ഉനൈസ് കിടങ്ങഴി
നിങ്ങള്‍ വസ്ത്രം ധരിക്കുക, തിന്നുകയും കുടിക്കുകയും ചെയ്യുക ദുര്‍വ്യയം ചെയ്യരുത്. (ഖുര്‍ആന്‍)
ഇന്ന് ലോകമനുഷ്യര് നേരിടുന്ന അപകടകരമായ മുഴുവന്‍ പ്രശ്നങ്ങളും മനുഷ്യരുടെ തന്നെ ആര്‍ത്തിയുടെയും ധൂര്‍ത്തിന്റെയും ദുരന്തഫലങ്ങളാണ്. ആര്‍ത്തിയും ധൂര്‍ത്തും വര്‍ധിക്കുന്നതിനനുസരിച്ച് സമൂഹത്തില്‍ അതിക്രമങ്ങളും അരങ്ങേറും. തത്ഫലം ശാന്തിയും സമാധാനവും നഷ്ടപ്പെടുകയും ചെയ്യുന്നു. പരിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു പറഞ്ഞു: ‘സത്യവിശ്വാസികള്‍ ചെലവ് ചെയ്യുമ്പോള്‍ അമിതവ്യയം നടത്തുകയോ പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ മിതമായ മാര്‍ഗം സ്വീകരിക്കുന്നവരാകുന്നു'(അല്‍ ഫുര്‍ഖാന്‍67).
ഏതൊരു കാര്യത്തിലും മിതത്വം പാലിക്കല്‍ കൊണ്ട് നേട്ടമേ ലഭിക്കൂ. നമ്മുടെ സംസാരങ്ങളിലും ചലനങ്ങളിലും ആളുകളോട് ഇടപഴകുമ്പോഴും മിതത്വം പാലിക്കലാണ് ഉത്തമം. മുആദ് ബ്നു ജബല്‍ (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹത്തെ യമനിലേക്ക് അയച്ചപ്പോള്‍ പ്രവാചകര്‍ (സ്വ) പറഞ്ഞത് നിങ്ങള്‍ ആഡംബര ജീവിതം ഒഴിവാക്കുക എന്ന സന്ദേശമായിരുന്നു. ലൗകിക സുഖത്തിന് പോകുന്നവരല്ല അല്ലാഹുവിന്റെ ദാസന്മാര്. അവര്‍ ദുന്‍യാവിനെക്കാള്‍ ആഖിറത്തിനെ സ്നേഹിച്ചവരാണ്. ദുന്‍യാവിലെ ജീവിതത്തെക്കാള്‍ പരലോകത്തിന് മുന്‍ഗണന നല്കുന്ന ആശയമാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്. അതിനര്‍ത്ഥം ദുന്‍യാവിനെ പാടെ ഉപേക്ഷിക്കുക എന്നല്ല. മറിച്ച് നല്ലതും ഹലാലായതുമായ എല്ലാ വിഭവങ്ങളും വിനിയോഗിക്കുകയും അല്ലാഹു നല്‍കിയതില്‍ സംതൃപ്തിപ്പെടുകയുമാണ് വേണ്ടത്. മനുഷ്യന് ഭൂമിയില്‍ ആവിര്‍ഭവിച്ചതിന് ശേഷം എ.ഡി 1800 വരെ ഉപയോഗിച്ച വിഭവങ്ങളുടെ അത്രയും ഇരട്ടിയാണ് കഴിഞ്ഞ 200 വര്‍ഷത്തിനകം ഉപയോഗിച്ചത് എന്ന വസ്തുത നാം തിരിച്ചറിയണം. ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് മലിനജലവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ മൂലം ഓരോ സെക്കന്റിലും ഒരാള്‍ വീതം മരിക്കുന്നുണ്ട്. നൂറുകോടി പേര്‍ക്ക് ശുദ്ധജലം കിട്ടാക്കനിയായി മാറിയിരിക്കുന്നു. ഇസ്ലാം ദുര്‍വിനിയോഗത്തെയും പിശുക്കിനെയും ശക്തമായി എതിര്‍ക്കുകയും ഇതിന് രണ്ടിനുമിടയിലുള്ള മിതവ്യയത്തെ പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യുന്നത്.
മിതവ്യയം എന്ന ആശയത്തിന് പ്രാധാന്യം വര്‍ധിച്ച് വരുന്ന കാലത്താണ് നാം ജീവിക്കുന്നത്. 1999 ല്‍ ആറ് ബില്യണ്‍ ആയിരുന്ന ലോകജനസംഖ്യ 2020 ആയപ്പോഴേക്കും 7.8 ബില്ല്യണ്‍ ആയി വര്‍ധിച്ചു. എന്നാല്‍, പ്രകൃതി വിഭവങ്ങളില്‍ കാര്യമായ വര്‍ധനവ് ഒന്നും ഉണ്ടായിട്ടില്ല. മനുഷ്യന്റെ അമിതോപയോഗം മൂലം വിഭവങ്ങള്‍ തികയാതെ വരികയും ചെയ്യുന്നു. നമ്മുടെ ജീവനെ സ്വാധീനിക്കുന്ന ഘടകമാണ് ഭക്ഷണം. വേണമെന്നതിനപ്പുറം അതിന്റെ ഭോജനരീതിയെ കുറിച്ച് നാം ബോധവാന്മാരല്ല. അനുവദനിയമല്ലാത്ത ഭോജനത്തെ മഹാന്മാര് അത്യധികം ഭയപ്പെട്ടിരുന്നു. ഇന്ന് ലഭിക്കുന്ന ഭക്ഷണങ്ങളില്‍ രുചിയും ഗന്ധവും കൗതുകം കൊള്ളിക്കുന്നുവെങ്കിലും ഇതെല്ലാം ആരോഗ്യത്തിന് ഹാനി വരുത്തുകയാണ്. വിശപ്പറിയാത്തവരാണ് പുതിയ തലമുറ. ഒരു നേരത്തെ പട്ടിണിയകറ്റാന്‍ വകയില്ലാത്തവരായിരുന്നു നമ്മുടെ പൂര്‍വ്വികര്‍ എന്നു നാം വിസ്മരിച്ച് കൂടാ. ആവശ്യത്തിനുള്ള ഭക്ഷണം എന്നതില്‍ നിന്ന് മാറി അലങ്കാരത്തിനുള്ള ഭക്ഷണം എന്ന വ്യവസ്ഥിതിയിലേക്ക് മാറിയിരിക്കുന്നു കാര്യങ്ങള്‍. അതേ സമയം, ലോകത്ത് ഏഴില്‍ ഒരാള്‍ ഉറങ്ങാന്‍ പോകുന്നത് വിശക്കുന്ന വയറുമായാണ്. പാഴാക്കിക്കളയുന്ന ഭക്ഷണം ഉണ്ടെങ്കില്‍ നല്ലൊരു അളവ് പട്ടിണി മാറ്റാന്‍ കഴിയുമെന്ന് ഇത്തരക്കാര്‍ ഓര്‍ക്കണം.
ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്ഗനൈസേഷന് പറയുന്നത് ഓരോ വര്‍ഷവും 1.3 ബില്ല്യണ്‍ ടണ്‍ ഭക്ഷണം പാഴാക്കിക്കളയുന്നുവെന്നാണ്. ഇത് സബ്-സഹാറന്‍ ആഫ്രിക്കയില്‍ മൊത്തം ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യവിഭവങ്ങളുടെ അളവിന് തുല്യമാണ്. നമ്മുടെ വിഭവ വിനിയോഗത്തിലുള്ള അശ്രദ്ധ ഒരു തീരാ ദുരന്തത്തിലേക്കായിരിക്കും കൊണ്ടെത്തിക്കുന്നത്. ഉപഭോഗ സംസ്കാരത്തിന് ഒരു മാറ്റം അത്യാവശ്യമാണ്. ഐക്യരാഷ്ട്ര സഭ കഴിഞ്ഞ വര്‍ഷം മൂന്നു വിഷയമായിരുന്നു അന്താരാഷ്ട്ര വര്‍ഷമായി ആചരിക്കാന്‍ തീരുമാനിച്ചത്. തദ്ദേശീയ ഭാഷാ വര്‍ഷം, പീരിയോഡിക്കല്‍ ടേബിളിന്റെ 150-ാം വാര്‍ഷികം, മിതത്വ വര്‍ഷം എന്നിവയായിരുന്നു അവ. ഇതില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് മിതത്വബോധം ശീലിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തി കൊണ്ടുള്ള മിതത്വ വര്‍ഷാചരണം. അറബി ഭാഷയില്‍ ധൂര്‍ത്തിന് ഇസ്റാഫ്, തബ്ദീര്‍ എന്നീ രണ്ടു പദങ്ങളാണ് ഉപയോഗിക്കാറുള്ളത്. വിനിയോഗത്തില്‍ അതിരു കടക്കുക എന്നാണിതിനര്‍ത്ഥം. യഥാര്‍ത്ഥത്തില്‍ ആഡംബരവും ധൂര്‍ത്തും മനുഷ്യനെ താനല്ലാതാക്കുന്ന തികഞ്ഞ സുഖദാഹിനിയാക്കുകയാണ്. അത് നമ്മുടെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും ഒരു വഴി മുടക്കികളായി പ്രത്യക്ഷപ്പെട്ടേക്കാം. കാലക്രമേണെ നശിക്കപ്പെട്ട നാഗരികതകളുടെ പിന്നിലെ പ്രധാന കാരണവും ആഡംബരവും ധൂര്‍ത്തുമായിരുന്നു. ധൂര്‍ത്തും ആഡംബരവും ജീവിതത്തില്‍ ലയിച്ച ഖാറൂന് തനിക്ക് ലഭിച്ച സമ്പത്തിനെ വേണ്ട വിധം ഉപയോഗിക്കാതെ തിന്മയുടെ വഴിയില്‍ ചിലവഴിച്ചതിന് അല്ലാഹു അവന് നല്കിയ ശിക്ഷക്ക് സമാനമായ സംഭവങ്ങള്‍ നാമിന്ന് കണ്മുന്നില് കണ്ടുകൊണ്ടിരിക്കുകയാണ്. ഖാറൂനേയും അവന്റെ ഭവനത്തെയും അല്ലാഹു ഭൂമിയില്‍ ആഴ്ത്തിക്കളയുകയാണ് ഉണ്ടായത്. ധൂര്‍ത്ത് ദാരിദ്ര്യത്തിലേക്കും അത് വഴി പിശാചിന്റെ മാര്‍ഗത്തിലേക്കും വഴി തെളിക്കും. ധൂര്ത്തന്മാരും അമിതവ്യയത്തിന്റെ വക്താക്കളും തങ്ങളുടെ ധനം ചെലവഴിക്കുന്നത് അധിക പങ്കും ദുര്‍മാര്‍ഗത്തിലും പിഴച്ച മേഖലകളിലുമായിരിക്കും. ഖുര്‍ആന്‍ ഈ വസ്തുത വെളിപ്പെടുത്തുന്നത് എത്ര അര്‍ത്ഥഗര്‍ഭമായിട്ടാണ്. ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് മനുഷ്യനെ തള്ളിവിട്ടാല്‍ എന്ത് തെറ്റും പാപവും അവനെ കൊണ്ട് ചെയ്യിപ്പിക്കാം. ഏറ്റവും വലിയ പാപമായ കുഫ്റും ദൈവനിഷേധവുമെല്ലാം യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ ചെയ്യാനവന് തയ്യാറാകും. ദാരിദ്ര്യം പിശാചിന്റെ ആയുധവും കളിപ്പാട്ടവുമാണെന്ന് ഖുര്‍ആന്‍ സമര്‍ത്ഥിക്കുന്നു. ‘ശൈത്വാന് നിങ്ങളെ ദാരിദ്ര്യത്തെ കുറിച്ച് ഭയപ്പെടുത്തുകയും നീചകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹു ആകട്ടെ അവനില്‍ നിന്നുള്ള പാപമോചനവും അനുഗ്രഹവുമാണ് വാഗ്ദാനം ചെയ്യുന്നത്. അല്ലാഹു വിശാല ഹസ്തനും സര്‍വജ്ഞനുമാകുന്നു'(അല്‍ ബഖറ: 268). നിങ്ങള്‍ ദൈവിക മാര്‍ഗത്തിലൂടെ നിങ്ങള്‍ക്ക് ദാരിദ്ര്യം പിടിപെടുമെന്ന് ഭയപ്പെടുത്തിയാണ് പലപ്പോഴും ഇബ്ലീസ് അവന്റെ മാര്‍ഗത്തിലേക്ക് മനുഷ്യനെ തെളിച്ച് കൊണ്ട് പോകുന്നത്. എന്നാല്‍ അവന്റെ മാര്‍ഗത്തിലൂടെ സഞ്ചരിക്കാന്‍ ഒരുമ്പെട്ടാല്‍ അത് അപഥസഞ്ചാരമായി മാറുകയും ക്ഷേമത്തിന്റെയും ഐശര്യത്തിന്റെയും പകരം കൊടും നാശവും മഹാവിപത്തും മനുഷ്യനെ തേടിയെത്തുകയും ചെയ്യും. സമ്പത്ത് എത്രയുണ്ടായാലും എന്ത് ജീവിതവിശാലത കൈവന്നാലും എക്കാലവും ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ കഴിയാന്‍ വിധിക്കപ്പെടുന്ന ഒരു ജനവിഭാഗത്തെ പ്രവാചകന് (സ്വ) പരിചയപ്പെടുത്തുന്നുണ്ട്. നിത്യ ദാരിദ്ര്യത്തിന്റെ പടുകുഴിയിലായിരിക്കും അവരെന്നും അഭിരമിച്ച് കൊണ്ടിരിക്കുക. പ്രവാചകന് പറഞ്ഞു: എന്റെ അടിമകളില്‍ ഒരു വിഭാഗമുണ്ട്. അവരെ ദാരിദ്ര്യം വിട്ടൊഴിയുകയില്ല. ഇന്ന്, സമകാലിക സാഹചര്യത്തില്‍ ഇത്തരം ആളുകള്‍ എണ്ണത്തില്‍ നിരവധിയുണ്ട്. അവര്‍ ഉദ്യോഗസ്ഥരും ബിസിനസ് മേലാളരും സാമ്പത്തിക പ്രമാണിമാരുമൊക്കെയായിരിക്കും. എന്നാല്‍ ജീവിതമാസ്വദിക്കാനാകാത്ത വിധം ദാരിദ്ര്യം അവരെ പിടികൂടുന്നു. കാരണം അവരുടെ വരവിനെക്കാളേറെയാണ് അവരുടെ ചെലവ്. 100 നൂറ് രൂപയുടെ നിത്യവരുമാനമുള്ളയാള്ക്ക് 200 രൂപയുടെ നിത്യചെലവുണ്ടാകുന്നു. ജീവിതത്തിലും ഇടപാടുകളിലും ക്രയവിക്രയങ്ങളിലും അവര്‍ മിതത്വം പാലിക്കുന്നില്ല എന്നത് തന്നെ ഇതിനുള്ള കാരണം. കേവലം നൈമിഷിക സുഖത്തിന് വേണ്ടി നാം ചെയ്യുന്ന ദുഷ്പ്രവര്‍ത്തികള്‍ക്കുള്ള പരിണിത ഫലങ്ങള്‍ പ്രകൃതിയില്‍ നിന്ന് തന്നെ അനുഭവിച്ച് കൊണ്ടിരിക്കുകയാണിന്ന്. മനുഷ്യന്റെ കൈകടത്തല്‍ നിമിത്തം കടലിലും കരയിലും നാശം വെളിവായിരിക്കുന്നു.(സൂറത്തു റൂം:41)ം