മുഹമ്മദ് ബിന്‍ കാസിം സിന്ധും മുല്‍ത്താനും പിടിച്ചെടുക്കുന്നത് റോഹ്രി യുദ്ധത്തിലാണ്. ആ മേഖലയിലെ അവസാന ബ്രാഹ്മണ രാജാവായിരുന്ന രാജ ദഹിറുമായി നടന്ന യുദ്ധത്തിന് ഉമ്മയ്യദ് ഭരണകൂടത്തിന്‍റെ വ്യാപാര-രാഷ്ട്രീയ സമവാക്യങ്ങളാണ് പ്രേരിപ്പിച്ചത്. വിഖ്യാതമായ ജമല്‍ യുദ്ധം മുതല്‍ക്കേ സിന്ധും സിന്ധില്‍ നിന്നുള്ള മുസ്ലിംകളും അറബ് ലോകത്ത് ശ്രദ്ധേയമായിരുന്നു. കിഴക്കനേഷ്യയിലേക്കുള്ള വ്യാപാര ഭൂപടത്തിലും സിന്ധ് നിര്‍ണ്ണായക കേന്ദ്രമായിരുന്നു. എ ഡി 712ലെ റോഹ്രി യുദ്ധം ഇന്ത്യയിലേക്കുള്ള അറബ് വംശജരുടെ ആദ്യ രാഷ്ട്രീയ നീക്കമായി കണക്കാക്കപ്പെടുന്നു. മുഹമ്മദ് ബിന്‍ കാസിമിന്‍റെ പടയോട്ടം വിജയിപ്പിക്കുന്നതില്‍ സിന്ധിലെ പ്രബല ജാട്ട് വംശജരായ ഥാക്കൂറുകളുടെ പിന്തുണയും ഉണ്ടായിരുന്നു. കൂടാതെ ബുദ്ധമത വിശ്വാസികള്‍ ഭൂരിപക്ഷമുള്ള ഒരു പ്രദേശം കൂടിയായിരുന്നു ബ്രാഹ്മണ മത വിശ്വാസിയായ ദഹിര്‍ ഭരിക്കുന്ന സിന്ധ് പ്രവിശ്യ. ബുദ്ധമതക്കാരോടുള്ള ബ്രാഹ്മണരുടെ നിലപാട് മെഡ് വിഭാഗങ്ങള്‍ അടക്കമുള്ളവരെ രാജാവിനെതിരെ തിരിച്ചിരുന്നു. ഇവരുടെ സഹായവും ഉമ്മയ്യദ് കമാന്‍ഡറായ മുഹമ്മദ് ബിന്‍ കാസിമിന് ലഭിച്ചു.
ഹിന്ദു മത സാമ്രാജ്യത്തിനെതിരായ മുസ്ലിം സാമ്രാജ്യത്തിന്‍റെ യുദ്ധം എന്നൊരു വശം റോഹ്രി യുദ്ധത്തിനില്ലായിരുന്നു. എങ്കിലും സിന്ധ് കീഴടക്കിയതോടെ അതിനിപ്പുറത്തുള്ള ഭൂപ്രദേശങ്ങള്‍ കൂടി അറബ് സാമ്രാജ്യങ്ങളുടെ ശ്രദ്ധയില്‍ വന്നു. പക്ഷെ, പ്രതിഹാര രാജവംശത്തിലെ നാഗഭട്ടനും ചാലൂക്യ സാമ്രാജ്യത്തിലെ വിക്രമാദിത്യന്‍ രണ്ടാമനും പല കാലങ്ങളിലായി നടന്ന പ്രമാദമായ അറബ് മുന്നേറ്റങ്ങള്‍ക്ക് തടയിട്ടു. പിന്നീട് നൂറ്റാണ്ടുകളോളം മുസ്ലിംകളായ അറബ് കമാണ്ടര്‍മാര്‍ ആ വഴിക്ക് വന്നില്ല. പിന്നീട് സിന്ധും പഞ്ചാബും കീഴടക്കി ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്ത മുഹമ്മദ് ഘോറിയാണ് ഇന്ത്യയിലേക്ക് മുസ്ലിംകളുടെ രാഷ്ട്രീയ ഭരണാധികാരത്തിന് വഴിവെട്ടിയത് എന്ന് പറയാം. ആദ്യത്തെ ശ്രമം പ്രത്വിരാജ് ചൗഹാന്‍ പരാജയപ്പെടുത്തിയിരുന്നു. ഒന്നാം തറൈന്‍ യുദ്ധം എന്നാണ് ഇതറിയപ്പെടുന്നത്. 1191ലെ ഈ പരാജയത്തിന് തൊട്ടടുത്ത വര്‍ഷം തന്നെ ഘോറി പകരം വീട്ടി. പ്രത്വിരാജ് വീണതോടെ സരസ്വതി, സമാന, ഹാന്‍സി തുടങ്ങിയ രാജവംശങ്ങള്‍ എളുപ്പത്തില്‍ കീഴടങ്ങി. കന്നൗജിലെ രാജാ ജൈചന്ദിനെ തോല്‍പ്പിച്ച് ഡല്‍ഹിയുടെ നിയന്ത്രണവും അനായാസം കൈക്കലാക്കാന്‍ ഘോറികള്‍ക്ക് കഴിഞ്ഞു.
മുഹമ്മദ് ഘോറി മടങ്ങിപ്പോയെങ്കിലും ഇവിടുത്തെ സമ്പന്നമായ സാഹചര്യങ്ങള്‍ അദ്ദേഹത്തിന്‍റെ കമാന്‍ഡര്‍മാരെ ഇവിടെ തന്നെ പിടിച്ചു നിര്‍ത്തി. അദ്ദേഹത്തിന്‍റെ കമാന്‍ഡര്‍മാര്‍ സ്ഥാപിച്ച ഭരണമാണ് ഡല്‍ഹി സല്‍ത്തനത്തിലെ ആദ്യത്തെ മംലൂക് രാജവംശം. പിന്നീട് ലോദി വരെയുള്ള അഞ്ച് ഘട്ടങ്ങളും അതിന് ശേഷം വന്ന മുഗളന്മാരും ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണ്ണായകമായ ശക്തികളും അടയാളങ്ങളുമായി. നാന്നൂറില്‍ താഴെ വരുന്ന ഭരണകാലത്തിനിടക്ക് ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഏറെ പ്രദേശങ്ങളും മുഗളന്മാര്‍ക്ക് കീഴില്‍ വന്നു. ഡല്‍ഹി സല്‍ത്തനത്തിന് ശേഷമുള്ള ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തെ ഹിന്ദു ഭൂരിപക്ഷത്തിനെതിരെയുള്ള മുസ്ലിം ന്യൂനപക്ഷത്തിന്‍റെ ഭരണമെന്ന് വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് തല്‍പര കക്ഷികളില്‍ നിന്ന് പലപ്പോഴായി ഉണ്ടാകുന്നത്. എന്നാല്‍ ഡല്‍ഹി സല്‍ത്തനത്തിന് മുമ്പ് ഭൂരിപക്ഷം വരുന്ന ബുദ്ധ-ജൈന-അവര്‍ണ്ണ വിഭാഗങ്ങളെ ഭരിച്ചിരുന്നത് ബ്രാഹ്മണ-ക്ഷത്രിയ രാജവംശങ്ങളായിരുന്നു. അതായത് വര്‍ണ്ണാശ്രമ വ്യവസ്ഥയനുസരിച്ചുള്ള സാമൂഹികത പെട്ടെന്ന് ഏകീകരിക്കപ്പെട്ട ഹിന്ദു വൈകാരികതയായി അടിമേല്‍ മറിക്കുന്നത് ചരിത്രത്തോടുള്ള നൈതിക സമീപനമല്ല.
ഡല്‍ഹി സല്‍ത്തനത്ത് മുതലുള്ള ഉത്തരേന്ത്യയിലെ മുസ്ലിം ഭരണകൂടങ്ങള്‍ അവരുടെ മതം അനുശാസിക്കുന്നതും, പലപ്പോഴും പ്രാദേശികമോ വ്യക്തിപരമോ ആയ പ്രചോദനങ്ങളാല്‍ ഉരുത്തിരിഞ്ഞതുമായ മാര്‍ഗ്ഗങ്ങളിലൂടെയാണ് ഭരണം നടത്തിയത്. വിവിധ മതങ്ങളിലും ജാതികളിലും പെട്ട അനവധി ആളുകള്‍ ഈ ഭരണകൂടങ്ങളിലെല്ലാം ശക്തമായ സ്ഥാനങ്ങള്‍ അലങ്കരിച്ചും പോന്നു. ഉത്തരേന്ത്യയിലെ മുഗള്‍ സ്വാധീനം തെക്കേയറ്റത്തേക്ക് എത്തിയില്ല. ഇവിടെ പലകാലങ്ങളിലായി ഉണ്ടായിരുന്നത് ആദില്‍ഷായും മൈസൂരിലെ ഹൈദരാലിയും ടിപ്പുവും ഒക്കെയായിരുന്നു. ബിജാപൂരിലെ ആദില്‍ഷാഹി ഭരണകൂടം മുഗള്‍-മറാത്താ ആക്രമണങ്ങളില്‍ ചിതറിപ്പോവുകയും മൈസൂരിലെ സുല്‍ത്താന്മാരെ ബ്രിട്ടീഷുകാര്‍ ചതിച്ചു തോല്‍പ്പിക്കുകയും ചെയ്തു.
1757 ലെ പ്ലാസി യുദ്ധത്തോടെ ഇന്ത്യയിലെ മുസ്ലിം യുഗം അവസാനിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ബക്സാര്‍ യുദ്ധത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ സാമ്രാജ്യമായ മുഗള്‍ സാമ്രാജ്യത്തിന്‍റെ ബലഹീനത വെളിവാക്കപ്പെട്ടു. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തോടെ മുഗള്‍ രാജവംശം ഇന്ത്യയില്‍ അവസാനിച്ചു. ഇന്ത്യയില്‍ കച്ചവടത്തിനെന്നോണം വരികയും പിന്നീട് കോളനിവത്കരിക്കാന്‍ ശ്രമിക്കുകയും ചെയ്ത വൈദേശിക ശക്തികളില്‍ കരുത്തരായ ബ്രിട്ടീഷുകാര്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ഭരണകൂടം സ്ഥാപിച്ചു. പിന്നീട് ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങള്‍ ഏകദേശം ഒരു നൂറ്റാണ്ട് നീണ്ടു.
പോര്‍ച്ചുഗീസുകാര്‍ക്കെതിരെ മലബാറില്‍ കുഞ്ഞാലിമരക്കാര്‍ വലിയ ചെറുത്തുനില്‍പ്പ് നടത്തി. സൈനുദ്ധീന്‍ മഖ്ദൂം അടക്കമുള്ള മുസ്ലിം പണ്ഡിതന്മാരും വൈദേശിക സാമ്രാജ്യത്വത്തെ എതിര്‍ത്തു. ഇന്ത്യയെ കോളനിയാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജീവന്‍ കൊടുത്തും പൊരുതാന്‍ മുസ്ലിംകളും മുന്നിലുണ്ടായിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ആധുനിക ഇന്ത്യ രൂപപ്പെടുത്തുന്നതിലും ഒരു മേല്‍വിലാസം ഉറപ്പിക്കുന്നതിലും നിര്‍ണ്ണായക പങ്കുവഹിച്ച സാമ്രാജ്യത്ത്വ വിരുദ്ധ സമരങ്ങള്‍ക്കും മുസ്ലിംകളുടെ പങ്കും നേതൃത്വവും അനുപമമായിരുന്നു.
വര്‍ത്തമാന ഇന്ത്യയിലെ മുസ്ലിംകളുടെ രാഷ്ട്രീയ ഭാഗധേയത്വത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് മുന്നേ ഭൂതകാലത്തിന്‍റെ ഏടുകളില്‍ നിന്ന് ഇത്രയെങ്കിലും വായിക്കാതെ തരമില്ല. മാത്രവുമല്ല, ദേശീയ സമരകാലത്തെ മുസ്ലിം പ്രാതിനിധ്യവും ത്യാഗവും ആവര്‍ത്തിച്ചുകൊണ്ടല്ലാതെ ഒരു നയമോ നിലപാടോ രൂപപ്പെടുത്തുന്നതും പക്വമാകില്ല. അതിന് കാരണമുണ്ട്. നിലവില്‍ ഇന്ത്യയെന്ന രാഷ്ട്രീയ സ്വത്വത്തിന്‍റെ നിയന്ത്രണമുള്ള വലതുപക്ഷ രാഷ്ട്രീയത്തിന് മുസ്ലിംകളുടെ ദൃശ്യത ദഹിക്കില്ല. അവരുടെ സ്ഥാനം പൊതുവൃത്തത്തില്‍ വരുന്നതും അവരെ കാണുന്നതും കേള്‍ക്കുന്നതും ഈ തീവ്ര വലതുപക്ഷത്തിന് ഇഷ്ടമുള്ള കാര്യമല്ല. സംഘപരിവാര്‍ എന്ന് എളുപ്പത്തിന് തടംകെട്ടി തിരിച്ചറിയാന്‍ കഴിയുന്ന രാഷ്ട്രീയ-സാമൂഹിക സംഘടനകള്‍ക്ക് മുസ്ലിംകളുടെ പ്രതിനിധാനം എത്രയും ശക്തിയില്‍, എന്നാല്‍ കഴിയുന്നിടത്തോളം സാവധാനത്തില്‍ മായ്ച്ചു കളയേണ്ട അനിവാര്യതയാണ്. പൗരത്വ നിഷേധത്തിനൊരുങ്ങുന്നത് തുടങ്ങി ഇസ്ലാംപേടിയുടെ പലരൂപത്തിലുള്ള പ്രചാരണങ്ങള്‍ അടക്കം ഇതര ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വരെ അപരവത്കരണത്തിന് വിത്തുപാകുന്നതും അടക്കം എല്ലാം അങ്ങനെയുള്ള ഹിംസാത്മക നിഷേധത്തിന്‍റെയും അവഗണനയുടെയും പദ്ധതിപ്രകാരമാണ്. കൂടുതല്‍ ക്രൂരവും ഭീതിതവും ആസൂത്രിതവുമായ തരത്തില്‍ മുസ്ലിംകളെ അദൃശ്യരാക്കാനും ആക്രമിക്കാനും ഉന്മൂലനം ചെയ്യാനും ശ്രമങ്ങള്‍ നടക്കുമ്പോള്‍ തന്നെ പരമാവധി കാലം മുസ്ലിംകളെ ഭീകരസ്വത്വങ്ങളാക്കി നിര്‍ത്തി തെരെഞ്ഞെടുപ്പ് അടക്കമുള്ള പരിമിതികളെ മറികടക്കുക എന്നതും അവരുടെ ആവശ്യമാണ്. അതിന് വേണ്ടി അവര്‍ നല്ല മുസ്ലിം ചീത്ത മുസ്ലിം ദ്വന്ദങ്ങളും, ‘ദേശീയ മുസ്ലിം’ ബിംബങ്ങളും അംഗീകാരങ്ങളും ആഘോഷങ്ങളും നിര്‍മ്മിക്കുകയും സംഘടിപ്പിക്കുകയും ചെയ്യും.
ഇത്തരം വെല്ലുവിളികളെ മറികടന്നുവേണം ഓരോ ദിവസവുമെന്നോണം മുസ്ലിംകള്‍ക്ക് ഇന്ത്യയില്‍ ജീവനം സാധ്യമാക്കാന്‍. ദക്ഷിണേന്ത്യയില്‍ നിന്ന് വ്യത്യസ്തമായി ഉത്തരേന്ത്യയിലെ മുസ്ലിംകള്‍ക്കിടയിലാണ് കൂടുതല്‍ ദയനീയമായ ജീവിത പരിസരമുള്ളത്. കടുത്ത അരക്ഷിതത്വവും അവകാശ ധ്വംസനങ്ങളും നിറഞ്ഞതാണ് ഉത്തരേന്ത്യയിലെ മഹാഭൂരിപക്ഷം മുസ്ലിംകളുടെയും ജീവിതം. ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ പാക്കിസ്ഥാനിലേക്ക് പലായനം ചെയ്തവര്‍ ഇട്ടിട്ടുപോയ സ്വത്തുക്കളോ, വഖഫ് സ്വത്തുക്കളോ ഒന്നും തന്നെ ഇന്നും മുസ്ലിംകള്‍ക്ക് ഉപകാരപ്പെട്ടിട്ടില്ല. പാകിസ്താനിലേക്ക് പോയ വ്യക്തികളുടെ സമ്പാദ്യം അവിടെ നിന്ന് ഇന്ത്യയിലേക്ക് വരുന്ന ഹിന്ദുക്കള്‍ക്ക് വീതിച്ചു നല്‍കണമെന്നും എന്നാല്‍ അങ്ങനെയല്ല, അതിവിടുത്തെ നിര്‍ധനരായ മുസ്ലിംകള്‍ക്കാണ് കൂടുതല്‍ ആവശ്യമെന്നും അന്നത്തെ സര്‍ക്കാരില്‍ അഭിപ്രായവ്യത്യാസമുണ്ടായി. ഇങ്ങോട്ട് വരുന്ന ജനങ്ങളെ പുനരധിവസിപ്പിക്കുക എന്ന വെല്ലുവിളി ഒരു പരിധി വരെ മറികടക്കാന്‍ സര്‍ക്കാരിന് ഇവിടെ ഉപേക്ഷിക്കപ്പെട്ട സമ്പാദ്യങ്ങള്‍ ഉപകരിക്കുമെന്ന് സര്‍ദാര്‍ പട്ടേലിന്‍റെ നേതൃത്വത്തില്‍ ചിലര്‍ വാദിച്ചപ്പോള്‍ ഇനി ഈ രാജ്യത്ത് മുസ്ലിംകള്‍ ന്യൂനപക്ഷമാണെന്നത് കൂടുതല്‍ പ്രകടമാകുമെന്നും അവരില്‍ സമ്പത്തുള്ളവരുടെ അതിജീവനം മാത്രമല്ല നമ്മളുറപ്പുവരുത്തേണ്ടതെന്നും മൗലാനാ ആസാദിന്‍റെ നേതൃത്വത്തില്‍ മറ്റുചിലരും വാദിച്ചു. അങ്ങനെ വ്യക്തികളുടെ സമ്പാദ്യങ്ങള്‍ കൃത്യമായി ക്രോഡീകരിക്കാനോ അത് ഉപയോഗപ്പെടുത്താനോ സര്‍ക്കാരിന് കഴിഞ്ഞില്ല. അതേസമയം, വഖഫ് സ്വത്തുക്കളുടെ വിഷയത്തില്‍ യാതൊരു ആശയക്കുഴപ്പങ്ങള്‍ക്കും അവസരമില്ലാതിരുന്നിട്ടുപോലും മുസ്ലിംകളുടെയും അവരുടെ നേതാക്കളുടെയും അജ്ഞതയും അലസതയും കാരണം അനവധി വഖഫ് സ്വത്തുക്കള്‍ ഉപകാരമില്ലാതെ നശിച്ചും, കൈയ്യേറപ്പെട്ടും മുസ്ലിംകള്‍ക്ക് നഷ്ടമായി.
മൗലാനാ ആസാദിനും, ഡോ സാകിര്‍ ഹുസൈനും, മുഖ്താര്‍ അഹമ്മദ് അന്‍സാരിക്കും ശേഷം ധിഷണാശാലികളായ എത്രപേര്‍ മുസ്ലിംകളുടെ രാഷ്ട്രീയ നേതൃത്വത്തില്‍ ഉണ്ടായിരുന്നു എന്നത് സ്വതന്ത്ര ഭാരതത്തിലെ മുസ്ലിംകളുടെ വളര്‍ച്ചയും തളര്‍ച്ചയും കൃത്യമായി അടയാളപ്പെടുത്തും. രാഷ്ട്രീയമായ സ്വാധീനം ഇല്ലാതെപോയിടത്ത്, സമുദായത്തിന് വേണ്ടി വിലപേശാന്‍ ത്രാണിയുള്ള ഒരു നേതാവ് സാമൂഹിക-സാംസ്കാരിക രംഗത്തും ഉണ്ടായില്ല. ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ ഏറ്റവും വലിയ പങ്കുവഹിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ആദ്യകാലം മുതല്‍ക്കേയുള്ള നേതാക്കന്മാരില്‍ തലയെടുപ്പുള്ള മുസ്ലിംകള്‍ ഏറെയുണ്ടായിരുന്നു. ബദറുദ്ധീന്‍ തയ്യിബ്ജി, സൈഫുദ്ധീന്‍ കിച്ലു എന്നിങ്ങനെ തുടങ്ങി മൗലാനാ ആസാദ്, മുഹമ്മദലി ജൗഹര്‍, ഷൗക്കത്തലി ജൗഹര്‍, മുഹമ്മദലി ജിന്ന, എം എ അന്‍സാരി, സാകിര്‍ ഹുസ്സൈന്‍ എന്നിങ്ങനെ ബുദ്ധിജീവികളും സംഘാടകരും മികച്ച വാഗ്മികളും നിയമജ്ഞരും ആയ മുസ്ലിംകളുടെ നീണ്ട നേതൃനിര ഇന്ത്യയിലെ ദേശീയ സമരത്തിന് നേതൃത്വം നല്‍കിയവരുടെ കൂട്ടത്തില്‍ കാണാം.
ഹിന്ദു-മുസ്ലിം ഐക്യത്തിന് വേണ്ടി നിലകൊള്ളാനുള്ള കോണ്‍ഗ്രസ് നയം കോട്ടമില്ലാതെ പാര്‍ട്ടിയിലെ മുസ്ലിം നേതാക്കന്മാര്‍ സംരക്ഷിച്ചുപോന്നു. എന്നാല്‍ കോണ്‍ഗ്രസിനകത്തെ തീവ്രദേശീയ വാദികളുടെ മതാത്മക ദേശീയതയോട് വിയോജിച്ചുകൊണ്ട് ജിന്ന പാര്‍ട്ടി വിടുന്ന സാഹചര്യവുമുണ്ടായി. ജിന്നയെ പോലെ ഒരു നേതാവിനെ കോണ്‍ഗ്രസിന് നഷ്ടമായത് ഏറ്റവും ബാധിച്ചത് ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്‍റെ വിധിയെയാണ്. മുസ്ലിം ലീഗ് കോണ്‍ഗ്രസിനോട് ഏറ്റുമുട്ടുന്നത് പിന്നീട് പതിവായി. കോണ്‍ഗ്രസ് ഹിന്ദു മഹാസഭയെ എന്നപോലെ മുസ്ലിം ലീഗിനെയും എതിര്‍ത്തു. മലബാറില്‍ വരെ കോണ്‍ഗ്രസും മുസ്ലിം ലീഗും വലിയ എതിരാളികളായി. 1937ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ മദ്രാസ് പ്രവിശ്യ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെതിരെ ലീഗിന്‍റെ സത്താര്‍ സേട്ടു സാഹിബ് മത്സരിച്ച് ജയിച്ചു. സത്താര്‍ സേട്ട് പിന്നീട് പാക്കിസ്ഥാനിലേക്ക് പോയി. കോണ്‍ഗ്രസ് മൃഗീയ ഭൂരിപക്ഷം നേടിയ തെരഞ്ഞെടുപ്പ് ലീഗിനെ കൂടുതല്‍ പ്രകോപിപ്പിച്ചു. ആള്‍ ഇന്ത്യ മുസ്ലിം ലീഗ് കോണ്‍ഗ്രസിന് ബദലാകുന്നത് പോയിട്ട് ഇന്ത്യയിലെ ഇതര പ്രാദേശിക മുസ്ലിം പാര്‍ട്ടികളായ അസം വാലി മുസ്ലിം പാര്‍ട്ടി, മുസ്ലിം സ്വതന്ത്ര പാര്‍ട്ടി, അഹ്രാരെ മുസ്ലിം തുടങ്ങിയ പാര്‍ട്ടികളോടൊന്നും സമവായത്തിലെത്താന്‍ കഴിഞ്ഞില്ല. മാത്രവുമല്ല, ഗാന്ധി-നെഹ്റു-ആസാദ് ത്രയങ്ങള്‍ നല്ലൊരു വിഭാഗം മുസ്ലിംകള്‍ക്കിടയിലും വലിയ സ്വാധീനമായി നിലകൊണ്ടു.
അപകര്‍ഷതയില്ലാത്ത മുസ്ലിം നേതാക്കളുടെ അഭാവമാണ് സമുദായത്തിന്‍റെ ഇന്നത്തെ വലിയ പ്രശ്നങ്ങളിലൊന്ന്. സമുദായത്തിന്‍റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ വേണ്ടത് യഥാര്‍ത്ഥ ബോധത്തോടെയുള്ള ഇറങ്ങിത്തിരിക്കലുകളാണ്. വിദ്യാഭ്യാസപരവും, സാമ്പത്തികപരമായും സമുദായത്തിന് ധൈര്യം നല്‍കാനുള്ള ആര്‍ജ്ജവം മുസ്ലിം നേതാക്കള്‍ക്ക് വേണം. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ വോട്ട് ബാങ്ക് മാത്രമായി അവശേഷിക്കുക എന്ന ദൗര്‍ഭാഗ്യകരമായ സ്ഥിതി തുടരുക എന്നത് മുസ്ലിംകള്‍ക്ക് ഒരു തരത്തിലും ഗുണകരമാകാന്‍ പോകുന്നില്ല. കോണ്‍ഗ്രസിന്‍റെ വോട്ട് ബാങ്ക് മാറി, ലീഗിന്‍റേയോ, മജ്ലിസിന്‍റെയോ വോട്ട് ബാങ്കാകുന്നു എന്ന വിധിയില്‍ സമുദായത്തിന് ആത്യന്തികമായി എന്ത് ലഭിക്കുന്നു എന്നതാണ് വിഷയം. കേരളത്തിലെ മുസ്ലിംകള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ വോട്ട് ബാങ്ക് എന്നതിനേക്കാള്‍ സ്വതന്ത്രമായ ഒരു വളര്‍ച്ചയും നിലനില്‍പ്പും ഉണ്ടാക്കിയിട്ടുണ്ട്. അതിന് കേരളം മുസ്ലിംകള്‍ക്കിടയിലെ ഭൂരിപക്ഷ വിഭാഗമായ സുന്നികള്‍ കാലങ്ങളായ അധ്വാനത്തിലൂടെയും ഉത്സാഹത്തിലൂടെയും സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെയും നേടിയെടുത്ത ത്രാണിയാണ് കൂടുതല്‍ സഹായകമായത്. എന്നിട്ടുപോലും പിന്നാക്കക്കാരില്‍ പിന്നാക്കം എന്ന നിലയില്‍ മാറ്റമുണ്ടായിട്ടില്ല. അതെന്തുകൊണ്ടാണെന്ന് മത സംഘടനകളും മതത്തിന്‍റെ വിലാസമുള്ള രാഷ്ട്രീയ സംഘടനകളും ഇരുത്തി ചിന്തിക്കേണ്ടതാണ്.
സംഘപരിവാര്‍ രാഷ്ട്രീയത്തിലും സാംസ്കാരിക മണ്ഡലത്തിലും നേടിയെടുത്ത സ്വാധീനം ഇന്ത്യയുടെ നിത്യ രാഷ്ട്രീയ വ്യവഹാരത്തെ ഹൈജാക്ക് ചെയ്തതുമുതല്‍ മുസ്ലിംകളുടെ സ്ഥിതി കൂടുതല്‍ പരുങ്ങലിലാണ്. ശരീഅത്ത് വിവാദം മുതല്‍ ബാബരി ധ്വംസനം അടക്കം പൗരത്വ ഭേദഗതി നിയമം വരെ മുസ്ലിം സമുദായത്തിന്‍റെ ഇന്ത്യയിലെ അധിക ഭാരങ്ങളാണ്. വിഭജനകാലം മുതല്‍ക്കേ തുടരുന്ന ചെറുതും വലുതുമായ വര്‍ഗ്ഗീയ കലാപങ്ങളും ഇപ്പോള്‍ നിത്യവാര്‍ത്തയായ ആള്‍ക്കൂട്ട ആക്രമണങ്ങളും ഇന്ത്യയില്‍ മുസ്ലിമിന്‍റെ ജീവിതം നരകതുല്യമാക്കുന്നു. വിഭജന വേളയില്‍ മതനിരപേക്ഷ ഇന്ത്യയില്‍ തന്നെ തുടരാന്‍ തീരുമാനിച്ച ഇന്ത്യയിലെ മുസ്ലിംകളുടെ ആത്മാഭിമാനം പലവുരു വ്രണപ്പെട്ടു. അപ്പോഴെല്ലാം മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളില്‍ മതനിരപേക്ഷ പാര്‍ട്ടികളായി അറിയപ്പെടുന്നവയുടെ സമീപനം എന്തായിരുന്നു എന്നത് വലിയ വിഷയമാണ്.
കോണ്‍ഗ്രസ് പോലെ ദേശീയ തലത്തില്‍ വലിയ വേരുകളുള്ള പാര്‍ട്ടിക്ക് തന്നെ സംഘപരിവാര്‍ നിര്‍മ്മിച്ച ഹിന്ദുത്വ രാഷ്ട്രീയ വ്യവഹാരത്തില്‍ കാലിടറിയിട്ടുണ്ട്. ഒരേ സമയം ഭൂരിപക്ഷത്തിന്‍റെയും ന്യൂനപക്ഷത്തിന്‍റെയും വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യങ്ങള്‍ കോണ്‍ഗ്രസിന്‍റെ പല നിലപാടുകളും ഉണ്ടാക്കി. സംഘപരിവാറിന്‍റെ വലയില്‍ കുടുങ്ങിയ ഭൂരിപക്ഷ സമുദായത്തിലെ ആളുകള്‍ക്ക് കോണ്‍ഗ്രസ് മുസ്ലിം പാര്‍ട്ടിയായി മാറി. മുസ്ലിംകള്‍ക്കാകട്ടെ കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ പാര്‍ട്ടിയുമായി മതേതരത്വം എന്ന പാര്‍ട്ടിയുടെ പ്രഖ്യാപിത തത്വത്തില്‍ നിന്ന് അല്പമെങ്കിലും വ്യതിചലിച്ചിടത്തുനിന്നുണ്ടായ പാര്‍ട്ടിയുടെ തകര്‍ച്ചയും തളര്‍ച്ചയും ഉടനെയൊന്നും പരിഹരിക്കാനാവാത്തവിധം രൂക്ഷമായിട്ടുണ്ടെന്നതാണ് വസ്തുത.
മുസ്ലിംകളുടെ പ്രതിനിധാനത്തെ നിഷേധിക്കാത്ത, മുസ്ലിംകളുടെ സ്വത്വബോധത്തില്‍ പൊറുതികേടില്ലാത്ത, മുസ്ലിംകളുടെ ദേശീയതയില്‍ സംശയങ്ങളുന്നയിക്കാത്ത, അവന്‍റെ നഷ്ടങ്ങളെയും ത്യാഗങ്ങളെയും ഓര്‍മ്മിപ്പിച്ച് വൈകാരിക പ്രകടനങ്ങള്‍ക്ക് ഉപയോഗിക്കാത്ത ഒരു രാഷ്ട്രീയ രക്ഷാകര്‍തൃത്വം മുസ്ലിംകള്‍ക്ക് ഇന്ത്യയില്‍ അനിവാര്യമാണ്. രക്ഷകര്‍തൃത്വം എന്നുപറയുമ്പോള്‍ മുസ്ലിംകളുടെ രാഷ്ട്രീയ തെരഞ്ഞടുപ്പുകളും ബോധ്യങ്ങളും അടക്കം ആര്‍ക്കെങ്കിലും വിധേയപ്പെടണം എന്ന അര്‍ത്ഥത്തിലല്ല. മറിച്ച്, മുസ്ലിംങ്ങളുടെ സംരക്ഷണം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ഉത്തരവാദിത്വമാണ് എന്നതാണ് സൂചിപ്പിക്കുന്നത്. പക്ഷെ, നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ സമീപനം അങ്ങേയറ്റം ദുര്‍ബലമാണ് എന്ന് മുസ്ലിംകള്‍ തന്നെ കരുതുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിനിടെ ഉത്തര്‍പ്രദേശ് പോലീസ് ക്രൂരമായി നേരിട്ട അസംഗഡ് അടക്കമുള്ള സ്ഥലങ്ങളില്‍ പ്രിയങ്ക ഗാന്ധി നേരിട്ട് സന്ദര്‍ശനം നടത്തുകയും തുടര്‍നടപടികളെന്നോണം രാഹുല്‍ ഗാന്ധി, സല്‍മാന്‍ ഖുര്‍ഷിദ്, അഭിഷേക് മനു സിംഗ്വി അടക്കമുള്ളവരെയും കൂട്ടി കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. പക്ഷെ, രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധി നടത്തിയ പ്രസ്താവന അവരെ ഹിന്ദുത്വവാദിയാക്കി ചിത്രീകരിച്ചു. ജാമിഅ മില്ലിയ സര്‍വ്വകലാശാലയില്‍ നടന്ന പോലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയെയോ ഡല്‍ഹി കലാപത്തില്‍ പ്രതിഷേധിച്ച് അമിത് ഷായുടെ വസതിയിലേക്ക് പ്രതിഷേധം നയിച്ച പ്രിയങ്കയെയോ മുസ്ലിംകള്‍ അറിയുന്നില്ല. അറിഞ്ഞാല്‍ തന്നെ എങ്ങനെ വിശ്വസിക്കും എന്ന അവരുടെ ചോദ്യത്തിന് പ്രയോഗത്തില്‍ ഉത്തരം നല്‍കാന്‍ പാര്‍ട്ടിക്ക് കഴിയുന്നുണ്ടോ?
ബീഹാര്‍ തെരഞ്ഞെടുപ്പ് തന്നെ നോക്കാം. കോണ്‍ഗ്രസ് മുസ്ലിം മേഖലയില്‍ കനത്ത പരാജയം നേരിട്ടു. അവിടെ മജ്ലിസ് പാര്‍ട്ടിയാണ് നേട്ടമുണ്ടാക്കിയത് എന്ന് പറയാം. ഇതിന്‍റെ പേരില്‍ വോട്ടര്‍മാരായ മുസ്ലിംകളെയോ നേട്ടമുണ്ടാക്കിയ മജ്ലിസ് പാര്‍ട്ടിയുടെ തലവന്‍ അസദുദ്ധീന്‍ ഉവൈസിയെയോ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. ബദല്‍ ആഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് മജ്ലിസ് പാര്‍ട്ടിയോ മറ്റേതെങ്കിലും മുസ്ലിം രാഷ്ട്രീയ വൃത്തങ്ങളോ പരീക്ഷണമാകും. അവര്‍ക്ക് ഗുണമുണ്ടെന്നാണെങ്കില്‍ വിശ്വാസവുമുണ്ടാകും. ആ വിശ്വാസം കോണ്‍ഗ്രസിന് നഷ്ടമാകുന്നത് എങ്ങനെയെന്ന് ആലോചിക്കുകയാണ് പാര്‍ട്ടി ചെയ്യേണ്ടത്. മുസ്ലിംകള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് ചെയ്യുന്നു എന്ന് പറയുന്ന കാര്യങ്ങള്‍ മുസ്ലിംകളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ പാകത്തിന് അവരിലേക്ക് എത്തണം. ഒരു ഉദാഹരണത്തിന്, കോണ്‍ഗ്രസ് ബീഹാര്‍ തെരെഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച യുവമുഖങ്ങളില്‍ ഒരാളായിരുന്നു മശ്കൂര്‍ ഉസ്മാനി. അലിഗഡിലെ ജിന്ന പോര്‍ട്രൈറ്റ് വിവാദത്തില്‍ വിദ്യാര്‍ത്ഥികളെ നയിച്ച അലിഗഡ് സ്റ്റുഡന്‍റസ് യൂണിയന്‍ പ്രസിഡന്‍റ് എന്ന നിലക്ക് മശ്കൂര്‍ ഉസ്മാനി സംഘപരിവാറിന് വലിയ ശത്രുവും കൂടിയായിരുന്നു. പക്ഷെ, ഉസ്മാനിയുടെ സ്ഥാനാര്‍ത്ഥിത്വം ബി ജെ പി കോണ്‍ഗ്രസിനെതിരെ വലിയ ആയുധമാക്കി. ജിന്നയെ പിന്തുണക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നായിരുന്നു പ്രചരണം. ഫലത്തില്‍ ഭൂരിപക്ഷ വോട്ടുകളും കുറെ നഷ്ടമായി. മറുഭാഗത്ത് മുസ്ലിംകളുടെ വോട്ടുകള്‍ ലഭിച്ചതുമില്ല.
കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തില്‍ എടുത്തുപറയാന്‍ ഗുലാം നബി ആസാദും നദീം ജാവേദും സല്‍മാന്‍ ഖുര്‍ഷിദുമൊക്കെ അല്ലാതെ വേറെ മുസ്ലിം പേരുകള്‍ ഉണ്ടോ? എന്തുകൊണ്ട് അങ്ങനെയൊരു ലെഗസി കോണ്‍ഗ്രസിനകത്ത് വളര്‍ന്നുവരുന്നില്ല? ഇത് പാര്‍ട്ടി ആഴത്തില്‍ പഠനവിധേയമാക്കേണ്ട കാര്യമാണ്. രാജ്യത്ത് വളര്‍ന്നുവരുന്ന ഇസ്ലാംപേടിയെ തടയിടുന്ന കാര്യത്തിലും കോണ്‍ഗ്രസ് എന്നല്ല മുഴുവന്‍ മതേതര പാര്‍ട്ടികളും വലിയ പരിശ്രമം നടത്തണം. ഇക്കാര്യത്തില്‍ സി പി എം അടക്കമുള്ള ഇടത് പാര്‍ട്ടികള്‍ തന്നെ വലിയ നിരാശയാണ് നല്‍കുന്നത്. ഇടത് രാഷ്ട്രീയത്തോട് വിധേയപ്പെടാത്ത മുസ്ലിംകളെ തീവ്രവാദത്തിന്‍റെയോ മറ്റോ ചാപ്പകള്‍ കുത്തി മൂലക്ക് മാറ്റുന്ന പ്രവണത കേരളത്തിലെ പൊതു ഇടങ്ങളില്‍ അടക്കം വ്യാപകമാണ്. കേരളത്തിലെ വര്‍ത്തമാന രാഷ്ട്രീയ വ്യവഹാരത്തില്‍ സി പി എം ഉയര്‍ത്തിക്കൊണ്ടുവന്ന ലീഗ് വിരുദ്ധത അടക്കമുള്ള കാര്യങ്ങള്‍ ഫലത്തില്‍ മുസ്ലിംകളെ മുഴുവന്‍ ബാധിക്കുന്നതാണ്.
എവിടെയും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സാമൂഹിക ഘടനക്കും തഴയാന്‍ പറ്റാത്ത വിധം സമുദായം ശാക്തീകരിക്കപ്പെടുക എന്നതാണ് നിലവിലത്തെ സാഹചര്യത്തില്‍ അനിവാര്യമായും വേണ്ടത്. അതിന് രാഷ്ട്രീയ പാര്‍ട്ടികളെ കാത്തുനില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. ഇതിന് മതസംഘടനകള്‍ തന്നെ മുന്നിട്ടിറങ്ങണം. ഇന്ത്യയുടെ പല ഭാഗങ്ങളിലും പല രൂപത്തിലാണ് സമുദായത്തിന്‍റെ സ്ഥിതി. ഓരോ ഇടങ്ങളിലേക്കും വ്യത്യസ്ത മാര്‍ഗ്ഗങ്ങളും പ്രവര്‍ത്തന രീതികളും അവലംബിക്കണം. സമുദായത്തിന്‍റെ സര്‍വ്വ മേഖലകളെയും ആഴത്തില്‍ തൊടുന്ന കര്‍മ്മപരിപാടികള്‍ക്ക് രൂപം കൊടുത്ത് ദീര്‍ഘമായ സമയക്രമം വെച്ച് പൂര്‍ത്തിയാക്കുന്ന പദ്ധതികളാണ് വേണ്ടത്. മുസ്ലിംകളെ പ്രതികളാക്കുന്ന രാഷ്ട്രീയ അജണ്ടകളെയും പ്രോപഗണ്ടകളെയും വസ്തുതാധിഷ്ഠിതമായി പ്രതിരോധിക്കാനും സത്യങ്ങള്‍ തുറന്നുകാണിക്കാനും കെല്‍പ്പുള്ള സംവിധാനങ്ങളും സമുദായത്തിന് ആവശ്യമുണ്ട്. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളിലൂടെ വളര്‍ന്നുവന്നതല്ല ഇസ്ലാം ഇന്ത്യയില്‍. സൂഫികളുടെ സാമൂഹിക പ്രവര്‍ത്തനങ്ങളാണ് ഈ മതത്തിന് സ്വീകാര്യത നല്‍കിയത്. അതിനാല്‍ ഇനിയങ്ങോട്ടും സാമൂഹിക മുന്നേറ്റങ്ങള്‍ തന്നെയാണ് സമുദായ ശാക്തീകരണത്തിനുള്ള മാര്‍ഗ്ഗരേഖ.
എ എന്‍ എസ് അബ്ദുല്‍ ഹമീദ് നൂറാനി