നബി പ്രവാചകപദം സ്മൃതി

മുഹമ്മദ് നബി ﷺ: പരീക്ഷണങ്ങളിലെ അനുപമ മാതൃക

മുത്ത് നബി ﷺ മക്കയിൽ അല്ലാഹുവിന്റെ സന്ദേശവുമായി വന്നപ്പോൾ എല്ലാവരും അത് സ്വീകരിക്കാൻ തയ്യാറായില്ല. കാലങ്ങളായി തങ്ങൾ കൊണ്ട് നടക്കുന്ന വിശ്വാസങ്ങളും ആചാരങ്ങളും ഉപേക്ഷിക്കേണ്ടിവരുമെന്ന ഭയവും തങ്ങളുടെ സ്ഥാനമാനങ്ങൾ നഷ്ടപ്പെടുമെന്ന ആശങ്കയും ചിലർക്കുണ്ടായി. അതുകൊണ്ട് അവർ പ്രവാചകൻ ﷺയെ എതിർക്കാൻ തുടങ്ങി. ചിലർ മുത്ത് നബിയെ പരിഹാസ കഥാപാത്രമാക്കി, പൊതുയിടങ്ങളിൽ വെച്ച് അപമാനിച്ചു. ചിലർ നബിയെക്കുറിച്ച് പലതരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ചു. എന്നാൽ ഇതൊന്നും പ്രവാചകൻ ﷺയെ തന്റെ ദൗത്യത്തിൽ നിന്ന് ഒട്ടും പിന്തിരിപ്പിച്ചില്ല. അല്ലാഹു ഖുർആനിൽ പറയുന്നത് നോക്കൂ: “അതിനാൽ അവർ പറയുന്നതിന്റെ പേരിൽ നിന്റെ മനസ്സ് ഇടുങ്ങിപ്പോകരുത്.” (ഖുർആൻ 15:97) ഈ ആയത്ത് മുത്ത് നബിക്ക് വലിയ ആശ്വാസം പകർന്നു. സത്യത്തിന്റെ വഴിയിൽ നിൽക്കുന്ന ഒരാൾക്ക് വിമർശനങ്ങൾ നേരിടേണ്ടി വരും. എന്നാൽ ആ വിമർശനങ്ങൾ നമ്മെ പിന്നോട്ടടിപ്പിക്കുന്നതാകരുത്. മക്കയിലെ ജീവിതത്തിൽ തിരുനബി ﷺക്ക് വലിയ പരീക്ഷണങ്ങൾ നേരിടേണ്ടിവന്നു. പ്രവാചകരെ കവിയെന്നും ജോത്സ്യനെന്നും ഭ്രാന്തനെന്നും വിളിച്ചു. ഖുർആൻ തന്നെ ഇത്തരം ആരോപണങ്ങളെ സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ മുത്ത്നബി ﷺ തന്റെ ദൗത്യം പാതിവഴിയിൽ ഉപേക്ഷിച്ചില്ല. കാരണം നബി (സ്വ) യുടെ ലക്ഷ്യം വ്യക്തമായിരുന്നു. അത് കേവലം ആളുകളുടെ പ്രശംസ നേടുക എന്നതായിരുന്നില്ല. മറിച്ച്, അല്ലാഹുവിന്റെ സന്ദേശം ജനങ്ങളിലേക്കാകെ എത്തിക്കുക എന്നതായിരുന്നു. നമ്മുടെ ലക്ഷ്യം ശരിയാണെങ്കിൽ എല്ലാവരുടെയും പ്രശംസ അതിന് ആവശ്യമില്ല. എല്ലാവരും നമ്മെ ഇഷ്ടപ്പെടണം എന്ന ആഗ്രഹം ചിലപ്പോൾ നമ്മെ തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കും. ആളുകൾ എന്ത് വിചാരിക്കും എന്ന ചിന്ത ഒരിക്കലും നമ്മെ സ്വതന്ത്രമായി ശരിയായ തീരുമാനങ്ങളിലേക്കെത്തിക്കില്ല. ഇന്നത്തെ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇത് തന്നെ. ഫോമോ ഒക്കെ ഇതിന്റെയൊരു വകഭേതമായിട്ട് വരും. യഥാർത്ഥത്തിൽ ഇന്നത്തെ തലമുറയാകെ കുത്തക മുതലാളിത്തം നിശ്ചയിച്ച അതിർവരമ്പുകൾക്കുള്ളിൽ തളക്കപ്പെട്ടിരിക്കുകയാണ്. വിരോധാഭാസമെന്ന് പറയട്ടെ, അവർ അതിനെ ‘ഫ്രീഡം’ എന്ന് വിളിക്കുകയും ചെയ്യുന്നു. സാന്ദർഭികമായി ഓർമപ്പെടുത്തിയെന്ന് മാത്രം.

തിരുനബി ﷺയെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചവരോടുപോലും അവിടുന്ന് പ്രതികാരം ചെയ്തില്ല. മറിച്ച് ക്ഷമയും ക്ഷമാശീലവും നിറഞ്ഞതായിരുന്നു തിരിച്ചുള്ള പെരുമാറ്റം. ത്വാഇഫിലെ സംഭവം അതിന് ഉത്തമ ഉദാഹരണമാണ്. മക്കയിൽ നിന്ന് ദൂരത്തുള്ള ത്വാഇഫിൽ ഇസ്‌ലാമിന്റെ സന്ദേശം എത്തിക്കാനായി പോയപ്പോൾ അവിടെ നിന്ന് നബിക്ക് പ്രതീക്ഷിച്ച സ്വീകരണമല്ല ലഭിച്ചത്. കുട്ടികളെയും ദുർബലരെയും ഉപയോഗിച്ച് തിരുശരീരത്തിലേക്ക് കല്ലെറിയിച്ചു. മുത്ത് നബിക്ക് വേദനിച്ചു. ചെരുപ്പിൽ പോലും രക്തം തളം കെട്ടി. അത്രയും വലിയ ദുരനുഭവം ഉണ്ടായിട്ടും പ്രവാചകൻ ﷺ അവരുടെ നാശത്തിനായി പ്രാർത്ഥിച്ചില്ല. മറിച്ച്, അവരിൽ നന്മ പൂക്കുന്നത് പ്രത്യാശിച്ചു.  ഉഹുദ് ദിനത്തേക്കാൾ കഠിനമായ മറ്റൊരു ദിവസം പ്രവാചകൻ ﷺക്ക് ഉണ്ടായിരുന്നോ എന്ന് ആയിശ (റ)യോട് ചോദിച്ചപ്പോൾ ത്വാഇഫിലെ അനുഭവം അദ്ദേഹം ഓർത്തതായി ഹദീസിൽ കാണാം (സ്വഹീഹുൽ ബുഖാരി). ഇതിൽ നമുക്ക് വളരെ വലിയ പാഠങ്ങളുണ്ട്. നമ്മെ ഒരാൾ വേദനിപ്പിച്ചാൽ പ്രതികാരം ചെയ്യണം എന്ന തോന്നൽ ഉണ്ടാകാം. സോഷ്യൽ മീഡിയയിൽ ഒരു മോശം കമന്റ് വന്നാൽ അതിനേക്കാൾ മോശമായ മറുപടി നൽകാൻ നമുക്ക് തോന്നാം. എന്നാൽ ഓരോ വാക്കിനും മറുപടി നൽകാൻ തുനിയരുത്. ഓരോ വിമർശനത്തോടും യുദ്ധം ചെയ്യരുത്. ചില കാര്യങ്ങൾ അവഗണിക്കുന്നതും ഒരു വലിയ ശക്തിയാണ്. അതേസമയം, ക്ഷമിക്കുക എന്നത് അനീതിയെ അംഗീകരിക്കുക എന്നല്ല. തെറ്റിനെ തെറ്റെന്ന് പറയേണ്ട സാഹചര്യങ്ങളുണ്ട്. അനീതിക്കെതിരെ ശബ്ദിക്കേണ്ട നിമിഷങ്ങളുമുണ്ട്. എന്നാൽ അതെല്ലാം ചെയ്യുമ്പോഴും നമ്മുടെ ഭാഷയും സ്വഭാവവും നിയന്ത്രിക്കണം. കോപം നമ്മെ നിയന്ത്രിക്കാതെ നാം കോപത്തെ നിയന്ത്രിക്കണം. ഇതാണ് പ്രവാചകർ  ﷺ യുടെ ജീവിതത്തിൽ നിന്ന് നമുക്ക് പഠിക്കാനുള്ളത്. ഇന്ന് നമ്മുടെ ജീവിതത്തിൽ ചെറിയ വിമർശനങ്ങളിൽ തുടങ്ങി ചിലപ്പോൾ അവ വലിയ പ്രശ്നങ്ങളായി മാറുന്നു. നമ്മുടെ ബന്ധത്തിൽ പെട്ട ഒരാൾ എന്തെങ്കിലും പറഞ്ഞാൽ നാം ദിവസങ്ങളോളം അതിനെക്കുറിച്ച് ചിന്തിക്കും. ഒരു സുഹൃത്ത് എന്തെങ്കിലും കാര്യം പറഞ്ഞാൽ അതോടെ ബന്ധം അവസാനിപ്പിക്കും. സോഷ്യൽ മീഡിയയിൽ ഒരാൾ വിമർശിച്ചാൽ ഞാൻ മറുപടി പറഞ്ഞില്ലെങ്കിൽ കുറച്ചിലാകുമോ എന്ന ഭയത്തിൽ ഉടൻ മറുപടി നൽകും. എന്നാൽ ഇവിടെയെല്ലാം നമുക്ക് സ്വന്തത്തോട് ചോദിക്കാം: “ഈ കാര്യത്തിൽ പ്രവാചകർ ﷺ എങ്ങനെ പ്രതികരിക്കുമായിരുന്നു?”ഈ ഒരു ചോദ്യം തന്നെ നമ്മുടെ പല പ്രതികരണങ്ങളെയും മാറ്റാൻ സഹായിക്കും. നമ്മെ വിമർശിക്കുന്ന എല്ലാവരും നമ്മുടെ ശത്രുക്കളല്ല. പലരും നമ്മിലെ നന്മ ആഗ്രഹിച്ചാണ് വിമർശനമുന്നയിക്കുന്നത്. അത്തരക്കാരോട് നന്ദി പറയാൻ പഠിക്കണം. അതോടൊപ്പം വെറുപ്പുകൊണ്ടും അസൂയകൊണ്ടും അപമാനിക്കാനുമായി പറയുന്ന വാക്കുകൾ നമ്മുടെ മനസ്സിനെ നിയന്ത്രിക്കാൻ അനുവദിക്കരുത്. നമുക്ക് നമ്മെ തന്നെ നിയന്ത്രിക്കാൻ പഠിക്കാം. ശരിയെന്ന് ബോധ്യമുള്ള കാര്യത്തിൽ ഉറച്ചുനിൽക്കാം. തെറ്റുണ്ടെങ്കിൽ തിരുത്താം. അനാവശ്യമായ വാക്കുകൾ അവഗണിക്കാം.

പ്രവാചകൻ ﷺയുടെ മക്കാ ജീവിതം നമ്മോട് പറയുന്ന വലിയ സന്ദേശം ഇതാണ്: വിമർശനം നമ്മെ തളർത്തരുത്; തെറ്റാണെങ്കിൽ തിരുത്തുക, ശരിയാണെങ്കിൽ ക്ഷമയോടെ മുന്നോട്ട് പോകുക.

 

സിനാൻ കുണ്ടുവഴി

Leave a Reply

Your email address will not be published. Required fields are marked *