അമ്പിയാക്കളുടെ അനന്തരാവകാശികളായി സമൂഹത്തില്‍ ഇസ്ലാമിക വിജ്ഞാന പ്രസരണത്തിന് ചുക്കാന്‍ പിടിക്കുന്നവരാണ് പണ്ഡിതന്മാര്. ഓരോ കാലഘട്ടത്തിലും അനുയോജ്യരായ പണ്ഡിതന്മാര് സമൂഹത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. ആത്മീയം, കര്‍മശാസ്ത്രം, ഭാഷ തുടങ്ങിയ നിരവധി മേഖലകളില്‍ അവര്‍ തിളങ്ങിനിന്നിരുന്നു. അവരുടെയെല്ലാം ഗ്രന്ഥവും ചരിത്രവും സമൂഹത്തില്‍ വിദ്യാര്‍ത്ഥികളിലൂടെ ഇന്നും സജീവമായി കൊണ്ടിരിക്കുകയാണ്. കര്മശസ്ത്രത്തില് പ്രധാനമായും നാല് ഇമാമുകളാണ് വിജ്ഞാന കൈമാറ്റം സാധ്യമാക്കിയത്. അവരില്‍ പ്രധാനിയാണ് ഇമാം ശാഫിഈ (റ). ഭൂമിയിലെ മടക്കുകളെയെല്ലാം അറിവിനാല്‍ നിറക്കുന്ന ഒരു ഖുറൈശി പണ്ഡിതന് ഈ സമൂഹത്തില്‍ ആഗതമാവും എന്ന സന്തോഷവാര്‍ത്ത മുത്തു നബി (സ്വ) മുന്‍കൂട്ടി അറിയിച്ചത് ഇമാം ശാഫിഈ (റ)നെ കുറിച്ചായിരുന്നു. മഹാനവര്‍കളുടെ ചരിത്രവും ജീവിത മഹിമകളും രചിച്ച ഗ്രന്ഥങ്ങളും രിസാലകളും വിവരണാതീതമാണ്. അദ്ദേഹത്തിന്റെ ശിഷ്യനും നാല് കര്‍മശാസ്ത്ര ഇമാമുമാരിലെ മറ്റൊരാളുമായ ഇമാം അഹ്മദ് ബ്ന് ഹന്ബല് (റ) പറയുന്നു: ഓരോ നൂറുവര്‍ഷം കൂടുന്തോറും ആ കാലത്തെ ആളുകളെ സംസ്കരിക്കാന്‍ ഓരോ മുജദ്ദിദുകളെ അല്ലാഹു അയക്കുന്നതാണ്. ആദ്യ നൂറ്റാണ്ടില്‍ ഉമര്‍ ബ്നു അബ്ദുല്‍ അസീസ്(റ) ആയിരുന്നെങ്കില്‍ രണ്ടാം നൂറ്റാണ്ടില്‍ ഇമാം ശാഫിഈ(റ) ആയിരുന്നു.
ഹിജ്റ 150 ല്‍ ഗസ്സയില്‍ ജനിച്ച മഹാനവര്കള് ഖുറൈശിയാണ്. അദ്ദേഹത്തിന്റെ പിതാവ് യമന്‍ പ്രദേശക്കാരനാണ്. മഹാന് മദീനയിലായിരിക്കുമ്പോള്‍ വെറുക്കപ്പെടുന്ന ചില കാര്യങ്ങള്‍ നേരിടുകയും അസ്ഖലാനിലേക്ക് താമസം മാറുകയും ചെയ്തു.
ഒത്ത ശരീര പ്രകൃതിയും വിശാലമായ നെറ്റിത്തടവും മൃദുലമായ ചര്‍മങ്ങളും ചുവപ്പ് കലര്‍ന്ന നിറവുമായിരുന്നു മഹാനവറുകളുടെ രൂപം. താടി മൈലാഞ്ചി കൊണ്ട് ശക്തമായി ചുവപ്പ് ചായം കൊടുക്കാറുണ്ടായിരുന്നു. ചില സമയങ്ങളില്‍ അത് മഞ്ഞ നിറത്തിലും കാണപ്പെട്ടിരുന്നു. നല്ല സ്വഭാവവും ശബ്ദമാധുര്യവും അച്ചടക്കവും മുഖപ്രസന്നതയും കൂര്‍മബുദ്ധിയും മഹാനവര്‍കളുടെ സവിശേഷതകളാണ്. യഥാര്‍ത്ഥ ഗാംഭീര്യതയോടു കൂടി നോക്കുന്ന സമയത്ത് ശിഷ്യന്മാര് വായിലുള്ള വെള്ളം പോലും ഇറക്കാന്‍ ഭയപ്പെട്ടിരുന്നു.
വിനയാന്വിതനും സൂക്ഷമതയും ഭയഭക്തിയും കൂടിയുള്ള ജീവിതമാണ് മഹാനവര്കള് നയിച്ചത്. എല്ലാവരെയും ബഹുമാനിക്കുന്ന, ദീനീ കാര്യങ്ങളില്‍ നല്ല കണിശത പുലര്‍ത്തുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്. ആറ് വര്‍ഷത്തിനിടയില്‍ ഒരു പ്രാവശ്യമല്ലാതെ വയര്‍ നിറച്ചിട്ടില്ലെന്നും വയര്‍ നിറച്ച സമയത്ത് ഞാന്‍ അതിനെ ഛര്‍ദിച്ചു ഒഴിവാക്കി എന്നും മഹാന് പറയുകയുണ്ടായി. സ്വദഖ നല്‍കാതെ ഒരു ദിവസവും കഴിഞ്ഞുപോയിരുന്നില്ല. എല്ലാ കാര്യങ്ങളും അല്ലാഹുവിലേക്ക് ഭരമേല്പിച്ചു പൂര്‍ണമായും അല്ലാഹുവിന്റെ മാര്‍ഗത്തിലായി ജീവിച്ചു. ഇല്‍മിനോടും പണ്ഡിതന്മാരോടുള്ള ബഹുമാനം കാത്തു സൂക്ഷിക്കുന്നതില്‍ ഉത്തമ മാതൃകയായിരുന്നു. പരിശുദ്ധ ഖുര്‍ആന്‍, ഹദീസ്, നഹ്വ് തുടങ്ങിയ വിജ്ഞാന ശാഖകളെല്ലാം ഞാന്‍ കരസ്ഥമാക്കിയത് അനുസരണയെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയതു കൊണ്ടാണെന്ന് മഹാന് പറയാറുണ്ടായിരുന്നു. മഹാനവര്‍കളുടെ ഗുരുവായ മാലിക്(റ) വിന്റെ ദര്സില് ഇരിക്കുന്ന സമയത്ത് വളരെ സാവധാനത്തിലായിരുന്നു അദ്ദേഹം കിതാബുകളിലെ പേജുകള്‍ മറിച്ചിരുന്നത്. ഉസ്താദിനോടുള്ള ആദരവും പേജുകള്‍ മറിക്കുമ്പോഴുണ്ടാകുന്ന ശബ്ദം അനുസരണക്കേടായി ഭവിക്കുമോയെന്ന സൂക്ഷ്മതയുമായിരുന്നു ഇതിനു പിന്നില്‍.
സ്വന്തം ശിഷ്യരോട് വലിയ വിനയം കാണിക്കുന്നവരായിരുന്നു മഹാനവറുകള്‍. തന്റെ ശിഷ്യനായ അഹ്മദ് ബ്നു ഹന്ബല് (റ)വിനോട് ഇമാം ശാഫിഈ(റ) വിന്റെ പ്രസ്താവന ഇതിനുത്തമ ഉദാഹരണമാണ്. അദ്ദേഹം പറഞ്ഞു: നിങ്ങളാണ് എന്നേക്കാളും സ്വഹീഹായ ഹദീസുകളെ കൂടുതല്‍ അറിയുന്നവര്‍. അത്കൊണ്ട് തന്നെ താങ്കള്‍ക്ക് ലഭിക്കുന്ന സ്വഹീഹായ ഹദീസുകള്‍ എന്റെ മരണം വരെ എനിക്കു അറിയിച്ചു തരണം.
മഹാനവറുകള്‍ അറിവിന്റെ എല്ലാ ശാഖകളിലും വ്യക്തമായ കയ്യൊപ്പ് പതിപ്പിച്ചിരുന്നു. ഉസൂലുല്‍ ഫിഖ്ഹില് ആദ്യമായി ഗ്രന്ഥം രിചിക്കുകയും എല്ലാ ഫന്നുകളിലും എണ്ണമറ്റ കിതാബുകള്‍ ഉമ്മത്തിന് സംഭാവന ചെയ്തിട്ടുമുണ്ട്. 54 വര്‍ഷം കൊണ്ട് ലോകത്ത് ഉന്നതമായ വിജ്ഞാന ശാഖകളിലെല്ലാം തന്റെ കഴിവുകള്‍ അദ്ദേഹം പ്രകടിപ്പിച്ചു.
സത്യ വിശ്വാസിക്ക് ജീവിതത്തെ ശരിയായ ദിശയില്‍ വഴിനടത്താന്‍ സഹായകമായ ധാരാളം ഹിക്മത്തുകള്‍ മഹാനവര്‍കളുടെ സംഭാവനയായിട്ടുണ്ട്. മഹാനവറുകള്‍ റബ്ബിലേക്ക് അടുക്കാനുള്ള ഒരു ഹിക്മത്ത് വിശദീകരിക്കുന്നതിങ്ങനെയാണ്. ‘ഒരാള്‍ ജനങ്ങളെ മുഴുവന്‍ തൃപ്തിപ്പെടുത്താന്‍ കിണഞ്ഞു പരിശ്രമിച്ചാല്‍ അതിന് ഒരിക്കലും സാധ്യമല്ല അതുകൊണ്ട് അവന് സ്വന്തം പ്രവര്‍ത്തനങ്ങളെ റബ്ബിനും അവനുമിടയില്‍ മാത്രമാക്കിച്ചുരുക്കുക’. വളരെ അര്‍ത്ഥവത്തായ ആശയമാണ് ഈ വരികള്‍ മുസ്്ലിം സമൂഹത്തിന് സമര്‍പ്പിക്കുന്നത്. മുത്ത് നബി(സ്വ)ക്ക് പോലും ലോകത്തെ മുഴുവന്‍ ജനങ്ങളുടെയും തൃപ്തി കരസ്ഥമാക്കാന്‍ സാധിച്ചിട്ടില്ല പിന്നെങ്ങനെയാണ് അല്ലാഹുവിന്റെ പാവപ്പെട്ട അടിമകളായ നമുക്ക് ആ തൃപ്തി കരസ്ഥമാക്കാന്‍ സാധിക്കുക. മറ്റൊരു ഹിക്മത്തില് മഹാന് പറയുന്നു, ‘ഒരാള്‍ തന്റെ സുഹൃത്തിനെയോ സഹോദരനെയോ രഹസ്യമായി ഉപദേശിച്ചാല്‍ അവന് ഉപദേശത്തെ നന്നാക്കിയവനായിരിക്കുന്നു ആരെങ്കിലും പരസ്യമായി ഉപദേശിച്ചാല്‍ അവന് സമൂഹത്തില്‍ നിന്ദ്യനാക്കിയിരിക്കുന്നു’.
നവയുഗത്തില്‍ നാം വളരെ ശ്രദ്ധിക്കേണ്ട ഒരു ഹിക്മത്താണ് മഹാന് സൂചിപ്പിച്ചിരിക്കുന്നത്. ഉപദേശം ഒരിക്കലും ഒരാള്‍ക്കും ശാപമാകരുത് പകരം അവന് നന്മയിലേക്കുള്ള തിരിച്ചുവരവിനുള്ള നിദാനമായി മാറണം. ഇതുപോലെ മത വൈജ്ഞാനിക രംഗത്ത് ഏറെ ചിന്തിപ്പിക്കുന്നതും ജനങ്ങള്‍ക്ക് ജീവിതത്തില്‍ നേര്‍രേഖ കാണിക്കുന്നതുമായ ധാരാളം ഹിക്മത്തുകള്‍ അദ്ദേഹം സമൂഹത്തിന് കൈമാറിയിട്ടുണ്ട്.
കൂട്ടുകെട്ടിന്റെ മര്യാദയെ വ്യക്തമായി വിവരിച്ചുകൊണ്ട് പറയുന്നു. യഥാര്‍ത്ഥ സുഹൃത്ത് ബന്ധം തന്റെ സുഹൃത്തിന്റെ പരാതികളെ സ്വീകരിക്കുകയും അവന്റെ വീഴ്ച്ചകളെ ഇല്ലാതാക്കുകയും ചെയ്യുന്നതാണ്. ഇല്മിന്റെ ഭംഗിയും സൂക്ഷമതയും സഹനശീലവുമാണ് ഉലമാക്കളുടെ ഭംഗിയെന്നും അറിവെന്നാല്‍ ഗ്രാഹ്യമായി നിറച്ചുവെക്കുന്നതല്ല, മറിച്ച് അവന് ഉപകാരപ്രദമാവുന്നതാണെന്നും മഹാന് പ്രസ്താവിക്കുകയുണ്ടായി. കേവലം ഇല്മില് മുഴുകലല്ല, അതനുസരിച്ച് കര്‍മ്മങ്ങള്‍ ജീവിതത്തില്‍ മികവോടെയും പൂര്‍ണതയോടെയും ചെയ്യുമ്പോഴാണ് ആലിം ഉടലെടുക്കുന്നതെന്നാണ് അദ്ദേഹം ഇതിലൂടെ പറഞ്ഞു വെക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കും മഹാന് ധാരാളം ഉപദേശങ്ങള്‍ നല്കിയിരിക്കുന്നു. ദുനിയാവിനേയും പരലോകത്തേയും ആഗ്രഹിക്കുന്നവര്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്നതാണ് അറിവ്. ഫര്‍ള് നിസ്കാരം കഴിഞ്ഞാല്‍ അള്ളാഹുവിലേക്ക് അടുക്കാന്‍ ഏറ്റവും ഉത്തമമായ വഴി ഇല്മിനെ തേടുകയെന്നതാണ്. മുഴുവനായി പഠിക്കാന്‍ ആഗ്രഹിക്കുക എന്നതിലുപരിയായി കുറച്ചു മാത്രം മതി എനിക്ക് എന്ന ചിന്തയിലൂടെയായിരിക്കണം ഇല്മിനെ സമീപിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. അത്തരക്കാര്‍ക്ക് റബ്ബ് ഒട്ടനേകം ഇല്‍മുകളുടെ വാതായനങ്ങള്‍ ഓശാനമായി തുറന്നു നല്‍കുന്നുവെന്നും മഹാന് പ്രസ്താവിച്ചു.
വാദപ്രതിവാദ മേഖലകളില്‍ തിളങ്ങിനിന്ന് സത്യത്തെ അതിന്റെ തനിമയോടെ ജനങ്ങളിലേക്ക് കൈമാറാന്‍ ശാഫി ഇമാമിന്റെ നേതൃത്വത്തില്‍ സാധിച്ചിട്ടുണ്ടായിരുന്നു. അന്ന് കേവലം വാചക കസര്ത്തുകളായി നടക്കുന്ന വാദപ്രതിവാദങ്ങളെ മഹാന് ശക്തിയുക്തം എതിര്‍ത്തു. അതിനോട് വിമുഖത പുലര്‍ത്തുകയും ചെയ്തു.
വിദ്യതേടുന്നതിനിടയില് ധാരാളം ത്യാഗങ്ങള്‍ സഹിച്ചവരാണ് മഹാന്. ശക്തമായി രോഗങ്ങള്‍ കൊണ്ട് പരീക്ഷിക്കപ്പെട്ട അദ്ദേഹത്തിന് മൂലക്കുരുവിന്റെ അസുഖം മൂലം ദര്സില് ഇരിക്കുമ്പോള്‍ രക്തം ഉതിര്‍ന്നു വീഴാറുണ്ടായിരുന്നു. അത് കാരണമായി ബക്കറ്റിന്റെ മുകളില്‍ ഇരിക്കലായിരുന്നു പതിവ്.
ശാഫി ഇമാം അനുഭവിച്ചത്ര പ്രതിസന്ധികള്‍ സഹിച്ച ഒരാളെയും ഞാന്‍ കണ്ടിട്ടില്ല എന്ന് ബഹുമാനപ്പെട്ട അബൂഹാതിം തങ്ങള്‍ സ്മരിക്കുന്നുണ്ട്. മരണാസന്നമായി കിടക്കുന്ന സമയത്ത് ബഹുമാനപ്പെട്ട ഇബ്നവീം ഇസ്മാഈല്‍ ബ്നു യഹ്യല്‍ മുസ്നി എന്നവര്‍ മഹാവര്കളുടെ അടുത്ത് പ്രവേശിച്ചപ്പോള്‍ ചോദിക്കുയുണ്ടായി. എങ്ങനെയുണ്ട് മഹാന്അവറുകളേ?. അപ്പോള്‍ അദ്ദേഹം പറഞ്ഞു: “ദുനിയാവില് നിന്ന് എന്റെ കൂട്ടുകാരെ വിട്ട് ഞാന്‍ യാത്രപോകുന്നു അള്ളാഹുവിന്റെ അടുക്കലേക്ക് എന്റെ ചീത്തപ്രവര്‍ത്തനങ്ങളെ കാണാനൊരുങ്ങുന്നു. എന്റെ റൂഹ് സ്വര്‍ഗത്തിലേക്കാണോ നരകത്തിലേക്കാണോ ആനയിക്കപ്പെടുക എന്നറിയില്ല.” പിന്നീട് ധാരാളം സമയം കണ്ണീര് വാര്‍ത്തു.
മഅ്മൂന്‍ ഭരണാധികാരി മിസ്റില്‍ ഖാളിയായി നിയമിക്കുന്നതിന് ശാഫി ഇമാമിനെ ക്ഷണിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു : ‘ഇത് എനിക്കും എന്റെ ഇഹപരലോകത്തിനും ഗുണമാണെങ്കില്‍ എന്നെ നീ ജീവിപ്പിക്കുക അല്ലെങ്കില്‍ മരിപ്പിക്കുക’ ഈ ദുആ കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളില്‍ മഹാന് ഈ ലോകത്തോട് വിടപറയുകയും ചെയ്തു. ഹിജ്റ 204 റജബ് 29 വെള്ളിയാഴ്ച്ച ദിവസം മഗ്രിബിന് മിസ്റില്‍ വെച്ചായിരുന്നു മഹാന്റെ വഫാത്ത്. അള്ളാഹു മഹാനവറുകളുടെ കൂടെ നാളെ നമ്മെയും സ്വര്‍ഗത്തില്‍ ഒരുമിപ്പിക്കട്ടെ… ആമീന്‍
യാസീന്‍ സിദ്ദീഖി പറമ്പില്‍പീടിക