Uncategorized

ഹിജ്റ പകർന്ന വിശ്വാസപാഠങ്ങൾ

ജീവിതത്തിലെ ചില സന്ദർഭങ്ങളിൽ നമുക്കെല്ലാം മാറ്റിവെച്ച് പുതിയ വഴിയികൾ തേടി സഞ്ചരിക്കേണ്ടിവരും. മാറ്റങ്ങൾ നാം സ്വയം തിരഞ്ഞെടുക്കുന്നതോ സാഹചര്യങ്ങൾ നമ്മിലേക്ക് കൊണ്ടുവരുന്നതോ ആവാം. പരിചിതമായ സ്ഥലവും ആളുകളും ജീവിതരീതിയും ഉപേക്ഷിച്ച് പുതിയൊരു തുടക്കം കുറിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് പോലും അറിയാത്തതിനാൽ പലപ്പോഴും മാറ്റത്തെ നാം ഭയപ്പെടുന്നു. എന്നാൽ ചില മാറ്റങ്ങൾ നമ്മുടെ ജീവിതത്തിലെ വലിയ നന്മകളിലേക്കുള്ള വഴിയാകാം. പ്രവാചകൻ മുഹമ്മദ് യുടെ മദീനയിലേക്കുള്ള ഹിജ്റ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. മക്കയിൽ പ്രവാചകൻ  ഇസ്‌ലാമിലേക്ക് ജനങ്ങളെ ക്ഷണിച്ചപ്പോൾ വലിയ എതിർപ്പാണ് നേരിടേണ്ടിവന്നത്. അദ്ദേഹത്തെയും അനുയായികളെയും പരിഹസിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ഇസ്‌ലാമിൽ നിന്ന് പിന്തിരിപ്പിക്കാൻ പല രീതിയിലും ശ്രമിച്ചു. വർഷങ്ങളോളം ഈ പരീക്ഷണങ്ങൾ തുടർന്നു. എന്നിട്ടും പ്രവാചകൻ  തന്റെ ദൗത്യം ഉപേക്ഷിച്ചില്ല. മക്കയിലെ സാഹചര്യങ്ങൾ വളരെ പ്രയാസകരമായപ്പോൾ അല്ലാഹുവിന്റെ അനുമതിയോടെ മദീനയിലേക്ക് ഹിജ്റ ചെയ്യേണ്ടിവന്നു. ഹിജ്റ എന്നത് കേവലം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള യാത്ര മാത്രമായിരുന്നില്ല. അത് ഒരു വലിയ ദൗത്യത്തിന്റെ പുതിയ അധ്യായമായിരുന്നു. മക്കയിൽ ഇസ്‌ലാമിന്റെ സന്ദേശം ശക്തമായ എതിർപ്പുകൾക്കിടയിൽ പോലും മുന്നോട്ട് കൊണ്ടുപോയ പ്രവാചകൻ  മദീനയിൽ ഒരു പുതിയ സമൂഹത്തെ രൂപപ്പെടുത്താനുള്ള പുതിയ ഉത്തരവാദിത്തത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. അല്ലാഹു പറയുന്നു: “അല്ലാഹുവിന്റെ മാർഗത്തിൽ ഹിജ്റ ചെയ്തവർക്ക് ഭൂമിയിൽ ധാരാളം അഭയസ്ഥാനങ്ങളും വിശാലതയും അവർ കണ്ടെത്തുന്നതാണ്.” (ഖുർആൻ 4:100) ഈ ആയത്ത് നമ്മെ പഠിപ്പിക്കുന്നത്, അല്ലാഹുവിനുവേണ്ടി ഒരു കാര്യം ഉപേക്ഷിക്കുന്നവന് അല്ലാഹു പുതിയ വഴികൾ തുറന്നുകൊടുക്കുമെന്നാണ്. ഹിജ്റയുടെ യാത്ര എളുപ്പമായിരുന്നില്ല. മക്കയിൽ നിന്ന് പുറപ്പെട്ടാൽ ശത്രുക്കൾ പിന്തുടരാൻ സാധ്യതയുണ്ടായിരുന്നു. ജീവന് തന്നെ അപകടമുണ്ടായിരുന്നു. എന്നിട്ടും പ്രവാചകൻ  ഭയപ്പെട്ട് പിന്തിരിഞ്ഞില്ല. അദ്ദേഹം ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചു. അബൂബക്കർ (റ)യോടൊപ്പം പുറപ്പെട്ടു. മദീനയിലേക്കുള്ള നേരിട്ടുള്ള വഴിക്ക് പകരം സൌർ ഗുഹയിൽ അഭയം തേടി. കുറച്ച് ദിവസങ്ങൾ അവിടെ കഴിഞ്ഞ ശേഷം യാത്ര തുടർന്നു.

ഇവിടെ വളരെ പ്രധാനപ്പെട്ട ഒരു പാഠമുണ്ട്. അല്ലാഹുവിൽ ഭരമേൽപ്പിക്കുകയെന്നാൽ ഒന്നും ചെയ്യാതെ ഇരിക്കുക എന്നല്ല. അല്ലാഹുവിൽ തവക്കുൽ ചെയ്യുന്നതിനോടൊപ്പം ആവശ്യമായ പരിശ്രമവും നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം. പ്രവാചകൻ  അല്ലാഹുവിൽ പരിപൂർണ്ണമായി വിശ്വസിച്ചു. അതോടൊപ്പം യാത്രയുടെ സുരക്ഷയ്ക്കായി ആവശ്യമായ പദ്ധതികളും മുൻകരുതലുകളും സ്വീകരിച്ചു. സൌർ ഗുഹയിൽ പ്രവാചകൻ യും അബൂബക്കർ (റ)യും കഴിയുമ്പോൾ ശത്രുക്കൾ ഗുഹാ മുഖത്ത് വരെയെത്തി. അവർ തങ്ങളെ കാണുമോ എന്ന ആശങ്ക അബൂബക്കർ (റ) പ്രകടിപ്പിച്ചപ്പോൾ പ്രവാചകൻ  പറഞ്ഞു: “വിഷമിക്കേണ്ട, തീർച്ചയായും അല്ലാഹു നമ്മോടൊപ്പമുണ്ട്.” ഈ സംഭവം ഖുർആൻ തന്നെ ഓർമ്മിപ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: “നിങ്ങൾ അദ്ദേഹത്തെ സഹായിക്കാതിരുന്നാലും, സത്യനിഷേധികൾ അദ്ദേഹത്തെ പുറത്താക്കിയപ്പോൾ രണ്ടുപേരിൽ ഒരാളായി അദ്ദേഹം ഉണ്ടായിരുന്നപ്പോൾ, അവർ രണ്ടുപേരും ഗുഹയിലായിരുന്നപ്പോൾ തന്റെ കൂട്ടുകാരനോട് ‘വിഷമിക്കേണ്ട, തീർച്ചയായും അല്ലാഹു നമ്മോടൊപ്പമുണ്ട്’ എന്ന് പറഞ്ഞപ്പോൾ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്.” (ഖുർആൻ 9:40). ഈ വാക്കുകൾ വലിയൊരു വിശ്വാസപാഠമാണ്. ചുറ്റും അപകടം, മുന്നിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് പോലും അറിയാത്ത അവസ്ഥ. സഹായിക്കാൻ ആരുമില്ലെന്ന് തോന്നുന്ന സാഹചര്യം. എന്നാൽ പ്രവാചകൻ യുടെ ഹൃദയത്തിൽ ഉറച്ച വിശ്വാസമുണ്ടായിരുന്നു – അല്ലാഹു നമ്മുടെ കൂടെയുണ്ട്.

ഇന്ന് നമ്മുടെ ജീവിതത്തിലും പല തരത്തിലുള്ള ഭയങ്ങളും പ്രശ്നങ്ങളുമുണ്ട്. ജോലി നഷ്ടപ്പെടുമോ എന്ന ഭയം. സാമ്പത്തിക പ്രശ്നങ്ങളുടെ കൂമ്പാരം. ഭാവിയെക്കുറിച്ചുള്ള ആശങ്ക. കുടുംബപ്രശ്നങ്ങൾ. സമൂഹത്തിൽ നിന്നുള്ള എതിർപ്പ്. ജീവിതത്തിൽ അടുത്തതെന്ത് ചെയ്യണമെന്ന് പോലും അറിയാതെ നാം വിഷമിക്കുന്ന സമയങ്ങളിൽ ഹിജ്റ നമ്മെ ഹിജ്റ നമ്മെ ഓർമ്മിപ്പിക്കേണ്ട പാഠമുണ്ട്: സാഹചര്യം എത്ര തന്നെ മാറിയാലും അല്ലാഹുവിലുള്ള വിശ്വാസം കൈവിടരുത്. പ്രവാചകൻ  പറഞ്ഞു: “പ്രവൃത്തികൾ ഉദ്ദേശ്യങ്ങൾക്കനുസരിച്ചാണ്.” (സ്വഹീഹുൽ ബുഖാരി, 1; സ്വഹീഹ് മുസ്‌ലിം, 1907) ഹിജ്റയെക്കുറിച്ച് സംസാരിക്കുമ്പോൾ ഈ ഹദീസ് വളരെ പ്രസക്തമാണ്. ഒരു മനുഷ്യന്റെ പുറംപ്രവർത്തനം മാത്രം നോക്കിയാൽ എല്ലാവരുടെയും ഹിജ്റ ഒരുപോലെ തോന്നാം. എന്നാൽ അതിന്റെ പിന്നിലെ ഉദ്ദേശ്യമാണ് അതിന്റെ യഥാർത്ഥ മൂല്യം തീരുമാനിക്കുന്നത്. നമ്മുടെ ജീവിതത്തിലും മാറ്റങ്ങൾ വരുമ്പോൾ ഉദ്ദേശ്യം വളരെ പ്രധാനമാണ്. നല്ലൊരു ജീവിതത്തിനായാണോ നാം മാറ്റം വരുത്തുന്നത്അതോ, അല്ലാഹുവിന്റെ തൃപ്തി ലക്ഷ്യമാക്കുകയാണോ? കുടുംബത്തിന്റെ നന്മക്കായി പരിശ്രമിക്കുകയാണോ? സമൂഹത്തിന് ഉപകാരപ്പെടാൻ ശ്രമിക്കുകയാണോ? നമ്മുടെ ഉദ്ദേശ്യം ശരിയായാൽ ജീവിതത്തിലെ പല ചെറിയ കാര്യങ്ങൾക്കും വലിയ പ്രതിഫലം ലഭിക്കും. തീർച്ച…

 

 

സിനാൻ മൈത്ര

Leave a Reply

Your email address will not be published. Required fields are marked *