നജീബുല്ല പനങ്ങാങ്ങര
പഴങ്ങള്‍ കൊണ്ട് മരച്ചില്ലകള്‍ കനം തൂങ്ങി കുനിയുന്നത് പോലെ സാഗര സമാനം വിജ്ഞാനമുള്ള പണ്ഡിതര്‍ വിനയാന്വിതരായിരിക്കും. വിനയവും ലാളിത്യവും കൈമുതലാക്കി, വിജ്ഞാനത്തിന്റെ നിറകുടമായി അരീക്കോട് മജ്മഇന്റെ ചൂടും ചൂരുമറിഞ്ഞ് ജീവിച്ചു പോയ മഹാമനീഷിയായിരുന്നു ശൈഖുനാ മൈത്ര അബ്ദുല്ല ഉസ്താദ്. ഉസ്താദിനെ കുറിച്ച് പറയാന്‍ ശിഷ്യന്മാര്ക്ക് നൂറ് നാവായിരിക്കും. അവിടുത്തെ ശിഷ്യതം ലഭിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ലെങ്കിലും അവിടുത്തെ ശിഷ്യരില്‍ നിന്നും ഉസ്താദിനെ അനുഭവിക്കാനായിട്ടുണ്ട്. ശിഷ്യന്മാരും ബന്ധുക്കളും നാട്ടുകാരും ജോലിസ്ഥലത്തുള്ളവരും, ആരോട് ഉസ്താദിനെ കുറിച്ച് ചോദിച്ചാലും ആദ്യം പറയുക അവിടുത്തെ വിനയത്തെ കുറിച്ചായിരിക്കും. അഹങ്കാരം എന്തെന്നറിയാത്ത ആള്‍രൂപമായിരുന്നു ഉസ്താദ്. ഏത് ചെറിയ കുട്ടിയോടും വിനയത്തിലും താഴ്മയിലും പെരുമാറും. എല്ലാവരേയും വേണ്ട വിധം പരിഗണിക്കും. ചിരിച്ചുകൊണ്ടല്ലാതെ സംസാരിക്കാന്‍ ഉസ്താദിന് അറിയില്ലായിരുന്നു.
ജനനം, ബാല്യം, കുടുംബം
1936 ഏപ്രില്‍ ഒന്നിനാണ് പതുശ്ശേരി മമ്മദാക്കബിയ്യാത്തുട്ടി ദമ്പതികളുടെ ഇളയമകനായി അബ്ദുള്ള ഉസ്താദ് ജനിക്കുന്നത്. മൈത്രയുടെ മത സാമൂഹിക ചലനങ്ങളില്‍ പുതശ്ശേരി കുടുംബത്തിന് വലിയ പങ്കുണ്ട്. പതുശ്ശേരി മമ്മദാക്ക എന്ന മുഹമ്മദ്ക്ക മൈത്രക്കാര്ക്ക് വേണ്ടപ്പെട്ട ആളാണ്. മത ഭേദമന്യേ നാട്ടിലെ കാരണവരായി എല്ലാ കാര്യങ്ങളിലും മുന്നില്‍ നിന്നു. ചെറിയ രീതിയില്‍ മരക്കച്ചവടം നടത്തി ജീവിതം അല്ലലില്ലാതെ മുന്നോട്ട് കൊണ്ട് പോയി. കുത്തുപറമ്പ് മഹല്ലില്‍പെട്ട കറുപ്പത്തില് ചാലില്‍ സ്വദേശി ചീരാത്തൊടി ബിയ്യാത്തുട്ടിയെ കല്യാണം കഴിച്ചതോടെ ജീവിതത്തിന് പുതിയ അടുക്കും ചിട്ടയും കൈവന്നു. ആ ദാമ്പത്യ വല്ലരിയില്‍ ഒമ്പത് മക്കള്‍ പിറന്നു. നാല് ആണ് മക്കളും അഞ്ച് പെണ് മക്കളും. കോഴിക്കോട് സ്വദേശിനിയായ ഒരു ഭാര്യകൂടിയുണ്ടായിരുന്നു മമ്മദാക്കക്ക്. അവരില്‍ ഒരു മകളുണ്ട്. മമ്മദാക്കയുടെ ഇളയ മകനായിരുന്നു നമ്മുടെ കഥാ പുരുഷന് അബ്ദുല്ല ഉസ്താദ്.
പള്ളിക്കൂടത്തില്‍ ഓത്ത് പഠിക്കാന്‍ അയക്കേണ്ട പ്രായമായപ്പോള്‍ മമ്മദാക്ക മകനെ കുന്നത്ത് പള്ളിയിലേക്കയച്ചു. കുന്നത്ത് ശംഹൂന് മുസ്ലിയാരുടെ ഓത്ത് പള്ളിയില്‍ നിന്നാണ് ഉസ്താദ് ഖുര്‍ആന്‍ ഓതാന്‍ പഠിച്ചത്. പിന്നീട് മദ്രസയില്‍ നിന്നും പത്ത് കിതാബ് ഓതിത്തീര്‍ത്തു. ആണ്‍കുട്ടികള്‍ മാത്രമുണ്ടായിരുന്ന മദ്രസയിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികളെ ജുമുഅത്ത് പള്ളിയിലേക്ക് മാറ്റുകയും ക്രമേണ അത് മൈത്ര പള്ളിദര്‍സായി പരിണമിക്കുകയും ചെയ്തപ്പോള്‍ മീസാന്‍ മുതല്‍ ഖത്വറുന്നദ വരെ ഉസ്താദ് ഓതിയെടുത്തത് അവിടെ നിന്നുമാണ്. പിന്നീട് രണ്ടുവര്‍ഷം കാവനൂര്‍ കാടേരി അബ്ദുല്‍ വഹാബ് ഉസ്താദിന്റെ അടുക്കലും ചേറൂരില്‍ കുറഞ്ഞ കാലവും, കൊടുവള്ളി കളരാന്തിരിയില്‍ വെളിമുക്ക് ഹസന് കുട്ടി മുസ്ലിയാരുടെ ദര്‍സിലും പഠനം നടത്തി. അഞ്ചാം ക്ലാസ് വരെയായിരുന്നു ഉസ്താദിന്റെ ഭൗതിക പഠനം. അക്കാലത്തെ ഒരു ഇടത്തരം കുടംബത്തിന്റെ സാഹചര്യങ്ങള്‍ തുടര്‍പഠനത്തിന് അനുവദിച്ചില്ല. 1962 ലാണ് ശൈഖുന ഉപരിപഠനത്തിനായി ബാഖിയാത്തിലേക്ക് പോകുന്നത്. പര്‍വ്വത സമാനരായ അവിടുത്തെ ഗുരുനാഥന്മാര്ക്കു മുന്നില്‍ മുഴുവന്‍ സംശയങ്ങളുടേയും കെട്ടഴിച്ച് ഓതിപ്പഠിച്ച് 1964 ല്‍ ബാഖിയാത്തില്‍ നിന്നും തഹ്സീലായി.
ബാഖിയാത്തില്‍ നിന്നും ഇറങ്ങിയ ശേഷം ഉസ്താദ് ആദ്യമായി ദര്‍സ് ആരംഭിച്ചത് പൂക്കോട്ടു ചോലയിലായിരുന്നു. ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതയിലും പൂക്കോട്ടുചോലയില്‍ പിടിച്ചു നിന്നു. അസൗകര്യങ്ങളില്‍ പരാതിപ്പെടാതെ നാട്ടുകാരോടെല്ലാം സൗഹൃദം പുലര്‍ത്തി ഉസ്താദ് നാട്ടുകാര്‍ക്ക് വേണ്ടപ്പെട്ടവാനായി ജീവിതം നയിച്ചു. പതിനാല് വര്‍ഷത്തെ സേവനത്തിന് ശേഷം മംഗലാപുരത്തിനടുത്ത് കിനിയയിലേക്ക് കൂടുമാറി. അവിടെ ഒരു വര്‍ഷം സേവനമനുഷ്ഠിച്ചു. തിരിച്ചു വീണ്ടും പൂക്കോട്ടുചോലയില്‍ വന്നു മൂന്നു വര്‍ഷം നിന്നു. നാട്ടുകാര്‍ രണ്ട് ചേരിയായി തിരിഞ്ഞ് കലഹിക്കുന്ന പ്രക്ഷുബ്ധമായൊരു അന്തരീക്ഷത്തിലാണ് കാപ്പാടിലേക്ക് ഉസ്താദ് സേവനമേറ്റെടുത്ത് കടന്നുവരുന്നത്. ഉസ്താദിനല്ലാതെ മറ്റൊരാള്‍ക്കും അവിടെ പിടിച്ചു നില്ക്കാന് സാധ്യമല്ലായിരുന്നുവെന്ന് ശിഷ്യന്മാര് സാക്ഷ്യപ്പെടുത്തുന്നു.
കയ്യില്‍ മാന്ത്രികവടിയൊന്നുമില്ലാതെ ആര്‍ക്കും സങ്കല്പിക്കാന് പോലും കഴിയാത്ത വിനയവും തന്ത്രങ്ങളും കൊണ്ട് ഉസ്താദ് ആ നാടിനെ മാറ്റിമറിക്കുകയായിരുന്നു. ആരോടും പകയും വിദ്വേഷവുമൊന്നുമില്ലാതെ ആ വലിയ മനുഷ്യന് എല്ലാവരുടേയും ഉസ്താദായി ജീവിച്ചു കാണിച്ചു. നാടിനും നാട്ടാര്‍ക്കും ഏറ്റവും മസ്ലഹത്തായ ഒരു തീരുമാനമായിരുന്നു ഉസ്താദ് കൈകൊണ്ടിരുന്നത്. ഇത് നാട്ടുകാര്‍ക്ക് പുതിയൊരനുഭവമായിമാറി. ക്രമേണ പിണങ്ങി നിന്നവര്‍ക്കിടയിലെ ഉറപ്പുള്ള പാലമായി ഉസ്താദ് മാറി.
കാപ്പാട് നിന്നും ഉസ്താദിനെ അരീക്കോട് മജ്മഇല്‍ എത്തിക്കുക എന്നത് വലിയ പ്രയത്നം തന്നെയായിരുന്നു. അവിടുത്തെ നാട്ടുകാരെ മുഴുവന്‍ പറഞ്ഞ് ബോധ്യപ്പെടുത്തി സമ്മതം വാങ്ങേണ്ടിയിരുന്നു. മരണം വരെ ഉസ്താദിനെ വേണമെന്ന നിര്‍ബന്ധമുണ്ടായിരുന്ന നാട്ടുകാര്‍ക്ക് ഇല്മ് കൈമാറ്റം ചെയ്യേണ്ടതിന്റെ ആവശ്യകതയെ ഓര്‍മ്മപ്പെടുത്തി മജ്മഇലേക്ക് കൊണ്ടുവരാന്‍ വടശ്ശേരി ഉസ്താദ് കുറേയേറെ ബുദ്ധിമുട്ടിയിട്ടുണ്ട്. വാര്‍ദ്ധക്യത്തിന്റെ അവശതകളൊന്നും കാണിക്കാതെ മൈത്രയില്‍ നിന്നും കാല്‍നടയായി തന്നെ മജ്മഇല്‍ വന്ന് ഉസ്താദ് ദര്‍സ് നടത്തി. ശീതീകരിച്ച റൂമും, ബെഡും, കട്ടിലുമൊക്കെയുണ്ടായിട്ടും അതൊന്നുമുപയോഗിക്കാതെ ഉസ്താദ് നിലത്ത് പുല്പായ വിരച്ച് തലയണയിലേക്ക് ചിരിയിരുന്ന് കിതാബോതിക്കൊടുത്തു. ഉസ്താദ് വന്നതിന് ശേഷം എല്ലാ പുതിയ ബാച്ചുകാര്‍ക്കും കിതാബ് തുടങ്ങി കൊടുത്തിരുന്നത് ശൈഖുന തന്നെയായിരുന്നു. ആ തുടക്കത്തിന്റെ ബറകത്ത് ലഭിച്ചവരെല്ലാം അവരുടെ അനുഭവങ്ങള്‍ അയവിറക്കും.