ലോകത്ത് ഏതു സംസ്കാരികധാരയെയും ഒരു നദി സ്പര്‍ശിച്ചിട്ടുണ്ട് എന്ന് മുമ്പ് വായിച്ചത് ഓര്‍ക്കുകയാണ്. നദി തൊട്ടൊഴുകിയ സംസ്കാരങ്ങളും സമൂഹങ്ങളും ഇന്നും ശേഷിക്കുന്നുമുണ്ട്. അതിന്റെ നീരൊഴുക്കിലൂടെ തന്നെ മലയാളസാഹിത്യവും ഒരുപാട് ഒഴുകിയിട്ടുള്ളതാണ്. ഇപ്പോഴും ഒഴുകുക തന്നെയാണ്. അത്തരത്തില്‍ മലയാളമണ്ണിന്റെ പ്രിയപ്പെട്ട നദീതടത്തില്‍ നിന്നും വളര്‍ന്ന ഒരു സംസ്കാരിക കേരളത്തെ വിസ്മരിക്കാന്‍ കഴിയാത്തിടത്താണ് എഴുത്തുകാരനും സാമൂഹ്യസാംസ്കാരിക പ്രവര്‍ത്തകനും പു.ക.സ സംസ്ഥാന ട്രഷററുമായ ശ്രീ. ടി ആര് അജയന്റെ ‘നിളയും മലയാള സാഹിത്യവും’ എന്ന ചിന്ത പബ്ലിക്കേഷന്‍സ് 2019ല്‍ പുറത്തിറക്കിയ കൃതിയുടെ പ്രസക്തിയേറുന്നത്. ഒരു സാംസ്കാരിക പഠനത്തിലേക്ക് പ്രത്യക്ഷത്തില്‍ ആഹ്വാനം ചെയ്യുന്നുണ്ടെങ്കിലും നിളയുടെ ആഴങ്ങളും നദീ തീരങ്ങളും പ്രതിനിധീകരിച്ച കലാസാംസ്കാരിക മുന്നേറ്റങ്ങളുടെ നിരവധി കാവ്യവചസ്സുകളും ഉള്‍ചേര്‍ന്നിരിക്കുന്നതിനാല്‍ തന്നെ ഒരു ഗൗരവവായനയ്ക്കപ്പുറം ഒരു ആസ്വാദ്യ രുചിക്കൂട്ട് വായനക്കാര്‍ക്ക് വിഭാവനം ചെയ്യുന്നുണ്ട് എന്ന് ആമുഖമായി തന്നെ പറയാം.
ഒപ്പം തന്നെ കൃതിയുടെ ഉള്ളടക്കം തീര്‍ത്തും അത്തരത്തില്‍ ശ്രദ്ധേയമാണെന്ന് കൂടെ പറഞ്ഞു വെക്കേണ്ടി വരികയാണ്. നിളാതീരത്തെ കുറിച്ചുള്ള സാഹിത്യ പ്രതിഭകളുടെ രചനകളും അവയിലെ വൈവിധ്യ അനുഭൂതികളെയും വേറിട്ട രചനാ സ്വഭാവങ്ങളെയും അതിലൂടെ അവര്‍ നടത്തിയ ധൈഷണിക സംഭാവനകളെയും പരിചയപ്പെടുത്തലാണ് ഗ്രന്ഥത്തിന്റെ ഒരു അകചുരുക്കം. തമിഴ്നാട്ടിലെ ആനമുടിയില്‍ നിന്ന് ഉല്‍ഭവിച്ച് മലയാള മണ്ണില്‍ പാലക്കാട് തൊട്ട് പെന്നാാനി വരെ ഒഴുകി പൊന്നാനി അഴിമുഖത്ത് കടലിനോട് അലിഞ്ഞുചേരുന്ന നിളയുടെ നദിക്കരയില്‍ ജനിച്ചു ജീവിച്ച് മണ്ണോടണഞ്ഞു പോയ അനവധിയായ സാഹിത്യ പ്രതിഭകളെയും ചൂണ്ടിക്കാണിക്കന്നു പ്രസ്തുത ഗ്രന്ഥം പ്രാദേശിക സാംസ്കാരിക സാമൂഹ്യ നവോത്ഥാന പഠനത്തിന്റെ അനന്തസാധ്യതകളിലേക്കുള്ള ഉല്പ്രേരകം കൂടിയാണ്.
നിളയുടെ സാംസ്കാരിക പ്രത്യക്ഷങ്ങളെ കുറിച്ച് സംസാരിച്ചു തുടങ്ങുന്ന വിജു നായരങ്ങാടിയുടെ ആമുഖ ഭാഷ്യത്തില്‍ നിന്ന് വിഷയീഭവിച്ചു തുടങ്ങുന്ന പുസ്തകത്തിന്റെ പ്രധാന തലം വിശാലമായ ഒരൊറ്റ അദ്ധ്യായത്തിലൂടെയാണ് നിളയെ പറയുന്നതും നിളയെ പറഞ്ഞവരെയും അനുഭവിച്ചവരെയും കേള്‍ക്കുന്നതും. വള്ളുവനാടിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ കലാശൈലികളെ കേരള ചരിത്രപഠനത്തിന് ഒരു പുനര്‍വായനക്ക് പ്രേരണയാകുന്ന രൂപത്തില്‍, പ്രത്യുത ഉദ്ദേശപരമായി നടത്തിയ 50 എപ്പിഡോസുകള് അടങ്ങുന്ന ടെലിവിഷന്‍ പരമ്പരയിലെ നിളയെയും മലയാള സാഹിത്യത്തെയും പരാമര്‍ശിക്കുന്ന 24 മിനുറ്റ് പ്രഭാഷണത്തിന്റെ വിശാല വികാസ രൂപമാണ് പ്രസ്തുത ഗ്രന്ഥം.
എഴുത്തച്ഛനില്‍ നിന്ന് തുടങ്ങി കുഞ്ചനും വള്ളത്തോളും പ്രകൃതിയുടെ കവി മലയാളത്തിലെ പ്രിയപ്പെട്ട വിടിയും വികെഎന്നും ഇഎംഎസ്സും ഉറൂബും ചെറുകാടും അക്കിത്തവും ഒളപ്പമണ്ണയും നാലപ്പാട്ട് നാരായണ മേനോനും മാധവിക്കുട്ടിയും തസ്രാക്കിലെ ഒവിയും നിളയുടെ കഥാകാരന് എംടിയും സാറാ ജോസഫും ടിഡി രാമകൃഷ്ണനും എന്ന് തുടങ്ങിയ സാഹിത്യ സാമ്രാട്ടുകളും സുസ്മേഷ് ചന്ദ്രോത്തിനെ പോലോത്ത യുവസാഹിത്യകാരന്മാരുടെ നിളയുടെ ഓരംചേര്‍ന്നുള്ള അനുഭവ സാക്ഷ്യങ്ങളും അവരുടെകൃതികളിലൂടെ, സംസാരങ്ങളിലൂടെ ഒഴുകിയ നിളയും നിളാതീരങ്ങളും തീര്‍ത്ത സാഹീതീയ സാംസ്കാരിക ഭൂപടത്തെ വരച്ചുകാട്ടുകയാണ് ബഹുഭൂരിഭാഗവും പുസ്തകത്തില്‍.
തുടര്‍ന്ന് നിളയുടെ തീരത്തുയിര്ന്ന നാടക പാരമ്പര്യങ്ങളും പൈതൃകങ്ങളും ബാലസാഹിത്യങ്ങളിലെ നിളയെയും സംസ്കൃതം പോലോത്ത ഭാഷാ സാഹിത്യത്തിലെ നിളയുടെ സാംസ്കാരിക കലാസ്വാധീനങ്ങളും പ്രതിനിധാനങ്ങളും അഷ്ടാംഗഹൃദയം പോലുള്ള വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളുടെ ശില്പികളായ രചയിതാക്കളുടെ അനുഭവഭാഷ്യങ്ങളും വലിപ്പച്ചെറുപ്പം ഇല്ലാതെ നിളയെ അറിഞ്ഞ ഓരോ കുട്ടൂകാരുടെയും മലയാള സാഹിത്യത്തിലേക്ക് നിളയുടെതീരത്ത് നിന്നും അവര്‍ പറിച്ചു കൊടുത്ത ഒരു പുല്‍ക്കൊടിയുടെ വര്‍ത്തമാനം വരെ ഗ്രന്ഥകാരന് അടയാളപ്പെടുത്തി വിശദമാക്കുന്നുണ്ടെന്നത് ഒരേസമയം അഭിനന്ദനാര്‍ഹവും ശ്രദ്ധേയവും തന്നെയാണ്. ഒപ്പം നിളയുടെ ആത്മകഥാംശമുള്ള കൃതികളെയും വേറിട്ടു പരിചയപ്പെടുത്താന്‍ കഴിഞ്ഞിട്ടുമുണ്ട് ഗ്രന്ഥകാരന്.
ഇത്തരത്തില്‍ നിളയെന്ന സംസ്കാരിക വാഹിനിയെ അനുഭവിച്ച ജൈവസമ്പുഷ്ടമായ, പഠനാര്‍ഹമായ കൃതിയെന്നതിനേക്കാളേറെ നിളാതീരത്തെ സാഹിത്യ സംസ്കാര ധാരകള്‍ക്കെല്ലാം ആ മണ്ണിന്റെ സവിശേഷമായ ഭൂമിശാസ്ത്രത്തോടും നാടോടിത്തനിമയോടും നേരിട്ടും അല്ലാതെയുമുള്ള ബന്ധത്തെയും ഒന്നടങ്കം കൃതി അനാവൃതമാക്കുന്നുണ്ട്. സ്വന്തം മണ്ണില്വേരൂന്നി നിന്ന ഇവിടുത്തെ എഴുത്തുകാര്‍ ആകാശങ്ങളെ മണ്ണിലേക്ക് അടുപ്പിക്കുകയായിരുന്നെന്ന നിതാന്തവസ്തുതയും ഇവിടെ ഗ്രന്ഥകാരന് പറഞ്ഞുവെക്കുന്നുണ്ട്. മലയാള സാഹിത്യത്തിലെ നിളയുടെ സഞ്ചാര പഥങ്ങളുടെ ചരിത്രവര്‍ത്തമാനങ്ങളാണ് ശ്രീ: ടിആര്‍ അജയന് വായനക്കാരനോട് സംസാരിക്കുന്നത്. നിളയുടെ സാഹിത്യ സപര്യകള്‍ ഇനിയും കാലാതീതമായി ഒഴുകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാമെന്ന് പറഞ്ഞുകൊണ്ടാണ് ഗ്രന്ഥകാരന് രചന മുഴുമിപ്പിക്കുന്നത്. നമുക്കും ആ പ്രത്യാശകളുടെ ഓളങ്ങളിലൂടെ ജീവിത വായനകളെ ഒഴുക്കാം…
നിസാമുദ്ദീന്‍ പുഴക്കാട്ടിരി