ജീവിതയാത്രകൾക്കിടയിൽ നാം വിവിധങ്ങളായ മാനസികാവസ്ഥകളിലൂടെ കടന്നുപോകാറുണ്ട്. കലുഷിതമായ അന്തരീക്ഷങ്ങളിൽ നിന്ന് ശാന്തമായി വസിക്കാൻ നമുക്കാവണം. എല്ലായ്പ്പോഴും ആളുകളുടെ ഇടയിൽ ആയിരിക്കുക, സംസാരിക്കുക, കേൾക്കുക, തിരക്കിലായിരിക്കുക എന്നത് മാത്രമല്ല ജീവിതം. ചില സമയങ്ങളിൽ നാം നമ്മിലേക്ക് തന്നെ തിരിഞ്ഞുനോക്കേണ്ടത് അനിവാര്യമാണ്. ഞാൻ എവിടേക്കാണ് പോകുന്നത്? എന്റെ ജീവിതത്തിന്റെ ലക്ഷ്യം എന്താണ്? ഞാൻ ചെയ്യുന്ന കാര്യങ്ങൾ ശരിയാണോ? എന്റെ ജീവിതം അല്ലാഹുവിന് ഇഷ്ടപ്പെടുന്ന രീതിയിലാണോ? ഇത്തരം ചോദ്യങ്ങൾ സ്വയം ചോദിക്കാനുള്ള സമയവും നമുക്ക് ആവശ്യമാണ്. മക്കയിലെ തിരക്കുകളിൽ നിന്നെല്ലാം വിട്ടുമാറി കുറച്ച് സമയം ഏകാന്തമായി കഴിയുന്നത് നബി ﷺക്ക് ഇഷ്ടമായിരുന്നു. അതിനായി അവിടുന്ന് ഹിറാ ഗുഹയിലേക്ക് ഇടക്കിടക്ക് പോകാറുണ്ടായിരുന്നു. മക്കയ്ക്ക് സമീപമുള്ള ജബലുന്നൂർ എന്ന മലയിൽ സ്ഥിതിചെയ്യുന്ന ചെറിയ ഗുഹയായിരുന്നു ഹിറാ. അവിടെ തിരുനബി ശാന്തമായി ദിവസങ്ങളോളം താമസിക്കുകയും അല്ലാഹുവിന്റെ സൃഷ്ടികളെക്കുറിച്ച് ചിന്തിക്കുകയും ആരാധനയിൽ മുഴുകുകയും ചെയ്തിരുന്നു. ആ സമയത്ത് അവിടുന്ന് പ്രവാചകനായിരുന്നില്ല. എന്നാൽ അല്ലാഹു വലിയൊരു ഉത്തരവാദിത്വത്തിനായി അവിടുത്തെ ഒരുക്കുകയായിരുന്നു.
ജീവിതത്തിൽ ചില സമയങ്ങൾ നാം ആത്മപരിശോധനയ്ക്കായി മാറ്റിവെക്കേണ്ടതുണ്ട്. ഏകാന്തത എന്നത് മനുഷ്യരിൽ നിന്ന് വെറുപ്പോടെ മാറിനിൽക്കുക എന്നല്ല. മറിച്ച് നമ്മുടെ ഹൃദയത്തെ ശാന്തമാക്കാനും അല്ലാഹുവുമായുള്ള ബന്ധം ദൃഢമാക്കാനും വേണ്ട സമയം കണ്ടെത്തുക എന്നത് കൂടിയാണ്. ഇന്നത്തെ ജീവിതം നോക്കിയാൽ നമുക്ക് ഇതിന്റെ പ്രാധാന്യം കൂടുതൽ മനസ്സിലാകും. മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ, റീലുകൾ, വാർത്തകൾ, സന്ദേശങ്ങൾ തുടങ്ങി നമ്മുടെ മനസ്സിനെ നിരന്തരം തിരക്കിലാക്കുന്ന കാര്യങ്ങൾ ധാരാളമാണ്. ഒരു നിമിഷം പോലും ശാന്തമായി ഇരിക്കാൻ പലർക്കും ബുദ്ധിമുട്ടാണ്. മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്നറിയാനാണ് നമ്മുടെ സമയത്തിലധികവും പാഴാക്കുന്നത്. എന്നാൽ നാം എന്താണ് ചെയ്യുന്നതെന്ന് സ്വയം ചോദിക്കാൻ സമയം കണ്ടെത്താറില്ല.
ഹിറാ ഗുഹയിലെ ഏകാന്തവാസം തിരുജീവിതത്തെ രൂപീകരിക്കുന്നതിൽ വലിയൊരു പങ്ക് തന്നെ വഹിച്ചിട്ടുണ്ട്. ഒരു രാത്രി ഹിറാ ഗുഹയിൽ വെച്ച് തിരുനബി ﷺയുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ഒരു സംഭവമുണ്ടായി. ജിബ്‌രീൽ (അ) അവിടുത്തെ സമീപിക്കുകയും “ഇഖ്‌റഅ്” (വായിക്കുക) എന്ന് കൽപിക്കുകയും ചെയ്തു. പ്രവാചകൻ ﷺ മറുപടി പറഞ്ഞു: “ഞാൻ വായിക്കാൻ അറിയുന്നവനല്ല.” വീണ്ടും ജിബ്‌രീൽ (അ) അതേ കൽപ്പന ആവർത്തിച്ചു. തുടർന്ന് അല്ലാഹുവിന്റെ വചനങ്ങൾ അവതരിക്കാൻ തുടങ്ങി. “വായിക്കുക, നിന്നെ സൃഷ്ടിച്ച രക്ഷിതാവിന്റെ നാമത്തിൽ. അവൻ മനുഷ്യനെ അലഖിൽ നിന്ന് സൃഷ്ടിച്ചു. വായിക്കുക, നിന്റെ രക്ഷിതാവ് ഏറ്റവും മഹാനായവനാണ്. പേനകൊണ്ട് പഠിപ്പിച്ചവനാണ്. മനുഷ്യന് അറിയാത്തത് അവൻ പഠിപ്പിച്ചു.” (ഖുർആൻ 96:1-5) ഇതായിരുന്നു നബി ﷺയുടെ പ്രവാചകത്വത്തിന്റെ തുടക്കം. ലോകചരിത്രത്തിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നിന്റെ തുടക്കവും അതായിരുന്നു. തിരുനബി ഹിറാ ഗുഹയിൽ നിന്ന് പുറത്തേക്ക് വന്നപ്പോൾ അദ്ദേഹത്തിന്റെ മുന്നിൽ വലിയൊരു ദൗത്യം കാത്തുനിൽക്കുകയായിരുന്നു. സ്വന്തം ജീവിതം മാത്രം നന്നാക്കുക എന്നതായിരുന്നില്ല ആ ദൗത്യം. മാലോകരെ മുഴുവൻ ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കുക എന്നതായിരുന്നുവത്. പക്ഷേ ആദ്യത്തെ വഹ്‌യ് ലഭിച്ചപ്പോൾ പ്രവാചകൻ ﷺ പേടിച്ചു. അവിടുന്ന് വീട്ടിലേക്ക് മടങ്ങി. “എന്നെ പുതപ്പിക്കൂ, എന്നെ പുതപ്പിക്കൂ ഖദീജാ” എന്ന് പറഞ്ഞു. ഖദീജ (റ) നബിയെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു. പിന്നീട് നടന്ന കാര്യങ്ങൾ വിശദീകരിച്ചപ്പോൾ ഖദീജ (റ) തിരുനബിയെ സമാശ്വസിപ്പിച്ച വാക്കുകൾ വളരെ മനോഹരമാണ്. അല്ലാഹു ഒരിക്കലും നബിയെ ഉപേക്ഷിക്കില്ലെന്നും, അവിടുന്ന് കുടുംബബന്ധം ചേർക്കുകയും സത്യസന്ധമായി സംസാരിക്കുകയും ദുർബലരെയും ദുരിതത്തിലായവരെയും സഹായിക്കുകയും അതിഥികളെ ആദരിക്കുകയും ചെയ്യുന്ന വ്യക്തിയാണെന്നും അല്ലാഹു കൂടെയുണ്ടെന്നും സമാശ്വസിപ്പിച്ചു. ഈ സംഭവം സ്വഹീഹുൽ ബുഖാരിയിൽ വിശദമായി വന്നിട്ടുണ്ട്. (സ്വഹീഹുൽ ബുഖാരി, 3) ഇവിടെ വളരെ വലിയൊരു പാഠമുണ്ട്. ഉത്തരവാദിത്തം ഏൽപിക്കപ്പെടുന്നതിന് മുമ്പ് തന്നെ തിരുനബിﷺയുടെ ജീവിതത്തിൽ നല്ല സ്വഭാവം ഉണ്ടായിരുന്നു. പ്രവാചകത്വം ലഭിച്ചതിനു ശേഷം മാത്രമല്ല അവിടുന്ന് സത്യസന്ധനായത്. അതിന് മുമ്പുതന്നെ ശത്രുസമൂഹമടക്കം നബിയെ പൂർണമായും വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് ഹിറാ ഗുഹയിലെ സംഭവം നമ്മെ പഠിപ്പിക്കുന്നത് അറിവും ദൗത്യവും മാത്രമല്ല; സൽസ്വഭാവത്തോട് കൂടിയുള്ള ജീവിതമാണ് വലിയ ഉത്തരവാദിത്തങ്ങൾക്ക് അടിസ്ഥാനം എന്നതും കൂടിയാണ്. ഇന്ന് നമ്മളും പല ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നവരാണ്. മാതാപിതാക്കളാകാം, അധ്യാപകരാകാം, സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാകാം, സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാകാം. എന്നാൽ വലിയ ഉത്തരവാദിത്തങ്ങൾ ലഭിക്കുന്നതിന് മുമ്പ് തന്നെ നമ്മുടെ സ്വഭാവം ശരിയാക്കേണ്ടതുണ്ട്. സത്യസന്ധതയും വിശ്വാസ്യതയും കരുണയും ക്ഷമയും നമ്മുടെ ജീവിതത്തിന്റെ ഭാഗമാകണം.
സിനാൻ കുണ്ടുവഴി




