2023 January - February 2023 january-february Hihgligts Shabdam Magazine ലേഖനം

ജ്ഞാനോദയത്തിന്റെ മഗ്‌രിബ് വര്‍ത്തമാനങ്ങള്‍

അറ്റ്‌ലാന്റിക് സമുദ്രവും സഹാറ മരുഭൂമിയും അറ്റ്‌ലസ് പര്‍വ്വതനിരയും സംഗമിക്കുന്ന പ്രകൃതി ഭംഗിയാല്‍ സമൃദ്ധമായ രാജ്യമാണ് മൊറോക്കൊ. 98 ശതമാനവും മുസ്‌ലിംകള്‍ താമസിക്കുന്ന ഈ ഉത്തരാഫ്രിക്കന്‍ രാജ്യമായ മൊറോക്കൊ ഇബ്‌നു ബത്തൂത്ത, ഇബ്‌നു റുഷ്ദ്, ഇബ്‌നു തുഫൈല്‍, ഖാളി ഇയാള്, ഇബ്‌നു സഹര്‍, ഇദ്രീസി, ഫാത്തിമ അല്‍ ഫിഹ്രി തുടങ്ങി അനവധി ആത്മീയ വൈജ്ഞാനിക പ്രതിഭകളെ സംഭാവന ചെയ്തിട്ടുണ്ട്. ക്രിസ്റ്റഫര്‍ കൊളംബസ് അമേരിക്ക കണ്ടുപിടിക്കുന്നത് വരെ ചരിത്രത്തില്‍ പടിഞ്ഞാറിന്റെ അറ്റമായി കരുതിയിരുന്നത് മൊറോക്കൊയെയാണ്. അങ്ങനെയാണ് സൂര്യന്‍ അസ്തമിക്കുന്നയിടം (മഗ്‌രിബ്) മൊറോക്കൊയായത്. തലസ്ഥാനം റബാഅ് ആണെങ്കിലും വാണിജ്യ-വ്യവസായ കേന്ദ്രം കാസബ്ലാങ്കയും സാംസ്‌കാരിക തലസ്ഥാനം മറാക്കിഷും ആത്മീയ കേന്ദ്രം ഫെസ് നഗരവുമാണ്. ”അള്ളാഹു, മാതൃരാജ്യം, രാജാവ്” എന്നാണ് മൊറോക്കൊയുടെ ആപ്തവാക്യം. ലോകത്തിലെ ഏറ്റവും വലിയ ഫോസ്‌ഫേറ്റ് നിക്ഷേപമുള്ള രാജ്യമായ മൊറോക്കൊയില്‍ ഗോതമ്പ്, ബാര്‍ളി, ചോളം, ഒലിവ് തുടങ്ങിയവ കൃഷി ചെയ്യലും കരകൗശല, തുകല്‍ വസ്തുക്കളുടെ നിര്‍മ്മാണ പ്രവര്‍ത്തനവുമാണ് മുഖ്യ തൊഴി ലുകള്‍.
ഇസ്‌ലാമിക വാസ്തു കലാ നിര്‍മിതികളുടെ ഭംഗിയും ലാളിത്യവും മൊറോക്കൊയിലെ നിരവധി ചരിത്ര പ്രാധാന്യമുള്ള നിര്‍മ്മിതികള്‍ നമുക്ക് പറഞ്ഞുതരും. മൂറിഷ് വാസ്തുവിദ്യയും മൊറോക്കോയില്‍ തന്നെ വികസിപ്പിച്ചെടുത്ത വാസ്തുവിദ്യയുടെയും സമന്വയമാണ് ഇവിടെ കാണാനാവുക.അതിമനോഹരമായി പാരമ്പര്യവും പൈതൃകവും സംരക്ഷിക്കുന്നവരാണ് ഇവിടുത്തെ ജനത.ഏറ്റവും മികച്ച രീതിയില്‍ അതിഥികളെ സ്വീകരിക്കുന്ന ഇവര്‍ മികച്ച സല്‍ക്കാരപ്രിയര്‍ കൂടിയാണ്.
പുരാതനമായ കല്ലുപാകിയ തെരുവീഥികളും, കാലിഗ്രഫിയാല്‍ അലങ്കരിച്ച നഗരവും, മരത്തിലെ അതിശയിപ്പിക്കുന്ന കൊത്തുപണികളും, ഇടുങ്ങിയതും വിവിധ നിറങ്ങളാല്‍ സമൃദ്ധവുമായ നടപ്പാതകളും, ഇവിടുത്തെ പ്രത്യേകതയാണ്. നീല നഗരം(യഹൗല രശ്യേ) എന്നറിയപ്പെടുന്ന ഷഫ്ഷാഫൂന്‍, വെള്ള നഗരമായ ( ണവശലേ രശ്യേ) തത്വാന്‍, പിങ്ക് നഗരമായ (ജശിസ രശ്യേ) മറാക്കിഷ് തുടങ്ങി നിരവധി നഗരങ്ങള്‍ മൊറോക്കോയെ സഞ്ചാരികളുടെ പ്രിയപ്പെട്ടതാക്കുന്നു. ഇസ്‌ലാമിക ജ്യാമിതീയ കലാലങ്കാരങ്ങള്‍ മൊറോക്കൊയില്‍ അനവധി ദര്‍ശിക്കാ നാകും. മൊറോക്കോയിലെ പണ്ഡിതന്മാരുടെ മൗസോളിയത്തിലെ ചുമരുകളില്‍ പോലും ഇസ്‌ലാമിക കലയുടെ വൈവിധ്യമാര്‍ന്ന കലാരൂപങ്ങള്‍ കാണാന്‍ സാധിക്കും. വിവിധ വര്‍ണ്ണത്തിലും ജ്യാമിതീയ രൂപത്തിലുമുള്ള അലങ്കാര പണികള്‍ സാധാരണയായി കണ്ടു വരാറുള്ളതാണ്. അവയിലെല്ലാം പഴയ ലിപിയില്‍ ഖുര്‍ആന്‍ സൂക്തങ്ങളും കവിതകളും ആപ്തവാക്യങ്ങളും ചരിത്ര സംഭവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. കലകളുടെ, വര്‍ണ്ണങ്ങളുടെ, ജ്യാമിതീയ രൂപങ്ങളുടെ, വാസ്തുവിദ്യാ അത്ഭുതങ്ങള്‍ നിറഞ്ഞ നിരവധി നിര്‍മിതികള്‍ ഇവിടുത്തെ പ്രത്യേകതയാണ്.
സഹാറ മരുഭൂമിയുടെ ഒരു വശത്ത് സൂഫി ഖാന്‍ഗാഹുകളില്‍ ഫഖീറുമാരായ ഒരുപാട് ദര്‍വേശുകളെ കാണാം. അതുപോലെത്തന്നെ മൊറോക്കന്‍ നഗരമായ മറാക്കിഷിനും ഒരുപാട് അധ്യാത്മിക പണ്ഡിതരെ സ്വീകരിച്ചതിന്റെ കഥകള്‍ പറയാനാകും. ‘സബ്അതു രിജാല്‍’ എന്ന് സൂഫി ലോകത്ത് അറിയപ്പെടുന്ന ഏഴ് യുഗ പുരുഷന്മാര്‍ സയ്യിദ് മുഹമ്മദ് ബിന്‍ സുലൈമാനുല്‍ ജസൂലി (റ), സയ്യിദ് യൂസുഫ് ബിന്‍ അലി (റ), ഖാളി ഇയാള് (റ), ഇമാം സുഹൈലി (റ), അബുല്‍ അബ്ബാസ് സിബ്തി (റ), സയ്യിദ് അബുദുല്ല അല്‍ അസ്വാനി (റ), സയ്യിദ് സീതി അബ്ദുല്‍ അസീസ് (റ) എന്നിവര്‍ അന്ത്യവിശ്രമം കൊള്ളുന്നത് മറാക്കിഷിലാണ്. ഈ ആത്മീയ പുരുഷന്മാരുടെ സാന്നിധ്യം മൊറോക്കൊയെ അലങ്കരിക്കുന്നു. ശാദുലി, നഖ്ശബന്ദി, മുഹമ്മദിയ്യ, ഖല്‍ബത്തി, തീജാനി തുടങ്ങി വ്യത്യസ്തമായ ത്വരീഖത്തുകള്‍ പിന്‍പറ്റുന്നവര്‍ കൂടിയാണ് മൊറോക്കന്‍ ജനത. മൊറോക്കൊയില്‍ തന്നെ വേരുകളുള്ള ത്വരീഖത്തുകളാണ് അധികമെന്നതും ഇന്നും ജനങ്ങള്‍ ത്വരീഖത്തുകള്‍ പിന്തുടരുകയും കൃത്യമായി ആരാധന കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്യുന്നുവെന്നതും എടുത്തുപറയേണ്ടതാണ്.
മലയാളികള്‍ പതിവായി പാരായണം ചെയ്യുന്ന സ്വലാത്തുന്നാരിയ രചിച്ച സീതി അബ്ദുല്‍ വഹാബ് അല്‍ താസിയും ദലാഇലുല്‍ ഖൈറാതിന്റെ ഉപജ്ഞാതാവായ സുലൈമാനുല്‍ ജസൂലിയും ജീവിച്ചതും അന്ത്യ വിശ്രമം കൊള്ളുന്നതും മൊറോക്കോയിലാണ്. കേരളത്തിലടക്കം നടക്കുന്ന ശാദുലി ജല്‍സകളില്‍ പാരായണം ചെയ്യുന്ന അതിമനോഹര കാവ്യമായ ‘നസീമുല്‍ വസലി’ എന്ന് തുടങ്ങുന്ന വരികള്‍ രചിച്ചത് മൊറോക്കക്കാരനായ സീതി അലി അല്‍ ജമാല്‍ എന്ന പണ്ഡിതനാണ്. ലോകത്തിന് മുന്നില്‍ മൊറോക്കൊ ഖ്യാതി നേടിയതില്‍ വിശ്വ സഞ്ചാരിയായ ഇബ്‌നു ബത്തൂത്തയുടെ പങ്ക് വളരെയേറെയാണ്. തന്റെ 20 -ാം വയസ്സില്‍ ഹജ്ജ് യാത്ര ഉദ്ദേശിച്ച് യാത്ര തുടങ്ങുകയും പിന്നീട് വിശ്വസഞ്ചാരിയും ചരിത്രകാരനുമായി മാറുകയും ചെയ്ത അദ്ദേഹം മൊറോക്കോയിലെ തന്‍ജീരിലാണ് ജനിച്ചത്. ശാദുലി സൂഫി ഗുരുവായ ശൈഖ് ബുര്‍ഹാനുദ്ദീന്റ ആത്മീയ ശിക്ഷണത്തില്‍ വളര്‍ന്ന ഇബ്‌നു ബത്തൂത്ത ഇന്ത്യന്‍ ഉപഭൂഖണ്ഡം, മധ്യേഷ്യ, ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിലെ വടക്കും പടിഞ്ഞാറും രാജ്യങ്ങള്‍, കിഴക്കന്‍ യൂറോപ്പ്, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍, ദക്ഷിണ പൂര്‍വ്വേഷ്യ, ചൈന തുടങ്ങിയ ഒരുപാട് രാജ്യങ്ങളിലൂടെ ഒരു ലക്ഷത്തി പതിനേഴായിരം കിലോമീറ്ററോളം യാത്ര ചെയ്യുകയും കണ്ട നാടുകളെ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തു. ആറു വര്‍ഷത്തോളം അദ്ദേഹം ഇന്ത്യയില്‍ ജീവിച്ചിട്ടുണ്ടെന്നും കേരളം അദ്ദേഹത്തിന്റെ ഇഷ്ട സ്ഥലങ്ങളില്‍ ഒന്നായിരുന്നുവെന്നും അദ്ദേഹത്തിന്റെ സഞ്ചാരയാത്രാനുഭവങ്ങള്‍ വിശദീകരിക്കുന്ന ചരിത്ര ഗ്രന്ഥമായ രിഹ്‌ലയിലുണ്ട്.
എ ഡി 789 ല്‍ മഗ്‌രിബില്‍ ഇസ്‌ലാമിക ഭരണം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പ്രവാചകര്‍ (സ്വ)യുടെ പേരക്കുട്ടിയായ ഹസന്‍ ബിന്‍ അലിയുടെ പേരക്കുട്ടിയുടെ മകനായ മൗല ഇദ്‌രീസ് എന്ന മഹാനാണ് ആദ്യമായി ഭരണം സ്ഥാപിച്ചത്. ഇദ്‌രീസി സാമ്രാജ്യം നൂറ്റാണ്ടുകളോളം ഭരണം നടത്തി. ഇടക്കാലത്ത് ഫാത്വിമികളും മൊറോക്കൊ ഭരിച്ചു. ഒന്നാം സഹസ്രാബ്ദത്തിന്റെ അവസാനം ഉമയ്യദ് ഖിലാഫത്ത് ഇദ്‌രീസികളുടെ മേല്‍ അധീശത്വം സ്ഥാപിച്ചു. അതിനു ശേഷം 1040ല്‍ അല്‍ മുറാബിത്വൂന്‍ രാജവാഴ്ച ആരംഭിച്ചു. ഒരു നൂറ്റാണ്ടോളം കാലം ഈ ഭരണം നിലനിന്നു. 1120ല്‍ ഇബ്‌നു തുംറത് എന്ന വ്യക്തിയുടെ കീഴില്‍ അല്‍ മുവാഹിദൂന്‍ ഭരണം നടത്തി. ഒരു നൂറ്റാണ്ടോളം കാലം ഇവരുടെ ഭരണം നിലനിന്നു. അബൂ യഹ്‌യ ഇബ്‌നു അബ്ദുല്‍ ഹഖിന്റെ വരവോടെ അല്‍ മുവാഹിദൂന്‍ ഭരണം അവസാനിച്ചു. തുടര്‍ന്ന് അബൂ യഹ്‌യ 1244ല്‍ അല്‍ മാരിനിദ് സാമ്രാജ്യം സ്ഥാപിച്ചു. ഇതിനിടയിലും പല ഭരണാധികാരികളും യുദ്ധം ചെയ്ത് ഭരണം പിടിച്ചെടുക്കുകയും തുടര്‍ന്ന് അധികാര ഭ്രഷ്ടരാക്കുകയും ചെയ്തു. രണ്ടു നൂറ്റാണ്ട് ഭരണത്തിലിരുന്ന അല്‍ മാരിനിദ് സാമ്രാജ്യത്തില്‍ നിന്ന് ഇ്ദരീസികളില്‍ പെട്ട ഒരാള്‍ ഭരണം നേടിയെടുത്തു. ശേഷം അല്‍ വതാസിയ്യൂന്‍ സാമ്രാജ്യവും മൊറോക്കൊ ഭരിച്ചു. ചെറു ഭരണകൂടങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും യുദ്ധങ്ങളും കാരണമായി പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കകാലത്ത് മഗ്‌രിബില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥയായിരുന്നു. അതിനൊടുവിലാണ് 1666ല്‍ ഫെസ് തലസ്ഥാനമാക്കി അലവി രാജവംശം ഭരണം പിടിക്കുന്നത്. 1666-1912 വരെയുള്ള കാലയളവില്‍ 28 അലവി സുല്‍ത്വാന്‍മാര്‍ മൊറോക്കൊ ഭരിച്ചു. മൊറോക്കൊയിലെ പ്രസിദ്ധമായ നിര്‍മിതികളില്‍ പലതും നിര്‍മിച്ചത് അലവി ഭരണാധികാരിയായ മൗല ഇസ്മാഈല്‍ ശരീഫ് എന്ന ഭരണാധികാരിയാണ്. ഇക്കാലത്ത് മൊറോക്കയില്‍ ഒട്ടനവധി മസ്ജിദുകളും പാഠശാലകളും കോട്ടകളും മതിലുകളും പൂന്തോട്ടങ്ങളും പൊതു കുളിപ്പുരകളും നിര്‍മിച്ചു. തുടര്‍ന്ന് 1912 മുതല്‍ 1955 വരെ ഫ്രഞ്ച് കോളനിയായി മഗ്‌രിബ് മാറി. ഫ്രഞ്ച് ഭരണകൂടത്തില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ച ഉടന്‍ മുഹമ്മദ് അഞ്ചാമന്‍ അധികാരത്തിലേറി. ശേഷം ലോകത്തെ സ്വാധീനിച്ച ഭരണാധികാരികളില്‍ പ്രധാനിയായ മുഹമ്മദ് ആറാമനും ഭരണം നടത്തി. ഭരണകൂടത്തിനകത്തെ ഒറ്റിക്കൊടുക്കലുകളും ശിയാ അക്രമണങ്ങളും വിഘടന പ്രവര്‍ത്തനങ്ങളും അയല്‍പക്കമായ യൂറോപ്പിന്റെ അധിനിവേശ സ്വഭാവവുമെല്ലാം രാഷ്ട്രീയമായി മൊറോക്കൊയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.
മദീനത്തു ഫെസ്
മൊറോക്കോയുടെ ഇസ്‌ലാമിക ചരിത്രത്തില്‍ ഫെസ് നഗരത്തിന് അനിഷേധ്യമായ പങ്കാണുള്ളത്. മൊറോക്കോയുടെ ആത്മീയ തലസ്ഥാനമായ മദീനത്തു ഫെസ് അറിയപ്പെടുന്നത് ‘പരിശുദ്ധാത്മാക്കളുടെ പട്ടണം’ എന്ന പേരിലാണ്. മൗലാ ഇദ്രീസ് രണ്ടാമന്റെ കാലത്താണ് ഈ നഗരം പണിതത്്.ആയിരക്കണക്കിന് മഹാത്മാക്കള്‍ വിശ്രമിക്കുന്ന ഫെസിലെ കേളികേട്ട ഇടമാണ് ബാബുല്‍ ഫുതൂഹ്. നൂറുകണക്കിന് വിശ്വാസികളാണ് ഇവിടെ ദിനേന സന്ദര്‍ശനത്തിന് എത്തുന്നത്. ജനങ്ങളുടെ ജീവനും സമ്പത്തും സംരക്ഷിക്കാന്‍ വലിയ കോട്ടമതില്‍ കെട്ടിയിട്ടുണ്ട്. പടിഞ്ഞാറിന്റെ മക്ക, ആഫ്രിക്കയുടെ ഏഥന്‍സ് എന്ന പേരിലെല്ലാം പ്രസിദ്ധമായ ഈ നഗരത്തിലാണ് ജാമിഅത്തുല്‍ ഖറവിയ്യീന്‍ സ്ഥിതി ചെയ്യുന്നത്. ഇസ്‌ലാമിക വാസ്തുകല തിളങ്ങി നില്‍ക്കുന്ന നഗരത്തിന്റെ മധ്യത്തിലായി ദാറുല്‍ മഹ്‌സാന്‍ എന്ന അമ്പരപ്പിക്കുന്ന രാജകൊട്ടാരവും മാറ്റുകൂട്ടുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രം ഇന്നും പുതുമയോടെ അവശേഷിക്കുന്നു. മതപണ്ഡിതരെയും തത്വ ചിന്തകന്മാരെയും ഗണിത ശാസ്ത്രജ്ഞന്മാരെയും അഭിഭാഷകരെയും ജോതി ശാസ്ത്രജ്ഞന്മാരെയും സൂഫിയാക്കളെയുമെല്ലാം നഗരം ആകര്‍ഷിച്ചിരുന്നു. ഇവരെ ബഹുമാനിച്ച ഇവിടുത്തെ ജനതയും ഭരണകൂടവും അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ചെയ്തു നല്‍കി. സ്വലാത്തുന്നാരിയ രചിച്ച സീതി അബ്ദുല്‍ വഹാബ് അല്‍ താസി ആണ് ഫെസ് നഗരത്തിന്റെ ഐശ്വര്യം എന്നറിയപ്പെടുന്നത്.
അല്‍ ഖറവിയ്യീന്‍ യൂണിവേഴ്‌സിറ്റി
മനുഷ്യരാശിയുടെ ചരിത്രത്തിലെത്ത ന്നെ ആദ്യത്തെ സര്‍വ്വകലാശാലയാണ് ജാമിഅത്തുല്‍ ഖറവിയ്യീന്‍. ആഫ്രിക്കയിലേക്ക് ഇസ്‌ലാമിക വ്യാപനത്തിന് തുടക്കം കുറിച്ച ഉത്ബത്തു ബ്‌നു നാഫിഇന്റെ സന്താന പരമ്പരയിലെ എ ഡി 800 ല്‍ ജനിച്ച ഫാത്തിമ അല്‍ ഫിഹ്രി എന്ന വനിതയാണ് ഇത് നിര്‍മ്മിച്ചത്. പിതാവിന്റെ മരണശേഷം തനിക്ക് പരമ്പരാഗതമായി കിട്ടിയ സമ്പത്ത് വിജ്ഞാന മേഖലയില്‍ നിക്ഷേപിച്ച ധീര വനിതയാണ് അവര്‍. ഖുര്‍ആന്‍, ഹദീസ്, ഇസ്‌ലാമിക കര്‍മ്മശാസ്ത്രം, തര്‍ക്കശാസ്ത്രം, ഗോളശാസ്ത്രം, തുടങ്ങിയവയില്‍ അഗാധമായ ജ്ഞാനം ഉണ്ടായിരുന്നു മഹതിക്ക്. പണി കഴിയുന്നതുവരെ രണ്ടു വര്‍ഷക്കാലം നോമ്പു നോറ്റാണ് ഇവര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. ജാമിഅത്തുല്‍ ഖറവിയ്യിനിന്റെ നിര്‍മാണ സമയത്ത് പ്രാദേശികമായ നിര്‍മാണ സാമഗ്രികള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന നിര്‍ബന്ധമുണ്ടായിരുന്നു ഇവര്‍ക്ക്. മൂറിഷ്-മൊറോക്കന്‍ ആര്‍ക്കിടെക്ച്ചറിലാണ് പള്ളി പണി കഴിപ്പിച്ചത്. നൂറ്റാണ്ടുകളുടെ പാരമ്പര്യത്താല്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന ജാമിയത്തുല്‍ ഖറവിയിന്‍ ഇസ്‌ലാമിക ലോകത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ,ആത്മീയ കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. അന്ന് നാല്‍പതിലധികം വിജ്ഞാന ശാഖകളില്‍ പഠനം നടത്താന്‍ സൗകര്യം ഉണ്ടായിരുന്നു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഇവിടേക്ക് വിജ്ഞാന കുതുകികള്‍ ഒഴുകിയെത്തി. ജിബ്രാള്‍ട്ടന്‍ കടല്‍ കടന്ന് യുറോപ്പില്‍ നിന്നും സഹാറാ മരുഭൂമി താണ്ടിയും നിരവധി പേരാണ് ഇവിടെ ജ്ഞാനസമ്പാദനത്തിനുവേണ്ടി എത്തിച്ചേര്‍ന്നത്. ഈ ഒഴുക്ക് മൊറോക്കോക്ക് സാമ്പത്തികമായും സാംസ്‌കാരികമായും ധൈഷണികമായും വന്‍ മുന്നേറ്റങ്ങള്‍ക്ക് ഹേതുവായി. മാറി വരുന്ന മുസ്‌ലിം ഭരണാധികാരികളും പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ച് മസ്ജിദ് നവീകരണം നടത്തിപ്പോന്നു. നിരന്തരമായ നവീകരണങ്ങള്‍ക്ക് ശേഷം ഇന്ന് പതിനായിരം പേരെ ഉള്‍ക്കൊള്ളിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. 1963ലാണ് ജാമിഅത്തുല്‍ ഖറവിയ്യീനെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയായി പ്രഖ്യാപിച്ചത്. ഇന്ന് ക്ലാസിക്കല്‍ അറബി,വ്യാകരണം, ഭാഷ, ശാസ്ത്രം, നിയമം തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഇസ്‌ലാമിക മത, നിയമ, ശാസ്ത്രത്തില്‍ ബിരുദം നല്‍കുന്നു.
  സ്ഥാപിച്ചതു മുതല്‍ മുടക്കമില്ലോതെ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ പുരാതനമായ ലൈബ്രറിയാണ് ജാമിയത്തുല്‍ ഖറവിയ്യീന്റെ മറ്റൊരു പ്രത്യേകത. അമൂല്യവും വൈവിധ്യവുമായ ഗ്രന്ഥശേഖരത്താല്‍ സമൃദ്ധമാണ് ഈ ഗ്രന്ഥശാല. ഒട്ടകത്തോലില്‍ എഴുതിയ ഖുര്‍ആനും ആയിരക്കണക്കിന് മാനുസ്‌ക്രിപ്റ്റുകളും മണ്‍ മറഞ്ഞു പോയ മഹാന്മാരുടെ അമൂല്യ കൃതികളുടെ കയ്യെഴുത്ത് പ്രതികളും ഇവിടെ കാണാം.
മുഖദ്ദിമ രചിച്ച ഇബ്‌നു ഖല്‍ദൂന്‍, ലോകപ്രശസ്ത സൂഫി പണ്ഡിതന്‍ ഇബ്‌നു അറബി, ഭൗമ ശാസ്ത്രജ്ഞനായ അല്‍ ഇദ്‌രീസി എന്നിവര്‍ ഖറവിയ്യീനില്‍ നിന്ന് വിജ്ഞാനം നേടിയവരാണ്. മുസ്‌ലിം പണ്ഡിതന്മാര്‍ മാത്രമായിരുന്നില്ല അല്‍ ഖറവിയ്യീന്റെ ഉല്‍പന്നങ്ങള്‍. പ്രശസ്തരായ ജൂത, ക്രൈസ്തവ വിശ്വാസികളും ഇവിടുന്ന് വിജ്ഞാനം നേടിയിട്ടുണ്ട്. വൈജ്ഞാനിക കൊടുക്കല്‍ വാങ്ങലുകള്‍ക്ക് ദേശങ്ങളോ അതിരുകളോ ദൂരമോ ബാധകമല്ല എന്ന പാഠമാണ് ജാമിഅത്തുല്‍ ഖറവിയ്യീന്‍ പകരുന്നത്.
മുര്‍ഷിദ് തച്ചാംപറമ്പ്‌

Leave a Reply

Your email address will not be published. Required fields are marked *