെ ജീവിതം തന്നെയായിരുന്നു ആ സന്ദേശത്തിന്റെ ഏറ്റവും വലിയ തെളിവ്. അതുകൊണ്ടാണ് ഖുർആൻ അദ്ദേഹത്തെ “ഉത്തമമായ മാതൃക”യായി അവതരിപ്പിക്കുന്നത്. (ഖുർആൻ 33:21) ആദ്യമായി വഹ്യ് അവതരിച്ച സംഭവം നമ്മെ മറ്റൊരു പ്രധാനപ്പെട്ട കാര്യവും പഠിപ്പിക്കുന്നു. വലിയ ലക്ഷ്യങ്ങൾ എല്ലായ്പ്പോഴും എളുപ്പമുള്ള വഴികളിലൂടെയല്ല വരുന്നത്. ചിലപ്പോൾ നമ്മെ ഭയപ്പെടുത്തുന്ന സാഹചര്യങ്ങളാണ് നമ്മെ വളർത്തുന്നത്. നമുക്ക് കഴിയില്ലെന്ന് തോന്നുന്ന സമയത്താണ് അല്ലാഹുവിലുള്ള ആശ്രയം കൂടുതൽ ശക്തമാകുന്നത്. ഇന്ന് നമ്മിൽ പലരും നല്ല കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ “മറ്റുള്ളവർ എന്ത് പറയും?”, “എനിക്ക് കഴിയുമോ?”, “എന്നെ വിമർശിച്ചാൽ എന്ത് ചെയ്യും?” എന്ന ചിന്തകൾ നമ്മെ പിന്നോട്ടാക്കാറുണ്ട്. നബി ﷺയുടെ ജീവിതം നമ്മോട് പറയുന്നത് ഭയം ഇല്ലാത്തവനാകുക എന്നല്ല. ഭയം ഉണ്ടായാലും അല്ലാഹുവിൽ ആശ്രയിച്ച് ശരിയായ വഴിയിൽ മുന്നോട്ട് പോകുക എന്നതാണ്.
സിനാൻ കുണ്ടുവഴി




