മുര്‍ഷിദ് തച്ചണ്ണ
ഉസ്ബക്കിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും പരസ്പരം ബന്ധിപ്പിക്കുന്ന അമു ദര്യ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന നഗരമാണ് ടെര്‍മസ്. മധ്യേഷ്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളില്‍ ഒന്നാണിത്. ഉസ്ബെക്കിസ്ഥാന്‍റെ ഭാഗമായ ടെര്‍മസിന് 2500 ഓളം വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ആദ്യ കാലത്ത് ബുദ്ധമതത്തിന്‍റെ പ്രഭവ കേന്ദ്രവും ഇപ്പോള്‍ മുസ്ലിംകളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രവുമാണ് ഇവിടം. പുരാതന ഗ്രീസിന്‍റെ ദക്ഷിണ കേന്ദ്രമായ ടെര്‍മസ് ബി സി മൂന്നാം നൂറ്റാണ്ടിന് മുമ്പ് സ്ഥാപിക്കപ്പെട്ടതാണ്. അലക്സാണ്ടറുടെ നഗരമെന്ന പേരിലും ഇവിടം പ്രസിദ്ധമാണ്. ഇസ്ലാമിക വാസ്തു വിദ്യ, കര കൗശല നിര്‍മ്മിതികളാല്‍ സമ്പന്നമാണ് ടെര്‍മസ്. മൗലാനാ ജലാലുദ്ധീന്‍ റൂമിയുടെ ലോക പ്രശസ്ത ഗ്രന്ഥമായ മസ്നവിയിലെ കഥകളിലെ പശ്ചാത്തലമായും ടെര്‍മസ് വന്നിട്ടുണ്ട്.
ബി സി 329ല്‍ അലക്സാണ്ടര്‍ ടെര്‍മസ് ഉള്‍പ്പെടുന്ന പ്രദേശം കീഴടക്കി. ശേഷം ടെര്‍മസ് ബുദ്ധ മതത്തിന്‍റെ പ്രധാന കേന്ദ്രമായി മാറി. അക്കാലങ്ങളിലെ ബുദ്ധ വിഗ്രഹങ്ങളുടെയും ക്ഷേത്രങ്ങളുടെയും അടയാളപ്പെടുത്തലുകള്‍ ഇന്നും സംരക്ഷിച്ചു പോരുന്നു. ഏഴാം നൂറ്റാണ്ടില്‍ ടെര്‍മസില്‍ ആയിരത്തോളം ബുദ്ധ സന്യാസിമാരും പത്തോളം സംഘാരാമങ്ങളും ഉള്ളതായി ബുദ്ധ മത സന്യാസിയും സഞ്ചാരിയുമായ സുവാന്‍സിങ് രേഖപ്പെടുത്തുന്നു. തുടര്‍ന്നുള്ള 3 ദശാബ്ദങ്ങളില്‍ ഉമയ്യകള്‍ പേര്‍ഷ്യക്കാരെ കീഴടക്കി അമു ദര്യ നദിക്ക് കുറുകെയുള്ള ടെര്‍മസ് അധീനപ്പെടുത്തി.
അബ്ബാസിദ്, സമാനിദ് സാമ്രാജ്യങ്ങളുടെ ഭരണകാലത്ത് ടെര്‍മസ് ഇസ്ലാമിക വൈജ്ഞാനിക ലോകത്ത് ജ്വലിച്ചു നിന്നു. ലോകപ്രശസ്തനായ ഹദീസ് പണ്ഡിതന്‍ ഇമാം അല്‍ തുര്‍മുദി, സൂഫിയും ദൈവ ശാസ്ത്രജ്ഞനുമായ അല്‍ ഹക്കീം അല്‍ തിര്‍മുദി തുടങ്ങിയ പണ്ഡിതന്മാര്‍ ടെര്‍മസിനെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തി. 9, 10 നൂറ്റാണ്ടുകളില്‍ നഗരം സാമ്പത്തിക, വാണിജ്യ, വൈജ്ഞാനിക മേഖലയില്‍ തിളങ്ങി നിന്നു. 11,13 നൂറ്റാണ്ടുകളില്‍ ഗസ്നാമിദ്, സെല്‍ജൂക്ക്, കരാവാനിദ്, ഖോറെ, സംഷാ എന്നീ ഭരണകൂടങ്ങള്‍ ഭരിച്ച ടെര്‍മസ് 1220 ല്‍ 2 ദിവസത്തെ ഉപരോധത്തിന് ശേഷം ചെങ്കിസ്ഖാന്‍റെ സൈന്യം പിടിച്ചടക്കി. പുരുഷന്മാരെയും സ്ത്രീകളെയും വിഭജിച്ച് അക്രമിക്കുകയും അവസാനം എല്ലാവരെയും കൊലപ്പെടുത്തുകയും ടെര്‍മസിലെ പ്രധാന നിര്‍മിതികള്‍ തകര്‍ക്കുകയും ചെയ്തു. ശേഷം പതിനാലാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ നഗരം പുനര്‍ നിര്‍മിച്ചതായി ഇബ്നു ബത്തൂത്ത നിരീക്ഷിക്കുന്നു. ടെര്‍മസ് സന്ദര്‍ശിച്ച ഇബ്നു ബത്തൂത്ത നഗരത്തിലെ പ്രതാപം രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്; നല്ല ചന്തമുള്ള കെട്ടിടങ്ങളും കനാലുകളും ടെര്‍മസിലുണ്ടായിരുന്നു. മുന്തിരിയും പാലും മാംസങ്ങളും കൊണ്ട് അവിടെ സമ്പുഷ്ടമായിരുന്നു. മുടിയുടെ ആരോഗ്യത്തിന് വേണ്ടി അന്നാട്ടുക്കാര്‍ പാല്‍ ഉപയോഗിച്ച് മുടി കഴുകിയതായും അദ്ദേഹം രേഖപ്പെടുത്തുന്നു. ഇതെല്ലാം ആ സമയത്തെ ടെര്‍മസിന്‍റെ പ്രതാപം വിളിച്ചോതുന്നു. ചെങ്കിസ്ഖാന്‍റെ ക്രൂരതക്ക് ശേഷം പഴയ നഗരത്തില്‍ നിന്നും രണ്ടു മൈല്‍ മാറിയാണ് പുതിയ നഗരം പണിതത്. പുനഃസ്ഥാപിക്കപ്പെട്ട ടെര്‍മസ് പ്രാദേശിക മത നേതാക്കളുടെ പിന്തുണയോടെ തിമൂറിദ് ഭരണത്തിന് കീഴിലായി. 16-ാം നൂറ്റാണ്ടില്‍ ബുഖാറയുടെ സ്വതന്ത്ര എമിറേറ്റിന്‍റെ ഭാഗമാകുന്നത് വരെ ടെര്‍മസ് തിമൂറികളുടെ കൈവശമായിരുന്നു. 18-ാം നൂറ്റാണ്ടിന്‍റെ പകുതിയോടെ നഗരത്തിന്‍റെ പ്രതാപമെല്ലാം അസ്തമിച്ച് തുടങ്ങിയിരുന്നു. റഷ്യന്‍ വിപ്ലവത്തിന് തൊട്ട് പിന്നാലെ ടെര്‍മസ് അടങ്ങുന്ന പ്രദേശം ബുഖാറന്‍ പീപ്പിള്‍സ് സോവിയറ്റ് റിപ്പബ്ലിക്കിന്‍റെ ഭാഗമായി. സോവിയേറ്റ് ഭരണത്തിന് കീഴില്‍ ടെര്‍മസ് റഷ്യന്‍ സൈനിക കേന്ദ്രമായി മാറി. ഇത് നിരവധി വ്യവസായങ്ങള്‍ തുടങ്ങാന്‍ കാരണമായി. റഷ്യന്‍ അഫ്ഗാനിസ്ഥാന്‍ യുദ്ധ സമയത്ത് ടെര്‍മസില്‍ ഒരു ലക്ഷത്തോളം സോവിയേറ്റ് സൈനികര്‍ ക്യാമ്പ് ചെയ്തിരുന്നു.
സഞ്ചാരികളെയും ചരിത്രകാരന്മാരെയും ഒരുപോലെ ടെര്‍മസ് ആകര്‍ഷിക്കുന്നുണ്ട്. അമ്പരിപ്പിക്കുന്ന കരകൗശല, വാസ്തുവിദ്യ കലയും സഹസ്രാബ്ദങ്ങളുടെ ചരിത്രങ്ങള്‍ കുടികൊള്ളുന്ന കോട്ടകളും പുരാവസ്തു, ചരിത്ര ശേഷിപ്പുകളും ഇവിടുത്തെ പ്രത്യേകതയാണ്. ടെര്‍മസിലെ കരകൗശല നിര്‍മിതകള്‍ ലോകപ്രശസ്തമാണ്. സെറാമിക്, മണ്‍പാത്ര നിര്‍മാണം എന്നിവക്ക് പേരുകേട്ടവരാണ് ടെര്‍മസുകാര്‍. എ ഡി 2ാം നൂറ്റാണ്ടില്‍ നിര്‍മിച്ചുവെന്ന് പറയപ്പെടുന്ന ബുദ്ധ ക്ഷേത്രങ്ങള്‍ ടെര്‍മസിലെ പ്രധാന ചരിത്രശേഷിപ്പുകളാണ്. ഒമ്പതാം നൂറ്റാണ്ടില്‍ നിര്‍മിച്ച കിര്‍കിസ് കോട്ടയും പത്താം നൂറ്റാണ്ടില്‍ അല്‍ ഹകീം അല്‍ തിര്‍മിദിയുടെ സ്മരണക്കായി അദ്ദേഹത്തിന്‍റെ ഖബറിനടുത്ത് നിര്‍മിച്ച അല്‍ ഹകീം അല്‍ തിര്‍മിദി വാസ്തുവിദ്യ സമുച്ചയവും വിശ്വ പ്രസിദ്ധമാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ തിമൂറിന്‍റെ മകന്‍ ഷാറൂഖിന്‍റെ പ്രേരണയാല്‍ ഇവിടം വികസിപ്പിച്ചെടുത്തു. ടെര്‍മസിന്‍റെ രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷത്തിന്‍റെ സ്മരണക്കായി 2002ല്‍ ആരംഭിച്ചതാണ് ടെര്‍മസ് ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം. ഇവിടം ധാരാളം പുരാവസ്തു കണ്ടെത്തലുകളും ചരിത്രവസ്തുക്കളും പ്രദര്‍ശിപ്പിക്കുന്നു. ഇസ്ലാമിക ഭരണ കാലഘട്ടത്തിന് മുമ്പുള്ള ഒരുപാട് ബുദ്ധമത വിഗ്രഹങ്ങളും പുരാവസ്തുക്കളും ഇവിടെയുണ്ട്. ഉസ്ബെക്കിസ്ഥാനിലെ തന്നെ ഏറ്റവും വലുതും മികച്ചതുമായ മ്യൂസിയങ്ങളില്‍ ഒന്നാണിത്. നിരവധി സൂഫി സഞ്ചാരികളുടെ പ്രധാന സംഗമ കേന്ദ്രമായിരുന്ന ടെര്‍മസില്‍ അവരെ ആകര്‍ഷിക്കാനും വിശ്രമിക്കാനും വേണ്ടി പതിനാറാം നൂറ്റാണ്ടില്‍ ബുഖാറയിലെ ഭരണാധികാരി അബ്ദുല്ലഖാന്‍ രണ്ടാമന്‍ നിര്‍മിച്ച സ്ഥലമാണ് ദാരാഖനാഘ. സൂഫികള്‍ക്ക് ധ്യാനത്തില്‍ മനസ്സ് കേന്ദ്രീകരിക്കാനുതകുന്ന തരത്തില്‍ ശാന്തവും സുന്ദരുമായ രീതിയിലാണിത് നിര്‍മിച്ചത്.
ഇമാം തിര്‍മിദി(റ)
മുസ്ലിം ലോകത്തിന് ടെര്‍മസ് പ്രധാനമായും സ്മരിക്കപ്പെടുന്നത് ഇമാം തിര്‍മുദി (റ) നാടാണെന്നതിനാലാണ്. അബൂ ഈസ മുഹമ്മദ് ബിന്‍ ഈസ ബിന്‍ സൂറത്ത് അത്തുര്‍മുദി എന്നാണ് പൂര്‍ണനാമം. ഹിജ്റ 209ല്‍ ജനനം. ജന്മദേശമാണ് തുര്‍മുദ്. തഫ്സീര്‍, ഹദീസ്, ഫിഖ്ഹ് എന്നീ വിഷയങ്ങളില്‍ നല്ല അവഗാഹമുണ്ടായിരുന്ന ഇമാം തന്‍റെ 12ാം വയസ്സില്‍ ഹദീസുകള്‍ തേടിയുള്ള പ്രയാണം തുടങ്ങി. വിശ്വ പ്രസിദ്ധ ബൗദ്ധിക നഗരങ്ങളായ ഖുറാസാന്‍, ഇറാഖ്, ഹിജാസ് എന്നിങ്ങനെ തുങ്ങുന്നതായിരുന്നു അദ്ദേഹത്തിന്‍റെ യാത്രാകേന്ദ്രങ്ങള്‍. ഹദീസ് ശേഖരണത്തിനും പഠനത്തിനും വേണ്ടി 1000ലധികം ഹദീസ് പണ്ഡിതന്മാരെ സമീപിച്ചു. ഇമാം ബുഖാരിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന ഗുരുവര്യര്‍. ഹദീസ് വിജ്ഞാനത്തിന്‍റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഇമാമിനെ സഹായിച്ചത് അദ്ദേഹമാണ്. 40-ാം വയസ്സിലാണ് ബുഖാരി ഇമാമിന്‍റെ ശിഷ്യത്വം സ്വീകരിക്കുന്നത്. തന്‍റെ ജാമിഉത്തിര്‍മിദിയില്‍ ബുഖാരി ഇമാമില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ധാരാളം ഹദീസുകള്‍ കാണാം. ബുഖാരി ഇമാമിന്‍റെ പക്കലില്ലാത്ത രണ്ട് ഹദീസുകള്‍ ഇമാം ബുഖാരി സ്വീകരിച്ചത് തിര്‍മിദിയില്‍ നിന്നാണ്. ഇമാം ബുഖാരി കൂടാതെ മറ്റു പ്രശസ്തരായ പണ്ഡിതന്മാരില്‍ നിന്നും ഇമാം വിജ്ഞാനം നുകര്‍ന്നു. ഇസ്ഹാഖ് ബിന്‍ റാഹവൈഹി, മുഹമ്മദ് ബിന്‍ അംറ് ബല്‍ഖി, മഹ്മൂദ് ബിന്‍ ഗൈലാന്‍, ഇസ്മാഈല്‍ ബിന്‍ മൂസ, അല്‍ഫസാരി, ലുതൈബയ്മിന്‍ സഈദ് മുഹമ്മദ് ബിന്‍ ബശ്ശാര്‍ തുടങ്ങിയവര്‍ ഇവരില്‍ പ്രമുഖരാണ്. അസാധാരണമായ ഓര്‍മശക്തിയും ഗവേഷണ പാടവവുമുണ്ടായിരുന്നു ഇമാം തിര്‍മിദിക്ക്. വിജ്ഞാന സമ്പാദനത്തിന് തന്‍റെ ജീവിതം മുഴുവന്‍ ചെലവഴിച്ചു. ഹദീസ് പഠനത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നു. ഉമറുബ്നു അലക്(റ)വില്‍ നിന്ന് ഇമാം ഹാകിം ഉദ്ദരിക്കുന്നു: “ഇമാം ബുഖാരി വഫാത്തായപ്പോള്‍ സൂക്ഷമതയിലും അറിവിലും അദ്ദേഹത്തെ പ്രതിനിധാനം ചെയ്യാന്‍ ഖുറാസാനില്‍ അര്‍ഹതയുള്ള ഒരേയൊരു വ്യക്തി ഇമാം തിര്‍മുദി മാത്രമായിരുന്നു.”
(തഹ്ദീബുത്തഹ്ദീബ്).
ഹദീസ് ഗ്രന്ഥങ്ങളില്‍ നാലാം സ്ഥാനത്ത് പരിഗണിക്കുന്ന ജാമിഉത്തുര്‍മുദിയാണ് ഇമാമിന്‍റെ വിശ്വ വിഖ്യാത ഗ്രന്ഥം. 1000ലധികം ഹദീസ് പണ്ഡിതന്മാരില്‍ നിന്നും ശേഖരിച്ച 5000ലധികം ഹദീസുകളില്‍ നിന്ന് തെരഞ്ഞെടുത്തവയാണതില്‍. ഇമാം ഇബ്നു അസീര്‍(റ) പറയുന്നു: അതിവിശിഷ്ടമായ ഗ്രന്ഥമാണ് ജാമിഉത്തുര്‍മുദി. ലളിതവും സുന്ദരവുമായ ശൈലി, ആവര്‍ത്തനം നന്നേ കുറവ്, മറ്റു ഗ്രന്ഥങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ജ്ഞാനമുള്‍ക്കൊള്ളുന്നു. കര്‍മ്മശാസ്ത്ര പരമായ വിവരങ്ങള്‍ തുടങ്ങിയവ ഈ ഗ്രന്ഥത്തിന്‍റെ പ്രത്യേകതയാണ്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനപ്പെടുക തിര്‍മിദിയുടെ സമാഹാരമാണെന്ന് അഭിപ്രായപ്പെട്ട നിരവധി പണ്ഡിതന്മാരുണ്ട്. ജാമിഉത്തുര്‍മുദിക്ക് പുറമെ നിരവധി ഗ്രന്ഥങ്ങള്‍ വ്യത്യസ്ത വിഷയങ്ങളിലായി അദ്ദേഹം രചിച്ചിട്ടുണ്ട്. ശമാഇലുത്തിര്‍മിദി, അസ്മാഉസ്സ്വഹാബ, കിതാബുന്‍ ഫി ജര്‍ഹി വത്തഅ്ദീല്‍, കിതാബുന്‍ ഫിത്താരീഖ് എന്നിങ്ങനെ പോകുന്നു അതിലെ സുപ്രധാന ഗ്രന്ഥങ്ങള്‍.
താന്‍ നേടിയെടുത്ത വിജ്ഞാനം പകര്‍ന്നുകൊടുക്കുന്നതിലും ഇമാം വിജയം കൈവരിച്ചു. ഇമാമിന് പ്രസിദ്ധരായ ശിഷ്യന്മാരുടെ പരമ്പര തന്നെ ഉണ്ടായിരുന്നു. അബൂബക്കര്‍ അഹ്മദ് ബിന്‍ സമര്‍ഖന്ദി, അബൂഹാമിദ് അഹ്മദ് ബിന്‍ അബ്ദുല്ല മര്‍വസി, അഹ്മദ് ബിന്‍ യൂസുഫ് നസഫി, ഹൈസംബിന്‍ ഖുലൈബ് അശ്ശാരി തുടങ്ങയിവര്‍ ചിലരാണ്. ജീവിതത്തിന്‍റെ അവസാന കാലത്ത് അദ്ദേഹത്തിന് അന്ധത ബാധിച്ചു. ഹിജ്റ 279 റജബ് മാസം തന്‍റെ എഴുപതാം വയസ്സില്‍ തുര്‍മുദിനടുത്തുള്ള ബൂഗില്‍ വെച്ച് മരണപ്പെട്ടു.