കേരളം ലഹരിവല്‍ക്കരിക്കപ്പെടുകയാണ്. ഇതില്‍ സിംഹഭാഗമാകട്ടെ വിദ്യാര്‍ത്ഥികളുമാണ്. 2015ല്‍ കലാലയങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനയില്‍ 6736 കേസുകളാണ് രജിസറ്റര്‍ ചെയ്തിരുന്നത്. ഇന്ന് അതിന്‍റെ പതിന്മടങ്ങിലെത്തിയിരിക്കുന്നുവെന്നാണ് അനുദിനം പുറത്ത് വരുന്ന കണക്കുകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്. സംസ്ഥാന വ്യാപകമായി ലഹരി ഉപയോഗം അധികരിച്ചു വരുന്ന സാഹചര്യത്തില്‍ മയക്കുമരുന്ന് വിപണനത്തിന് എതിരെ സുശക്തവും പഴുതുകളില്ലാത്തതുമായ പ്രതിരോധം തീര്‍ക്കുമെന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഇതിനായി ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 1 വരെ തീവ്രമായ പ്രചരണ പരിപാടികളാണ് ലഹരിക്കെതിരെ ആവിഷ്കരിച്ചിട്ടുള്ളത്. പ്രശസ്ത സ്ഥാപനങ്ങളില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍പന നടത്തുന്നില്ല എന്ന് പ്രദര്‍ശിപ്പിക്കുക, പോലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ എന്നിവരെ ബന്ധപ്പെടാനുള്ള കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തിപ്പിക്കുക, സിന്തറ്റിക്, രാസ ലഹരി വസ്തുക്കള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ എത്തിച്ചേരുന്നത് തടയുക എന്നിങ്ങനെയുള്ള പ്രതിരോധ മാര്‍ഗങ്ങളാണ് ഭരണകൂടം സ്വീകരിക്കുന്നത്. എന്നാല്‍ ഇതിനു വിരുദ്ധമായി ഇന്ത്യയിലെവിടെയുമില്ലാത്തത്ര അളവില്‍ മദ്യം കേരളത്തില്‍ വിറ്റഴിക്കപ്പെടുന്നു എന്നതാണ് വിരോധാഭാസം. ഈയൊരു സാഹചര്യത്തില്‍ ഓരോ വ്യക്തിയും മനസ്സില്‍ രൂഢമൂലമാക്കേണ്ട ചില വസ്തുതകളുണ്ട്. സംസ്ഥാനത്ത് വ്യാപിച്ചു വരുന്ന ലഹരി ഉപയോഗം ലഹരിക്ക് അടിമപ്പെട്ടവരുടെ ജീവിതം മാത്രമല്ല ദുസ്സഹമാക്കുന്നത്, മറിച്ച് വ്യക്തി പ്രതിനിധാനം ചെയ്യുന്ന കുടുംബങ്ങളെയും തലമുറകളെയും പ്രകൃതിയെയുമാണെന്നതാണ് അതില്‍ പ്രധാനമായത്. ഗാന്ധിജയന്തി മുതല്‍ ലഹരി പദാര്‍ത്ഥങ്ങളുടെ അതിപ്രസരണങ്ങള്‍ക്ക് അറുതി വരുത്തുമെന്ന പ്രതീക്ഷ നല്‍കുകയാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നത്. ആ പ്രതീക്ഷകള്‍ പുലരട്ടെ എന്ന് പ്രത്യാശിക്കാം.
സഅദുദ്ദീന്‍ ചെര്‍പ്പുളശ്ശേരി