മുഹ്സിന കുരുകത്താണി
ഇടവഴിലൂടെ സഞ്ചരിക്കുമ്പോള്‍ കാണുന്ന ആ ചെറിയ വീട്ടിലാണ് താമസം. വാര്‍ധക്യത്തിന്‍റെ മുരടിപ്പില്‍ ആ വീട്ടിലെ ഒരു കാവലായി തനിച്ചു കഴിയുന്നു. തോരാത്ത മഴയത്ത് ഓര്‍മയുടെ താളുകള്‍ പിറകോട്ട് മറിച്ചു. അശ്രുക്കളോടെ വേദനിക്കുന്ന ഹൃദയത്തെ സമാധാനിപ്പിക്കാന്‍ ഉറ്റിവീഴുന്ന കണ്ണുനീര്‍ മാത്രം. അന്ന് ഇക്ക മരിച്ചപ്പോള്‍ സല്‍മാനും സലീമും ചെറിയ കുട്ടികളായിരുന്നു. അവര്‍ക്കു വേണ്ട ഭക്ഷണം പോലും കിട്ടാതെ കരയുമ്പോള്‍ അടുത്ത വീട്ടിന്ന് സുബൈദ തന്ന കഞ്ഞി മുക്കിക്കൊടുത്തും വിശപ്പകറ്റിയ കാലം. മറ്റുള്ളവരുടെ വീട്ടിലേക്ക് പണിക്കു പോയി കിട്ടുന്ന കാശുകൊണ്ട് പഠിപ്പിക്കുകയും ചെയ്തു. അങ്ങിനെ അവരിന്ന് വലുതായി വലിയ ജോലി കിട്ടി. മലേഷ്യയിലായിരുന്നു രണ്ടുപേരും. പിന്നെ എന്‍റെ നിര്‍ബന്ധം കൊണ്ട് പെണ്ണുകെട്ടി രണ്ടുപേരും. പക്ഷെ നമ്മുടെ വീട്ടിലേക്ക് അവര്‍ക്ക് വരാനുള്ള മടി കൊണ്ട് അവരെ മലേഷ്യയിലേക്ക് തന്നെ താമസം മാറ്റി. ആദ്യമൊക്കെ ഇടയ്ക്കിടക്ക് വന്നിരുന്നു. ഇപ്പൊ അവര്‍ക്ക് ജോലിത്തിരക്കും മറ്റും പറഞ്ഞ് വിളിക്കാറേയില്ല. ഇപ്പൊ ഞാന്‍ വിളിക്കുമ്പോ ഉമ്മക്കുള്ള പൈസ അയച്ചിട്ടുണ്ടെന്ന് പറഞ്ഞു വെക്കും. കണ്ണുനീരുകളാല്‍ ഞാന്‍ അലിഞ്ഞു ചേരും. ഹൃദയത്തിന്‍റെ വേരറ്റപോലെ.
സല്‍മാന്‍ ഇന്ന് രണ്ട് കുട്ടികളുണ്ട്, സലീമിനൊരാളും. ഇതുവരെ അവരെ ഒരുനോക്കു പോലും കാണാന്‍ കഴിഞ്ഞിട്ടില്ല. മടിയില്‍ വെച്ച് ലാളിക്കാന്‍ ഞാനാഗ്രഹിച്ചേറെ. എന്നും ഞാന്‍ അവരെ കാത്തിരിക്കും. ഒരു ദിനമെങ്കിലും അവരെത്തുമെന്ന പ്രതീക്ഷയോടെ. എന്താന്നറിയില്ല ശരീരമാകെ കുഴഞ്ഞരവസ്ഥയായിട്ട്. രണ്ട് ദിവസമായി ക്ഷീണം കൊണ്ട് വിരിച്ച പായയില്‍ നിവര്‍ന്നു കിടന്നു വേദന കൊണ്ട് തിരിഞ്ഞും മറിഞ്ഞും കൊണ്ടിരുന്നു. പതിയേ കണ്ണുകള്‍ അടഞ്ഞു പോയ പോലെ. കാലുകള്‍ ചലനമറ്റ പോലെ.
ഒരിക്കലും തിരിച്ചുവരാന്‍ കഴിയാത്ത ഒരു നിദ്രയിലാണ്ടു.