2022 October-November Hihgligts Latest Shabdam Magazine ഖുര്‍ആന്‍ മതം

അത്ഭുത ഗ്രന്ഥം അമാനുഷികം

മിദ്ലാജ് വിളയില്‍

പ്രവാചകന്‍ അല്‍അമീനായിരുന്നു. അഥവാ വിശ്വസ്തന്‍. ലോകര്‍ക്കാകെ അനുഗ്രഹമായി നിയുക്തതായവര്‍ അങ്ങനെയാവാനേ തരമുള്ളൂ… അനുകൂലികളെന്ന പോലെ പ്രതികൂലികളും അവിടുത്തെ വാനോളം പുകഴ്ത്തി. അവിടുത്തെ സ്വഭാവമഹിമകള്‍ അവരെ ആകര്‍ഷിച്ചു. എന്നാല്‍ അവിടുത്തേക്ക് ദൈവിക ബോധനം അവതരിച്ചതില്‍ പിന്നെ സര്‍വം തകിടം മറിഞ്ഞു. പുകഴ്ത്തുവാക്കുകളോതിയ നാവുകള്‍ തന്നെ വഞ്ചകനും കള്ളനും ഭ്രാന്തനുമൊക്കെയായി മുദ്രകുത്തി തങ്ങളുടെ പിതാക്കളില്‍ നിന്നും പാരമ്പര്യമായി ലഭിച്ച ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും പൂവിട്ട് പൂജിക്കുന്ന വിഗ്രഹങ്ങളെയും ശക്തിയുക്തം എതിര്‍ത്തതില്‍ പിന്നെ പ്രവാചകന്‍ അവരുടെ കണ്ണിലെ കരടായി. അക്രമങ്ങളും കൊടിയ പീഢനങ്ങളുമായി പ്രവാചകരെ അവര്‍ നിരന്തരം ഉപദ്രവിച്ചു. എന്നാല്‍ അവയെല്ലാം ക്ഷമയെന്ന പരിചയാല്‍ സഹിച്ചു. നിരര്‍ത്ഥകമായ അന്ധവിശ്വാസങ്ങളേയും യുക്തി രാഹിത്യം നിറഞ്ഞ നടപടി ക്രമങ്ങളേയും പ്രവാചകര്‍ മുച്ഛൂടം വിമര്‍ശിച്ചു. തന്‍റെ വാക്യങ്ങള്‍ യാഥാര്‍ത്ഥ ദൈവത്തില്‍ നിന്നാണെന്നും അവന് മാത്രമേ ഈ ലോകത്തെ സൃഷ്ടിച്ചു പരിപാലിക്കാന്‍ സാധിക്കൂ എന്നും അവിടുന്ന് നിരന്തരം പ്രഖ്യാപിച്ചു.

തങ്ങളുടെ അഭിമാനത്തിനും വിശ്വാസത്തിനും സംരക്ഷണം അത്യാവശ്യമാണെന്നും എത്ര ആക്രമണങ്ങള്‍ അഴിച്ചു വിട്ടാലും മുഹമ്മദ് അതിനെയെല്ലാം മറികടന്ന് പ്രബോധനഗോദയില്‍ മുന്നോട്ട് കുതിക്കുമെന്നും മക്കയിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. മുളയിലേ നുള്ളിയില്ലെങ്കിലത് വളര്‍ന്നു പന്തലിക്കുമെന്ന ചിന്ത പുതിയ അദ്ധ്യാപനങ്ങളുടെ ആധികാരികതയെ തന്നെ ചോദ്യം ചെയ്യുന്നതിലേക്ക് അവരെ നയിച്ചു. അതുവഴി പുത്തന്‍ പ്രത്യയ ശാസ്ത്രത്തെ നശിപ്പിക്കാമെന്നവര്‍ മനക്കോട്ടകള്‍ പണിതു. ഖുര്‍ആന്‍ മുഹമ്മദ് കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്നും അത് ദൈവത്തിന്‍റെതല്ല എന്നൊക്കെയവര്‍ നിരന്തരം കൊട്ടിഘോശിച്ചു. വെളിപാടുകളൊന്നും ദൈവികമല്ല, അതെല്ലാം മാനുഷികമായ പുലമ്പലുകള്‍ മാത്രമാണ് എന്നവര്‍ പറഞ്ഞു പരത്തി.എന്നാല്‍ വിശുദ്ധമായ ദീനിന്‍റെ ആശയാദര്‍ശങ്ങളും പ്രവാചകത്വത്തിന്‍റെ പൊരുളുകളും കൃത്യമായി വരച്ചിടുന്ന ഖുര്‍ആന്‍ അതിന്‍റെ അമാനുഷികതയെ വിളിച്ചോതുന്നുണ്ട്. “ഇത് (ഖുര്‍ആന്‍) ലോക രക്ഷിതാവ് അവതരിപ്പിച്ചതാണ്. നിശ്ചയം വിശ്വസ്തനായ മലക്ക് അത് താങ്കളുടെ (പ്രവാചകന്‍റെ) ഹൃദയത്തിലേക്ക് എത്തിച്ചു. ലോകര്‍ക്ക് താങ്കള്‍ മുന്നറിയിപ്പ് നല്‍കാന്‍ വേണ്ടി” എന്ന് സാരം വരുന്ന സൂക്തങ്ങള്‍ അതിലൊന്നാണ്. എന്നാല്‍ ശത്രുക്കള്‍ തങ്ങളുടെ വാദഗതിയില്‍ അടിയുറച്ച് നില്‍ക്കുകയും അതിനെ അനുകരിക്കുകയെന്നല്ല. അതിനെ കവച്ചുവെക്കാന്‍ പോലും സാധിക്കുന്ന കേവല മനുഷ്യ സൃഷ്ടി മാത്രമാണെതെന്നു പറഞ്ഞ് കൊണ്ടിരിക്കുകയും ചെയ്തു. ഈയൊരു സന്ദര്‍ഭത്തിലാണ് ഖുര്‍ആന്‍ പറഞ്ഞ “ഏതെങ്കിലും കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ അതിന് തത്തുല്യമായ ഒരു ഗ്രന്ഥം നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവല്ലാതെ ആരെയും നിങ്ങള്‍ക്കതിന് സഹായികളാക്കാം” എന്ന വെല്ലുവിളിയുമായി ഖുര്‍ആന്‍ രംഗത്തുവന്നത്.

അറബി സാഹിത്യ രംഗത്ത് ഉത്തുംഗത കൈവരിച്ചിരുന്ന സാഹിത്യ സാമ്രാട്ടുകളുടെ ഈറ്റില്ലമായ സമൂഹത്തിനെയാണ് ഖുര്‍ആന്‍ വെല്ലുവിളിക്കുന്നതെന്ന് ശ്രദ്ധേയമാണ്. അത് സാഹിത്യകാരില്‍ ഭീതിയുളവാക്കിയെന്നാലും മക്കയിലെ നേതാക്കള്‍ സകല പ്രോത്സാഹനങ്ങളുമേകി അവരെയതിന് പ്രേരിപ്പിക്കുകയും അഭിമാന പ്രശ്നമാണെന്ന് പറഞ്ഞ് അവരെ അതിന് നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ ഖുര്‍ആനിന്‍റെ അത്യപൂര്‍വ്വവും അതുല്യവുമായ സാഹിത്യത്തെ മറികടക്കാനെന്നല്ല, അതിന്‍റെ ഏഴകലത്ത് നില്‍ക്കുന്ന ഒന്നു പോലും രചിക്കാന്‍ തങ്ങള്‍ക്കാവില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. നിരന്തരമുള്ള അബൂജഹലിന്‍റെ നിര്‍ബന്ധം കാരണം വെല്ലുവിളി സ്വീകരിക്കാന്‍ ശ്രമിച്ച വലീദ് ബ്ന്‍ മുഗീറ ഇത് കവിതയല്ല, ഇതിന് മുന്നില്‍ സര്‍വ്വതും നിഷ്പ്രഭം എന്ന് പറഞ്ഞ് അതിന്‍റെ അമാനുഷികതയെ ശരിവെക്കുകയാണുണ്ടായത്. സാഹിത്യ ശ്രേഷ്ഠനായിരുന്ന വലീദ് സൂറത്തുല്‍ കൗസറിന് സമാനാമയ ഏതാനും വരികളെന്ന മട്ടില്‍ ഒരു രചന നിര്‍വ്വഹിച്ച് കഅ്ബയില്‍ തൂക്കി. ഇതു കണ്ട മറ്റുചിലര്‍ അതിനു സമീപം ഖുര്‍ആനില്‍ നിന്നുള്ള മറ്റു ചില സൂക്തങ്ങളും തൂക്കി. രണ്ടും തമ്മിലുള്ള അന്തരവും വ്യത്യാസവും തിരിച്ചറിഞ്ഞ് തന്‍റെ അശക്തതയെ സമ്മതിച്ച് അദ്ദേഹം ഇസ്ലാം ആശ്ലേഷിച്ചു.
ഖുറൈശി പ്രമുഖരായിരുന്ന ഉത്ബത്തും ശൈബത്തും വലീദുമെല്ലാം ഖുര്‍ആന്‍ ഒളിഞ്ഞിരുന്ന് കേട്ട് അതിന്‍റെ വശ്യതയില്‍ സ്വയം മതിമറന്ന് രസിക്കുന്നതിനിടയില്‍ പരസ്പരം കാണുകയും ഇളിഭ്യരായി മടങ്ങുകയും ചെയ്തു. തുടര്‍ന്ന് ഖുര്‍ആന്‍റെ വശ്യതയെ കുറിച്ച് ബോധവാന്മാരായ ഇവര്‍ അണികളെ ഖുര്‍ആന്‍ ശ്രവിക്കലില്‍ നിന്നും തടഞ്ഞിരുന്നിവെന്നും ചരിത്ര താളുകളില്‍ കാണാം. ഇത്തരത്തില്‍ ഖുര്‍ആന്‍റെ വെല്ലുവിളിയെ പ്രതിരോധിക്കാന്‍ ശ്രമിച്ചവരെല്ലാം തോല്‍വി രുചിക്കുകയായിരുന്നു.
ഇവിടെ ഖുര്‍ആന്‍റെ വെല്ലുവിളി തന്നെ തികച്ചും യുക്തിഭദ്രവും വ്യത്യസ്തവുമായിരുന്നു. ഘട്ടം ഘട്ടമായിരുന്നു അത്. പ്രഥമ ഘട്ടത്തില്‍ ‘നബി കെട്ടിച്ചമച്ചുണ്ടാക്കിയതാണ് ഖുര്‍ആന്‍ എന്നാണവര്‍ പറയുന്നത്. എന്നാല്‍ അവര്‍ സത്യവാന്മാരാണെങ്കില്‍ ഇതുപോലെ ഒന്ന് കൊണ്ടുവരട്ടെ’ (സൂറത്ത് ത്വൂര്‍ 33) എന്നായിരുന്നു ഖുര്‍ആന്‍ പ്രഖ്യാപിച്ചത്. ഈ വെല്ലുവിളിയെ തന്‍റേടത്തോടെ നേരിടാന്‍ ഒരാള്‍ പോലുമുണ്ടായിരുന്നില്ല. തുടര്‍ന്ന് ‘നബി കെട്ടിച്ചമച്ചു എന്നാണോ പറയുന്നത്..? എങ്കില്‍ ഇതുപോലെ പത്ത് അധ്യായങ്ങള്‍ അവര്‍ കൊണ്ടുവരട്ടെ.., അല്ലാഹുവിനെയല്ലാതെ നിങ്ങള്‍ സാധിക്കുന്നവരെയെല്ലാം കൂടെ കൂട്ടുക'(ഹൂദ് 13) എന്നാക്കി വെല്ലുവിളി. ‘ഖുര്‍ആനിന് തുല്യമായ ഒരു അധ്യായം കൊണ്ട് വരട്ടെ…അല്ലാഹുവല്ലാതെ ആരെയും അവര്‍ക്ക് സഹായത്തിന് വിളിക്കാം’ (യൂനുസ് 28) എന്നിങ്ങനെ പിന്നീടതില്‍ ലഘൂകരണവും വരുത്തി. എന്നിട്ടുമതിനു നേരെ ചെറുവിരലുയര്‍ത്താന്‍ പോലും ആര്‍ക്കും സാധിച്ചില്ല. അതിനായി പരിശ്രമിച്ചവരെല്ലാം സമൂഹ മധ്യത്തില്‍ നിസ്സാരരായിത്തീരുകയോ പരാജയം സമ്മതിച്ച് ഇസ്ലാം മതത്തിലേക്ക് ചേക്കേറുകയോ ചെയ്തു. കൃത്യമായി മക്ക ജനതയുടെ അപര്യാപ്തതയും ശേഷിക്കുറവും അവര്‍ക്കുതന്നെ ബോധ്യപ്പെടുത്താന്‍ വേണ്ടിയത്രെ ഖുര്‍ആന്‍ ഇത്തരത്തില്‍ ലഘൂകരണങ്ങള്‍ വരുത്തിയത്.
അറേബ്യന്‍ സാഹിത്യകാരന്മാര്‍ എന്നല്ല, ഏതൊരാള്‍ക്കും ഖുര്‍ആന്‍റെ ഈ വെല്ലുവിളിയെ അതിജയിക്കാനാവില്ല. വില്യം മൂര്‍ എന്ന ആധുനിക തത്വശാസ്ത്രജ്ഞന്‍ അതിനായി ശ്രമങ്ങള്‍ നടത്തുകയും പിന്നീട് പരാജയം സമ്മതിച്ച് ംവ്യ ശ ളമശഹലറ എന്ന പേരിലൊരു ഗ്രന്ഥം തന്നെ രചിക്കുകയും ചെയ്തു. ഖുര്‍ആനിന് ഒരു വിവര്‍ത്തനം പോലും സാധ്യമല്ലെന്ന് സമ്മതിച്ച് പിന്മാറിയ മോറിസ് ബുക്കായിയും ബ്രട്ടീഷ് ചാരനായിരുന്ന ഹംഫറുമെല്ലാം ഖുര്‍ആന്‍റെ അമാനുഷികതയെ സമ്മതിക്കുന്നതായി കാണാം. അതു തന്നെയാണ് ഖുര്‍ആന്‍ ശക്തിയുക്തം പ്രഖ്യാപിച്ചതും ‘നബിയെ..പറയുക: മനുഷ്യനും ജിന്നുകളും ഒരുമിച്ച് ചേര്‍ന്നാലും ഈ ഖുര്‍ആന്‍ പോലൊന്ന് കൊണ്ട് വരാന്‍ സാധിക്കുകയില്ല. അവര്‍ പരസ്പരം സഹായിച്ചാല്‍ പോലും'(സൂറത്തുല്‍ ഇസ്റാഅ് 88)
എന്തുകൊണ്ടാണ് ഖുര്‍ആനിന്‍റെ വെല്ലുവിളിയെ അതിജയിക്കാനാവാത്തത് എന്ന കാര്യത്തില്‍ പണ്ഡിതര്‍ ഒരുപാട് കാരണങ്ങള്‍ നിരത്തുന്നുണ്ട്. അറബി സാഹിത്യത്തില്‍ സാമ്പ്രദായികമായി കടന്നുവന്ന പ്രമേയങ്ങളും ബിംബങ്ങളുമെല്ലാം ഒട്ടകം, മാന്‍പേട, രാജാവ്, യുദ്ധം, സ്ത്രീ, മദ്യം എന്നിവയില്‍ പരിമിതമായിരുന്നു. പൊടിപ്പും തൊങ്ങലും നല്‍കി അസത്യത്തിലൂട്ടപ്പെട്ട രചനകളായിരുന്നു മുഖ്യവും. ഇംറുല്‍ ഖൈസ് സ്ത്രീ വര്‍ണ്ണനിയലും ഫറസ്ദഖ് മദ്യ വര്‍ണ്ണനയിലും നാസ്വിറ യുദ്ധ വര്‍ണ്ണനയിലും എന്നിങ്ങനെ അറബി സാഹിത്യകാരന്മാരെല്ലാം അവരുടേതായ വിഷയങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമായിരുന്നു ചെയ്തത്. എന്നാല്‍ ഖുര്‍ആന്‍ തീര്‍ത്തും വ്യത്യസ്തമായിരുന്നു. പൂര്‍ണ്ണാര്‍ത്ഥത്തില്‍ സത്യപ്രസ്താവനകളിലൂടെ അത് ഭാവിയും ഭൂതവും വര്‍ത്തമാനവുമായ സകല കാര്യങ്ങളുടെയും തനതായ ഭാഷയില്‍ അവതരിപ്പിച്ചു. ലോകത്തിന്നു വരെ സംഭവിച്ചതും നിലവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇനി സംഭവിക്കാനുള്ളതുമായ സര്‍വ്വതും അതില്‍ നിക്ഷിപ്തമാണ്. എന്‍റെ ഒട്ടകത്തിന്‍റെ കയര്‍ നഷ്ടപ്പെട്ടാല്‍ ഞാനത് ഖുര്‍ആനില്‍ കണ്ടെത്തുമെന്ന ഇബ്നു അബ്ബാസ് (റ)ന്‍റെ വാദം ഈയൊരു ആശയത്തെയാണ് ദ്യോതിപ്പിക്കുന്നത്.
ഖുര്‍ആനില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ഒരാള്‍ക്കും സാധിക്കില്ല. ആദ്, സമൂദ്, പുരാതന ഈജിപ്ത് എന്നിങ്ങനെ തുടങ്ങി വിവിധ ചരിത്രങ്ങളെയും കഥകളെയും അത് കൃത്യമായി വിശകലനം ചെയ്യുന്നു. അതിന്‍റെ ഉള്ളടക്കത്തിനോട് യോജിച്ച് ശാസ്ത്രവും യുക്തിയും കണ്ടുപിടുത്തങ്ങള്‍ നടത്തുന്നുവെന്നല്ലാതെ യാതൊരു തരത്തിലുള്ള വൈരുദ്ധ്യമോ പിശകുകളോ അതില്‍ കാണാന്‍ സാധിക്കില്ല. തേനീച്ചയിലെ അത്ഭുതങ്ങള്‍, ഗര്‍ഭസ്ഥ ശിശുവിന്‍റെ അടിസ്ഥാനന്തരങ്ങള്‍, പ്രപഞ്ച വികാസം, വിരലടയാളത്തിന്‍റെ വൈവിധ്യം, മഴ പെയ്യുന്ന രീതി എന്നിങ്ങനെ സര്‍വ്വവിധ വിഷയങ്ങളിലും സാമൂഹിക ശാസ്ത്രം, ലൈംഗിക ശാസ്ത്രം, ഭ്രൂണ ശാസ്ത്രം, ശരീര ശാസ്ത്രം, നരവംശ ശാസ്ത്രം, പ്രപഞ്ചോല്‍പത്തി ശാസ്ത്രം, തത്വശാസ്ത്രം, തര്‍ക്ക ശാസ്ത്രം, സംവാദ ശാസ്ത്രം, മനഃശാസ്ത്രം, ജന്തുശാസ്ത്രം, അലങ്കാര ശാസ്ത്രം, ഗണിത ശാസ്ത്രം, അധ്യാത്മക ശാസ്ത്രം, ദൈവ ശാസ്ത്രം, കര്‍മ്മ ശാസ്ത്രം, വിശ്വാസ ശാസ്ത്രം, പദോല്‍പ്പത്തി ശാസ്ത്രം, നിരൂപണ ശാസ്ത്രം..എന്നിങ്ങനെ സകലമാന ശാസ്ത്രങ്ങളും അതിലുള്‍ക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് പല ചിന്തകരും ശാസ്ത്രങ്ങളുടെ ശാസ്ത്രമായി ഖുര്‍ആനിനെ ഗണിക്കുന്നതും. മനുഷ്യരാശി ഒന്നടങ്കം കിണഞ്ഞു പരിശ്രമിച്ചാലും അതിലെ ആശയങ്ങളെ എത്തിപ്പിടിക്കാന്‍ സാധിക്കില്ല. എഴുപത് ഒട്ടകങ്ങള്‍ക്ക് ചുമക്കാവുന്നത്രയും വ്യാഖ്യാനം സൂറത്തുല്‍ ഫാത്തിഹക്ക് നല്‍കാനെനിക്ക് സാധിക്കുമെന്ന അലി (റ)വിന്‍റെ പ്രഖ്യാപനം അതിന്‍റെ ഓരോ അക്ഷരങ്ങളുടെയും പദങ്ങളുടെയും വിശാലമായ ആശയത്തിലേക്ക് സൂചിപ്പിക്കുന്നുണ്ട്. ഇതൊക്കെത്തന്നെയാണ് മറ്റിതര ഗ്രന്ഥങ്ങളില്‍ നിന്നും ഖുര്‍ആനിനെ വ്യതിരക്തമാക്കുന്നതും. ‘പറയുക..എന്‍റെ നാഥന്‍റെ വചനപ്പൊരുളുകള്‍ എഴുതിത്തീര്‍ക്കാന്‍ കടല്‍ മുഴുവന്‍ മഷിയാക്കിയാല്‍ അത് വരണ്ടുപോകും, മറ്റൊരു കടല്‍ കൂടി വെച്ചു തന്നാലും'(കഹ്ഫ് 103) എന്ന പ്രപഞ്ചനാഥന്‍റെ പ്രഖ്യാപനം എത്ര സത്യം.
വരും കാലത്തെ കുറിച്ചുള്ള ഖുര്‍ആന്‍റെ പ്രവചനങ്ങള്‍ ശ്രദ്ധേയമാണ്. കേവലം പൊടിപ്പും തൊങ്ങലും വെച്ചുകെട്ടുകളും നടത്തി ജോത്സ്യന്മാരെ പോലുള്ള അല്‍പന്മാര്‍ നടത്തുന്ന ചെപ്പടി പ്രവചനങ്ങളല്ല. പകല്‍ പോലെ പുലരുന്ന കൃത്യമായ പ്രവചനങ്ങള്‍. റോമക്കാര്‍ തോല്‍പ്പിക്കപ്പെട്ടിരിക്കുന്നു അടുത്ത നാട്ടില്‍ വെച്ച് തങ്ങളുടെ പരാജയത്തിന് ശേഷം അവര്‍ വിജയം നേടുന്നതാണ് എന്ന സൂറത്തു റൂമിലെ സൂക്തങ്ങള്‍ അതില്‍ നിന്നുള്ളൊരു ഉദാഹരണം മാത്രം. പ്രവചനങ്ങളെല്ലാം അതേപടി പുലര്‍ന്നതിന് ചരിത്ര താളുകള്‍ സാക്ഷിയാണ്.
ഖുര്‍ആനിന്‍റെ പദവിന്യാസത്തിലും അതിന്‍റെ കോര്‍വ്വയിലും അമാനുഷികത നിരീക്ഷിക്കുന്ന പണ്ഡിതരും അനവധിയുണ്ട്. തീര്‍ത്തും പരിചിതമായ പദങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി ആശയങ്ങളത്രയും ഹൃത്തിലേക്ക് കിനിഞ്ഞിറങ്ങുന്ന രീതിയിലാണ് അത് വിന്യസിരിച്ചിരിക്കുന്നത്. യാതൊരു വിധത്തിലുള്ള പാഴ് വാക്കുകളോ അനാവശ്യ പ്രയോഗങ്ങളോ വ്യാകരണ പിശകുകളോ സാഹിത്യത്തിന് ഭംഗം വരുത്തുന്ന വല്ലതോ അതില്‍ കാണാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ അതിനോട് സാമ്യത പുലര്‍ത്തുന്ന ഒരു വചനവും ലോകത്ത് കാണാന്‍ സാധിക്കുകയില്ല. ഇനി ഉണ്ടാവുകയുമില്ല.
യാതൊരു വകഭേദവും കൂടാതെ ഖുര്‍ആന്‍ കാലങ്ങളെ അതിജീവിക്കുന്നു. ഫ്രഞ്ച് വിപ്ലവങ്ങള്‍ക്ക് ഊടും പാവുമേകിയ റൂസ്സോയുടെ കൃതികളെ പോലെ സാമൂഹിക വ്യതിയാനങ്ങള്‍ക്കും ചലനാത്മകതകള്‍ക്കുമെല്ലാം ഹേതുവായ അനവധി ഇതിഹാസ കൃതികള്‍ കാലയവനികകള്‍ക്കുള്ളില്‍ മറഞ്ഞുപോയത് അനുഭവിച്ചു മനസ്സിലാക്കിയവരും വായിച്ചവരുമാണ് നാം. സകലമാന ന്യൂനതകളില്‍ നിന്നും മുക്തമായി കാലാതിവര്‍ത്തിയായി ഖുര്‍ആന്‍ നിലനില്‍ക്കുന്നുവെന്നതിന്‍റെ പൊരുളുകള്‍ തേടിയാല്‍ തന്നെ അതിന്‍റെ അമാനുഷികത നമുക്ക് കൃത്യമായി ഉള്‍ക്കൊള്ളാനാവും. മാത്രമല്ല കേവലം 23 വര്‍ഷങ്ങള്‍ക്കൊണ്ട് ചരിത്രകാരന്മാര്‍ ഇരുണ്ട നൂറ്റാണ്ട് എന്ന് വിശേഷിപ്പിച്ചിരുന്ന പതിതരും നികൃഷ്ടരുമായ ഒരു ജനതയെ ലോകത്തിലെ ഉത്തമരായി പരിണമിപ്പിച്ച ഖുര്‍ആന്‍റെ സ്വാധീനശക്തിയും അതിന് പിന്‍ബലമേകുന്നുണ്ട്.
അത് ഗദ്യമാണെന്നോ പദ്യമാണെന്നോ തീര്‍ത്തു പറയാനാവില്ല. സ്വര്‍ഗവാസികള്‍ക്കുള്ള ആനന്ദത്തിന്‍റെയും നരഗവാസികളനുഭവിക്കേണ്ട ആകുലതകളുടെയും കാര്യങ്ങളെക്കുറിച്ച് ഖുര്‍ആന്‍ വാചാലമാകുന്നതായി കാണാം. നന്മയുടെയും സത്യത്തിന്‍റെയും യഥാര്‍ത്ഥ ദൈവത്തിലും മതത്തിലുമുള്ള അനിവാര്യതയെക്കുറിച്ച് ഉദ്ഘോഷിക്കുകയും അതൊന്നും ശ്രദ്ധിക്കാതെ നിഷ്ക്രിയരാകുന്നതിന്‍റെ പ്രത്യാഘാതങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ടാ വിശുദ്ധ ഗ്രന്ഥം. ഇത്തരത്തില്‍ സകല വിശയങ്ങളും അത്യാകര്‍ഷകവും അസാധ്യവുമായി സ്വീകരിച്ച് വിശദീകരിക്കാന്‍ മനുഷ്യര്‍ക്ക് സാധിക്കില്ലെന്നത് തീര്‍ച്ചയാണ്.
സമൂഹത്തില്‍ നിലനില്‍ക്കുന്ന അബദ്ധധാരണകള്‍ക്കും തെറ്റായ കാഴ്ച്ചപ്പാടുകള്‍ക്കും നേരെ പരിഷ്കരണമായി ഖുര്‍ആന്‍ അവതരിപ്പിച്ചിരുന്നു. ആര്‍ത്തവകാരികളായ സത്രീകളെ സംബന്ധിച്ച് വികലമായ ധാരണകളെ കുറിച്ച് പൗരാണിക സമൂഹത്തിന് കൃത്യമായ അവബോധം നല്‍കാന്‍ അതിന് സാധിച്ചിരുന്നു. ആര്‍ത്തവകാരികള്‍ അശുദ്ധരാണ്, അവര്‍ പാകം ചെയ്തത് കഴിക്കാന്‍ പാടില്ല, അവര്‍ തൊടുന്ന ചെടികളൊന്നും പുഷ്പിക്കില്ല എന്ന് തുടങ്ങി അനവധി അന്ധവിശ്വാസങ്ങളെയെല്ലാം കാറ്റില്‍ പറത്തി “ഋതുമതികളുടെ വിഷയത്തില്‍ താങ്കളോട് ചോദിക്കുന്നവരോട് അതൊരു മാലിന്യമാണെന്നും അതില്‍ നിന്നും അവര്‍ ശുദ്ധിയാകുന്നത് വരെ ലൈംഗിക ബന്ധത്തിന് അവരെ സമീപിക്കരുതെന്നും പറയുക. അവര്‍ ശുദ്ധിയായാല്‍ അല്ലാഹുവിന്‍റെ ആജ്ഞാനുസരണം നിങ്ങള്‍ അവരെ സമീപിച്ചുകൊള്ളുക. നിശ്ചയം അല്ലാഹു ഇഷ്ടപ്പെടുന്നത് പശ്ചാതപിക്കുന്നവരെയും ശുചിത്വമുള്ളവരെയും’ (സൂറത്തുല്‍ ബഖറ 222) എന്ന വചനത്തിലൂടെ ഖുര്‍ആന്‍ അവര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇത്തരത്തിലുള്ള ഖുര്‍ആന്‍റെ നിലപാടുകള്‍ സര്‍വ്വതും അംഗീകരിക്കപ്പെട്ടിരുന്നു. ബുദ്ധി ജീവികളെല്ലാം അവരുടെ വിജ്ഞാന സമ്പത്തിനുള്ള അവലംബമാക്കുകയും സ്രോതസ്സായും ഖുര്‍ആനെ തെരഞ്ഞെടുക്കുകയും ചെയ്തു. “ലൈംഗിക പ്രശ്നങ്ങളെക്കുറിച്ച് ആധികാരികവും സമ്പൂര്‍ണ്ണവുമായി നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കഴിഞ്ഞ ഒരേയൊരു പരിഷ്കര്‍ത്താവ് ഇസ്ലാം മത പ്രവാചകന്‍ മാത്രമാണെന്ന്” ഇംഗ്ലണ്ടുകാരനായ ഡോക്ടര്‍ ഹാവ്ലക് എല്ലിസിന്‍റെ വാക്കുകളിതിനെ ശരിവെക്കുന്നതായി കാണാം. മുഹമ്മദിന് സന്ദോര്‍ഭോചിതമായി ലഭിച്ച ദിവ്യ സന്ദേശങ്ങള്‍ സാര്‍വ്വലൗകികവും ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യവുമാണെന്ന് ഡോ ജോണ്‍സന്‍റെ പ്രഖ്യാപനവും അതിന്‍റെ അമാനുഷികതയെ ദ്യോതിപ്പിക്കുന്നു.
സാഹിത്യ സമ്പുഷ്ടതയും സാഹിത്യാധിഷ്ട വിവരണവും ഗദ്യമോ പദ്യമോ അല്ലാത്ത ശൈലിയും മനുഷ്യ കഴിവിനതീതമായ ആശയങ്ങളും മനുഷ്യനൊരിക്കലും പ്രാപ്യമാകാത്ത സമഗ്ര വിജ്ഞാന ശേഖരങ്ങളുടെ ശേഖരവും മുന്‍ക്കാലത്തെ കുറിച്ചും ഭാവി വര്‍ത്തമാന കാലങ്ങളെ കുറിച്ചുമുള്ള വിവരണങ്ങളും പ്രവചനങ്ങളും പുലരലുകളും മനുഷ്യന് സാധ്യമല്ലാത്ത ഹൃദയാന്തരങ്ങളില്‍ നിന്നുള്ള കാര്യങ്ങളുടെ വിവരണവും മറ്റുള്ള ഗ്രന്ഥങ്ങള്‍ക്കൊന്നുമില്ലാത്ത പാരായണ പ്രത്യേകതകളും പ്രപഞ്ച നാഥനില്‍ നിന്നും ഇറക്കപ്പെട്ട പദങ്ങളുടെ അര്‍ത്ഥ ശകലങ്ങളുള്‍ക്കൊള്ളുന്ന ഉള്ളടക്കവും ഒരേ ആശയത്തില്‍ തന്നെ അനവധി അര്‍ത്ഥ തലങ്ങളും ആശയ സമാഹാരങ്ങളും നല്‍കാനുള്ള ത്രാണിയും എല്ലാവര്‍ക്കും സരളവും സരസവുമായി അതിന്‍റെ രീതിയും ഒരിക്കലും മാറ്റ വ്യതിയാനങ്ങള്‍ക്ക് സാധിക്കാത്തതും എന്ന് തുടങ്ങി അമാനുഷികതയുടെ വിവിധ തലങ്ങള്‍ ഇമാം മാവര്‍ദി(റ) വിശദീകരിക്കുന്നുണ്ട്. എന്നാല്‍ സാമ്പ്രദായികമായി എഴുത്തും വായനയും പഠിച്ചിട്ടില്ലാത്ത പ്രവാചകര്‍ക്കെങ്ങനെ ഇതിനുമാത്രം വിജ്ഞാനങ്ങള്‍ കരഗതമാക്കാന്‍ സാധിച്ചുവെന്നുള്ള ചോദ്യത്തില്‍ നിന്നു തന്നെ അതിന്‍റെ അമാനുഷികതയെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. അവതരണ കാലത്തു തന്നെ ആര്‍ക്കും ചിന്തിക്കാനോ സങ്കല്‍പിക്കാനോ പോലും സാധിക്കാത്ത കാര്യങ്ങളെ കുറിച്ച് ഖുര്‍ആന്‍ പ്രസ്താവിക്കുകയും പ്രവചിക്കുകയും ചെയ്തിരുന്നു. പകല്‍ വെളിച്ചം പോലെ അതെല്ലാം പുലരുകയും ചെയ്തിരുന്നു. വിജ്ഞാന ശേഖരമായ ഖുര്‍ആനുമായി നിരക്ഷരനായ പ്രവാചകര്‍ (സ്വ) കടന്നു വരുന്നുവെന്നതു തന്നെ അതിന്‍റെ അമാനുഷികത ബോധ്യപ്പെടാന്‍ ഏതൊരാള്‍ക്കും മതിയായതാണ്. ഭൂതവും ഭാവിയും വര്‍ത്തമാനങ്ങളും കൃത്യമായുള്‍ക്കൊള്ളിച്ച് ഏതൊരു സാഹിത്യകാരനെയും ഗ്രന്ഥത്തെയും നിഷ്പ്രഭമാക്കുന്ന രീതിയില്‍ ലോകവസാനം വരെ നിലനില്‍ക്കുന്ന അതുല്യവും സമ്പൂര്‍ണ്ണവുമായ ഒരു ഗ്രന്ഥം രചിക്കാന്‍ പ്രഥമ സാക്ഷരത പോലുമില്ലാത്ത പ്രവാചകര്‍ക്ക് എങ്ങനെ സാധിക്കാനാണ്.

 

Leave a Reply

Your email address will not be published. Required fields are marked *