മുഹമ്മദ് നബി ﷺയുടെ ജീവിതത്തെ പടനവിധേയമാക്കുമമ്പോൾ പലപ്പോഴും അത് തിരു നബിയുടെ പ്രവാചകത്വകാലത്തിലും മക്കാ-മദീനാ ജീവിതത്തിലും മാത്രം കേന്ദ്രീകരിക്കാറുണ്ട്. എന്നാൽ തിരുനബിയുടെ വ്യക്തിത്വത്തിന്റെ രൂപീകരണത്തെ മനസ്സിലാക്കണമെങ്കിൽ നബിയുടെ ബാല്യകാലത്തേക്ക് നാം തിരിഞ്ഞുനോക്കേണ്ടതുണ്ട്. പ്രവാചകത്വത്തിന് മുമ്പുള്ള ജീവിതത്തിലെ അനുഭവങ്ങൾ അവിടുത്തെ സ്വഭാവത്തിലും മനുഷ്യരോടുള്ള സമീപനത്തിലും പിന്നീട് പ്രകടമായ നിരവധി ഗുണങ്ങൾക്കു പശ്ചാത്തലമൊരുക്കിയതായി സീറാ സാഹിത്യം വ്യക്തമാക്കുന്നു. വളരെ ചെറുപ്പത്തിൽ തന്നെ പിതാവിനെയും പിന്നീട് മാതാവിനെയും പിതാമഹനെയും നഷ്ടപ്പെട്ട ഒരു ബാലനായിരുന്നു മുഹമ്മദ് ﷺ. എന്നാൽ ഈ അനുഭവങ്ങൾ അവിടുത്തെ ജീവിതത്തെ തകർക്കുകയല്ല; മറിച്ച്, അല്ലാഹുവിന്റെ സംരക്ഷണത്തിൽ വളർന്ന ഒരു മഹത്തായ വ്യക്തിത്വത്തിന്റെ രൂപീകരണത്തിന് അവ വഴിയൊരുക്കി.
മുത്തുനബി ﷺ ജനിക്കുന്നതിന് മുമ്പുതന്നെ പിതാവ് അബ്ദുല്ലാഹ് മരണപ്പെട്ടിരുന്നു. അതിനാൽ പിതാവിന്റെ സ്നേഹവും സംരക്ഷണവും അവിടുന്ന് അനുഭവിച്ചിട്ടില്ല. അറേബ്യൻ സമൂഹത്തിലെ പതിവനുസരിച്ച് ബാല്യത്തിന്റെ ആദ്യകാലത്ത് ഹലീമ സഅ്ദിയ്യ (റ)യുടെ സംരക്ഷണത്തിലായിരുന്നു തിരുനബി കഴിഞ്ഞത്. പിന്നീട് മാതാവ് ആമിന (റ)യുടെ അടുത്തേക്ക് തിരിച്ചെത്തി. എന്നാൽ ആറാം വയസ്സിൽ മാതാവിനോടൊപ്പം മദീനയിലേക്ക് പോയി മക്കയിലേക്ക് മടങ്ങുന്നതിനിടയിൽ അബവാഅ് എന്ന സ്ഥലത്ത് വെച്ച് ആമിന ബീവി(റ) മരണപ്പെട്ടു. അങ്ങനെ വളരെ ചെറുപ്പത്തിൽ തന്നെ മുഹമ്മദ് ﷺ അനാഥനായി. ഖുർആൻ ഈ ജീവിതാവസ്ഥയെ ഓർമ്മിപ്പിക്കുന്നുണ്ട്: “അവൻ അനാഥനായി കണ്ടെത്തുകയും പിന്നെ അഭയം നൽകുകയും ചെയ്തില്ലേ?” (ഖുർആൻ 93:6) أَلَمْ يَجِدْكَ يَتِيمًا فَآوَىٰ) . ഈ ആയത്ത് പ്രവാചകൻ ﷺയുടെ ബാല്യത്തിലെ ഒരു യാഥാർഥ്യത്തെ മാത്രമല്ല ഓർമ്മിപ്പിക്കുന്നത്; അവിടുത്തെ ജീവിതത്തിലുടനീളം അല്ലാഹുവിന്റെ പരിപാലനവും സംരക്ഷണവും ഉണ്ടായിരുന്നുവെന്ന ആത്മീയ സത്യത്തിലേക്കും ശ്രദ്ധ ക്ഷണിക്കുന്നു. മാതാവിന്റെ മരണശേഷം മുഹമ്മദ് ﷺയുടെ സംരക്ഷണം പിതാമഹനായ അബ്ദുൽമുത്തലിബാണ് ഏറ്റെടുത്തത്. അദ്ദേഹം മുത്തുനബി ﷺയെ വളരെയധികം സ്നേഹിക്കുകയും പ്രത്യേക പരിഗണന നൽകുകയും ചെയ്തിരുന്നു. എന്നാൽ അധികകാലം കഴിയുന്നതിന് മുമ്പ് അബ്ദുൽമുത്തലിബും മരണപ്പെട്ടു. തുടർന്ന് പിതൃസഹോദരനായ അബൂത്വാലിബ് തിരുനബിയുടെ സംരക്ഷണം ഏറ്റെടുത്തു. അങ്ങനെ ബാല്യത്തിന്റെ വിവിധ ഘട്ടങ്ങളിൽ തുടർച്ചയായ വേർപാടുകൾ മുഹമ്മദ് ﷺ അനുഭവിച്ചു. പിതാവിനെയും മാതാവിനെയും നഷ്ടപ്പെട്ടതും തുടർന്ന് പിതാമഹനെയും നഷ്ടപ്പെട്ടതും ഒരു സാധാരണ കുട്ടിയുടെ മാനസിക ലോകത്തെ ആഴത്തിൽ സ്വാധീനിക്കാവുന്ന അനുഭവങ്ങളായിരുന്നു ഇവയെല്ലാം.
എന്നാൽ, ഈ സംഭവങ്ങളെ കേവലം ദുഃഖപൂർണ്ണമായ ചരിത്രവിവരങ്ങളായി മാത്രം കാണരുത്. മുഹമ്മദ് ﷺയുടെ സ്വഭാവ വിശേഷതകളായ കരുണ, ദുർബലരോടുള്ള പരിഗണന, അനാഥരോടുള്ള പ്രത്യേക ശ്രദ്ധ എന്നിവയെ തിരുനബിയുടെ ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിലും കൂടി വേണം മനസ്സിലാക്കാൻ. ഒരു മനുഷ്യൻ സ്വയം അനുഭവിച്ച വേദന പലപ്പോഴും മറ്റൊരാളുടെ വേദന മനസ്സിലാക്കാനുള്ള ശേഷി വർധിപ്പിക്കാറുണ്ട്. പ്രവാചകൻ ﷺയുടെ ജീവിതത്തിൽ ഈ മാനുഷിക സവിശേഷത വളരെ ശക്തമായി പ്രകടമായിട്ടുണ്ട്. അല്ലാഹു പറയുന്നു: “അതിനാൽ അനാഥനോട് നീ കടുപ്പമായി പെരുമാറരുത്. യാചകനോട് അവിടുന്ന് താക്കീത് ചെയ്യരുത്.” (ഖുർആൻ 93:9-10). ഇവിടെ ശ്രദ്ധേയമായ കാര്യം, പ്രവാചകൻ ﷺയുടെ സ്വന്തം ബാല്യത്തിലെ അനാഥത്വത്തെ ഓർമ്മിപ്പിച്ചതിന് പിന്നാലെയാണ് അനാഥരോടും ആവശ്യക്കാരോടും എങ്ങനെ പെരുമാറണമെന്ന് അല്ലാഹു പഠിപ്പിക്കുന്നത്. സ്വന്തം ജീവിതാനുഭവം ഒരു സാമൂഹിക ഉത്തരവാദിത്തമായി മാറ്റുന്ന ഒരു വലിയ സന്ദേശം ഇതിലുണ്ട്. ഇസ്‌ലാമിൽ അനാഥരുടെ അവകാശത്തിന് നൽകിയ പ്രാധാന്യം ഖുർആനിലും പ്രവാചകൻ ﷺയുടെ ഹദീസുകളിലും വ്യക്തമാണ്. തിരുനബി പറയുന്നു: “ഞാനും അനാഥനെ സംരക്ഷിക്കുന്നവനും സ്വർഗത്തിൽ ഇങ്ങനെ ആയിരിക്കും” എന്ന് പറഞ്ഞുകൊണ്ട് ചൂണ്ടുവിരലും നടുവിരലും ചേർത്തുകാണിച്ചു. (സ്വഹീഹുൽ ബുഖാരി, 5304). അനാഥനെ സംരക്ഷിക്കുന്ന വ്യക്തിക്ക് പ്രവാചകൻ ﷺയോടുള്ള ഇത്ര അടുത്ത സ്ഥാനം വാഗ്ദാനം ചെയ്യുന്നത് ഇസ്‌ലാമിന്റെ സാമൂഹിക ധാർമികതയുടെ ഗൗരവം വ്യക്തമാക്കുന്നു. മുഹമ്മദ് ﷺയുടെ ബാല്യത്തെ പഠിക്കുമ്പോൾ മറ്റൊരു പ്രധാനപ്പെട്ട വശം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ജീവിതത്തിൽ മനുഷ്യസഹായം ആവശ്യമായ ഘട്ടങ്ങളിലൊക്കെയും അല്ലാഹു തിരുനബിക്ക് സംരക്ഷകരെ ഒരുക്കി. മാതാവിന്റെ മരണശേഷം പിതാമഹൻ അദ്ദേഹത്തെ ഏറ്റെടുത്തു. പിതാമഹന്റെ മരണശേഷം അബൂത്വാലിബ് അദ്ദേഹത്തെ സംരക്ഷിച്ചു. ഇതാണ് സൂറത്തു ദുഹായിലെ ആയത്തുകളെ കൂടുതൽ അർത്ഥവത്താക്കുന്നത്: وَوَجَدَكَ ضَالًّا فَهَدَىٰ . ഈ ആയത്തുകൾ നമ്മെ ഒരു പ്രധാനപ്പെട്ട ആത്മീയ കാഴ്ചപ്പാടിലേക്ക് നയിക്കുന്നു. മനുഷ്യജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളുടെയും അർത്ഥം നമുക്ക് ഉടൻ മനസ്സിലാകണമെന്നില്ല. ചില സംഭവങ്ങൾ അന്നത്തെ സമയത്ത് നഷ്ടങ്ങളായി മാത്രം അനുഭവപ്പെടാം. എന്നാൽ പിന്നീട് തിരിഞ്ഞുനോക്കുമ്പോൾ, ആ അനുഭവങ്ങളായിരുന്നു തന്റെ വ്യക്തിത്വത്തിന്റെ വളർച്ചയ്ക്ക് കാരണമായതായി മനസ്സിലാകാം. അതുകൊണ്ട് പരീക്ഷണങ്ങൾ വരുമ്പോൾ അവയെ നിരാശയുടെ അവസാനമായി കാണുന്നതിനു പകരം, അല്ലാഹുവിലുള്ള വിശ്വാസത്തോടെ അവയെ നേരിടുക എന്നതാണ് ഖുർആനിക അദ്ധ്യാപനം. ഒരു കുട്ടിയുടെ വളർച്ചയിൽ കുടുംബവും സമൂഹവും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മാതാപിതാക്കളെ നഷ്ടപ്പെട്ട ഒരു കുട്ടിക്ക് സാമ്പത്തിക സഹായം മാത്രം മതിയാകില്ല. അവന് സ്നേഹവും സുരക്ഷിതത്വവും വിദ്യാഭ്യാസവും മാന്യതയും സാമൂഹിക പിന്തുണയും ആവശ്യമാണ്. ഇസ്‌ലാമിക അദ്ധ്യാപനങ്ങൾ അനാഥരെ ഒരു കരുണയർഹിക്കുന്ന വസ്തുവായി മാത്രമല്ല കാണുന്നത്; അവനെ എല്ലാ അവകാശങ്ങളുമുള്ള ഒരു സാമൂഹിക വ്യക്തിയായി പരിഗണിക്കുന്നു. അതേസമയം, മുഹമ്മദ് ﷺയുടെ ബാല്യത്തിലെ പ്രതിസന്ധികളെ കേവലമായി റൊമാന്റിക് രീതിയിൽ മാത്രം അവതരിപ്പിക്കുന്നതും ശരിയല്ല. നഷ്ടം ഒരാളെ സ്വാഭാവികമായി മഹാനാക്കുമെന്ന് പറയാനാവില്ല. ഒരേ തരത്തിലുള്ള പ്രതിസന്ധി വ്യത്യസ്ത മനുഷ്യരിൽ വ്യത്യസ്ത ഫലങ്ങളും ഉണ്ടാക്കാം. എന്നാൽ പ്രവാചകൻ ﷺയുടെ ജീവിതത്തിൽ ആ അനുഭവങ്ങൾ അല്ലാഹുവിന്റെ മാർഗനിർദേശത്തോടൊപ്പം ഒരു മഹത്തായ വ്യക്തിത്വത്തിന്റെ വളർച്ചയ്ക്ക് കൂടി പശ്ചാത്തലമായിട്ടുണ്ട്. അതാണ് നാം മനസ്സിലാക്കേണ്ടത്. തിരുനബിയുടെ ബാല്യത്തിൽ നിന്ന് നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ സന്ദേശം ഇതാണ്: ജീവിതത്തിലെ ഓരോ നഷ്ടത്തിന്റെയും പിന്നിൽ നമുക്ക് ഉടൻ മനസ്സിലാകാത്ത ഒരുപാട് പാഠങ്ങൾ ഉണ്ടാവാം. മനുഷ്യരുടെ പിന്തുണ നഷ്ടപ്പെട്ടാലും അല്ലാഹുവിന്റെ കരുതൽ അവസാനിക്കുന്നില്ല. അതിനാൽ പരീക്ഷണങ്ങളിൽ നിരാശപ്പെടാതെ, അവയെ വിശ്വാസത്തോടെയും ക്ഷമയോടെയും കൂടി നേരിടുക. ആറു വയസ്സുള്ള ഒരു അനാഥ ബാലനായി ആരംഭിച്ച ആ ജീവിതം പിന്നീട് ലോകത്തിന് കാരുണ്യത്തിന്റെയും നീതിയുടെയും വിശ്വാസത്തിന്റെയും മഹത്തായ മാതൃകയായി മാറിയതങ്ങനെയാണ്.
സിനാൻ കുണ്ടുവഴി




