സുഹൈല്‍ കാഞ്ഞിരപ്പുഴ
പൈശാചിക ദുര്‍ബോധനങ്ങളാണ് മനുഷ്യചിന്തകളെ നന്മയുടെ നല്ല പാതയില്‍ നിന്ന് വ്യതിചലിപ്പിക്കുന്നത് ഏതൊരു മനുഷ്യനും നന്മയിലായി ജീവിതത്തെ സാര്‍ത്ഥകമാക്കണമെന്നാണ് ആഗ്രഹിക്കാറുള്ളത്. പക്ഷെ മനുഷ്യന്‍റെ ജന്മ ശത്രുവായ പിശാച് നേരിന്‍റെ വഴിയില്‍വിലങ്ങുസൃഷ്ടിച്ച് ഊണിലും ഉറക്കത്തിലും അവന്‍ തന്ത്രങ്ങള്‍ നെയ്തുകൊണ്ടിരിക്കുന്നു. രക്തം സഞ്ചരിക്കുന്നിടങ്ങളിലെല്ലാം പിശാച് സ്വാധീനം സാധ്യമാക്കുന്നുവെന്ന പ്രവാചാകാധ്യാപനം ഏറെ പ്രസക്തമാണ്. ‘ഖരീന്‍’ അഥവാ വേര്‍പിരിയാത്ത സന്തത സഹചാരി എന്നാണ് പിശാചിന് സ്രഷ്ടാവ് നല്‍കിയ വിശേഷണം.
മൂസാനബിയുടെ സമൂഹത്തിലെ ഇലാഹി പ്രേമത്തിലായി ജീവിതം നയിച്ച പരിത്യാഗിയും മഹാജ്ഞാനിയുമായിരുന്നു ബര്‍ശ്വിശാ. അദ്ദേഹത്തിന്‍റെ മുമ്പില്‍ ഇബ്ലീസിന്‍റെ മഹാ കുതന്ത്രങ്ങള്‍ പോലും ദയനീയമായി പരാജയപ്പെട്ടുകൊണ്ടിരുന്നു. ഇത് ഇബ്ലീസിനെ ക്ഷുഭിതനാക്കി മാറ്റി. ബര്‍ശ്വിശയുടെ മാര്‍ഗ്ഗ ഭ്രംഷത്തിനായുള്ള പോംവഴികള്‍ തന്‍റെ അനുയായികളോട് ആരാഞ്ഞ് കൊണ്ടിരുന്നു. ധിക്കാരിയും തെമ്മാടിയുമായ തന്‍റെ അനുയായികളിലെ വെള്ളാടിയെന്ന പിശാച് ഈ ദൗത്യംആവേശപൂര്‍വ്വംഏറ്റെടുത്തു. ബര്‍ശ്വിശ തന്‍റെ പര്‍ണശാലയില്‍ ആരാധനയില്‍ മുഴുകിയ സമയം വലിയ താടിയും നീളന്‍ ജുബ്ബയും ധരിച്ച് വലിയ ഒരു പൂരോഹിതന്‍റെ രൂപത്തില്‍ വെള്ളാടി അവിടെയെത്തി. അദ്ദേഹം ബര്‍ശ്വിശയെ നീട്ടിവിളിച്ചു. ആരാധനയില്‍ മുഴുകിയിരുന്ന ബര്‍ശ്വിശ പ്രത്യുത്തരം നല്‍കിയില്ല. തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞ വെള്ളാടി പര്‍ണശാലയുടെ അകത്ത് കയറി നിസ്കാരത്തില്‍ മുഴുകി. നിസ്കാരം കഴിഞ്ഞ ബര്‍ശ്വിശ കണ്ടത് ഭക്തനായ പുരോഹിതനയെയാരുന്നു. തങ്ങളോടൊപ്പം സഹവസിച്ച് പരിത്യാഗിയായി ജീവിതം ഭാസുരമാക്കണമെന്ന് വെള്ളാടി ബര്‍ശ്വിശയോട് ആഗ്രഹം പ്രകടിപ്പിച്ചു. ബര്‍ശ്വിശ ആദ്യമൊക്കെ പൂര്‍ണമായും അത് നിരസിച്ചു. തന്നോടൊപ്പമുള്ള നാല്‍പത് ദിവസത്തെ ആരാധനാ കര്‍മ്മങ്ങള്‍ വിലയിരുത്തി അതിന് സമ്മതിച്ചു. ഭക്തി നിര്‍ഭരമായ പുരോഹിതന്‍റെ ജീവിതം കണ്ട് അതിശയിച്ചു. തന്ത്രങ്ങള്‍ ഫലിക്കുന്നുണ്ടെന്ന് ബോധ്യമായ വെള്ളാടി അടവുകള്‍ ഓരോന്നും പയറ്റിത്തുടങ്ങി. അല്‍പ ദിവസത്തിനു ശേഷം വെള്ളാടി മറ്റൊരു സ്ഥലത്തേക്ക് പോകുകയാണെന്നും ഇത്രയുംകാലംതാമസിപ്പിച്ചതിനു പ്രതിഫലമായി ഒരു പ്രാര്‍ത്ഥന പറഞ്ഞു തരാമെന്നും പറഞ്ഞു. പക്ഷെ ബര്‍ശ്വിശ അത് നിരസിച്ചു. നിര്‍ബന്ധ പൂര്‍വ്വംവെള്ളാടി പ്രാര്‍ത്ഥന പറഞ്ഞുകൊടുത്തു.
ബര്‍ശ്വിശയുടെ ദിവ്യതയെ സംബന്ധിച്ചും ഫലപ്രദമായ ചികിത്സയെ സംബന്ധിച്ചും വെള്ളാടി നാട്ടിലാകെ പരത്തി. അങ്ങനെ ഒട്ടനേകം നിരാലംബരായ വേദനിക്കുന്ന ജനജീവിതങ്ങള്‍ക്ക് ബര്‍ശ്വിശ ആശ്വാസത്തിന്‍റെ മന്ത്രമായി മാറി. അങ്ങനെവെള്ളാടി തന്ത്ര പൂര്‍വ്വം അനേകം പേരെരോഗികളാക്കുകയും ബര്‍ശ്വിശയുടെ അടുക്കലേക്ക് അയക്കുകയുംചെയ്തു. ഒരിക്കല്‍ ബനൂ ഇസ്റാഈലില്‍ നിന്നുള്ള അതിസുന്ദരിയായ രാജാവിന്‍റെ മകളെയും വെള്ളാടി രോഗിയാക്കി ബര്‍ശ്വിശയുടെ അടുക്കലെത്തിച്ചു. ബര്‍ശ്വിശ ചികിത്സിക്കുന്നതില്‍ നിന്നും വിട്ടുമാറി. പക്ഷെ ചികിത്സയെ പ്രതീക്ഷിച്ച് രാജാവ് പര്‍ണശാലക്ക് സമീപം വീടൊരുക്കി. അങ്ങനെയൊരിക്കല്‍ പ്രാര്‍ത്ഥനയില്‍ നിന്ന് വിരമിച്ച ബര്‍ശ്വിശ ആ സുന്ദരിയെ കണ്ടു. കണ്ണുകളില്‍ പ്രണയാഗ്നി കത്തിജ്വലിച്ചു. പെട്ടന്നവള്‍ ബോധരഹിതയായി ബര്‍ശ്വിശയുടെ മുമ്പില്‍ വീണു. ബര്‍ശ്വിശ അവളുടെയടുത്തെത്തി പ്രാര്‍ത്ഥനാ മന്ത്രങ്ങളുരുവിട്ടു. അവള്‍ പൂര്‍വ്വ സ്ഥിതി പ്രാപിച്ചു. പിന്നീടൊരിക്കലും സമാനമായി ബോധരഹിതയായി. അവളുടെ അടുക്കലേക്ക് ഓടിയെത്തി. അര്‍ധ നഗ്നമായി കിടക്കുന്ന സുന്ദരി. മൊസകതിയില്‍ കണ്ണുകള്‍ കത്തിജ്ജ്വലിച്ചു. ആഗ്രഹത്തിന്‍റെവേലിയേറ്റങ്ങള്‍ കിളര്‍ത്തു. പിശാചിന്‍റെ മൂര്‍ത്ത പ്രേരണയാല്‍ലൈംഗീകതയുടെ ആസ്വാദന ലോകത്തിലലിഞ്ഞു. ഈ ലൈംഗീകാസ്വാദനം പതിവായി തുടര്‍ന്നു. അവള്‍ ഗര്‍ഭവതിയായി. അപമാനത്തിന്‍റെ ചിന്തയില്‍ ബര്‍ശ്വിശ അവളെ കൊന്ന് കുഴിച്ച് മൂടി. അങ്ങനെ രാജാവ് ബര്‍ശ്വിശയെതൂക്കിലേറ്റാന്‍ വിധിച്ചു. തൂക്കുകയര്‍ സജ്ജമായി. തൂക്കിലേറ്റാന്‍ നിമിഷങ്ങള്‍ മാത്രം. പെട്ടന്നതാ വെള്ളാടി പ്രത്യക്ഷപ്പെടുന്നു. നീ കാരണം സമൂഹത്തിനൊന്നടങ്കം അപമാനമുണ്ടായി. അക്കാരണത്താല്‍ എനിക്ക് സൂജൂദ് ചെയ്യണം. അങ്ങനെ ബര്‍ശ്വിശ വെള്ളാടിയുടെ മുമ്പില്‍ സൂജൂദ് ചെയ്തു. അങ്ങനെ നീണ്ട എഴുപതാണ്ടുകള്‍ ഭക്തി നിര്‍ഭരമായ ജീവിതം നയിച്ച ബര്‍ശ്വിശ കൊടും പാപമായ ശിര്‍ക്കില്‍ അകപ്പെട്ട് അന്ത്യം വരിച്ചു. ലോക പരിത്യാഗി ശിര്‍ക്കിന്‍റെ വാഹകനായി. ലോക സാഹിദിന്‍റെ ഒടുക്കം ഇബ്ലീസിന്‍റെകെണി വലകള്‍ക്കെതിരെവിശ്വാസികള്‍ എത്രത്തോളം കരുതിയിരിക്കേണ്ടതിന്‍റെ ആവശ്യകതയെ സംബന്ധിച്ചുള്ള വലിയ വിചാരപ്പെടുത്തലുകളാണ് വിളിച്ചോതുന്നത്.
ആകാശഭൂമികളും അനന്തകോടി നക്ഷത്രങ്ങളും സൃഷ്ടിച്ച ശേഷം വാനലോക വാസത്തിനായ് പ്രകാശ ജീവികളായ മലക്കുകളെ സൃഷ്ടിച്ചു. ശേഷം ഭൂവാസത്തിനായി ഭൂമിയിലെ വിവിധങ്ങളായ മണ്ണുകളുപയോഗിച്ച് മനുഷ്യരെ നിര്‍മിച്ചു. മലക്കുകളെക്കാരുപരിസര്‍വ്വ വിജ്ഞാനങ്ങള്‍ പ്രഥമ മനുഷ്യനായ ആദമിന് അല്ലാഹു പകര്‍ന്ന് നല്‍കി. മലക്കുകള്‍ക്ക് ആ ജ്ഞാനങ്ങള്‍ പഠിപ്പിക്കാന്‍ സ്രഷ്ടാവ് കല്‍പിച്ചു. അങ്ങനെ മലക്കുകള്‍ക്ക് അറിവ് പകര്‍ന്ന് നല്‍കിയത് കാരണം ആദരവിന്‍റെ സുജൂദ് ഗുരുവിന് ചെയ്യാന്‍ ആജ്ഞാപിച്ചു. മലക്കുകളെല്ലാം സ്രഷ്ടാവിന്‍റെ ആജ്ഞ പ്രകാരംസൂജൂദ്ചെയ്തു. പക്ഷെ അഗ്നികൊണ്ട് സൃഷ്ടിച്ച മലക്കുകളുടെ നേതാവായ അസാസില്‍ മാത്രം തന്‍റെ അഹങ്കാരവും അനുസരണക്കേടും കൊണ്ട് സ്രഷ്ടാവിന്‍റെ കല്‍പനയില്‍ നിന്ന് പിന്മാറി, സൂജൂദ് ചെയ്യാന്‍ വിസമ്മതിച്ചു. തത്ഫലമായി പുനര്‍ജന്മനാള്‍ വരെയും അല്ലാഹുവിന്‍റെ കോപത്തിനും ശാപത്തിനുമിരയായി. അധികാരങ്ങളും അനുഗ്രഹങ്ങളും പദവികളും നഷ്ടമായി. അങ്ങനെ തന്‍റെ പതനത്തിനു കാരണമായ മനുഷ്യനെ തെറ്റിക്കാന്‍ ഇബ്ലീസ് പ്രതിജ്ഞയെടുത്തു. ഒന്നാനാകാശത്ത് ഇബ്ലീസിനെ അബിദത്തെന്നും രണ്ടാനാകാശത്ത് സാഹിദെന്നും മൂന്നാനാകാശത്ത് ആരിഫെന്നും നാലാമാകാശത്ത് വലിയ്യെന്നും അഞ്ചില്‍ തഖിയ്യെന്നും ആറില്‍ ഖാസിലെന്നും ഏഴില്‍ അസാസില്‍ എന്നുമായിരുന്നു അറിയപ്പെട്ടിരുന്നത്. എന്നാല്‍ ലൗഹുല്‍ മഹ്ഫൂളില്‍ ഇബ്ലീസ് എന്ന് തന്നെ രേഖപ്പെട്ടു. മനുഷ്യന്‍ കാരണമായി തനിക്കുവന്ന ദുര്‍ഗതിയില്‍ പ്രതികാരാഗ്നിയുമായി മനുഷ്യന്‍റെ സല്‍സരണിയില്‍ വിലങ്ങു തടിയായി തിന്മയുടെ പ്രേരകനായി ഇബ്ലീസ് രൂപം പ്രാപിച്ചു.
തബര്‍, അഅ്ബര്‍, മസൂത്ത്, ദാസിം, സല്‍കമ്പൂര്‍ എന്നിങ്ങനെ അഞ്ച് സന്താനങ്ങളാണ് ഇബ്ലീസിനുള്ളത്. മനുഷ്യനില്‍ അപകടങ്ങള്‍ ആഗതമായാല്‍ ജാഹിലിയ്യ വിലാപങ്ങള്‍ നടത്താന്‍ മനുഷ്യനെ പ്രേരിപ്പിക്കലാണ് തബറിന്‍റെ കര്‍ത്തവ്യം. വ്യഭിചാര ചിന്തകളിലേക്ക് മനുഷ്യനെ വഴിനടത്താന്‍ അഅ്ബറും കളവ് പറയാന്‍ പ്രേരിപ്പിക്കുന്നത് മസൂത്തും അങ്ങാടികളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് സല്‍കബുറുമാണ്. ഇങ്ങനെ വിവിധങ്ങളായ ചുമതലകള്‍ വഹിക്കുന്ന പതിനായിരക്കണക്കിന് പിശാചുക്കളുണ്ട്.
ജനങ്ങളുടെ ഹൃദയത്തില്‍ പിശാച് തുമ്പിക്കൈ വെച്ചുകൊണ്ടിരിക്കും. അല്ലാഹുവിനെ സ്മരിച്ചാല്‍ അവന്‍ പിന്തിരിഞ്ഞ് പോകും. അല്ലാഹുവിനെ മറന്നാല്‍ അവന്‍ ചിന്തകളില്‍ ആഴ്ന്നിറങ്ങി തിന്മയുടെ ദുര്‍ഗന്ധ പാത ഒരുക്കിക്കൊണ്ടേയിരിക്കും. പൈശാചിക വലയങ്ങളെ സംബന്ധിച്ച് കൃത്യമായ കാഴ്ച്ചപ്പാട് ഓരോവിശ്വാസികളുടെയും മനതലങ്ങളില്‍ ഉണ്ടായിരിക്കല്‍ അനിവാര്യമാണ്.
ആദിമ മനുഷ്യനായ ആദം നബി (അ)മിനെ സ്വര്‍ഗീയലോകത്ത് നിന്ന് പുറത്താക്കപ്പെടലിന് കാരണമായി മാറിയത് ഇബ്ലീസിന്‍റെ കുതന്ത്രമായിരുന്നു. സ്രഷ്ടാവിന്‍റെ താക്കീതും മുന്നറിയിപ്പും ഇബ്ലീസിനെ സംബന്ധിച്ചു നല്‍കിയിരുന്നെങ്കിലും ഇബ്ലീസിന്‍റെ കെണിവലയില്‍ അകപ്പെട്ട് സ്വര്‍ഗ ലോകത്തു നിന്ന് വിലക്ക് സംഭവിക്കുകയായിരുന്നു. മനുഷ്യനില്‍ ഉടലെടുക്കുന്ന ദേഹേച്ഛകള്‍ പൈശാചികതയുടെ കെട്ടുറപ്പുകളിലേക്ക് മനുഷ്യനെ ആനയിക്കുന്നു. ഇച്ഛയെദൈവികമാക്കിയവനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്ന ഖുര്‍ആനിക വാക്യം ഏറെ പ്രസക്തമാണ്. ബുദ്ധിയുടെ പ്രതിയോഗിയായ ശാരീരിക അനുഭൂതിയെയും ആസ്വാദനങ്ങളെയുമാണ് പിശാച് ചൂഷണം ചെയ്യുന്നത്. ദൈവിക കല്‍പനകളില്‍ നിന്ന് തെന്നിമാറി ഭൗതിക ആഢംബരത്തിലും സുഖലോലുപതയിലും ഭ്രമങ്ങള്‍ പ്രാപിക്കുമ്പോഴാണ് പിശാചിന്‍റെ ദുര്‍ബോധനത്തിന് മൂര്‍ച്ചയേറുന്നത്. ദേഹേച്ഛയും അഹങ്കാരവും അസൂയയും കാമവുമാണ് പിശാച് മനുഷ്യനില്‍ കുത്തിനിറച്ച് പരാജയത്തിന്‍റെ പടുകുഴിയിലെത്തിക്കുന്നത്. ആര്‍ത്തിയും സൗന്ദര്യാരാധനയും വയര്‍ നിറച്ച് ഭോജിക്കലും വ്യക്തി പൂജയും ധന തൃഷ്ണയും ലുബ്ധതയുമെല്ലാം പിശാചിന്‍റെ കെണിവലയുടെ ഭാഗമാണ്. മനുഷ്യനെ വഴിതെറ്റിക്കാനുള്ള വരങ്ങളെല്ലാം പിശാചിന് നല്‍കിയപ്പോള്‍ ആദം നബി (അ) അല്ലാഹുവിനോട് കേണു. നീ ഇബ്ലീസിനെ സൃഷ്ടിച്ച് എന്‍റെയും അവന്‍റെയുമിടയില്‍ ശത്രുത ജനിപ്പിച്ചു. എന്‍റെ സന്താന പരമ്പരയില്‍ സ്വാധീന ശക്തിയും അവന് പകര്‍ന്നു. നിന്‍റെ മഹത്തരമായ കരുണ കൊണ്ടല്ലാതെ പ്രതിരോധിക്കുക അസാധ്യം. അപ്പോള്‍ അല്ലാഹു പറഞ്ഞു: നിന്‍റെ സന്താനങ്ങള്‍ ജനിക്കുമ്പോള്‍ പിശാചിനെ പ്രതിരോധിക്കാന്‍ രണ്ട് മലക്കുകളെ നല്‍കുകയും സല്‍കര്‍മ്മത്തിന് പകരം പ്രതിഫലം നല്‍കുകയും ചെയ്യും. അന്ത്യ ദിനത്തിനു മുമ്പായി നിന്‍റെ ഏതൊരു സന്താനം പാപത്തിനു മേല്‍ ഖേദിച്ചാലും തൗബ സ്വീകരിക്കും.