വൈജ്ഞാനിക സംസ്കാരിക ഔന്നിത്യം പ്രാപിച്ച് കേരളീയ ജനതക്കിടയില്‍ നിന്ന് പോലും നിയമം മൂലം നിരോധിക്കപ്പെട്ട സ്ത്രീധന ദുരാചാര സമ്പ്രദായത്തിന്‍റെ ഇരകളാക്കപ്പെട്ട ജീവിതം നടുക്കുന്ന അനേകം വേദനിപ്പിക്കുന്ന സംഭവങ്ങള്‍ സര്‍വ്വ വ്യാപകമാവുകയാണ്. വരനോടൊപ്പം സുഖമായി വസിക്കാനുള്ള ഭൗതികമായ വസ്തുക്കള്‍ വധുവിന്‍റെ ഭവനങ്ങളില്‍ നിന്ന് ആവശ്യപ്പെടുന്ന പ്രക്രിയയാണ് സ്ത്രീധനം കൊണ്ട് വിവക്ഷിക്കുന്നത്. 1961 മുതല്‍ക്ക് നിയമപ്രകാരം ഈ സമ്പ്രദായം നിരോധിക്കപ്പെട്ടതാണ്. 60 വര്‍ഷത്തോളമായി ഈ നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും ഇന്ന് ഇതിന്‍റെ ഇരകളായി ജീവിതം ദുസ്സഹമാകുന്ന അനേകം ജീവനുകളുണ്ട്. വീടും പറമ്പും വിറ്റ് വാടക വീടുകളിലാകുന്ന ഒട്ടനേകം അച്ഛനമ്മമാര്‍. സ്ത്രീധനം മതിയായി ലഭിക്കാത്തതിന്‍റെ പേരില്‍ ഭര്‍തൃഗൃഹങ്ങളില്‍ നിത്യം പീഢനത്തിനിരയായി കണ്ണീര്‍ പൊഴിക്കുന്ന എത്രയോ പെണ്ണുടലുകള്‍. വില്ലനായി മാറുന്ന പുരുഷാധിപത്യ പ്രവണതകള്‍. വിസ്മയയും അര്‍ച്ചനയും അഖിലയും സുജിതയും ലിജിയും പ്രിയങ്കയുമെല്ലാം സ്ത്രീധനത്തിന്‍റെ പേരില്‍ കണ്ണീര്‍ പൊഴിച്ച സമീപകാല ദുരനുഭവങ്ങളാണ്. സാമ്പത്തിക പരാധീനതകളില്ലാത്ത ഉന്നത വിദ്യഭ്യാസം സ്വയത്തമാക്കിയവര്‍ക്കിടയില്‍ നിന്നാണ് സ്ത്രീധന സമ്പ്രദായത്തിന്‍റെ കൂടുതല്‍ ഇരകളെന്നത് ഏറെ വിസ്മയകരമാണ്. സത്രീവാദികളും പരിഷ്കര്‍ത്താക്കളുമായി സ്വയം ചമയുന്ന ഒക്ത സ്ത്രീകളുടെ അവകാശങ്ങളുമായി പ്രത്യക്ഷമായി മുദ്രാവാക്യങ്ങള്‍ പൊതു സമൂഹത്തില്‍ ഉയര്‍ത്തുമ്പോഴും പരോക്ഷമായി സ്ത്രീധനത്തിന്‍റെ വാഹകരാണ്. സതി സമ്പ്രദായം കേരളീയ ജനതക്കിടയില്‍ നിന്ന് തുടച്ച് നീക്കപ്പെട്ട പുരോഗമനം വാദിക്കുമ്പോഴും സ്ത്രീയെ സാമ്പത്തിക പ്രതീകങ്ങളായി എണ്ണപ്പെടുന്ന മനോഭാവം സമൂഹത്തില്‍ ഇന്നും വ്യാപകമായി തുടര്‍ന്നു വരുന്നു. സ്ത്രീയെ കച്ചവടച്ചരക്കായി കരുതപ്പെടുന്ന സമൂഹത്തിന്‍റെ മനോഭാവം അപലപിക്കപ്പെടേണ്ടതാണ്. സ്ത്രീക്ക് മതിയായ ആദരവും ബഹുമാനവും നല്‍കാന്‍ നാം ബദ്ധശ്രദ്ധരാകേണ്ടതുണ്ട്.
സ്ത്രീധന സംബന്ധമായി സംസാരിക്കുന്നതു പോലും കുറ്റകരമായാണ് നിയമം വിവക്ഷിക്കുന്നത്. 1961ലെ സ്ത്രീധന നിരോധന നിയമവും 2005ലെe Protection
of Women From Domestic Violence Atcഉം ഇത് വ്യക്തമാക്കുന്നു. സ്ത്രീധനം ഡിമാന്‍റ് ചെയ്താല്‍ അത് ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. 2005ലെ നിയമപ്രകാരം ശാരീരിക പീഢനങ്ങള്‍ മാത്രമല്ല മാനസിക പീഢനങ്ങളും ഇതിന്‍റെ പരിധിയില്‍ വരും. ഇസ്ലാമിക രീതിശാസ്ത്രമനുസരിച്ച് വൈവാഹിക ബന്ധം സ്ഥാപിക്കപ്പെടുന്നതോട് കൂടി വധുവിന്‍റെ ചിലവിന്‍റെ ഉത്തരവാദിത്വം പുരുഷനില്‍ നിഷിപ്തമാകും. അവളുടെ ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം ഇവകളെല്ലാം പുരുഷന്‍റെ കടമയായി മാറും. മഹ്റ് പുരുഷന്‍ സ്ത്രീക്ക് നല്‍കല്‍ നിര്‍ബന്ധമായതാണ്.
ലാളിത്യ ബോധത്തില്‍ നിന്ന് തെന്നിമാറി ആഢംബരത്തിന്‍റെയും പണത്തിന്‍റെയും ലേബലില്‍ മനുഷ്യചിന്തകള്‍ അതിരുവിട്ടപ്പോഴാണ് സാമൂഹിക മനോഭാവം വിവാഹത്തോടെ ചുവടായി രൂപാന്തരപ്പെടുത്തിയത്. പണം ആര്‍ജിക്കാനുള്ള കുറുക്കുവഴികളുമായി വിവാഹം പരിണമിച്ചപ്പോള്‍ സ്ത്രീയുടെ സ്വഭാവ നൈര്‍മല്യത്തിനും ധാര്‍മികബോധത്തിനും യാതൊരു പരിഗണയുമില്ലാതെയായി. അറിവിനും തറവാടിത്ത മഹിമക്കും പിന്നെ സ്വത്തിനും സൗന്ദര്യത്തിനുമാണ് നാം കൂടുതല്‍ പ്രാമുഖ്യം നല്‍കേണ്ടത്. സ്വത്തും സൗന്ദര്യവും മാത്രം പരിഗണിച്ചാല്‍ വൈവാഹിക ജീവിതം ഭാസുരമാക്കല്‍ അസാധ്യമായിരിക്കും. അനേകം ദുരനുഭവങ്ങള്‍ നമുക്ക് മുമ്പില്‍ പാഠമേകുന്നുണ്ട്. സമൂഹത്തിന്‍റെ ചിന്താരീതികള്‍ മാറേണ്ടതുണ്ട്. ഇനിയൊരു സ്ത്രീയും സ്ത്രീധന ദുരന്തത്തിന്‍റെ ഭാഗമായി തുണ്ടുകയറില്‍ ജീവനൊടുക്കിക്കൂടാ. ഒരു സ്ത്രീയും വധുവിന്‍റെ വീട്ടുകാരും സ്ത്രീധനത്തിന്‍റെ ഭാഗമായി കണ്ണീരൊഴുക്കി വീടൊഴിയേണ്ട അവസ്ഥ ഉണ്ടാകരുത്. മാറേണ്ടത് നാം ആണ്. നമ്മുടെ ചിന്താ രീതികളാണ്. നമ്മുടെ ഓരോരുത്തരുടെയും മനോഭാവങ്ങള്‍ ആണ് നാം ഓരോരുത്തരും ഇതില്‍ നിന്നൊഴിവാകുമ്പോള്‍ സമൂഹം ഒന്നടങ്കം ഈ കാട്ടാള സമ്പ്രദായത്തിന്‍റെ പിന്തുടര്‍ച്ചകളില്‍ നിന്ന് മുക്തമാകും. വധുവിന്‍റെവീട്ടില്‍ നിന്ന് സ്വതാല്‍പര്യം മക്കള്‍ക്ക് നല്‍കുന്ന ഭൗതിക വസ്തുക്കളൊന്നും പാടെ സ്വീകരിച്ചുകൂടാ എന്നൊന്നുമില്ല. മറിച്ച് നിര്‍ബന്ധിത പ്രവര്‍ത്തനങ്ങളെയാണ് കുറ്റപ്പെടുത്തുന്നത്, സമൂഹത്തില്‍ നിന്ന് തുടച്ചുനീക്കപ്പെടേണ്ടത.് നമ്മുടെ ഓരോ ഉറച്ച ശബ്ദങ്ങളും സ്തീധന മുക്ത നല്ല നാളെകള്‍ക്കായി ഉറച്ച് പൊന്തട്ടെ…
സുഹൈല്‍ കാഞ്ഞിരപ്പുഴ