2021 November-December 2021 November-Decemer Hihgligts Shabdam Magazine ആത്മിയം ലേഖനം

സൂഫി ഗീതങ്ങള്‍; ഈണം വന്ന വഴി

ബാസിത് തോട്ടുപൊയില്‍

സൂഫിപാടിയ കവിതകളാണ് സൂഫി ഗീതങ്ങള്‍. ദിവ്യ പ്രണയത്തിലാണ്ട് രസം പിടിച്ച ഹൃദയാന്തരങ്ങളില്‍ നിന്ന് ഉള്‍ത്തിരിഞ്ഞ് വരുന്ന പരിശുദ്ധ വചനങ്ങളാണവ. റൂമി പാടിയ അദ്ധ്യാത്മിക ലോകത്തിലെ ആശ്ചര്യ ആശയങ്ങളെ ഉള്‍കൊള്ളാനോ തിരിച്ചറിയാനോ നവ കാല ആസ്വാദകര്‍ക്കാവുന്നില്ലെന്നതാണ് സത്യം. ജലാലുദ്ദീന്‍ റൂമിയും ഉമര്‍ ഖയ്യാമും ഹാഫിസും മസ്നവിയും റാബിഅതുല്‍ അദവ്വിയ്യയും തുടങ്ങി സൂഫി ഗീതങ്ങളുടെ ചരട് വലിച്ചു തുടങ്ങിയ മഹത്തുക്കളുടെ ചരിത്ര പശ്ചാത്തലമുണ്ട് ഈ ധാരക്ക്. 11 മുതല്‍ 13 വരെ നൂറ്റാണ്ടുകളില്‍ അറബ്, പേര്‍ഷ്യന്‍ മേഖലകളില്‍ സജീവമായ സൂഫി ഗീതധാര 12ാം നൂറ്റാണ്ടിലാണ് ഇന്ത്യയിലേക്കെത്തിച്ചേരുന്നത്. ചിഷ്തി വഴിയിലൂടെ വന്ന ഈ കലാസ്വാദന രീതികള്‍ അമീര്‍ ഖുസ്രുവിലൂടെ ഉത്തരേന്ത്യയാകെ പടര്‍ന്ന് പന്തലിക്കുകയായിരുന്നു.

അമീര്‍ ഖുസ്രു നിസാമുദ്ദീന്‍ ഔലിയയുടെ ശിക്ഷണത്തിലായിരുന്നു. അറബിയില്‍ നിന്നും പേര്‍ഷ്യയില്‍ നിന്നും കടന്നെത്തിയവരുടെ ചുണ്ടിലും മനസ്സിലും മരുഭൂമികളുടെ പൗരുഷമേറുന്ന ദഫും പേര്‍ഷ്യന്‍ ശോകഛവയും കലര്‍ന്ന ഒറ്റക്കമ്പി വീണയുടെ നാദം നിലനിന്നിരുന്നു. അവിടെയാണ് ഖുസ്രു കവിതക്കും ഗസലിനും ജീവനേകി ഉത്തരേന്ത്യന്‍ സൂഫിസത്തെ ജനകീയമാക്കുന്നത്. ഇന്ത്യ-അറബ്-പേര്‍ഷ്യ-തുര്‍ക്കി സംസ്കാരങ്ങളുടെ മിശ്രിതിങ്ങളെ അവതരിപ്പിച്ച ഖുസ്രുവിലൂടെ ആ നാഗരികതകളത്രയും ചിത്രീകരിക്കപ്പെട്ടു. തുര്‍ക്കിയും പേര്‍ഷ്യനും അറബിയും ഹിന്ദിയും ചേര്‍ത്ത് ഉര്‍ദു എന്ന ഭാഷ തന്നെ ആവിഷ്കരിക്കപ്പെട്ടു. ഖവാലി എന്ന പുതിയ കലാരൂപത്തിന് ജന്മം നല്‍കി. സൂഫി കലയുടെ സുവര്‍ണ കാലഘട്ടം പരിപൂര്‍ണമായും ഖുസ്രു കാലത്തിലായിരുന്നു. ഹാര്‍മോണിയവും തബലയും തുടങ്ങി പശ്ചാത്തല വാദ്യങ്ങളെ വരെ ചേര്‍ത്തുപിടിച്ച് കലാസ്വാദനത്തിന്‍റെ വിഭിന്നമായ അനുഭവം പകരാന്‍ ഖുസ്രുവിനായിട്ടുണ്ട്. ഖുസ്രു ഉര്‍ദു ഭാഷക്കും ഇന്ത്യന്‍ സാഹിത്യത്തിനും സമര്‍പ്പിച്ച വലിയ സംഭാവനകളെപ്പോലെ സൂഫിസം ഉത്തരേന്ത്യക്ക് മൂല്യവത്തായ അനേകം കലാസ്വാദനങ്ങളെ സമ്മാനിച്ചു.

കേരളത്തിലേക്ക്

1972ല്‍ രാമനാട്ടില്‍ ജനിച്ച (തമിഴ്നാട്) സുല്‍ത്താന്‍ അബ്ദുല്‍ ഖാദിറിലൂടെയാണ് ദക്ഷിണേന്ത്യയിലേക്ക് സൂഫി കാവ്യ ധാരയെത്തുന്നത്. തസ്വവ്വുഫിന്‍റെ നാനാ തലങ്ങളിലേക്ക് ആനയിക്കുന്ന ചെന്തമിഴഴകോടെയുള്ള സൂഫി കാവ്യലോകമാണ് ദക്ഷിണേന്ത്യയില്‍ വ്യാപിക്കുന്നത്. കായല്‍പട്ടണത്തിന്‍റെയും കീളക്കരയുടെയും അനുഗ്രഹമുള്ള തമിഴിന് തസ്വവ്വുഫിന്‍റെ യാഥാസ്ഥികതകളിലേക്ക് ആഴ്ന്നിറങ്ങാനാകുമായിരുന്നു.
കേരള സൂഫി കാവ്യങ്ങളെ കുറിച്ച് ഒന്നുകൂടെ വിശാലമായി വിചാരപ്പെടേണ്ടിയിരിക്കുന്നു. കേരളത്തില്‍ പാണ്ഡിത്യവും തസ്വവ്വുഫും മേളിച്ച ഒട്ടനവധി മഹോന്നതര്‍ ജീവിച്ചത് കൊണ്ട് നമ്മുടെ സൂഫിസത്തിന്‍റെ പ്രധാന ഭാഗവും സമുദായത്തിന്‍റെ പണ്ഡിതരിലും മാര്‍ഗദര്‍ശകരിലുമായി നിലക്കൊണ്ടിട്ടുണ്ട്. യമനിലെ ഹള്റമൗത്തില്‍ നിന്നും ബുഖാറയില്‍ നിന്നുമെത്തിയ ജ്ഞാനികളും കര്‍മ്മശാസ്ത്ര പടുക്കളുമായ വലിയൊരു സൂഫി ധാര ഇതില്‍ പെടുന്നുണ്ട്. സര്‍വ്വാംഗീകൃതവും ജനകീയവുമായ ഈ ധാര തന്നെയാണ് കേരള സൂഫിസത്തിന്‍റെ കേന്ദ്രം. അല്ലഫല്‍ അലിഫും ഫത്ഹുല്‍ മൂബീനും മുഹ്യിദ്ദീന്‍ മാലയും തുടങ്ങി അത്ഭുത രചനകളുടെ പരമ്പര തന്നെ ഈ സൂഫി ധാരയില്‍ നിന്ന് ലഭ്യമായിട്ടുണ്ട്.

അല്‍പമകലെ മറ്റൊരു കാവ്യ വൃത്തം കൂടി വളരുന്നുണ്ടായിരുന്നു. അമീര്‍ ഖുസ്രുവിനെപ്പോലെ ആത്മീയാനന്ദങ്ങള്‍ക്കായി കവിതയോടൊപ്പം നാദവും വാദ്യവും ചേര്‍ത്തുവെച്ച് സൂഫി ഗീതങ്ങളുടെ രീതി ശാസ്ത്രത്തില്‍ വിവിധ കാല-വേഷങ്ങളിലേക്ക് അവ്യാഖ്യേയമായ പ്രചോദനങ്ങളാല്‍ കടന്നുവന്ന അവധൂതരായ സൂഫി സഞ്ചാരികളുടെ ധാരയാണത്. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകങ്ങളിലാണ് കേരളത്തിലെ ആധുനിക സൂഫി ഗീത ശാഖക്ക് തുടക്കമാകുന്നത്. മുന്‍കാല മാതൃകയുടെ പകര്‍പ്പ് തന്നെയായിരുന്നു ഇത്. ഇവ രണ്ടു തരത്തില്‍ വര്‍ഗീകരിക്കാനാവും. അറബിയില്‍ രചിക്കപ്പെട്ട മൗലിദ്, മാല, സബീനകള്‍ തുടങ്ങിയ മദ്ഹ്, ജീവചരിത്രങ്ങളെ ഉള്‍പ്പെടുത്തിയ രീതി. മറ്റൊന്ന് ചരിത്രവും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളും ഉള്‍പ്പെടുത്തുന്ന രീതി. മാപ്പിളപ്പാട്ടുകള്‍ ഈ ഇനത്തിലാണ് എണ്ണപ്പെടുന്നത്.

മലയാളത്തിന്‍റെ ആധുനിക സൂഫി കവിയത്രത്തിന് പതാക വഹിക്കുന്നത് ഇച്ച മസ്താന്‍ എന്ന ഇച്ച അബ്ദുല്‍ ഖാദിറായിരുന്നു. 1871ല്‍ കണ്ണൂരിലാണ് ഇച്ച മസ്താന്‍ പിറക്കുന്നത്. സവിശേഷമായ സൂഫി പദാവലികളും ഇതിവൃത്തങ്ങളും ആശയ സമ്പുഷ്ടവും നിറഞ്ഞ ഇച്ചയുടെ രചനകള്‍ മലയാളത്തിന്‍റെ ഉമര്‍ഖയ്യാമെന്ന നാമത്തെ സമ്മാനിക്കുന്നുണ്ട്. ഇച്ചയുടെ വരികള്‍ ഇന്നും കേരളത്തിലുടനീളം പ്രചരിക്കപ്പെടുന്നതും ജനകീയമാക്കുന്നതും വരികളിലെ സവിശേഷതയായി കാണാനാകും. ഇച്ച തുടങ്ങി വെച്ച ആ മഹാ പ്രസ്ഥാനത്തിന് പിന്നീട് മസ്താന്‍ കെ.വി അബൂബക്കര്‍ മാസ്റ്റര്‍, കടായിക്കല്‍ പുലവര്‍ മൊയ്തീന്‍ കുട്ടി ഹാജി, മസ്താന്‍ എസ്.കെ അബ്ദുറസാഖ് ഹാജി തുടങ്ങിയവര്‍ ജീവന്‍ നല്‍കുന്നുണ്ട്.

ഖുര്‍ആനിക ഉപദേശങ്ങളും ഹദീസ് സാരങ്ങളും ദിവ്യ-പ്രവാചക പ്രണയങ്ങളുമാണ് സൂഫി കാവ്യങ്ങളുടെ പ്രധാന ഇതിവൃത്തം. ആധുനിക സമൂഹത്തോട് ഇലാഹി സ്മരണയെ കുറിച്ച് ബോധ്യപ്പെടുത്താന്‍ ഉചിതമായ അവതരണ രീതിയും സമീപന തന്ത്രവും മിക്ക സൂഫി കവിതകളിലും എടുത്തു കാണിക്കുന്നുണ്ട്. ചില സമയങ്ങളിലൊക്കെ വിമര്‍ശനങ്ങളോട് പ്രതികരിക്കാനും ഇവരുടെ കവിതകള്‍ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. പൊന്നാനി കടലോരങ്ങളിലൂടെ പാട്ട്പാടി നടക്കുന്ന അബൂബക്കര്‍ മാഷിനെ മസ്താനെന്ന് പരിഹസിക്കുമ്പോഴാണ് പലരും ഞമ്മളെ മക്കാറാക്ക്ണ് പറയും ഞാനാ ഹഖ് എന്ന് കെ.വി ക്ക് പാടേണ്ടി വരുന്നത്. ഇന്ന് സൂഫി കവിതകള്‍ വേദികളിലെ ജന പ്രിയ ഇനമായി മാറുമ്പോള്‍ ഹൃദയങ്ങളില്‍ നിന്ന് അവതരിച്ച ഈരടികളുടെ ആശയങ്ങളെ സ്പര്‍ശിക്കാന്‍ ഗായകര്‍ക്കോ ആസ്വാദകര്‍ക്കോ സാധിക്കാതെ പോകുന്നുവെന്നത് നഗ്ന സത്യം. റൂമിയും മസ്നവിയും എഴുതിവെച്ച പ്രണയങ്ങളെ തിരിച്ചറിയാന്‍ പോലും കഴിയാത്ത വായനക്കാരുടെ ലോകത്ത് ഇച്ചയുടെയും കെ.വി യുടെയും വരികളും തഥൈവ.

Leave a Reply

Your email address will not be published. Required fields are marked *