ബദര്‍..ആത്മരക്ഷാര്‍ത്ഥവും വിശ്വാസ സംരക്ഷണാര്‍ത്ഥവും ജന്മ നാടുപേക്ഷിച്ച് ഉറ്റവരെയും ഉടയവരേയും വെടിഞ്ഞ് മദീനയിലേക്ക് പലായനം ചെയ്ത മുസ്ലിംകളെ അവിടെയും സ്വസ്തമായിരിക്കാനനുവദിക്കില്ലെന്നുളള ദുര്‍വാശിയോടെ അക്രമത്തിനു കോപ്പുകൂട്ടിയ മക്കാ മുശ്രിക്കുകളുടെ അഹങ്കാരത്തിന്റെ മുനയൊടിച്ച് നബി (സ) തങ്ങളും സഖാക്കളും വിജയത്തിന്റെ വെന്നിക്കൊടി നാട്ടിയ പോരാട്ട ഭൂമി, സത്യത്തേയും അസത്യത്തേയും വേര്‍തിരിച്ച് അതിജീവനത്തിന്റെ കഥകളയവിറക്കുന്ന പുണ്യ ഭൂമി. അറേബ്യന്‍ യാത്രികരുടെ വിശ്രമ സങ്കേതം, പ്രശസ്തമായ അറേബ്യന്‍ ചന്ത നിലനിന്നിരുന്നയിടം..അങ്ങനെയങ്ങനെ വിശേഷണങ്ങള്‍ക്ക് അതിര്‍വരമ്പുകളില്ലാത്തയിടം.
ബദറുബ്നു യഖ്ലദ് എന്നൊരാള്‍ ബദ്റില്‍ താമസമുറപ്പിച്ചതിനാലാണ്, ബദറുബ്നു ഖുറൈശ് എന്നവര്‍ ബദ്റില്‍ കിണര്‍ കുഴിച്ച് അതിന് തന്റെ പേരിട്ടതിനാലാണ്,അല്ല കിണറിന്റെ സ്ഫടികം പോലോത്ത തെളിഞ്ഞ വെള്ളത്തില്‍ പകല്‍ വെളിച്ചം പോലെ ചന്ദ്രന്റെ പ്രതിബിംബം സ്പഷ്ടമായി കാണാനാവുന്നതിനാലാണ്, എന്നിങ്ങനെ ബദ്ര് എന്ന നാമകരണത്തിനു പിന്നിലെ രഹസ്യത്തെ കുറിച്ച് ചരിത്രകാരന്മാര്ക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണ്.
നാമകരണങ്ങളെ കുറിച്ച് വിഭിന്ന അഭിപ്രായങ്ങളാണെങ്കിലും ബദ്റിന്റെ കീര്‍ത്തി പ്രചരിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് മുസ്ലിങ്ങളും അവിശ്വാസികളും തമ്മിലുണ്ടായ ഗസ്വതു ബദ്റില്‍ കുബ്റാ ആണെന്നതില്‍ സന്ദേഹമില്ല. നൂറ് കുതിരപ്പടയാളികള്‍, അറുനൂറ് ചാട്ടുളികള്‍, എണ്ണിതിട്ടപ്പെടുത്താത്തത്ര ഒട്ടകങ്ങളും ഗായികമാരും നര്ത്തികകളും പരിചാരകരുമായി സര്‍വായുധസജ്ജരായി അഹങ്കാരത്തിന്റെ തേരിലേറി ഓരോ ദിനങ്ങളിലും പത്തോളം ഒട്ടകങ്ങളെ കശാപ്പു ചെയ്ത് ശാപ്പാടടിച്ച് കുടിച്ച് മദിച്ച് കൂത്താടി അബൂജഹലിന്റെ നേതൃത്വത്തില്‍ വിജയമുറപ്പിച്ച് വന്ന ശത്രു കിങ്കരന്മാരെ മുത്ത് നബി (സ) തങ്ങളുടെ നേതൃത്വത്തില്‍ മുന്നൂറ്റിപതിമൂന്നോളം സ്വഹാബികളും ഒന്നോ രണ്ടോ കുതിരകളും എട്ട് വാളുകളും എഴുപത് ഒട്ടകങ്ങളും വടികളും ഈന്തപ്പന മടലുകളും ആയുധമാക്കി അചഞ്ചലമായ വിശ്വാസത്തിന്റേയും തവക്കുലിന്റെയും ചിറകേറി കടന്നുവന്ന മുസ്ലിം സൈന്യം തുരുത്തിയോടിച്ച കഥകളിരമ്പുന്ന പോരാട്ട ഭൂമികക്ക് പേരും പ്രശസ്തിയും നല്കിയില്ലെങ്കിലേ അത്ഭുതമുളളൂ, ‘ നിശ്ചയം അല്ലാഹു നിങ്ങളെ ബദ്റില്‍ സഹായിച്ചു എന്ന ഖുര്‍ആനിക വാക്യം അവതരിച്ചതോടെ ആ നാമത്തിന് അനശ്വരത കൈവരികയും ചെയ്തു.
ബദ്റും ബദ്രീങ്ങളും
മുത്ത് നബി(സ)യാണ് സത്യസേനയുടെ നേതാവ.് എല്ലാം തന്റെ അനുയായികളോട് കൂടിയാലോചിച്ച് അവരിലൊരാളായി അവരെ നയിക്കുന്ന തുല്യതയില്ലാത്ത നേതാവ്. അനുയായികളൊന്നാകെ സകലതും നേതാവിന് സമര്‍പ്പിച്ച് എന്തിനും തയ്യാറായി കൂടെ തന്നെയുണ്ട്. മനസ്സാവാചാകര്‍മ്മണാ തങ്ങളുടെ വിധേയത്വം അവര്‍ പ്രകടിപ്പിച്ചു കഴിഞ്ഞിരിക്കുന്നു.
അന്‍സാരികളിലെ പതാകവാഹകനായിരുന്ന സഅ്ദുബ്നു മുആദ് (റ) തിരുനബിയോട് പറഞ്ഞു: ‘നബിയേ… ഞങ്ങള്‍ അങ്ങയില്‍ വിശ്വസിച്ചിരിക്കുന്നു. അങ്ങ് ഞങ്ങളിലേക്കെത്തിച്ച് തന്നത് സത്യമാണെന്ന് സാക്ഷ്യം വഹിക്കുന്നു. തങ്ങളെ സത്യവുമായി നിയോഗിച്ച നാഥന് തന്നെ സത്യം… അങ്ങ് ഞങ്ങളുമായി ഒരു സമുദ്ര തീരത്തെത്തുകയും തങ്ങളതിലിറങ്ങുകയും ചെയ്താല്‍ ഒരാളു പോലും പിന്മാറാതെ ഞങ്ങളുമതിലിറങ്ങും. നാളെ ശത്രുവുമായി മുഖാമുഖം നേരിടുന്നതിന് ഞങ്ങള്‍ക്കൊരു തടസ്സവുമില്ല. ഞങ്ങള്‍ പോര്‍ക്കളത്തില്‍ ക്ഷമാശീലരും നേര്‍പോരാട്ടത്തില്‍ വാക്ക് പൂര്‍ണ്ണമായി പുലര്‍ത്തുന്നവരുമാണ്. കണ്‍കുളിര്‍മ്മയേകുന്ന കാഴ്ച്ച അള്ളാഹു തങ്ങള്‍ക്ക് കാണിച്ചു തരുക തന്നെ ചെയ്യും. അതില്‍ സന്തോഷിക്കൂ തിരുദൂതരേ… ഈ പ്രഖ്യാപനം മുത്ത് നബിയെ അതീവ സന്തുഷ്ടനാക്കി. അത്യാവേശത്തോടെ അവിടുന്ന് പ്രതിവചിച്ചു. പോകൂ… സന്തുഷ്ടരാകൂ… നാഥന് വിജയം വാഗ്ദാനം ചെയ്തിരിക്കുന്നു. ശത്രുപ്രമുഖര്‍ നിലംപരിശാകുന്നയിടങ്ങള് ഞാന്‍ നേരില്‍ കാണുന്ന പോലെ എനിക്കനുഭവപ്പെടുന്നു. മൂന്നിരട്ടിയോളം വരുന്ന ശത്രുസൈന്യത്തിലേക്ക് സുധീരം നടന്നടുക്കുവാന്‍ ആത്മവിശ്വാസവും നാഥന്റെ പ്രീതിയിലുള്ള അത്യാഗ്രഹവും അവരെ പ്രേരിപ്പിച്ചു. ശത്രു പക്ഷത്ത് നേതാവിന്റെ യുദ്ധക്കൊതിയും അഹങ്കാരവും അനുയായികളും നെഞ്ചൂക്കില്ലായ്മയും വിധേയത്വമില്ലായ്മയും അവരെ വലച്ചപ്പോള്‍ മുസ്ലിം പക്ഷത്ത് മുന്നേറ്റങ്ങള്‍ ചുക്കാന്‍ പിടിച്ചത് നേതാവിന്റെ കൃത്യമായ നിലപാടുകളും വിനയപ്രകടനവും അനുയായികളോടുള്ള മനപ്പൊരുത്തവും അവരോടുളള മമതയും അനുയായികളുടെ തഖ്വയും തവക്കുലും അള്ളാഹുവിന്റെ തൃപ്തി നേടാനുളള അടങ്ങാത്ത കൊതിയുമായിരുന്നു.
പ്രകാശിതമായ ഈമാനിന്റെ പ്രഭയാലും അചഞ്ചലമായ തൗഹീദിന്റെ ധ്വനിയാലും അതിരുകളില്ലാത്ത തവക്കുലിന്റെ ജ്വാനയുടെയും കാരണത്താല്‍ ബദ്രീങ്ങള്‍ക്ക് മഹത്തായ പദവികളും സ്ഥാനമാനങ്ങളുമാണ് ഇസ്ലാം കല്പിക്കുന്നത്. ജീവാര്‍പ്പണം നടത്തിയിട്ടില്ലാത്ത ബദ്ര് പോരാളികളെയും ശുഹദാക്കള്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നതെന്നത് ഇതിലേക്ക് കൃത്യമായി വിരല്‍ ചൂണ്ടുന്നുണ്ട്. അവരെ പറ്റി നല്ലതു മാത്രം പറയാനും അവരെ വേണ്ടവിധത്തില്‍ ആദരിക്കാനും മുത്ത് നബി(സ)തങ്ങള്‍ തന്റെ അനുചരര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സദസ്സുകളില്‍ അവര്‍ക്കനുയോജ്യമായ ഇരിപ്പിടങ്ങളും സ്ഥാനമാനങ്ങളും ലഭിക്കാത്തത് മുത്ത് നബിയെ അങ്ങേയറ്റം പ്രകോപിപ്പിക്കുകയും നിരാശയിലാഴ്ത്തുകയും ചെയ്തിരുന്നു. സ്വഹാബാക്കള്‍ക്കിടയില്‍ മിന്നിത്തിളങ്ങുന്ന താരകങ്ങളായിരുന്നു അവര്‍. സ്വഹാബികളുടെ വിശേഷ ദിനങ്ങളില്‍ ബദ്രീങ്ങളുടെ അപദാനങ്ങള്‍ പാടിപ്പറയുന്നതൊരു പതിവായിരുന്നുവെന്ന് ചരിത്ര ഗ്രന്ഥങ്ങള്‍ കൃത്യമായി വിവരിക്കുന്നുണ്ട്.
ഒരിക്കല്‍ ബദ്രീങ്ങളുടെ ഗുണങ്ങളും വിശേഷണങ്ങളും ദഫ് മുട്ടിപ്പാടിയിരുന്ന ഒരു ബാലിക പൊടുന്നനെ ‘വഫീനാ റസൂലുന്‍ യഅ്ലമു മാഫീ ഗദിന് (നാളത്തെ കാര്യങ്ങള്‍ അറിയുന്ന ഒരു പ്രവാചകര്‍ ഞങ്ങളിലുണ്ട്) എന്നാലപിക്കുകയുണ്ടായി. ഇതു കേട്ട പ്രവാചകര്‍ പറഞ്ഞത് ‘അങ്ങനെ പാടേണ്ട മുമ്പ് പാടിയത് പോലെ തന്നെ പാടുക’ എന്നായിരുന്നു. ബദ്രീങ്ങളുടെ പുകളുകള്‍ തന്നെ ആലപിക്കപ്പെടട്ടെയെന്നുള്ള മുത്ത് നബിയുടെ ആഗ്രഹത്തിന്റെ പ്രതിധ്വനിയാണിതിന്റെ നിദാനമെന്ന് പറയേണ്ടതില്ലല്ലോ… മറ്റൊരു സന്ദര്‍ഭത്തില്‍ ജിബ്രീല്‍(അ) പ്രവാചകരുടെ സമീപത്ത് വന്ന് ചോദിച്ചു. ‘നിങ്ങള്‍ക്കിടയില്‍ നിങ്ങളെങ്ങനെയാണ് ബദ്രീങ്ങളെ കാണുന്നത്.? ‘സ്വഹാബാക്കളിലേറ്റവും ഉത്തമരാണവര്‍ എന്ന് റസൂല്‍(സ) തങ്ങള്‍ പ്രതിവചിച്ചു. ഇത് കേട്ട ജിബ്രീല്‍(അ) പറഞ്ഞു ‘അപ്രകാരം തന്നെയാണ് ബദ്റില്‍ പങ്കെടുത്ത മലക്കുകളും. ഇത്തരത്തില്‍ ബദ്രീങ്ങളുടെ സ്ഥാനങ്ങളും മഹത്വങ്ങളും വിവരിക്കുന്ന ഹദീസുകളും ചരിത്ര സംഭവങ്ങളും അനവധിയാണ്.
ബദ്രീങ്ങളെ പ്രശംസിക്കുന്നതും പ്രകീര്‍ത്തിക്കുന്നതും ഉത്തമമായതാണ്. വിശിഷ്യാ അവരെ തവസ്സുലാക്കി പ്രാര്‍ത്ഥിക്കുന്നതും നാമങ്ങള്‍ ചൊല്ലിയും എഴുതിയും ബറക്കത്തെടുക്കുന്നതും പ്രാമാണികവും ഇരുലോക വിജയത്തിന്റെ നിദാനവുമാണ്. ദീനിന്റെ നിലനില്‍പ്പിനായി സര്‍വ്വസ്വവും ത്യജിച്ച് ഇടറാതെ പതറാതെ നെഞ്ചു വിരിച്ച് അടര്‍ക്കളത്തില്‍ പോരാടിയ ധീരരാണവര്‍… ഇലാഹീ പ്രീതി മാത്രം കാംക്ഷിച്ച് തവക്കുലെന്ന ആയുധ പിന്‍ബലത്തില്‍ അല്ലാഹു അക്ബര്‍ എന്ന ഒരൊറ്റ ധ്വനിയില്‍ അടരാടിയ ധീരകേസരികള്‍… ധര്‍മ്മ യോദ്ധാക്കളെപ്പറ്റി ഇമാം ബൂസ്വീരി പറയുന്നു. ‘ അവര്‍ പര്‍വ്വതങ്ങളാണ്. എല്ലാം തകര്‍ന്നു തരിപ്പണമായ രണാങ്കണത്തില്‍ എന്ത് സംഭവിച്ചുവെന്ന് അവരോടേറ്റു മുട്ടിയ ശത്രുക്കളോട് ചോദിച്ചു നോക്കൂ… ബദ്റിനോടും ഉഹ്ദിനോടും ഹൂനൈനിനോടും ചോദിച്ചു നോക്കൂ… ശത്രുക്കള്‍ക്ക് വിഷ്ടചികയേക്കാള് മാരകമായ മൃതുവിന്റെ ഋതുക്കളായിരുന്നു അവര്‍.
അബൂബക്കര്‍ മിദ്ലാജ് വിളയില്‍